ഒരു തെളിഞ്ഞ തിങ്കളാഴ്ച രാവിലെ 7 മണിയോടെ വന്ദന കോലിയും ഗായത്രി പാട്ടീലും മുംബൈയിലെ സസൂൻ ഡോക്കിലെ ജെട്ടിയിൽ മത്സ്യങ്ങളും വഹിച്ചു കൊണ്ടുള്ള ബോട്ട് എത്തിയിട്ടുണ്ടോ എന്നതും നോക്കി ആശങ്കയോടെ കാത്തിരിക്കുകയായിരുന്നു.
ഏകദേശം 2 കിലോമീറ്റർ അകലെ കോളാബയിലെ കോലിവാഡ പ്രദേശത്തുള്ള തങ്ങളുടെ വീട്ടിൽ നിന്നും മീനെടുക്കുന്നതിനായി ഡോക്കിൽ എത്തിയതായിരുന്നു അവർ ഇരുവരും. ആഴ്ചയിൽ അഞ്ച് ദിവസം ഇതവരുടെ ദിനചര്യയാണ് - ഇവിടെനിന്നും പുതിയ മീൻ വാങ്ങി വീടിനടുത്തുള്ള ചന്തയിൽ വച്ച് വിൽക്കുക (ചൊവ്വാഴ്ചയും വ്യാഴാഴ്ചയും പലരും മത്സ്യം കഴിക്കില്ല, അതിനാൽ കച്ചവടം കുറവാണ്).
"കച്ചവടം കൂടുതലായി നടക്കുന്നത് ഞായറാഴ്ചകളിലാണ്, പക്ഷെ ഇന്നലെ എനിക്ക് ലാഭമൊന്നും കിട്ടിയില്ല. ആ നഷ്ടം നികത്തണം, അല്ലെങ്കിൽ ഈ ആഴ്ച റേഷൻ വാങ്ങാൻ ഞങ്ങൾ ബുദ്ധിമുട്ടും”, 53-കാരിയായ വന്ദന പറഞ്ഞു. അവരും 51-കാരിയായ ഗായത്രിയും കോലി സമുദായത്തിൽ (മഹാരാഷ്ട്രയിൽ പിന്നോക്ക വിഭാഗമായി പെടുത്തിയിരിക്കുന്നു) പെട്ടവരും 28 വർഷങ്ങളായി അടുത്ത സുഹൃത്തുക്കളുമാണ്.
ജെട്ടിയിലേക്ക് ബോട്ടുകൾ എത്താൻ തുടങ്ങി. അവിടെ കാത്തു നിൽക്കുകയായിരുന്ന 40-50 സ്ത്രീകൾ മത്സ്യ ലേലക്കാർക്ക് (ബോട്ടുടമകളില് നിന്നും മീൻപിടുത്തക്കാരില് നിന്നും മീൻ വാങ്ങി വിൽക്കുന്ന ഇടനിലക്കാർ) ചുറ്റും കൂടാൻ തുടങ്ങി. " ഛൽ , ആത്താ ദേ 200 മധേ ” [വരൂ, 200 രൂപയ്ക്ക് തരൂ], വന്ദന പറഞ്ഞു. കുറച്ച് കൊഞ്ച് 240 രൂപയ്ക്ക് അവർ ഉറപ്പിച്ചു. കൂടുതൽ വിലപേശലുകൾക്കു ശേഷം രാവിലെ 9 മണിയോടെ വന്ദനയും ഗായത്രിയും കൊഞ്ച്, ചെമ്മീൻ, ബോംബിൽ എന്നിവയൊക്കെ വാങ്ങി. ഓരോ ദിവസത്തെയും നിരക്കനുസരിച്ച് അവർ മൊത്തത്തിൽ 7-10 കിലോ വരെ ഒരോ സമയവും വാങ്ങുന്നു.
വന്ദന ഗായത്രിക്ക് അടയാളം കൊടുത്തു: " ഘെട്ലാ , നിഘുയാ ” (കിട്ടി, നമുക്ക് പോകാം).”
