ദിവസത്തിൽ രണ്ടുതവണ സമീറുദ്ദീൻ ഷെയ്ഖ് തന്റെ സൈക്കിൾ, അഹമ്മദാബാദിലെ പഴയ നഗരത്തിന്റെ തിരക്കേറിയ ഇടവഴികളിലൂടെ പ്രയാസപ്പെട്ട് ഓടിക്കുന്നു. ജുഹപുരയിലെ ഫത്തേവാഡിയിലെ വീട്ടിൽനിന്ന്, താജ് എൻവലപ്പ് എന്ന തന്റെ തൊഴിലിടത്തിലേക്കുള്ള 13 കിലോമീറ്റർ ദൂരം ഒരുഭാഗത്തേക്ക് താണ്ടാൻ മാത്രം ഒരു മണിക്കൂർ സൈക്കിൾ ചവിട്ടണം. “മോട്ടോർബൈക്കുണ്ടെങ്കിലും ഞാൻ എടുക്കാറില്ല. പെട്രോൾച്ചിലവ് താങ്ങാൻ പറ്റില്ല” മൃദുഭാഷിയായ ആ 36 വയസ്സുകാരൻ സൈക്കിൽ പാർക്ക് ചെയ്തുകൊണ്ട് പറയുന്നു.
10x20 വലിപ്പമുള്ള ഒരു മുറിയിലാണ് അയാളുടെ തൊഴിൽദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും. പഴയ നഗരത്തിലെ ഒരു ഷോപ്പിംഗ് സമുച്ചയത്തിന്റെ അടിയിലുള്ള ഒരു സ്ഥാപനം. ഖാദിയ എന്നാണ് ആ പ്രദേശം അറിയപ്പെടുന്നത്. തന്നെപ്പോലെയുള്ള 10 പേരോടൊപ്പം, കവറുകളുണ്ടാക്കുന്ന ജോലിയിലാണ് അയാൾ. ചില നല്ല ദിവസങ്ങളിൽ 6,000 മുതൽ 7,000 കവർവരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് അയാൾക്ക്.
കാണുന്നതുപോലെ അത്ര എളുപ്പമല്ല കവറുണ്ടാക്കൽ. “ഈ തൊഴിൽ പഠിക്കാൻ ഒന്നരമുതൽ രണ്ടുവർഷംവരെ എടുക്കും”, സമീറുദ്ദീൻ പറയുന്നു. ഉസ്താദ് (തൊഴിലിടത്തിലെ ഏറ്റവും മുതിർന്ന ആളും പരിശീലകനും) അംഗീകരിക്കുന്നതുവരെ സ്വതന്ത്ര തൊഴിലാളിയായി, സ്വന്തം നിലയ്ക്ക് ശമ്പളം വാങ്ങാൻ കഴിയില്ല. ഉസ്താദാണ് പണിയുടെ ഗുണമേന്മ നിശ്ചയിക്കുന്നതും അംഗീകാരം കൊടുക്കുന്നതും”, അയാൾ പറയുന്നു.
ഇവിടെ ഗുണമേന്മയെന്നത്, വേഗതയും കൃത്യതയും, നൈപുണ്യവും ഉപകരണങ്ങളെക്കുറിച്ചുള്ള അറിവുമാണ്. മുറിക്കാനും പഞ്ച് ചെയ്യാനുമുള്ള രണ്ട് യന്ത്രങ്ങളൊഴിച്ച് വർക്ക്ഷോപ്പുകളിലെ എല്ലാ പണിയും കൈകൊണ്ട് ചെയ്യുന്നവയാണ്.
മെഷീനുകൾ കൈകാര്യം ചെയ്യുന്നത് മിക്കവാറും പണിശാലയുടെ ഉടമസ്ഥർതന്നെയായിരിക്കും. കടലാസ്സിന്റെ വലിയ ഷീറ്റുകൾ മുൻനിശ്ചയിച്ച അളവുകൾക്കനുസരിച്ച് ചെറുതായി മുറിക്കുകയും, പ്രത്യേകമായ അച്ച് ഉപയോഗിച്ച് വിവിധ വലിപ്പത്തിലാക്കുകയും ചെയ്യും. തൊഴിലാളികൾ കടലാസ്സുകൾ 100-ന്റെ പെരുപ്പത്തിൽ എണ്ണിത്തിട്ടപ്പെടുത്തുകയും മടക്കുകയും ഒട്ടിക്കുകയും മുദ്രവെക്കുകയും പാക്ക് ചെയ്യുകയും ചെയ്യും.


