രണ്ട് ദിവസം പ്രായമായ തന്‍റെ കുഞ്ഞിനെ സുരക്ഷിതമായി പ്രസവിച്ചതിന്‍റെ സന്തോഷത്തിനൊപ്പം റാണി മഹ്തോ വിങ്ങിപ്പൊട്ടുകയാണ്. വീട്ടിൽ പോയി ഭർത്താവിനോട് വീണ്ടും പെൺകുട്ടിയാണെന്ന് പറയേണ്ടി വരുന്നതിലുള്ള ആശങ്കയാണവള്‍ക്ക്.

“അയാള്‍ ഇത്തവണ ഒരു ആൺകുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നു,” അവള്‍ പരിഭ്രമത്തോടെ പറഞ്ഞു. “വീട്ടിൽ തിരിച്ചെത്തി രണ്ടാമത്തേതും പെൺകുട്ടിയാണെന്ന് അറിയിക്കുമ്പോൾ അയാൾ എങ്ങനെ പ്രതികരിക്കുമെന്നോർത്ത് ഞാൻ ആശങ്കപ്പെടുന്നു”, ബിഹാറിലെ പട്ന ജില്ലയിലെ ദാനാപൂർ സബ് ഡിവിഷണൽ ആശുപത്രിയിലെ തന്‍റെ കിടക്കയിൽ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് 20-കാരിയായ അവൾ പറഞ്ഞു

2017-ൽ 16-ാം വയസ്സിൽ വിവാഹിതയായ ഉടൻ തന്നെ റാണിക്ക് ആദ്യ മകൾ ജനിച്ചു. അവളുടെ ഭർത്താവ് പ്രകാശ് കുമാർ മഹ്‌തോയ്ക്ക് അന്ന് 20 വയസ്സായിരുന്നു. അവൾ പ്രകാശിനും അമ്മായിയമ്മയ്ക്കുമൊപ്പം അതേ ജില്ലയിലെ ഫുൽവാരി ബ്ലോക്കിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരു ഗ്രാമത്തിൽ താമസിക്കുന്നു. മഹ്‌തോകള്‍ ഒരു യാഥാസ്ഥിതിക ഒ.ബി.സി. സമൂഹമാണ്.

“ഞങ്ങളുടെ ഗ്രാമത്തിൽ, മിക്ക പെൺകുട്ടികളും 16 വയസ്സുള്ളപ്പോൾ വിവാഹിതരാകുന്നു,” റാണി പറഞ്ഞു. കൗമാരപ്രായത്തിൽ തന്നെ വിവാഹതയാകുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അറിവില്ലാത്ത ആളല്ല റാണി. “എനിക്ക് ഒരു അനുജത്തികൂടി ഉണ്ട്, അതിനാൽ എന്‍റെ മാതാപിതാക്കൾ എന്നെ എത്രയും പെട്ടെന്ന് വിവാഹം ചെയ്തയയ്ക്കാൻ ആഗ്രഹിച്ചു,” അവൾ പറഞ്ഞു. അമ്മായിയമ്മ ഗംഗാ മഹ്‌തോ അവളോടൊപ്പം കട്ടിലിൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റിനായി കാത്തിരുന്നു.

റാണിയും സഹോദരിയും ഒരു തരത്തിലും വ്യത്യസ്തരല്ല. ബീഹാർ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് രാജ്യത്തെ കുട്ടികളുടെയും കൗമാരക്കാരുടെയും വിവാഹങ്ങളിൽ 55 ശതമാനവും നടക്കുന്നതെന്ന് സെൻസസ്, ദേശീയ കുടുംബാരോഗ്യ സർവേകൾ, മറ്റ് ഔദ്യോഗിക ഡാറ്റകൾ എന്നിവയൊക്കെ വിശകലനം ചെയ്തുകൊണ്ട് ചൈൽഡ് റൈറ്റ്‌സ് & യു (സി.ആര്‍.വൈ.) എന്ന എൻ.ജി.ഒ. പറയുന്നു.

