ഗ്രാമപ്രദേശങ്ങളില്‍ ഇതൊരു സാധാരണ ഗതാഗത സംവിധാനമാണ്. ചരക്കില്ലാതെ, അല്ലെങ്കില്‍ ചരക്ക് ലക്ഷ്യത്തിലെത്തിച്ച ശേഷം, യാത്ര തുടരുന്ന ട്രക്ക്-ലോറി ഡ്രൈവര്‍മാര്‍ക്ക് ഒരു വരുമാനവും. ആര്‍ക്കും ഇതുപയോഗിക്കാം – നിങ്ങള്‍ക്കും, പ്രതിവാര ഗ്രാമ ചന്തയ്ക്കുശേഷം വീട്ടിലെത്താനായി വാഹനങ്ങളില്ലാതെ തിരക്ക് കൂട്ടുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ പെടുമ്പോള്‍. ഗ്രാമീണ ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ എല്ലാ ട്രക്ക്-ലോറി ഡ്രൈവര്‍മാരും വണ്ടിയുടമ ശ്രദ്ധിക്കാനില്ലാത്തപ്പോള്‍ സ്വതന്ത്രമായി വണ്ടിയുപയോഗിക്കുന്നു. കൊള്ളാവുന്ന ഗതാഗത സംവിധാനങ്ങള്‍ കുറവായ പ്രദേശങ്ങളില്‍ ഇവര്‍ മൂല്യവത്തായ ഒരു സേവനമാണ് കാഴ്ച വയ്ക്കുന്നത് – തീര്‍ച്ചയായും സൗജന്യമായിത്തന്നെ.

ഒഡീഷയിലെ കോരാപുടിലെ ഹൈവേക്ക് തൊട്ടടുത്ത്, ഇരുള്‍ വീഴുമ്പോള്‍ വീട്ടിലെത്താന്‍ ആളുകള്‍ വെപ്രാളപ്പെടുന്ന ഒരു ഗ്രാമത്തിലായിരുന്നു ഇത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എത്രപേര്‍ വണ്ടിയില്‍ കയറിപ്പറ്റിയെന്ന് കൃത്യമായി കണക്കുകൂട്ടിയെടുക്കുക ബുദ്ധിമുട്ടാണ്. വണ്ടിയില്‍ കയറിയ ഓരോരുത്തരില്‍നിന്നും പണം വാങ്ങുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് മാത്രമാണ് അതെക്കുറിച്ച് ധാരണയുള്ളത്. പക്ഷെ വിവിധ വിഭാഗങ്ങളില്‍ നിന്നും വിവിധ കൂലി ഈടാക്കുന്നതിനാല്‍ അയാളുടെ കണക്കുകൂട്ടലും കൃത്യമായിരിക്കണമെന്നില്ല. പ്രായമുള്ളവരില്‍ നിന്നും അല്ലെങ്കില്‍ സ്ഥിരമായി കയറാറുള്ള ആളുകളില്‍ നിന്നും കുറഞ്ഞ കൂലിയായിരിക്കും ഈടാക്കുക. പ്രധാന ഹൈവേയിലെ പരിചിതമായ സ്ഥലങ്ങളില്‍ യാത്രക്കാരെ അയാള്‍ ഇറക്കുന്നു. അവിടെനിന്നും അവര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇരുളില്‍ കാട്ടിലൂടെ വീട്ടിലേക്കു തിരിക്കുന്നു.

