ജീവിതം നമ്മെ എന്താണ് പഠിപ്പിക്കാൻ ശ്രമിക്കുന്നത് എന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് റീത്ത അക്കയുടെ ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം – അതായത് ജീവിതത്തിന് ഒരു ലക്ഷ്യമുണ്ട്. ഭിന്നശേഷിക്കാരിയായ (സംസാര, ശ്രവണ ശേഷികൾ ഇല്ല) ഈ ശുചീകരണ തൊഴിലാളി ഒരു വിധവയാണ്. അവരുടെ 17-കാരിയായ മകൾ മുത്തശ്ശിയോടൊപ്പം ജീവിക്കാനായി വീടുവിട്ടു. ഈ 42-കാരിയുടെ ഏകാന്തത കടുത്തതാണ്. പക്ഷെ അവർ അതിന് കീഴടങ്ങുന്നില്ല.
എല്ലാ ദിവസവും രാവിലെ റീത്ത അക്ക (പരിസര പ്രദേശങ്ങളിൽ അങ്ങനെയാണവർ അറിയപ്പെടുന്നത് - സംസാരിക്കാൻ കഴിയാത്തവരെ മോശമായി വിശേഷിപ്പിക്കുന്ന ഉമ്മച്ചി എന്ന് ചിലർ അവരെ വിളിക്കുന്നുവെങ്കിലും) എഴുന്നേറ്റ് ശുഷ്കാന്തിയോടെ ചെന്നൈ മുനിസിപ്പൽ കോർപ്പറേഷനിൽ മാലിന്യം നീക്കുന്ന ജോലിക്കു പോകുന്നു. ചിലപ്പോൾ ബുദ്ധിമുട്ടേറിയ ദിനാന്ത്യത്തിൽ അവർ ശാരീരിക വേദനയെക്കുറിച്ച് പരാതിപ്പെടാറുണ്ട്. മാലിന്യങ്ങൾ ശേഖരിക്കാനായി ഉപയോഗിക്കുന്ന പ്രത്യേക സൈക്കിൾ റിക്ഷ ട്രോളിയുടെ വശങ്ങളിൽ നിന്നും ജോലിയോടുള്ള അവരുടെ ആത്മാർത്ഥത നിങ്ങൾക്ക് മനസ്സിലാക്കാം. മൂന്ന് തവണയാണ് റീത്ത അവിടെ തന്‍റെ പേര് എഴുതി വച്ചിരിക്കുന്നത് – മൂന്ന് നിറങ്ങളിൽ. വയ്കുന്നേരമാകുമ്പോൾ നഗരത്തിലെ കോട്ടൂർപുരം പ്രദേശത്തെ ഹൗസിംഗ് ബോർഡ് ക്വാർട്ടേഴ്സിലുള്ള തന്‍റെ ചെറിയ ഏകാന്തമായ വീട്ടിൽ അവർ തിരിച്ചെത്തുന്നു.
മൃഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് റീത്ത ദിവസേന തങ്ങുന്നത് നായകൾക്ക് ബിസ്ക്കറ്റ് വാങ്ങാനായി ചെറിയൊരു കടയിലും പൂച്ചകൾക്ക് കോഴിയിറച്ചിയുടെ ബാക്കി വാങ്ങാനായി ഒരു ഇറച്ചി കടയിലുമാണ്
എന്നിരിക്കിലും ഇതിനിടയിൽ അവർ ജീവിതത്തിൽ സ്വന്തം ലക്ഷ്യം കണ്ടെത്തിയിരിക്കുന്നു. തന്‍റെ ജോലിക്കും വീട്ടിലെ കാലുഷ്യങ്ങൾക്കിടയിൽ സ്വയം തളച്ചിടുന്നതിനുമിടയിലുള്ള സമയത്ത് റീത്ത തെരുവു നായകൾക്കും പൂച്ചകൾക്കുമൊപ്പമാണ്. അവയെ ഊട്ടിയും അവയോട് സംസാരിച്ചും വലിയൊരു സമയം അവര്‍ ചിലവഴിക്കുന്നു. കോട്ടൂർപുരത്തെ എല്ലാ വയ്കുന്നേരങ്ങളിലും റീത്ത ജോലി തീർത്ത് തിരിച്ചു വരുന്നതിനായി നായകൾ ക്ഷമയോടെ കാത്തിരിക്കും.
തിരുവണ്ണാമലയിലെ ഒരു പട്ടണത്തിൽ നിന്നാണ് അവർ യഥാർത്ഥത്തിൽ വരുന്നത് (ആ ജില്ലയിലെ ഗ്രാമീണ ജനസംഖ്യ 80 ശതമാനത്തിനടുത്താണെന്ന് 2011-ലെ സെൻസ് ചൂണ്ടിക്കാണിക്കുന്നു). രണ്ട് ദശകങ്ങള്‍ക്കു മുന്‍പ് റീത്ത മാതാപിതാക്കളോടൊപ്പം തോഴിലന്വേഷിച്ച് ചെന്നൈയിലെത്തി. അതെന്നാണെന്ന് അവര്‍ക്ക് കൃത്യമായി ഓര്‍മ്മയില്ല. ആകെയുറപ്പുള്ളത് അന്നുമുതല്‍ നിരവധി വീടുകളില്‍ കുറഞ്ഞ കൂലിക്ക് വീട്ടുജോലി ചെയ്തു എന്നുള്ളതാണ്. 7 വര്‍ഷങ്ങള്‍ക്കു മുന്‍പ് അവര്‍ ചെന്നൈ കോര്‍പ്പറേഷനില്‍ കരാര്‍ തൊഴിലാളിയായി ചേര്‍ന്നു. പ്രതിദിനം 100 രൂപയില്‍ തുടങ്ങി, ഇപ്പോഴവര്‍ മാസത്തില്‍ 8,000 രൂപ ഉണ്ടാക്കുന്നു.


