“ഞങ്ങളെ വന്നു കാണുക”, അവര്‍ പറഞ്ഞു. “ഞങ്ങളെല്ലാവരും ഉത്തരവുകള്‍ അനുസരിക്കുന്നു. ഓരോരുത്തരും മുഖാവരണങ്ങള്‍ ധരിച്ചുകൊണ്ട് പരസ്പരം അകന്ന് ഇരിക്കുന്നു. റേഷന്‍ ലഭിക്കുന്നതില്‍ എനിക്കു നന്ദിയുണ്ട്. പക്ഷെ ഇതെന്റെ കുടുംബത്തെ കുറച്ചുനാള്‍ പോറ്റാനേ തികയൂ. അതുകഴിഞ്ഞ് എനിക്കറിയില്ല, ഞങ്ങള്‍ എന്തുചെയ്യുമെന്ന്.”
രാജസ്ഥാനിലെ ചൂരു ജില്ലയിലെ സുജന്‍ഗഢ് പട്ടണത്തില്‍ നിന്നുള്ള 55-കാരിയായ ദുര്‍ഗ്ഗയായിരുന്നു ഞങ്ങളോടു ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നത്. ദിശ ശെഖാവതി എന്ന എന്‍.ജി.ഒ.യില്‍ ശിബോരി കലാകാരിയായി ജോലി ചെയ്യുന്ന അവര്‍ പ്രസ്തുത എന്‍.ജി.ഓ. നല്കുന്ന സൗജന്യ റേഷന്‍ വാങ്ങുന്നതിനായി വരിയില്‍ നില്‍ക്കുകയായിരുന്നു അപ്പോള്‍. ശിബോരി എന്നത് കൈകള്‍കൊണ്ടു മാത്രം വസ്ത്രങ്ങള്‍ക്കു നിറം കൊടുക്കുന്ന ഒരു വിദ്യയാണ്. “എന്നാണ് ഞങ്ങളെ ഈ കൊറോണ പിടിക്കുകയെന്ന് അറിയില്ല, പക്ഷെ വിശന്നായിരിക്കും ഞങ്ങള്‍ മരിക്കുക”, കടുത്ത പ്രവചനം നടത്തി ചിരിച്ചുകൊണ്ട് ദുര്‍ഗ്ഗാദേവി പറഞ്ഞു.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് അമിത മദ്യപാനത്തെ തുടര്‍ന്നു മരിച്ചതില്പിന്നെ ദുര്‍ഗ്ഗാദേവി മാത്രമാണ് അവരുടെ വീട്ടിലെ വരുമാനമുള്ളയാള്‍. തന്റെ 9 മക്കളേയും അവര്‍ സ്വന്തമായി അദ്ധ്വാനിച്ചാണ് വളര്‍ത്തുന്നത്. പ്രതിദിനം 200 രൂപയ്ക്കാണ് അവര്‍ ജോലി ചെയ്യുന്നത്. ഒരു മാസം ഏകദേശം 15 ദിവസം ജോലി ലഭിക്കുമെന്ന് അവര്‍ പറഞ്ഞു.
റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ വരിയില്‍ പിറകില്‍ നില്‍ക്കുകയായിരുന്ന പരമേശ്വരി എന്ന 35-കാരിയായ മറ്റൊരു സ്ത്രീയ്ക്ക് അവര്‍ ഫോണ്‍ കൈമാറി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്താണ് ഭര്‍ത്താവ് ജോലി ചെയ്യുന്നതെന്നും ലോക്ക്ഡൗണ്‍ കാരണം ഇപ്പോള്‍ ജോലിയില്ലെന്നും പരമേശ്വരി (പേരിന്റെ ആദ്യഭാഗം മാത്രം ഉപയോഗിക്കാന്‍ അവര്‍ താത്പര്യപ്പെടുന്നു) പറഞ്ഞു. (ഞങ്ങള്‍ക്ക് ജോലിയിയില്ല, കഴിക്കാന്‍ പണവുമില്ല”, അവര്‍ പറഞ്ഞു. ദുര്‍ഗ്ഗാദേവിയെപ്പോലെ തനിക്കും ഭര്‍ത്താവിനും 4 മക്കള്‍ക്കും അടുത്ത കുറച്ചു ദിവസത്തേക്കു 5 കിലോ ആട്ടയും ഒരു കിലോ പരിപ്പും 200 ഗ്രാം വീതം മല്ലിയും മഞ്ഞളും മുളകും ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
അറുപത്തഞ്ചുകാരിയായ ചാന്ദി ദേവി ശിബോരി ജോലി ചെയ്യുന്നില്ലെങ്കിലും റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ നില്ക്കുന്നവരുടെ വരിയില്‍ ഉണ്ട്. “24 മണിക്കൂര്‍ മുന്‍പാണ് ഞാന്‍ അവസാനം ഭക്ഷണം കഴിച്ചത്. ഞാന്‍ ചോറ് കഴിച്ചു, ചോറ് മാത്രം. ഇന്നലെ ഒരു വാന്‍ കുറച്ചു സാധനങ്ങളുമായി എന്റെ പ്രദേശത്ത് വന്നു, പക്ഷെ ഞാന്‍ പതിയെ നടന്നു ചെന്നപ്പോഴേക്കും എല്ലാം തീര്‍ന്നിരുന്നു. എനിക്ക് നല്ല വിശപ്പുണ്ട്.”
ദുര്‍ഗ്ഗയേയും പരമേശ്വരിയേയും പോലുള്ള 400 ശിബോരി റ്റൈ-ഡൈ കൈത്തൊഴിലുകാരെയാണ് (tie and dye artisans) ദിശാ ശെഖാവതി കണക്കില്‍ പെടുത്തി പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. “സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. 90 ശതമാനം കൈത്തൊഴിലുകാരും ദിവസ വേതന തൊഴിലാളികളും സമ്പാദ്യമൊന്നും ഇല്ലാത്തവരുമാണ്. ഞങ്ങള്‍ക്കു പറ്റുന്നത് ഞങ്ങള്‍ ചെയ്യുന്നു”, സ്ഥാപകയായ അമൃത ചൗധരി പറഞ്ഞു.
കൈത്തൊഴില്‍ ഉത്പ്പന്നങ്ങള്‍ വന്‍തോതില്‍ വാങ്ങുന്നവര്‍ ഏകദേശം 10 ദിവസങ്ങള്‍ക്കു മുന്‍പ് അവരെ (ചൗധരിയെ) ഫോണില്‍ വിളിച്ചിരുന്നു. നിലവിലുള്ള ഓര്‍ഡറുകള്‍ ഉയര്‍ത്താന്‍ കഴിയില്ലെന്ന് അവര്‍ (വാങ്ങുന്നവര്‍) പറഞ്ഞു. കൂടുതല്‍ ഉത്പാദിപ്പിക്കേണ്ടെന്നും ചൗധരിയോട് അവര്‍ പറഞ്ഞു. “25 ലക്ഷം രൂപയ്ക്കുള്ള സാരികളും ഷോളുകളും അവരുടെ പക്കലുണ്ട്. പാക്കിംഗും ലേബലിംഗും ബാര്‍കോഡിംഗും എല്ലാം കഴിഞ്ഞിരിക്കുന്നു. എപ്പോഴായിരിക്കും അങ്ങനൊരു നീക്കം? തൊഴിലാളികള്‍ക്കു കൊടുക്കാനായി എന്ന് പണം വരും? ആര്‍ക്കും പറയാന്‍ കഴിയില്ല.”