ധാരാളംപേരും ഗ്രാമ ചന്തയിലെത്താന്‍ മുപ്പതിലധികം കിലോമീറ്ററുകള്‍ യാത്ര ചെയ്തിരുന്നു. ഹൈവേയില്‍നിന്നും അകലെയാണ് അവരുടെ വീട്. രണ്ടുമുതല്‍ അഞ്ചു രൂപവരെ ചിലവഴിച്ചാല്‍ 1994-ല്‍ 20 കിലോമീറ്റര്‍വരെ കോരാപുടിലെ ഈ പാതയിലൂടെ യാത്ര ചെയ്യാന്‍ പറ്റുമായിരുന്നു – യാത്രചെയ്യുന്ന സ്ഥലങ്ങളും അതിനു വേണ്ടിവരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ച് വ്യത്യാസമുണ്ടാകാം. വ്യത്യസ്ത ഡ്രൈവര്‍മാര്‍, യാത്രയുടെ അടിയന്തിര പ്രാധാന്യം, രണ്ടുവശത്തു നിന്നുമുള്ള വിലപേശല്‍ ശേഷി എന്നിവ അനുസരിച്ചും നിരക്കുകള്‍ ചെറുതായി വ്യത്യാസപ്പെടുമായിരുന്നു. ഇത്തരമൊരു ഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യുന്നതില്‍ - ഇത്തരത്തില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ഞാന്‍ കടന്നിട്ടുണ്ട് - എനിക്കുള്ള പ്രശ്നം വണ്ടിയുടെ പുറകിലുള്ള മനുഷ്യരുടെകൂടെ ഇരിക്കണം എന്നുള്ളത് ഡ്രൈവറെ ബോദ്ധ്യപ്പെടുത്തുക എന്നുള്ളതാണ്. ചിലപ്പോഴൊക്കെ കാബിന്‍റെ പുറത്തും – പക്ഷെ അകത്തല്ല.

PHOTO • P. Sainath

ഈ വണ്ടിയോടിക്കുകയായിരുന്ന സൗമ്യനും സൗഹൃദപൂര്‍ണ്ണനുമായ മനുഷ്യന് അതെന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. “പക്ഷെ എന്‍റെ കൈയില്‍ സ്റ്റീരിയോ ഉണ്ട്, കാബിനില്‍ ഒരു കാസറ്റ് പ്ലെയര്‍ ഉണ്ട് സര്‍, യാതചെയ്യുമ്പോള്‍ താങ്കള്‍ക്കത് കേള്‍ക്കാം”, അദ്ദേഹം പറഞ്ഞു. കൂടുതലെന്ത് വേണം, പകര്‍പ്പവകാശമില്ലാതെ ശേഖരിച്ച സംഗീതത്തിന്‍റെ വലിയൊരു ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. ചിലപ്പോള്‍ അങ്ങനെയും ഞാന്‍ യാത്ര ചെയ്യുകയും അത് ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇത്തവണത്തെ ഉദ്ദേശ്യം അദ്ദേഹത്തിന്‍റെ ലോറിയില്‍ യാത്ര ചെയ്യുകയായിരുന്ന ഗ്രാമീണര്‍ക്ക് ഗ്രാമചന്തയില്‍ അന്നത്തെദിവസം എങ്ങനെ ഉണ്ടായിരുന്നു എന്നറിയുകയായിരുന്നു. വെളിച്ചം മങ്ങുകയായിരുന്നതിനാല്‍ പെട്ടെന്നുതന്നെ എനിക്ക് ഫോട്ടൊ എടുക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചു. ഒരുപക്ഷെ ഇന്‍ഡ്യന്‍ നഗരങ്ങളിലെ പരിഷ്കൃതരെന്ന് അദ്ദേഹം വിചാരിച്ചിരുന്നവരില്‍പ്പെടുന്ന ഒരാള്‍ ഇത്തരത്തില്‍ ഒരു വിഡ്ഢിയായി കാണപ്പെടുന്നതില്‍ അദ്ഭുതപ്പെട്ടുകൊണ്ട് അവസാനം അദ്ദേഹം അയഞ്ഞു.

എന്നിരിക്കിലും പിറകില്‍ കയറിപ്പറ്റാന്‍ അദ്ദേഹം എന്നെ സഹായിച്ചു. മറ്റുള്ളവരും കൈകള്‍ തന്ന് സഹായിച്ചു. ഗ്രാമ ചന്തയില്‍ നിന്നും ക്ഷീണിതരായി മടങ്ങിവരുന്നവരെല്ലാം സൗമനസ്യമുള്ളവരും എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്നവരും ആയിരുന്നു. അവരുമായി മികച്ചരീതിയില്‍ ഞാന്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. പക്ഷെ ഇരുട്ടുന്നതിനുമുന്‍പ് ഒന്നോ രണ്ടോ മികച്ച ഫോട്ടോകള്‍ എടുക്കാനെ സാധിച്ചുള്ളൂ.

1995 ഡിസംബര്‍ 22-നുള്ള ‘ദി ഹിന്ദു ബിസിനസ്സ് ലൈനി’ല്‍ ഈ ലേഖനത്തിന്‍റെ ചെറിയൊരു പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath
psainath@gmail.com

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.