‘ഇവിടെയുള്ള സ്ത്രീകൾ പരിശോധനയ്ക്ക് പോകാറില്ല, അവർ വേദന സംഹാരികൾ കഴിക്കുക മാത്രമേയുള്ളൂ. ആശുപത്രി ബില്ലുകൾ അടയ്ക്കാൻ അവരുടെ കൈയിൽ പണമില്ല. കൂടാതെ, കോവിഡ് കാരണം അവർക്ക് ഡോക്ടർമാരെ സന്ദർശിക്കാൻ ഭയമാണ്...’
"ഞങ്ങൾ കൂടുതൽ വാങ്ങുമായിരുന്നു. പക്ഷെ, കോവിഡ് ഞങ്ങളുടെ കച്ചവടം കുറച്ചു”, വന്ദന പറഞ്ഞു (കാണുക: Mumbai fishermen: no shelter from this storm ). "ആളുകൾ ഞങ്ങളുടെ പക്കൽ നിന്നും നേരത്തെ വാങ്ങിയിരുന്നതുപോലെ വാങ്ങില്ല”, സീത ശേൽക്കെയുടെ തലയിലേക്ക് നീല പ്ലാസ്റ്റിക് ടബ്ബ് വയ്ക്കാൻ സഹായിക്കുന്നതിനിടയിൽ അവർ കൂട്ടിച്ചേർത്തു. സസൂൻ ഡോക്കിലെ സീതയും മറ്റു ചുമട്ടുകാരും കോളാബയിലെ മീൻ ചന്തയിലേക്ക് ടബ്ബിലോ കുട്ടയിലോ മീൻ എത്തിക്കുന്നതിന് 40-50 രൂപയാണ് വാങ്ങുന്നത്. ആ ദിവസം ഗായത്രി അതുവഴി കടന്നുപോയ ഒരു അയൽവാസിയുടെ ഇരുചക്ര വാഹനത്തിലാണ് കുട്ട അയച്ചത്.
"നേരത്തെ ഞാൻ തന്നെ ഇത് തലയിൽ ചുമക്കുമായിരുന്നു. പക്ഷെ ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം എനിക്ക് അധികം ഭാരമെടുക്കാൻ സാധിക്കില്ല”, വന്ദന പറഞ്ഞു. ടബ്ബ് സീതയുടെ തലയിലായിക്കഴിഞ്ഞതിനു ശേഷം മൂന്ന് സ്ത്രീകളും രണ്ട് കിലോമീറ്റർ അകലെയുള്ള ചന്തയിലേക്ക് നടന്നു. ഇടയ്ക്ക് ഒരു കോൾഡ് സ്റ്റോറേജിനു മുൻപിൽ മാത്രമാണ് അവർ നിന്നത്. രണ്ട് 10 രൂപ നോട്ടുകൾ കൊടുത്തുകൊണ്ട് വന്ദന അവിടെ നിന്നും ഒരു വലിയ കുട്ട നിറയെ പൊട്ടിച്ച ഐസ് വാങ്ങി.
2018 ഡിസംബറിൽ വന്ദനയ്ക്ക് ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നു. ഒരു രാത്രി നെഞ്ച് വേദന ഉണ്ടായതിനെത്തുടർന്ന് ഭർത്താവ് അവരെ തെക്കൻ മുംബൈയിലെ നാഗ്പാഡ പ്രദേശത്ത് സർക്കാർ നടത്തുന്ന ജെ.ജെ. ആശുപത്രിയിലേക്ക് കൊണ്ടുപോയി. വന്ദനയ്ക്ക് ഹൃദയാഘാതമാണ് ഉണ്ടായതെന്ന് അവിടെ നിന്നും കുടുംബത്തെ അറിയിച്ചു. "ശസ്ത്രക്രിയ കഴിഞ്ഞതു മുതൽ എനിക്ക് ഒരു ലിറ്റർ വെള്ളമെടുക്കാൻ പോലും സാധിക്കില്ല. കുനിയാനോ ഓടി നടന്ന് ജോലി ചെയ്യാനോ എനിക്ക് സാധിക്കില്ല. ആരോഗ്യസ്ഥിതി മോശമായിട്ടും എനിക്ക് കുടുംബത്തിനുവേണ്ടി ജോലി ചെയ്യേണ്ടി വരുന്നു”, അവർ പറഞ്ഞു.
