ഭൻവാരി ദേവിയുടെ 13 വയസ്സുകാരിയായ മകളെ ബജ്ര പാടത്തുവെച്ച് ഉയർന്ന ജാതിക്കാരനായ ഒരു യുവാവ് ബലാത്‌സംഗം ചെയ്തപ്പോൾ, ആ പെൺകുട്ടി കയ്യിലൊരു ലാത്തിയുമെടുത്ത് സ്വയം അക്രമിക്ക് പുറകെ പായുകയാണുണ്ടായത്. അവർക്ക് പോലീസിലോ കോടതി സംവിധാനത്തിലോ വിശ്വാസമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഏതുവിധേനയും നീതി നേടിയെടുക്കാനുള്ള  അവരുടെ എല്ലാ ശ്രമങ്ങളും രാംപുരയിലെ ഉയർന്ന ജാതിക്കാരായ ആഹിറുകൾ പരാജയപ്പെടുത്തുകയും ചെയ്തു. "നീതി നടപ്പാക്കുമെന്ന് ഗ്രാമത്തിലെ ജാതി പഞ്ചായത്ത് എനിക്ക് വാക്കുതന്നിരുന്നതാണ്.", അവർ പറയുന്നു. "എന്നാൽ എന്നെയും കുടുംബത്തെയും റാംപൂരിൽനിന്ന് പുറത്താക്കുകയാണ് അവർ ചെയ്തത്." ആ ബലാത്‌സംഗം നടന്ന് ഒരു ദശാബ്ദത്തോളം പിന്നിടുമ്പോഴും, അജ്മീർ ജില്ലയിലുള്ള ഈ ഗ്രാമത്തിലെ ഒരാൾപോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

എന്നാൽ രാജസ്ഥാനിൽ ഇത് പുതിയ കാര്യമൊന്നുമല്ല. ഇവിടത്തെ ശരാശരി കണക്കെടുത്താൽ , ഓരോ 60 മണിക്കൂറിലും ഒരു ദളിത് സ്ത്രീ പീഡിപ്പിക്കപ്പെടുന്നുണ്ട് .

ദേശീയപട്ടികജാതി, പട്ടികവർഗ കമ്മീഷന്റെ റിപ്പോർട്ടുകളിൽനിന്നുള്ള കണക്കനുസരിച്ച്, 1991-നും 1996-നും ഇടയിൽ, പട്ടികജാതി സ്ത്രീകൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് 900 പോലീസ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരുവർഷം 150 കേസുകൾ അഥവാ ഓരോ 60 മണിക്കൂറിലും ഒരു കേസ്. (കുറച്ച് മാസങ്ങൾ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയിരുന്നതൊഴിച്ചാൽ, ഈ കാലയളവ് മുഴുവൻ സംസഥാനം ഭാരതീയ ജനതാ പാർട്ടിയുടെ നിയന്ത്രണത്തിലായിരുന്നു.) എന്നാൽ ഈ കണക്കുകൾപോലും യാഥാർഥ്യത്തെപൂർണമായി അടയാളപ്പെടുത്തുന്നില്ല. ലൈംഗികാതിക്രമം പോലെയുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സംസ്ഥാനങ്ങളിൽ ഒരുപക്ഷേ ഏറ്റവും മുന്നിലായിരിക്കും രാജ്സ്ഥാൻ.

ധോൽപ്പൂർ ജില്ലയിലെ നക്സോദ ഗ്രാമത്തിൽ, ഏറെ ഹീനമായ ഒരു കുറ്റകൃത്യത്തിന് ഇരയായ വ്യക്തിക്ക് ഗ്രാമത്തിൽനിന്ന് ഓടിപ്പോകേണ്ട അവസ്ഥയാണുണ്ടായത്.1998 ഏപ്രിലിൽ, ദളിത് വിഭാഗക്കാരനായ രാമേശ്വർജാദവ്, ഉയർന്ന ജാതിക്കാരനായ ഒരു ഗുജ്ജറിനോട് താൻ കടം നൽകിയ 150 രൂപ തിരികെ ചോദിച്ചു. പ്രശ്നങ്ങൾ അവിടെ തുടങ്ങുകയായിരുന്നു. പൈസ തിരികെ ചോദിക്കാൻമാത്രം അഹങ്കാരം കാണിച്ചതിൽ ക്രുദ്ധരായ ഒരുകൂട്ടം ഗുജ്ജറുകൾ അദ്ദേഹത്തിന്റെ മൂക്ക് തുളച്ച്, അതിൽ ഒരു മീറ്റർ നീളവും 2 മില്ലീമീറ്റർ വീതിയുമുള്ള ഒരു ചണനാരുകൊണ്ട് വളയമുണ്ടാക്കി അതിലൂടെ കയറിട്ട് ഗ്രാമത്തിലൂടെ കെട്ടിവലിച്ചു.

