മാറ്റം വരുത്തുന്നത്തിനും തയ്ക്കുന്നതിനുമായി ഒരുകൂട്ടം തുണികൾ മോഹിനി കൗറിന്‍റെ ചെറു മുളം ഷെഡ്ഡിലെ ഇടുങ്ങിയ കട്ടിലിൽ കിടന്നിരുന്നു. "എനിക്ക് അത്ര നന്നായി തയ്ക്കാൻ ഒന്നും അറിയില്ല, പക്ഷേ പറ്റുന്നതുപോലെ ഞാൻ ചെയ്യുന്നു”, ന്യൂഡൽഹിയിലെ സ്വരൂപ് നഗറിൽ നിന്നുള്ള 61-കാരി പറഞ്ഞു. 2020-ലാണ് അവർ സിംഘു സമരസ്ഥലത്തെത്തിയത്. "സമരം ചെയ്യുന്ന കർഷകർക്ക് സേവനം ചെയ്യാനാണ് ഞാനിവിടെ എത്തിയത്. അവർ ഞങ്ങൾക്ക് ഭക്ഷണത്തിന് വേണ്ടത് വളർത്തുന്നു, ഇതായിരുന്നു എനിക്ക് അവർക്ക് ചെയ്യാൻ പറ്റുമായിരുന്നത്”, അവർ പറഞ്ഞു. മോഹിനി തിരികെ വീട്ടിലേക്ക് പോയില്ല, ഒരിക്കൽപോലും – 2021 ഡിസംബർ 9-ന് കർഷക യൂണിയനുകൾ അവരുടെ സമരങ്ങൾ പിൻവലിക്കുന്നതുവരെ.

ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘുവിൽ സന്നദ്ധ പ്രവർത്തകയായുള്ള അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഞ്ചാബി ദിനപത്രമായ അജിത് വാർത്ത നൽകിയത് പഞ്ചാബിൽ നിന്നുള്ള വായനക്കാരനായ 22-കാരനായ ഹർജീത് സിംഗിനെ മോഹിനിക്ക് സഹായം നൽകാൻ പ്രേരിപ്പിച്ചു. ഈ വർഷം ജൂലൈയിൽ 22-കാരനായ ഹർജീത് സിംഗ് മോഹിനിയോടൊപ്പം ഷെഡ്ഡിൽ ജോലിക്കായി ചേർന്നു.

പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഖന്ന നഗരത്തിൽ ഹർജീതിന് സ്വന്തമായി ഒരു തയ്യൽ കടയുണ്ട്. അദ്ദേഹത്തിന്‍റെ കർഷകനായ അച്ഛൻ അവരുടെ നാലേക്കർ പാടത്ത് നെല്ല്, ഗോതമ്പ്, ചോളം എന്നിവ കൃഷി ചെയ്യുന്നു. "ഞാൻ എന്‍റെ കട എന്‍റെ രണ്ട് കൈപ്പണിക്കാരുടെ ഉത്തരവാദിത്തത്തിൽ ഏൽപ്പിച്ചിട്ട് ജൂലൈയിൽ മോഹിനിജിയെ സഹായിക്കാനായി സിംഘുവിലേക്കു പോന്നു. ഇവിടെ വലിയ ജോലിയൊന്നുമില്ല. എല്ലാം അവർക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയും.”

കട്ടിലും ജോലിചെയ്യാനുള്ള മേശയും കൂടാതെ 2 തയ്യൽ മെഷീനുകളും നിലത്ത് സ്ഥാപിക്കാവുന്ന ഒരു ഫാനും ഷെഡ്ഡിൽ ഉണ്ടായിരുന്നു. അതിനാൽ മുറിയിൽ സ്ഥലം കുറവായിരുന്നു. പാൽ തിളപ്പിച്ചിരുന്ന, കൊണ്ടു നടക്കാൻ പറ്റുന്ന, ഒരു ഗ്യാസ് കാനിസ്റ്റർ സ്റ്റൗ തറയിൽ ഉണ്ടായിരുന്നു. മോഹിനിയോടോ ഹർജിത്തിനോടോ സംസാരിക്കാൻ ഒരു സമയത്ത് ഒരാൾക്ക് മാത്രമേ അകത്ത് കടക്കാൻ പറ്റുമായിരുന്നുള്ളൂ. ‘ഉപഭോക്താക്കൾ’ – കർഷകരും സമരഭൂമിയിലെ മറ്റുള്ളവരും – വാതിൽക്കൽ നിന്നിരുന്നു.

