“ഇപ്പോൾ കൊടുങ്കാറ്റടങ്ങി, ഞങ്ങളോടു പോകാൻ ആവശ്യപ്പെട്ടു”, കാളിദാസ്പൂർ ഗ്രാമവാസിയായ ആമിനാ ബീബി മെയ് അവസാനം എന്നോട് പറഞ്ഞു. "പക്ഷെ ഞങ്ങളെങ്ങോട്ട് പോകാനാണ്?"
ആ കൊടുങ്കാറ്റ്, അതായത് ഉംപുൻ ചുഴലിക്കാറ്റ്, ഒരുദിവസം മുമ്പ് പശ്ചിമബംഗാളിലെ ദക്ഷിണ 24 പർഗനാ ജില്ലയിലെ ആമിനയുടെ ഗ്രാമത്തിൽ നിന്നും 150 കിലോമീറ്റർ മാറി പതിച്ചിരുന്നു. പ്രാദേശിക ഭരണാധികാരികൾ നിരവധി ഗ്രാമങ്ങളിലെ കുടുംബങ്ങളെ ഒഴിപ്പിച്ച് അവരെ ദുരിതാശ്വാസക്യാമ്പുകളിലാക്കി. ആമിനയേയും കുടുംബത്തേയും ഈ വർഷം മെയ് 19-ന് അടുത്ത ഗ്രാമത്തിലെ താൽക്കാലിക മുറികളിലാക്കി.
സുന്ദർവനങ്ങളിലെ ഗോസാബ ബ്ലോക്കിൽ, 5,800 ആളുകൾ വസിക്കുന്ന ഗ്രാമത്തിലുള്ള ആമിനയുടെ മൺവീട് ചുഴലിക്കാറ്റ് തകർത്തുകളഞ്ഞു. കൂടെ അവരുടെ എല്ലാ വസ്തുവകകളും നശിച്ചു. എന്നാല്‍ ആമിനയ്ക്കും (48) അവരുടെ ഭർത്താവ് മൊഹമ്മദ് റംസാൻ മൊല്ലയ്ക്കും (56), 2 മുതൽ 16 വയസ്സുവരെ പ്രായമുള്ള 6 മക്കൾക്കും സുരക്ഷിതരാകാൻ സാധിച്ചു.
ചുഴലിക്കാറ്റടിക്കുന്നതിന് മുമ്പ് വെറും രണ്ടാഴ്ച മുമ്പാണ് മൊഹമ്മദ് മൊല്ല ഗ്രാമത്തിലേക്ക്
മടങ്ങിയെത്തിയത്. പ്രതിമാസം 10,000 രൂപ ശമ്പളത്തിൽ മഹാരാഷ്ട്രയിലെ പൂനെയിലെ ഒരു മാളിൽ ശുചീകരണ
തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഈ 56-കാരൻ. ഇത്തവണ നാട്ടിൽതങ്ങി അടുത്തുള്ള
മൊല്ല ഖാലി ബസാറിൽ ഒരു ചായക്കട തുടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി.
വീട്ടിലെ ജോലികളൊക്കെ പൂർത്തിയാക്കി അടുത്തുള്ള ഗോമോർ നദിയിൽ നിന്നും ഞണ്ടും മീനും പിടിച്ച് കുടുംബവരുമാനം വർദ്ധിപ്പിക്കാൻ ആമിന ശ്രമിച്ചിരുന്നു. താന്‍ അദ്ധ്വാനിച്ച് പിടിച്ച കുറച്ച് മീനുകള്‍ അവർ ബസാറിൽ വിൽക്കുമായിരുന്നു. "പക്ഷെ ദിവസം 100 രൂപപോലും ഇതിൽ നിന്നെനിക്ക് ഉണ്ടാക്കാൻ പറ്റിയിട്ടില്ല", അവർ എന്നോടു പറഞ്ഞു.
