കഴിഞ്ഞ മൂന്നുവർഷമായി ഒരാൾപോലും ഒരു കലപ്പ പണിയാൻ ഏൽപ്പിച്ചിരുന്നില്ല. ആരും കോടാലികളോ മൺവെട്ടികളോ ആവശ്യപ്പെട്ടില്ല. കർഷകർക്ക് പണിയായുധങ്ങൾ നിർമ്മിച്ച് ജീവിച്ചിരുന്ന ബംഗാരു രാമാചാരിയുടെ നില പതിയെ പരുങ്ങലിലാകുകയായിരുന്നു. വർഷങ്ങളായി, മുകുന്ദപുരത്തെ ഒരേയൊരു ആശാരിയായിരുന്നു അദ്ദേഹം. സ്വന്തമായി നിലമോ കന്നുകാലികളോ ഇല്ലാതിരുന്ന അദ്ദേഹം കർഷകനായിരുന്നില്ല. എന്നാൽ ആന്ധ്രാപ്രദേശിലെ നാൽഗോണ്ട ജില്ലയിലുള്ള ഈ ഗ്രാമത്തിൽ കൃഷി നടന്നുപോകുന്നതിനെ ആശ്രയിച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും ഉപജീവനവും.

"കൃഷി മോശമാകുമ്പോൾ കർഷകർ മാത്രമല്ല, എല്ലാവരും ദുരിതത്തിലാകും.", ഈ പ്രദേശത്തെ രാഷ്ട്രീയപ്രവർത്തകനായ എസ്. ശ്രീനിവാസ് പറയുന്നു. രാമാചരിയ്ക്ക് സംഭവിച്ചത് അതിലും ദാരുണമാണ്. വിശപ്പുമൂലം അദ്ദേഹം മരണപ്പെടുകയായിരുന്നു. നാഗാർജുന സാഗർ അണക്കെട്ട് പദ്ധതിയുടെ ഇടത് കനാലിന്റെ വൃഷ്ടിപ്രദേശത്ത് ഉൾപ്പെടുന്ന ഗ്രാമമാണ് ഇത്. നേരത്തെ വർഷങ്ങളോളം മികച്ച വിളവ് ലഭിച്ചിരുന്ന ഗ്രാമത്തിലാണ് ഇത്തരമൊരു ദുരന്തം സംഭവിച്ചത്.

കാർഷിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ കർഷകസമൂഹത്തിന് പുറത്തേയ്ക്ക് പടർന്ന്, മൺപാത്ര നിർമ്മാണ തൊഴിലാളികൾ, ലെതർ തൊഴിലാളികൾ, ആശാരിമാർ എന്നിങ്ങനെ നിരവധി കാർഷികേതര വിഭാഗങ്ങളെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതും ഇതേ സ്ഥിതിവിശേഷമാണ്. കാർഷികമേഖലയിൽ കാലങ്ങളെടുത്ത് രൂപപ്പെട്ട ലോലമായ തൊഴിൽബന്ധങ്ങൾ കടുത്ത സമ്മർദ്ദത്തിലാണ്.

"ഞാൻ വീട്ടിൽനിന്ന് ദൂരെ വിജയവാഡയിൽ ഒരു ചെരുപ്പ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.", രാമാചാരിയുടെ വിധവ അരുണ പറയുന്നു. വൊദ്ദ്രംഗി (ആശാരി) ജാതിവിഭാഗത്തിൽനിന്നുള്ള സ്ത്രീകൾ പൊതുവെ ജോലിയ്ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറാറില്ല. "എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല.", അവൾ പറയുന്നു. "ഞാൻ ഇതിനുമുൻപ് ജോലിയ്ക്കായി എവിടേക്കും പോയിട്ടില്ല. പക്ഷെ ഇവിടെ ജോലി കിട്ടാൻ ഒരു സാധ്യതയുമുണ്ടായിരുന്നില്ല." അതുകൊണ്ടുതന്നെ, തങ്ങളുടെ മൂന്ന് മക്കളെ ഭർത്താവിനെ ഏൽപ്പിച്ച്, ഓരോ തവണയും ഒരുമാസം വീതം അവൾ ജോലിയ്ക്കായി പോകുകയായിരുന്നു.