ഗായത്രിയുടെ നേർക്ക് നോക്കിക്കൊണ്ട് അവർ പറഞ്ഞു: "എല്ലാദിവസവും ഒരു ഡബ്ബയുമായി [ഭക്ഷണവുമായി] അവൾ ആശുപത്രിയിൽ വന്നിരുന്നു. എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവൾ എന്റെ ഭർത്താവിനും മകനുമുള്ള ഭക്ഷണം എത്തിച്ചിരുന്നു. അവൾ കടുത്ത ബുദ്ധിമുട്ടിലൂടെ കടന്നുപോയ സമയത്ത് ഞാൻ ചെയ്തതുപോലെ എൻറെ കുടുംബത്തെ അവൾ നോക്കിയിരുന്നു എന്നറിഞ്ഞത് ഒരു ആശ്വാസമായിരുന്നു. ഞങ്ങൾ രണ്ടുപേരും പാവപ്പെട്ടവരായതുകൊണ്ട് പരസ്പരം പണംനൽകി സഹായിക്കാൻ കഴിയില്ല. പക്ഷെ ഞങ്ങൾ എല്ലാകാലത്തും നല്ല സുഹൃത്തുക്കളായി നിന്നു.”
വൃക്ക മാറ്റിവയ്ക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയയെത്തുടർന്നുണ്ടായ പാട് എന്നെ കാണിക്കുന്നതിനായി ഗായത്രി സാരിത്തലപ്പ് കുറച്ച് താഴ്ത്തി. "എന്റെ മകൾക്ക് ഒരു വൃക്ക ആവശ്യമായിരുന്നു. ദൈവാനുഗ്രഹത്താൽ എന്റേത് പൂർണ്ണമായി ചേരുമായിരുന്നു”, അവർ പറഞ്ഞു. "പക്ഷെ അവൾ ഒരുപാട് സഹിച്ചു, അവൾ വേദനകൊണ്ട് കരയുമായിരുന്നു.”
2015 മെയ് മാസം ഗായത്രിയുടെ 25-കാരിയായ മകൾ ശ്രുതികയ്ക്ക് മുഴുവൻ സമയവും വിഷമത അനുഭവപ്പെട്ടു. കുടുംബം അവരെ പ്രദേശത്തുള്ള പല ക്ലിനിക്കുകളിലും കൊണ്ടുപോയി. പക്ഷെ പനി വീണ്ടും വന്നു കൊണ്ടേയിരുന്നു. അവരുടെ മുഖം കരുവാളിച്ച്, കാലുകൾ വീങ്ങി വരികയും ചെയ്തു. കുടുംബം അവരെ തെക്കൻ മുംബൈയിലുള്ള ഒരു സർക്കാർ ആശുപത്രിയിലേക്കും കൊണ്ടുപോയി. പക്ഷെ അവിടുത്ത ചികിത്സ അപര്യാപ്തമായിരുന്നു എന്ന് ശ്രുതിക പറഞ്ഞു. "എനിക്ക് ശരിക്കും വയ്യാതായി, അതുകൊണ്ട് ഒരിക്കലും അപകട സാദ്ധ്യത വരുത്തി വയ്ക്കാൻ ബാബ തയ്യാറല്ലായിരുന്നു. അതിനുശേഷം ഞങ്ങൾ [സ്വകാര്യ നടത്തിപ്പിലുള്ള] ബോംബെ ആശുപത്രിയിലേക്കു പോയി”, അവർ കൂട്ടിച്ചേർത്തു. രണ്ട് വൃക്കയും തകരാറിലാണെന്നും അവ മാറ്റിവയ്ക്കണമെന്നും അവിടെ വച്ച് ശ്രുതികയേയും കുടുംബത്തേയും അറിയിച്ചു.