വാർത്തകളിൽ നിറഞ്ഞ ഈ സംഭവം ദേശീയതലത്തിൽത്തന്നെ കോളിളക്കമുണ്ടാക്കി. അച്ചടിമാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും വിദേശരാജ്യങ്ങളിലും ഈ വാർത്ത പടർന്നു. എന്നാൽ ഇത്രയേറെ ജനശ്രദ്ധ ലഭിച്ചിട്ടും ഈ കേസിൽ നീതി നടപ്പായില്ല. ഗ്രാമത്തിലെ ഭയമുളവാക്കുന്ന അന്തരീക്ഷവും ശത്രുതാ മനോഭാവത്തോടെ പെരുമാറിയ പ്രാദേശിക ഉദ്യോഗസ്ഥരും അത് ഉറപ്പാക്കി എന്നുവേണം പറയാൻ. തുടക്കത്തിലെ വാർത്താസാധ്യതയും ഉദ്വേഗവും നീങ്ങിയതോടെ മാധ്യമങ്ങൾക്കും കേസിൽ താത്പര്യം നഷ്ടപ്പെടുകയായിരുന്നു. മനുഷ്യാവകാശസംഘടനകളുടെയും സ്ഥിതി ഇതുതന്നെയായിരുന്നു. മാധ്യമശ്രദ്ധ നീങ്ങിക്കഴിഞ്ഞതിനുശേഷമുണ്ടായ പ്രത്യാഘാതങ്ങൾ നേരിടാൻ ഇരകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതോടെ രാമേശ്വർ കോടതിയിൽ തന്റെ കഥ മുഴുവൻ മാറ്റിപ്പറഞ്ഞു. അതെ, അതിക്രമം ഉണ്ടായെന്നത് സത്യമാണ്. എന്നാൽ അദ്ദേഹം നേരത്തെ പരാതിയിൽ പരാമർശിച്ച ആറുപേരല്ല അത് ചെയ്തത്. അത് ചെയ്തവരെ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല!

രാമേശ്വറിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ വിശദമായി രേഖപ്പെടുത്തിയിരുന്ന ഉയർന്ന റാങ്കിലുള്ള മെഡിക്കൽ ഉദ്യോഗസ്ഥൻ കോടതിയിൽ തനിക്ക് മറവി പറ്റിയിരിക്കുന്നുവെന്ന് മൊഴി നൽകി. അതെ, രാമേശ്വർ മുറിവുകൾക്ക് ചികിത്സ തേടി തന്നെ സമീപിച്ചിരുന്നു. എന്നാൽ, ഇത്ര വിചിത്രമായ മുറിവുകൾ എങ്ങനെയാണുണ്ടായതെന്ന് രാമേശ്വർ തന്നോട് പറഞ്ഞതായി ഓർക്കുന്നില്ലെന്നായിരുന്നു ഡോക്ടറുടെ മൊഴി!

Mangi Lai Jatav and his wife in Naksoda village in Dholupur district. A man and a woman standing outside a hut
PHOTO • P. Sainath

മൂക്കിൽ ചണനാര് കെട്ടി രാമേശ്വർ ജാദവിനെ കെട്ടിവലിച്ച നക്സോദ ഗ്രാമത്തിലെ തങ്ങളുടെ വീടിന്റെ മുൻപിൽ നിൽക്ക്കുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കൾ. 'ഞങ്ങൾ ഏറെ ഭയന്നാണ് ഇവിടെ കഴിയുന്നത്'