“ചുട്ടി വാലാ കടലാസ് [ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്] കിട്ടിക്കഴിഞ്ഞാൽ, ഞങ്ങൾ ഒരു ഓട്ടോറിക്ഷ വിളിച്ച് ഗ്രാമത്തിലേക്ക് പോകും,” റാണി എന്നോട് വിശദീകരിച്ചു. സാധാരണയായി ആശുപത്രിയിൽ ആവശ്യമായതിനേക്കാൾ രണ്ട് ദിവസം കൂടുതൽ റാണി ചെലവഴിച്ചു. കാരണം ശ്രദ്ധ വേണ്ട മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അവള്‍ക്കുണ്ട്. “എനിക്ക് വിളര്‍ച്ചയുണ്ട്,” റാണി പറഞ്ഞു.

Rani is worried about her husband's reaction to their second child also being a girl
PHOTO • Jigyasa Mishra

രണ്ടാമത്തെ കുട്ടിയും പെൺകുഞ്ഞായതിൽ തന്‍റെ ഭർത്താവിന്‍റെ പ്രതികരണത്തെക്കുറിച്ചോർത്ത് റാണി ആശങ്കപ്പെടുന്നു

ഇന്ത്യയിൽ സ്ത്രീകൾ പ്രത്യേകിച്ച്, കൗമാരപ്രായക്കാരായ പെൺകുട്ടികൾ, കൊച്ചുകുട്ടികൾ എന്നിവർക്കിടയിൽ ഉണ്ടാകുന്ന കടുത്ത പൊതു ആരോഗ്യ പ്രശ്‌നമാണ് വിളർച്ച. ഔദ്യോഗികവും സ്വതന്ത്രവുമായ ഗവേഷണ പഠനങ്ങൾ കാണിക്കുന്നത് നേരത്തേ വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്ക് ഭക്ഷ്യ അരക്ഷിതാവസ്ഥ, പോഷകാഹാരക്കുറവ്, വിളർച്ച എന്നിവമൂലം ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യത കൂടുതലുണ്ടെന്നാണ്. താഴ്ന്ന വരുമാനവും താഴ്ന്ന വിദ്യാഭ്യാസവുമായി ശൈശവ വിവാഹം ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷ്യ അരക്ഷിതാവസ്ഥ കൂടുതലുള്ള പാവപ്പെട്ട കുടുംബങ്ങൾ അവരുടെ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുള്ള ഒരു മാർഗ്ഗമായി ഈ വിവാഹങ്ങളെ കാണുന്നു.

പലപ്പോഴും നേരത്തെ വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്ക് സ്വന്തം ആരോഗ്യവും പോഷണവും സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതില്‍ വളരെക്കുറച്ച് അഭിപ്രായം മാത്രമെ ഉണ്ടായിരിക്കുകയുള്ളു. ഇവ കുട്ടികളിൽ അനാരോഗ്യം, പോഷകാഹാരക്കുറവ്, വിളർച്ച, ജനനസമയത്തെ കുറഞ്ഞഭാരം എന്നിവയ്ക്ക് കാരണമാകുന്നു. ഇവയ്ക്ക് കാരണമാകുന്ന ശൈശവ വിവാഹം അതിന്‍റെ ഒരു പരിണതഫലവുമായി മാറുന്നു . കൂടാതെ, ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും നയരൂപീകരണത്തെ സങ്കീർണ്ണമാക്കുന്ന മറ്റൊരു പ്രശ്‌നമുണ്ട്: ഇന്ത്യയിൽ ആരാണ് ഒരു കുട്ടി?

കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച 1989-ലെ ഐക്യരാഷ്ട്രസഭയുടെ കൺവെൻഷന്‍ (ഇന്ത്യ 1992 മുതൽ അതില്‍ ഒപ്പുവച്ച ഒരുകക്ഷിയാണ്) 18 വയസ്സ് തികയാത്ത ഏതൊരു വ്യക്തിയെയും കുട്ടിയായി നിർവചിക്കുന്നു. ബാലവേല, വിവാഹം, മനുഷ്യക്കടത്ത്, കുട്ടികളുടെ അവകാശങ്ങൾ എന്നീ കാര്യങ്ങളില്‍ നമ്മുടെ രാജ്യത്ത് വ്യത്യസ്ത തരത്തിലാണ് വയസ്സ് നിര്‍വ്വചിച്ചിരിക്കുന്നത്. ബാലവേല സംബന്ധിച്ച് നിയമത്തിൽ പ്രസ്തുത പ്രായം 14 ആണ്. എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട നിയമപ്രകാരം ഒരു സ്ത്രീക്ക് പ്രായപൂര്‍ത്തിയാകണമെങ്കില്‍ 18 വയസ്സ് തികഞ്ഞിരിക്കണം. ഇന്ത്യയിൽ, വ്യത്യസ്ത നിയമങ്ങൾ 'കുട്ടി', 'പ്രായപൂർത്തിയാകാത്തവർ' എന്നിവ തമ്മിൽ വ്യത്യാസമുണ്ടാക്കുന്നു. തത്ഫലമായി, 15-18 ഗ്രൂപ്പ് പ്രായത്തിലുള്ള ചെറുപ്പക്കാർ പലപ്പോഴും ഭരണപരമായ നടപടികളുമായി ബന്ധപ്പെട്ട പരിമിതികളിലൂടെ കടന്നുപോകേണ്ടിവരുന്നു.

റാണി മഹ്‌തോയുടെ ജീവിതത്തിൽ, സാമൂഹിക ആചാരത്തിന്‍റെയും ലിംഗ മുൻവിധിയുടെയും കർക്കശമായ യാഥാർത്ഥ്യങ്ങൾ ഏതൊരു നിയമങ്ങളേക്കാളും നിയമപരമായ പ്രഖ്യാപനങ്ങളേക്കാളും ശക്തമാണ്.

“രാഖി [മൂത്ത മകൾ] ജനിച്ചപ്പോൾ, എന്‍റെ ഭർത്താവ് ആഴ്ചകളോളം എന്നോട് മിണ്ടിയില്ല. അയാൾ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ സുഹൃത്തുക്കളുടെ അടുത്ത് താമസിക്കുകയും പിന്നീട് മദ്യപിച്ച് വീട്ടിൽ വരികയും ചെയ്തിരുന്നു.” ഒരു തൊഴിലാളിയായ പ്രകാശ് മഹ്‌തോ ഓരോ മാസവും പകുതിയോളം ദിവസങ്ങളിൽ മാത്രം ജോലി ചെയ്യുന്നു. “എന്‍റെ മകൻ ജോലി നേടാൻ ശ്രമിക്കുന്നില്ല,” അമ്മ ഗംഗ സങ്കടത്തോടെ പറഞ്ഞു. “മകൻ ഒരു മാസത്തിൽ 15 ദിവസം ജോലി ചെയ്‌തേക്കാം, എന്നാൽ സമ്പാദിക്കുന്നതെല്ലാം അടുത്ത 15 ദിവസം തനിക്കുവേണ്ടിത്തന്നെ ചെലവഴിക്കുന്നു. മദ്യം അവന്‍റെ ജീവിതത്തെയും ഞങ്ങളെയും നശിപ്പിക്കുകയാണ്.”

Left: The hospital where Rani gave birth to her second child. Right: The sex ratio at birth in Bihar has improved a little since 2005
PHOTO • Jigyasa Mishra
Left: The hospital where Rani gave birth to her second child. Right: The sex ratio at birth in Bihar has improved a little since 2005
PHOTO • Vishaka George

ഇടത്: റാണി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ ആശുപത്രി. വലത്: ബീഹാറിൽ ജനനസമയത്തെ സ്ത്രീ-പുരുഷ അനുപാതം 2005 മുതൽ അൽപ്പം മെച്ചപ്പെട്ടിരിക്കുന്നു

