പ്രധാനാദ്ധ്യാപകൻ  പറഞ്ഞയിടത്തുപോയി നാല് സ്‌കൂൾകുട്ടികൾ അല്പം ആകാംക്ഷയോടെ ഇരുന്നു. അവർക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു. അവരുടെ വിദ്യാഭ്യാസത്തിലെ പ്രകടനം മോശമായതൊന്നുമല്ല കാരണം. പ്രധാനാദ്ധ്യാപകൻ അവരെ സഹായിക്കാനാണ് ഇവിടെ അയച്ചത്, ശിക്ഷിക്കാനല്ല. ഇത് അവരുടെ വിദ്യാലയത്തിലെ ഒരു ക്ലാസ്സ് മുറിയായിരുന്നില്ല. ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിലെ, ഏറ്റവും പിന്നാക്കം നിൽക്കുന്ന മണ്ഡലുകളിൽ ഒന്നായ അമദഗുർ എന്ന സ്ഥലത്താണ് ഈ ചെറിയ നാടകം രണ്ടാം ഭാഗത്തേക്ക് കടന്നത്.

അമദഗുറിലേ സർക്കാർ പ്രാഥമികവിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളായ 10 വയസ്സുകാരി ജെ. ഇന്ദു എന്ന ദളിത് പെൺകുട്ടിയെയും, മറ്റു നാലു വിദ്യാർത്ഥികളെയും കുറിച്ച് ഒരു ലേഖനം പാരി ജനുവരി 16-നു പ്രസിദ്ധീകരിക്കുകയുണ്ടായി. അവരുടെ ആധാർ കാർഡുകളിലെ പേരുകളിൽ അക്ഷരത്തെറ്റ് വന്നതിനാൽ ഈ അഞ്ചു വിദ്യാർത്ഥികൾക്കും ഈ വർഷത്തെ സ്‌കോളർഷിപ്പ് നഷ്ടമാകുമെന്ന സാഹചര്യമായിരുന്നു. ഇന്ദു എന്ന പേര് 'ഹിന്ദു ' എന്നാണ് ആ കുട്ടിയുടെ കാർഡിൽ കാണപ്പെട്ടത്. കുട്ടിയുടെ കുടുംബത്തിന്റെ അപേക്ഷയിൽ തിരുത്തിയ പുതിയ കാർഡ് വന്നപ്പോഴും പേര് തെറ്റായിത്തന്നെ തുടർന്നു.

A man writing at a desk in a classroom surrounded by two young boys and a girl
PHOTO • Rahul M.
Three young boys and a young girl in their school uniforms walking through an open area
PHOTO • Rahul M.

തിരുത്തിയ സർട്ടിഫിക്കറ്റുകൾ പ്രധാനാദ്ധ്യാപകൻ എസ്. റോഷിയ കുട്ടികൾക്ക് നൽകി; അവയുമായി അവർ അടുത്തുള്ള സേവനകേന്ദ്രത്തിലേക്കു പോയി

ഈ പിഴവ് കാരണം ഇന്ദുവിന്റെ വിദ്യാലയത്തിന് കുട്ടിയുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല. അക്കൗണ്ട് തുറക്കാൻ ശരിയായ പേരുള്ള ആധാർ കാർഡ് നിർബന്ധമായിരുന്നു. ആൺകുട്ടികളായ മറ്റു നാലുപേർക്കും ഇതേ വിഷമം നേരിട്ടു. അതിൽ മൂന്നുപേർ ദളിത് വിഭാഗത്തിലുള്ളവരും ഒരാൾ മുസ്‌ലിമുമാണ്. ആന്ധ്രാപ്രദേശിൽ പട്ടികജാതി, പട്ടികവർഗ്ഗം, പിന്നാക്കംനിക്കുന്നവർ എന്നീവിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് അഞ്ചാംക്ലാസ്സ് മുതൽ ഒരുവർഷം 1,200 രൂപ സർക്കാർ സ്‌കോളർഷിപ്പിന് അർഹതയുണ്ട്.

പാരി ആ ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് യൂഐഡിഎഐയുടെ (യൂണിക്‌ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ) ഹൈദരാബാദ് മേഖലാ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ അമദഗുറിലേ ആധാർ ഓപ്പറേറ്ററായ കെ. നാഗേന്ദ്രയെ വിളിച്ചു. സാധ്യമെങ്കിൽ ആധാർ കാർഡുകൾ ഒരുമണിക്കൂറിനുള്ളിൽ തിരുത്താൻ ആഗ്രഹമുണ്ടെന്ന് അറിയിച്ച്‌ നാഗേന്ദ്ര സ്‌കൂളിന്റെ പ്രധാനാദ്ധ്യാപകനും, ദളിത് വിഭാഗക്കാരനുമായ, എസ്. റോഷിയയെ ബന്ധപെട്ടു. എന്നാൽ പൊങ്കൽ അവധിയായതിനാൽ സ്‌കൂൾ അടച്ചിരിക്കുകയാണെന്ന് റോഷിയ അറിയിച്ചു. അവധിക്കുശേഷം കുട്ടികളെ നാഗേന്ദ്രയുടെ 'മീ സേവാ' കേന്ദ്രത്തിലേക്ക് അയക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി.