കൈത്തറി കരകൗശല വ്യവസായങ്ങള്‍ ഒരുമിച്ചു ചേരുന്ന മേഖലയാണ് കൃഷി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്കുന്ന മേഖല . കൈത്തറി നെയ്ത്ത് രംഗത്ത് മാത്രം 3.5 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ ആണ് നൂറുകണക്കിന് തുണിത്തരങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അവരില്‍ ഭൂരിപക്ഷം പേരും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. കൗണ്‍സില്‍ ഓഫ് ഹാന്‍ഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ കണക്കനുസരിച്ച് 70 ലക്ഷത്തിലധികം ആളുകളെങ്കിലും ആയിരക്കണക്കിന് പരമ്പരാഗത കരകൗശല വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ മേഖലയില്‍ നിന്നുള്ള കയറ്റുമതിയുടെ മാത്രം മൂല്യം 2015-ല്‍ 8,318 കോടി രൂപ ആയിരുന്നു.
പക്ഷെ ചെന്നൈയിലെ ക്രാഫ്റ്റ്സ് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ ചെയര്‍പേഴ്സണ്‍ ആയ ഗീതാ റാം ഈ കണക്കുകള്‍ തള്ളിക്കളയുന്നു. “ഈ കണക്കുകള്‍ വിശ്വാസ്യതയില്ലാത്തതാണ്. കൈത്തൊഴിലുകാരെപ്പറ്റി വിവരശേഖരമൊന്നും ലഭ്യമല്ല. അതുകൊണ്ട് മൊത്ത ആഭ്യന്തര ഉത്പാദനത്തിന് (ജി.ഡി.പി.) അവര്‍ നല്കുന്ന സംഭാവന എത്രയെന്ന് അറിയാന്‍ പറ്റില്ല. എന്നിരിക്കിലും ഉത്പാദനത്തിന്റെ ഗണ്യമായ ഭാഗവും നടക്കുന്നത് അസംഘടിത മേഖലയില്‍ സ്വയംതൊഴില്‍ രീതിയില്‍ കരകൗശലജോലികള് ചെയ്യുന്നവരുടെ ഇടയിലാണ്. അവര്‍ അടിയന്തിര സഹായം ലഭിക്കേണ്ട അവസ്ഥയിലുമാണ്.”
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ചീരാല പട്ടണത്തില്‍ നിന്നുള്ള, 50-കളില്‍ എത്തിനില്‍ക്കുന്ന, നെയ്ത്തുകാരായ ജി. സുലോചനയ്ക്കും അവരുടെ ഭര്‍ത്താവ് ജി. ശ്രീനിവാസ റാവുവിനും അതിനോട് ഒട്ടും യോജിക്കാന്‍ കഴിഞ്ഞില്ല.
“ഞങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ ലഭിക്കുന്നില്ല, അതുകൊണ്ട് ജോലിയുമില്ല. ഈ ലോക്ക്ഡൗണ്‍ സാമ്പത്തികമായി ഞങ്ങളെ ഒരുപാട് പ്രശ്നത്തില്‍ ആക്കി. ഭക്ഷണം കഴിക്കുന്നതിനായി ഉടന്‍തന്നെ ഞങ്ങള്‍ക്കു കടം വാങ്ങേണ്ടി വരും”, ശ്രീനിവാസ് റാവു പറഞ്ഞു. “വരുമാനത്തില്‍ നിന്നും ഞങ്ങള്‍ക്ക് ഒന്നും സമ്പാദിക്കാന്‍ കഴിയില്ല”, സുലോചന ഫോണിലൂടെ ചൂണ്ടിക്കാട്ടി.
ചീരാല പട്ടണത്തില്‍ നെയ്ത്തുകാരായ ധാരാളം വീട്ടുകാരുണ്ട്. അവര്‍ പരുത്തിയും പട്ടും ഒരുമിച്ചുചേര്‍ത്ത്, അലങ്കാരങ്ങള്‍ ഉണ്ടാക്കി, പട്ടണത്തിന്റെ പേരില്‍ സാരി നിര്‍മ്മിക്കുന്നു. സുലോചനയും ശ്രീനിവാസ റാവുവും മാസത്തില്‍ 10-15 സാരികള്‍ ഉണ്ടാക്കുന്നു. അവര്‍ ജോലി ചെയ്യുന്ന വലിയ നെയ്ത്തുകാരന് (master weaver) അവര്‍ക്ക് അസംസ്കൃത വസ്തുക്കളും ഓരോ 5 സാരികള്‍ക്കും ചേര്‍ത്ത് 6,000 രൂപയും നല്കുന്നു. രണ്ടുപേര്‍ക്കും ഒരുമിച്ചു ചേര്‍ത്ത് പ്രതിമാസം 15,000 രൂപ ലഭിക്കുന്നു.