രണ്ടാമത്തെ പ്രസവത്തിനു ശേഷം റാണിയോട് ട്യൂബൽ ലിഗേഷനു വിധേയയാകാൻ ഗ്രാമത്തിലെ ആശ പ്രവർത്തക നിർദ്ദേശിച്ചിരുന്നു. പക്ഷേ അവളുടെ ഭർത്താവ് സമ്മതിച്ചില്ല. “രണ്ടിൽ കൂടുതൽ കുട്ടികളാകരുതെന്ന് എന്നോട് ആശ ദീദി പറഞ്ഞു. വിളര്‍ച്ച കാരണം എന്‍റെ ശരീരം മൂന്നാമത്തെ കുട്ടിയെ പ്രസവിക്കാൻ കഴിയാത്തവിധം ദുർബലമാണെന്ന് അവർ അറിയിച്ചു. അതിനാൽ, നാലുമാസം ഗർഭിണിയായിരുന്നപ്പോൾ, പ്രസവാനന്തരമുള്ള ആ ശസ്ത്രക്രിയയെക്കുറിച്ച് പ്രകാശിനോട് സംസാരിക്കാൻ ഞാന്‍ ശ്രമിച്ചു. പക്ഷേ അതെനിക്ക് ഒരു പേടിസ്വപ്നമായി മാറി. ഭര്‍ത്താവിന്‍റെ വീട്ടിൽ ജീവിക്കണമെങ്കിൽ, എത്രതവണ ഗര്‍ഭം ധരിച്ചാലും കുഴപ്പമില്ല, ഭർത്താവിന് ഒരു ആൺകുട്ടിയെ നൽകണമെന്ന് എന്നോട് പറഞ്ഞു. ഒരു തരത്തിലുള്ള മുൻകരുതലുകളും ഉപയോഗിക്കാൻ അദ്ദേഹം സമ്മതിക്കുന്നില്ല. ഞാൻ നിർബന്ധിക്കുകയാണെങ്കിൽ, എന്നെ ഉപദ്രവിക്കും. ഒരു ആൺകുട്ടി വേണമെന്നും ശസ്ത്രക്രിയ ചെയ്യരുതെന്നുമുള്ള അയാളുടെ ആശയത്തോട് എന്‍റെ അമ്മായിയമ്മയും യോജിക്കുന്നു.”

അമ്മായിയമ്മയുടെ മുന്നിൽ അവൾക്ക് തുറന്നു സംസാരിക്കാൻ കഴിയുന്നത് ആ രണ്ട് സ്ത്രീകൾ തമ്മിലുള്ള ബന്ധം നിഷേധാത്മകമല്ലെന്ന് സൂചിപ്പിക്കുന്നു. ഗംഗയ്ക്ക് റാണിയോട് അനുകമ്പയുണ്ടെങ്കിലും അവരുടെ സമൂഹത്തെ നിയന്ത്രിക്കുന്ന പുരുഷാധിപത്യ മനോഭാവത്തിൽ നിന്ന് മുക്തി നേടാനാവില്ല എന്നതാണ് യാഥാർത്ഥ്യം.

ദേശീയ കുടുംബാരോഗ്യ സര്‍വെ-4 സൂചിപ്പിക്കുന്നത് പട്‌നയിലെ (ഗ്രാമീണ മേഖല) 34.9 ശതമാനം ആളുകൾ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള കുടുംബാസൂത്രണ രീതികൾ ഉപയോഗിക്കുന്നതെന്നാണ്. പട്ടികപ്രകാരമുള്ള മാര്‍ഗ്ഗങ്ങളില്‍ ജില്ലയിലെ ഗ്രാമീണ മേഖലയിലെ പുരുഷ വന്ധ്യംകരണം യഥാർത്ഥത്തിൽ പൂജ്യം ശതമാനമാണെന്ന് രേഖപ്പെടുത്തുന്നു. 15 മുതല്‍ 49 വയസ്സുവരെ പ്രായത്തിലുള്ള ബീഹാറിലെ 58 ശതമാനം ഗർഭിണികളും വിളർച്ചയുള്ളവരാണെന്നും എൻ.എഫ്.എച്.എസ്.-4 സൂചിപ്പിക്കുന്നു.