A man sitting at an office desk surrounded by three young boys and a girl wearing school uniforms
PHOTO • Rahul M.

ഓപ്പറേറ്റർ കെ. നാഗേന്ദ്ര കുട്ടികളുടെ ബൈയോമെട്രിക് വിവരങ്ങൾ വീണ്ടും രേഖപെടുത്തുന്നു

ജനുവരി 22-ന് സ്കൂൾ തുറന്നപ്പോൾ റോഷിയ ബാങ്ക് അക്കൗണ്ടുകളില്ലാത്ത ആ അഞ്ചുകുട്ടികളെ വിളിച്ചു. തന്റെ കുടുംബം അവധിക്കു തൊട്ടുമുൻപ് കാർഡിൽ തിരുത്തലിനായി വീണ്ടും അപേക്ഷ സമർപ്പിച്ചുവെന്ന് അതിലൊരാളായ ബി. അനിഫ് പറഞ്ഞു. ഇതിനുമുൻപ് തിരുത്തിയ കാർഡുകളിലും അനിഫിന്റെ പേര് തെറ്റായി അനിഫെ, അനെഫ് എന്നൊക്കെയാണ് രേഖപ്പെടുത്തിയിരുന്നത്. റോഷിയ ഇന്ദുവടക്കം മറ്റ് നാലുകുട്ടികളെ സ്‌കൂൾ രേഖകൾ സൂക്ഷിക്കുന്ന മുറിയിലേക്ക് കൊണ്ടുപോയി. ഹാജർ പുസ്തകം പരിശോധിച്ചതിനുശേഷം കുട്ടികളുടെ ശരിയായ വിവരങ്ങൾ പുതിയ സ്കൂൾ സർട്ടിഫിക്കറ്റുകളിൽ എഴുതി. നാഗേന്ദ്ര തന്റെ 'മീ സേവാ' കേന്ദ്രത്തിൽനിന്ന് ആധാർ കാർഡുകളിൽ തിരുത്തൽ വരുത്താൻ, ഈ സർട്ടിഫിക്കറ്റുകൾ ആധാർ സെർവറിലേക്ക് അപ്‍ലോഡ് ചെയ്യും.

ജനുവരി 23-ലെ തെളിഞ്ഞ പ്രഭാതത്തിൽ ആ നാലുകുട്ടികൾ അമദഗുറിലേ 'മീ സേവാ' കേന്ദ്രത്തിലേക്ക് പുറപ്പെട്ടു. അവർ അവിടെ കാത്തിരുന്നപ്പോൾ നാഗേന്ദ്ര ഒരു വെബ്സൈറ്റ് തുറന്ന്, അതിൽ അവരുടെ പേരുകളും ജനനത്തീയതിയും തിരുത്തിക്കൊണ്ടിരുന്നു. സിസ്റ്റത്തിലെ തകരാർമൂലം, ബൈയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ ധാരാളം കുട്ടികളുടെ ജനനത്തീയതി ജനുവരി ഒന്നായി മാറി.

"നിങ്ങൾക്കെല്ലാവർക്കും അച്ഛനമ്മമാരുടെ മൊബൈൽ നമ്പറുകൾ അറിയാമോ?" ഓപ്പറേറ്റർ കുട്ടികളോട് ചോദിച്ചു. "ആധാർ കാർഡ് വീണ്ടും അച്ചടിക്കേണ്ടിവന്നാൽ അതിനാവശ്യമായ ഓ.ടി. പി (വൺ ടൈം പാസ്സ്‌വേർഡ് ) ലഭിക്കാനാണ് അത്. "ഇന്ദുവിന്‌ അമ്മാവന്റെ മൊബൈൽ നമ്പർ അറിയാമായിരുന്നു. അത് അവൾ ഓപ്പറേറ്റർക്ക് നൽകി. ഇരട്ടസഹോദരന്മാരായ മറ്റ് രണ്ട് കുട്ടികൾ അച്ഛനമ്മമാരുടെ നമ്പറുകൾ കണ്ടുപിടിച്ചു. നാലാമത്തെ വിദ്യാർത്ഥി ആധാർ കാർഡിന്റെ കോപ്പി അന്ന് കൊണ്ടുവരാൻ മറന്നതിനാൽ, ആ കുട്ടിയുടെ കാർഡ് തിരുത്തൽ പ്രക്രിയ തീർപ്പായില്ല.

A man sitting at a desk in an office taking a photograph of a young girl in a school uniform. She is holding her Aadhaar card.
PHOTO • Rahul M.
A man sitting at a desk in an office taking the biometrics of a young girl in a school uniform.
PHOTO • Rahul M.

