വിരൽനഖത്തേക്കാൾ വലുതല്ല അത്. വെളുത്ത്, വിളറി മനോഹരമാണ് ഓരോ മൊട്ടും. അവിടെയുമിവിടെയുമായി ആ പാടം പൂവിട്ടിട്ടുണ്ട്. അതിന്റെ ഹൃദ്യമായ സുഗന്ധമാകട്ടെ, മൂക്കിൽ നിറയുകയും ചെയ്യുന്നു. മല്ലികപ്പൂവ് ഒരു സമ്മാനമാണ്. പൊടി നിറഞ്ഞ ഭൂമിയുടേയും ബലമുള്ള ചെടികളുടേയും മേഘങ്ങൾ മുറിവേൽപ്പിച്ച ആകാശത്തിന്റേയും സമ്മാനം.
എന്നാൽ, ഗൃഹാതുരമായ ഈ കാൽപ്പനികതയ്ക്കൊന്നും നേരമില്ല തൊഴിലാളികൾക്ക്. മല്ലികപ്പൂ വിടരുന്നതിന് മുന്നേ അവർക്കത് കമ്പോളത്തിലെത്തിക്കണം. നല്ല വില കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന വിനായക ചതുർത്ഥിക്ക് ഇനി നാലുദിവസമേ ബാക്കിയുള്ളു. ആ നാളിലാണ് ഭഗവാൻ ഗണേശന്റെ ജന്മദിനം.
തള്ളവിരലും ചൂണ്ടുവിരലുമുപയോഗിച്ച് സ്ത്രീപുരുഷന്മാർ മൊട്ടുകൾ അതിവേഗത്തിൽ പറിക്കുന്നു. സാരിയും മുണ്ടും കിഴിയാക്കി അതിലേക്ക് കൈക്കുടന്ന നിറയെ ആ മൊട്ടുകൾ ശേഖരിച്ച്, പിന്നീട് ചാക്കിലാക്കുന്നു. ആ തൊഴിലിന് ഒരു പ്രത്യേക താളമുണ്ട്. കൊമ്പുകൾ മാറ്റുക (ചിലമ്പിക്കുന്ന ശബ്ദമാണതിന്), മൊട്ട് പൊട്ടിക്കുക (വിരൽ ഞൊടിക്കുന്ന ശബ്ദം), മൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെ വലിപ്പം മാത്രമുള്ള അടുത്ത ചെടിയുടെയടുത്തേക്ക് നീങ്ങുക, കൂടുതൽ പൂക്കൾ പറിക്കുക, സംസാരിക്കുക. കൂട്ടത്തിൽ റേഡിയോയിൽ ജനപ്രിയ തമിഴ് പാട്ടുകളും അവർ കേൾക്കും. കിഴക്കൻ വാനത്തിൽ സൂര്യൻ പതുക്കെ ഉദിച്ചുയരുമ്പോൾ.
താമസിയാതെ ആ പൂക്കളൊക്കെ മധുര പട്ടണത്തിലെ മാട്ടുതവണി ചന്തയിലെത്തും. അവിടെനിന്ന് തമിഴ്നാട്ടിലെ മറ്റ് പട്ടണങ്ങളിലേക്കും. മറ്റ് ചിലപ്പോൾ കടൽ കടന്ന് മറ്റ് രാജ്യങ്ങളിലേക്കും.
2021, 2022, 2023 വർഷങ്ങളിൽ പാരി, മധുര ജില്ലയിലെ തിരുമംഗലം, ഉസിലാംപട്ടി താലൂക്കുകൾ സന്ദർശിച്ചു. ചരിത്രപ്രസിദ്ധമായ മധുരമീനാക്ഷി ക്ഷേത്രവും ചില്ലറയായും മൊത്തമായും മുല്ലപ്പൂക്കൾ വിൽക്കുന്ന തിരക്കുള്ള പൂച്ചന്തയുമുള്ള മധുര നഗരത്തിൽനിന്ന് ഒരു മണിക്കൂർ നേരം യാത്ര ചെയ്താൽ മതി മുല്ലപ്പാടങ്ങളിലേക്കെത്താൻ.
തിരുമംഗലം താലൂക്കിലെ മേലാവുപ്പിലിഗുണ്ടു ഊരിലെ 51 വയസ്സുള്ള പി. ഗണപതി ആ പൂക്കളെക്കുറിച്ച് ഒരു ഏകദേശരൂപം എനിക്ക് തന്നു. മധുര പട്ടണത്തിന് പേര് നൽകുകയും ആ പട്ടണത്തിൽനിന്ന് പേരെടുക്കുകയും ചെയ്ത പൂക്കൾ. “ഈ പ്രദേശം സുഗന്ധമുള്ള മല്ലിപ്പൂക്കൾക്ക് പേരുകേട്ടതാണ്. എന്തിനേറെ പറയണം, നിങ്ങൾ വീട്ടിൽ അരക്കിലോ മുല്ലപ്പൂക്കൾ സൂക്ഷിച്ചാൽ മതി, ഒരാഴ്ച അതിന്റെ മണം വീട്ടിൽ തങ്ങിനിൽക്കും”.
ഒരു കറപോലുമില്ലാത്ത തൂവെള്ള ഷർട്ടും അതിന്റെ പോക്കറ്റിൽ തിരുകിവെച്ച കുറച്ച് രൂപയുമായി ഒരു നീല ലുങ്കി ധരിച്ച ഗണപതി ചിരിച്ചുകൊണ്ട് അതിവേഗതയുള്ള മധുരൈ തമിഴിൽ സംസാരിച്ചു. “ഒരു വയസ്സാവുന്നതുവരെ, ആ ചെടി കുട്ടികളെപ്പോലെയാണ്. വളരെ ശ്രദ്ധിച്ച് പരിപാലിക്കണം”, അദ്ദേഹം വിശദീകരിക്കുന്നു. അദ്ദേഹത്തിന് സ്വന്തമായി രണ്ടേക്കർ സ്ഥലമുണ്ട്. അതിലൊന്നിൽ അദ്ദേഹം മുല്ലപ്പൂക്കൾ കൃഷി ചെയ്യുന്നു.
ആറുമാസത്തിനുള്ളിൽ ചെടി പൂവിടാൻ തുടങ്ങും. പക്ഷേ ഒരേ മട്ടിലല്ല. ഒരു കിലോഗ്രാം മുല്ലപ്പൂവിന്റെ വില പോലെ വലുതും ചെറുതുമായിട്ടാവും വളർച്ച. ചിലപ്പോൾ ഗണപതിക്ക് ഒരേക്കറിൽനിന്ന് കഷ്ടി ഒരു കിലോ മാത്രമേ കിട്ടാറുള്ളു. ഒരാഴ്ച കഴിയുമ്പോൾ ഒരുപക്ഷേ അത് 50 കിലോഗ്രാമാവും. “കല്യാണ, ഉത്സവ സീസണിൽ വില നന്നായിരിക്കും. ആയിരവും, രണ്ടായിരവും മൂവായിരവുമൊക്കെ കിട്ടും ഒരു കിലോഗ്രാമിൽനിന്ന്. എന്നാൽ എല്ലാവരുടേയും ചെടികളിൽ പൂക്കൾ നിറയുമ്പോൾ, നല്ല സീസണായാൽപ്പോലും വില കുറയും”, ഈ കൃഷിയിൽ ഒരു ഉറപ്പുമില്ല. ഒറ്റ കാര്യത്തിൽ മാത്രമേ ഉറപ്പുള്ളു. ഈ കൃഷിയുടെ ഉത്പാദനച്ചിലവിനെക്കുറിച്ച്.
പിന്നെ, ഒന്നുകൂടി. അദ്ധ്വാനത്തെക്കുറിച്ചും. ചില പ്രഭാതങ്ങളിൽ അയാളും വീട്ടുകാരമ്മ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന അയാളുടെ ഭാര്യ പിച്ചയമ്മയും കൂടി എട്ട് കിലോഗ്രാം പൂവ് പറിച്ചിട്ടുണ്ട്. “ഞങ്ങളുടെ പുറം നന്നായി വേദനിക്കും“ അദ്ദേഹം പറയുന്നു. എന്നാൽ അയാളെ കൂടുതൽ വേദനിപ്പിക്കുന്നത് വർദ്ധിച്ചുവരുന്ന ചിലവുകളാണ് – കീടിനാശിനി, വളം, കൂലി, ഇന്ധനം എന്നിവയുടെ വില. “എങ്ങിനെയാണ് തരക്കേടില്ലാത്ത ഒരു ലാഭം കിട്ടുക”, അദ്ദേഹം ചോദിക്കുന്നു. അത് 2021 സെപ്റ്റംബറിലായിരുന്നു.
