രാവിലെ 6 മണിയായപ്പോഴേക്കും ശരണ്യ ബലരാമൻ, ഗുമ്മിടിപൂണ്ടിയിലെ തന്റെ വീട്ടിൽനിന്ന് പുറപ്പെട്ടുകഴിഞ്ഞു. ചെന്നൈക്കടുത്തുള്ള തിരുവള്ളുവർ ജില്ലയിലെ ഈ ചെറിയ പട്ടണത്തിലെ റെയിൽവേ സ്റ്റേഷനിൽനിന്ന് ആ അമ്മ, തന്റെ മൂന്ന് മക്കളുമായി വണ്ടി കയറി. രണ്ട് മണിക്കൂറുകൾക്കുശേഷം, 40 കിലോമീറ്റർ അകലെയുള്ള ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ അവരെത്തുന്നു. അവിടെനിന്ന് ആ അമ്മയും മക്കളും, വീണ്ടും മറ്റൊരു 10-12 കിലോമീറ്റർ ദൂരം, ഒരു പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുന്നു. സ്കൂളിലെത്താൻ.
വൈകീട്ട് 4 മണിക്ക് തിരിച്ചും ഇതേ യാത്ര. വീട്ടിലെത്തുമ്പോൾ സമയം 7 മണി.
ആഴ്ചയിൽ അഞ്ചുദിവസം, ഇതേ മട്ടിൽ, ദിവസവും 100 കിലോമീറ്റർ അവർ സഞ്ചരിക്കുന്നു. ശരണ്യയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ കാര്യമാണ്. അവർ അതിന്റെ കാരണവും വിശദീകരിക്കുന്നു: “വിവാഹത്തിന് മുമ്പ്, എവിടെനിന്ന് ബസ്സും, ട്രെയിനും കയറണം, എവിടെ ഇറങ്ങണം എന്നൊന്നും എനിക്കറിയില്ലായിരുന്നു”.

ചെന്നൈക്കടുത്തുള്ള ഗുമ്മിടിപൂണ്ടി റെയിൽവേസ്റ്റേഷനിൽ, മകൾ എം. ലെബനയോടൊപ്പം, വണ്ടി കാത്തുനിൽക്കുന്ന ശരണ്യ ബലരാമൻ. താമസിക്കുന്ന പ്രദേശത്ത്, കാഴ്ചപരിമിതരായ കുട്ടികൾക്കുള്ള സ്കൂളുകളൊന്നുമില്ലാത്തതിനാൽ, ദിവസവും 100 കിലോമീറ്റർ താണ്ടിയിട്ടാണ് അവർ സ്കൂളിൽ പോവുന്നത്
കാഴ്ചപരിമിതരായ തന്റെ മൂന്ന് കുട്ടികൾക്കുവേണ്ടിയാണ് ശരണ്യയുടെ ഈ യജ്ഞം. ആദ്യത്തെ തവണ യാത്ര ചെയ്തപ്പോൾ ഒരു മാമി (പ്രായമുള്ള സ്ത്രീ) വഴി കാണിച്ചുതരാൻ കൂടെ വന്നു. “പിറ്റേന്ന്, അവരോട് എന്റെ കൂടെ വരാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ വേറെ ജോലിയുണ്ടെന്ന് അവർ പറഞ്ഞു. ഞാൻ കരഞ്ഞു. യാത്ര ചെയ്യാൻ നല്ല ബുദ്ധിമുട്ടായിരുന്നു”, കുട്ടികളോടൊത്തുള്ള തന്റെ യാത്ര ഓർമ്മിച്ച് അവർ പറയുന്നു.
തന്റെ മൂന്ന് കുട്ടികൾക്കും ഔപചാരിക വിദ്യാഭ്യാസം വേണമെന്ന വാശിയിലാണ് ശരണ്യ. പക്ഷേ വീടിനടുത്തൊന്നും, കാഴ്ചപരിമിതരായ കുട്ടികൾക്കായുള്ള സ്കൂളുകളില്ല. “വീടിനടുത്ത് ഒരു വലിയ സ്വകാര്യ സ്കൂളുണ്ട്. അവരോട് എന്റെ കുട്ടികളെ അവിടെ ചേർക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ, ചേർത്തുകഴിഞ്ഞാൽ മറ്റ് കുട്ടികൾ അവരെ ഉപദ്രവിക്കുകയോ മറ്റോ ചെയ്താൽ ഞങ്ങൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയില്ല എന്ന് പറഞ്ഞു”, ശരണ്യ ഓർമ്മിച്ചു.
അദ്ധ്യാപകരുടെ ഉപദേശം സ്വീകരിച്ച്, കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സ്കൂളന്വേഷിക്കാൻ തുടങ്ങി. ചെന്നൈയിൽ, അത്തരം കുട്ടികൾക്കുവേണ്ടി, ആകെയുള്ളത് ഒരേയൊരു സർക്കാർ സ്കൂൾ മാത്രമാണ്. അത് പൂനമല്ലി എന്ന സ്ഥലത്താണ്. വീട്ടിൽനിന്ന് 40 കിലോമീറ്റർ അകലെ. എന്നാൽ, കുട്ടികളെ നഗരത്തിലെ ഏതെങ്കിലും സ്വകാര്യ സ്കൂളിൽ ചേർക്കാൻ അയൽക്കാർ ശരണ്യയെ ഉപദേശിച്ചു. അങ്ങിനെ അവർ സ്കൂൾ സന്ദർശിക്കാൻ തീരുമാനിച്ചു.