രാമേശ്വർ ജാദവിന്റെ പിതാവും കേസിൽ സാക്ഷിയുമായ മൻജിലാൽപോലും വിചാരണയ്ക്കിടെ കൂറുമാറുകയുണ്ടായി. "ഞങ്ങൾ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?" നക്സോദയിൽവച്ച് അദ്ദേഹം എന്നോട് ചോദിച്ചു. "ഞങ്ങൾ ഏറെ ഭയന്നാണ് ഇവിടെ കഴിയുന്നത്. ഉദ്യോഗസ്ഥർ എല്ലാവരുംതന്നെ ഞങ്ങൾക്കെതിരായിരുന്നു. ഗുജ്ജറുകൾ ഏതുനിമിഷവും ഞങ്ങളുടെ ജീവനെടുത്തേക്കാം. വലിയ സ്വാധീനമുള്ള ആൾക്കാരും ചില പോലീസുകാരും ചേർന്നാണ് ഞങ്ങൾക്ക് ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാക്കിയത്." ഇതിനിടെ രാമേശ്വർ ഗ്രാമം വിട്ടുപോയി. മൻജിലാലാകട്ടെ, തനിക്ക് ആകെ സ്വന്തമായുള്ള 3 ബീഗ കൃഷിയിടത്തിൽനിന്ന് ഒരു ബീഗ നിലം വിറ്റാണ് ഇതുവരെ കേസ് നടത്താനുള്ള പണം കണ്ടെത്തിയത്.

ലോകത്തിന്റെ കണ്ണിൽ ഇവിടെ നടന്നത് കിരാതമായ ഒരു സംഭവമായിരുന്നു. എന്നാൽ രാജസ്ഥാനിലാകട്ടെ, ആയിരക്കണക്കിന് 'മറ്റ് ഐപിസി‘ കേസുകളിൽ ഒന്നുമാത്രമാണിത്- അതായത് കൊലപാതകം, ബലാത്‌സംഗം, തീവെപ്പ്, ഗുരുതരമായി അപായപ്പെടുത്തൽ എന്നിവയൊഴിച്ചുള്ള കേസുകളിൽ‌പ്പെട്ടത്. 1991-96 കാലയളവിൽ , ഓരോ നാ ല് മ ണിക്കൂറിലും ഇത്തരത്തിലുള്ള ഒരു കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട് .

ഭരത്പൂർ ജില്ലയിലെ സൈന്ധ്രിയിലുള്ള ജനങ്ങൾ പറയുന്നത് കഴിഞ്ഞ ഏഴുവ്ർഷമായി അവിടെ വിവാഹങ്ങൾ ഒന്നുംതന്നെ നടന്നിട്ടില്ലെന്നാണ്. പുരുഷന്മാരുടെ വിവാഹങ്ങൾ ഒട്ടുംതന്നെ ഉണ്ടായിട്ടില്ല. 1992 ജൂണിൽ, ഉയർന്ന ജാതിക്കാരുടെ ഒരുസംഘം സൈന്ധ്രിയിൽ വന്ന് അഴിഞ്ഞാടിയതിനുശേഷം ഇതാണ് ഇവിടത്തെ സ്ഥിതി. അന്ന് ആ ജനക്കൂട്ടം 6 പേരെ കൊല്ലുകയും ഒട്ടനേകം വീടുകൾ തകർക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ചിലർ ജീവനോടെ ചുട്ടെരിക്കപ്പെടുകയാണുണ്ടായത്. പ്രാണരക്ഷാർത്ഥം ആളുകൾ ബിട്ടോരകളിൽ (ചാണകവും വിറകും സംഭരിച്ചുവെക്കുന്നയിടം) ഒളിക്കുന്നതുകണ്ട്, ആൾക്കൂട്ടം അവയ്ക്ക് തീവെക്കുകയായിരുന്നു.

A pile of dung cakes
PHOTO • P. Sainath
A pile of dung cakes
PHOTO • P. Sainath

സൈന്ധിരി ഗ്രാമത്തിലെ, ചാണകവും വിറകും അടുക്കിവെച്ച ഇതുപോലുള്ള ഒരു ബിട്ടോരയിൽ ആളുകൾ ഒളിക്കുന്നതുകണ്ട്, ഉയർന്ന ജാതിക്കാരുടെ സംഘം അതിന് തീ കൊടുക്കുകയും ആറുപേർ കൊല്ലപ്പെ ടുകയും ചെയ്തു