“ഇരുപതാമത്തെ വയസ്സിൽ രണ്ടാമത്തെ പ്രസവത്തോടെ ഞാൻ ഒരു കാര്യം തീരുമാനിച്ചു,” റാണി പറഞ്ഞു. “അത് ഇതാണ്:  കുറഞ്ഞത് 20 വയസ്സെങ്കിലും തികയുന്നതിനുമുമ്പ് എന്‍റെ പെൺകുട്ടികളുടെ വിവാഹം നടത്താൻ ഒരുതരത്തിലും ഞാന്‍ സമ്മതിക്കില്ല. എന്‍റെ കാര്യത്തിൽ, ഒരു മകനുണ്ടാകുന്നതുവരെ എനിക്ക് കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടി വരും.”

അവൾ നെടുവീർപ്പിട്ടെങ്കിലും ശാന്തമായി പറഞ്ഞു: “ഞങ്ങളെപ്പോലെയുള്ള സ്ത്രീകൾക്ക് ഞങ്ങളുടെ പുരുഷൻ പറയുന്നതുപോലെ ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ല. ഇവിടെ നിന്ന് മൂന്നാമത്തെ കിടക്കയിൽ കിടക്കുന്ന സ്ത്രീയെ നിങ്ങൾ ശ്രദ്ധിച്ചോ? അവളുടെ പേര് നഗ്മ എന്നാണ്. ഇന്നലെ അവളുടെ നാലാമത്തെ പ്രസവമായിരുന്നു. അവളുടെ വീട്ടിലും, അവളുടെ ബച്ചേദാനി (ഗർഭപാത്രം) നീക്കം ചെയ്യാനുള്ള അഭിപ്രായത്തെ അവർ നിരസിച്ചു. എന്നാൽ ഇപ്പോൾ അവൾ ഇവിടെ മാതാപിതാക്കളോടൊപ്പമാണ് വന്നിരിക്കുന്നത്, ഭര്‍തൃ മാതാപിതാക്കളോടൊപ്പമല്ല. രണ്ട് ദിവസത്തിന് ശേഷം അവള്‍ക്ക് അത് ചെയ്യും. അവൾ വളരെ ധൈര്യശാലിയാണ്. തന്‍റെ ഭർത്താവിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന് അവൾ പറയുന്നു,” ഖിന്നയായി റാണി പുഞ്ചിരിച്ചു.

ഒരു യുണിസെഫ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത് റാണിയെപ്പോലെ ചെറുപ്രായത്തില്‍ കല്യാണം കഴിഞ്ഞ കുട്ടികൾ കൗമാരത്തിൽ പ്രസവിക്കുന്നു എന്നാണ്. കൂടാതെ, അവരുടെ കുടുംബങ്ങൾ, പിന്നീട് വിവാഹം കഴിക്കുന്ന സ്ത്രീകളുടെ കുടുംബങ്ങളേക്കാൾ വലുതായി കാണപ്പെടുന്നു. എന്നാൽ, പകർച്ചവ്യാധി കാര്യങ്ങൾ കൂടുതൽ വഷളാക്കി.

Bihar's sex ratio widens after birth as more girls than boys die before the age of five. The under-5 mortality rate in Bihar is higher than the national rate
PHOTO • Vishaka George
Bihar's sex ratio widens after birth as more girls than boys die before the age of five. The under-5 mortality rate in Bihar is higher than the national rate
PHOTO • Vishaka George

ആൺകുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതൽ പെൺകുട്ടികൾ അഞ്ച് വയസ്സിന് മുമ്പ് മരിക്കുന്നതിനാൽ ബീഹാറിലെ ലിംഗാനുപാതത്തിലെ വിടവ് ജനനത്തിനുശേഷം വർദ്ധിക്കുന്നു. 5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് ബീഹാറില്‍ ദേശീയ നിരക്കിനേക്കാൾ കൂടുതലാണ്