അതിസാധാരണമായ ഈ പൂവ് – എല്ലാ തെരുവിന്റെ മൂലയ്ക്കലും കാണുന്നതും, തമിഴ് സംസ്കാരത്തിന്റെ പ്രതീകമായതും, ഒരു നഗരത്തിന്റെയും ഇഡ്ഡലിയുണ്ടാക്കാനുള്ള ഒരിനം അരിയുടെയും പേരുള്ളതും – എല്ലാ ക്ഷേത്രങ്ങൾക്കും വിവാഹങ്ങൾക്കും കമ്പോളങ്ങൾക്കും സുഗന്ധം നൽകുന്നതും, മിക്ക ആൾക്കൂട്ടങ്ങളിലും ബസ്സുകളിലും കിടപ്പുമുറികളിലും സുഗന്ധം നിറയ്ക്കുന്നതുമായ ഈ പൂവ് – കൃഷി ചെയ്യുന്നത് അത്ര എളുപ്പമല്ല
*****
2022 ഓഗസ്റ്റിൽ രണ്ടാമത് ഞങ്ങൾ സന്ദർശിച്ചപ്പോൾ ഒരേക്കറിൽ ഗണപതി പുതിയ ഒരു ബാച്ച് മുല്ലത്തൈകൾ വെച്ചുപിടിപ്പിച്ചിരുന്നു. ഏഴുമാസം പ്രായമുള്ള 9,000 തൈകൾ. ഓരോ തൈയ്യും – കൈവിരലറ്റം മുതൽ കൈമുട്ടുവരെ നീളമെന്ന് ഗണപതി ആംഗ്യം കാണിക്കുന്നു - 4 രൂപ കൊടുത്താണ് രാമനാഥപുരം ജില്ലയിലെ രാമേശ്വരത്തുള്ള തങ്കച്ചിമടത്തിൽനിന്ന് അദ്ദേഹം വാങ്ങിയത്. നല്ല വിളവ് കിട്ടുമെന്ന് ഉറപ്പുള്ള തൈകൾ അദ്ദേഹം നേരിട്ട് തിരഞ്ഞെടുത്തതായിരുന്നു. മണ്ണ് നല്ലതാണെങ്കിൽ - സമ്പന്നവും ചുവന്ന നിറമുള്ളതും പശപ്പുള്ളതുമാണെങ്കിൽ - “നാലടി അകലത്തിൽവരെ അവയെ നടാം. ചെടി വലുതായി വളരും” എന്ന് അദ്ദേഹം പറഞ്ഞു. വലിപ്പം സൂചിപ്പിക്കാൻ അദ്ദേഹം കൈകൾകൊണ്ട് വായുവിൽ ഒരു വലിയ വൃത്തവും വരച്ചു. “എന്നാൽ ഇവിടെ, നിങ്ങൾക്ക് കിട്ടുന്ന മണ്ണ് ഇഷ്ടികയുണ്ടാക്കാൻ മാത്രം പറ്റുന്നതാണ്. അതായത് കളിമണ്ണ്.
മുല്ലക്കൃഷിക്ക് ഒരേക്കർ നിലം തയ്യാറാക്കാൻ ഗണപതി 50,000 രൂപവരെ ചിലവഴിക്കുന്നു. “കൃത്യമായി ചെയ്യാൻ പണം ചിലവാവും, അറിയാമല്ലോ”, വേനൽക്കാലത്ത്, അയാളുടെ പാടങ്ങൾ പൂക്കൾകൊണ്ട് തിളങ്ങി. “പലിചിന്നു പൂക്കും’, അദ്ദേഹം തമിഴിൽ പറഞ്ഞു. 10 കിലോഗ്രാം പൂക്കൾ വിളവെടുത്ത ദിവസത്തെക്കുറിച്ച് വിവരിക്കുമ്പോൾ അദ്ദേഹം പുഞ്ചിരിക്കുന്നു. ചില ചെടികൾ 100 ഗ്രാം തരുന്നു, ചിലത് 200 ഗ്രാം – അയാളുടെ കണ്ണുകൾ വിടരുകയും, ശബ്ദം ഉയരുകയും ചെയ്തു. വീണ്ടും വേഗത്തിൽ അത് സംഭവിക്കുമെന്ന പ്രതീക്ഷയും അയാളുടെ പുഞ്ചിരിയിലുണ്ടായിരുന്നു.
അതിരാവിലെ തുടങ്ങുന്നു ഗണപതിയുടെ തൊഴിൽദിവസങ്ങൾ. മുമ്പൊക്കെ ഇതിലും നേരത്തേ തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ “പണിക്കാർ വൈകി വരുന്നു” അദ്ദേഹം പറയുന്നു. മൊട്ടുകൾ പറിക്കാൻ അദ്ദേഹം തൊഴിലാളികളുടെ സഹായം തേടാറുണ്ട്. ഒരു മണിക്കൂർ ജോലിക്ക് 50 രൂപ അദ്ദേഹം കൊടുക്കുന്നു. അല്ലെങ്കിൽ, ഒരു ഡബ്ബയ്ക്ക് (ഒരളവ് പാത്രം) 35 മുതൽ 50 രൂപവരെ. ഒരു ഡബ്ബയിൽ ഏകദേശം ഒരു കിലോഗ്രാം പൂ കൊള്ളുമെന്ന് അദ്ദേഹം കരുതുന്നു.
പാരിയുടെ ഏറ്റവുമൊടുവിലത്തെ സന്ദർശനത്തിനുശേഷമുള്ള 12 മാസങ്ങൾക്കുള്ളിൽ പൂക്കളുടെ വില വർദ്ധിച്ചിട്ടുണ്ടായിരുന്നു. നിരക്ക് നിശ്ചയിക്കുന്നത് ‘സുഗന്ധദ്രവ്യ’ ഫാക്ടറികളാണ്. മുല്ലപ്പൂക്കളുടെ ലഭ്യത വർദ്ധിക്കുമ്പോൾ മൊത്തമായി വാങ്ങുന്ന സംസ്കരണ യൂണിറ്റുകളാണ് ആ ഫാക്ടറികൾ. കിലോഗ്രാമിന് 120 മുതൽ 220 രൂപവരെ നൽകാറുണ്ട് അവർ. കിലോഗ്രാമിന് 200 രൂപ കിട്ടിയാൽ, നഷ്ടമുണ്ടാവില്ലെന്ന് ഗണപതി പറയുന്നു.
ആവശ്യം വർദ്ധിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുമ്പോൾ ഒരു കിലോ മുല്ലപ്പൂവിന് അതിലും ഇരട്ടി വില ലഭിക്കും. ഉത്സവകാലത്ത്, കിലോഗ്രാമിന് 1,000 രൂപയ്ക്ക് മുകളിൽ പോവും വില. പക്ഷേ പൂക്കൾ കലണ്ടറനുസരിച്ചല്ലല്ലോ വിരിയുന്നത്. ‘മുഹൂർത്ത നാളും‘ ‘അശുഭനാളും‘ അവ പിന്തുടരാറുമില്ല.
അവ പ്രകൃതിയെ മാത്രം അനുസരിക്കുന്നു. നല്ല വെയിലും തുടർന്ന് നല്ല മഴയും കിട്ടിയാൽ ഭൂമി പൂക്കളാൽ പ്രഭ ചൊരിയുന്നു. “എവിടെ നോക്കിയാലും മുല്ലപ്പൂക്കളായിരിക്കും. പുഷ്പിക്കുന്നതിൽനിന്ന് ചെടികളെ നിങ്ങൾക്ക് തടയാനാവില്ലല്ലോ അല്ലേ?” പുഞ്ചിരിച്ചുകൊണ്ട് ഗണപതി ചോദിക്കുന്നു.
മഴപ്പൂക്കൾ (അങ്ങിനെയാണ് അദ്ദേഹം ആ പൂക്കളെ വിളിക്കുന്നത്) മധുരയിലെയും ചുറ്റുമുള്ള സ്ഥലങ്ങളിലെയും കമ്പോളങ്ങളിൽ നിറയുന്നു. “ടൺ കണക്കിന് മുല്ലപ്പൂക്കളെത്തുന്നു. അഞ്ച് ടൺ, ആറ് ടൺ, ഏഴ് ടൺ, ചില ദിവസങ്ങളിൽ 10 ടൺ വരെ!“ ഭൂരിഭാഗവും സുഗന്ധദ്രവ്യ ഫാക്ടറികളിലേക്ക് പോവുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു.
മാലകൾക്കും ചരടുകൾക്കുമായി പൂക്കൾ വാങ്ങുകയും കിലോഗ്രാമിന് 300 രൂപയ്ക്ക് മുകളിൽ വിൽക്കപ്പെടുകയും ചെയ്യുന്നു. “എന്നാൽ, പൂവിടൽ മൂർദ്ധന്യത്തിലെത്തുമ്പോൾ ഞങ്ങൾ ഒരു കിലോഗ്രാമിന് മുകളിൽ പറിക്കാറില്ല. അപ്പോൾ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്യും. ധാരാളം ആവശ്യക്കാരുണ്ടാവുമ്പോൾ 10 കിലോഗ്രാം കിട്ടിയാലും എനിക്ക് ഒരൊറ്റ ദിവസം കൊണ്ട് 15,000 രൂപ ഉണ്ടാക്കാം. അതൊരു വലിയ വരുമാനമല്ലേ?” അദ്ദേഹം കണ്ണിറുക്കി സന്തോഷത്തോടെ ചിരിക്കുന്നു. “അപ്പോൾ ഞാൻ കുറച്ച് കസേരകളൊക്കെ കൊണ്ടുവന്ന്, ഒരു നല്ല ഊണൊക്കെ തന്ന്, ഇവിടെയിരുന്ന് നിങ്ങൾക്ക് അഭിമുഖം നൽകും”, അദ്ദേഹം കുസൃതിയോടെ പറയുന്നു.
വാസ്തവമെന്തെന്നാൽ, അദ്ദേഹത്തിനത് ചെയ്യാനാവില്ല. അയാളുടെ ഭാര്യയ്ക്കും. അത്രയധികം ജോലി ചെയ്യാനുണ്ട് അവർക്ക്. അതിൽ ഏറ്റവും അദ്ധ്വാനം വേണ്ടത്, നല്ല വിളവ് തരാൻ പാകത്തിൽ നിലമൊരുക്കുന്ന പണിക്കാണ്. ബാക്കിയുള്ള 1.5 ഏക്കറിൽ ഗണപതി പേരയ്ക്ക കൃഷി ചെയ്യുന്നു. “ഇന്ന് രാവിലെ, ഞാൻ 50 കിലോഗ്രാം പേരയ്ക്ക മാർക്കറ്റിൽ കൊണ്ടുപോയി. അവർ കിലോഗ്രാമിന് 200 രൂപയ്ക്കാണ് വാങ്ങുന്നത്. ഇന്ധനച്ചിലവ് കഴിഞ്ഞാൽ എനിക്ക് 800 രൂപ കൈയ്യിൽ കിട്ടും. പേരയ്ക്ക ഈ പ്രദേശത്ത് സുലഭമല്ലാതിരുന്ന കാലത്ത്, ആളുകൾ ഇവിടെ വന്ന് ഇത് പറിച്ച് എനിക്ക് കിലോഗ്രാമിന് 25 രൂപവെച്ച് തരുമായിരുന്നു. ആ കാലമൊക്കെ പോയി...”.