"രാമാചാരിയെ സ്ഥിരമായി ജോലി ഏൽപ്പിക്കുന്ന നാല്പതോളം ആളുകളുണ്ടായിരുന്നു.", ശ്രീനിവാസ് പറയുന്നു. "ജോലിയ്ക്ക് കൂലിയായി അവർ നെല്ലാണ് കൊടുക്കുക. ഓരോരുത്തരും വർഷത്തിൽ 70 കിലോ നെല്ല് വീതം കൊടുക്കുമായിരുന്നു." ഇങ്ങനെ കിട്ടുന്ന 2,800 കിലോ നെല്ലിൽനിന്ന് വീട്ടിലേയ്ക്കാവശ്യമുള്ളത് കഴിച്ച്, ബാക്കി നെല്ല് രാമാചാരി വിപണിയിൽ വിൽക്കും. "70 കിലോ നെല്ലിന് അദ്ദേഹത്തിന് 250 രൂപ ലഭിക്കുമായിരുന്നു. ഇത് അരിയല്ല, നെല്ലാണെന്ന് ഓർക്കണം." വീട്ടിലെ ആവശ്യത്തിനുള്ളത് മാറ്റിവെച്ചാലും, അദ്ദേഹം വർഷത്തിൽ 4,000 രൂപ സമ്പാദിക്കുമായിരുന്നു. "ആ പണം ഉപയോഗിച്ചാണ് അദ്ദേഹം കുടുംബം പോറ്റിയിരുന്നത്."

സ്ഥിരം ആളുകൾക്ക് പുറമെ, മറ്റുള്ളവരും രാമാചാരിയ്ക്ക് ജോലി കൊടുത്തിരുന്നു. വിളവ് മികച്ചുനിന്നിരുന്ന സമയത്താണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഗ്രാമത്തിൽ 12 ട്രാക്ടറുകൾ വന്നതോടെ പണി കുറഞ്ഞു. "കൈത്തൊഴിലുകൾ ചെയ്ത് ജീവിക്കുന്നവരുടെ അവസ്ഥ ഇതോടെ മോശമായി." കെ. ലിംഗയ്യ പറയുന്നു. അദ്ദേഹത്തെപ്പോലെ ഭൂരഹിതരായ കർഷകരുടെ സ്ഥിതിയും അന്നുമുതൽ കഷ്ടത്തിലായി. രാമാചാരിയ്ക്ക് ഇത് കനത്ത തിരിച്ചടിയായിരുന്നു, എങ്കിലും സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ അദ്ദേഹം തന്റെ തൊഴിൽ ചെയ്യുന്നത് തുടർന്നു. "അദ്ദേഹത്തിന് മറ്റു കഴിവുകളൊന്നുംതന്നെയുണ്ടായിരുന്നില്ല." അരുണ പറയുന്നു. രാമചാരി അഞ്ചാം ക്ലാസ് വരെയേ പഠിച്ചിരുന്നുള്ളൂ. അരുണ നാലാം ക്ലാസുവരെയും.

PHOTO • P. Sainath

തങ്ങളുടെ മക്കളെ ഭർത്താവ് രാമാചാരിയെ ഏൽപ്പിച്ച് ഓരോ തവണയും ഒരുമാസം വീതം അരുണ ജോലിയ്ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പോകാറുണ്ടായിരുന്നു