ആശുപത്രിയിൽ 10 ദിവസവും, അണുബാധ മൂലണ്ടാകാവുന്ന അപകടം ഒഴിവാക്കാൻ കോലിവാഡയിലെ ഒരു വാടകമുറിയിൽ ഒറ്റപ്പെട്ട് മൂന്നു മാസവും ചിലവഴിച്ചതിനെത്തുടർന്ന് കുടുംബത്തിന് 10 ലക്ഷം രൂപ ചിലവായി. "അറിയാവുന്നവരിൽ നിന്നെല്ലാം മമ്മിക്കും ബാബയ്ക്കും പണം വായ്പ വാങ്ങേണ്ടി വന്നു. എന്നെ ഡയാലിസിസിന് വിധേയയാക്കി. ഞങ്ങളുടെ ബന്ധുക്കൾ സഹായിച്ചു. ബാബ തന്റെ തൊഴിൽ ദാദാക്കളിൽ ഒരാളിൽ നിന്ന് [മൂന്ന് ലക്ഷം രൂപ] വായ്പയെടുത്തു”, ശ്രുതിക പറഞ്ഞു. ഒരു എൻ.ജി.ഓ.യിൽ നിന്നും കുടുംബത്തിന് കുറച്ച് സാമ്പത്തിക സഹായം ലഭിച്ചു. "അദ്ദേഹം ഇപ്പോഴും വായ്പ തിരിച്ചടച്ചു കൊണ്ടിരിക്കുന്നു” എന്നും ശ്രുതിക കൂട്ടിച്ചേർത്തു.
ശസ്ത്രക്രിയയ്ക്കു ശേഷം ഗായത്രിയോടും ശ്രുതികയോടും ഡോക്ടർ ഉപദേശിച്ചത് വലിയ ഭാരം ഉയർത്തരുതെന്നാണ്. "സാധനങ്ങൾ ഉയർത്താതെ ഞാനെങ്ങനെ ജോലി ചെയ്യും? എല്ലാ മാസവും മകളുടെ മരുന്നുകൾക്കായി എനിക്ക് പണം ചെലവാക്കണം", ഗായത്രി പറഞ്ഞു. അതിന് ഏകദേശം 5,000 ആകും. "ഒരു ഗുളിക കഴിക്കുന്നത് അവൾക്ക് നിർത്താൻ പോലും സാധിക്കില്ല. അതവൾക്ക് വേദനാജനകമാണ്. ഓരോ രൂപയും സൂക്ഷിക്കാനായി മാറ്റിവയ്ക്കണം. ചില ദിവസങ്ങളിൽ എന്റെ പുറവും കാലുകളുമൊക്കെ നന്നായി വേദനിക്കും. പക്ഷെ ഞാൻ മാത്രമല്ല, മിക്ക സ്ത്രീകളും വേദനയെടുത്താണ് ജോലി ചെയ്യുന്നത്. വന്ദുവിനും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.”
"ഇവിടെയുള്ള സ്ത്രീകൾ പരിശോധനയ്ക്ക് പോകാറില്ല, അവർ വേദന സംഹാരികൾ കഴിക്കുക മാത്രമേയുള്ളൂ. ആശുപത്രി ബില്ലുകൾ അടയ്ക്കാൻ പോലും അവരുടെ കൈയിൽ പണമില്ല. കൂടാതെ, കോവിഡ് കാരണം അവർക്ക് ഡോക്ടർമാരെ സന്ദർശിക്കാൻ ഭയമാണ്. കോലിവാഡയ്ക്കകത്ത് ഒരു ചെറിയ [സ്വകാര്യ] ക്ലിനിക്ക് മാത്രമേയുള്ളൂ. അവിടെയെപ്പോഴും തിരക്കാണ്. അതും ലോക്ക്ഡൗണിന്റെ സമയത്ത് [കഴിഞ്ഞ വർഷം] അടച്ചു”, ഗായത്രി കൂട്ടിച്ചേർത്തു. ഞങ്ങളുടെ ആളുകൾ ഒരുപാട് അനുഭവിച്ചു. ആളുകൾ വിചാരിക്കുന്നത് കോലികൾ സമ്പന്നരാണെന്നാണ്. പക്ഷെ ഞങ്ങളുടെ സമുദായത്തിൽ പാവപ്പെട്ട ആളുകളുമുണ്ട്. ലോക്ക്ഡൗണിന്റെ നന്മയത്ത് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിച്ചത് ഒരു നല്ല ദിവസമെങ്കിലും ഞങ്ങൾക്ക് നൽകണേ എന്നാണ്. ഡോക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. ഉള്ളിയോ ഉരുളക്കിഴങ്ങോ പോലും ഞങ്ങൾക്ക് വീട്ടിൽ ഉണ്ടായിരുന്നില്ല – അതായിരുന്നു ഞങ്ങളുടെ അവസ്ഥ. പരിപ്പ് കഴിച്ചാണ് ഞങ്ങൾ കഴിഞ്ഞു കൂടിയത്.