ഇടത്ത്: സമീറുദ്ദീൻ ഷെയ്ക്ക് പഴയ നഗരത്തിലൂടെ സൈക്കിൾ ചവിട്ട് ഖാദിയയിലെ താജ് എൻവലപ്പ്സിലേക്ക് പോകുന്നു. വലത്ത്: ഷോപ്പിംഗ് സമുച്ചയത്തിന്റെ അടിയിലുള്ള താജ് എൻവലപ്പ്സിന്റെ വർക്ക്ഷോപ്പിലെ നിലത്തിരുന്ന് ജോലിയെടുക്കുന്ന കൈത്തൊഴിലുകാർ
വളരെ ശ്രദ്ധ ആവശ്യമുള്ള പ്രക്രിയയാണ് ഇത്. എൻവലപ്പിന്റെ ഓരോ ഭാഗത്തിനും സവിശേഷമായ പേരുകളാണ്. മാത്തു (മുകൾഭാഗം), പെൻഡി (താഴത്തെ ഭാഗം), ധാപ (പശ ഒട്ടിക്കുന്ന ഭാഗം), ഖോല (പശയുള്ള സ്ഥലത്ത് അമർത്തുന്ന അരികുഭാഗം). പ്രക്രിയയുടെ ഓരോ ഭാഗത്തിനുമുണ്ട് ഇതുപോലെ സവിശേഷമായ പേരുകൾ. അത് കൃത്യമായി പിന്തുടരണം. ഉപകരണങ്ങൾ മനസ്സിലാക്കി ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ ഗുരുതരമായ പരിക്ക് പറ്റാനും സാധ്യതയുണ്ട്.
പശയുള്ള ഭാഗത്ത് ഒട്ടിക്കുന്ന അരികുഭാഗം മടക്കുമ്പോൾ ജോലിക്കാർ തങ്ങളുടെ മുഷ്ടികളുപയോഗിച്ച് പിന്നീട്, അരികുകൾ കൂർപ്പിക്കാൻ പത്തർ (കല്ല്) എന്ന് പേരായ ഒരു ഉപകരണം ഉപയോഗിക്കുന്നു. ‘മടക്കുന്ന കല്ല്’ പണ്ട് അരകല്ലിൽനിന്നായിരുന്നു ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ അതിനുപകരം, ഭാരമുള്ള ഇരുമ്പ് സ്ലാബാണ് ഉപയോഗിക്കുന്നത്. “ഈ പ്രക്രിയ പരിശീലിക്കുന്ന കാലത്ത്, പത്തർ വിരലിൽ ഇടിക്കുമായിരുന്നു”, 51 വയസ്സുള്ള അബ്ദുൾ മുത്തലിബ് അൻസാരി പറയുന്നു. “വിരലിൽനിന്ന് ചോര ചീറ്റി ചുവരിൽ തെറിച്ചു. അപ്പോൾ ഉസ്താദ് പറഞ്ഞു, ബലം ഉപയോഗിക്കുന്നതിന് പകരം, ഇതിന്റെ സൂത്രം പഠിച്ചാലേ നല്ലൊരു പണിക്കാരനാവൂ എന്ന്”.
