മറ്റൊരു സുഹൃത്തില്‍ നിന്നും വിളിവന്ന ഉടനെ ശിവ്പൂജന്‍ പണ്ഡെ അത്യാവശ്യ സമയത്ത് ലഭിക്കുന്ന തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കുകയും ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ സ്റ്റേഷനില്‍ നിന്നും ജൂണ്‍ 4-ന് ട്രെയിന്‍ കയറുകയും ചെയ്തു.
അടുത്ത ദിവസം അദ്ദേഹം മുംബൈയില്‍ എത്തി. വളരെ പെട്ടെന്ന് എത്തിയെങ്കിലും 63-കാരനായ ശിവ്പൂജന് തന്‍റെ ടാക്സി സംരക്ഷിക്കാന്‍ കഴിഞ്ഞില്ല.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അത് ലേലം വിളിച്ചിരുന്നു. മഹാമാരിയെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മൂലം നഗരത്തിലെ വിമാനത്താവളത്തില്‍ കുറച്ചധികം മാസങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന 42 ക്യാബുകളില്‍ ഒരെണ്ണമായിരുന്നു അത്.
ശിവ്പൂജന് അദ്ദേഹത്തിന്‍റെ ജീവനോപാധി നഷ്ടപ്പെട്ടു. 1987 മുതല്‍ അദ്ദേഹം ടാക്സി ഓടിക്കുകയായിരുന്നു. പണം വായ്പയെടുത്ത് 2009-ലായിരുന്നു അദ്ദേഹം കറുപ്പും മഞ്ഞയും കലര്‍ന്ന ഒരു മാരുതി ഓംനി വാങ്ങിയത്.
“ഇങ്ങനെ ചെയ്തതുകൊണ്ട് എന്താണവര്‍ക്ക് കിട്ടിയത്?”, ഒരുദിവസം വൈകുന്നേരം സഹാര്‍ വിമാനത്താവളത്തിനടുത്തുള്ള ഫുട് പാത്തിൽ നില്‍ക്കുമ്പോള്‍ ദേഷ്യത്തോടെ അദ്ദേഹം ചോദിച്ചു. “ഈ ജോലി ചെയ്താണ് എന്‍റെ ജീവിതം മുഴുവന്‍ ഞാന്‍ ചിലവഴിച്ചത്. ഞങ്ങള്‍ക്കാകെയുള്ളത് കൂടി അവര്‍ എടുത്തു. ഈ സമയത്ത് ഞങ്ങളോട് ചെയ്യാന്‍ പറ്റുമായിരുന്ന ഏറ്റവും മോശം കാര്യം ഇതായിരുന്നു.”
സഞ്ജയ് മാലിയും നേരിട്ടത് ഏറ്റവും മോശമായ ഈയൊരു ശിക്ഷയായിരുന്നു. സഹാര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും അധികം ദൂരെയല്ലാതെ, വടക്കന്‍ മുംബൈയിലെ മരോല്‍ പ്രദേശത്തെ അന്നാവാഡി മേഖലയിലെ വലിയൊരു പാര്‍ക്കിംഗ് സ്ഥലത്ത് അദ്ദേഹത്തിന്‍റെ വാഗണ്‍-ആര്‍ ‘കൂള്‍ ക്യാബ്’ 2020 മാര്‍ച്ച് മുതല്‍ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.
2021 ജൂണ്‍ 29-ന് രാത്രിയില്‍ അദ്ദേഹത്തിന്‍റെ ക്യാബ് പാര്‍ക്കിംഗ് സ്ഥലത്തുനിന്നും മാറ്റി. അടുത്ത ദിവസം ഒരു സുഹൃത്ത് അദ്ദേഹത്തെ അക്കാര്യം അറിയിച്ചു. “എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല”, 42-കാരനായ സഞ്ജയ് പറഞ്ഞു.
അദ്ദേഹത്തിന്‍റെയും മറ്റ് ടാക്സി ഡ്രൈവര്‍മാരുടെയും കണക്കനുസരിച്ച് ഏതാണ്ട് 1,000 ക്യാബുകള്‍ ലോക്ക്ഡൗണ്‍ ആരംഭിച്ച 2020 മാര്‍ച്ച് വരെ ഇവിടെ പാര്‍ക്ക് ചെയ്യുമായിരുന്നു. “ജോലി സമയത്ത് ഞങ്ങള്‍ ടാക്സികള്‍ പുറത്തിടുകയും ജോലി കഴിയുമ്പോള്‍ അവ തിരിച്ച് പാര്‍ക്ക് ചെയ്യുകയും ചെയ്യുമായിരുന്നു”, വര്‍ഷങ്ങളായി തന്‍റെ ക്യാബ് അവിടെ പാര്‍ക്ക് ചെയ്തിരുന്ന സഞ്ജയ് പറഞ്ഞു. പാര്‍ക്കിംഗ് ഇടങ്ങള്‍ യൂണിയനുകള്‍ വഴിയായിരുന്നു നിശ്ചയിച്ചിരുന്നതെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. വിമാനത്താവള അധികാരികള്‍ അവരില്‍ നിന്നും ഫീയൊന്നും ഈടാക്കിയിരുന്നില്ല. പക്ഷെ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരില്‍നിന്നും വാങ്ങുന്ന യാത്രാക്കൂലിയില്‍ നിന്നും 70 രൂപ ഈടാക്കിയിരുന്നു.
