ബാഗലെകോട്ടെ-ബെല്‍ഗാം റോഡിലൂടെ നടക്കുകയായിരുന്ന എസ്. ബണ്ഡേപയെ ഞാന്‍ കണ്ടുമുട്ടി. കുറച്ചുസമയം തന്റെ മൃഗങ്ങള്‍ക്കു തങ്ങാനായി ഒരു കൃഷിസ്ഥലം അന്വേഷിക്കുകയായിരുന്നു അദ്ദേഹം. “ഭൂവുടമകളെ കണ്ടെത്തുകയാണ് ഞങ്ങളുടെ ജോലി, എന്റെ മൃഗങ്ങള്‍ അവരുടെ നിലത്തിന് നല്കുന്ന ചാണകത്തിന് അവര്‍ നല്ല വിലതരും”, അദ്ദേഹം പറഞ്ഞു. അതൊരു തണുപ്പ് കാലമായിരുന്നു, കൃഷിജോലികള്‍ കുറവുള്ള ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കുറുബ ഇടയര്‍ യാത്ര തുടങ്ങുന്ന സമയം.
കര്‍ണാടകയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന കുറുബ ഇടയര്‍ ആ സമയം മുതല്‍ ഏകദേശം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങള്‍ വരെ രണ്ടോ മൂന്നോ കുടുംബങ്ങളുടെ കൂട്ടങ്ങളായി ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സാധാരണയായി ഒരേ പാതയിലൂടെത്തന്നെയാണ് നീങ്ങുന്നത്. സ്വന്തം കണക്കുപ്രകാരം മൊത്തത്തില്‍ 600 മുതല്‍ 800 കിലോമീറ്റര്‍ വരെയാണ് അവര്‍ യാത്ര ചെയ്യുന്നത്. തരിശ് നിലങ്ങളിലാണ് അവരുടെ ആടുകളും ചെമ്മരിയാടുകളും മേയുന്നത്. കര്‍ഷകരില്‍നിന്നും മൃഗങ്ങളുടെ ചാണകത്തിന് ചെറിയൊരു തുകയും ഇടയര്‍ക്ക് ലഭിക്കുന്നു. കുറച്ചുദിവസം തങ്ങുന്നതിനു പ്രതിഫലമായി ഓരോ ഇടത്തെയും ‘നല്ല ഭൂവുടമ’കളില്‍ നിന്നും പരമാവധി 1,000 രൂപവരെ തനിയ്ക്ക് ലഭിക്കുമെന്ന് ബണ്ഡേപ പറഞ്ഞു. അതിനുശേഷം അദ്ദേഹം അടുത്ത ഇടത്തേക്ക് പോവുകയും അവിടെ നിന്നും സാമാന്യം നല്ലരീതിയില്‍ ഇടപാട് നടത്താൻ പറ്റുന്ന അടുത്തുള്ള കൃഷിയിടങ്ങള്‍ നോക്കുകയും ചെയ്യും. മുന്‍പൊക്കെ ഭക്ഷ്യധാന്യങ്ങൾ, ശർക്കര, വസ്ത്രങ്ങൾ എന്നിവയൊക്കെ ലഭിച്ചിരുന്നെന്നും, എന്നാൽ കർഷകരുമായി ഇക്കാര്യങ്ങളില്‍ വിലപേശല്‍ നടത്തുന്നത് ബുദ്ധിമുട്ടായി തീര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഭൂവുടമകളുടെ ഭൂമിയില്‍ ഞങ്ങളുടെ മൃഗങ്ങളോടും കുട്ടികളോടുമൊപ്പം വസിക്കുകയെന്നത് [ഇപ്പോള്‍] എളുപ്പമല്ല”, നീലപ്പ ചച്ഡി പറഞ്ഞു. ബെൽഗാം (ഇപ്പോള്‍ ബെലഗാവി) ജില്ലയിലെ ബൈലഹോംഗല താലൂക്കിലെ ബൈലഹോംഗല-മുനവല്ലി റോഡിനടുത്തുള്ള ഒരു പാടത്തുവച്ചാണ് ഞാനദ്ദേഹത്തെ കണ്ടുമുട്ടിയത്. മൃഗങ്ങളെ നിയന്ത്രിച്ചുനിര്‍ത്താനായി കയറുകള്‍കൊണ്ട് വേലി കെട്ടുകയായിരുന്നു അപ്പോള്‍ അദ്ദേഹം.