ശരണ്യ തന്റെ മക്കളായ എം. മേഷാക്, എം. ലെബന, എം. മാനസെ എന്നിവരുമായി, തമിഴ്നാട്ടിലെ ഗുമ്മിടിപൂണ്ടിയിലെ വീട്ടിൽ
“എവിടെ പോകണമെന്ന് എനിക്ക് അറിയില്ലായിരുന്നു”, ആ ദിവസങ്ങൾ ഓർത്തുകൊണ്ട് അവർ പറയുന്നു. ‘വിവാഹത്തിന് മുമ്പ് കൂടുതൽ സമയവും വീടിനകത്ത് കഴിഞ്ഞുകൂടിയിരുന്ന’ ആ സ്ത്രീ സ്കൂൾ അന്വേഷിച്ച് ഇറങ്ങാൻ തുടങ്ങി. “വിവാഹത്തിന് ശേഷവും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ എനിക്കറിയില്ലായിരുന്നു”, അവർ പറയുന്നു.
ദക്ഷിണ ചെന്നൈയിലെ അഡയാറിൽ ശരണ്യ, സെന്റ് ലൂയീസ് ഇൻസ്റ്റിട്യൂറ്റ് ഫോർ ഡെഫ് ആൻഡ് ദ് ബ്ലൈൻഡ് എന്ന സ്ഥാപനം കണ്ടെത്തി. രണ്ട് ആണ്മക്കളേയും അവിടെ ചേർത്തു. പിന്നീട്, മകളെ, അതിനടുത്തുള്ള ജി.എൻ.ചെട്ടി റോഡിലെ ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിലും പ്രവേശിപ്പിച്ചു. ഇപ്പോൾ, മൂത്ത മകൻ, എം.മേഷാക് 8-ആം ക്ലാസിലും, രണ്ടാമത്തെ മകൻ എം. മാനസെ 6-ആം ക്ലാസിലും ഏറ്റവും ചെറിയ കുട്ടി, എം. ലെബന മൂന്നാം ക്ലാസിലും പഠിക്കുന്നു.
സ്കൂളിൽ അവരെ നിർത്തണമെങ്കിൽ, ദീർഘമായ യാത്ര വേണ്ടിവരുമെന്ന് മാത്രം. യാത്രാക്ഷീണവും, മാനസികസമ്മർദ്ദവും, ക്ലേശകരവുമാണ് ആ യാത്ര. ചെന്നൈയിലെ സെൻട്രൽ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടയിൽ മൂത്ത കുട്ടിക്ക് ഇടയ്ക്കിടയ്ക്ക് അപസ്മാരമുണ്ടാവാറുണ്ട്. “അവനെന്താന് സംഭവിക്കുക എന്ന് പറയാൻ പറ്റില്ല. പെട്ടെന്നാണ് ചുഴലി ബാധിക്കുക. അപ്പോൾ ഞാൻ അവനെ മടിയിൽ അമർത്തിപ്പിടിക്കും. ആരും കാണാതിരിക്കാൻ. കുറച്ച് കഴിഞ്ഞ് ഞാനവനെ തോളത്തെടുക്കും”, അവർ പറയുന്നു.
സ്കൂളിൽ താമസിച്ച് പഠിക്കൽ കുട്ടികൾക്ക് സാധ്യമല്ല. മൂത്ത മകന് എപ്പോഴും പരിചരണം ആവശ്യമാണ്. “ദിവസത്തിൽ 3-4 തവണ അപസ്മാരം ഉണ്ടാവാറുണ്ട്. രണ്ടാമത്തെ കുട്ടിയാണെങ്കിൽ, ഞാനടുത്തില്ലെങ്കിൽ ഭക്ഷണം കഴിക്കുകയുമില്ല“, അവർ കൂട്ടിച്ചേർത്തു.

