ചചൻപൂർ ഗ്രാമത്തിലെ ഒമ്പതുവയസുകാരി ശീലാബതി മുർമു ദിവസവും രണ്ട് സ്കൂളുകളിലാണ് പോകുന്നത്. ഒന്ന് 500 മീറ്റർ അകലെയുള്ള ഒരു സർക്കാർ പ്രൈമറി സ്കൂൾ, മറ്റൊന്ന് റേബ മുർമു നടത്തുന്ന സ്കൂൾ.
മൂന്നുമുതൽ 12 വയസുവരെ പ്രായമുള്ള 4-0ഓളം കുട്ടികളുടെ ഒപ്പമാണ് ഈ പഠനം. സന്താൾ വിഭാഗത്തിൽപ്പെട്ട കർഷക കുടുംബങ്ങളിൽനിന്ന് വരുന്നവരാണ് ഈ കുട്ടികൾ. വേനൽക്കാലത്ത് ഏകദേശം രാവിലെ ആറുമണിയോടെയും മഞ്ഞുകാലത്ത് അരമണിക്കൂർ വൈകിയുമാണ് ശീലാബതി റേബയുടെ സ്കൂളിലെത്തുക. മുതിർന്ന കുട്ടികൾ തറ തുടച്ചുവൃത്തിയാക്കുകയും പ്രാർത്ഥനയായി ഒരു ടാഗോർ ഗാനം ചൊല്ലുകുയും ചെയ്യും–- "അഗ്നി അധമമായതിനെ ഉത്കൃഷ്ടമാക്കുന്നു, അത് എന്നെ സ്പർശിച്ച് ശുദ്ധനാക്കട്ടെ' എന്ന അർത്ഥം വരുന്ന ഗാനമാണത്. തുടർന്ന് അന്നന്നത്തെ പാഠങ്ങൾ ആരംഭിക്കുന്നു. ഈ സ്കൂളിന്റെ ഒരു ഭാഗം കൊച്ചുകുട്ടികൾക്ക് വേണ്ടിയുള്ള ഒരു ശിശുകേന്ദ്രം കൂടിയാണ്.
റേബാ‘ദി’ (ദീദി എന്നതിന്റെ ചുരുക്കം. ദീദി എന്നാൽ ചേച്ചി) എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന റേബ 2010-ൽ തന്റെ കുടുംബസ്വത്തായ ഒരു മൺകുടിലിലാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. സംസ്ഥാന സർക്കാരിന്റെ ഭൂമിവിതരണ പദ്ധതിയുടെ ഭാഗമായി 1970-കളിൽ കുടുംബത്തിന് ലഭിച്ച ഭൂമിയിൽനിന്ന് മൂന്ന് ഏക്കറാണ് റേബാദിക്ക് കൈവന്നത്. അത്രയൊന്നും ഫലഭൂയിഷ്ഠമല്ലാത്ത ഈ ഭൂമിയുടെ ഒരു ഭാഗം കൊൽക്കത്തകാരായ കൃഷിസംഘത്തിന് പാട്ടത്തിന് കൊടുത്തു. ഈ പണം ഉപയോഗിച്ചാണ് അവർ തന്റെ സ്കൂൾ ആരംഭിച്ചത്. കുറച്ചുസ്ഥലത്ത് സ്വന്തമായി കാബേജും ഉരുളക്കിഴങ്ങും ഓമയ്ക്കയും കൃഷി ചെയ്ത് നാട്ടിലെ ചന്തയിൽ വിൽക്കുന്നുമുണ്ട് റേബാദി.
കുടുംബത്തിന് തുച്ഛമായ വരുമാനം മാത്രം ഉണ്ടായിരുന്നിട്ടും സന്താൾ വംശജയായ 53-കാരിയായ റേബ ബി.എ ഡിഗ്രി കരസ്ഥമാക്കി. 15 കിലോമീറ്റർ ദൂരെയുള്ള ചട്ട്ന നഗരത്തിലെ കോളേജിലേക്ക് സൈക്കിളിൽ പോയിട്ടാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. റേബയുടെ രണ്ട് സഹോദരൻമാരും ഒരു സഹോദരിയും സ്കൂളിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. എല്ലാവരും ഒരുമിച്ച് പശ്ചിമ ബംഗാളിലെ ബംഗുര ജില്ലയിലെ ഗ്രാമത്തിലാണ് താമസം. തങ്ങളുടെ അമ്മയുടെ സ്മരണ നിലനിർത്തി "ലക്ഷ്മി മുർമു പ്രാഥമിക് ബിദ്യാലയ' എന്നാണ് സഹോദരങ്ങൾ സ്കൂളിന് പേരിട്ടത്.
ഏകദേശം നാലുവർഷം
മുമ്പ് കൊൽക്കത്തയിൽ നിന്നുള്ള രണ്ട് സംഘടനകൾ നൽകിയ ധനസഹായം ഉപയോഗിച്ച് മൂന്ന്