തൈകൾക്കും, ഒരേക്കറിൽ മുല്ലകൾ വെക്കാനുള്ള ഒരുക്കത്തിനുമായി ഗണപതി ഏകദെശം ഒരു ലക്ഷം രൂപ ചിലവഴിക്കുന്നു. ചെടികളിൽ നടത്തുന്ന ഈ മൂലധന നിക്ഷേപം ചുരുങ്ങിയത് 10 വർഷത്തേക്കുള്ള പൂക്കൾ അദ്ദേഹത്തിന് നൽകുന്നു. എല്ലാ വർഷവും മുല്ലപ്പൂവിന്റെ സീസൺ എട്ടുമാസംവരെ നീളുന്നു. മാർച്ചിനും നവംബറിനുമിടയ്ക്ക്. നല്ല ദിവസങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ ഒരു മൊട്ടുപോലും ഇല്ലാത്ത ദിവസങ്ങളും പതിവാണ്. സീസണിൽ, ഒരേക്കറിൽനിന്ന് മാസത്തിൽ 30,000 രൂപയുടെ മൊത്തലാഭം ശരാശരി കിട്ടാറുണ്ടെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.
കേൾക്കുമ്പോൾ സമ്പന്നനാണ് അദ്ദേഹമെന്ന് തോന്നിയേക്കാം. മിക്ക കർഷകരേയുംപോലെ, തന്റെയും ഭാര്യയുടേയും ശമ്പളമില്ലാത്ത അദ്ധ്വാനം അദ്ദേഹവും കണക്കാക്കുന്നില്ല. അതുകൂടി കണക്കാക്കിയാൽ എത്രയായിരിക്കും മാസത്തിൽ കിട്ടുന്ന ലാഭം? “എനിക്ക് ദിവസവും 500 രൂപ ശമ്പളവും ഭാര്യയ്ക്ക് 300 രൂപയും“ എന്ന ഒരു കണക്ക് ഗണപതി കൂട്ടുന്നു. അങ്ങിനെയെങ്കിൽ, മാസത്തിൽ ലഭിക്കുന്ന 30,000 രൂപ ലാഭമെന്നത്, 6,000 രൂപയായി ചുരുങ്ങുകയാണ് ചെയ്യുക.
അതിനുപോലും “നിങ്ങൾക്ക് ഭാഗ്യമുണ്ടാവണം” എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. അധികം താമസിയാതെ, അദ്ദേഹത്തിന്റെ ഷെഡ്ഡിൽനിന്ന് ഞങ്ങൾക്കത് മനസ്സിലാവും. ഭാഗ്യം മാത്രമല്ല, ചില രാസലായനികളും വേണമെന്ന്.
*****
ഉച്ചസമയങ്ങളിൽ ഗണപതിയുടെ നായകൾ ഉറങ്ങുന്ന ചെറിയൊരു മുറിയാണ് മോട്ടോർ ഷെഡ്ഡ്. മൂലയ്ക്കൽ കുറച്ച് കോഴികളുമുണ്ട്. ആദ്യം നമ്മൾ കാണുന്നത് ഒരു മുട്ടയാണ്. ശ്രദ്ധയോടെ അത് കൈയ്യിലെടുത്ത് പിടിച്ച് ഗണപതി ചിരിക്കുന്നു. കീടനാശിനിയുടെ കുപ്പികളും ഡബ്ബകളും നിലത്ത് ചിതറിക്കിടക്കുന്നു. ചെടികൾ പുഷ്പിക്കാൻ ഇതൊക്കെ ആവശ്യമാണെന്ന് ക്ഷമയോടെ വിശദീകരിച്ചുതരുന്നു ഗണപതി. നല്ല തണ്ടോടുകൂടിയ, ബലമുള്ളതും ഭാരമുള്ളതുമായ വെളുത്ത മുല്ലമൊട്ടുകൾ.
“ഇതിന് ഇംഗ്ലീഷിൽ എന്താണ് പറയുക?” കുറച്ച് ഡബ്ബകൾ കാണിച്ച് ഗണപതി എന്നോട് ചോദിച്ചു. ഞാൻ ഓരോരോ പേരുകളായി വായിച്ചു. “ഇത് ചുവന്ന ചെള്ളിനെ കൊല്ലുന്നു, ഇത് പുഴുക്കൾക്കുള്ളതാണ്. ഇത് എല്ലാ കീടങ്ങളേയും കൊല്ലുന്നു. മുല്ലച്ചെടികളെ ധാരാളം കീടങ്ങൾ ആക്രമിക്കാറുണ്ട്”, അദ്ദേഹം മുറുമുറുത്തു.
ഗണപതിയുടെ മകനാണ് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ്. “അവൻ ഒരു മരുന്നുകടയിൽ (കീടനാശിനി വിൽക്കുന്ന കടയിൽ) ജോലിചെയ്യുന്നു. മുല്ലപ്പൂവുകൾ പോലെ വെളുത്ത ചൂടുള്ള വെയിലിലേക്ക് ഞങ്ങൾ ഇറങ്ങുമ്പോൾ ഗണപതി പറയുന്നു. ഒരു നായ്ക്കുട്ടി അല്പം നനവുള്ള മണ്ണിൽക്കിടന്ന് ഉരുളുന്നുണ്ടായിരുന്നു. അതിന്റെ വെളുത്ത രോമങ്ങളിൽ ചെളി പുരണ്ടുതുടങ്ങിയിരുന്നു. ഒരു ചാരനിറത്തിലുള്ള പട്ടി ഷെഡ്ഡിന്റെ സമീപത്തായി അലഞ്ഞുനടന്നു. “എന്താണ് അവയെ വിളിക്കുക?’ ഞാൻ ചോദിച്ചു. “ഞാൻ ‘കറുപ്പ്” എന്ന് വിളിച്ചാൽ അവർ ഓടിയെത്തും. അദ്ദേഹം ചിരിക്കുന്നു. കറുപ്പ് നിറത്തിന് തമിഴിൽ കറുപ്പു എന്നാണ് പറയുക. പക്ഷേ നായകൾ കറുത്തിട്ടല്ലല്ലോ എന്ന് സൂചിപ്പിച്ചു.
“എന്തോ ആവട്ടെ, അവ ഓടിവരും’ ഇതും പറഞ്ഞ് ചിരിച്ചുകൊണ്ട് ഗണപതി മറ്റൊരു വലിയ ഷെഡ്ഡിലേക്ക് നടന്നു. ഒരു ബക്കറ്റിൽ നാളികേരം കൂട്ടിയിട്ടിരിക്കുന്നു. നന്നായി പഴുത്ത പേരയ്ക്കകളും. “എന്റെ പശു അതൊക്കെ തിന്നും. ഇപ്പോൾ അവൾ പാടത്ത് പുല്ല് മേയുകയാണ്”, ഗണപതി സൂചിപ്പിച്ചു. പശുവിനോടൊപ്പം, ശബ്ദമുണ്ടാക്കിയും കൊത്തിപ്പെറുക്കിത്തിന്നും കുറച്ച് നാടൻ കോഴികളുമുണ്ടാവും.
പിന്നീട് അദ്ദേഹം എന്നെ വളങ്ങൾ കാണിച്ചു. 800 രൂപയ്ക്ക് വാങ്ങിയ ‘മണ്ണ് പാകമാക്കാനുള്ള’ വസ്തുക്കളും കുറച്ച് ഗന്ധകത്തരികളും, ജൈവവളവും മറ്റും. “കാർത്തികമാസത്തിൽ (നവംബർ 15 മുതൽ ഡിസംബർ 15വരെ) എനിക്ക് നല്ല വിളവ് വേണം. അത് വിവാഹസീസൺകൂടിയായതിനാൽ നല്ല വിലയും കിട്ടും. എന്നിട്ട് ഷെഡ്ഡിന്റെ പുറത്തുള്ള ഒരു കൽമതിലിൽ ചാരിനിന്ന് പുഞ്ചിരിച്ച്, കൃഷിയെക്കുറിച്ചുള്ള ഒരു വലിയ രഹസ്യം എനിക്ക് പറഞ്ഞുതന്നു. “നിങ്ങൾ ചെടികളെ ബഹുമാനിക്കണം. അങ്ങിനെ ചെയ്താൽ, അത് നിങ്ങളെയും ബഹുമാനിക്കും”.
സംഭാഷണപ്രിയനാണ് ഗണപതി. എല്ലാ ദിവസവും എന്തെങ്കിലും നാടകം നടക്കുന്ന തിയേറ്റർപോലെയാണ് അദ്ദേഹത്തിന് തന്റെ പാടങ്ങൾ. “ഇന്നലെ, രാത്രി ഏതാണ്ട് 9.45-ന് നാല് പന്നികൾ ആ ഭാഗത്തുനിന്ന് വന്നു. കറുപ്പു ഇവിടെയായിരുന്നു. അവൻ അവയെ കണ്ടു. പഴുത്ത പേരയ്ക്കയുടെ മണം കിട്ടിയിട്ടാണ് അവ വന്നത്. കറുപ്പു എല്ലാറ്റിനേയും ഓടിച്ചു. ഒന്ന് ആ ഭാഗത്തേക്ക് പോയി”, പ്രധാന റോഡിലേക്കും, എതിർവശത്തുള്ള അമ്പലത്തിലേക്കും ചുറ്റുമുള്ള പാടത്തേക്കും അദ്ദേഹം ചൂണ്ടിക്കാട്ടി. “എന്ത് ചെയ്യാൻ പറ്റും? പണ്ടൊക്കെ ഇരപിടിയന്മാരുണ്ടായിരുന്നു. കുറുക്കന്മാർ. ഇപ്പോൾ ഒന്നിനേയും കാണാറില്ല”.