"വിവാഹശേഷം ഗ്രാമം വിട്ടുപോകുമെന്നതുകൊണ്ടുതന്നെ, സൈന്ധ്രിയിലെ സ്ത്രീകളുടെ വിവാഹം നടക്കുന്നുണ്ട്.", ഭഗ്‌വാൻ ദേവി പറയുന്നു." എന്നാൽ പുരുഷന്മാരുടെ സ്ഥിതി അതല്ല. ചിലർ വിവാഹം കഴിക്കാനായി ഗ്രാമം വിട്ടുപോയി. ആളുകൾക്ക് തങ്ങളുടെ പെൺമക്കളെ ഇവിടേയ്ക്കയക്കാൻ താത്പര്യമില്ല. നാളെ ഇവിടെ ഒരു അക്രമണമുണ്ടായാൽ, പൊലീസോ കോടതിയോ ആരുംതന്നെ ഞങ്ങളെ സഹായിക്കാനുണ്ടാകില്ലെന്ന് അവർക്ക് വ്യക്തമായറിയാം."

തങ്ങളുടെ അനുഭവത്തെ അടിസ്ഥാനപ്പെടുത്തി പറയുന്നതുകൊണ്ടാണ് അവരുടെ വാക്കുകളിൽ ഇത്രയധികം നിരാശ. കൊലപാതകങ്ങൾ നടന്ന് ഏഴുവർഷം കഴിഞ്ഞിട്ടും, കേസിൽ കൃത്യമായ വകുപ്പുകൾപോലും ചുമത്തിയിട്ടില്ല.

അതിനും ഈ നാട്ടിൽ വലിയ പ്രസക്തിയില്ല. ഈ സംസഥാനത്ത് , ഓരോ ഒൻപതുദിവസവും ഒരു ദളിതൻ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക് .

ബിട്ടോരകൾക്ക് (കവർചിത്രം കാണുക) തീ കൊടുത്തപ്പോഴുണ്ടായ അപകടത്തെ അതിജീവിച്ച താൻസിംഗ് ഈ ഗ്രാമത്തിൽത്തന്നെയാണ് കഴിയുന്നത്. അപകടത്തിൽ അദ്ദേഹത്തിന് 35 ശതമാനം പൊള്ളലേറ്റുവെന്ന് മെഡിക്കൽ രേഖകൾ കാണിക്കുന്നു. അദ്ദേഹത്തിന്റെ ചെവികൾ ഏറെക്കുറെ കരിഞ്ഞുപോയിരിക്കുന്നു. കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടത് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു എന്നതിനാൽ തുച്ഛമായ നഷ്ടപരിഹാരമേ കിട്ടിയുള്ളു. അതാകട്ടെ, ആശുപത്രിച്ചിലവിൽ തീരുകയും ചെയ്തു. "എനിക്ക് സ്വന്തമായുണ്ടായിരുന്ന ഇത്തിരി ഭൂമിയും പണത്തിനായി വിൽക്കേണ്ടിവന്നു.", ആകെ തകർന്നിരിക്കുന്ന ആ യുവാവ് പറയുന്നു. ജയ്‌പ്പൂരിലേക്ക് ഓരോ തവണയും പോയിവരാൻ മാത്രം നല്ലൊരു തുക ചിലവാകും.

താൻസിംഗ് ഇന്ന് വെറുമൊരു സ്ഥിതിവിവരക്കണക്ക് മാത്രമാണ്. ഈ സംസ്ഥാനത്ത് , ഓരോ 65 മണിക്കൂറിലും ഒരു ദളിതന് ഗുരുതരമായി പരിക്കേൽക്കുന്നു .

രാഹോലിയിലെ ടോങ്ക് ജില്ലയിൽ സ്കൂൾ അധ്യാപകരുടെ പ്രേരണയോടെ  ദളിതർക്ക് നേരെ നടന്ന ആക്രമണത്തിനിടെ ഒട്ടേറെ ഇടങ്ങളിൽ തീവെപ്പുണ്ടുണ്ടായി. "ഇവിടെ കനത്ത നഷ്ടമാണുണ്ടായത്.", അഞ്ജു ഫൂൽവാരിയ പറയുന്നു. ദളിത് വിഭാഗക്കാരിയായ അവർ ഗ്രാമത്തിലെ സർപഞ്ച് (ഗ്രാമമുഖ്യ) ആയി തിരഞ്ഞെടുക്കപ്പെട്ടതാണ്. എന്നാൽ "ഇല്ലാത്ത കുറ്റമാരോപിച്ച് എന്നെ പദവിയിൽനിന്ന് പുറത്താക്കുകയായിരുന്നു.", അവർ പറയുന്നു. ആക്രമണങ്ങളുടെ പേരിൽ ഇതുവരേയ്ക്കും ആരും ശിക്ഷിക്കപ്പെടാത്തതിൽ അവർക്ക് വലിയ അത്ഭുതമൊന്നുമില്ല.