ഇലക്ട്രീഷ്യനായ ഇളയ സഹോദരോനോടൊപ്പം തങ്ങളുടെ സഹോദരിയുടെ വിവാഹ കാര്യങ്ങള്‍ക്കായി യു.പി.യിലെ ഭാദോഹി ജില്ലയിലെ ഔരായി താലൂക്കിലെ തന്‍റെ ഗ്രാമത്തിലേക്ക് സഞ്ജയ് 2020 മാര്‍ച്ച് ആദ്യം പോയിരുന്നു. പെട്ടെന്നുതന്നെ ലോക്ക്ഡൗണ്‍ ആരംഭിക്കുകയും മുംബൈയിലേക്ക് അവര്‍ക്ക് തിരിച്ചു വരാന്‍ പറ്റാതാവുകയും ചെയ്തു.
ആ സമയത്ത് അദ്ദേഹത്തിന്‍റെ ടാക്സി അന്നാവാഡി പാര്‍ക്കിംഗ് സ്ഥലത്തായിരുന്നു. അതവിടെ സൂക്ഷിക്കാന്‍ സുരക്ഷിതമായിരുന്നു എന്നദ്ദേഹം കരുതി. “ഇതുപോലെ സംഭവിക്കുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല”, അദ്ദേഹം പറഞ്ഞു. “ഇത് ലോക്ക്ഡൗണ്‍ സമയം ആയിരുന്നു - എന്‍റെ മനസ്സ് ആ സമയത്ത് മറ്റു കാര്യങ്ങളിലായിരുന്നു.”
വിവാഹത്തിനായി സഞ്ജയ് ഒരു ലക്ഷം രൂപ തന്‍റെ ടാക്സി പണയംവച്ച് 2020 ജനുവരിയില്‍ എടുത്തിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് കഴിഞ്ഞു കൂടുന്നതിനായി അദ്ദേഹത്തിന്‍റെ കുടുംബം തങ്ങളുടെ സമ്പാദ്യങ്ങൾ ഉപയോഗിക്കുകയും ചെറു കൃഷിഭൂമിയില്‍ നിന്നുള്ള നെല്ല്, ഗോതമ്പ് എന്നിവയെ ആശ്രയിക്കുകയും മറ്റ് ചെറുകിട വായ്പകള്‍ എടുക്കുകയും ചെയ്തു.
സഞ്ജയ്‌യുടെ സഹോദരിയുടെ വിവാഹം നടക്കാൻ 2020 ഡിസംബര്‍വരെ താമസം നേരിട്ടു. അദ്ദേഹം ഗ്രാമത്തില്‍തന്നെ തുടര്‍ന്നു. 2021 മാര്‍ച്ചില്‍ തിരിച്ചുവരാനിരുന്ന അദ്ദേഹത്തിന്‍റെ പദ്ധതി കോവിഡിന്‍റെ രണ്ടാം തരംഗം കാരണം നീട്ടിവയ്ക്കുകയും ചെയ്തു. സഞ്ജയ്‌യും കുടുംബവും മുംബൈയിലേക്ക് തിരിച്ചെത്തിയപ്പോൾ ഈ വര്‍ഷം മെയ് അവസാനമായിരുന്നു.
ജൂണ്‍ നാലിന് തന്‍റെ ക്യാബ് വിട്ടുകിട്ടാനായി പോയപ്പോള്‍ അന്നാവാഡിയിലെ പാര്‍ക്കിംഗ് കവാടം പൂട്ടിയിട്ടിരിക്കുകയായിരുന്നു. കവാടം തുറക്കുന്നതിനായി വിമാനത്താവള അധികാരികളില്‍ നിന്നും അനുമതി വാങ്ങണമെന്ന് അദ്ദേഹത്തോട് കാവല്‍ക്കാര്‍ പറഞ്ഞു. തന്‍റെ അസാന്നിദ്ധ്യത്തെക്കുറിച്ച് വിശദീകരിക്കുകയും ക്യാബ് വെളിയിലിറക്കാന്‍ വേണ്ടത് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് അടുത്ത ദിവസം ജൂണ്‍ 5-ന് സഞ്ജയ് ഒരു കത്ത് വിമാനത്താവള ടെര്‍മിനലിലെ ഓഫീസില്‍ നല്‍കി. പക്ഷെ അതിന്‍റെയൊരു ഫോട്ടോകോപ്പി പോലും അദ്ദേഹം എടുത്തിരുന്നില്ല. ടാക്സി നഷ്ടപ്പെടുമെന്ന് ഒരിക്കലും അദ്ദേഹം പ്രതീക്ഷിച്ചുമില്ല.
അദ്ദേഹം 3-4 തവണ പാർക്കിംഗ് സ്ഥലത്തുള്ള വിമാനത്താവള ഓഫീസിലേക്ക് തിരികെ പോയി. അതിനായി പ്രദേശിക ട്രെയിനിൽ പോകാൻ സാധിക്കില്ലായിരുന്നതിനാൽ (ലോക്ക്ഡൗൺ നിരോധനം കാരണം) ബസിലായിരുന്നു അദ്ദേഹം പോയിരുന്നത്. സർവ്വീസുകൾ വെട്ടിച്ചുരുക്കിയിരുന്നതിനാൽ ബസ് ഒരുപാട് സമയമെടുക്കുമായിരുന്നു. ഓരോ സമയത്തും അദ്ദേഹത്തോട് പിന്നീട് വരാൻ പറഞ്ഞു. പിന്നീട് ഒരു മുന്നറിയിപ്പും കൂടാതെ തന്‍റെ ടാക്സി ലേലത്തിൽ വിറ്റുവെന്നാണ് അദ്ദേഹം പറഞ്ഞത്.