തുറന്ന ക്ലാസ്മുറികൾ പണിയാനും റേബാദിക്ക് സാധിച്ചു. ആറ് കോൺക്രീറ്റ് തൂണുകളും ആസ്ബറ്റോസ്
മേൽക്കൂരയുമാണ് ഇതിനുള്ളത്. ഒരു സംഘടനയുടെ സഹായത്തോടെ കണ്ടെത്തി നിയമിച്ച രണ്ട്
അധ്യാപകരാണ് കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നത്–-ഗണിതം, ബംഗാളി, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങൾ അവർ
പഠിപ്പിക്കുന്നു. ഇതിനിടെ റേബാദി കുട്ടികൾക്കായി പ്രഭാതഭക്ഷണവും
വൈകുന്നേരത്തേയ്ക്കുള്ള പലഹാരവും ഉണ്ടാക്കും. ശർക്കര ചേർത്ത ചോറ്, അല്ലെങ്കിൽ റൊട്ടി, ഗ്രേവിയോടൊപ്പം
വേവിച്ച പയർ എന്നിങ്ങനെ ഓരോ ദിവസവും വ്യത്യസ്തമാണ് വിഭവങ്ങൾ.
രാവിലെ 9.30-ഓടെ കുട്ടികൾ സർക്കാർ സ്കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനായി വീട്ടിലേക്ക് പോകും. പണ്ട് ഇടിഞ്ഞുപൊളിഞ്ഞ ജീർണീച്ച കെട്ടിടമായിരുന്നുവെങ്കിലും നിലവിൽ ഉറപ്പോടെ നിർമ്മിച്ച നാല് മുറികളുള്ള കെട്ടിടത്തിലാണ് പ്രവർത്തനം. ആനന്ദോ ബാബുവെന്ന മുതിർന്ന അധ്യാപികയാകട്ടെ മുഴുവൻ കുട്ടികളെയും അവരുടെ പാഠങ്ങൾ പഠിപ്പിക്കാൻ അദ്ധ്വാനിക്കുന്നു. സ്കൂളിൽനിന്ന് ലഭിക്കുന്ന ഉച്ചഭക്ഷണവും സൗജന്യ പാഠപുസ്തകങ്ങളും ഒക്കെയാണ് കുട്ടികളെ കൂടുതൽ ആകർഷിക്കുന്നത്.
വൈകിട്ട് നാലോടെ മുർമുവിന്റെ സ്കൂളിലെത്തുന്ന കുട്ടികൾ
ഇരുട്ടുംവരെ കളികളിൽ ഏർപ്പെടും. വൈകിട്ടത്തെ പലഹാരം കഴിച്ചശേഷം വീണ്ടും പഠനം, രാത്രി ഒമ്പതോടെ അവർ
വീടുകളിലെത്തും.
സ്കൂളിന് പുറമെ, ഗ്രാമത്തിലെ മുഴുവൻ സ്ത്രീകളെയും ഒന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2008-ൽ ചചൻപൂർ ആദിബാസി മഹിളാ ബികാശ് സൊസൈറ്റിക്കും റേബ മുർമു രൂപം നൽകിയിരുന്നു. ചെറിയ സ്ഥലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പരിശീലനവും കൊൽക്കൊത്തയിലെ ചില സംഘടനകളുടെ സഹായത്തോടെ സൊസൈറ്റി സംഘടിപ്പിച്ചു.
പച്ചക്കറി വിൽപ്പനക്കാരിയായ അമ്മായിക്ക് ഒരു രൂപ നാണയവും 50 പൈസ നാണയവും തിരിച്ചറിയാൻ കഴിയാതിരുന്ന പഴയ കാലം റേബ ഓർക്കുന്നുണ്ട്.
ഇത് വായനയുടെയും എഴുത്തിന്റെയും പ്രാധാന്യം അവരെ ബോദ്ധ്യപ്പെടുത്തി. "ഞങ്ങളെ (പട്ടികവർഗ്ഗക്കാരെ) ജോലിക്ക്
നിയമിക്കാൻ സർക്കാരിന് വിവിധ പദ്ധതികളുണ്ടെന്ന് അറിയാം, എന്നാൽ ആ വർഗ്ഗക്കാർക്ക് വിദ്യാഭ്യാസമില്ലെങ്കിൽ പിന്നെ
സർക്കാർ ആരെയാണ് നിയമിക്കുക?” അവർ ചോദിക്കുന്നു.
ഒരു തലമുറയെയെങ്കിലും ശരിയായ രീതിയിൽ നയിക്കാനായാൽ നല്ല നാളുകൾ താനെ
ഉണ്ടാകുമെന്നും അവർ പറയുന്നു.