ഒരുകിലോഗ്രാം ഭാരമുണ്ട് ‘കല്ലി’ന്. “ഒരു സാധാരണ എൻവലപ്പുണ്ടാക്കാൻതന്നെ നാലോ അഞ്ചോ തവണ അത് ഉപയോഗിക്കേണ്ടിവരും”, അബ്ദുൾ മുത്തലിബ് അൻസാരി പറയുന്നു. “കടലാസ്സിന്റെ കട്ടിയനുസരിച്ച് ടെക്നിക്ക് മാറ്റേണ്ടിവരും. പത്തർ എത്ര പൊക്കണം, എത്ര ശക്തിയിൽ അടിക്കണം എത്രതവണ അടിക്കണമെന്നൊക്കെ ചെയ്തുമാത്രമേ പഠിക്കാനാവൂ”, 52 വയസ്സുള്ള അബ്ദുൾ ഗഫൂർ അൻസാരി പറയുന്നു. “ഒരു എൻവലപ്പ്, ഞങ്ങളുടെ കൈയ്യിലൂടെ 16-ഓ 17-ഓ തവണ കൈമാറപ്പെടും, ഈ പ്രക്രിയയ്ക്കിടയിൽ. വിരൽ മുറിയാനുള്ള സാധ്യതയും കൂടുതലാണ്. പശ വിരലിൽ തൊടുമ്പോൾ പൊള്ളും”, അയാൾ കൂട്ടിച്ചേർത്തു.
മുറിവുകളിൽ ചൂടുള്ള കൊകം എണ്ണ തേക്കാറുണ്ടെന്ന് എൻവലപ്പുകളുണ്ടാക്കുന്ന 64-കാരനായ മുസ്തൻസിർ ഉജ്ജയിനി പറയുന്നു. മറ്റ് ചിലർ ആശ്വാസത്തിനായി വാസലൈനോ വെളിച്ചെണ്ണയോ പുരട്ടുന്നു. ഏതുതരം കടലാസ്സാണോ ഉപയോഗിക്കുന്നത്, അതിനനുസരിച്ചിരിക്കും തൊഴിലിലെ വെല്ലുവിളികൾ. “ചിലപ്പോൾ ഞങ്ങൾക്ക് കടക്മാൽ കടലാസ്സ് കിട്ടും (120 ജി.എസ്.എം. ഉള്ള ആർട്ട് പേപ്പറാണ് അത്). അത് കൈയ്യിന് വേദനയുണ്ടാക്കും. അപ്പോൾ ഞാൻ ചൂടുള്ള ഉപ്പുവെള്ളത്തിൽ ആറേഴ് മിനിറ്റ് കൈ താഴ്ത്തിവെക്കും”, സോനാൽ എൻവലപ്പിലെ മഹമ്മദ് ആസിഫ് പറയുന്നു. “കാലാവസ്ഥ തണുപ്പായാലും കൈയ്യിന് വേദന തോന്നും. അപ്പോൾ ഞാൻ ആശ്വാസം കിട്ടാൻ ചൂടുവെള്ളം ഉപയോഗിക്കും”, സമീറുദ്ദീൻ ഷെയ്ക്ക് പറയുന്നു.


ഇടത്ത്: മടക്കുണ്ടാക്കാനായി ‘കല്ല്’വെച്ച് ധാപയിൽ ആഞ്ഞടിക്കുന്ന സോനാൽ എൻവലപ്പിലെ മൊഹമ്മദ് ആസിഫ് ഷെയ്ക്ക്. വലത്ത്: വേദനിക്കുന്ന കൈപ്പത്തിയിൽ ചൂടുള്ള കോകം എണ്ണ തേക്കുന്ന മുസ്തൻസിർ ഉജ്ജയിനി
നീണ്ട മണിക്കൂറുകൾ നിലത്തിരിക്കേണ്ട ജോലിയാണ് ഈ തൊഴിലാളികളുടേത്. “രാവിലെ 9.30-ന് ഞങ്ങൾ ഇരിക്കും. ഉച്ചയ്ക്ക് ഒരുമണിക്കേ എഴുന്നേൽക്കൂ. വൈകീട്ട് എഴുന്നേൽക്കുമ്പോഴും പുറം വേദനിക്കാറുണ്ട് എനിക്ക്”, സമീറുദ്ദീൻ പറയുന്നു. ഒരേ സ്ഥിതിയിലിരുന്ന് ഏറെനേരം ജോലി ചെയ്തതിനാൽ, അയാളുടെ കണങ്കാലിൽ കല്ലപ്പുണ്ട്. “എല്ലാവർക്കും ഇത്തരം അസുഖങ്ങളുണ്ട്”, ചമ്രം പടിഞ്ഞ് നിലത്തിരിക്കുന്നതുകൊണ്ടാണ് ഇതുണ്ടാവുന്നതെന്ന് അയാൾ സൂചിപ്പിച്ചു. “കാലിനെ രക്ഷപ്പെടുത്താമെന്ന് വെച്ചാൽ, പുറം വേദനയാവും പിന്നെ”, അയാൾ പറയുന്നു.