സഞ്ജയ്‌യും മറ്റൊരു ക്യാബ് ഡ്രൈവറും ജൂൺ 30-ന് സഹാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയി. "അത് നിയമപരമായാണ് ചെയ്തതെന്ന് അവർ പറഞ്ഞു. നോട്ടീസ് അയച്ചപ്പോൾ നിങ്ങൾ നിങ്ങളുടെ വാഹനം മാറ്റണമായിരുന്നു” എന്നും, സഞ്ജയ് പറഞ്ഞു. "പക്ഷെ ഞാനൊരു നോട്ടീസും ഒരിക്കലും സ്വീകരിച്ചില്ല. ഞാനെന്‍റെ അയൽവാസികളെക്കൊണ്ടും [ബോംബെയിലെ] പരിശോധിപ്പിച്ചിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ഞാനെന്‍റെ ടാക്സി എടുക്കുമായിരുന്നില്ലേ?" ഇത്ര കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് വിമാനത്താവള അധികൃതർക്ക് ലോക്ക്ഡൗൺ സാഹചര്യങ്ങൾ തീർച്ചയായും പരിഗണിക്കാൻ കഴിയുമായിരുന്നില്ലേ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"എന്‍റെ അച്ഛൻ ഈ വാഹനം വാങ്ങിയത് അദ്ദേഹത്തിന്‍റെ സമ്പാദ്യങ്ങൾ ഉപയോഗിച്ചാണ്. വർഷങ്ങളോളം അദ്ദേഹം ഇ.എം.ഐ. അടച്ചതാണ്”, സഞ്ജയ് ഓർമ്മിച്ചു. അച്ഛന് പ്രായമായതിനെ തുടർന്ന് 2014-ലാണ് സഞ്ജയ് ടാക്സി ഓടിക്കുന്നതിലേക്ക് തിരിഞ്ഞത്. അതുവരെ സഞ്ജയ് ഒരു മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.
ലേലം വിളിക്കുന്നതിന് മുമ്പ് തങ്ങളുടെ ടാക്സി സഞ്ജയ്‌ക്കും ശിവ്പുജിനും കാണാൻ സാധിച്ചിരുന്നില്ല. എന്നാൽ, ശിവ്പുജിനെ ട്രെയിൻ കണ്ടുപിടിച്ച് പെട്ടെന്ന് മുംബൈയിലേക്ക് മടങ്ങിയെത്താൻ സഹായിച്ച കൃഷ്ണകാന്ത് പാണ്ഡെ തന്‍റെ ടാക്സി എടുത്തു കൊണ്ടു പോകുന്നതിന് സാക്ഷ്യം വഹിച്ചു. 2008-ൽ 4 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം തന്‍റെ ഇൻഡിഗോ ‘കൂൾ ക്യാബ്’ വാങ്ങിയത്. വായ്പ തിരിച്ചടവിലേക്കായി അദ്ദേഹം 54 തവണ ഇ.എം.ഐ. അടച്ചു.
"രാത്രിയിൽ ഞാൻ അവിടെത്തന്നെ ഉണ്ടായിരുന്നു. എന്‍റെ ക്യാബും മറ്റുള്ളവയും ഒന്നൊന്നായി എടുത്തു മാറ്റുന്നത് കാണുകയും ചെയ്തു. ഞാൻ വെറുതെ നോക്കി നിന്നു. ഒന്നും ചെയ്യാൻ കഴിഞ്ഞില്ല”, ജൂൺ 29-ാം തീയതിയിലെ രാത്രിയെ പരാമർശിച്ചുകൊണ്ട് 52-കാരനായ കൃഷ്ണകാന്ത് പറഞ്ഞു. അന്നാവാഡിയിലെ പാർക്കിംഗ് സ്ഥലത്തിന് പുറത്ത് ഞാൻ സംസാരിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. അവിടെ കവാടത്തിൽ വലിയൊരു ബോർഡിൽ ഇങ്ങനെ പ്രസ്താവിച്ചിരുന്നു: ‘ഈ ഭൂമി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനു വേണ്ടി എയർപോർട്ട് അഥോറിറ്റി ഓഫ് ഇൻഡ്യ പാട്ടത്തിനെടുത്തിരിക്കുന്നു. അതിക്രമിച്ച് കടക്കുന്നവർക്കെതിരെ കേസെടുക്കും.’