ഒമ്പതുവയസുകാരി ശീലാബതി മർമു, സുഹൃത്തുക്കൾക്കൊപ്പം തന്റെ ക്ലാസിൽ; സമീപത്തുള്ള സർക്കാർ സ്കൂളിലേക്ക് പോവുന്നതിന് മുൻപും, അവിടെനിന്ന് വന്നതിനുശേഷവും അവർ ഈ സ്കൂളിലെത്തും

തന്റെ
ചെറിയ കുടിലും സമീപത്ത് നിൽക്കുന്ന
വലിയ
ദേശീയപതാകയും വരയ്ക്കുന്ന ശീലാബതി

പ്രഭാതഭക്ഷണത്തിന് കാത്തുനിൽക്കുന്ന തന്റെ വിദ്യാർഥികളുടെ (പശ്ചാത്തലത്തിൽ) വരയ്ക്കാനുള്ള കഴിവിനെ എങ്ങനെ അളക്കുമെന്ന ചിന്തയിൽ നിൽക്കുന്ന റേബ മർമു (നിൽക്കുന്നയാൾ, നീളംകുറഞ്ഞ മുടി)

കുട്ടികൾ സ്വന്തമായി കളികൾ കണ്ടുപിടിക്കുന്നു. ഉണങ്ങിയ വൈക്കോൽക്കൊനയിലേക്ക്
ഉയരത്തിൽനിന്ന് ചാടുന്നത് അവർക്ക് പ്രിയപ്പെട്ട വിനോദമാണ്. –വളരാനുള്ള സ്വാതന്ത്ര്യം
നൽകുന്ന
സ്കൂൾ പരിസരത്ത്

13-കാരി അഞ്ജലി മണ്ഡി ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. തന്റെ ഇളയ സഹോദരങ്ങളെ നോക്കുന്ന ജോലിയും അവൾക്കാണ്

കസിൻ സഹോദരിയായ മനിക (11) മർമുവിനൊപ്പം നാലുവയസുകാരൻ ബാലു ഹെംബ്രാമും ക്രഷിൽ കളിയ്ക്കാൻ പോകുന്ന വഴി ദിവസവും സ്കൂളിലെത്തും. സ്കൂളിൽ പോകാനുള്ള പ്രായം വരെ കാത്തിരിക്കാനുള്ള ക്ഷമ അവനില്ല