ചീരാലയില്‍ നിന്നുതന്നെ നെയ്ത്തുജോലി ചെയ്യുന്ന മറ്റൊരു ദമ്പതികളായ 35-കാരിയായ ബി. സുനിതയും ഭര്‍ത്താവ് 37-കാരനായ ബണ്ട്ല പ്രദീപ്കുമാറും രണ്ടു മക്കളും ഇതേ രീതിയില്‍ത്തന്നെ നിലനില്‍പ്പിനായി പാടുപെടുന്നു. 15 സാരികള്‍ വരെയുണ്ടാക്കുന്നതില് നിന്നും അവര്‍ രണ്ടുപേരും ഒരുമിച്ച് സാധാരണ നിലയില്‍ 12,000 രൂപ പ്രതിമാസം ഉണ്ടാക്കുന്നു. “ സാരിയുടെ [zari-സ്വര്ണ്ണനൂല്] ലഭ്യത മാര്‍ച്ച് 10-നു തന്നെ നിലച്ചു. സില്‍ക്ക് നൂലിന്റെ ലഭ്യതയും പെട്ടെന്നുതന്നെ നിലച്ചു. അസംസ്കൃത വസ്തുക്കള്‍ ഇല്ലാതെ ഞങ്ങള്‍ക്കു ജോലി ചെയ്യാനാവില്ല”, സുനിത പറഞ്ഞു.
ലോക്ക്ഡൗണ്‍ മുതല്‍ അവര്‍ക്ക് റേഷന്‍ കടയില്‍ എത്താന്‍ സാധിക്കുന്നില്ല. അവരുടെ അരി തീര്‍ന്നുകൊണ്ടിരിക്കുന്നു. വിപണിയില്‍ അരിയുടെ വില ഉയരുകയും ചെയ്യുന്നു. “ഞങ്ങളെത്തനെ ഊട്ടാന്‍ ഞങ്ങള്‍ക്കറിയാവുന്ന ഒരേയൊരു തൊഴിലാണിത്”, അവര്‍ കൂട്ടിച്ചേര്‍ത്തു.
ചീരാലയിലെ ഈ രണ്ടു നെയ്ത്തു കുടുംബങ്ങളും ഓ.ബി.സി. (മറ്റു പിന്നോക്ക വിഭാഗങ്ങള്‍) പട്ടികയില്‍ ഉള്ളവരാണ്. യഥാര്‍ത്ഥത്തില്‍ 2019-2020-ലെ നാലാം അഖിലേന്ത്യാ കൈത്തറി കണക്കെടുപ്പ് ( Fourth All India Handloom Census 2019-2020) അനുസരിച്ച് 67 ശതമാനം നെയ്ത്തു കുടുംബങ്ങളും പട്ടിക ജാതിക്കാരോ (14) പട്ടിക വര്‍ഗ്ഗക്കാരോ (19) മറ്റു പിന്നോക്ക വിഭാഗങ്ങളോ (33.6 ശതമാനം) ആണ്.