“2030-ഓടെ ശൈശവ വിവാഹം അവസാനിപ്പിക്കുക എന്ന ലക്ഷ്യം ഒരു വെല്ലുവിളിയായി തോന്നുന്നു,” കനിക സറാഫ് പറഞ്ഞു. “അത് തിരിച്ചറിയാൻ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ സാഹചര്യം മാത്രം നോക്കിയാൽ മതി.” കുട്ടികളുടെ സംരക്ഷണത്തിൽ ബദ്ധശ്രദ്ധരായ ബീഹാറിലെ ആംഗൻ ട്രസ്റ്റിലെ ശിശുസുരക്ഷാ സംവിധാനങ്ങളുടെ അദ്ധ്യക്ഷയാണ് കനിക സറാഫ്. “പക്ഷേ മഹാമാരി പ്രശ്‌നങ്ങള്‍ക്ക് കൂടുതൽ വെല്ലുവിളിയാകുന്നു. ഈ കാലയളവിൽ പട്‌നയിൽ മാത്രം 200 ശൈശവവിവാഹങ്ങൾ തടയാൻ ഞങ്ങൾക്ക് കഴിഞ്ഞു. അതിനാൽ മറ്റ് ജില്ലകളിലെയും അവിടുത്തെ ഗ്രാമങ്ങളിലെയും അവസ്ഥകൾ നിങ്ങൾക്ക് ഊഹിക്കാവുന്നതെയുള്ളൂ”, അവര്‍ പറഞ്ഞു.

നീതി ആയോഗിന്‍റെ കണക്കനുസരിച്ച് ബീഹാറിലെ ജനനസമയത്തെ സ്ത്രീപുരുഷാനുപാതം 2013-15-ൽ 1,000 പുരുഷന്മാർക്ക് 916 സ്ത്രീകളായിരുന്നു. ഇത് 2005-07 ൽ 909 ആയിരുന്നതിനാൽ ഒരു പുരോഗതിയായി കാണപ്പെട്ടുന്നു. എന്നിരുന്നാലും ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികൾ അഞ്ച് വയസ്സിന് മുമ്പ് മരിക്കുന്നതിനാൽ ലിംഗാനുപാതം കൂടുതൽ വഷളാകുന്നു. അതായത്, സംസ്ഥാനത്തെ 5 വയസ്സിനു താഴെയുള്ള മരണനിരക്ക് (ജീവനോടെയുണ്ടാകുന്ന ഓരോ 1,000 കുട്ടികളും അഞ്ച് വയസ്സുവരെ എത്തുന്നതിനിടയിലുള്ള മരണ സാധ്യത) 43 പെൺകുട്ടികൾക്ക് 39 ആൺകുട്ടികളാണ്. യു.എൻ. ഏജൻസികളുടെ കണക്കനുസരിച്ച് ഇത് 2019 ൽ അഖിലേന്ത്യാ തലത്തിൽ 35 സ്ത്രീകൾക്ക് 34 പുരുഷന്മാർ ആയിരിന്നു.

ഒരു പേരമകൻ കുടുംബത്തിന് സന്തോഷകരമായ ദിവസങ്ങൾ കൊണ്ടുവരുമെന്ന് ഗംഗ വിശ്വസിക്കുന്നു - സ്വന്തം മകന് കൊണ്ടുവരാന്‍ കഴിയാത്ത ഒന്നാണതെന്ന് അവര്‍ സമ്മതിക്കുന്നു. “പ്രകാശിനെക്കൊണ്ട് കുടുംബത്തിന് ഒരു പ്രയോജനവുമില്ല. അഞ്ചാം ക്ലാസിന് ശേഷം അയാൾ ഒരിക്കലും സ്‌കൂളിൽ പോയിട്ടില്ല. അതുകൊണ്ടാണ് ഒരു പേരമകന്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. അവൻ കുടുംബത്തെയും അമ്മയെയും പരിപാലിക്കും. ഗർഭിണിയായ സ്ത്രീക്ക് ലഭിക്കേണ്ട പോഷകസമൃദ്ധമായ ഭക്ഷണം പോലും റാണിക്ക് ലഭിച്ചിട്ടില്ല. തളർച്ച കാരണം കഴിഞ്ഞ രണ്ട് ദിവസമായി അവൾക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ടാണ് ഞാൻ അവളോടൊപ്പം ആശുപത്രിയിൽ താമസിക്കുകയും മകനോട് പോകാൻ ആവശ്യപ്പെടുകയും ചെയ്തത്.”