അവരുടെ ഏറ്റവും മൂത്ത കുട്ടിയായ റഖ്വിബ് അലി 2018-ൽ തന്റെ 14-ാം വയസ്സിൽ പഠനം നിർത്തി. "അബ്ബ വീട്ടിലേക്കയച്ച പണംകൊണ്ട് ഞങ്ങൾക്ക് കഴിഞ്ഞുകൂടാൻ പറ്റില്ലായിരുന്നു”, അവൻ പറഞ്ഞു. "അങ്ങനെ ഞാൻ ജോലി ചെയ്യാൻ തുടങ്ങി.” കോൽക്കത്തയിലെ ഒരു തയ്യൽക്കടയിൽ സഹായിയായി ജോലി ചെയ്ത് റഖ്വിബ് പ്രതിമാസം 5,000 ഉണ്ടാക്കിയിരുന്നു. കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത് ഉംപുൻ ചുഴലിക്കാറ്റടിച്ചപ്പോൾ അവൻ വീട്ടിലായിരുന്നു.
ആമിനയുടെ കുടുംബത്തിന്റെ മേഞ്ഞ മേൽക്കൂരയുള്ള മൺവീട് ഗോമോർ നദിയുടെ തീരത്താണ് സ്ഥിതി ചെയ്തിരുന്നത്. ഓരോ ചുഴലിക്കാറ്റ് അടിക്കുന്തോറും (സിദർ -2007, ഐല -2009, ബുൾബുൾ -2019) നദി അവരുടെ വീടിനോടടുത്തുകൊണ്ടിരിക്കുകയും സാവധാനം അവരുടെ മൂന്ന് ബിഘ (ഒരേക്കർ) ഭൂമി മുഴുവൻ മുങ്ങുകയും ചെയ്തു. വർഷത്തിലൊരിക്കൽ അവരവിടെ നെൽകൃഷി ചെയ്തിരുന്നു, കൂടെ കുറച്ച് പച്ചക്കറികളും. ഉംപുൻ അടിച്ചപ്പോൾ അവർക്കൊട്ടും ഭൂമി അവശേഷിച്ചിരുന്നില്ല.

ആമിന ബീബി തന്റെ തകർന്ന വീടിനോട് ചേര്‍ന്ന് 7 വയസ്സുകാരിയായ മകൾ രേശ്മ ഖാത്തൂനൊപ്പം
ഗ്രാമത്തിലെ വീടുകളും പാടങ്ങളും ഉംപുൻ നിമിത്തം മെയ് 20-ന് ഒരിക്കൽക്കൂടി
ഉപ്പുവെള്ളത്തിലാകുതിനു മുമ്പ് ആമിനയുടെ കുടുംബത്തെ (മറ്റു കുടുംബങ്ങളെയും) താൽക്കാലികമായി
ഛോട്ടാ മൊല്ല ഖാലി ഗ്രാമത്തിൽ പുനരധിവസിപ്പിച്ചു. ബിധ്യധരി, ഗോമോർ നദികളുടെ
ഇടിഞ്ഞുകൊണ്ടിരിക്കുന്ന തീരത്താണ് ഈ ഗ്രാമം. സംസ്ഥാന സർക്കാരും പ്രാദേശിക എൻ.ജി.ഓകളും
പാചകം ചെയ്ത ഭക്ഷണവും വെള്ളവും കുടുംബങ്ങൾക്ക് എത്തിച്ചു നൽകി. താൽക്കാലിക മുറികൾ ആളുകൾ
കൂടുതലുള്ളതും വൈദ്യുതിയില്ലാത്തതും കോവിഡ്-19 മഹാമാരിയുടെ സമയത്ത്
ശാരീരിക അകലം പാലിക്കാൻ സാധിക്കാത്തതുമായിരുന്നു.
"അവർ എത്ര നാൾ ഇവിടെ താമസിക്കും? ഒരുമാസം, രണ്ടുമാസം, പിന്നെ [പിന്നെയവർ എവിടെ പോകും]?" ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവിതരണം നടത്തുകയായിരുന്ന സുന്ദർബൻ നാഗരിക് മഞ്ച എന്ന പ്രാദേശിക സംഘടനയുടെ സെക്രട്ടറിയായിരുന്ന ചന്ദൻ മൈതി ചോദിച്ചു. "പുരുഷന്മാർക്ക് (ചെറുപ്പക്കാര്‍ക്ക് പോലും) ഉപജീവന മാർഗ്ഗങ്ങൾ തേടി നീങ്ങേണ്ടി വരും. കുടിയേറാൻ കഴിയാത്തവർ മീനും ഞണ്ടും തേനും കഴിച്ച്, അല്ലെങ്കിൽ നദികളേയും കാടിനേയും ആശ്രയിച്ച് കഴിയേണ്ടി വരും.”