പക്ഷെ അതുമാത്രമല്ല കുറുബ ഇടയര്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മാറ്റം. കഴിഞ്ഞ രണ്ട് ദശകത്തിലധികമായി അവരുടെ ചെമ്മരിയാടുകളില്‍ (ദക്ഷിണ-മദ്ധ്യ ഇന്ത്യയിലെ ഡെക്കാൻ മേഖലയിലെ പരുക്കൻ ഭൂപ്രദേശങ്ങളിൽ വളര്‍ത്തുന്നവ) നിന്നുള്ള കമ്പിളിനൂലിനുള്ള ആവശ്യക്കാര്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ആരോഗ്യമുള്ള ഡെക്കാനി ചെമ്മരിയാടുകള്‍ക്ക് പാതി വരണ്ട കാലാവസ്ഥയില്‍ നിലനിന്നുപോകാന്‍ കഴിയും. വളരെക്കാലങ്ങളായി കുറുബ ഇടയരുടെ വരുമാനത്തിന്റെ ഒരു മുഖ്യപങ്ക് ലഭിച്ചിരുന്നത് കറുത്ത പരുക്കന്‍ കമ്പിളി പുതപ്പിനുവേണ്ടി നല്കുന്ന കമ്പിളിനൂലില്‍ നിന്നായിരുന്നു. പ്രാദേശികമായി ഇവയെ കമ്പിളി എന്ന് വിളിക്കുന്നു (മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും ഇവയെ ഗൊംഗാഡി അഥവാ ഗൊംഗാലി എന്നു വിളിക്കുന്നു). മൃഗങ്ങളുടെ ചാണകം കർഷകർക്ക് നല്‍കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന് പുറമെയാണ് ഈ വരുമാനം. എളുപ്പത്തിലും പ്രാദേശികമായും ലഭിക്കുന്ന നൂല് എന്നനിലയില്‍ അവ താരമ്യേന വിലകുറഞ്ഞവയും കൂടിയ ആവശ്യം ഉള്ളവയും ആയിരുന്നു.
ബെലഗാവി ജില്ലയിലെ രാമദുര്‍ഗ്ഗ താലൂക്കിലെ ദാദിഭാവി സലാപുര ഗ്രാമത്തിലെ നെയ്ത്തുകാര്‍ അവ വാങ്ങുമായിരുന്നു. മിക്ക നെയ്ത്തുകാരും കുറുബ സമുദായത്തിന്റെ ഒരു ഉപവിഭാഗമായിരുന്നു. (കുറുബാകള്ക്ക് സ്ഥിരമായ വീടുകളും ഗ്രാമങ്ങളും ഉണ്ട് - ഇടയര്‍, നെയ്ത്തുകാര്‍, കൃഷിക്കാര്‍ തുടങ്ങിയവരാണ് വിവിധ ഉപവിഭാഗങ്ങള്‍). അവര്‍ നെയ്ത കമ്പിളിപ്പുതപ്പുകള്‍ ഒരുകാലത്ത് രാജ്യത്തെ സായുധസേനകള്ക്കിടയില് പ്രശസ്തമായിരുന്നു, പക്ഷെ ഇപ്പോള്‍ വലിയ ആവശ്യക്കാരില്ല. “ഇപ്പോഴവര്‍ സ്ലീപ്പിംഗ് ബാഗുകളാണ് ഉപയോഗിക്കുന്നത്”, ദാദിഭാവി സലാപുരയില്‍ കുഴിത്തറി (pit loom) സ്വന്തമായുള്ള പി. ഈശ്വരപ്പ എന്ന നെയ്ത്തുകാരന് വിശദീകരിച്ചു. ദാദിഭാവി സലാപുരയില്‍ ഇപ്പോഴും പരമ്പരാഗതരീതിയിലുള്ള കറുത്ത കമ്പിളിപ്പുതപ്പുകള്‍ ഉല്പാദിപ്പിക്കുന്നു.
“ഇപ്പോള്‍ വിപണികളില്‍ ധാരാളം ലഭിക്കുന്ന കലര്‍പ്പുള്ള സിന്തറ്റിക് തുണികള്‍, കമ്പിളികളുടെ മറ്റിനങ്ങള്‍ എന്നിങ്ങനെ സമാന്തരമായി ലഭിക്കുന്ന വില കുറഞ്ഞ മറ്റ് നൂലുകളും ഡെക്കാനി നൂലുകളുടെ ആവശ്യം കുറയാന്‍ കാരണമാകുന്നുണ്ട്”, ദിനേശ് സേത്ത് പറഞ്ഞു. ദാദിഭാവി സലാപുരയില്‍ നിന്നും 200 കിലോമീറ്റര്‍ മാറി ഹാവേരി ജില്ലയിലെ റാണെബെന്നൂരു പട്ടണത്തില്‍ ഒരു കട നടത്തുകയാണദ്ദേഹം.