ശരാശരിയെടുത്താൽ , രാജസ്ഥാനിൽ ഓരോ അഞ്ച് ദിവസത്തിനിടയിലും ദളിതരുടെ ഉടമസ്ഥതയിലുള്ള ഒരു വീടോ കെട്ടിടമോ തീവെക്കപ്പെടുന്നുണ്ട് . ഇവയിലേതു വിഭാഗമായാലും, കുറ്റവാളികൾ ശിക്ഷിക്കപ്പെടാനുള്ള സാധ്യത തീർത്തും വിരളമാണ്.

എന്നാൽ, ദളിതർക്കെതിരേ ഘടനാപരമായ വേർതിരിവ് നിലനിൽക്കുന്നുവെന്ന വാദത്തോട് സർക്കാരിന്റെ രാജസ്ഥാൻ ചീഫ് സെക്രട്ടറിയും മൃദുഭാഷിയുമായ അരുൺകുമാർ വിയോജിക്കുന്നു. കേസുകളുടെ എണ്ണത്തിലെ ബാഹുല്യം, ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യാൻ സർക്കാർ കാണിക്കുന്ന പ്രതിബദ്ധതയുടെ തെളിവാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. "കേസുകൾ രജിസ്റ്റർ ചെയ്യുന്നില്ല എന്ന പരാതി ഒട്ടുംതന്നെ ഉയരാത്ത സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. ഇക്കാര്യത്തിൽ ഞങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തുന്നതുകൊണ്ടുതന്നെ, ഇവിടെ കേസുകൾ കൂടുകയും എണ്ണത്തിൽ വർദ്ധനവുണ്ടാകുകയും ചെയ്യുന്നു." രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, പ്രതികൾക്കുമേൽ കുറ്റം ചുമത്തപ്പെടുന്ന നിരക്കിലും രാജസ്ഥാൻ മുന്നിട്ട് നിൽക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

Anju Phulwaria, the persecuted sarpanch
PHOTO • P. Sainath

രാഹോലിയിലെ അഞ്ജു ഫൂൽവാരിയ ദളിത് വിഭാഗത്തിൽനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സർപഞ്ച്‌ ആയിരുന്നു. എന്നാൽ  "എന്നെ അവർ വ്യാജമായ കുറ്റങ്ങൾ ചുമത്തി പുറത്താക്കുകയായിരുന്നു.", അവർ പറയുന്നു

എന്നാൽ കണക്കുകൾ പറയുന്നത് എന്താണ്? ജനതാദളിൽനിന്നുള്ള മുൻ പാർലമെന്റ് അംഗമായ താൻസിങ്, 90-കളുടെ തുടക്കത്തിൽ ദളിതർക്കെതിരെയുള്ള അതിക്രമങ്ങൾ അന്വേഷിച്ച കമ്മിറ്റിയിലെ അംഗമായിരുന്നു. "വെറും 3 ശതമാനമായിരുന്നു ശിക്ഷാനിരക്ക്.", ജയ്‌പൂരിലെ തന്റെ വസതിയിൽവെച്ച് അദ്ദേഹം എന്നോട് പറഞ്ഞു.

ധോൽപ്പൂർ ജില്ലയിൽ ഞാൻ സന്ദർശിച്ച കോടതികളിലെ ശിക്ഷാനിരക്ക് അതിലും കുറവായിരുന്നു.1996-നും 1998-നും ഇടയിൽ ആകെ 359 കേസുകളാണ് സെഷൻസ് കോടതികളിലെത്തിയത്. ചിലവ മറ്റു കോടതികളിലേയ്ക്ക് മാറ്റിയിട്ടുണ്ടെങ്കിൽ മറ്റ് ചില കേസുകൾ ഇതുവരേയും പരിഗണിക്കപ്പെട്ടിട്ടേയില്ല. എന്നാൽ ഇവിടത്തെ ശിക്ഷാനിരക്ക് 2.5 ശതമാനത്തിനും താഴെയാണ്.