ഈ മുറിവുകളും ചതവുകളും പൊള്ളലുകളും സന്ധികളിലെ വേദനയുമൊക്കെ സഹിച്ചിട്ടും വീട്ടിലേക്ക് തുച്ഛമായ വരുമാനമേ എത്തിക്കാനാവുന്നുള്ളു. 33 വയസ്സുള്ള മൊഹ്സീൻ ഖാൻ പത്താനെ അലട്ടുന്നത് അതാണ്, “എന്റെ കുടുംബം എന്റെ ശമ്പളത്തെ മാത്രം ആശ്രയിച്ചാണ് കഴിയുന്നത്. വീട്ടുവാടക 6,000 രൂപയാണ്. ദിവസവും 50 രൂപ ചായയ്ക്കും പലഹാരത്തിനും പിന്നെ 60 രൂപ ബസ്സിനും ഓട്ടോയാത്രയ്ക്കും ചിലവാക്കുന്നു”, അയാൾ പറഞ്ഞു. അയാളുടെ നാലുവയസ്സുള്ള മകൾ ഈയടുത്ത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർന്നു. ഫീസ്, വർഷത്തിൽ 10,000 രൂപയാണ്”, കവറുകൾ മടക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ, ആശങ്കയോടെ അയാൾ പറഞ്ഞു.
സമീറുദ്ദീന്റെ കുടുംബത്തിൽ ആറുപേരുണ്ട്. ഭാര്യയും, മൂന്ന് കുട്ടികളും പ്രായമായ അച്ഛനും. “കുട്ടികൾ വളരുകയാണ്. ഈ കവർ നിർമ്മാണത്തിൽനിന്ന് ആവശ്യത്തിനുള്ളതൊന്നും കിട്ടുന്നില്ല. കഷ്ടിച്ച് വീട്ടുകാര്യങ്ങൾ നിർവ്വഹിക്കാമെന്ന് മാത്രം. നീക്കിയിരിപ്പൊന്നുമില്ല”, അയാൾ സൂചിപ്പിക്കുന്നു. മറ്റ് ജോലികൾ അന്വേഷിക്കുകയാണ് അയാൾ. ഒരു ഓട്ടോറിക്ഷ വാങ്ങിയാൽ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ഓട്ടോ ലൈസൻസിന് ശ്രമിക്കുകയാണ് അയാൾ. “എൻവലപ്പിലെ ജോലി അത്രയൊന്നും ഉറപ്പുള്ളതല്ല. ചില ദിവസങ്ങളിൽ ജോലിയില്ലെങ്കിൽ ഉച്ചയ്ക്ക് രണ്ട്, മൂന്ന് മണിയാവുമ്പോൾ ജോലി അവസാനിക്കും. ഞങ്ങൾ കമ്മീഷൻ അടിസ്ഥാനത്തിലാണല്ലോ ജോലി ചെയ്യുന്നത്. സ്ഥിരശമ്പളമൊന്നും ഞങ്ങൾക്കില്ല”, അയാൾ കൂട്ടിച്ചേർക്കുന്നു.