റീത്ത അക്കയ്ക്ക് സംസാരിക്കാനോ കേള്‍ക്കാനോ കഴിയില്ല. ആംഗ്യങ്ങളിലൂടെയാണ് അവര്‍ ആശയ വിനിമയം നടത്തുന്നത്. നായകളോടൊത്തായിരിക്കുമ്പോള്‍ അവരുടെ പുഞ്ചിരി വളരെ വിടര്‍ന്നതാണ്
ബ്ലീച്ചിംഗ് പൗഡറും ഒരു ചൂലും മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള ബക്കറ്റും ഉപയോഗിച്ച് കോട്ടൂര്‍പുരത്തെ 6 വലിയ തെരുവുകളെങ്കിലും റീത്ത തൂത്ത് വൃത്തിയാക്കുന്നു. കൈയുറകളോ കാലുറകളോ സംരക്ഷണോപാധികളോ ഒന്നുമില്ലാതെയാണ് അവര്‍ ഇത് ചെയ്യുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങളും ചവറുകളും അവര്‍ തെരുവകളില്‍ സ്ഥാപിച്ചിട്ടുള്ള പാത്രങ്ങളില്‍ നിക്ഷേപിക്കുന്നു. അവിടെനിന്നും കോര്‍പ്പറേഷന്‍റെ വാനുകളും ലോറികളും അവ പുനരുല്‍പാദനത്തിനായി ശേഖരിക്കുന്നു. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ശുചീകരണ ജോലി ഉച്ചകഴിയുമ്പോള്‍ റീത്ത ചെയ്ത് തീര്‍ക്കുന്നു. തെരുവ് ശുചിയാക്കുമ്പോള്‍ സംഭവിച്ച അപകടം തന്‍റെ ഒരു കണ്ണിന്‍റെ കാഴ്ചയെ ബാധിച്ചുവെന്ന് അവര്‍ പറഞ്ഞു. നഗ്നപാദയായി നടക്കുന്നത് കാരണം അവരുടെ കാലുകള്‍ കുമളിച്ചിരിക്കുന്നു. അല്ലായിരുന്നെങ്കില്‍ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ നല്ല ആരോഗ്യസ്ഥിതി ഉണ്ടാകുമായിരുന്നു എന്ന് അവര്‍ ശക്തമായി പറയുന്നു.
അവരുടെ വരുമാനത്തിന്‍റെ ഒരു ഗണ്യമായ ഭാഗം ചിലവാകുന്നത് പട്ടികള്‍ക്കും പൂച്ചകള്‍ക്കുമുള്ള ഭക്ഷണം വാങ്ങാനാണ്. അവര്‍ അതെപ്പറ്റി ഒന്നും പറയുന്നില്ലെങ്കിലും അയല്‍വാസികള്‍ വിശ്വസിക്കുന്നത് അവര്‍ പ്രതിദിനം 30 രൂപ അതിനായി ചിലവഴിക്കുമെന്നാണ്.
മൃഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് റീത്ത ദിവസേന രണ്ട് സ്ഥലത്ത് തങ്ങുന്നത് നായകൾക്ക് ബിസ്ക്കറ്റ് വാങ്ങാനായി ചെറിയൊരു കടയിലും പൂച്ചകൾക്ക് കോഴിയിറച്ചിയുടെ ബാക്കി വാങ്ങാനായി ഒരു ഇറച്ചി കടയിലുമാണ്. കോഴി സില്‍റ (കോഴി വൃത്തിയാക്കി വിറ്റതിനുശേഷം ബാക്കി വരുന്ന ഭാഗങ്ങള്‍) എന്നറിയപ്പെടുന്ന ബാക്കിവരുന്ന ഭാഗങ്ങള്‍ ഇവരെപ്പോലുള്ള ഉപഭോക്താക്കള്‍ 10 രൂപയ്ക്ക് വാങ്ങുന്നു.
റീത്തയെ സംബന്ധിച്ചിടത്തോളം നായകളും പൂച്ചകളുമായ കൂട്ടാളികളില്‍ നിന്നും ലഭിക്കുന്ന സന്തോഷം അവയ്ക്കു വേണ്ടി ചിലവഴിക്കുന്ന പണത്തേക്കാള്‍ ഒരുപാട് മുകളിലാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവരുടെ ഭര്‍ത്താവ് മരിച്ചതാണ് (ഒന്നുകില്‍ അതെന്നാണെന്ന് അവര്‍ ഓര്‍ക്കുന്നില്ല, അല്ലെങ്കില്‍ അതെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല). അന്നുമുതല്‍ അവര്‍ സ്വയം കാര്യങ്ങള്‍ നോക്കി ജീവിക്കുന്നു. എന്നിരിക്കിലും അയല്‍വാസികള്‍ പറയുന്നത് അയാള്‍ മദ്യപന്‍ ആയിരുന്നു എന്നാണ്. മകള്‍ അവരെ സന്ദര്‍ശിക്കാറുണ്ട് - പക്ഷെ എപ്പോഴുമില്ല.
ഇപ്പോഴും റീത്തയുടെ പെരുമാറ്റം സന്തോഷവതിയായിട്ടാണ്. നായകളോടൊപ്പം ആയിരിക്കുമ്പോള്‍ അവര്‍ വളരെ നന്നായി പുഞ്ചിരിക്കുന്നു.