The bamboo shed at Singhu, where Mohini Kaur set up her tailoring unit.
PHOTO • Namita Waikar
Harjeet Singh (left) and Mohini at their worktable
PHOTO • Namita Waikar

ഇടത്: മോഹിനി കൗർ തന്‍റെ തയ്യൽ സ്ഥാപനം നടത്തിയിരുന്ന സിംഘുവിലെ മുളം ഷെഡ് . വലത് : ഹർജീത് സിംഗും (ഇടത് ) മോഹിനിയും അവർ പണിയെടുക്കുന്ന മേശയിൽ

പണിമേശയുടെ ഒരറ്റത്ത് പുതിയ തുണിക്കെട്ടുകൾ അടുക്കിവെച്ചിരിക്കുന്നു. "ഇത് ശുദ്ധമായ പരുത്തിയാണ്. വില വിപണി നിരക്കിനു തുല്യമാണ്. ഞാൻ സിന്തറ്റിക്കുകൾ സൂക്ഷിക്കാറില്ല", ഒരു പ്രത്യേക തുണിയെക്കുറിച്ച് ചോദിച്ച ഒരാളോട് മോഹിനി പറഞ്ഞു. "മീറ്ററിന് 100 രൂപയാണ് ഇതിന്‍റെ വില.” തുണിയുടെ വില മാത്രമെ അവർ ഇടപാടുകാരിൽ നിന്നും വാങ്ങിയിരുന്നുള്ളൂ. സേവനം സൗജന്യമായിരുന്നു. ആളുകൾ തയ്യലിന് എന്തെങ്കിലും നൽകിയാൽ മാത്രം അവർ സ്വീകരിച്ചു.

മോഹിനിക്ക് 1987-ൽ ബംഗളൂരുവിൽ നിന്ന് നഴ്സിംഗ് പരിശീലനം ലഭിച്ചിരുന്നു. കുറച്ചു വർഷങ്ങൾ അവർ ആ ജോലി ചെയ്തിരുന്നു. അമ്മയായപ്പോൾ അത് ഉപേക്ഷിച്ചു. നിലവിൽ സ്വന്തമായി അദ്ധ്വാനിച്ചാണ് അവർ ജീവിക്കുന്നത്. 2011-ൽ അവരുടെ ഭർത്താവ് മരിച്ചു. ദക്ഷിണ-പശ്ചിമ ഡൽഹി ജില്ലയിലെ ദ്വാരകയുടെ പരിസരത്താണ് അവരുടെ വിവാഹിതയായ മകൾ താമസിക്കുന്നത്. കടുത്ത രീതിയിൽ ചിക്കൻ പോക്സ് ബാധിച്ച് 5 വർഷങ്ങൾക്ക് മുൻപ് മോഹിനിയുടെ മകൻ മരിച്ചു. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു അദ്ദേഹം അപ്പോൾ. "മകൻ മരിച്ചതിന്‍റെ ദുഃഖവുമായി പൊരുത്തപ്പെട്ട് പോവുക ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് ഞാൻ ചിന്തിച്ചു കർഷകരെ സഹായിക്കാമെന്ന്. അതെന്നെ ജോലി ചെയ്തുകൊണ്ടിരിക്കാൻ പ്രേരിപ്പിച്ചു. എനിക്ക് ഒറ്റപ്പെടൽ തോന്നിയുമില്ല.” ഹർജീത് അവരെ ‘അമ്മ’ എന്നാണ് വിളിച്ചത്. “ഞാനിപ്പോൾ അവരുടെ മകനാണ്”, അളവ് ടേപ്പ് കഴുത്തിലണിഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.