ഇന്ത്യയുടെ പ്രതിശീര്‍ഷ പ്രതിമാസ വരുമാനമായ 11,254 രൂപയേക്കാള്‍ കുറവാണ് സുനിതയുടെ വരുമാനവും ശ്രീനിവാസിന്റെ വരുമാനവും പ്രത്യേകമായി പരിഗണിക്കുമ്പോള്‍. എന്നിരിക്കിലും രണ്ടുപേരുടെയും വരുമാനം ഒരുമിച്ചു ചേര്‍ക്കുമ്പോള്‍ നെയ്ത്തു കുടുംബങ്ങളുടെ ഇടയില്‍ അവര്‍ ഏറ്റവും ഉയര്‍ന്ന 7 ശതമാനത്തില്‍ സ്ഥാനം പിടിക്കുന്നു. നെയ്ത്തു കുടുംബങ്ങളിലെ 66 ശതമാനത്തിലധികം പേരുടെയും പ്രതിമാസ വരുമാനം 5,000 രൂപയില്‍ താഴെയാണെന്ന് നാലാം അഖിലേന്ത്യാ കൈത്തറി കണക്കെടുപ്പ് പറയുന്നു.
ഉത്പ്പന്നങ്ങളുടെ മേല്‍ 5 മുതല്‍ 18 ശതമാനം വരെ ജി.എസ്.റ്റി. അടിച്ചേല്‍പ്പിച്ചതോടെ ഇന്ത്യയില്‍ 1990-കളില്‍ ‘സൂര്യാസ്തമയ’ വ്യവസായമായി (‘sunset’ industry) അവഗണിക്കപ്പെട്ട കൈത്തറി-കരകൗശല മേഖലക്ക് 2018-ല്‍ തിരിച്ചടി നേരിട്ടു. തുടര്‍ന്ന് കൈത്തറിയുടെ മേലുള്ള ജി.എസ്.റ്റി. 5 ശതമാനമായി കുറച്ചു – ഉത്പ്പന്നം തുണിയാണെങ്കില്‍. എന്നിരിക്കിലും ചായങ്ങളുടെയും രാസവസ്തുക്കളുടെയും - വസ്ത്ര രംഗത്ത് അത്ര പ്രധാനപ്പെട്ടവയുടെ - മേലുള്ള ജി.എസ്.റ്റി. 12-18 ശതമാനമായി തുടര്‍ന്നു. കരകൗശല വസ്തുക്കള്‍ക്ക് ഇത് 8 മുതല്‍ 18 വരെയായിരുന്നു.
“കൊറോണയ്ക്കും ലോക്ക്ഡൗണിനും മുമ്പുതന്നെ നെയ്ത്തുകാര്‍ക്ക് വേണ്ടവിധം വേതനം ലഭിക്കുന്ന ജോലി ലഭിക്കുന്നില്ലായിരുന്നു. അവര്‍ക്ക് കുടുംബങ്ങള്‍ പുലര്‍ത്താനും ബുദ്ധിമുട്ടായിരുന്നു. ഇത് [ലോക്ക്ഡൗണ്‍] അവരെ ഇല്ലാതാക്കും”, ചീരാല കേന്ദ്രമാക്കിയ നാഷണല്‍ ഫെഡറേഷന് ഓഫ് ഹാന്‍ഡ്ലൂംസ് ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ്സിന്റെ സ്ഥാപക പ്രസിഡന്റായ മച്ചെര്ള മോഹന്‍ റാവു പറഞ്ഞു. അംഗത്വ പട്ടികയനുസരിച്ച് 20,000 അംഗങ്ങളുള്ള ഒരു തൊഴിലാളി യൂണിയന് ആണ് ഇത്.
“ഞാന്‍ സര്‍ക്കാരിനോട് [വസ്ത്ര മന്ത്രാലയം] ചോദിച്ചുകൊണ്ടിരിക്കുന്നു, അവര്‍ എന്തുകൊണ്ട് പാവപ്പെട്ട നെയ്ത്തുകാരെ അവഗണിക്കുന്നു? വസ്ത്ര, അനുബന്ധ മേഖലകള്‍ക്ക് എംപ്ലോയീ സ്റ്റേറ്റ് ഇന്‍ഷുറന്‍സും (ഇ.എസ്.ഐ.) എംപ്ലോയീ സ്റ്റേറ്റ് പ്രോവിഡന്റ് ഫണ്ടും (ഇ.പി.എഫ്.) പ്രസവാനുകൂല്യങ്ങളും നല്കുന്നതുപോലെ എന്തുകൊണ്ട് കൈത്തറിയ്ക്കും കരകൗശല വസ്തുക്കള്‍ക്കും നല്‍കുന്നില്ല? അഗതികളായ നെയ്ത്തുകാര്‍ക്ക് എന്തുകൊണ്ട് ഭവന സൗകര്യം നല്‍കുന്നില്ല?” മോഹന്‍ റാവു ചോദിക്കുന്നു. സഭയില്‍ ഈ ചോദ്യങ്ങള്‍ ഉന്നയിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് 2014 മുതല്‍ ധാരാളം മെയിലുകള്‍ അദ്ദേഹം പാര്‍ലമെന്റംഗങ്ങള്‍ക്ക് അയച്ചിട്ടുണ്ട്.