ക്യാബ് എടുത്തു മാറ്റിയെന്ന് പരാതി പറയാൻ സഹാർ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ തന്നെ ആരും ശ്രദ്ധിച്ചില്ലെന്ന് കൃഷ്ണകാന്ത് പറഞ്ഞു. യു.പി.യിലെ ജൗൻപുർ ജില്ലയിലെ തന്‍റെ ഗ്രാമമായ ലൗഹിൽ നിന്നും തിരിച്ചെത്തിയ അദ്ദേഹത്തിന് തന്‍റെ ക്യാബ് പാർക്കിംഗ് സ്ഥലത്തുനിന്നും പുറത്തിറക്കണമെങ്കിൽ അതിന്‍റെ എഞ്ചിൻ നന്നാക്കണമായിരുന്നു. "ഉപയോഗിക്കാതിരുന്നത് കൊണ്ട് അതിന്‍റെ പ്രവർത്തനം നിലച്ചിരുന്നു”, അദ്ദേഹം പറഞ്ഞു. "പക്ഷെ എന്‍റെ കൈയിൽ നന്നാക്കാനുള്ള പണം ഇല്ലായിരുന്നു. അതിനായി എനിക്ക് പണം സമ്പാദിക്കണമായിരുന്നു. ഒരു വർഷമായി യാത്രക്കാരൊന്നും ഇല്ലായിരുന്നു.”
2020 മാർച്ച് മുതൽ ഒക്ടോബർ വരെ കൃഷ്ണകാന്ത് മുംബൈയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ-ഓഗസ്റ്റ് മുതൽ അദ്ദേഹം ജോലിചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ വിമാനത്താവള പ്രദേശത്ത് കനത്ത വിലക്കുകളായിരുന്നു. നവംബറിൽ ലൗഹിലേക്ക് പോയ അദ്ദേഹം ഈ വർഷം മാർച്ചിൽ തിരിച്ചുവന്നു. പെട്ടെന്നു തന്നെ അടുത്ത ലോക്ക്ഡൗൺ വന്നു. അദ്ദേഹത്തിന് ജോലിചെയ്യാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്‍റെ ടാക്സി അന്നാവാഡി പാർക്കിംഗ് സ്ഥലത്ത് കിടന്നു.
*****
മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (Mumbai International Airport Limited - MIAL) പറഞ്ഞത് ലേലം ഒഴിവാക്കാൻ സാധിക്കില്ലായിരുന്നു എന്നാണ്. "വിമാനത്താവളം ഒരു സുരക്ഷാലോല പ്രദേശമായതിനാൽ സുരക്ഷാ ഉദ്ദേശ്യങ്ങളെ മുൻനിർത്തിയാണ് ഈ നടപടിയെടുത്തത്. ഉപയോഗിക്കാത്ത നിലയിൽ ഒരു വർഷത്തിലധികം സമയം ആർക്കും അവിടെ ടാക്സി സൂക്ഷിക്കാൻ കഴിയില്ല”, എം.ഐ.എ.എൽ. കോർപ്പറേറ്റ് റിലേഷൻസിന്‍റെ അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റായ ഡോ. രൺബീർ ലാംബ പറഞ്ഞു. "ആത്യന്തികമായി ഇത് വിമാനത്താവളം പാട്ടത്തിനെടുത്തിട്ടുള്ള സർക്കാർ ഭൂമിയാണ്. ഞങ്ങൾക്ക് അതിന്‍റെ സുരക്ഷ ഉത്തരവാദിത്തവും ഉണ്ട്.”
വളരെ നാളുകളായി അവിടെ പാർക്ക് ചെയ്തിരുന്ന 216 ടാക്സികളുടെ ഡ്രൈവർമാർക്ക് 3 തവണ നോട്ടീസ് അയച്ചിരുന്നുവെന്നാണ് ലാംബ പറഞ്ഞത്. അവയിൽ രണ്ടെണ്ണം മുംബൈയിലെ അവരുടെ രജിസ്റ്റർ ചെയ്ത വിലാസങ്ങളിലായിരുന്നു – ഒരെണ്ണം 2020 ഡിസംബറിലും അടുത്തത് 2021 ഫെബ്രുവരിയിലും. "ടാക്സികൾ ആരുടേതാണെന്നും അവരുടെ വിലാസങ്ങളും മനസ്സിലാക്കാൻ ഞങ്ങൾ ആർ.റ്റി.ഓ.യെ [റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്] സമീപിച്ചു. പത്രങ്ങളിലും പൊതു നോട്ടീസ് നൽകി”, അദ്ദേഹം പറഞ്ഞു.
ആർ.റ്റി.ഓ.യെയും പോലീസിനെയും ടാക്സി യൂണിയനുകളെയുമെല്ലാം അറിയിച്ചിരുന്നുവെന്ന് ഡോ. ലാംബ ഉറപ്പിച്ചു പറഞ്ഞു. "ഞങ്ങൾ എല്ലാവരേയും അറിയിക്കുകയും എല്ലാ ഉത്തരവുകളും, നടപടിക്രമങ്ങളും പാലിക്കുകയും ചെയ്തു.”
സഞ്ജയ് അയച്ച കത്തിനെപ്പറ്റി എന്താണ് പറയാനുള്ളത് ? "അവസാന മിനിറ്റിൽ പോലും ഞങ്ങളുടെയടുത്ത് വന്ന ഡ്രൈവർമാരെ പരിഗണിക്കുകയും അവരുടെ ടാക്സികൾ തിരിച്ചു നൽകുകയും ചെയ്തു”, ലാംബ പ്രതികരിച്ചു. ഒരു പക്ഷെ ഈ ഡ്രൈവർ എത്തിയത് യഥാർത്ഥ വ്യക്തിയുടെ അടുത്ത് ആയിരിക്കില്ല. അയാളുടെ കത്ത് ഞങ്ങൾക്കൊരിക്കലും കിട്ടിയിട്ടില്ല.”