ഇടത്: പ്രധാന റോഡുകളിലൂടെ (ഇവിടെ, ബാഗലെകോട്ടെ-ബെലഗാവി റോഡ്) നടക്കുകയെന്നത് എളുപ്പമല്ല, മൃഗങ്ങള്‍ക്ക് പലപ്പോഴും അപകടം പറ്റുകയോ അസുഖം പിടിപെടുകയോ ചെയ്യാം. വലത്: ദുർഘടമായ ഭൂപ്രദേശം കാരണം പ്രധാന റോഡില്‍നിന്നും മാറിയുള്ള യാത്രയ്ക്ക് അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട്. മൃഗങ്ങള്‍ മേയുന്നതും അവയുടെ ചാണകവുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടയര്‍ക്ക് കർഷകനുമായി പരസ്പരധാരണ ഇല്ലെങ്കിൽ അവര്‍ കൃഷിഭൂമി ഒഴിവാക്കണം
രണ്ട് ദശകങ്ങള്‍ക്കു മുന്‍പ് കമ്പിളിപുതപ്പുകള്ക്കും ചവിട്ടുമെത്തകള്ക്കും ആവശ്യം കൂടുതലായിരുന്നപ്പോള്‍ നെയ്ത്തുകാർ കുറുബ ഇടയന്മാരിൽ നിന്നും കിലോഗ്രാമിന് 30 മുതൽ 40 രൂപ വരെ വിലയ്ക്ക് അസംസ്കൃത കമ്പിളി വാങ്ങിയിരുന്നു. ഇപ്പോള്‍ 8 മുതല്‍ 10 വരെ രൂപയ്ക്കാണ് അവര്‍ ഇത് വാങ്ങുന്നത്. തയ്യാറാക്കിയ കമ്പിളിപുതപ്പുകള് പ്രാദേശിക കടകളിൽ 600 മുതൽ 800 വരെ രൂപയ്ക്കാണ് വിൽക്കുന്നത് - ചെറിയ വലിപ്പത്തിലുള്ള ചവിട്ടുമെത്തകള്‍ 200-300 രൂപയ്ക്കും. പക്ഷെ വിവിധ ഇടയർക്കിടയില് ഈ വരുമാനത്തിന്റെ കാര്യത്തില്‍ വളരെ അന്തരമുണ്ട്. ഞാന്‍ നടത്തിയ സംഭാഷണങ്ങളില്‍ നിന്നുള്ള കണക്കുകള്‍ കാണിക്കുന്നത് ഏകദേശം 100 മൃഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് കമ്പിളിനൂല്, ചാണകം, മൃഗങ്ങളുടെ വില്പന എന്നിവയുൾപ്പെടെയുള്ള വിവിധ സ്രോതസ്സുകളിൽ നിന്ന് പ്രതിവര്‍ഷം ഏകദേശം 70,000 മുതൽ 80,000 രൂപ വരെ ഉണ്ടാക്കാന്‍ പറ്റുമെന്നാണ്.
കമ്പിളിനൂലിൽ നിന്ന് സ്ഥിരവരുമാനം നേടുന്നതിനായി ദാദിഭാവി സലാപുരയിലെയും മറ്റ് ഗ്രാമങ്ങളിലെയും നിരവധി കുടുംബങ്ങളിലെ സ്ത്രീകൾ സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. അവര്‍ ഇപ്പോഴും നൂൽ നൂൽക്കുകയും ഡെക്കാനി കമ്പിളി ഉപയോഗിച്ച് നെയ്യുകയും ചെയ്യുന്നു. നിലവില്‍ അവരുടെ സമുദായത്തിലെ പുരുഷന്മാർ പ്രധാനമായും കാർഷിക ജോലികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പിടിച്ചുനില്‍ക്കാനായി കുറുബകളും കിട്ടുന്നതൊക്കെ ഉപയോഗിക്കുന്നു. ബെലഗാവിയിലെ ബൈലഹോംഗല താലൂക്കിലെ സമ്പഗാംവ് ബ്ലോക്കിലെ മെക്കൽമറഡി ഗ്രാമത്തിലെ കുറുബ നെയ്ത്തുകാരനും ഭിന്നശേഷിയുള്ള വ്യക്തിയുമായ ദസ്തഗീർ ജംദാർ, ചണവും തുകലും കമ്പിളിനൂലും ഉപയോഗിച്ച് ബാഗുകളും ചിവിട്ടുമെത്തകളും നിർമ്മിക്കാൻ തുടങ്ങിയിരിക്കുന്നു. “ഈ ഉൽപന്നങ്ങൾ പ്രാദേശിക വിപണികളിൽ വിൽക്കാൻ കഴിയും. ചിലപ്പോൾ ബെംഗളൂരുവിൽ നിന്നുള്ള ചില്ലറ വ്യാപാരികൾ വന്ന് ചെറിയ ഓർഡറുകളും നൽകും. പക്ഷെ ആവശ്യക്കാരുടെ കാര്യത്തില്‍ ഉറപ്പില്ല”, അദ്ദേഹം പറഞ്ഞു.