നവംബർ 26-ന് കർഷക സമരങ്ങളുടെ വാർഷിക അനുസ്മരണത്തിനായി ഒത്തുചേർന്ന കർഷകരുടെ (സ്ത്രീകളും പുരുഷന്മാരും) പ്രാർത്ഥനകളും പ്രസംഗങ്ങളും ഗാനങ്ങളും കരഘോഷങ്ങളും കൊണ്ട് സിംഘു സമരസ്ഥലത്തെ വേദി പ്രതിധ്വനിക്കുകയായിരുന്നു. പക്ഷേ മോഹിനിയും ഹർജീത്തും അവരുടെ പണിമേശയിൽ തിരക്കിട്ട ജോലിയായിരുന്നു - അളവെടുപ്പ്, തുണി മുറിക്കൽ, തയ്യൽ മെഷീൻ ചവിട്ടൽ എന്നിങ്ങനെ. ഭക്ഷണം കഴിക്കുന്നതിനും രാത്രി ഉറങ്ങുന്നതിനും (മോഹിനി തന്‍റെ ഷെഡ്ഡിലും ഹർജീത്ത് കുറച്ച് മാറിക്കിടക്കുന്ന ട്രാക്ടർ ട്രോളിയിലും) മാത്രമെ അവർ ഇടവേളകൾ എടുത്തിരുന്നുള്ളൂ.

ഭക്ഷണം കഴിക്കുന്നതിനും രാത്രി ഉറങ്ങുന്നതിനും മാത്രമേ അവർ ഇടവേളകൾ എടുത്തിരുന്നുള്ളൂ - മോഹിനി തന്‍റെ ഷെഡ്ഡിലും ഹർജീത്ത് കുറച്ച് മാറിക്കിടക്കുന്ന ട്രാക്ടർ ട്രോളിയിലും

വീഡിയോ കാണുക: സുമനസ്സുകളും ഉറച്ച കരങ്ങളും കർഷകർക്കുള്ള സേവനത്തിൽ

കർഷകർ സമരസ്ഥലത്ത് തുടരുന്നിടത്തോളം കാലം തയ്യൽ സേവനം തുടരണമെന്ന് മോഹിനിക്കും ഹർജീത്തിനും ഉണ്ടായിരുന്നു – അവരങ്ങനെ ചെയ്യുകയും ചെയ്തു. " സേവാ സെ കഭി ദിൽ നഹി ഭർത്ത ”, (എത്ര സേവനം ചെയ്താലും ഹൃദയം നിറയ്ക്കാൻ കഴിയില്ല) മോഹിനി പറഞ്ഞു.

കർഷകർ ഡൽഹി അതിർത്തികളിലെ സമര സ്ഥലങ്ങൾ വിടുമെന്ന് 2021 ഡിസംബർ 9-ന് കർഷക സമരങ്ങളുടെ 378-ാം ദിവസം സംയുക്ത കിസാൻ മോർച്ചയുടെ നേതാക്കൾ പ്രഖ്യാപിച്ചു. 2020 ജൂൺ 5-ന് ഓർഡിനൻസുകളായി പാസ്സാക്കിയ ഈ നിയമങ്ങളെ എതിർക്കുന്നതിനായാണ് കഴിഞ്ഞ വർഷം കർഷകർ സമര സ്ഥലങ്ങളിലേക്ക് പ്രവേശിച്ചത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.

പാസ്സാക്കിയ അതേ വേഗത്തിൽ തന്നെ 2021 നവംബർ 29-ന് ആ നിയമങ്ങൾ പിൻവലിക്കുകയും ചെയ്തു. താഴെപ്പറയുന്നവയാണ് അവ: വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 .

കേന്ദ്രസർക്കാർ തങ്ങളുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചതിനെത്തുടർന്ന് കർഷക യൂണിയനുകൾ 2021 ഡിസംബർ 29-ന് പ്രക്ഷോഭങ്ങൾ പിൻവലിച്ചു. പക്ഷെ, കുറഞ്ഞ താങ്ങുവില (Minimum Support Price - MSP) നിയമപരമായി ഉറപ്പാക്കുന്നതിനു വേണ്ട വിലപേശലുകൾ തുടരും എന്ന് അവർ പ്രഖ്യാപിച്ചു.