പന്നികളെപ്പോലെ ചില കീടങ്ങളും പ്രശ്നക്കാരാണ്. മുല്ലപ്പാടത്ത് ചുറ്റിനടക്കുമ്പോൾ ഗണപതി വിവരിച്ചുതന്നു, എങ്ങിനെയാണ് ചില കീടങ്ങൾ പെട്ടെന്ന് പുതിയ മൊട്ടുകളെ ആക്രമിക്കുന്നതെന്ന്. പിന്നീട്, അദ്ദേഹം ചെടി നടുന്നതിന്റെ ചില രീതികൾ വിവരിച്ചുതന്നു. വായുവിൽ വൃത്തങ്ങളും ചതുരങ്ങളും വരച്ചുകാണിച്ചുകൊണ്ട്. ഒന്നുരണ്ട് മുല്ലമൊട്ടുകൾ പറിച്ചുതരികയും ചെയ്തു. എനിക്ക് ആസ്വദിക്കാനും മണക്കാനും. “മധുരൈ മല്ലിക്കാണ് ഏറ്റവും നല്ല വാസന” അദ്ദേഹം ഉറപ്പിച്ച് പറയുന്നു.
ഞാനതിനോട് യോജിച്ചു. അപാരമായ സുഗന്ധമാണ് അതിന്. അദ്ദേഹത്തിന്റെ കൂടെ ആ പാടത്ത് ചുറ്റിനടക്കാനും, കിണറിനെ വലംവെക്കാനും, തുരുമ്പിന്റെ നിറമുള്ള മണ്ണിൽ ചവുട്ടി നടക്കാനും സാധിച്ചത് വലിയ ബഹുമതിയായി എനിക്ക് തോന്നി. കൃഷിയെക്കുറിച്ച് അദ്ദേഹം വിശദമായി പറഞ്ഞുതന്നു. തന്റെ ഭാര്യ പിച്ചയമ്മയെക്കുറിച്ച് ബഹുമാനത്തോടെയാണ് അദ്ദേഹം പരാമർശിച്ചത്. “ഞങ്ങൾ വലിയ ഭൂവുടമകളൊന്നുമല്ല. ഞങ്ങൾ കുറച്ച് ഭൂമി മാത്രമുള്ളവരാണ്. എവിടെയെങ്കിലും ഇരുന്ന് ആളുകളോട് ആജ്ഞാപിക്കാനൊന്നും ഞങ്ങൾക്ക് സാധിക്കില്ല. എന്റെ ഭാര്യയും തൊഴിലാളികളുടെ കൂടെച്ചേർന്ന് ജോലിയെടുക്കുന്നു. അങ്ങിനെയാണ് ഞങ്ങൾ നിലനിൽക്കുന്നത്. മനസ്സിലായോ”, ഗണപതി ചോദിച്ചു.
*****
ചുരുങ്ങിയത് 2,000 കൊല്ലമെങ്കിലുമായി മുല്ല ഈ നാട്ടിൽ നിലനിൽക്കുന്നുണ്ട്. അനിതരസാധാരണമായ ഒരു ചരിത്രവുമുണ്ട് അതിന്. മാത്രമല്ല, നൂലിൽ കൊരുത്ത് മുല്ലപ്പൂമാലയുണ്ടാക്കുന്നതുപോലെ, ആ പൂവ് തമിഴ് ഭൂതകാലത്തിൽ ഇഴചേർന്നുനിൽക്കുന്നു. സംഘം സാഹിത്യത്തിൽ 100 തവണയെങ്കിലും മുല്ലൈ – അങ്ങിനെയാണ് അത് അന്ന് അറിയപ്പെട്ടിരുന്നത് - പരാമർശിക്കപ്പെടുന്നുണ്ടെന്നും മറ്റ് പൂക്കളെക്കുറിച്ചുള്ള സൂചനകളുമുണ്ടെന്നും ഹവായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, സംഘകാല തമിഴ് പണ്ഡിതയും പരിഭാഷകയുമായ വൈദേഹി ഹെർബർട്ട് പറയുന്നു.ബി.സി. 300-നും എ.ഡി.250-നും ഇടയ്ക്ക് രചിക്കപ്പെട്ട 18 സംഘകാല പുസ്തകങ്ങൾ പരിഭാഷപ്പെടുത്തുകയും, അവ സൌജന്യമായി ഓൺലൈനിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് അവർ.
ഇന്ന് മല്ലി എന്ന് അറിയപ്പെടുന്ന മല്ലികയുടെ ധാതുപദമാണ് മുല്ലൈ എന്ന് അവർ വിശദീകരിക്കുന്നു. സംഘകവികളിൽ, മുല്ലൈ എന്നത്, രാജ്യത്തിന്റെ ഉള്ളിലുള്ള (അകം തിണൈ) അഞ്ച് ഭൂപ്രദേശങ്ങളിൽ ഒന്നാണ്. കാടുകളേയും അതിനോട് ചേർന്നുള്ള സ്ഥലങ്ങളേയുമാണ് ആ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. മരങ്ങളുടേയും പുഷ്പങ്ങളുടേയും പേരുകളിൽ അറിയപ്പെടുന്ന മറ്റ് നാലെണ്ണം, കുറിഞ്ഞി (മല), മരുതം (പാടങ്ങൾ), നെയ്താൽ (കടൽക്കര) പാലൈ (മരുഭൂമി) എന്നിവയാണ്.
സംഘകാല എഴുത്തുകാർ “അകം തിണൈ എന്ന വാക്കുപയോഗിച്ചത് കാവ്യാനുഭൂതി കിട്ടാനാണെന്ന്“ വൈദേഹി തന്റെ ബ്ലോഗിൽ സൂചിപ്പിക്കുന്നു. “പരാമർശിതമായ ഭൂപ്രദേശത്തിന്റെ ഘടകങ്ങളെ ആധാരമാക്കിയാണ് ഉപമകളും അലങ്കാരങ്ങളും പ്രയോഗിച്ചിരിക്കുന്നത്. കവിതയിലെ കഥാപാത്രങ്ങളുടെ വികാരങ്ങളേയും ഭൌതികപ്രകൃതത്തേയും സൂചിപ്പിക്കാൻ അതാത് ഭൂപ്രദേശങ്ങളേയും ജന്തുലതാദികളേയുമാണ് ഉപയോഗിക്കുന്നത്”
2,000 വർഷം മുമ്പത്തെ ഈ അകനാനൂറ് കവിതയിൽ സ്ത്രീയുടെ സുഭഗതയെക്കുറിച്ച് ഓർക്കുകയാണ് ഈ പുരുഷൻ.
മയിലുകൾ നിന്നെപ്പോലെ നൃത്തം ചെയ്യുമ്പോൾ
മുല്ലകളുടെ പൂമണം
നിന്റെ മൂർദ്ധാവിലെ സുഗന്ധം പോലെ
പരക്കുമ്പോൾ
നിന്നെപ്പോലെ ലജ്ജിതയായി ഒരു പ്രാവ് എന്നെ നോക്കുമ്പോൾ
എന്റെ പെണ്ണേ,
ഞാൻ നിന്നെക്കുറിച്ചോർത്ത്
മേഘത്തേക്കാൾ ധൃതിയിൽ വീട്ടിലേക്ക് തിരക്കിട്ട് നടക്കുന്നു
OldTamilPoetry.com എന്ന സൈറ്റ് നടത്തുന്ന, സംഘകാല കവിതകളുടെ പരിഭാഷകനായ ചെന്തിൽ നാതൻ എനിക്ക് മറ്റൊരു കവിത കാണിച്ചുതന്നു. സംഘകാല കവിതകളിൽ പരാമർശിക്കപ്പെട്ട ഏഴ് പ്രമുഖ രക്ഷാധികാരികളിൽ ഒരാളായ പരി പ്രമുഖനെക്കുറിച്ച് ജനമനസ്സിൽ കൊത്തിയിട്ട കവിതയാണത്. ദീർഘമായ കവിതയാണെങ്കിലും, ഈ നാല് വരികൾ മനോഹരവും പ്രസക്തവുമാണെന്ന് ചെന്തിൽ സൂചിപ്പിക്കുന്നു.
തന്നെ പുകഴ്ത്തുവാനാവാത്തതെങ്കിലും,
താങ്ങില്ലാതെ ഉലയുന്ന പൂവിട്ട ഒരു മുല്ലവള്ളിക്കുവേണ്ടി
തന്റെ മണികെട്ടിയ രഥമുപേക്ഷിച്ച
പുകൾപെറ്റ പരി…
(പുറനാന്നൂറ് 200, 9-12 വരികൾ)
തമിഴ്നാട്ടിൽ വ്യാപകമായി കൃഷിചെയ്യുന്ന മല്ലി ഇനത്തിന്റെ ശാസ്ത്രീയനാമമാണ് ജാസ്മിനം സംബാക്. രാജ്യത്ത് ഈ ഉതിർന്ന പൂക്കൾ (മുറിക്കാത്തവ) കൃഷിചെയ്യുന്നതിൽ മുൻപന്തിയിലാണ് ഈ സംസ്ഥാനം. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന 240,000 ടൺ പൂക്കളിൽ 180,000 ടൺ മുല്ലപ്പൂ ഉത്പാദനവും നടക്കുന്നത് തമിഴ്നാട്ടിലാണ്.
ഭൌമസൂചികാപദവി കിട്ടിയ മധുരൈ മല്ലിക്ക് ധാരാളം പ്രത്യേകതകളുണ്ട്. ‘ഭ്രമിപ്പിക്കുന്ന സുഗന്ധം, ബലമുള്ള ഇതളുകൾ, നീളമുള്ള തണ്ട് (ഇലയെ കൊമ്പുമായി ബന്ധിപ്പിക്കുന്ന ഭാഗം), വൈകിയുള്ള വിരിയൽ, ഇതളിന്റെ സാവധാനത്തിലുള്ള നിറംമാറ്റം, ഗുണമേന്മ’ എന്നിവയാണ് അതിൽച്ചിലത്.
കൌതുകമുള്ള പേരുകളുള്ള മറ്റ് മുല്ലയിനങ്ങളുമുണ്ട്. മധുരൈ മല്ലിക്ക് പുറമേ, ഗുണ്ടുമല്ലി, നമ്മ ഊരു മല്ലി, അമ്പു മല്ലി, രാമബാണം, ഇരുവച്ചി, ഇരുവച്ചിപ്പൂ, കസ്തൂരി മല്ലി, ഊസി മല്ലി, സിംഗ്ലെ മോഗ്ര എന്നിവ.