ബൈയോമെട്രിക് വിവരങ്ങൾ ശേഖരിച്ചതിനുശേഷം ഇന്ദുവിന്‌ കൈകൊണ്ടെഴുതിയ ഒരു രസീത് നൽകി. വിവരങ്ങളെല്ലാം ഓഫ്‌ലൈനായിട്ടാണ് സൂക്ഷിച്ചിട്ടുള്ളത്. അവ ആധാർ വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യാൻ സമയമെടുക്കും

വിവരങ്ങൾ ശേഖരിച്ചതിനുശേഷം ഇന്ദുവിന്‌ ഒരു അച്ചടിച്ച രസീത് നൽകാൻ നാഗേന്ദ്രക്ക് സാധിച്ചില്ല. അയാൾ കൈകൊണ്ടെഴുതിയ ചീട്ടു നൽകി. "പ്രിന്റർ പ്രവർത്തിക്കുന്നില്ല," അയാൾ പറഞ്ഞു. പുതിയ വിവരങ്ങൾ സൈറ്റിൽ അപ്ഡേറ്റ് ആകാൻ ഒരാഴ്ച സമയമെടുക്കുമെന്ന് അയാൾ അവരെ അറിയിച്ചു. "ഞാൻ ഇതുവരെ സ്കാനുകൾ ആധാർ വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്തില്ല. ഫയലുകളെല്ലാം എന്റെ ലാപ്‌ടോപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്," അയാൾ പറഞ്ഞു. നാഗേന്ദ്രക്കു ലഭിച്ച അപേക്ഷകൾ മറ്റൊരു ഓപ്പറേറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിനുവേണ്ടി നാഗേന്ദ്ര തന്റെ ലാപ്ടോപ്പ് ആ ഓപ്പറേറ്ററുടെ അടുത്തു കൊണ്ടുചെല്ലണം.

"സ്കോളർഷിപ്പുകളുടെ ചുമതലയുള്ള ആൾ പറയുന്നത് ബാങ്കിൽ [സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെർവറിൽ] എന്തോ തകരാറുണ്ടെന്നാണ്. അതിനാൽ അടുത്തമാസം മൂന്നാം തീയതിവരെ ആർക്കും അക്കൗണ്ട് തുറക്കാൻ സാധിക്കില്ല," റോഷിയ പറഞ്ഞു. എന്നാൽ ആധാർ കാർഡുകൾ തിരുത്തുന്നതനുസരിച്ച്‌ ആ അഞ്ചു കുട്ടികൾക്ക് അവരുടെ സ്‌കോളർഷിപ്പ് ലഭിക്കുമെന്ന് അദ്ദേഹത്തിന് തീർച്ചയുണ്ട്. "ബാങ്ക് അക്കൗണ്ടുകൾ തുറന്നാൽ, വെറും ഒരുമണിക്കൂറിനുള്ളിൽ അവരുടെ പേരുകൾ സ്‌കോളർഷിപ്പിനുവേണ്ടി രജിസ്റ്റർ ചെയ്യാം," റോഷിയ പറഞ്ഞു. "കുട്ടികൾക്ക് തീർച്ചയായും ഈ വർഷം സ്‌കോളർഷിപ്പ് ലഭിക്കും.

ആയിരക്കണക്കിന് ആധാർ തകരാറുകൾ സംഭവിക്കുമ്പോൾ ഒട്ടും താമസമില്ലാതെ വന്ന ഈ പ്രതികരണത്തിന്റെ കാരണം എന്താണ്? "ഈ പ്രശ്നത്തിന്റെ പ്രാധാന്യവും, കേസുകൾ സുപ്രീം കോടതിയിലാണെന്നുമുള്ള കാര്യവും കണക്കിലെടുത്താകണം ഉദ്യോഗസ്ഥർ വേഗം നടപടിയെടുത്തത്," ഒരു മുൻ കൊളേജ് പ്രിൻസിപ്പലായ എ. ചന്ദ്രശേഖർ പറഞ്ഞു. അദ്ദേഹം ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ഫോറം എന്ന സംഘടനയുടെ സെൻട്രൽ കോർഡിനേഷൻ കമ്മിറ്റി അംഗമാണ്. "ഈ വ്യവസ്ഥയിൽ ആളുകൾക്ക് വിശ്വാസമുണ്ടാകണം എന്ന് ഉദ്യോഗസ്ഥർക്ക് ആഗ്രഹമുണ്ട്. അങ്ങനെയുള്ളപ്പോൾ ഒരുലക്ഷം കേസുകളിൽ പതിനായിരം കേസുകൾ ശരിയാക്കിയാൽ ആളുകൾക്ക് ഈ ആധാർ വ്യവസ്ഥയിൽ കുറച്ചു വിശ്വാസം വരും. അവർ ഇതിനു ശ്രമിക്കുമ്പോൾത്തന്നെ, പ്രായോഗികതലത്തിൽ ഇതിന്റെ പരിമിതികൾ അവർക്ക് അറിയുകയും ചെയ്യാം”.

പരിഭാഷ: ജ്യോത്സ്ന വി.

Rahul M.

Rahul M. is an independent journalist based in Andhra Pradesh, and a 2017 PARI Fellow.

Other stories by Rahul M.
Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Jyotsna V.

Jyotsna V. is a media professional based in Ernakulam.

Other stories by Jyotsna V.