ഇടയരില്‍ ചിലര്‍ തങ്ങളുടെ മൃഗങ്ങളെ ഇറച്ചിക്കും പാലിനുമായി വിറ്റ് ഉപജീവനം കണ്ടെത്താന്‍ ശ്രമിക്കുന്നു. കമ്പിളിനൂലിനേക്കാള് മാംസം കൂടുതലായി ഉല്പാദിപ്പിക്കാൻ കഴിയുന്ന റെഡ് നെല്ലൂർ, യെൽഗു, മാദ്ഗ്യാൽ തുടങ്ങിയ ഡെക്കാനികളല്ലാത്ത ചെമ്മരിയാടുകളെ സംസ്ഥാന സർക്കാർ (കർണാടക ചെമ്മരിയാട്, കമ്പിളി വികസന കോർപ്പറേഷനും വഴി) പ്രോത്സാഹിപ്പിക്കുന്നതിനാൽ ചില കുറുബകളും ഈ ഇനങ്ങളെ കൂടുതലായി വളർത്തുന്നു. ഒരു മുട്ടനാട്ടിന്കുട്ടിക്ക് ഇറച്ചി വ്യവസായരംഗത്ത് നല്ലവില കിട്ടും -ചിലപ്പോൾ 8,000 രൂപ വരെ. കുറുബ ഇടയനായ പി. നാഗപ്പ 2019 ഫെബ്രുവരിയിൽ തുംകൂർ ജില്ലയിലെ സിര പട്ടണത്തിലെ ചെമ്മരിയാടിന് ചന്തയില്‍ മൂന്ന് മാസം പ്രായമുള്ള ആരോഗ്യമുള്ള ഒരു ആട്ടിൻകുട്ടിയെ 6,000 രൂപയ്ക്കാണ് വിറ്റത്. ഈ പ്രദേശത്ത് ആട്ടിന്പാല് വ്യവസായത്തിന്റെ വളര്‍ച്ചയോടെ ചില ഡെക്കാനി ചെമ്മരിയാട് ഉടമകളും പാലിനായി അവയെ വളർത്തുന്നു.
രണ്ട് ദശകത്തിലധികമായി കർണാടകയിലെ ഇടയ സമൂഹങ്ങളോടൊത്ത് പ്രവർത്തിക്കുന്ന ഒരു പ്രാദേശിക മൃഗഡോക്ടർ എന്നോട് പറഞ്ഞത് ചില കുറുബകൾ തങ്ങളുടെ മൃഗങ്ങളുടെ ആരോഗ്യം ഉറപ്പാക്കാൻ അവയ്ക്ക് ഉദാരമായി മരുന്ന് നൽകുന്നുവെന്നാണ്. പലപ്പോഴും മൃഗഡോക്ടറെ കാണാതെ, യോഗ്യതയില്ലാത്ത ഇടപാടുകാരില്‍ നിന്നും മരുന്ന് വാങ്ങിയാണ് ഇങ്ങനെ ചെയ്യുന്നത്.
ബാഗലെകോട്ടെ-ബെൽഗാം റോഡിൽ എസ്. ബണ്ഡേപ ഈ സമയം പറ്റിയ കൃഷിയിടത്തിനായി തിരച്ചിൽ തുടരുകയായിരുന്നു. ഏതാണ്ട് ഒരു ദശകം മുമ്പുതന്നെ വടക്കൻ കർണാടകയിലെ പല കർഷകരും ജൈവരീതിയിൽ നിന്ന് രാസവളത്തിലേക്ക് മാറാന്‍ തുടങ്ങിയിരുന്നു. അതിനാല്‍ വർഷത്തിലെ ബാക്കിസമയങ്ങളില്‍ കൂടുതൽ കാർഷിക ജോലികൾ ചെയ്യാന്‍ ശ്രമിക്കുന്ന ബണ്ഡേപയ്ക്കും മറ്റ് ഇടയർക്കും ചാണകം ഇപ്പോൾ സ്ഥിരമായ ഉപജീവനമാർഗ്ഗമല്ല.
കർഷകരും ഇടയരും തമ്മിലുള്ള പരമ്പരാഗത സഹവർത്തിത്വം കുറഞ്ഞതോടെ ഇടയരിൽ ചിലർ തങ്ങളുടെ കന്നുകാലികളും വസ്തുവകകളുമായി കൂടുതൽ ദൂരങ്ങളിലേക്ക് കുടിയേറുന്നു - സൗഹാര്‍ദ്ദ മനോഭാവമുള്ള കർഷകരേയും നിരപ്പായ ഭൂമിയും തേടിയുള്ള കഠിനമായ യാത്രയാണത്.