വേലിയേറ്റവും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും മൂലമുള്ള ഉപ്പുവെള്ളം മൂലം സുന്ദർവന മേഖലകളിലെ നിവാസികൾക്ക് കഴിഞ്ഞ രണ്ട് ദശകത്തിലധികമായി വർദ്ധിതമാംവണ്ണം നിരവധിയേക്കർ കൃഷിഭൂമി നഷ്ടപ്പെട്ടു. ലോക വന്യജീവി നിധിയുടെ (World Wildlife Fund) 2020-ലെ ഒരുപഠനം ചൂണ്ടിക്കാണിക്കുന്നത് പ്രദേശത്തെ 85 ശതമാനത്തോളം നിവാസികളും ഓരോവർഷവും നെല്ല് മാത്രമാണ് കൃഷി ചെയ്തിരുന്നത് എന്നാണ്. പക്ഷെ ലവണത്വം മണ്ണിന്റെ ഉൽപാദനക്ഷമത നശിപ്പിക്കുകയും ശുദ്ധജല മത്സ്യങ്ങളെ ഇല്ലാതാക്കിക്കൊണ്ട് ശുദ്ധജല കുളങ്ങൾ വരണ്ടുപോകാൻ കാരണമാവുകയും ചെയ്യുന്നു. ഭൂമി വീണ്ടും കൃഷിക്ക് പ്രാപ്തമാകാൻ വർഷങ്ങളെടുക്കും.
"പാടങ്ങളിൽ 10-15 ദിവസങ്ങൾ വെള്ളം തങ്ങി നിൽക്കും”, നാംഖാന ബ്ലോക്കിലെ മൗസുനി ദ്വീപിലെ ബാലിയാറ ഗ്രാമത്തിൽ നിന്നുള്ള 52-കാരനായ അബു ജബൈയ്യർ അലി ഷാ പറഞ്ഞു. “ഉപ്പ് കാരണം ഈ ഭൂമിയിൽ വിളകൾ വളരില്ല, കുളത്തിൽ മീനുകളും വളരില്ല.” അലി ഷാ ചെമ്മീൻ വ്യാപാരിയാണ്. അടുത്തുള്ള നദികളിൽ നിന്ന് ചെമ്മീൻ പിടിക്കുന്ന ഗ്രാമീണരിൽ നിന്നും അദ്ദേഹം അവ വാങ്ങുകയും പ്രാദേശിക വിൽപനക്കാർക്ക് വിൽക്കുകയും ചെയ്യും.
അദ്ദേഹവും കുടുംബവും (എംബ്രോയ്ഡറി ജോലിയിൽ നിന്നും വളരെക്കുറച്ചെന്തെങ്കിലും ഉണ്ടാക്കുന്ന വീട്ടമ്മയായ ഭാര്യ റുഖൈയ ബീബിയും, 45, വീട്ടിലുള്ള രണ്ട് കുട്ടികളും) അവരുടെ മൂത്ത മകൻ 24-കാരനായ സാഹേബ് അലി ഷാ അയച്ചു നൽകുന്ന പണത്തെയും ആശ്രയിക്കുന്നു. സാഹേബ് കേരളത്തിൽ കൽപ്പണിക്കാരായി ജോലി ചെയ്യുന്നു. "അവനവിടെ മറ്റുള്ളവരുടെ വീടുകൾ ഉണ്ടാക്കുന്നു, അവന്റെ വീട് ഇവിടെ ഒലിച്ചു പോവുന്നു”, അബു ജബൈയ്യർ പറഞ്ഞു.