മധുരൈ മല്ലി മധുരയിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച്, വിരുദുനഗർ, തേനി, ദിണ്ടിഗൽ, ശിവഗംഗൈ തുടങ്ങി വിവിധ ജില്ലകളിലൊന്നാകെ അവ വളരുന്നു. എല്ലാ പൂക്കളുമെടുത്താൽ, തമിഴ്നാട്ടിലെ പാടങ്ങളുടെ 2.8 ശതമാനത്തിലാണ് അവ കൃഷി ചെയ്യുന്നത്. എന്നാൽ മുല്ലയിനങ്ങളാകട്ടെ, ആ ഭൂമിയുടെ 40 ശതമാനംവരും. ആറ് മുല്ലപ്പാടങ്ങളിൽ ഒന്നുവീതം, അതായത് സംസ്ഥാനത്ത് മൊത്തത്തിലുള്ള 13,719 ഹെക്ടറിൽ 1,666-ഉം മധുര മേഖലയിലാണുള്ളത്.
ഈ കണക്കുകൾ കടലാസ്സിൽ മനോഹരമായി തോന്നിയേക്കാമെങ്കിലും, യഥാർത്ഥത്തിൽ, വിലയിലെ വ്യതിയാനങ്ങൾ കർഷകനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ, പരിഭ്രാന്തനാക്കുന്നു. നിലക്കോട്ടൈ ചന്തയിൽ ‘സുഗന്ധദ്രവ്യ’ത്തിന് (സെന്റിന്) കിലോഗ്രാമിന് 120 രൂപയാണെങ്കിൽ മട്ടുത്തവണി പൂമാർക്കറ്റിൽ അത് 3,000 മുതൽ 4,000 വരെയാണ് (2022 സെപ്റ്റംബറിലും 2021 ഡിസംബറിലും). അസംബന്ധവും താങ്ങാനാവാത്തതുമായി തോന്നും ഈ വിലകൾ.
*****
പൂക്കൾ കൃഷി ചെയ്യുന്നത് ഒരു നറുക്കെടുപ്പുപോലെയാണ്. സമയമാണ് പ്രധാനം. “ഉത്സവകാലത്ത് നിങ്ങളുടെ ചെടികൾ പൂവിട്ടാൽ, നിങ്ങൾക്ക് ലാഭമുണ്ടാക്കാം. അല്ലെങ്കിൽ, ഈ തൊഴിൽ ഏറ്റെടുക്കുന്നതിനുമുൻപ് നിങ്ങളുടെ മക്കൾക്ക് ഇരുവട്ടം ആലോചിക്കേണ്ടിവരും. ഇല്ലേ? അച്ഛനമ്മമാർ കഷ്ടപ്പെടുന്നത് മാത്രമേ അവക്ക് കാണാനാകൂ. അല്ലേ?” ഒരു മറുപടിക്കുവേണ്ടി ഗണപതി കാത്തുനിൽക്കുന്നില്ല. അയാൾ തുടരുന്നു. “ഒരു ചെറിയ കർഷകന് വലിയ ഒരാളുമായി മത്സർരക്കാനാവില്ല. വലിയൊരു പാടത്തുനിന്ന് 50 കിലോഗ്രാം പൂ പറിക്കേണ്ടിവരുന്ന ഒരാൾക്ക് തൊഴിലാളിക്ക് 10 രൂപ അധികം കൊടുത്ത്, വാഹനത്തിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുക്കാൻ പറ്റിയേക്കും നമുക്ക് അത് പറ്റുമോ?”.
ചെറിയ കർഷകരെപ്പോലെ അദ്ദേഹത്തിനും വലിയ വ്യാപാരികളെ ആശ്രയിക്കേണ്ടിവരുന്നു. “ധാരാളമായി പൂക്കളുണ്ടാവുന്ന കാലത്ത് ഞാൻ കമ്പോളത്തിൽ പല തവണ പോകും. രാവിലെയും ഉച്ചയ്ക്കും വൈകീട്ടും – ചാക്ക് നിറയെ പൂക്കളുമായി. എന്റെ ഉത്പന്നങ്ങൾ വിൽക്കാൻ എനിക്ക് വ്യാപാരികളുടെ സഹായം ആവശ്യമാണ്”, ഗണപതി ചൂണ്ടിക്കാട്ടുന്നു. ഒരു രൂപയ്ക്ക് മുല്ലപ്പൂ വിറ്റാൽ, വ്യാപാരി 10 പൈസ കമ്മീഷനെടുക്കും.
അഞ്ചുവർഷം മുമ്പ് ഗണപതി പൂക്കടൈ രാമചന്ദ്രൻ എന്ന മധുരൈയിലെ ഒരു പൂവ്യാപാരിയിൽനിന്ന് ഏതാനും ലക്ഷം രൂപ വായ്പയെടുത്തു. മധുരൈ ഫ്ലവർ മാർക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് അദ്ദേഹം. പൂക്കൾ വിറ്റ് ആ ബാധ്യത തീർക്കുകയും ചെയ്തു. ഇത്തരം വിനിമയങ്ങളിൽ കമ്മീഷൻ കൂടുതലാണ് 10 ശതമാനത്തിൽനിന്ന് 12.5 ശതമാനമായി കുതിക്കും കമ്മീഷൻ.
കീടനാശിനികളും മറ്റും വാങ്ങാനും ചെറുകിട കർഷകർ ഹ്രസ്വകാല വായ്പയെടുക്കാറുണ്ട്. എല്ലായ്പ്പോഴും സംഘർഷമുണ്ടാവും. ചെടിയും കീടവും തമ്മിൽ. റാഗിപോലുള്ള വലിയ ഉത്പന്നങ്ങളിലാകട്ടെ, ആനയെപ്പോലെയുള്ള മൃഗങ്ങളാവും ശത്രുക്കൾ. അവ പാടങ്ങളെ ആക്രമിക്കും. തങ്ങളുടെ റാഗിപ്പാടങ്ങൾ സംരക്ഷിക്കാൻ പറ്റിയ മാർഗ്ഗങ്ങൾ കണ്ടെത്താതെ കർഷകർ ബുദ്ധിമുട്ടും. അവർ പലപ്പോഴും വിജയിക്കാറില്ല. പലരും അതുകൊണ്ട് പൂക്കൃഷിയിലേക്ക് തിരിഞ്ഞു. മധുരയിലെ പൂ വളർത്തൽ പ്രദേശങ്ങളിൽ കൃഷിക്കാർ നേരിടുന്നത് ചെറിയ ജീവികളെയാണ്. മൊട്ടിലുള്ള പുഴുക്കൾ, ഇലതീനികൾ, കൊതുകുകൾ, ചാഴികൾ എന്നിങ്ങനെ. അവ പൂക്കളുടെ നിറം ഇല്ലതാക്കുകയും ചെടികളെ നശിപ്പിക്കുകയും കർഷകരെ ദുരിതത്തിലാക്കുകയും ചെയ്യുന്നു.
ഗണപതിയുടെ വീട്ടിൽനിന്ന് അല്പം പോയാൽ തിരുമൽ ഗ്രാമത്തിൽ ഒരു പാടം മുഴുവൻ നശിച്ച് കിടക്കുന്നത് കാണാം. അതോടൊപ്പം സ്വപ്നങ്ങളും.
ആ മുല്ലത്തോട്ടം 50 വയസ്സുള്ള ആർ. ചിന്നമ്മയുടേയും ഭർത്താവ് രാമറിന്റേയുമാണ്. അവരുടെ രണ്ട് വയസ്സുള്ള ചെടികൾ മുല്ലകൾകൊണ്ട് വെളുത്തിരിക്കുന്നു. എന്നാൽ, അവയെല്ലാം “രണ്ടാംതരം പൂക്കളാണ്. തുച്ഛമായ വിലയേ കിട്ടൂ” എന്ന് അവർ പറയുന്നു. രോഗം വന്ന പൂക്കളാണെന്ന് പറഞ്ഞ് അവർ നാവുകൊണ്ട് നിരാശ ദ്യോതിപ്പിക്കുന്ന ഒരു ശബ്ദം പുറപ്പെടുവിച്ചു. “ആ പൂക്കൾ വിടരില്ല. വലുതാവില്ല”.
എന്നാൽ അദ്ധ്വാനത്തിനാകട്ടെ ഒരവസാനവുമില്ല. പ്രായമായ സ്ത്രീകളും, ചെറിയ കുട്ടികളും, കോളേജിൽ പോവുന്ന പെൺകുട്ടികളും എല്ലാം പൂ പറിക്കുകയാണ്, ചെടികൾക്കിടയിലൂടെ നടന്ന്, കൊമ്പുകൾ വകഞ്ഞുമാറ്റി, മൊട്ടുകൾ കണ്ടെടുത്ത്, പൊട്ടിച്ച്, കണ്ടങ്ങി രീതിയിൽ ചുറ്റിയ സാരിയിലിടുമ്പോൾ അവർ ഞങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നു. അവരുടെ ഭർത്താവ് രാമർ നിരവധി കീടനാശിനികൾ പ്രയോഗിച്ചുനോക്കി. “മൂപ്പർ വിലകൂടിയ മരുന്നുകളൊക്കെ പ്രയോഗിച്ചു. ലിറ്ററിന് 450 രൂപയുള്ളവ. സാധാരണ മരുന്നുകളല്ല. എന്നാൽ ഒരു ഫലവുമുണ്ടായില്ല. ഇനി പണം ചിലവാക്കണ്ട എന്ന് മരുന്നുകടക്കാരൻപോലും പറഞ്ഞു”.. അപ്പോൾ രാമർ ചിന്നമ്മയോട് പറഞ്ഞു, “ആ ചെടികൾ പറിച്ച് കളയൂ. നമുക്ക് 1.5 ലക്ഷം നഷ്ടമായിക്കഴിഞ്ഞു”.