ശരണ്യ തന്റെ പിതാവ് ആർ.ബലരാമന്റെ (ഇടത്ത്) സഹായത്തോടെ മക്കൾക്ക് ഭക്ഷണം കൊടുക്കാൻ ശ്രമിക്കുന്നു. കുടുംബത്തിൽ വരുമാനമാനമുള്ള ഒരേയൊരാൾ അദ്ദേഹമാണ്
*****
17 വയസ്സ് തികയുന്നതിനുമുൻപ്, ശരണ്യ തന്റെ അമ്മാവനായ മുത്തുവുമായി വിവാഹിതയായി. രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള വിവാഹം റെഡ്ഡി സമുദായത്തിൽ പതിവാണ്. തമിഴ്നാട്ടിൽ പിന്നാക്കവിഭാഗമായി (ബി.സി.) പട്ടികപ്പെടുത്തിയിട്ടുള്ള സമുദായമാണ് അത്. “കുടുംബബന്ധം ഇല്ലാതാക്കാൻ എന്റെ അച്ഛൻ ആഗ്രഹിച്ചില്ല. അതുകൊണ്ട്, എന്നെ എന്റെ അമ്മാവന് (മാമന്) വിവാഹം ചെയ്തുകൊടുത്തു. ഞാൻ ഒരു കൂട്ടുകുടുംബത്തിലാണ് ജീവിക്കുന്നത്. എനിക്ക് അമ്മയുടെ ഭാഗത്തുനിന്ന് നാല് അമ്മാവന്മാരുണ്ട്. എന്റെ ഭർത്താവാണ് ഏറ്റവും ഇളയ ആൾ”, ശരണ്യ പറയുന്നു.
25 വയസ്സായപ്പോഴേക്കും കാഴ്ചപരിമിതരായ മൂന്ന് കുട്ടികളുടെ അമ്മയായിക്കഴിഞ്ഞിരുന്നു ശരണ്യ. “ജന്മനാ കാഴ്ചയില്ലാത്ത കുട്ടികൾ ജനിക്കാറുണ്ടെന്നത്, ആദ്യത്തെ കുട്ടിയുണ്ടാവുന്നതുവരെ, എനിക്കറിയുമായിരുന്നില്ല. 17-ആമത്തെ വയസ്സിലാണ് അവനെ പ്രസവിക്കുന്നത്. അവന്റെ കണ്ണുകൾ പാവയുടേതുപോലെ ഉണ്ടായിരുന്നു കാണാൻ. പ്രായമായവരിൽ മാത്രമേ അത്തരം കണ്ണുകൾ ഞാൻ അതിനുമുൻപ് കണ്ടിരുന്നുള്ളു”, ശരണ്യ പറയുന്നു.
രണ്ടാമത്തെ കുട്ടി ജനിക്കുമ്പോൾ അവർക്ക് 21 വയസ്സായിരുന്നു. “ഈ കുട്ടിയെങ്കിലും സാധാരണ കുട്ടികളെപ്പോലെയാവുമെന്ന് ഞാൻ കരുതി. പക്ഷേ അഞ്ച് മാസമായപ്പോഴേക്കും, ഇവനും കാഴ്ചശക്തിയില്ലെന്ന് എനിക്ക് മനസ്സിലായി”, ശരണ്യ പറയുന്നു. രണ്ടാമത്തെ കുട്ടിക്ക് 2 വയസ്സായപ്പോൾ, ഒരപകടത്തിൽപ്പെട്ട്, ശരണ്യയുടെ ഭർത്താവ് അബോധാവസ്ഥയിലായി. അയാൾക്ക് ഭേദമായപ്പോൾ ശരണ്യയുടെ അച്ഛൻ അയാൾക്ക് ട്രക്കുകളൊക്കെ ശരിയാക്കുന്ന ഒരു ചെറിയ മെക്കാനിക്ക് കട ഇട്ടുകൊടുത്തു.
ആ അപകടം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞപ്പോൾ ശരണ്യ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. “അവൾ ആരോഗ്യവതിയാവുമെന്ന് ഞങ്ങൾ കരുതി”, ശരണ്യ പറയുന്നു.