ധോൽപൂരിലെ ഒരു മുതിർന്ന പോലീസുദ്യോഗസ്ഥൻ എന്നോട് പറഞ്ഞത് ഇപ്രകാരമാണ്: "എനിക്ക് ആകെയുള്ള വിഷമം കോടതികളിൽ ഇത്രയധികം വ്യാജകേസുകൾ കുന്നുകൂടുന്നുവെന്നതാണ്. പട്ടികജാതി / പട്ടികവർഗകേസുകളിൽ 50 ശതമാനത്തിലധികവും വ്യാജമാണ്. ഇത്തരത്തിലുള്ള കേസുകൾ കൊടുത്ത് ആളുകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണ്."

രാജസ്ഥാൻ പൊലീസിലെ ഉയർന്ന ജാതിക്കാരായ ഒട്ടുമിക്ക ഉദ്യോഗസ്ഥരും ഇതേ കാഴ്ചപ്പാട് വെച്ചുപുലർത്തുന്നവരാണ്. (ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ പോലീസ് സേനയെ വിശേഷിപ്പിച്ചത് സി.ആർ.പി - ചരംഗ്-രാജ്പുത് പൊലീസ് – എന്നായിരുന്നു. 90-കൾവരേയും ഈ രണ്ട് ജാതിയിലെ ആൾക്കാരാണ് പൊലീസ് സേനയിൽ ആധിപത്യം പുലർത്തിയിരുന്നത്).

സാധാരണക്കാർ, പ്രത്യേകിച്ചും ദരിദ്രരും ദുർബലരുമായവർ, നുണയന്മാരാണെന്നത് പൊലീസിൽ ആഴത്തിൽ വേരുറപ്പിച്ചിട്ടുള്ള വിശ്വാസമാണ്. വിവിധ സമുദായങ്ങളിൽനിന്നുമുള്ള ബലാത്‌സംഗ കേസുകൾ നമുക്കൊന്ന് നോക്കാം. അന്വേഷണത്തിൽ വ്യാജമാണെന്ന് തെളിയുന്ന കേസുകളുടെ ദേശീയ ശരാശരി 5 ശതമാനമാണ്. എന്നാൽ രാജസ്ഥാനിലാകട്ടെ, 'വ്യാജം' എന്ന് പ്രഖ്യാപിക്കപ്പെടുന്ന ബലാത്‌സംഗകേസുകളുടെ ശരാശരി 27 ശതമാനമാണ്.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ രാജസ്ഥാനിലെ സ്ത്രീകൾ നുണ പറയാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലാണെന്ന് പറയുന്നതിന് തുല്യമാണ് ഇത്. എന്താണതിനുള്ള കാരണം? സ്ത്രീകൾക്കെതിരേ കടുത്ത മുൻവിധി പുലർത്തുന്ന സംവിധാനമാണ് നമ്മുടേത് എന്നതുതന്നെ. 'വ്യാജബലാത്‌സംഗ' കേസുകളുടെ കണക്കിൽ എല്ലാ ജാതിവിഭാഗങ്ങളിൽനിന്നുള്ളവരുമുണ്ട്. എന്നാൽ വിശദമായ ഒരു കണക്കെടുപ്പ് നടത്തിയാൽ, ദളിതരും ആദിവാസികളുമാണ് സംവിധാനത്തിലുള്ള ഈ മുൻവിധിമൂലം ഏറ്റവും ദുരിതമനുഭവിക്കുന്നതെന്ന് വ്യക്തമാകും. അതിനുള്ള കാരണവും വ്യക്തമാണ്: മറ്റുവിഭാഗങ്ങളെ അപേക്ഷിച്ച്, ഈ രണ്ടുകൂട്ടർക്കുമെതിരായാണ് കൂടുതൽ അതിക്രമങ്ങൾ നടക്കുന്നത്.