വലിയ നെയ്ത്തുകാരും (master weavers) ദേശീയ അവാര്‍ഡ് ജേതാക്കളുമായ 60-കാരന് ബി. കൃഷ്ണമൂര്‍ത്തിക്കും 50-കാരി ബി. ജയന്തിക്കും തമിഴ്നാട്ടിലെ കാഞ്ചീപുരം പട്ടണത്തില്‍ (ജില്ലയിലും) 10 നെയ്ത്ത് യന്ത്രങ്ങള്‍ ഉണ്ട്. അവയുപയോഗിച്ച് ഇരുവരും കാഞ്ചീപുരം പട്ടുസാരികള്‍ ഉണ്ടാക്കുന്നു. ഒരെണ്ണത്തില്‍ അവര്‍ ജോലി ചെയ്യുന്നു, ബാക്കിയുള്ളവയൊക്കെ അവിടെ ജോലി ചെയ്യുന്നവരുടെ വീടുകളില്‍ സ്ഥാപിച്ചിരിക്കുന്നു.
“[ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍] എന്റെ നെയ്ത്തുകാര്‍ ഭക്ഷണത്തിനായി 2,000 മുതല്‍ 3,000 രൂപ വരെ എന്നോടു വായ്പ ചോദിച്ചു കൊണ്ടിരിക്കുന്നു”, കൃഷ്ണമൂര്‍ത്തി പറഞ്ഞു. അദ്ദേഹം അവര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ട്. എങ്കിലും വളരെ വിദഗ്ദരായ നെയ്ത്തുകാരെ നഷ്ടപ്പെടുമോ, അവര്‍ മറ്റു ജോലിക്കു പോകുമോ, അല്ലെങ്കില്‍ പട്ടണം തന്നെ വിട്ടുപോകുമോ എന്നൊക്കെയുള്ള ഭയം അദ്ദേഹത്തിനുണ്ട്. കൃഷ്ണമൂര്‍ത്തിയുടെ ഭയം അസ്ഥാനത്തല്ല: 1995-നും 2010-നും ഇടയ്ക്ക് നെയ്ത്തുജോലി ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം 2.5 ലക്ഷമായി കുറഞ്ഞിട്ടുണ്ട് .
കരകൗശല, കൈത്തറി വസ്തുക്കളുടെ പ്രദര്‍ശനങ്ങള്‍ ഇന്ത്യയിലെ വന്‍നഗരങ്ങളിലും, കൂടാതെ ചെറുനഗരങ്ങളിലും പട്ടണങ്ങളിലും പോലും സ്ഥിരമായി നടത്തപ്പെടാറുള്ളതാണ്. കൈത്തൊഴില്‍ വിദഗ്ദരായവര്‍ പറയുന്നത് അവരുടെ പരമാവധി കച്ചവടങ്ങളും നടക്കാറുള്ളത് ഇത്തരം മേളകളിലാണെന്നാണ്. സാധാരണയായി ഇത്തരം മേളകള്‍ ഏറ്റവും കൂടുതല്‍ നടക്കാറുള്ള സമയമായ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ധാരാളം പ്രദര്‍ശനങ്ങള്‍ റദ്ദാക്കപ്പെട്ടു. ഇത് സാധനങ്ങളുടെ ശേഖരം വില്‍പ്പന നടക്കാതെ കുന്നു കൂടുന്നതിനും കാരണമായി.