ഇടത്: തങ്ങള്‍ക്ക് സ്വന്തമായതെല്ലാം(വസ്തുവകകള്‍, കുട്ടികള്‍, ചെമ്മരിയാടുകള്‍, ആടുകള്‍ എന്നിങ്ങനെയുള്ളവ) കയറ്റുന്നതിനായി ചില കുടുംബങ്ങള്‍ വാന്‍ വാടകയ്ക്കെടുക്കുന്നു. കുതിര പോലെയുള്ള വലിയ മൃഗങ്ങളെ കാല്‍നടയായി പ്രത്യേകമായി പുതിയ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നു. വലത്: ചില കുടുംബങ്ങള്‍ ഇപ്പോഴും കാളവണ്ടിയില്‍ യാത്രചെയ്യുന്നു. ബെലഗാവി ജില്ലയിലെ പരസ്ഗഢ ബ്ലോക്കിലെ ചച്ഡി ഗ്രാമത്തിനടുത്താണിത്

പലപ്പോഴും രണ്ടു-മൂന്ന് കുടുംബങ്ങള്‍ ചേര്‍ന്ന് തങ്ങള്ക്കിടയില്തന്നെ മൃഗക്കൂട്ടങ്ങളെ നോക്കാനുള്ള ഉത്തരവാദിത്തങ്ങള്‍ വീതിക്കുന്നു. അവര്‍ ഒരു വിസ്തൃതകുടുംബം പോലെ ഒരുമിച്ച് ജീവിച്ച് ദീപാവലിക്കുശേഷം (ഒക്ടോബര്‍-നവംബറില്‍) കുടിയേറുകയും വസന്തകാലത്തോടെ (മാര്‍ച്ച്-ഏപ്രില്‍) ഗ്രാമത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു

വിജയ്ക്കും (5) നാഗരാജുവിനും (8) മൃഗങ്ങളുടെ കൂട്ടത്തിനിടയില്‍ നിന്നുപോലും ഓരോ മൃഗത്തെയും തിരിച്ചറിയാന്‍ കഴിയും. ‘ഇതാണെന്റെ ഏറ്റവും നല്ല സുഹൃത്ത്’, നാഗരാജു പുഞ്ചിരിക്കുന്നു


ഇടത്: കുഞ്ഞുങ്ങളായ വിജയ്, നാഗരാജു എന്നിവര്‍ അവരുടെ അച്ഛനായ നീലപ്പ ചാച്ഡിയോടൊപ്പം തങ്ങളുടെ കുതിരയെ അനുഗമിക്കുന്നു (വലിയ ഭാരം ചുമക്കാനാണ് കുതിരയെ ഉപയോഗിക്കുന്നത്). വലത്: ദിവസങ്ങളോളം റോഡിലൂടെ യാത്ര ചെയ്തതിനുശേഷം പുതിയ താമസസ്ഥലത്ത് വീട് വയ്ക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കുട്ടികളും തങ്ങളാല്‍ കഴിയുന്നത് ചെയ്യുന്നു. വിജയ്ക്ക് 5 വയസ്സ് മാത്രമാണ് പ്രായം, പക്ഷെ പെട്ടെന്ന് ഊര്ജ്ജ്വസ്വലനാകും


ഇടത്: ബെലഗാവി ജില്ലയിലെ ബാലിഹോംഗല-മുനവല്ലി റോഡിനടുത്തുള്ള ഒരു പാടത്ത് ഇടയന്മാർ അവരുടെ കന്നുകാലികളോടൊപ്പം. നിരവധി കർഷകർ രാസവളങ്ങൾ ഉപയോഗിക്കുന്നതിനാൽ പരിസ്ഥിതി സൗഹൃദ മാർഗ്ഗത്തിലൂടെ ജൈവവളം സംഭരിക്കുന്നത് ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വലത്: യാത്രയ്ക്കിടയിൽ പാതയോരത്തെ ഒരു പാടത്ത് തങ്ങിയ കുറുബ ഇടയയായ ഗായത്രി വിമല മൃഗങ്ങളെ ശ്രദ്ധിച്ചുകൊണ്ട് തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം പാകം ചെയ്യുന്നു. കയർ വലയ്ക്കകത്തുള്ളത് അവരുടെ പുതിയ ‘വീട്ടി ’ ലെ ആട്ടിൻപറ്റങ്ങളാണ് . കുടിയേറ്റ പാതയിൽ എവിടെ തങ്ങണമെന്ന് തീരുമാനിക്കുന്നതിൽ ജലസ്രോതസ്സും ഒരു പ്രധാന ഘടകമാണ്

അടുത്തതായി തങ്ങേണ്ട സ്ഥലത്തേക്കു പോകുമ്പോൾ ചെറിയ മൃഗങ്ങ ളെ നിലയ്ക്കു നിർത്തുക ബുദ്ധിമുട്ടാണ്. ചെറിയ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമല്ല ഇത്


ഇടത്: കുടിയേറ്റ നടത്തത്തിനിടയിൽ മുറിവേറ്റതോ അസുഖമുള്ളതോ ആയ മൃഗങ്ങളെ സംരക്ഷിക്കാൻ വളരെയധികം ശ്രദ്ധിക്കാറുണ്ട് . മുറിവേറ്റ ഒരു ആട് വാനിന്റെ മുൻവശത്ത് യാത്രക്കാരുടെ സീറ്റിലിരിക്കുന്നത് ഇവിടെ കാണാം. വലത്: കുറുബകൾ അവരുടെ മൃഗങ്ങളെ, പ്രത്യേകിച്ച് കുതിരയെ , ബഹുമാനിക്കുന്നു . അലഖനൂരു ഗ്രാമത്തിൽ ഒരു ഇടയൻ കുതിരയ്ക്ക് മുമ്പിൽ കുമ്പിടുന്നു