ശരണ്യ-മുത്തു ദമ്പതികളുടെ വിവാഹ ആൽബത്തിലെ ചിത്രങ്ങൾ. ശരണ്യ എന്ന വധു (വലത്ത്) ആകെ പുഞ്ചിരിയിൽ കുളിച്ചുനിൽക്കുന്നു

ഗുമ്മിടിപൂണ്ടിയിലെ വീട്ടിൽ, രാവിലെ എന്നും ശരണ്യയുടെ കുടുംബാംഗങ്ങൾ ഒത്തുചേരുന്നു
അവരുടെ മൂത്ത മകന് നാഡീസംബന്ധമായ പ്രശ്നങ്ങളുണ്ട്. അവന്റെ ചികിത്സാവശ്യങ്ങൾക്കായി, മാസംതോറും അവർ 1,500 രൂപയോളം ചിലവഴിക്കുന്നു. അതിനുപുറമേ, രണ്ട് ആണ്മക്കളുടേയും പഠനത്തിനായി വർഷംതോറും 8,000 രൂപ ചിലവുണ്ട്. മകളുടെ സ്കൂളിൽ ഫീസ് സൌജന്യമാണ്. “ഭർത്താവാണ് ഞങ്ങളുടെ കാര്യങ്ങൾ നോക്കിയിരുന്നത്. ദിവസവും 500 – 600 രൂപ അദ്ദേഹം സമ്പാദിച്ചിരുന്നു”, ശരണ്യ പറയുന്നു.
2021, ഹൃദയാഘാതം
വന്ന് ഭർത്താവ് മരിച്ചപ്പോൾ ശരണ്യ, അതേ സ്ഥലത്തുള്ള അച്ഛനമ്മമാരുടെ വീട്ടിലേക്ക് താമസം
മാറ്റി.
“ഇപ്പോൾ അച്ഛനമ്മമാരാണ് എനിക്കുള്ള ഒരേയൊരു ആശ്രയം. ഞാൻ ചിരിക്കാൻ മറന്നുപോയിരിക്കുന്നു.
കുട്ടികളെ ഞാൻ ഇപ്പോൾ ഒറ്റയ്ക്ക് വളർത്തണം”, അവർ പറയുന്നു.
ശരണ്യയുടെ അച്ഛൻ ഒരു യന്ത്രത്തറി ഫാക്ടറിയിൽ, 15,000 രൂപ മാസശമ്പളത്തിൽ ജോലി ചെയ്യുന്നു. മാസത്തിൽ എല്ലാ ദിവസവും പോകാൻ കഴിഞ്ഞാലേ അത്രയും തുക കിട്ടൂ. അംഗവൈകല്യമുള്ളവർക്ക് കിട്ടുന്ന 1,000 രൂപ അമ്മയ്ക്ക് കിട്ടുന്നുണ്ട്. “അച്ഛന് വയസ്സായിവരുന്നു. എല്ലാ ദിവസവും ജോലിക്ക് പോകാനാകുന്നില്ല. അതിനാൽ ചിലവ് നടത്താൻ ബുദ്ധിമുട്ടാണ്. മുഴുവൻ സമയവും കുട്ടികളുടെ കൂടെ ഇരിക്കേണ്ടതിനാൽ എനിക്കും ജോലിക്ക് പോകാൻ സാധിക്കുന്നില്ല”, ശരണ്യ പറയുന്നു”, സ്ഥിരമായൊരു സർക്കാർ ജോലി കിട്ടിയിരുന്നെങ്കിൽ സഹായമാവുമായിരുന്നു. ധാരാളം അപേക്ഷകൾ കൊടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല
പ്രാരാബ്ധങ്ങൾ നിറഞ്ഞ ഓരോ ദിവസത്തെയും നേരിടുമ്പോൾ ചിലപ്പോൾ ആത്മഹത്യ ചെയ്താലെന്തെന്നുപോലും അവർക്ക് തോന്നാറുണ്ട്. “എന്റെ മകളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്”, ശരണ്യ പറയുന്നു