*****
“സാവധാനം ജീവിതത്തിൽ എല്ലാം മെച്ചപ്പെടുകയായിരുന്നു. വിഷ്ണുവിന് ജോലിയുള്ളതുകൊണ്ട് 2018-ൽ ഞങ്ങൾ സ്വന്തമായി ചെറിയൊരു ഫ്ലാറ്റ് നാലാസപാരയിൽ വാങ്ങി. അവന്‍റെ കാര്യത്തിൽ എനിക്ക് അഭിമാനമുണ്ടായിരുന്നു. പക്ഷേ എനിക്കെന്‍റെ മകൻ നഷ്ടപ്പെട്ടു പിന്നീട് ഇതും’ – ടാക്സിയുടെ ലേലം
2020 മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ യു.പി.യിലെ സന്ത് രവിദാസ് നഗർ (ഭദോഹി) ജില്ലയിലെ ഔരയി താലൂക്കിലെ തന്‍റെ ഗ്രാമമായ ഉപർവാറിലേക്ക് ശിവ്പൂജൻ പാണ്ഡെ എങ്ങനെയൊക്കെയോ തിരിച്ചെത്തി. അദ്ദേഹത്തോടൊപ്പം വീട്ടമ്മയായ ഭാര്യ പുഷ്പയും അവരുടെ ഇളയ മകനായ വിശാലും ഉണ്ടായിരുന്നു. മൂത്തമകൻ 32-കാരനായ വിഷ്ണു വടക്കൻ മുംബൈയിലുള്ള നാലാസപോരയിലെ കുടുംബവീട്ടിൽ ഭാര്യയോടും 4 വയസ്സുകാരിയായ മകളോടുമൊപ്പം തങ്ങി. ഒരു ഫാർമ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. പക്ഷെ മഹാമാരി മൂലം തൊഴിൽ നഷ്ടപ്പെട്ടിരുന്നു.
2020 ജൂലൈ അവസാനം, പെട്ടെന്ന് വിറയലും ബോധക്കേടും ഉണ്ടായതിനെത്തുടർന്ന്, അദ്ദേഹത്തിന് തലച്ചോറിൽ രക്തസ്രാവമാണെന്ന് സ്ഥിരീകരിച്ചു. "ഡോക്ടർമാർ പറഞ്ഞത് അവൻ വളരെയധികം ക്ലേശത്തിലായിരുന്നിരിക്കണം എന്നാണ്. ഞാൻ ഗ്രാമത്തിലായിരുന്നു. എന്താണ് സംഭവിച്ചു കൊണ്ടിരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. വിളിക്കുമ്പോഴെല്ലാം അവന് സുഖമായിരുന്നു. ഞങ്ങൾ പെട്ടെന്ന് മുംബൈയിൽ എത്തി”, ശിവ്പൂജൻ പറഞ്ഞു. തുടർന്ന് ശിവ്പൂജൻ അതിനായി ഒരു പ്രാദേശിക വായ്പാ ദാതാവിൽ നിന്നും വായ്പ എടുക്കുകയും തന്‍റെ 5 ബിഘ കൃഷിയിടത്തിൽ 3 ബിഘ ഈട് വയ്ക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് ന്നൊം തീയതി വിഷ്ണു മരിച്ചു.
"എന്നോട് ഗ്രാമത്തിലേക്ക് മടങ്ങി വിശ്രമിക്കാനും എല്ലാ കാര്യങ്ങളും :: നോക്കിക്കൊള്ളാമെന്നും അവൻ എപ്പോഴും പറയുമായിരുന്നു. വിശാലിനും ഒരു ജോലി ലഭിക്കുന്നതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. അതു കഴിഞ്ഞാൽ എനിക്ക് വിശ്രമിക്കാമായിരുന്നു”, ശിവ്പൂജൻ പറഞ്ഞു. എം.കോം. ബിരുദം നേടിയ 25-കാരനായ വിശാൽ സർക്കാർ ജോലിക്ക് വേണ്ടി ശ്രമിക്കുകയായിരുന്നു. “പക്ഷെ, അതിന് ശേഷം മുംബൈയ്ക്ക് മടങ്ങിവരാൻ ഞങ്ങൾക്ക് തോന്നിയില്ല. നിങ്ങളുടെ മുന്നിൽ തന്നെ നിങ്ങളുടെ മകൻ മരിക്കുന്നത് കാണുന്നത് ഏറ്റവും മോശമായ കാര്യമാണ്. എന്‍റെ ഭാര്യ ഇപ്പോഴും ഞെട്ടലിലാണ്”, ശിവ്പൂജൻ പറഞ്ഞു.
അവസാന ചടങ്ങുകൾ ചെയ്യാനായി കുടുംബം ഗ്രാമത്തിലേക്ക് മടങ്ങി. തന്‍റെ ടാക്സി ലേലം ചെയ്യാൻ പോകുന്ന കാര്യം കൃഷ്ണകാന്ത് പറഞ്ഞതിനെ തുടർന്ന് 2021 ജൂലൈയിൽ ശിവ്പൂജൻ മുംബൈയിലേക്ക് മടങ്ങി.