“കോല്‍ക്കത്തയിലും ഡല്‍ഹിയിലുമായി നടത്താന്‍ ഉദ്ദേശിച്ചിരുന്ന മൂന്നു പ്രദര്‍ശനങ്ങള്‍ റദ്ദാക്കപ്പെട്ടു. എന്റെ കൈയില്‍ സാധനങ്ങളുടെ ശേഖരം അവശേഷിച്ചിട്ടുണ്ട്, പക്ഷെ വാങ്ങാന്‍ ആളില്ല. എങ്ങനെ ഞങ്ങള്‍ ഭക്ഷിക്കും?” നെയ്ത്തുകാരനായ വങ്കര്‍ ശാംജി വിശ്രാം ചോദിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയിലെ ചെറുനഗരമായ ഭൂജോഡി എന്ന ചെറുപട്ടണത്തില്‍ നിന്നുള്ളയാളാണ് ആ 45-കാരന്. “നെയ്ത്ത് നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉത്പ്പങ്ങള്‍ വാങ്ങുന്നവര്‍ വിദേശത്തുനിന്നും വിളിക്കുന്നുണ്ട്. കുറച്ചു കാലത്തേക്ക് ഉത്പ്പന്നങ്ങള്‍ ഒന്നും എടുക്കില്ലെന്ന് അവര്‍ പറഞ്ഞു.”
“നിങ്ങള്‍ എന്നെ വിളിക്കുന്ന ഈ സമയത്ത് [ഉച്ച കഴിഞ്ഞു 3 മണിക്ക്] എന്റെ അച്ഛന്റെയും സഹോദരന്മാരുടെയും കൂടെ പണിശാലയില്‍ ഞാന്‍ അദ്ധ്വാനിക്കുമായിരുന്നു”, ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നുള്ള തടി കളിപ്പാട്ട നിര്‍മ്മാതാവായ 35-കാരന് അജിത്കുമാര്‍ വിശ്വകര്‍മ പറഞ്ഞു. “എവിടെനിന്നു ഭക്ഷണം കിട്ടുമെന്നും ആട്ടയ്ക്കും പരിപ്പിനും ഉരുളക്കിഴങ്ങിനുമൊക്കെ കരിഞ്ചന്ത വില നല്‍കുന്നത് എങ്ങനെ ഒഴിവാക്കാമെന്നുമാണ് ഞാന്‍ ആലോചിക്കുന്നത്.”
അജിതും അദ്ദേഹത്തിന്റെ കുടുംബവും തടികൊണ്ടുള്ള കളിപ്പാട്ടങ്ങളും പക്ഷികളുടെയും മൃഗങ്ങളുടെയും ചെറു രൂപങ്ങളും ഹിന്ദു ദേവതകളുടെ ചെറു പ്രതിമകളും നിര്‍മ്മിക്കുന്നു. “ഈ ജോലിയില്‍ നിന്നും ഞങ്ങള്‍ക്കു ലഭിക്കുന്ന വരുമാനമാണ് ഞങ്ങളുടെ മുഴുവന്‍ കുടുംബത്തിന്റെയും ആശ്രയം. ഒരുപാട് പണം എനിക്കു കിട്ടാനുണ്ട്, പക്ഷെ ആരും തരാന്‍ തയ്യാറാവുന്നില്ല. 5-6 ലക്ഷം രൂപ വില വരുന്ന ഉത്പ്പന്നങ്ങള്‍ എന്റെ പക്കല്‍ പ്രദര്‍ശനത്തിനു തയ്യാറായിട്ടുണ്ട്, പക്ഷെ അതിപ്പോള്‍ റദ്ദാക്കിയിരിക്കുന്നു”, അദ്ദേഹം പറഞ്ഞു. “എന്റെ കളിപ്പാട്ടങ്ങളില്‍ ചായം പൂശുന്ന കുശവന്മാര്ക്ക് മുന്‍കൂര്‍ പണം ഞാന്‍ നല്‍കിയിട്ടുണ്ട്. അവരും കഷ്ടപ്പെടുന്നു.”