ട്രാക്ടറുകളുടെ വരവ് ഒരു തുടക്കം മാത്രമായിരുന്നു. 1990കളിൽ പൊതു കൃഷിയിലോ സ്വകാര്യ കൃഷിയിലോ കാര്യമായ നിക്ഷേപം ഒന്നുംതന്നെ ഉണ്ടായില്ല. ഈയൊരു സ്തംഭനത്തിനു പിറകേ വിളവും മോശമാകാൻ തുടങ്ങി. കർഷകർ പുതിയ പണിയായുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നത് നിർത്തി. ഇത് രാമചാരിയെ സംബന്ധിച്ച് തികഞ്ഞ ദുരന്തംതന്നെയായിരുന്നു. "പുതിയ പണിയായുധങ്ങൾ വാങ്ങിയിട്ട് ഞങ്ങൾ എന്ത് ചെയ്യാനാണ്? അതിന് ഞങ്ങൾക്ക് കഴിയുമായിരുന്നോ? പുതിയ പണിയായുധങ്ങൾ വാങ്ങിയിട്ട് എന്താണ് ഗുണം?", ഗ്രാമവാസികൾ ചോദിക്കുന്നു. അതേസമയം, തേയ്മാനം സംഭവിച്ച, പഴയ പണിയായുധങ്ങളുടെ ഉപയോഗം തുടർന്നത്, ആകെയുള്ള കൃഷി നഷ്ടത്തിലാകാനും കാരണമായി.

കനാലിലെ വെള്ളം തീരെ കുറഞ്ഞ് ഇല്ലാതാകുന്നതിന്റെ വക്കത്തെത്തിയത് സാഹചര്യം വഷളാക്കിയതേയുള്ളൂ.

ഗ്രാമവാസികൾ എല്ലാവരും പതിയെ കടക്കെണിയിലാകുകയായിരുന്നു. കൃഷിച്ചിലവ് കുതിച്ചുയരുകയും വിളവ് മോശമാകുകയും ചെയ്തതോടെ, പലരും അന്നന്നത്തെ വകയ്ക്ക് കടം മേടിക്കേണ്ട അവസ്ഥയിലായി. സമർത്ഥനായ ആശാരിയായിരുന്ന, സ്വാഭിമാനിയായിരുന്ന 45 വയസ്സുകാരൻ രാമാചാരിയ്ക്ക് കടം വാങ്ങാൻ തീരെ താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മൊത്തം കടബാധ്യതയായ 6,000 രൂപ ഈ പ്രദേശത്തെ കണക്കുകളുമായി താരതമ്യം ചെയുമ്പോൾ, തീരെ കുറഞ്ഞ തുകയാണെന്നതാണ് വാസ്തവം.

ഈ ഗ്രാമത്തിലിള്ളവർക്ക് കോപ്പറേറ്റീവ് സൊസൈറ്റി ബാങ്കിൽ മാത്രം 22 ലക്ഷം രൂപയുടെ കടമുണ്ട്.", ബാങ്ക് ഉദ്യോഗസ്ഥനായ കെ. റെഡ്‌ഡി പറയുന്നു. ഇതിനുപുറമെ ഗ്രാമീണ ബാങ്കിൽ 15 ലക്ഷവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിൽ 5 ലക്ഷത്തിനടുത്തും ബാധ്യതയുണ്ട്. "പക്ഷെ പ്രധാന ബാധ്യത ഇതല്ല", ഇടത് സംഘടനാ പ്രവർത്തകനായ എസ്. ശ്രീനിവാസ് പറയുന്നു. "മുകുന്ദപുരം ഗ്രാമത്തിലുള്ളവർ ഇതിലും വലിയ തുക സ്വകാര്യ പണമിടപാടുകാർക്ക് കൊടുക്കാനുണ്ട്.", ബാങ്കുകൾക്ക് കൊടുക്കാനുള്ളതിന്റെ മൂന്നിരട്ടിയോളം വരും ഈ തുകയെന്നാണ് ഇവിടെയുള്ളവർ പറയുന്നത്..