2014-നും 2018-നുമിടയിൽ ആകെ നടന്ന കുടിയേറ്റങ്ങളുടെ 64 ശതമാനവും കൃഷി സ്ഥായിയല്ലാതായി മാറിയതിനെത്തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഉണ്ടായതാണെന്ന് യു.എൻ ഭക്ഷ്യ കാർഷിക സംഘടനയുടെ ഡെൽറ്റ വൾ ന റബിലിറ്റി ആൻഡ് ക്ലൈമറ്റ് ചേഞ്ച് : മൈഗ്രേഷൻ ആൻസ് അഡാപ്ഷൻ എന്ന നിലവിലെ ഒരു ഗവേഷണ പ്രോജക്റ്റ് ഒരു പഠനത്തിൽ പറയുന്നു. അവിജിത് മിസ്ത്രി (അസ്സിസ്റ്റന്റ് പ്രൊഫസ്സര്‍, നിസ്താരിനി വനിത കോളേജ്, പുരുലിയ, പശ്ചിമ ബംഗാള്‍) 200 വീടുകളിൽ നടത്തിയ സമാനമായ മറ്റൊരു സർവേ കണ്ടെത്തിയത് സർവേ നടത്തിയ ഏതാണ്ട് നാലിൽ മൂന്ന് വീടുകളിൽ നിന്നും കുറഞ്ഞത് ഒരാൾ വീതമെങ്കിലും മറ്റു ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും തൊഴിൽതേടി കുടിയേറിയിട്ടുണ്ടെന്നാണ്.

ദക്ഷിണ 24 പർഗന ജില്ലയിലെ മൗസുനി ദ്വീപിലെ ബാലിയാറ ഗ്രാമത്തിലെ അബു ജബൈയ്യർ അലി ഷായ്ക്കും ഭാര്യ റുഖൈയ ബിനിക്കും അവരുടെ വീടും നഷ്ടപ്പെട്ടു. ഇവിടെ കാണുന്നത് അവരുടെ മകളായ അസ്മിന ഖാത്തൂൻ (14) അവളുടെ സഹോദരനായ സാഹേബ് അലി ഖാൻ (19) കാർഡുകൾ കൊണ്ടുനിർമ്മിച്ച വീടുമായി നിൽക്കുന്നതാണ്. സാഹേബ് കേരളത്തിൽ കൽപ്പണിക്കാരനായി ജോലി ചെയ്യുന്നു
കുടിയേറ്റം നിമിത്തം പ്രദേശത്തെ നിരവധി കുട്ടികൾക്ക് പഠനം ഉപക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്ന് പോബിത്ര ഗയേൻ എന്ന അദ്ധ്യാപിക ചൂണ്ടിക്കാണിക്കുന്നു. ഗോസാബ ബ്ലോക്കിലെ കുമിർമാരി ഗ്രാമത്തിലെ പ്രൈമറി സ്ക്കൂൾ അദ്ധ്യാപികയാണവർ. "നദി സാവധാനം ഞങ്ങളുടെ വീടുകളും ഭൂമിയും വിഴുങ്ങിയതുപോലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മണ്ഡലം സാവധാനം നഷ്ടപ്പെടുന്നു”, അവർ പറഞ്ഞു.
"കഴിഞ്ഞ 3-4 വർഷങ്ങൾക്കിടയിൽ അവസ്ഥ ചെറുതായി മെച്ചപ്പെട്ടു [2009-ലെ ഐലയ്ക്കു ശേഷം]”, ഘോരമാര പഞ്ചായത്തിലെ പ്രധാനായ സഞ്ജീബ് സാഗർ പറഞ്ഞു. "കുടിയേറിയ നിരവധിപേർ തിരിച്ചെത്തി [സുന്ദർവന പ്രദേശത്തേക്ക്] കൃഷി ചെയ്യാനും കുളങ്ങളിൽ മത്സ്യം വളർത്താനും ചെറുകിട ബിസിനസുകൾ ചെയ്യാനും തുടങ്ങി. പക്ഷെ, ആദ്യം ബുൾബുളും പിന്നെ ഉംപുനും വന്ന് എല്ലാം അവസാനിപ്പിച്ചു.”
തൊട്ടടുത്തുള്ള ഉത്തര 24 പർഗനാ ജില്ലയിൽ 56-കാരനായ നസ്റുൾ മൊല്ലയും 6 കുടുംബാംഗങ്ങളും ഉംപുൻ ചുഴലിക്കാറ്റിന്റെ നഷ്ടങ്ങളിൽ നിന്നും കരകയറിയതേ ഉണ്ടായിരുന്നുള്ളൂ. അവരുടെ മണ്ണുകൊണ്ടുണ്ടാക്കിയ മേഞ്ഞ വീട് തകർന്നിരുന്നു. കേരളത്തിൽ കൽപ്പണിക്കാരനായി ജോലി ചെയ്യുകയായിരുന്ന മൊല്ലയും കോവിഡ്-19 ലോക്ക്ഡൗണിനെ തുടർന്ന് ചുഴലിക്കാറ്റിന് ഏതാണ്ട് ഒരുമാസം മുമ്പ് മിനാഖാൻ ബ്ലോക്കിലെ ഉചിൽദാഹ ഗ്രാമത്തിലെ വീട്ടിൽ തിരിച്ചെത്തിയിരുന്നു.