ഡെക്കാനി കമ്പിളിനൂലിൽ നിന്നും മികച്ച വരുമാനം ഉണ്ടാക്കാൻ കൂട്ടായി ശ്രമിക്കുന്നതിന്റെ ഭാഗമായി ചില ഗ്രാമങ്ങളിൽ സ്ത്രീകൾ ‘ സ്വയം-സഹായ സംഘങ്ങൾ ’ രൂപീകരിച്ചിട്ടുണ്ട്. ദാദിഭാവി സലാപുരയിൽ ശാന്തവ്വ ബേവൂർ ചർക്കയിൽ നൂൽനൂൽക്കുന്നു . ലമ്മാസ് ബേ വൂർ നൂൽനൂൽക്കാനുള്ള തന്റെ ഊഴത്തിനായി കാത്തിരിക്കുമ്പോൾ സാവിത്രി കമ്പിളി സംസ്കരിക്കുന്നു

ഡെക്കാനി കമ്പിളിപുതപ്പുകൾ ഉണ്ടാക്കാൻ പരമ്പരാഗതമായി കുഴി ത്തറി ഉപയോഗിക്കുന്നു. പി. ഈശ്വരപ്പയും മകൻ ബീരേന്ദ്രയും തറിയിൽ . കൂടെയുള്ളത് മൂന്ന് തലമുറയിലെ ഏറ്റവും ഇളയവനായ നാരായൻ


ഇടത്: തന്റെ വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിൽ ദസ്തഗീർ ജംദാർ മെക്കൽമർഡി ഗ്രാമത്തിൽ ചണവും തുകലും കമ്പിളിയും സംയോജിപ്പിച്ചുകൊണ്ട് ബാഗുകളും മറ്റ് വസ്തുക്കളും പറ്റുന്ന രീതിയിൽ ഉണ്ടാക്കുന്നു. വലത്: കടയുടെ മാനേജരായ ദിനേശ് സേത്ത് ഒരു കമ്പിളിപുതപ്പിന്റെ ഗുണനിലവാരം പരിശോധിക്കുന്നു. കടകളിൽ ഇത്തരം പുതപ്പുകളുടെ ശരാശരി വില 800 മുതൽ 2 , 000 രൂപ വരെയാണ് - ചെറുചവിട്ടു മെത്തയ്ക്ക് 400 മുതൽ 600 രൂപ വരെയും. പക്ഷെ , ഡെക്കാനി കമ്പിളികളുടെ ആവശ്യം ക്രമേണ കുറയുകയാണ്

കാലി ചന്തയിൽ തങ്ങളുടെ മൃഗങ്ങൾ ആരോഗ്യമുള്ളവയായി കാണപ്പെടുന്നതുറപ്പാക്കാൻ ചില കുറുബകൾ അവയ്ക്ക് ഉദാരമായി മരുന്ന് നൽകുന്നു. മൈലാര ബണ്ഡേപയെപോലുള്ള ഇടയന്മാർ മൃഗങ്ങൾക്ക് പലപ്പോഴും മൃഗഡോക്ടർമാരുടെ ഉപദേശം കൂടാതെ മരുന്ന് (വിരയിളക്കുന്നതിനുള്ളതും ആൻറിബയോട്ടിക്കുകളും) നൽകുന്നു

കുറച്ച് മൃഗങ്ങളെ വിൽക്കാമെന്ന പ്രതീക്ഷയിൽ കാക്ക നാഗപ്പ തന്റെ ആട്ടിൻപറ്റത്തെ സിരയിലെ ചന്തയിലേക്ക് കൊണ്ടുപോകുന്നു. ഡെക്കാനികളല്ലാത്ത ചെമ്മരിയാടുകളെ സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുന്നതിനാൽ ചില കുറുബകളും ഈ ഇനങ്ങളെ കൂടുതലായി വളർത്തുന്നു. ഇറച്ചി വ്യവസായ രംഗത്ത് ഏറ്റവും കൂടിയ വില ലഭിക്കുന്നത് മുട്ടനാട്ടിന്കുട്ടികൾക്കാണ്

തുംകൂർ ജില്ലയിലെ സിര പട്ടണത്തിൽ
ചൊവ്വാഴ്ച നടക്കുന്ന ചെമ്മരിയാട്-ആട് ചന്തയിലേക്ക് കൊണ്ടുപോകാൻ മൃഗങ്ങളെ ട്രക്കിൽ
കയറ്റുന്നു
പരിഭാഷ: റെന്നിമോന്‍ കെ. സി.