അതായത്, 345 കുടുംബങ്ങൾ താമസിക്കുന്ന ഈ ഗ്രാമത്തിന് മൊത്തം ഒന്നരക്കോടി രൂപ കടമുണ്ട്. ഗ്രാമീണരെ സംബന്ധിച്ചിടത്തോളം ജീവിതമെന്നാൽ അതിജീവനമായതോടെ, കൃഷി വീണ്ടും തളരാൻ തുടങ്ങി. ഭൂമിയുടെ വില ഏക്കർ ഒന്നിന് 120,000 രൂപ ഉണ്ടായിരുന്നത് താഴ്ന്ന് 60,000 രൂപയിൽ എത്തിയിരിക്കുന്നു. "സാധാരണ, ആളുകൾക്ക് അവരുടെ നിലം വിൽക്കാൻ വലിയ മടിയായിരിക്കും. എന്നാൽ വേറെ ഗതിയില്ലാതെ ആളുകൾ നിലം വിൽക്കാൻ തയ്യാറാകുമ്പോഴും, വാങ്ങാൻ ആരും വരാത്ത സ്ഥിതിയാണ്.", ജില്ലയിലെ റൈതു സംഘത്തിന്റെ (കർഷകസംഘം) നേതാവായ ഗംഗി നരെയ്ൻ റെഡ്‌ഡി പറയുന്നു.

ട്രാക്ടർ ഉടമസ്ഥരിൽ ചിലർക്ക് അവ പലിശക്കാർക്ക് കൊടുക്കേണ്ടിവന്നു. എന്നാൽ ട്രാക്ടർ ഇല്ലാത്ത കർഷകർപോലും പുതിയ പണിയായുധങ്ങൾ വാങ്ങാതിരിക്കുന്ന സ്ഥിതിയിൽ ഇതും രാമാചാരിയ്ക്ക് ആശ്വാസമായില്ല. "വർഷത്തിൽ മൂന്നോ നാലോ പേർ മാത്രം രാമാചാരിയെ ജോലി ഏൽപ്പിക്കുന്ന സ്ഥിതിയായി.", ശ്രീനിവാസ് പറയുന്നു. ഇതിനുപുറമെ, അടുത്തിടെ, ഗ്രാമവാസികൾക്ക് മുപ്പത് കാളകളെ കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വന്നു. കാളകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട അനവധി സാധനങ്ങൾ നിർമ്മിച്ചിരുന്ന ആശാരിയുടെ പണി കുറയാൻ അതും കാരണമായി.

PHOTO • P. Sainath

'പുതിയ കൃഷിയായുധങ്ങൾ വാങ്ങിയിട്ട് എന്താണ് കാര്യം? അതുകൊണ്ട് ഞങ്ങൾ എന്ത് ചെയ്യും?' ഗ്രാമവാസികൾ ചോദിക്കുന്നു

അടുത്ത പ്രതിസന്ധി കുടിയേറ്റമായിരുന്നു. "നേരത്തെ, 500-ഓളം തൊഴിലാളികൾ ജോലി തേടി ഇവിടെ എത്താറുണ്ടായിരുന്നു. ആ കാലമൊക്കെ പോയി. ഇപ്പോൾ 250-ഓളം തൊഴിലാളികൾ ജോലി തേടി ഇവിടെനിന്ന് പുറത്തേയ്ക്ക് കുടിയേറുന്നു.", ഗംഗി റെഡ്‌ഡി പറയുന്നു.

കഴിഞ്ഞ വർഷം ഗ്രാമം ഒന്നാകെ വിശപ്പിന്റെ പിടിയിലായിരുന്നു. രാമാചാരിയുടെ അവസ്ഥ മറ്റുള്ളവരേക്കാൾ മോശവും. ഈ ഗ്രാമത്തിലെ ജനങ്ങൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയത്തിലൂടെ കഴിഞ്ഞ രണ്ടുവർഷക്കാലത്ത് കടന്നുപോയിക്കൊണ്ടിരുന്നപ്പോൾ, കേന്ദ്ര സർക്കാർ ഭക്ഷ്യധാന്യങ്ങൾ രാജ്യത്തിന് പുറത്തേയ്ക്ക് കയറ്റിയയയ്ക്കുകയായിരുന്നു.  ഇന്നാട്ടിലെ പാവപ്പെട്ടവർ ധാന്യത്തിന് നൽകുന്ന വിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് കേന്ദ്രം കയറ്റുമതി ചെയ്തിരുന്നത് എന്നുകൂടി ഓർക്കണം. രാമാചാരി ജീവിതത്തിൽ ഒരേയൊരു തവണ മാത്രമേ കടം വാങ്ങിച്ചിട്ടുള്ളൂ. ഒരു അയൽക്കാരനിൽനിന്ന് വാങ്ങിയ ആ പണം ഉപയോഗിച്ച് അദ്ദേഹം കുറച്ച് നോകാലു (പൊടിയരി) വാങ്ങിച്ചു. ആ അരിയിൽ സ്വല്പം ബാക്കിവന്നത് ഇപ്പോഴും ആ വീട്ടിലുണ്ട്. അത് കളയാൻ അരുണയ്ക്ക് മനസ്സ് വന്നിട്ടില്ല.