Mohini Kaur came to the Singhu protest site in November 2020 and volunteered to stitch and mend the protesting farmers' clothes. "They grow food for us, this was something I could do for them," she says
PHOTO • Namita Waikar

സമരം ചെയ്യുന്ന കർഷകരുടെ വസ്ത്രങ്ങൾ തുന്നുന്നതിനും നന്നാക്കുന്നതിനുമാ യി ോഹിനി കൗർ 2020 നവംബറിലാണ് സമരഭൂമിയിൽ എത്തിയത്. " അവർ നമുക്ക് വേണ്ട ഭക്ഷണം ഉണ്ടാക്കുന്നു . ഇതാണ് എനിക്ക് അവർക്ക് തിരിച്ചു നൽകാനുള്ള ത് ”, അവർ പറഞ്ഞു

സിംഘുവിൽ നിന്നും ഏകദേശം 40 കിലോമീറ്റർ മാറി പശ്ചിമ ഡൽഹിക്കടുത്ത് ടിക്രി അതിർത്തിയിലുള്ള സമര സ്ഥലത്ത് ഡോ. സാക്ഷി പന്നു രാവിലെ 9 മണി മുതൽ ഉച്ച കഴിഞ്ഞ് 3 മണി വരെ ആഴ്ചയിൽ എല്ലാ ദിവസവും ഒരു ക്ലിനിക്ക് നടത്തുകയായിരുന്നു. "ഏതു ദിവസവും നൂറിലധികം രോഗികളെ ഇവിടെ ഞാൻ നോക്കുന്നു. മിക്കവരും തണുപ്പിനും പനിക്കുമുള്ള മരുന്നുകളാണ് ചോദിച്ചത്. ചിലർക്ക് പ്രമേഹവും ഉയർന്ന രക്തസമ്മർദവും ഉണ്ടായിരുന്നു. ഇവിടെ സമരകേന്ദ്രത്തിൽ താമസിക്കുമ്പോൾ മിക്കവരുടേയും വയർ പ്രശ്നമാകുന്നു”, അവർ പറഞ്ഞു.

ഞങ്ങൾ സാക്ഷിയെ നവംബറിൽ കണ്ടുമുട്ടുമ്പോൾ സ്ഥിരമായി രോഗികൾ ക്ലിനിക്കിലേക്ക് വരുന്നുണ്ടായിരുന്നു. ചുമയ്ക്കുള്ള മരുന്നിനായി അടുത്ത ദിവസം വരാൻ അവർ ഒരു മനുഷ്യനോട് പറഞ്ഞു, കാരണം അത് തീർന്നു പോയിരുന്നു. ക്ലിനിക്കിന് വേണ്ട മരുന്നുകളും സാധനങ്ങളും ഗ്രാമീണ ഹരിയാനയിൽ നിന്നുള്ള ഉസ്മ ബൈഠക് എന്ന സാമൂഹ്യ സേവന സംഘടനയാണ് അവർക്ക് നൽകിയത്.

ഒരുപാട് സമയം ക്ലിനിക് തുറന്ന് പ്രവർത്തിക്കുവാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് സാക്ഷി പറഞ്ഞു. പക്ഷെ, "എനിക്ക് വീട്ടിൽ 18 മാസം പ്രായമുള്ള മകൻ വസ്തികിനൊപ്പം സമയം ചിലവഴിക്കണമായിരുന്നു. എനിക്ക് അവനെ നോക്കണമായിരുന്നു.” അവർ ക്ലിനിക്കിൽ തിരക്കായിരിക്കുമ്പോൾ (ഈ വർഷം ഏപ്രിൽ മുതൽ അവർ സന്നദ്ധ പ്രവർത്തനം നടത്തുന്നു) സമരത്തെ പിന്തുണച്ചിരുന്ന അവരുടെ ഭർതൃ മാതാപിതാക്കൾ പേരമകനെ നോക്കുമായിരുന്നു. ക്ലിനിക്കിൽ നിന്നും കുറച്ചു മാത്രം അകലെ അവർ പ്രാർത്ഥനകളിലും യോഗങ്ങളിലും പങ്കെടുക്കുകയും ചെയ്യുമായിരുന്നു.

അവരുടെ മുത്തശ്ശൻ ജമ്മുവിൽ ഒരു കർഷകനായിരുന്നു. ഭർതൃ മാതാപിതാക്കൾ ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഝമോല ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു. "ഞങ്ങൾക്ക് ഇപ്പോഴും ഗ്രാമത്തിൽ നല്ല വേരുകളുണ്ട്. അവരുടെ ആവശ്യങ്ങളെയും കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരത്തെയും പിന്തുണയ്ക്കുകയും ചെയ്യുന്നു”, സാക്ഷി പറഞ്ഞു.