വളരെ ഇടുങ്ങിയ വഴികളുo അതിന്റെ ഏതെങ്കിലും ഒരു വശത്ത് ഒന്നോ രണ്ടോ നിലകളിൽ ചെറിയ കെട്ടിടങ്ങളുമുള്ള അവരുടെ പ്രദേശത്ത് 800 കുടുംബങ്ങളും 4122 വ്യക്തികളും താമസിക്കുന്നു (മറൈൻ ഫിഷറീസ് സെൻസസ് 2010). കഴിഞ്ഞ വർഷം കുറച്ചു കാലത്തേക്ക് കോളാബയുടെ ചില ഭാഗങ്ങൾ കോവിഡ് 'കണ്ടെയ്ൻമെന്റ് സോൺ’ ആയിരുന്നതിനാൽ "ആരും കോലിവാഡയ്ക്കകത്തേക്കു വരികയോ പുറത്തേക്കു പോവുകയോ ചെയ്തിരുന്നില്ല. ഞങ്ങൾക്ക് റേഷൻ നൽകാൻ വന്നവരെ പോലും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. അത് ബുദ്ധിമുട്ട് നിറഞ്ഞ ഒരു സമയമായിരുന്നു. കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് ഞങ്ങൾ കുറക്കേണ്ടി വന്നു”, 2020 മാർച്ചിലെ ലോക്ക്ഡൗൺ സമയത്തെ ആദ്യ കുറച്ച് മാസങ്ങൾ ഓർമ്മിച്ചുകൊണ്ട് വന്ദന പറഞ്ഞു.
ജോലിയോ പണമോ ഇല്ലായിരുന്നതിനാൽ വിപണികൾ തുറന്നു കഴിഞ്ഞിട്ടും ഇവിടെയുള്ള ധാരാളം കുടുംബങ്ങൾക്ക് പച്ചക്കറികൾ വാങ്ങാൻ സാധിച്ചില്ല എന്നും അവർ കൂട്ടിച്ചേർത്തു. ലോക്ക്ഡൗണിനു മുൻപ് വന്ദനയും ഗായത്രിയും പ്രതിദിനം ഏകദേശം 500 രൂപ ഉണ്ടാക്കുമായിരുന്നു. കുറച്ചു കാലത്തേക്ക് അത് പൂജ്യമായി തീർന്നു. എന്തായാലും നിയന്ത്രണങ്ങൾ പ്രകാരം എല്ലാ വർഷവും മെയ് 21 മുതൽ ഓഗസ്റ്റ് 1 വരെ എല്ലാ മത്സ്യ ബന്ധന പ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ടതാണ്. അതിനു ശേഷം, കഴിഞ്ഞ വർഷം സെപ്തംബർ 1 മുതൽ, അവരുടെ വരുമാനം ആഴ്ചയിൽ 5 ദിവസം പ്രതിദിനം 300 രൂപയായിരുന്നു.
