രമേഷ് കുമാർ സിംഘുവിൽ എത്തിയത് സൈക്കിളിലാണ്. ഹരിയാനാ-ഡൽഹി അതിർത്തിയിലെ കർഷക സമര വേദിയിലേക്ക് പഞ്ചാബിലെ ഹോശിയാർപൂരിൽ നിന്നും 400 കിലോമീറ്റർ കടന്നെത്താൻ അദ്ദേഹത്തിന് 22 മണിക്കൂറുകൾ വേണ്ടിവന്നു. പോലീസ് ഓഫിസറായി വിരമിച്ച 61-കാരനായ രമേഷ് സൈക്കിളിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ സഹോദരിയും മകനും മരുമകളും കാറിൽ അദ്ദേഹത്തെ പിന്തുടർന്നു.
“എല്ലാസമയത്തും ഈ കർഷക പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്നുണ്ടായിരുന്നു”, അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം അടുത്ത, ദിവസം ജനുവരി 26-ന്, നടക്കുന്ന കർഷകരുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനെത്തിയത്.
“സർക്കാർ ചിന്തിക്കുന്നുണ്ടാവാം നിയമങ്ങൾ പിൻവലിക്കുന്നത് ജനങ്ങളുടെയിടയിൽ അവമതിയുണ്ടാക്കുമെന്ന്”, അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ ഇതു ശരിയല്ല. “ജനങ്ങളുടെയിടയിൽ സർക്കാരിനോടുള്ള ബഹുമാനം കൂടത്തേയുള്ളൂ.”
ഇനിപ്പറയുന്ന നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്: വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ കാര്‍ഷിക നിയമം; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന ഭേദഗതി നിയമം, 2020 .
ഇതിനിടയ്ക്കു അടുത്ത ദിവസം നടക്കാൻ പോകുന്ന പരേഡിനു തയ്യാറാവുന്നതിന്റെ ഭാഗമായി സിംഘു അതിർത്തിയിലെ ട്രാക്ടറുകള്‍ പൂമാലകളാലും പതാകകളാലും വർണ്ണക്കടലാസുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു. പരേഡു തുടങ്ങിക്കഴിയുമ്പോൾ മുന്നോട്ടു നീങ്ങാനുള്ള എളുപ്പത്തിനായി അലങ്കരിച്ച ട്രാക്ടറുകളൊക്കെ നിരയായി പാർക്കു ചെയ്തിരിക്കുന്നു.
റിപ്പബ്ലിക് ദിന പരേഡിനു തയ്യാറാവുന്നതിന്റെ ഭാഗമായി സിംഘു അതിർത്തിയിലെ ട്രാക്ടറുകള്‍ പൂമാലകളാലും പതാകകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു
പരിഭാഷ: റെന്നിമോന്‍ കെ. സി.