"ജീവിതത്തിൽ എല്ലാം സാവധാനം മെച്ചപ്പെടുകയായിരുന്നു”, അദ്ദേഹം പറഞ്ഞു. "വിഷ്ണുവിന് ജോലി ഉണ്ടായിരുന്നതുകൊണ്ട് നാലാസപാരയിൽ സ്വന്തമായി ചെറിയൊരു ഫ്ളാറ്റ് വാങ്ങാൻ 2018-ൽ ഞങ്ങൾക്ക് കഴിയുമായിരുന്നു. എനിക്ക് അവനെക്കുറിച്ച് അഭിമാനം ഉണ്ടായിരുന്നു. പക്ഷേ എനിക്ക് എന്‍റെ മകനെ നഷ്ടപ്പെട്ടു, പിന്നീട് ഇതും”, - ടാക്സി ലേലം ചെയ്തത്.
ലോക്ക്ഡൗണിനു മുൻപ് രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പണിയെടുത്ത് ശിവ്പൂജന് പ്രതിമാസം 10,000-12,000 രൂപയുണ്ടാക്കുമായിരുന്നു. അന്തർദേശീയ ഫ്ളൈറ്റുകളിൽ എത്തുന്ന യാത്രക്കാരെ കൊണ്ടുപോവുകയായിരുന്നു ജോലി. പിന്നെ ക്യാബ് പാർക്ക് ചെയ്തശേഷം വീട്ടിലേക്ക് തീവണ്ടിയിൽ പോകുമായിരുന്നു. ലോക്ക്ഡൗൺ തുടങ്ങിയതിൽ പിന്നെ അദ്ദേഹം മുംബൈയിൽ ജോലി ചെയ്തിട്ടില്ല. കഴിഞ്ഞ മാസം [ലേലത്തിന്‍റെ കാര്യമറിഞ്ഞ് നഗരത്തിലേക്ക് തിരക്കിട്ട് എത്തിയതിന് ശേഷം] ഗ്രാമത്തിലേക്ക് മടങ്ങുകയും ചെയ്തു.
സഞ്ജയ് മാലി ലോക്ക്ഡൗണിന് മുമ്പ് ഏകദേശം 600-800 രൂപ പ്രതിദിനം ഉണ്ടാകുമായിരുന്നു. ലേലത്തിൽ ക്യാബ് നഷ്ടപ്പെട്ടതിനു ശേഷം, 2021 ജൂലൈ രണ്ടാം വാരം, ആഴ്ചയിൽ 1,800 രൂപയ്ക്ക് അദ്ദേഹം ഒരു ടാക്സി വാടകയ്ക്കെടുത്തു. തന്‍റെ വായ്പയുടെ കാര്യത്തിൽ അദ്ദേഹം ആശങ്കാകുലനാണ്. സഹോദരിയുടെ വിവാഹത്തിന് എടുത്ത ഒരു ലക്ഷം രൂപയിൽ പകുതിയെ തിരിച്ചടച്ചിട്ടുള്ളൂ. കൂടാതെ കുട്ടികളുടെ സ്ക്കൂൾ ഫീസും ഉണ്ട്. "എന്‍റെ സമ്പാദ്യങ്ങൾ, എന്‍റെ പണമെല്ലാം, നഷ്ടപ്പെട്ടു. എനിക്ക് ജോലി കണ്ടെത്തണമായിരുന്നു”, അദ്ദേഹം പറഞ്ഞു.
വടക്കൻ മുംബൈയിലെ പോയിസർ പ്രദേശത്തെ ചേരി കോളനിയിലുള്ള അദ്ദേഹത്തിന്‍റെ വീട് ഞാൻ സന്ദർശിച്ചപ്പോൾ വാടകയ്ക്കെടുത്ത ടാക്സി മൂന്ന് ദിവസം ഓടിച്ച് വെറും 850 രൂപയും ഉണ്ടാക്കിയതിനു ശേഷം ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ അദ്ദേഹം തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. വൈകുന്നേരത്തോടുകൂടി അദ്ദേഹം വീണ്ടും ജോലിക്ക് പോകുമായിരുന്നു.
"രണ്ടാമത് ജോലി ചെയ്യാൻ തുടങ്ങിയതിനുശേഷം ഞാൻ അദ്ദേഹത്തെ സമാധാനത്തോടെ കണ്ടിട്ടേയില്ല”, അദ്ദേഹത്തിന്‍റെ സമീപം ഇരുന്ന്, ആശങ്കാകുലരായ ഭാര്യ സാധന മാലി പറഞ്ഞു. "അദ്ദേഹത്തിന് പഞ്ചസാരയുടെ [പ്രമേഹം] പ്രശ്നമുണ്ട്. കുറച്ചു വർഷങ്ങൾക്കു മുമ്പ് ഹൃദയ ശസ്ത്രക്രിയയും കഴിഞ്ഞിരുന്നു. മരുന്നുകൾക്കായി പണം ചിലവാക്കാതെ ഇരിക്കാൻ അദ്ദേഹം ഒന്നുകിൽ അവ ഒഴിവാക്കും, അല്ലെങ്കിൽ ദിവസം ഒരുനേരം കഴിക്കും. ക്യാബ് നഷ്ടപ്പെട്ടതിലുള്ള പിരിമുറുക്കം കൊണ്ട് അദ്ദേഹം മോശമായ ഒരു അവസ്ഥയിലാണ്.”