മെയ് 21-ന്, ചുഴലിക്കാറ്റടിച്ച് ഒരു ദിവസത്തിനു ശേഷം, മേൽക്കൂരയായി ഉപയോഗിക്കാനുള്ള പ്ലാസ്റ്റിക് ഷീറ്റുകൾ വാങ്ങാനായി നസ്റുൾ പോയിരുന്നു (പ്രാദേശിക അധികാരികൾ വിതരണം ചെയ്യുന്നതായിരുന്നു അത്). നസ്റുളിന്റെ ഊഴമായപ്പോൾ ഷീറ്റുകൾ തീർന്നുപോയി. "ഞങ്ങളിപ്പോൾ യാചകരെക്കാൾ മോശം അവസ്ഥയിലാണ്”, അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. "ഈ ഈദ് [മെയ് 24] ആകാശത്തിന്റെ കീഴിൽ കടന്നു പോകും.”
പാഥർപ്രതിമ ബ്ലോക്കിലെ ഗോപാൽനഗർ ഉത്തർ ഗ്രാമത്തിലെ 46-കാരിയായ ഛബി ഭുനിയ അവരുടെ അച്ഛന്റെ തകർന്ന ഫോട്ടോ ഫ്രയിം പിടിച്ചുകൊണ്ട് നില്‍ക്കുകയാണ്. 2009-ൽ ഐല ചുഴലിക്കാറ്റിൽ കുടിൽ തകർന്നുവീണ് മരിച്ചതാണദ്ദേഹം. "ഈ ചുഴലിക്കാറ്റ് [ഉംപുൻ] ഞങ്ങളുടെ വീട് എടുക്കുക മാത്രമല്ല ചെയ്തത്, എന്റെ ഭർത്താവിനെ എന്നിൽ നിന്നകറ്റുകയും ചെയ്തു [മൊബൈൽ നെറ്റ്വർക്കുകൾ തകർന്നതു മൂലം]”, അവർ പറഞ്ഞു.
ഐല ചുഴലിക്കാറ്റ് അടിച്ച് അധികം താമസിയാതെ തമിഴ്നാട്ടിലേക്ക് കുടിയേറിയതാണ് ഛബിയുടെ ഭർത്താവായ ശ്രീധം ഭുനിയ. അവിടെയൊരു റെസ്റ്റോറന്റിൽ വെയ്റ്ററായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് പെട്ടെന്നുള്ള ലോക്ക്ഡൗൺ കാരണം വീട്ടിൽ തിരിച്ചെത്താൻ സാധിച്ചില്ല. "രണ്ട് ദിവസം മുമ്പാണ് ഞങ്ങൾ അവസാനമായി സംസാരിച്ചത്”, മെയ് മാസത്തിൽ എന്നോടു സംസാരിച്ച സമയത്ത് ഛബി പറഞ്ഞിരുന്നു. "വലിയ ബുദ്ധിമുട്ടിലാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞിരുന്നു – അദ്ദേഹത്തിന്റെ കൈയിലുള്ള പണവും ഭക്ഷണവും തീർന്നിരുന്നു.”
"വർഷങ്ങൾക്കു മുൻപ് ദേശാടന പക്ഷികൾ കൂട്ടംകൂട്ടമായി ഈ പ്രദേശം [സുന്ദർവനങ്ങൾ] സന്ദർശിച്ചിരുന്നു. അവയിനി വരില്ല. ഞങ്ങളിപ്പോൾ കുടിയേറ്റക്കാരായിത്തീർന്നു”, ഗോപാൽനഗർ ഉത്തറിലെ മൃദംഗഭംഗ (പ്രാദേശികമായി ഗോബോഡിയ എന്നു വിളിക്കുന്നു) എന്ന നദിയുടെ വരമ്പില്‍ നിന്നുകൊണ്ട് ഗ്രാമത്തിലെ മുതിർന്ന വ്യക്തിയായ 88-കാരൻ സനാതൻ സർദാർ പറഞ്ഞു.