രാവിലെ ഏകദേശം പത്തരയോടെ ഞങ്ങൾ ചന്തയിലേക്ക് നടക്കുകയായിരുന്നു. രണ്ടു സുഹൃത്തുക്കളും അവരുടെ സ്റ്റാളുകൾ തയ്യാറാക്കിയിരിക്കുന്ന സ്ഥലത്ത് ഞങ്ങൾ എത്തിയപ്പോൾ ഗായത്രിയുടെ പഴയ തൊഴിൽ ദാദാക്കളിൽ ഒരാളെ അവർ കണ്ടുമുട്ടി. വീട്ടുജോലികൾ എന്തെങ്കിലും ലഭിക്കാനുണ്ടോ എന്ന് ഗായത്രി അവരോട് ചോദിച്ചു. പിന്നീട് ദൈനംദിന ചിലവുകളെപ്പറ്റി സംസാരിക്കാനും തുടങ്ങി. "എല്ലാ മാസവും 6,000 രൂപ മാസവാടക നൽകുന്നത് കൂടാതെ ഞങ്ങൾ സ്റ്റാൾ ഇട്ട് മീൽ വിൽക്കുന്ന സ്ഥലത്തിന് പ്രതിദിനം 200 രൂപ വീതം നൽകണം. ഞങ്ങളുടെ ഭർത്താക്കന്മാർക്കും ആൺമക്കൾക്കും ജോലിയില്ല”, വന്ദന പറഞ്ഞു.
അവരുടെ ഭർത്താവ് 59-കാരനായ യശ്വന്ത് കോലിയും ഗായത്രിയുടെ ഭർത്താവ് 49-കാരനായ മനോജ് പാട്ടീലും സസൂൻ ഡോക്കിൽ വല നന്നാക്കുന്ന തൊഴിലാളികളായിരുന്നു. 2020 മാർച്ചിൽ ലോക്ക്ഡൗൺ തുടങ്ങുന്നതിനു മുൻപ് അവർ പ്രതിദിനം 200-300 രൂപയ്ക്ക് പണിയെടുക്കുമായിരുന്നു. വന്ദന പറയുന്നത് അവരുടെ ഭർത്താവ് ഇപ്പോൾ മദ്യപിച്ച് സമയം ചിവഴിക്കുകയാണെന്നും ജോലി ഒരു തരത്തിലും വീണ്ടും തുടങ്ങുന്നില്ലെന്നുമാണ്. ഗായത്രിയുടെ ഭർത്താവിന്റെ ഇടത് കൈക്ക് കഴിഞ്ഞ വർഷം ജനുവരിയിൽ പരിക്ക് പറ്റി. അതിനു ശേഷം അധികനേരം വല നന്നാക്കാൻ അദ്ദേഹത്തിന് സാധിക്കില്ല.
വന്ദനയുടെയും ഗായത്രിയുടെയും പുത്രന്മാരായ 34-കാരനായ കുനാലും 26-കാരനായ ഹിതേശും ഒരു ഭക്ഷണ വിതരണ കമ്പനിയിൽ പ്രതിമാസം 3,000-4,000 രൂപയ്ക്ക് വിതരണക്കാരായി ജോലി ചെയ്യുകയായിരുന്നു. പക്ഷെ, ലോക്ക്ഡൗണിന്റെ സമയത്ത് ജോലി നഷ്ടപ്പെട്ട അവർ തൊഴിൽ രഹിതരായി തുടരുന്നു. ഈ വർഷം ജൂണിൽ കോളാബയിലെ ഒരു ഷൂ വിൽപ്പന കടയിൽ പ്രതിമാസം 5,000 രൂപയ്ക്ക് ശ്രുതിക ഒരു ജോലി കണ്ടെത്തി.