അവരുടെ മകൾ തമന്ന 9-ാം ക്ലാസ്സിലും മകൻ ആകാശ് 6-ാം ക്ലാസ്സിലും പഠിക്കുന്നു. ഗ്രാമത്തിൽനിന്ന് അവർ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തു. പക്ഷേ പോയിസറിൽ അവർ പഠിച്ചിരുന്ന സ്വകാര്യ സ്ക്കൂൾ കഴിഞ്ഞ വർഷത്തെയും നിലവിലുള്ള അധ്യയനവർഷത്തെയും (കുറച്ച് ഇളവുകൾ നൽകിയതിനു ശേഷം) ഫീസ് ചോദിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞവർഷം തമന്നയുടെ ഫീസ് കൊടുക്കാൻ മാത്രമേ അവർക്ക് സാധിച്ചുള്ളൂ. "ഞങ്ങൾക്ക് ആകാശിനെ സ്ക്കൂളിൽ നിന്നും ഒഴിവാക്കേണ്ടി വന്നു [ഈ അദ്ധ്യയന വർഷം]. ഞങ്ങൾക്ക് അവന്‍റെ 6-ാം ക്ലാസ്സിലെ ഫീസ് അടയ്ക്കാൻ കഴിഞ്ഞില്ല. ഒരു വർഷം കളയേണ്ടെന്ന് അവൻ നിർബന്ധിച്ചു കൊണ്ടിരിക്കുന്നു. ഞങ്ങൾക്കും അങ്ങനെ തന്നെയായിരുന്നു”, സഞ്ജയ് പറഞ്ഞു.
കഴിഞ്ഞവർഷം തമന്നയുടെ ഫീസ് കൊടുക്കാൻ മാത്രമേ അവർക്ക് സാധിച്ചുള്ളൂ. ‘ഞങ്ങൾക്ക് ആകാശിനെ സ്ക്കൂളിൽ നിന്നും ഒഴിവാക്കേണ്ടി വന്നു [ഈ അദ്ധ്യയന വർഷം]. ഞങ്ങൾക്ക് അവന്‍റെ 6-ാം ക്ലാസിലെ ഫീസ് അടയ്ക്കാൻ കഴിഞ്ഞില്ല. ഒരു വർഷം കളയേണ്ടെന്ന് അവൻ നിർബന്ധിച്ചു കൊണ്ടിരിക്കുന്നു'
വടക്കൻ മുംബൈയിലെ മാരോൽ ചേരി കോളനിയിൽ ജീവിക്കുന്ന കൃഷ്ണകാന്തിന് (അദ്ദേഹത്തിന്‍റെ കുടുംബത്തിലെ ഏതാണ്ടെല്ലാവരും അവരുടെ ഗ്രാമത്തിലാണ്) മാസങ്ങളായി തന്‍റെ പ്രതിമാസ വാടകയായ 4,000 രൂപയുടെ ചെറിയൊരു ഭാഗമേ അടയ്ക്കാൻ പറ്റിയിട്ടുള്ളൂ. 2021 മെയ് മാസത്തിൽ തന്‍റെ മരിച്ചുപോയ ഇളയ സഹോദരന്‍റെ, വാടകയ്ക്ക് നൽകിക്കൊണ്ടിരുന്ന ടാക്സി (ഒരു പഴയ കാലി - പീലി ) അദ്ദേഹം ഉപയോഗിക്കാൻ തുടങ്ങി. "ദിവസം 200-300 രൂപ ഞാൻ ഉണ്ടാക്കാൻ തുടങ്ങി“, അദ്ദേഹം പറഞ്ഞു.
തന്‍റെ ടാക്സിയുടെ നഷ്ടം നികത്തപ്പെടാതിരിക്കരുതെന്നും അദ്ദേഹം തീരുമാനിച്ചു.
ടാക്സി ഡ്രൈവർമാരുടെ ഒരു യൂണിയനായ ഭാരതീയ ടാക്സി ചാലക് സംഘ് ഒരു വക്കീലിനെ കണ്ടുപിടിക്കാൻ അദ്ദേഹത്തെ സഹായിച്ചു. യൂണിയന്‍റെ വൈസ് പ്രസിഡന്‍റായ രാകേഷ് മിശ്ര പറഞ്ഞത് സുരക്ഷാ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ലേലം നടത്തിയെന്നത് മനസ്സിലായെന്നും പക്ഷെ അത് നടത്തിയത് ശരിയായ സമയത്തല്ലെന്നുമാണ്.
"കുറച്ചു മാസങ്ങൾക്ക് മുൻപുവരെ [ഏതാണ്ട് 2021 മാർച്ച് വരെ] ഞങ്ങൾക്കും നോട്ടീസിനെക്കുറിച്ച് അറിയില്ലായിരുന്നു. ഞങ്ങളുടെ ഓഫീസുകൾ പൂട്ടിയിരുന്നു. ഇത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടപ്പോൾ പാർക്ക് ചെയ്യാനായി മറ്റൊരു സ്ഥലം തരാമോയെന്ന് ഞങ്ങൾ അവരോട് [വിമാനത്താവള അധികൃതരോട്] ചോദിച്ചു. ലോക്ക്ഡൗൺ സമയത്ത് അവർ എവിടെ പാർക്ക് ചെയ്യാനായിരുന്നു? ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. ഞാൻ ഡ്രൈവർമാരെ സമീപിക്കാൻ ശ്രമിച്ചു. അവരുടെ മുംബൈ വിലാസങ്ങളിൽ മാത്രമാണ് നോട്ടീസ് അയച്ചത്. ഗ്രാമങ്ങളിലുള്ള ഡ്രൈവർമാരുടെ അടുത്ത് ഇതെങ്ങനെ എത്താനാണ്? മുംബൈയിൽ ഉള്ളവർ പാർക്കിംഗ് സ്ഥലത്തിന് പുറത്തേക്ക് അവരുടെ ടാക്സികൾ മാറ്റി.”