ബലരാമൻ പേരക്കുട്ടിയെ സ്കൂളിലേക്കയക്കാൻ തയ്യാറാക്കുന്നു. അച്ഛനമ്മമാർ മാത്രമാണ് ശരണ്യയ്ക്കുള്ള ഒരേയൊരാശ്രയം

ശരണ്യ എന്നും രാവിലെ 4 മണിക്ക് എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്ത്, കുട്ടികളെ സ്കൂളിലേക്ക് പോകാൻ തയ്യാറാക്കുന്നു
![Saranya with her son Manase on her lap. 'My second son [Manase] won't eat if I am not there'](/media/images/08-PAL_6545-PK-Saranyas_search_for_a_silve.max-1400x1120.jpg)
മടിയിൽ കിടക്കുന്ന മകൻ എം. മാനസെയെ ശരണ്യ തലോടുന്നു. ‘ഞാൻ അടുത്തില്ലെങ്കിൽ അവൻ ഭക്ഷണം കഴിക്കില്ല ’

ഗുമ്മിടിപൂണ്ടിയിലെ വീട്ടിൽ നിലത്ത് കിടന്നുറങ്ങുന്ന മാനസെ. അവന്റെ മുഖത്ത് വീഴുന്ന സൂര്യവെളിച്ചം

മൂത്ത കുട്ടികളേക്കാൾ സ്വയം പര്യാപതയാണ് ലെബന. തന്റെ കാര്യങ്ങൾ ചെയ്യാനും നോക്കാനും അവൾക്കറിയാം

അമ്മയുടെ ഫോണിലെ യൂട്യൂബിൽ തമിഴ് പാട്ടുകൾ കേൾക്കുന്ന ലെബന. അല്ലാത്ത സമയങ്ങൾ അവൾ പാട്ട് മൂളും

മാനസെയ്ക്ക് തന്റെ കളിവണ്ടി ഇഷ്ടമാണ്. വീട്ടിലുള്ളപ്പോൾ അവൻ എപ്പോഴും അത് കളിക്കുന്നു