അതുകൊണ്ടാണ് ഭർത്താവിനെ പാടത്ത് കാണാത്തതെന്ന് ചിന്നമ്മ പറഞ്ഞു. ‘വയറ്റെരിച്ചിൽ’ എന്നാണ് അവർ പറഞ്ഞത്. വയർ എരിയുക, വിഷമം വരിക, അസൂയ തോന്നുക എന്നൊക്കെ അർത്ഥമുണ്ട് അതിന്. “മറ്റുള്ളവർക്ക് ഒരു കിലോഗ്രാമിന് 600 രൂപ കിട്ടുമ്പോൾ ഞങ്ങൾക്ക് 100 രൂപ കിട്ടും”. എന്നാൽ അവരുടെ ദേഷ്യം ചെടികളുടെ നേർക്കല്ല. അവർ അരുമയായി കൊമ്പുകൾ പിടിച്ച്, താഴ്ത്തി, മൊട്ടുകൾ പറിക്കുകയായിരുന്നു. “നല്ല വിളവായിരുന്നെങ്കിൽ, ഒരു വലിയ ചെടിയിൽനിന്ന് പൂ പറിക്കാൻ കുറേ സമയമെടുക്കും. എന്നാലിപ്പോൾ..”അവർ പെട്ടെന്ന് മറ്റൊരു ചെടിയിലേക്ക് നീങ്ങി.
പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കും വിളവെന്ന് ഗണപതി പറയുന്നു. തോർത്തുമുണ്ട് ചുമലിലിട്ട്, ചിന്നമ്മയുടെ ചെടികൾക്ക് ഒരു സഹായഹസ്തം നൽകി അയാൾ. “മണ്ണ്, വളർച്ച, കർഷകന്റെ വൈദഗ്ദ്ധ്യം എന്നിവയ്ക്കനുസരിച്ചിരിക്കും വിളവ്. കുട്ടികളെപ്പോലെ നോക്കണം”, അയാൾ വീണ്ടും സൂചിപ്പിക്കുന്നു. “അതുവേണം, ഇതുവേണം എന്നൊന്നും ഒരു ചെറിയ കുട്ടിക്ക് പറയാൻ പറ്റില്ലല്ലോ. നിങ്ങൾ കണ്ടറിഞ്ഞ്, മനസ്സിലാക്കി ചെയ്യണം. ഒരു കുട്ടിക്ക് കരയാനെങ്കിലും പറ്റും. ചെടികൾക്ക് അതും പറ്റില്ലല്ലോ. എന്നാൽ, പരിചയമുണ്ടെങ്കിൽ നിങ്ങൾക്ക് മനസ്സിലാവും..അതിന് രോഗമാണോ, മരിക്കുകയാണോ എന്നൊക്കെ”.
രാസലായനികളുടെ മിശ്രിതംകൊണ്ടാണ് പലതിനെയും ചികിത്സിക്കുന്നത്. ജൈവകൃഷിയിലൂടെ മുല്ലപ്പൂ വളർത്താൻ പറ്റില്ലേ എന്ന് ഞാൻ ചോദിച്ചു. ഒരു ചെറിയ കർഷകന്റെ ധർമ്മസങ്കടമായിരുന്നു അദ്ദേഹത്തിൽനിന്ന് മറുപടിയായി വന്നത്. “സാധിക്കും. എന്നാൽ അതിൽക്കൂടുതൽ അപകടസാധ്യതകളുമുണ്ട്. ജൈവകൃഷിയുടെ പരിശീലനത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്”, ഗണപതി പറയുന്നു. “പക്ഷേ ആരാണ് അതിന് നല്ല വില തരിക”, അയാൾ രോഷത്തോടെ ചോദിക്കുന്നു.
“രാസവളങ്ങൾ നല്ല വിളവ് തരും. എളുപ്പവുമാണ്. ജൈവകൃഷി ബുദ്ധിമുട്ടേറിയതും സങ്കീർണ്ണവുമാണ്. എല്ലാ ചേരുവകളും ഒരു ടബ്ബിൽ കുതിർത്തി, ശ്രദ്ധയോടെ തളിക്കണം. എന്നിട്ട് ചന്തയിലേക്ക് കൊണ്ടുപോയാലോ, വലിയ വിലവ്യത്യാസവുമുണ്ടാവില്ല. അത് സങ്കടകരമാണ്, കാരണം ജൈവമുല്ലകൾ കൂടുതൽ വലിപ്പമുള്ളതും വെളുത്തതുമാണ്. ഇരട്ടി വിലയെങ്കിലും കിട്ടിയില്ലെങ്കിൽ സമയവും അദ്ധ്വാനവും പാഴാണ്”.
വീട്ടിലേക്കുള്ള ആവശ്യത്തിന് അയാൾ ജൈവ പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്. “ഞങ്ങൾക്കും വിവാഹം കഴിച്ചയച്ച് തൊട്ടടുത്ത ഗ്രാമത്തിൽ താമസിക്കുന്ന മകൾക്കും മാത്രമായിട്ട്. എനിക്കും ഈ രാസപദാർത്ഥങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ ആഗ്രഹമുണ്ട്. ധാരാളം പാർശ്വഫലങ്ങളുണ്ടെന്ന് കേൾക്കുന്നു. ഇത്രയധികം കീടനാശിനികൾ ഉപയോഗിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തേയും അത് ബാധിക്കും. പക്ഷേ വേറെ എന്ത് മാർഗ്ഗമാണുള്ളത്?”.
*****
ഗണപതിയുടെ ഭാര്യ പിച്ചയമ്മയ്ക്കും മറ്റൊരു മാർഗ്ഗമുണ്ടായിരുന്നില്ല. ദിവസം മുഴുവൻ അവർ ജോലി ചെയ്യുന്നു. എല്ലാ ദിവസവും. ഒരു പുഞ്ചിരിയാണ് അവരുടെ അതിജീവനായുധം. അത് വിശാലമാണ്. ഒരിക്കലും മായുന്നില്ല. 2022 ഓഗസ്റ്റ് മാസമായിരുന്നു അത്. പാരി അവരുടെ വീട്ടിൽ രണ്ടാമതും സന്ദർശനം നടത്തുന്ന സമയം. മുറ്റത്തെ ഒരു കട്ടിലിൽ, ഒരു ആര്യവേപ്പ് മരത്തിന്റെ തണലിലിരുന്ന് അവർ അവരുടെ ദിവസത്തെക്കുറിച്ച് സംസാരിക്കുന്നു.
“ആടുകളെ നോക്കണം, പശുക്കളെ നോക്കണം, മുല്ലപ്പാടങ്ങളേയും നോക്കണം. മല്ലി പറിക്കണം, പാചകം ചെയ്യണം, കുട്ടികളെ സ്കൂളിലയക്കണം”, ശ്വാസം വിടാൻ നേരമില്ലാത്ത പണികൾ.
ഈ അദ്ധ്വാനമൊക്കെ കുട്ടികൾക്കുവേണ്ടിയാണെന്ന് 45 വയസ്സുള്ള പിച്ചയമ്മ പറയുന്നു. “എന്റെ മകനും മകളും നല്ല വിദ്യാഭ്യാസം നേടി ബിരുദം വാങ്ങിച്ചു”. പിച്ചയമ്മ ഒരിക്കലും സ്കൂളിൽ പോയിട്ടില്ല. കുട്ടിക്കാലം മുതൽ അച്ഛനമ്മമാരുടെ കൂടെ കൃഷിപ്പണിയിലേക്കിറങ്ങി. ഇപ്പോൾ തന്നത്താൻ കൃഷി ചെയ്യുന്നു. കാതിലും മൂക്കിലും ചില ആഭരണങ്ങളുണ്ട്. കഴുത്തിൽ ഒരു മഞ്ഞച്ചരടും താലിയും (മംഗളസൂത്രം).
ഞങ്ങളവരെ സന്ദർശിക്കുമ്പോൾ അവർ മുല്ലപ്പാടത്തുനിന്ന് കളകൾ പറിച്ചുകളയുകയായിരുന്നു. ശ്രമകരമായ ജോലിയാണത്. മുഴുവൻ സമയവും കുനിഞ്ഞുനിന്ന് ചെറിയ ചെറിയ ചുവടുകൾ വെച്ച്, വെയിലത്തുനിന്നാണ് ജോലി. എന്നാലിപ്പോൾ അവർക്ക് ഞങ്ങളുടെ കാര്യത്തിലാണ് മുഴുവൻ ശ്രദ്ധയും. “എന്തെങ്കിലും കഴിക്കൂ”, അവർ പറയുന്നു. ഗണപതി ഞങ്ങൾക്ക് നല്ല മാംസളമായ മണമുള്ള പേരയ്ക്കകളും ഇളനീർവെള്ളവും നൽകി. ഞങ്ങളത് ആസ്വദിച്ച് കഴിക്കുമ്പോൾ, വിദ്യാഭ്യാസമുള്ള, ചെറുപ്പക്കാർ ഗ്രാമങ്ങളുപേക്ഷിച്ച് നഗരങ്ങളിലേക്ക് പോവുന്നതിനെക്കുറിച്ച് അവർ വിവരിക്കാൻ തുടങ്ങി. ഇവിടെ ഭൂമിക്ക് ഒരേക്കറിന് 10 ലക്ഷം രൂപയിൽ കുറയില്ല. പ്രധാന നിരത്തിനടുത്താണെങ്കിൽ അതിന്റെ നാലിരട്ടിയായിരിക്കും വില. “പിന്നീടത്, വീടുകൾക്കായി, മുറിച്ച് കഷണങ്ങളായി കൊടുക്കും”.