പിൻകുറിപ്പ് : ഈ റിപ്പോർട്ടർ വീണ്ടും ആമിന ബീബിയേയും അവരുടെ കുടുംബത്തേയും ജൂലൈ 23 - ന് കണ്ടുമുട്ടിയപ്പോൾ അവർ ഗ്രാമത്തിലേക്ക് മടങ്ങിയിരുന്നു. വെള്ളം ഇറങ്ങി . മുളകളും പ്ലാസ്റ്റിക് ഷീറ്റുകളുംകൊണ്ട് അവർ താൽക്കാ ലിക കുടിലുകൾ നിർമ്മിച്ചു. അപ്പോഴും വീട്ടിലുണ്ടായിരുന്ന റംസാന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം ജോലിക്ക് പോകാൻ കഴിഞ്ഞില്ല. സ്വന്തം ചായക്കട തുടങ്ങാനുള്ള പണവും അദ്ദേഹത്തിനുണ്ടായില്ല.
നസ്റുൾ മൊല്ലയും കുടുംബവും , അതുപോലെ തന്നെ മറ്റുള്ളവരും , തങ്ങൾക്കു പറ്റുന്ന ഏറ്റവുംനല്ല രീതിയിൽ തകർന്ന വീടുകളും ജീവിതങ്ങളും പുനർനിർമ്മിക്കാൻ തുടങ്ങി.

‘ എത്രകാലം നിങ്ങൾക്ക് നിങ്ങളുടെ ഭൂമി ഒലിച്ചു പോകുന്നതും ഉപജീവന മാർഗ്ഗങ്ങൾ നഷ്ടപ്പെടുന്നതും നോക്കിനിൽക്കാൻ കഴിയും ?’ അസ്ഗർ അലി ഷാ ചോദിക്കുന്നു. ഘോരമാര ദ്വീപിലെ ചുൻപുരി ഗ്രാമത്തിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ് 15- കാരനായ അസ്ഗർ അലി . ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അവന്റെ ഗ്രാമം മുഴുവനായും മുങ്ങി

പൂയി ഞ്ജലി ഗ്രാമം , തുസ്ഖലി - അംതലി ദ്വീപ് , ഗോസാബ ബ്ലോക്ക് : മെയ് 20- ന് ഉണ്ടായ ഉംപുൻ ചുഴലിക്കാറ്റിനു ശേഷം ഏക്കറുകളോളം കൃഷിഭൂമി പ്രളയജലത്തിൽ മുങ്ങി

പാഥർപ്രതിമ ബ്ലോക്കിലെ ഗോപാൽ നഗർ ഉത്തർ ഗ്രാമത്തിലെ 46- കാരിയായ ഛബി ഭുനിയ തന്റെ അച്ഛൻ ശങ്കർ സർദാറിന്റെ തകർന്ന ഫ്രയിമുള്ള ഫോട്ടോയും പിടിച്ചു നിൽക്കുന്നു . 2009-ൽ ഐല ചുഴലിക്കാറ്റടിച്ചപ്പോൾ കുടിൽ തകർന്നുവീണ് മരിച്ചതാണ് അദ്ദേഹം

കേരളത്തിൽ കൽപ്പണിക്കാരനായി ജോലി ചെയ്യുകയായിരുന്ന മൊല്ല ചുഴലിക്കാറ്റിന് ഏതാണ്ട് ഒരുമാസം മുമ്പ് കോവിഡ്-19 ലോക്ക്ഡൗണിനെ തുടർന്ന് മിനാഖാൻ ബ്ലോക്കിലെ ഉചിൽദാഹ ഗ്രാമത്തിലെ വീട്ടിൽ തിരിച്ചെത്തി

സുവങ്കർ ഭുനിയ (14) പുർബ മേദിനി പുർ ജില്ലയിലെ ഒരു മത്സ്യബന്ധനകേന്ദ്രത്തിൽ രാത്രി കാവൽക്കാരനായി ജോലി നോക്കുന്നു. അവന്റെ അച്ഛൻ ബാബ്ലു ഭുനിയ (48) കേരളത്തിൽ നിർമ്മാണ മേഖല യിൽ ജോലി ചെയ്യുന്നു