പേരക്കുട്ടി മാനസെയുമായി കളിക്കുന്ന തങ്കം ആർ. അംഗപരിമിതർക്ക് കിട്ടുന്ന 1,000 രൂപ പെൻഷൻ അവർ പേരക്കുട്ടികൾക്കുവേണ്ടി ചിലവഴിക്കുന്നു

അമ്മമ്മയെ ആശ്വസിപ്പിക്കുന്ന ലെബന. മറ്റുള്ളവരുടെ ശബ്ദത്തിൽനിന്നുതന്നെ അവരുടെ വിഷമങ്ങൾ മനസ്സിലാക്കാനും പ്രതികരിക്കാനും അവൾക്കാവുന്നുണ്ട്

തന്റെ മൂന്ന് പേരക്കുട്ടികളേയും സ്നേഹത്തോടെ പരിപാലിക്കുന്നുണ്ട് ബലരാമൻ. ഒരു യന്ത്രത്തറി ഫാക്ടറിയിൽ ജോലി ചെയ്യുന്ന അദ്ദേഹം ഒഴിവുകിട്ടുമ്പോൾ വീട്ടുജോലികളിലും സഹായിക്കുന്നു

മൂത്ത പേരക്കുട്ടി മെഷാക്കിനെ (മദ്ധ്യത്തിൽ) ബലരാമൻ എന്നും വൈകീട്ട് മട്ടുപ്പാവിൽ നടത്താൻ കൊണ്ടുപോകുന്നു. ചിലപ്പോൾ ലെബനയും കൂടെ ചേരും. സന്തോഷപ്രദമാണ് അത്തരം സായാഹ്നങ്ങൾ

കെട്ടിടത്ത്ന്റെ മട്ടുപ്പാവിൽ കളിക്കാൻ താത്പര്യപ്പെടുന്ന ലെബന. ചിലപ്പോൾ തന്റെ സുഹൃത്തുക്കളേയും അവൾ കൂടെക്കൂട്ടും

ഗുമ്മിടിപൂണ്ടിയിലെ വീടിന്റെ മട്ടുപ്പാവിൽ കളിക്കുന്ന ലെബന, അമ്മയോട് തന്നെ പൊക്കാൻ അഭ്യർത്ഥിക്കുന്നു

കാഴ്ചപരിമിതിയുള്ള മക്കളെ നിത്യവും പരിചരിക്കേണ്ട വെല്ലുവിളിയുണ്ടായിട്ടും, അവരോടൊപ്പം വീട്ടിൽ ചിലവഴിക്കുന്ന സമയങ്ങളിൽ ശരണ്യയ്ക്ക് ശാന്തത അനുഭവിക്കുന്നു

കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകാൻ തയ്യാറാക്കിയതിനുശേഷം, കോണിപ്പടിയിലിരുന്ന് പ്രാതൽ കഴിക്കുന്ന ശരണ്യ. ഒറ്റയ്ക്ക് കഴിക്കാനാണ് അവർക്കിഷ്ടം. അപ്പോൾ മാത്രമേ തനിക്കായുള്ള സമയം അവർക്ക് കിട്ടുകയുള്ളൂ

ഗുമ്മിടിപൂണ്ടിയിലെ വീടിന്റെ വെളിയിൽ മകളുമായി കുമിളകൾ വീർപ്പിച്ച് കളിക്കുന്ന ശരണ്യ. ‘എന്നെ ജീവനോടെ ഇരുത്തുന്നത് എന്റെ മകളാണ് ’

'എല്ലാ സമയവും മക്കളുടെ കൂടെ ഇരിക്കേണ്ടിവരുന്നതുകൊണ്ട്, എന്തെങ്കിലും തൊഴിൽ ലഭിക്കാൻ ബുദ്ധിമുട്ടാണ് ’
ഈ കഥ റിപ്പോർട്ട് ചെയ്തത് തമിഴിലാണ്. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് എസ്. സെന്തളിർ.
പരിഭാഷ: രാജീവ് ചേലനാട്ട്