റീത്ത അക്ക ജീവിക്കുന്ന ചെന്നൈയിലെ കൊട്ടൂര്‍പുരം പ്രദേശം. അവരുടെ ചെറിയ വീട് ഹൗസിംഗ് ബോര്‍ഡ് ക്വാര്‍ട്ടേഴ്സിലാണ്. രണ്ട് ദശകങ്ങള്‍ക്ക് മുന്‍പാണ് അവര്‍ തിരുവണ്ണാമലയില്‍ നിന്നും ചെന്നൈയില്‍ എത്തിയത്

എല്ലാദിവസവും രാവിലെ യൂണിഫോം ധരിച്ച് അവര്‍ വീട് വിടുന്നു. ഏഴ് വര്‍ഷങ്ങളായി അവര്‍ ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനില്‍ കരാര്‍ തൊഴിലാളിയാണ്

കോട്ടൂര്‍പുരത്തെ വിശാലമായ തെരുവുകളിലേക്ക് റീത്ത അക്ക നടക്കുന്നു. എല്ലാദിവസവും രാവിലെ 8 മണിക്ക് അവിടെ നിന്നാണ് അവര്‍ ജോലി ആരംഭിക്കുന്നത്

തെരുവുകള്‍ ശുചിയാക്കുന്നതിനുള്ള ബ്ലീച്ചിംഗ് പൗ ഡര്‍ അവര്‍ ഒരു ലോഹപാത്രത്തില്‍ ചുമക്കുന്നു

ശുചീകരണം തുടങ്ങുന്നതിനു മുന്‍പ് കൈയുറകള്‍ ധരിക്കാതെ അക്ക ബ്ലീച്ചിംഗ് പൌഡര്‍ വിതറുന്നു. മാലിന്യങ്ങൾ കൊണ്ടുപോകാന്‍ അവര്‍ തള്ളിക്കൊണ്ടു നടക്കുന്ന പ്രത്യേക സൈക്കിൾ റിക്ഷ ട്രോളിയില്‍ മൂന്ന് തവണയാണ് റീത്ത തന്‍റെ പേര് എഴുതി വച്ചിരിക്കുന്നത് – മൂന്ന് നിറങ്ങളിൽ