രാജസ്ഥാനിൽ ഞാൻ സഞ്ചരിച്ചിടത്തെല്ലാം ആളുകൾ എന്നോട് ഉറപ്പിച്ച് പറഞ്ഞത്, ദളിതർ പൊതുവെ നിയമം ദുരുപയോഗം ചെയ്യുന്നവരാണെന്നും പട്ടികജാതി പട്ടികഗോത്രവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, 1989 ആണ് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നതെന്നുമാണ്. പ്രത്യേകിച്ചും, ദളിതർക്കും ആദിവാസികൾക്കും നേരെയുള്ള ജാതീയാക്രമണങ്ങൾ നടത്തുന്നവരെ അഞ്ചുവർഷംവരെ തടവിലിടാനും പിഴ ചുമത്താനും വ്യവസ്ഥ ചെയ്യുന്ന നിയമത്തിലെ മൂന്നാം ഉപവകുപ്പ്.

എന്നാൽ, കുറ്റവാളികൾക്ക് ഇതുപോലെ കടുത്ത ശിക്ഷ നടപ്പിലാക്കിയ ഒരു കേസുപോലും എനിക്ക് കണ്ടെത്താനായില്ലെന്നതാണ് വാസ്തവം.

ധോൽപൂരിൽത്തന്നെ, ദളിതർക്കുനേരെയുള്ള കുറ്റകൃത്യങ്ങളിൽ ശിക്ഷ നടപ്പാക്കിയ ഏതാനും കുറച്ച് കേസുകളിൽപ്പോലും, കുറ്റവാളികളെ ഭയപ്പെടുത്താനുതകുന്ന ശിക്ഷയൊന്നുംതന്നെ ഉണ്ടായിട്ടില്ല. 100, 250, 500 രൂപ അടയ്ക്കാനോ അല്ലെങ്കിൽ വെറും ഒരു മാസത്തെ സാധാരണ തടവോ മറ്റുമാണ് ഇത്തരക്കാർക്ക് ശിക്ഷയായി ലഭിച്ചിട്ടുള്ളത്. ഞാൻ അന്വേഷിച്ചതിൽ 6 മാസ തടവാണ് ഇത്തരം കേസുകളിൽ വിധിച്ചിട്ടുള്ള ഏറ്റവും കടുത്ത ശിക്ഷ. മറ്റൊരു കേസിൽ, പ്രതിക്ക് ജാമ്യം അനുവദിച്ചതിനോടൊപ്പം അയാളെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിടുകയാണ് കോടതി ചെയ്തത്. ഇത്തരം കേസുകളിൽ പ്രതിയെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിടുന്നത് ഈ ലേഖകൻ വേറെയൊരു സ്ഥലത്തും കണ്ടിട്ടില്ല.

ധോൽപ്പൂരിലേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ടോങ്കിലെ ജില്ലാ ആസ്ഥാനത്തുള്ള പട്ടികജാതി / പട്ടികവർഗ പ്രത്യേക കോടതിയിൽനിന്ന് ഞങ്ങൾക്കറിയാൻ കഴിഞ്ഞത്, അവിടത്തെ ശിക്ഷാനിരക്ക് 2 ശതമാനത്തിലും താഴെയാണെന്നാണ്.

ഇതാണ് കണക്കുകളുടെ കാര്യം. .ദളിതർ കോടതിയെ സമീപിക്കുമ്പോൾ എടുക്കേണ്ട നടപടികൾ, അതിന്റെ പ്രക്രിയ, അവർക്ക് മുന്നിൽ ഉയരുന്ന പ്രതിബന്ധങ്ങൾ, അപകടങ്ങൾ എന്നിവ എന്തെല്ലാമാണ്? അത് മറ്റൊരു വിഷയമാണ്.

രണ്ട് ഭാഗങ്ങളിലായുള്ള ഈ ലേഖനം, 1996 ജൂൺ 13-ന് ദി ഹിന്ദു ദിനപ്പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. 2000-ൽ ആംനസ്റ്റി ഇന്റർനാഷണൽ ഗ്ലോബൽ അവാർഡ് ഫോർ ഹ്യൂമൻറൈറ്റ്സ് ജേർണലിസം അവാർഡും (പ്രഥമപുരസ്‌കാരം) ഈ ലേഖനത്തിന് ലഭിക്കുകയുണ്ടായി.

പരിഭാഷ: പ്രതിഭ ആര്‍.കെ .

P. Sainath
psainath@gmail.com

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought'.

Other stories by P. Sainath
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.