“മകൻ മദ്യപിച്ച് വീട്ടിൽ വരുമ്പോൾ എന്‍റെ മരുമകൾ അത് ചോദ്യം ചെയ്യും. അപ്പോൾ അവൻ മകളെ അടിക്കുകയും വിവിധ വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്യും.” എന്നാൽ ഇത് മദ്യം ലഭിക്കാത്ത സംസ്ഥാനമല്ലേ? അങ്ങനെ പ്രഖ്യാപിച്ചതിനുശേഷവും ബീഹാറിലെ 29 ശതമാനം പുരുഷന്മാരും മദ്യം കഴിക്കുന്നുണ്ടെന്ന് എന്‍.എഫ്.എച്.എസ്.-4 പറയുന്നു. ഗ്രാമീണ പുരുഷന്മാരിൽ ഇത് ഏകദേശം 30 ശതമാനമാണ്.

റാണിയുടെ ഗർഭകാലത്ത് ഗംഗ തന്‍റെ ഗ്രാമത്തിന് പുറത്ത് വീട്ടുജോലിക്കായി ശ്രമിച്ചിരുന്നു. പക്ഷേ വിജയിച്ചില്ല. റാണി പറയുന്നു, “എന്‍റെ അവസ്ഥ മനസ്സിലാക്കി, എനിക്ക് അസുഖം വരുന്നത് കണ്ട്, എനിക്ക് ഇടക്കിടെ പഴങ്ങളും പാലും വാങ്ങാന്‍ ഏകദേശം അയ്യായിരം രൂപ അമ്മായിയമ്മ ഒരു ബന്ധുവിനോട് കടം വാങ്ങി.”

“വരും ദിവസങ്ങളിൽ അവർ എന്നെ വീണ്ടും ഗർഭധാരണത്തിന് നിർബന്ധിക്കുകയാണെങ്കിൽ, എനിക്കെന്ത് സംഭവിക്കുമെന്ന് ഉറപ്പില്ല”, സ്വന്തം ശരീരത്തിൻമേലും ജീവിതത്തിൻമേലും അധികാരമില്ലാത്ത അവസ്ഥയെക്കുറിച്ച് റാണി വ്യസനത്തോടെ പറഞ്ഞു. “എന്നാൽ ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ, എന്‍റെ പെൺകുട്ടികൾക്ക് വേണ്ടുവോളം വിദ്യാഭ്യാസം നല്കാൻ ശ്രമിക്കും.”

“എന്‍റെ പെൺമക്കൾ എന്നെപ്പോലെയായി മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

വ്യക്തി സ്വകാര്യതയ്ക്കായി ചിലരുടെ പേരുകളും സ്ഥലനാമങ്ങളും മാറ്റി നല്കിയിരിക്കുന്നു.

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ zahra@ruralindiaonline.org എന്ന മെയിലിലേക്ക് , namita@ruralindiaonline.org എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ നല്‍കുന്ന സ്വതന്ത്ര ജേര്‍ണലിസം ഗ്രാന്‍റിന്‍റെ സഹായത്താല്‍ ജിഗ്യാസ മിശ്ര പൊതു ആരോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തില്‍ താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ ഒരു എഡിറ്റോറിയല്‍ നിയന്ത്രണവും നടത്തിയിട്ടില്ല.

പരിഭാഷ: അനിറ്റ് ജോസഫ്

Jigyasa Mishra

Jigyasa Mishra is an independent journalist based in Chitrakoot, Uttar Pradesh.

Other stories by Jigyasa Mishra
Illustration : Priyanka Borar

Priyanka Borar is a new media artist experimenting with technology to discover new forms of meaning and expression. She likes to design experiences for learning and play. As much as she enjoys juggling with interactive media she feels at home with the traditional pen and paper.

Other stories by Priyanka Borar
Editor : P. Sainath
psainath@gmail.com

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought'.

Other stories by P. Sainath
Series Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Anit Joseph

Anit Joseph is a freelance journalist based in Kottayam, Kerala.

Other stories by Anit Joseph