ഞങ്ങൾ ചന്തയിൽ എത്തിയപ്പോൾ വന്ദന സീതയ്ക്ക് മീൻ ചുമന്നതിന്റെ പണം നൽകി അതുവഴി പോയ ഒരാളുടെ സഹായത്തോടെ അവരുടെ തലയിൽ നിന്നും മീൻ ഇറക്കി വച്ചു. ഒരുപാടുപയോഗിച്ച ഒരു വലിയ തെർമോകോൾ പെട്ടി നിലത്ത് വയ്ക്കുകയും അതിനു മുകളിൽ ഒരു തടിപ്പലക വയ്ക്കുകയും ചെയ്തശേഷം അവർ മീനുകൾ മുഴുവൻ അതിൽ നിരത്തി. അപ്പോൾ രാവിലെ ഏകദേശം 11 മണി ആയിരുന്നു. അവർ ഉപഭോക്താക്കളോടായി വിളിച്ചു പറഞ്ഞു: ‘ഘേ ഗാ തായി’, ‘തായി, ഇഥേ യേ’, ‘ഘേ രെ, മാഉശി’
ഗായത്രിയും സ്റ്റാൾ തയ്യാറാക്കി ഉപഭോക്താക്കളെ നോക്കാൻ തുടങ്ങി. ഏകദേശം ഒരു മണിയോടു കൂടി കോളാബയിലെ അടുത്തുള്ള ഒരു അപ്പാർട്ട്മെന്റിലെ വീട്ടുജോലിക്കായി അവർക്കു പോകേണ്ടതുണ്ട്. മീൻ വിൽപ്പനയിൽ നിന്നും വരുമാനം കുറവായതിനാൽ അവർ 2020 സെപ്തംബറിൽ കുറച്ചു വീടുകളിൽ പാചക, ശുചീകരണ ജോലികളും ആരംഭിച്ചു. 5 മണിക്കൂർ ജോലിയിൽ നിന്നും അവർ പ്രതിമാസം 4,000 രൂപയുണ്ടാക്കുന്നു. "ലോക്ക്ഡൗൺ സമയത്ത് ഒരു മാഡം എനിക്ക് ഒരു രൂപ പോലും തന്നില്ല. ഞാനൊരു താത്കാലിക ജോലിക്കാരിയാണ്. മറ്റ് രക്ഷയൊന്നുമില്ലാത്തത് കൊണ്ടാണ് എനിക്കിത് ചെയ്യേണ്ടി വരുന്നത്”, വന്ദനയെ തന്റെ സ്റ്റാൾ നോക്കാൻ ഏൽപ്പിച്ചിട്ട് അവർ പറഞ്ഞു. "അവൾ ഇതും ചെയ്തു കൊള്ളും. ഞങ്ങൾ പരസ്പരം ഇങ്ങനെ ചെയ്ത് സഹായിക്കുന്നു. അവൾക്ക് അരിയില്ലെങ്കിൽ ഞാൻ നൽകും. എനിക്ക് പരിപ്പില്ലെങ്കിൽ അവൾ നൽകും.”
ഏതാണ്ട് 4 ദശകങ്ങളായി വന്ദനയും ഗായത്രിയും മീൻ വിൽക്കുന്നു. മദ്ധ്യ മുംബൈയിലെ മഝ്ഗാവിലെ കോലിവാഡയിൽ ജനിച്ച് 28 വർഷങ്ങൾക്കു മുമ്പ് കോളാബയിലേക്ക് വിവാഹിതയായി എത്തിയതാണ് ഗായത്രി. വന്ദന എല്ലായ്പ്പോഴും കോളാബ കോലിവാഡയിൽ തന്നെയാണ് ജീവിച്ചത്.
ഉയരമുള്ള ചില കെട്ടിടങ്ങൾ ഒഴികെ തന്റെ ചുററുപാടുകൾക്ക് വലിയ വ്യത്യാസം വന്നിട്ടില്ലെന്ന് വന്ദന പറഞ്ഞു. “ഞാൻ വളർന്നത് ഈ തെരുവുകളിലാണ്. എന്റെ മാതാപിതാക്കളും മീൻ വിൽപ്പനക്കാരായിരുന്നു. ജീവിതം മുഴുവൻ ഞാൻ കഠിനാദ്ധ്വാനം ചെയ്തു. പക്ഷെ, എന്റെ മകനോ അല്ലെങ്കിൽ ഞങ്ങൾ കോലി ആളുകളുടെ ഒരു കുട്ടിക്കും അങ്ങനൊരു വിധിയുണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.”
പരിഭാഷ: റെന്നിമോന് കെ. സി.