ശേഖരിക്കുന്ന മാലിന്യങ്ങളും ചവറുകളും റീത്ത അക്ക നഗര കോര്‍പ്പറേഷന്‍റെ പാത്രങ്ങളില്‍ നിക്ഷേപിക്കുന്നു

ചവറുകള്‍ ശേഖരിക്കാനായി തെരുവുകളിലൂടെ അവര്‍ ഉന്തിക്കൊണ്ടു നടക്കുന്ന വാഹനം കേടുവന്ന ഒരു മുച്ചക്ര വാഹനമാണ്. ബുദ്ധിമുട്ടേറിയ ദിനാന്ത്യത്തിൽ ശാരീരിക വേദനയെക്കുറിച്ച് അവര്‍ ചിലപ്പോൾ പരാതിപ്പെടാറുണ്ട്

കോട്ടൂര്‍പുരത്തെ 6 പ്രധാന തെരുവുകളെങ്കിലും റീത്ത പ്രതിദിനം തൂത്ത് വൃത്തിയാക്കുന്നു. കാലുറകളോ മറ്റൊരുതരത്തിലുമുള്ള സംരക്ഷണോപാധികളോ ഇല്ലാതെയാണ് അവരിത് ചെയ്യുന്നത്

നഗ്നപാദയായി നടക്കുന്നത് കാരണം അവരുടെ കാലുകള്‍ കുമിളച്ചിരിക്കുന്നു. തെരുവ് ശുചിയാക്കുമ്പോള്‍ സംഭവിച്ച അപകടം അവരുടെ ഒരു കണ്ണിന്‍റെ കാഴ്ചയെ ബാധിച്ചു



ആംഗ്യത്തിലൂടെയുള്ള ഒരു ചോദ്യത്തിന് റീത്ത അക്ക മറുപടി പറയുകയും പിന്നെ ചിരിക്കുകയും ചെയ്യുന്നു

റീത്തയുടെ നിരവധി ശ്വാന സുഹൃത്തുക്കളില്‍ ഒന്നായ ഒരു തെരുവ് നായ അവര്‍ ജോലി തീര്‍ത്തിട്ട് വരുന്നതിനായി കാത്തിരിക്കുന്നു

തന്‍റെ ചുരുങ്ങിയ വരുമാനത്തിന്‍റെ ഗണ്യമായ ഒരു ഭാഗം തെരുവ് നായകള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണം വാങ്ങുന്നതിനായി അവര്‍ ചിലവഴിക്കുന്നു, അതെക്കുറിച്ച് അവര്‍ അധികം പറയാറില്ലെങ്കിലും

തെരുവ് നായകളോടൊത്തുല്ലസിക്കാന്‍ അവര്‍ സമയം ചിലവഴിക്കുന്നു. അവര്‍ അവയോടൊപ്പമുണ്ടാവുകയും ഒരുപാട് സമയം അവയോട് ‘സംസാരിക്കുകയും’ ചെയ്യുന്നു

റീത്ത അക്ക തന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യം കൂട്ടാളികളായ മൃഗങ്ങളുടെ ഇടയില്‍ കണ്ടെത്തുന്നു. അവയോടൊപ്പം ആയിരിക്കുന്നതില്‍ നിന്നും ലഭിക്കുന്ന സന്തോഷം അവയ്ക്കു വേണ്ടി ചിലവഴിക്കുന്ന പണത്തേക്കാള്‍ ഒരുപാട് മുകളിലാണ്


എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്നകാര്യം കൈകളും ഭാവ പ്രകടനങ്ങളും കൊണ്ട് അവര്‍ വിനിമയം ചെയ്യുന്നു


ഇടത്: റീത്ത അക്ക അയല്‍വാസികളോടൊപ്പം. വലത്: ഹൗസിംഗ് ബോര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ വീട്ടില്‍

‘ബെസ്റ്റ് വിഷസ്’ എന്ന് എഴുതിയിരിക്കുന്ന ഒരു ചിത്രം റീത്ത അക്കയുടെ ചെറിയ വീടിനെ അലങ്കരിക്കുന്നു

റീത്ത അക്ക തന്‍റെ വീട്ടില്‍. ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ അവര്‍ സ്വന്തം നിലയിലാണ് ജീവിക്കുന്നത്. പക്ഷെ, ഏകാന്തതയ്ക്ക് കീഴടങ്ങിയിട്ടില്ല

എല്ലാദിവസവും വൈകുന്നേരം ഏകാന്തമായ തന്‍റെ വീട്ടിലേക്ക് അവര്‍ മടങ്ങി വരുന്നു

പരിഭാഷ: റെന്നിമോന്‍ കെ. സി.