“നിയമപരമായ കേസിന് പോകണമെന്ന് അവർക്കുണ്ടെങ്കിൽ അവർക്ക് എല്ലാ അവകാശങ്ങളും ഉണ്ട്”, എം.ഐ.എ.എൽ.ന്‍റെ ഡോ. ലാംബ പറഞ്ഞു. ലേലം വിളിച്ച ടാക്സികൾ പാർക്ക് ചെയ്തിരുന്ന വിമാനത്താവള പ്രദേശം ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "അത്രയും വലിയ പ്രദേശം ടാക്സികൾക്കായി ഉപയോഗിക്കുന്നതിൽ ഒരു അർത്ഥവുമില്ല. ടാക്സികൾക്കുള്ള [ബ്ലാക്ക്-യെലോ] ആവശ്യം കുറഞ്ഞിരിക്കുന്നു. ആളുകൾക്ക് താൽപര്യം ഓലയും ഊബറും ഒക്കെയാണ്. വിമാനത്താവളത്തിനടുത്ത് ടാക്സികൾക്കായി ചെറിയൊരു പാർക്കിംഗ് സ്ഥലം ഉണ്ട് [അതിപ്പോഴും പ്രവർത്തിക്കുന്നു]
ലേലത്തിൽ ടാക്സികൾ നഷ്ടപ്പെട്ട 42 ഡ്രൈവർമാരുമായും സമ്പർക്കം പുലർത്താൻ കൃഷ്ണകാന്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നു. (ഈയൊരു ഉദ്യമത്തിനായി സഞ്ജയ് മാലി അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുന്നു). "കുറച്ചുപേർക്ക് അവരുടെ ഗ്രാമങ്ങളിലാണ്. ഇപ്പോഴും ഇതേക്കുറിച്ചറിയില്ല. എനിക്കവരെ എല്ലാവരെയും അറിയില്ല, കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇക്കാര്യം അവരോട് പറയുന്ന ഒരാളാവണം എന്ന് എനിക്കില്ല, പക്ഷെ, പിന്നെ ആര് പറയും? കുറച്ചുപേർക്ക് മുംബൈയിലേക്ക് മടങ്ങിവരാൻ ട്രെയിൻ ടിക്കറ്റ് എടുക്കാനുള്ള പണം പോലുമില്ല.”
പരാതിക്കായി ഒരു വക്കീൽ തയ്യാറാക്കിയ കത്തിൽ കുറച്ച് ടാക്സി ഡ്രൈവർമാരുടെ ഒപ്പുകൾ അദ്ദേഹം ശേഖരിച്ചിട്ടുണ്ട്. തീയതി ജൂലൈ 19 എന്ന് കാണിച്ചിരിക്കുന്ന കത്ത് സഹാർ പോലീസ് സ്റ്റേഷനിൽ നൽകിയിട്ടുണ്ട്. " അബ് ക്യാ കരെ ? എനിക്ക് വായിക്കാൻ കഴിയും. അതുകൊണ്ട് ഞാൻ ഈ [നിയമപരമായ] പ്രവൃത്തി ചെയ്തു. ഞാൻ 12-ാം ക്ലാസ്സ് വിജയിച്ച ആളാണ്. ചലോ , എന്‍റെ വിദ്യാഭ്യാസം കൊണ്ട് ഇപ്പോൾ കുറച്ചു ഉപയോഗമുണ്ട്", അദ്ദേഹം പറഞ്ഞു. രാത്രിയിൽ കൃഷ്ണകാന്ത് പഴയ ടാക്സി ഓടിക്കും. "എനിക്ക് മറ്റു മാർഗ്ഗമൊന്നുമില്ല. എനിക്ക് നീതിയെക്കുറിച്ച് അറിയില്ല, പക്ഷെ അവർ ഞങ്ങളുടെ വയറ്റത്തടിച്ചിരിക്കുന്നു. എന്‍റെ ടാക്സി മാത്രമല്ല, എന്‍റെ ജീവനോപാധി കൂടി അവർ എടുത്തിരിക്കുന്നു”, അദ്ദേഹം പറഞ്ഞു.
അദ്ദേഹവും മറ്റു ഡ്രൈവർമാരും ഇപ്പോഴും എന്തെങ്കിലും നഷ്ടപരിഹാരത്തിനായോ നടപടികൾക്കായോ കാത്തിരിക്കുന്നു. "ഇപ്പോൾ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല”, അദ്ദേഹം പറഞ്ഞു. "രണ്ടു മാസങ്ങളായി ഞാൻ ഓടിക്കൊണ്ടിരിക്കുന്നു. കേസ് ഞാൻ വിട്ടു കളയണോ? എന്തെങ്കിലും സംഭവിക്കുമോ? എനിക്ക് മിണ്ടാതിരിക്കാൻ കഴിയില്ല, പക്ഷെ പ്രതീക്ഷ നഷ്ടപ്പെടുന്നു.”
പരിഭാഷ: റെന്നിമോന്‍ കെ. സി.