ഒരിഞ്ചു വലിപ്പത്തില്‍ താന്‍ ഉണ്ടാക്കുന്ന പക്ഷികളുടെയും ഹിന്ദു ദൈവങ്ങളുടെയും രൂപങ്ങളില്‍ അജിത് വളരെയധികം അഭിമാനിക്കുന്നു. വീട്ടിലെ എല്ലാ അംഗങ്ങളും - അച്ഛന്, രണ്ടു സഹോദരന്മാര്, അമ്മ, സഹോദരി, ഭാര്യ - തടി കൊണ്ടുള്ള കളിപ്പാട്ടങ്ങളും ആഭരണങ്ങളും ചെത്തിമുറിച്ച് കടഞ്ഞെടുക്കുന്നതിനു സഹായിക്കുന്നു. വീട്ടുപണികള്‍ക്കിടയിലുള്ള സമയങ്ങളില്‍ സ്ത്രീകള്‍ വീട്ടിലിരുന്നു തന്നെയാണ് സഹായിക്കുന്നത്. പുരുഷന്മാര് ഏകദേശം 12 കിലോമീറ്റര്‍ അകലെയുള്ള പണിശാലയിലേക്കു പോകുന്നു. മാവ്, അരയാല്‍, ആഞ്ഞിലി എന്നിവയും മറ്റു കട്ടികുറഞ്ഞ തടികളും കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. അവ പിന്നീട് ചായം പൂശുന്നതിനായി കുശവ സമുദായത്തില്‍ പെട്ടവരുടെ അടുത്ത് എത്തിക്കുന്നു.
“ഞാന്‍ വീട്ടില്‍ വെറും കൈയുമായി ഇരിക്കുന്നു”, മദ്ധ്യപ്രദേശിലെ ഭോപാലില്‍ നിന്നുള്ള നാലാം തലമുറ ഗോണ്ഡ് കലാകാരനായ 35-കാരന് സുരേഷ് കുമാര്‍ ധ്രുവെ പറഞ്ഞു. “റേഷന്‍ സാധനങ്ങളും വെള്ളവുമൊക്കെ കിട്ടാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടാണ്. പെയിന്റ്, ബ്രഷുകള്‍, പേപ്പറുകള്‍, കാന്‍വാസ് എന്നിവയൊന്നും ലഭ്യമല്ല. പിന്നെ ഞാന്‍ എങ്ങനെ എന്തെങ്കിലും ജോലി ചെയ്യും? എപ്പോള്‍ പുതിയ സൃഷ്ടികള്‍ നടത്തി, എപ്പോള്‍ അവ വിറ്റിട്ട് എനിക്കു പണം ലഭിക്കും? എനിക്കറിയില്ല. എങ്ങനെ ഞാന്‍ എന്റെ കുടുംബത്തെ പരിപാലിക്കും? എനിക്കറിയില്ല.”
തന്റെ സൃഷ്ടികള്‍ക്കു ഓര്‍ഡര്‍ നല്കിയ ആളുകളോട് 50,000 രൂപയ്ക്ക് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും അത്രയും പണം എന്നു കണ്ടെത്താന്‍ പറ്റുമെന്ന് തനിക്കറിയില്ലെന്നും ധ്രുവെ പറഞ്ഞു. “ഈ കോവിഡ് എനിക്കു മനസ്സ് മടുക്കുന്നു, ഒന്നിനെക്കുറിച്ചും എനിക്കു ചിന്തിക്കാന്‍ കഴിയില്ല.”
ഈ വിവരണത്തിലെ മിക്ക സംഭാഷണങ്ങളും നടത്തിയിട്ടുള്ളത് ഫോണിലൂടെയാണ്.
പരിഭാഷ: റെന്നിമോന്‍ കെ. സി.