ഘോരമാര ദ്വീപിലെ ചുൻ പുരി ഗ്രാമത്തിലെ തഹോമിന ഖാത്തൂൻ (21) ദുരിതാശ്വാസ ക്യാമ്പിൽ വിരിപ്പ് നെയ്യുന്നു. വേലിയറ്റ സമയത്ത് മുറിഗംഗ നദിയിൽനിന്നും ചെമ്മീൻ കുഞ്ഞുങ്ങളെ പിടിച്ച് പ്രതിദിനം 100 രൂപയിൽതാഴെ അവർ ഉണ്ടാക്കുമായിരുന്നു. അവരുടെ മാതാപിതാക്കൾ ആന്ധ്രാപ്രദേശിലെ ഒരു മത്സ്യബന്ധന കേന്ദ്രത്തിൽ കുടിയേറ്റ തൊഴിലാളികളായി പ്രവർത്തിക്കുന്നു

ഗോസാബ ബ്ലോക്കിലെ രംഗബേലിയ ഗ്രാമത്തിലെ ജമുന ജ നയും മറ്റുള്ളവരും ഒരു പ്രാദേശിക സംഘടന നൽകിയ റേഷൻ സാധനങ്ങൾ സ്വീകരിച്ചാണ് ഉം പു ൻ ചുഴലിക്കാറ്റിനു ശേഷം കഴിഞ്ഞുകൂടിയത്


ഇടത്: ഗോസാബ ബ്ലോക്കിലെ ഛോട്ടൊ മൊല്ല ഖാലി ദ്വീപിലെ കാളിദാസ്പൂർ ഗ്രാമത്തി ൽ നിന്നുള്ള സ്ത്രീകൾ ദുരിതാശ്വാസ സാധനങ്ങൾ ശേഖരിച്ചുകൊണ്ട് വീട്ടിലേക്ക് തിരിക്കുന്നു. വലത്: മൗസുനി ദ്വീപിലെ ബാലിയറ ഗ്രാമത്തിലെ കുട്ടികൾ വേലിയേറ്റ സമയത്ത് കളിക്കുന്നു. ഉത്തരാഖണ്ഡിലെ നെൽപ്പാടങ്ങളിൽ കുടിയേറ്റ തൊഴിലാളികളായി പ്രവർത്തിക്കുകയാണ് അവരുടെ അച്ഛൻമാർ

ദക്ഷിണ 24 പർഗനായിലെ പാഥർ പ്രതിമ ബ്ലോക്കിലെ ഗോപാൽനഗർ ഉത്തറിലെ ‘ഐല ബാന്ധി’ലൂടെ കുട്ടികൾ അവരുടെ അമ്മമാരോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നു. ഐല ചുഴലിക്കാറ്റിനു ശേഷം സുന്ദർ വന പ്രദേശത്തെ നദീതീരങ്ങളിൽ നിരവധി വരമ്പുകൾ കെട്ടിയിരുന്നു. ‘ ഐല ബാന്ധുകൾ ’ എന്നാണ് ഇവയെ പ്രാദേശികമായി വിളിക്കുന്നത്

ദക്ഷിണ
24
പർഗനായിലെ
കാകദ്വീപ് ബ്ലോക്കിലെ കാകദ്വീപ് ദ്വീപിലെ
46-
കാരിയായ പൂർണ്ണിമ മോണ്ഡൽ
തന്റെ മേഞ്ഞ വീടിനു മുന്നിൽ മക്കളിലൊരാളോടൊപ്പം നിൽക്കുന്നു
.
അവരുടെ
ഭർത്താവ്
52-
കാരനായ പ്രോവാസ് മോണ്ഡൽ
മഹാരാഷ്ട്രയിലെ നാസിക്കിൽ നിർമ്മാണ തൊഴിലാളിയാണ്. അടുത്തുള്ള നദിയിൽ നിന്നും പൂർണ്ണിമ
എല്ലാ ദിവസവും മീനും ഞണ്ടും പിടിക്കും
പരിഭാഷ: റെന്നിമോന്‍ കെ. സി.