The free health clinic (left) that was set up for  farmers camping at the Tikri border site. Dr. Sakshi Pannu (in the pink dress) ran it every day since April
PHOTO • Namita Waikar
The free health clinic (left) that was set up for  farmers camping at the Tikri border site. Dr. Sakshi Pannu (in the pink dress) ran it every day since April
PHOTO • Amir Malik

ടിക്രി അതിർത്തി സ്ഥലത്ത് തങ്ങിയ കർഷകർക്കുവേണ്ടി സ്ഥാപിച്ചിരിക്കുന്ന സൗജന്യ ആരോഗ്യ ക്ലിനിക്ക് ( ഇടത് ). ഏപ്രിൽ മുതൽ ഈ ക്ലിനിക്ക് . സാക്ഷി പന്നു ( പിങ്ക് വസ്ത്രം ) എല്ലാ ദിവസവും നടത്തുകയായിരുന്നു

സാക്ഷിയുടെ വീട് ടിക്രി സമര ഭൂമിയിൽ നിന്നും ഏകദേശം 5 കിലോമീറ്റർ മാറി ഹരിയാനയിലെ ബഹദൂർഗഢ് പട്ടണത്തിലാണ് (അവിടെയവർ മകൻ വസ്തിക്, ഭർത്താവ് അമിത്, അദ്ദേഹത്തിന്‍റെ മാതാപിതാക്കൾ എന്നിവരോടൊത്ത് താമസിക്കുന്നു). 2018-ൽ ന്യൂഡൽഹിയിലെ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. ബിരുദം പൂർത്തിയാക്കിയതിനു ശേഷം സാക്ഷി കോളേജിന്‍റെ തന്നെ ആശുപത്രിയിൽ ഒരുവർഷം ജോലി ചെയ്തു. മകൻ വളർന്ന് കഴിഞ്ഞ് ഒരു ഇടവേളയ്ക്ക് ശേഷം ജനറൽ മെഡിസിനിൽ ബിരുദാനന്തര ബിരുദം എടുക്കാമെന്ന പ്രതീക്ഷയിലാണ് അവർ ഇപ്പോൾ.

"എനിക്ക് എല്ലായ്പ്പോഴും സാധാരണക്കാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു”, സാക്ഷി പറഞ്ഞു. "അതുകൊണ്ട് ഈ ക്ലിനിക്കിലേക്ക് വന്ന് ഡോക്ടറായി സേവനം ചെയ്യാൻ ഞാൻ തീരുമാനിച്ചു. കർഷകർ ഈ സമരസ്ഥലത്ത് ആയിരിക്കുന്നിടത്തോളം കാലം ഇത് ചെയ്യുന്നത് ഞാൻ തുടരും.”

കർഷകർ തിരികെ നാട്ടിൽ പോകാനായി തയ്യാറെടുക്കുന്നത് വീക്ഷിച്ചു കൊണ്ട് മോഹിനി സന്തോഷത്തോടെ പറഞ്ഞു: " ഫത്തേ ഹോ ഗയി (ഞങ്ങൾ വിജയിച്ചിരിക്കുന്നു). വൈകാരികമായി, സന്തോഷത്തോടെ സാക്ഷി പറഞ്ഞു: "[കർഷകരുടെ] ഒരു വർഷത്തെ കഠിനമായ പ്രവർത്തനം ഫലവത്തായിരിക്കുന്നു.” അവരുടെ സേവനോത്സുകത എല്ലായ്പ്പോഴും ശക്തമായിരുന്നു. "അവസാനം വരെ ഞാനിവിടെ ഉണ്ടാവും, അവസാന കർഷകനും വീട്ടിലേക്ക് മടങ്ങുന്നതു വരെ.”

ഈ ലേഖനം റിപ്പോർട്ട് ചെയ്യാൻ സഹാ യി ച്ചതിന് അമീർ മാലിക്കിനോട് എഴുത്തുകാരി നന്ദി പറയുന്നു .

പരിഭാഷ: റെന്നിമോന്‍ കെ. സി.

Namita Waikar
namita.waikar@gmail.com

Namita Waikar is a writer, translator and Managing Editor at the People's Archive of Rural India. She is the author of the novel 'The Long March', published in 2018.

Other stories by Namita Waikar
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.