അധ്യാപികയായ മാല ഹൻസ്ഡയെ ഹോം വർക്ക് കാണിക്കാനുള്ള വിദ്യാർഥികളുടെ തിരക്ക്. ബങ്കുര സർവകലാശാലയിൽ നിന്ന് ഫിലോസഫിയിൽ നിന്ന് എംഎ നേടിയയാളാണ് ചട്ട്ന പട്ടണത്തിൽനിന്നുള്ള മാല. സർക്കാർ ജോലിക്കായുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുമുണ്ട്. റെബാദിയുടെ സ്കൂളിൽനിന്ന് സമ്പാദിക്കുന്ന 2000 രൂപ മാലയ്ക്ക് ഏറെ സഹായകരമാണ്

എൻജിഒ വഴി ലഭിച്ച തന്റെ ആദ്യ ജോടി ഷൂസിനൊപ്പം ഇതുവരെ പേരിടാത്ത ഒരു കൊച്ചുപെൺകുട്ടി, കൗട്ടിയ എന്ന പേരിലാണ് അവൾ അറിയപ്പെടുന്നത്

കുട്ടികൾക്ക് എക്സെർസൈസ് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന റേബ മുർമു. എല്ലാം സൗജന്യമായി നൽകുന്നുവന്നതിനാലാണ് രക്ഷിതാക്കൾ സ്കൂളിനെ പൂർണമായും പിന്തുണയ്ക്കുന്നത്

പുസ്തകവും പാഠവുമായി എട്ടുവയസുകാരി ബിനാത ഹെംബ്രാം. എപ്പോഴും ചിരിച്ച മുഖമാണ് അവർക്ക്

ബീജഗണിതം പഠിക്കണം, ഡോക്ടറാകണം 11കാരി പിയാലി കിസ്കുവിന്റെ ആഗ്രഹമിതാണ്. വളരെ കുറച്ച് ഭൂമി മാത്രമാണ് പിയാലിയുടെ മാതാപിതാക്കൾക്ക് സ്വന്തമായുള്ളത്. എന്നാൽ ഈ സ്കൂൾ വലിയ സ്വപ്നങ്ങൾ കാണാൻ അവൾക്ക് ചിറകുനൽകുന്നു

ഒരു പെൺകുട്ടിയുടെ സ്വന്തം ചിത്രവും ചുറ്റുപാടും

ഗ്രാമത്തിലെ ദ്വാരകേശ്വർ നദിയുടെ മണൽത്തീരത്തേക്കുള്ള വിനോദയാത്രകൾക്കായി വിദ്യാർഥികൾ കാത്തിരിക്കുകയാണ്
2017 മുതൽക്ക് റേബ മുർമുവിന്റെ സ്കൂളിന് പെന്നുകളും പെൻസിലുകളും നോട്ടുബുക്കുകളും ചിത്രം വരയ്ക്കാനുള്ള കടലാസ്സുകളും കമ്പിളികളും ഷൂസുകളും ബുക്കുകളും നൽകി സഹായിക്കുന്ന ഒരു സംഘത്തിന്റെ ഭാഗമാണ് ലേഖിക. കുട്ടികളുടെ ദൈനംദിന ഭക്ഷണത്തിന്റെ ചിലവ് വഹിക്കാനുള്ള പ്രതിമാസ ചിലവുകളും അവർ നൽകുന്നു. സന്ദർശകർക്ക് താമസിക്കാനായി തന്റെ വീട്ടിലെ രണ്ട് മുറികൾ മുർമു മോടി പിടിപ്പിച്ചിട്ടുണ്ട്. കുട്ടികളുള്ള സുഹൃത്തുക്കളും ബന്ധുക്കളും ചചൻപുരിൽ പോയി അവിടെ താമസിക്കാൻ സമയം കണ്ടെത്തണമെന്ന് സംഘം ആഗ്രഹിക്കുന്നു. റേബാദിയുടെ കുട്ടികളുമായി സ്വന്തം കുട്ടികൾ സൌഹൃദത്തിലേർപ്പെടുന്നതിനും, ‘സ്വന്തം നഗരത്തിന് പുറത്തുള്ള സന്തോഷങ്ങളും സമ്മർദ്ദങ്ങളും അവർക്ക് മനസ്സിലാവാൻ’ അത് സഹായിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
പരിഭാഷ: അശ്വതി ടി കുറുപ്പ്