സ്വന്തമായി ഭൂമിയുണ്ടെങ്കിൽപ്പോലും, വീട്ടിലെ എല്ലാവരും ചേർന്ന് ഒഴിവുസമയത്ത് ശമ്പളമില്ലാതെ ജോലി ചെയ്താലേ ലാഭം പ്രതീക്ഷിക്കാനാവൂ. സ്ത്രീകൾക്കാണ് വലിയ പങ്കെന്ന് ഗണപതിയും സമ്മതിക്കുന്നു. മറ്റാർക്കെങ്കിലും വേണ്ടി ജോലി ചെയ്താൽ എത്ര ശമ്പളം കിട്ടുമെന്ന് ഞാൻ പിച്ചയമ്മയോട് ചോദിച്ചു. “300 രൂപ”, എന്ന് അവർ മറുപടി തന്നു. അതിൽ, സ്വന്തം വീട്ടിലെ പണിയും, ആടുമാടുകളെ നോക്കലും ഒന്നും ഉൾപ്പെടില്ല.
“അതായത്, കുടുംബത്തിന് മാസാമാസം നിങ്ങൾ ചുരുങ്ങിയത് 15,000 രൂപ ലാഭമുണ്ടാക്കിക്കൊടുക്കുന്നു എന്ന് പറഞ്ഞാൽ അത് ശരിയാവുമോ?”, ഞാൻ ചോദിച്ചു. അവർ പൂർണ്ണമനസ്സോടെ സമ്മതിച്ചു. ഗണപതിയും അത് ശരിവെച്ചു. അവർക്ക് ആ പണം കൊടുക്കണമെന്ന് തമാശയായി ഞാൻ സൂചിപ്പിച്ചു. എല്ലാവരും ചിരിച്ചു. കൂടുതൽ നേരം ചിരിച്ചത് പിച്ചയമ്മയായിരുന്നു.
പിന്നെ ഒരു ചെറിയ ചിരിയോടെ, സൂക്ഷിച്ചുനോക്കിക്കൊണ്ട് അവർ എന്റെ മകളെക്കുറിച്ച് ചോദിച്ചു. അവളുടെ വിവാഹത്തിന് എത്ര സ്വർണ്ണം കൊടുക്കേണ്ടിവരുമെന്ന്. “ഇവിടെ 50 പവൻ കൊടുക്കണം. പിന്നെ, പേരക്കുട്ടിയുണ്ടായാൽ, ഒരു സ്വർണ്ണമാലയും വെള്ളിപ്പാദസരവും കൊടുക്കണം. കാത് കുത്തണം. സദ്യയ്ക്ക് ആടിനെ അറക്കണം. അതങ്ങിനെ പോവും. എല്ലാം നമ്മുടെ സമ്പാദ്യത്തിൽനിന്ന് വേണം കൊടുക്കാൻ. പറയൂ, എനിക്ക് ശമ്പളം തന്നാൽ അതൊക്കെ നടക്കുമോ?”
*****
ഒരു ശമ്പളമുണ്ടാവുന്നത് എത്രയായാലും നല്ലതായിരിക്കുമെന്നും അത്യാവശ്യമാണെന്നും, കൃഷിക്ക് സഹായകരമാവുമെന്നും ആ സായാഹ്നത്തിൽ ഞാൻ ചെറുപ്പക്കാരനായ ഒരു മുല്ലപ്പൂകൃഷിക്കാരനിൽനിന്ന് മനസ്സിലാക്കി. സ്ഥിരമായ ഒരു വരുമാനം വലിയൊരു ധൈര്യമാണ്. അദ്ധ്വാനം ഇരട്ടി വേണ്ടിവരുമെങ്കിലും. മധുര ജില്ലയിലെ ഉസിലാംപട്ടി താലൂക്കിലെ നടുമുതലൈക്കുളത്തെ ഒരു ഊരിൽവെച്ച്, നെൽക്കൃഷിക്കാരായ ജെയാബായി, പൊതുമണി എന്നിവരിൽനിന്ന് ആറുവർഷം മുമ്പ് ഞാൻ ഇതേ യുക്തി കേട്ടിരുന്നു. 2022 ഓഗസ്റ്റിലെ ഈ യാത്രയിൽ, ജെയബായി എന്നെ തന്റെ ബാല്യകാലസുഹൃത്തും മുല്ലപ്പൂകൃഷിക്കാരനുമായ എം. പാണ്ടിയെ പരിചയപ്പെടുത്തി. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും, സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽക്കാനുള്ള സമ്പൂർണ്ണാവകാശമുള്ള ടാസ്മാക്കിൽ (തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡ്) മുഴുവൻസമയ ജോലിയുമുണ്ടായിരുന്നു പാണ്ടിക്ക്.
40 വയസ്സുള്ള പാണ്ടി എപ്പോഴും കർഷകനായിരുന്നില്ല. ഗ്രാമത്തിൽനിന്ന് പാടത്തേക്കുള്ള 10 മിനിറ്റ് യാത്രയ്ക്കിടയിൽ അദ്ദേഹം തന്റെ കഥ ഞങ്ങൾക്ക് പറഞ്ഞുതന്നു. ഞങ്ങൾക്ക് നാലുചുറ്റും നാഴികകളോളം പരന്നുകിടക്കുന്ന പച്ചനിറത്തിലുള്ള കുന്നുകളും, ജലാശയങ്ങളും വെളുത്ത മുല്ലപ്പൂമൊട്ടുകളുമായിരുന്നു..
“18 വർഷങ്ങൾക്ക് മുമ്പ്, വിദ്യാഭ്യാസത്തിനുശേഷം ഞാൻ ടാസ്മാക്കിൽ ചേർന്നു. ഇപ്പോഴും ഞാൻ അവിടെ ജോലിചെയ്യുന്നു. രാവിലെ സമയങ്ങളിൽ എന്റെ മുല്ലപ്പൂപ്പാടത്ത് ജോലിയുമെടുക്കുന്നു”. 2016-ൽ അന്ന് പുതുതായി അധികാരത്തിൽ വന്ന മുഖ്യമന്ത്രി ജെ.ജയലളിത ടാസ്മാകിന്റെ ജോലിസമയം 12-ൽനിന്ന് 10 ആയി കുറച്ചു. അവരെക്കുറിച്ച് പറയുമ്പോഴെല്ലാം ‘മൻപുമിഗു പുരൈച്ചി തലൈവി അമ്മാ അവർഗൾ (ആരാധ്യയായ വിപ്ലവവനിത അമ്മ) എന്നാണ് പാണ്ടി വിശേഷിപ്പിച്ചിരുന്നത്. ഔപചാരികവും ആദരസൂചകവുമായ വിശേഷണമായിരുന്നു അത്. അവരുടെ ആ തീരുമാനത്തോടെ, പകൽസമയം 12 മണിവരെ പാണ്ടിക്ക് ഒഴിവുകിട്ടി. മുമ്പ് 10 മണിക്ക് ഓഫീസിൽ പോകണമായിരുന്നു.
ഇളവ് കിട്ടിയ ആ രണ്ട് മണിക്കൂർ അയാൾ പാടത്തിനായി മാറ്റിവെച്ചു.
മുല്ലപ്പാടത്ത് കീടനാശിനിയടിച്ചുകൊണ്ടിരിക്കുമ്പോൾ, തന്റെ രണ്ട് തൊഴിലുകളെക്കുറിച്ചും പരിപൂർണ്ണബോധ്യത്തോടെയും തെളിച്ചത്തോടെയും പാണ്ടി സംസാരിക്കുന്നുണ്ടായിരുന്നു.
“നോക്കൂ, ഞാൻ ഒരു തൊഴിലാളിയാണ്. എന്റെ പാടത്ത് 10 തൊഴിലാളികളെ ഞാൻ ജോലിക്ക് വെച്ചിട്ടുമുണ്ട്”, അയാളുടെ ശബ്ദത്തിൽ അഭിമാനം നിഴലിച്ചിരുന്നു. എന്നാൽ അത് യാഥാർത്ഥ്യബോധമുള്ള ഒന്നായിരുന്നു. “പക്ഷേ നിങ്ങൾക്ക് സ്വന്തമായി ഭൂമിയുണ്ടെങ്കിലേ കൃഷി ചെയ്യാൻ പറ്റൂ. കീടനാശിനികൾക്ക് നൂറും ആയിരവുമൊക്കെയാന് വില. ശമ്പളം കിട്ടുന്നതുകൊണ്ട് എനിക്കത് വാങ്ങാൻ സാധിക്കും. അതല്ലെങ്കിൽ കൃഷി വലിയ ബുദ്ധിമുട്ടുള്ള ഒന്നാണ്”.
മുല്ലക്കൃഷി കൂടുതൽ ബുദ്ധിമുട്ടുള്ളതാണെന്നും അയാൾ ചൂണ്ടിക്കാട്ടി. മാത്രമല്ല, ചെടിക്ക് ചുറ്റും നിങ്ങളുടെ ജീവിതം ആസൂത്രണം ചെയ്യണം. “തോന്നിയതുപോലെ പോകാൻ നിങ്ങൾക്ക് സാധിക്കില്ല. രാവിലെകളിൽ മൊട്ട് പറിക്കുകയും മാർക്കറ്റിലെത്തിക്കുകയും വേണം. മാത്രമല്ല, ഇന്ന് നിങ്ങൾക്ക് ഒരു കിലോഗ്രാം കിട്ടിയെന്നുവരാം. നാളെ ചിലപ്പോൾ അത് 50 ആയേക്കാം. എന്തിനും തയ്യാറായിരിക്കണം!“.
ഒരേക്കർ സ്ഥലത്തെ മുല്ലപ്പാടത്ത് നടുന്ന ചെടികളുടെ എണ്ണം പാണ്ടി മെല്ലെമെല്ലെ കൂട്ടിക്കൊണ്ടിരുന്നു. മുല്ലച്ചെടികൾ കർഷകന്റെ ധാരാളം സമയം വിനിയോഗിക്കുമെന്ന് അയാൾ സൂചിപ്പിച്ചു. “ജോലിസ്ഥലത്തുനിന്ന് ഞാൻ തിരിച്ചുവരുമ്പോൾ അർദ്ധരാത്രിയാകും. രാവിലെ 5 മണിക്ക് ഞാൻ എഴുന്നേറ്റ് എന്റെ പാടത്തെത്തും. എന്റെ രണ്ട് കുട്ടികളെ സ്കൂളിലേക്കയച്ചതിനുശേഷം ഭാര്യയും വരും. വീട്ടിൽക്കിടന്ന് ഉറങ്ങിയാൽ എങ്ങിനെ വിജയിക്കും. മറ്റ് 10 പേർക്ക് ജോലി കൊടുക്കാൻ എനിക്ക് സാധിക്കുമോ?”.