അരുണ നഗരത്തിലെ പണിശാലയിൽ ജോലിയ്ക്ക് പോയപ്പോൾ, രാമാചാരിയെ വിശപ്പ് വരിഞ്ഞുമുറുക്കുകയായിരുന്നു. "മിക്കപ്പോഴും ഞങ്ങൾ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുകമായിരുന്നു.", അയൽക്കാരിയായ മുത്തമ്മ പറയുന്നു. "അയാൾ പക്ഷെ തനിക്ക് കുഴപ്പമൊന്നുമില്ല എന്ന മട്ടിൽ നടക്കും. അവസാനത്തെ അഞ്ചുദിവസം അയാൾ ഒരു തരി ഭക്ഷണംപോലും കഴിച്ചിരുന്നില്ല. പക്ഷെ എന്നാൽ സഹായം ചോദിയ്ക്കാൻ അയാളുടെ അഭിമാനം സമ്മതിച്ചില്ല.". അയൽക്കാരുടെ അവസ്ഥയും അത്ര മെച്ചമായിരുന്നില്ല. പക്ഷെ അവരുടെ സഹായത്തോടെ കുട്ടികൾ പട്ടിണിയാകാതെ കഴിഞ്ഞു. ഈ വർഷം മേയ് 15-ന് രാമാചാരി കുഴഞ്ഞുവീണു. വിജയവാഡയിൽനിന്ന് അരുണ പാഞ്ഞെത്തിയപ്പോഴേക്കും അയാളുടെ ജീവൻ പോയിരുന്നു.

പല തലങ്ങളുള്ള ഒരു പ്രതിസന്ധിയുടെ ഇരയായിരുന്നു രാമാചാരി. സംസ്ഥാനത്തെ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതും ഇതേ സാഹചര്യമാണ്. ആന്ധ്രയുടെ കാർഷികമേഖലയെ ഒന്നാകെ അത് തകർത്തിരിക്കുന്നു. നിക്ഷേപത്തിന്റെ അഭാവം, ഉയർന്ന കൃഷിച്ചിലവ്, മോശം വിളവ്, കുതിച്ചുയരുന്ന കടം, സർക്കാരിന്റെ കുറ്റകരമായ അനാസ്ഥ, രാമാചാരിക്ക് നേരിടേണ്ടിവന്ന തൊഴിൽ‌രാഹിത്യം, അങ്ങിനെ പിന്നെയും പല തലങ്ങൾ.

സർക്കാർ തന്റെ കുടുംബത്തെ സഹായിക്കുമെന്നത് മാത്രമാണ് അരുണയുടെ പ്രതീക്ഷ. രാമാചാരി ജീവിച്ചിരുന്ന കാലത്ത് ഒരേയൊരു സർക്കാർ പദ്ധതിയ്ക്ക് മാത്രമാണ് അപേക്ഷിച്ചിരുന്നത്. കൈത്തൊഴിലുകൾ ചെയ്ത് ഉപജീവനം കണ്ടെത്തുന്നവർക്ക് പണിയായുധങ്ങൾ നൽകുന്ന 'അധർന' പദ്ധതിയിൽ. പക്ഷെ ഉപകരണങ്ങൾ എത്തുന്നതിനുമുൻപുതന്നെ ആശാരി ഈ ലോകം വിട്ടുപോയി.

ഈ ലേഖനത്തിന്റെ സംക്ഷിപ്തരൂപം നേരത്തെ ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരിഭാഷ: പ്രതിഭ ആ .കെ.

P. Sainath
psainath@gmail.com

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought'.

Other stories by P. Sainath
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.