മുഴുവൻ ഏക്കറും പൂത്താൽ - പൂക്കുന്നത്ന്റെ വ്യാപ്തി കൈകൾകൊണ്ട് കാണിച്ചുതന്നു അയാൾ - അപ്പോൾ നിങ്ങൾക്ക് 20-30 തൊഴിലാളികളെ ആവശ്യമായിവരും. രാവിലെ 6 മണിമുതൽ 10 മണിവരെ, നാലുമണിക്കൂർ നേരത്തേക്ക് ഓരോരുത്തർക്കും 150 രൂപ കൊടുക്കും. പൂവിടൽ അൽപ്പം ക്ഷയിച്ച്, കഷ്ടി ഒരു കിലോഗ്രാമോ മറ്റോ മാത്രമേ ഉള്ളുവെങ്കിൽ, പണ്ടിയും, ഭാര്യ ശിവഗാമിയും രണ്ട് മക്കളും പൂക്കൾ പറിക്കും. “മറ്റ് സ്ഥലങ്ങളിൽ നിരക്ക് കുറവായിരിക്കും. എന്നാൽ ഇത് വളക്കൂറുള്ള സ്ഥലമാണ്. ധാരാളം നെൽപ്പാടങ്ങളുണ്ട്. തൊഴിലാളികൾക്ക് വലിയ ഡിമാന്റുണ്ട്. അവർക്ക് നന്നായി ശമ്പളം കൊടുക്കണം. പിന്നെ ചായയും വടയും.
വേനൽമാസങ്ങളിലാണ് (ഏപ്രിലിലും മേയിലും) ധാരാളമായി പൂക്കളുണ്ടാവുക. “40-50 കിലോഗ്രാംവരെ കിട്ടും. പണ്ട് വില വലരെ മോശമായിരുന്നു. ചിലപ്പോൾ കിലോഗ്രാമിന് 70 രൂപവരെ മാത്രം. എന്നാൽ ഇന്ന് ദൈവം സഹായിച്ച്, സെന്റ് കമ്പനികൾ വില കൂട്ടി, ഇപ്പോൾ കിലോയ്ക്ക് 220 രൂപവരെ എത്തിനിൽക്കുന്നു”. കമ്പോളത്തിൽ ടൺകണക്കിന് പൂക്കളുള്ളപ്പോൾ ഇതാണ് കിട്ടാവുന്ന ഏറ്റവും നല്ല വില എന്ന് പാണ്ടി പറയുന്നു. ആ വിലകൊണ്ട്, വരവും ചിലവും ഒക്കുകയും ചെയ്യും.
30 കിലോമീറ്റർ അകലെ ദിണ്ടിഗൽ ജില്ലയിലെ നിലക്കോട്ടൈ കമ്പോളത്തിലേക്കാണ് അയാൾ പൂക്കൾ കൊണ്ടുപോവുക. “മാട്ടുതവണിയിൽ പക്ഷേ - തെറ്റിദ്ധരിക്കരുത്, നല്ല വിലയുണ്ട്, എങ്കിലും – കിലോക്കണക്കിനാണ് വിൽക്കുക. നിലക്കോട്ടയിൽ, ചാക്കിനനുസരിച്ചാണ് വിൽക്കുക. മാത്രമല്ല, വ്യാപാരി അടുത്തുതന്നെ ഇരിക്കുന്നുണ്ടാവും. അയാൾ ഒരു കണക്ക് നിശ്ചയിച്ച്, മുൻകൂട്ടി കാണാത്ത ചിലവുകൾക്കും, ഉത്സവങ്ങൾക്കും, രാസവളങ്ങൾ വാങ്ങാനും മറ്റും മുൻകൂറായി ഒരു തുകയും തരും”..
തളിക്കുന്നതിലാണ് കാര്യം എന്ന്, ഷെഡ്ഡിൽവെച്ച് ഒരു കളസത്തിലേക്കും വരയുള്ള ടീഷർട്ടിലേക്കും വേഷം മാറുമ്പോൾ പാണ്ടി പറഞ്ഞു, മുല്ലപ്പൂവിന് ധാരാളം ആരാധകരുണ്ട്. എന്നാൽ അത് കീടങ്ങളെയും വിളിച്ചുവരുത്തും. ഗണപതിക്ക് വീട്ടിൽത്തന്നെ, വിദഗ്ദ്ധനായ മകനുണ്ടെങ്കിലും, പാണ്ടിക്ക് വളവും കീടനാശിനിയും വാങ്ങാൻ കടയിലേക്ക് പോവുകതന്നെ വെണം. നിലത്ത് കിടക്കുന്ന കുപ്പികളും ക്യാനുകളും അയാൾ കാണിച്ചുതന്നു. ഷെഡ്ഡിന്റെ ഉള്ളിൽനിന്ന് ഒരു ടാങ്കും സ്പ്രെയറുമെടുത്ത്, രോജറും (ഒരു കൊതുകുനാശിനി) ആസ്തയും (ഒരു വളം) വെള്ളത്തിൽ കലക്കി. ഒരേക്കർ ഒരിക്കൽ തളിക്കാൻ 500 രൂപ വേണം. നാലഞ്ച് ദിവസത്തിലൊരിക്കൽ ഇവരണ്ടും അയാൾ മിശ്രണം ചെയ്യും. “തിരക്കുള്ള സീസണിലും തിരക്കില്ലാത്ത സീസണിലും ഇത് ചെയ്തേ പറ്റൂ. വേറെ വഴിയില്ല”.
മൂക്കിനുചുറ്റും തുണികൊണ്ടുള്ള ആവരണം ധരിച്ച്, 25 മിനിറ്റ് നേരം അയാൾ ആ വളവും കൊതുകുനാശിനിയും ചേർത്ത വെള്ളം തളിച്ചു. തിങ്ങിനിറഞ്ഞ ചെടികൾക്കിടയിലൂടെ, ചുമലിൽ ടാങ്കും തൂക്കി, സ്പ്രേയർകൊണ്ട്, ഓരോ ഇലകളിലും പൂക്കളിലും ചെടികളിലും മൊട്ടുകളിലും അയാൾ മരുന്നിന്റെ ഒരു നേരിയ പാട തളിച്ചു. ചെടികൾക്ക് അയാളുടെ അരക്കൊപ്പം വലിപ്പമുണ്ടായിരുന്നതിനാൽ മരുന്ന് മുഖത്തേക്കെത്തുന്നുണ്ടായിരുന്നു. ശബ്ദമുഖരിതമായിരുന്നു മെഷീന്റെ പ്രവർത്തനം. ആ രാസപദാർത്ഥത്തിന്റെ മണം വായുവിൽ ഏറെനേരം തങ്ങിനിന്നു. ഇടയ്ക്കിടയ്ക്ക് ക്യാൻ നിറയ്ക്കാൻ മാത്രം നടത്തം നിർത്തി, അയാൾ പണി തുടർന്നുകൊണ്ടിരുന്നു.
പിന്നീട് അയാൾ കുളിച്ച് ഷർട്ടിലേക്കും ലുങ്കിയിലേക്കും വേഷം മാറിയപ്പോൾ ഞാൻ അയാളോട് ഈ രാസപദാർത്ഥങ്ങളുമായി ഇടപഴകുന്നതിലെ പ്രശ്നങ്ങളെപ്പറ്റി ചോദിച്ചു. “മുല്ലപ്പൂക്കൃഷിയിലേക്ക് കടന്നാൽ, അതിനാവശ്യമായ എല്ലാം ചെയ്യേണ്ടിവരും. മരുന്ന് തളിക്കാൻ പറ്റില്ലെങ്കിൽ നിങ്ങൾ വീട്ടിലിരിക്കണം”, അയാൾ ശാന്തനായി മറുപടി പറഞ്ഞു. സംസാരിക്കുമ്പോൾ, പ്രാർത്ഥിക്കുന്നതുപോലെ, അയാൾ ഇരുകൈകളും ചേർത്തുപിടിച്ചുകൊണ്ടിരുന്നു.
പിരിയുമ്പോഴും ഗണപതി അതുതന്നെ പറഞ്ഞു. എന്റെ കൈയ്യിലെ ബാഗിൽ അദ്ദേഹം പേരയ്ക്കകൾ നിറച്ച് സുഖയാത്ര ആശംസിച്ചു. വീണ്ടും വരണമെന്ന് ക്ഷണിക്കുകയും ചെയ്തു. “അടുത്ത തവണ ഈ വീട് റെഡിയായിട്ടുണ്ടാവും. ഇവിടെയിരുന്ന് നമുക്ക് ഒരു നല്ല ശാപ്പാട് കഴിക്കണം”, പിന്നിലുള്ള പ്ലാസ്റ്റർ ചെയ്യാത്ത ഇഷ്ടികവീടിനെ ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം ആ ചെറിയ വെളുത്ത, സുഗന്ധിയും, പുരാതനചരിത്രവുമുള്ള പൂക്കളിൽ അർപ്പിച്ചിരുന്നു. കലുഷിതവും ഊർജ്ജദായകവുമാണ് അതിന്റെ കമ്പോളങ്ങൾ. അഞ്ച് നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് രൂപയും കിലോക്കണക്കിന് മധുരൈ മല്ലിപ്പൂക്കളും വിവിധ കൈമറിയലുകളിലൂടെ കടന്നുപോവും.
പക്ഷേ ആ കഥ മറ്റൊരു ദിവസത്തേക്കുള്ളതാണ്..
2020-ലെ റിസർച്ച് ഫണ്ടിംഗ് പ്രോഗ്രാമിന്റെ ഭാഗമായി അസിം പ്രേംജി യൂണിവേഴ്സിറ്റി ധനസഹായം നൽകിയ റിസർച്ച് പഠനമാണ് ഇത്.
പരിഭാഷ: രാജീവ് ചേലനാട്ട്