തൊഴിൽസമയത്ത് അധികനേരവും ജോലിക്കാർ ഒരേവിധത്തിൽ ഇരിക്കുന്നു. തുടർച്ചയായി ചമ്രംപടിഞ്ഞ് ഇരിക്കുന്നതുകൊണ്ട് കണങ്കാലിൽ വന്ന കല്ലിപ്പ് കാണിച്ചുതരുന്ന സമീറുദ്ദീൻ ഷെയ്ക്ക് (ഇടത്ത്). മുസ്തൻസിർ ഉജ്ജയിനിയും (വലത്ത്) മറ്റ് രണ്ടുപേരും നിലത്തിരുന്ന് ജോലിചെയ്യുന്നു
1988-ൽ എൻവലപ്പ് തൊഴിലാളികളുടെ ഒരു യൂണിയൻ സ്ഥാപിച്ചു. കുറച്ചുകാലം സജീവവും പിന്നെ നിർജ്ജീവവുമായിരുന്ന അത് പിന്നീട് ഇല്ലാതായി. എന്നാണ് അതില്ലായതെന്ന് തൊഴിലാളികൾക്ക് കൃത്യമായി അറിയില്ലെങ്കിലും, പിന്നീട് ചില വർഷങ്ങൾക്കുശേഷം ചിലർ ആ സംഘടനയെ പുനരുജ്ജീവിപ്പിക്കുകയും, വർക്ക്ഷോപ്പ് ഉടമസ്ഥരുമായുള്ള ആലോചനകൾക്കുശേഷം, എല്ലാ തൊഴിലാളികൾക്കും, വിലക്കയറ്റത്തിനനുസരിച്ച് 10 ശതമാനം കൂലിക്കൂടുതലും, ബോണസ്സും തൊഴിലിനനുസരിച്ചുള്ള അവധിയും, വർഷാവർഷം ശമ്പളവർദ്ധനയും തീരുമാനിക്കുകയുണ്ടായി.
അഹമ്മദാബാദിൽ ഈ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർ കൂടുതലും പുരുഷന്മാരാണ്. ഒരേയൊരു സ്ത്രീ മാത്രമാണ് അവർക്കിടയിലുള്ളത്.
എത്ര കവറുകളുണ്ടാക്കി, അതിന്റെ വലിപ്പവും ഘനവും എന്താണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ആഴ്ചയും കൂലി കൊടുക്കുന്നത്. സാധാരണ കടലാസ്സുകൊണ്ട് ഉണ്ടാക്കുന്ന 1,000 കവറുകൾക്ക് 350 രൂപയും, ആർട്ട് പേപ്പർകൊണ്ടുള്ളതിന് 489 രൂപയും ലഭിക്കും. കവറിന്റെ വലിപ്പവും ഇനവുമനുസരിച്ചും, തൊഴിലിന്റെ വേഗതയും സീസണിലെ ആവശ്യവുമനുസരിച്ച്, ഒരു തൊഴിലാളിക്ക് പ്രതിദിനം 2,000-ത്തിനും 6,000-ത്തിനുമിടയിൽ കവറുകളുണ്ടാക്കാൻ സാധിക്കും.
11x5 സൈസ് വലിപ്പവും 100 ജി.എസ്.എം (ഒരു ചതുരശ്രമീറ്ററിന്റെ ഘനം) ഭാരവുമുള്ള ഓഫീസ് എൻവലപ്പുകൾ അഞ്ചുരൂപയ്ക്കാണ് വിൽക്കുന്നത്.
100 ജി.എസ്.എം. മേന്മയുള്ള 1,000 എൻവലപ്പുകളുണ്ടാക്കുന്ന ഒരു തൊഴിലാളിക്ക് 100 രൂപയ്ക്കടുത്ത് കൂലി ലഭിക്കും. മറ്റൊരുവാക്കിൽ പറഞ്ഞാൽ, വില്പനമൂല്യത്തിന്റെ അഞ്ചിലൊന്ന് അയാൾക്ക് കിട്ടും.
100 രൂപ സമ്പാദിക്കാൻ ഒരു കൈത്തൊഴിലാളിക്ക് ഏകദേശ, രണ്ട് മണിക്കൂർ സമയം വേണം.

മെഷീനിൽ കടലാസ്സ് മുറിക്കുന്നതിനുമുൻപ് , ദീർഘചതുരാകൃതിയിലുള്ള ഷീറ്റുകളിൽ അച്ച് നിരത്തുന്ന , താജ് എൻ വലപ്പിന്റെ ഉടമസ്ഥൻ എസ് . കെ . ഷെയ്ക്ക്

മടക്കാൻ പാകത്തിൽ പേപ്പറിന്റെ ഷീറ്റുകൾ മുറിക്കുന്ന പഞ്ചിംഗ് മെഷീൻ പ്രവർത്തിപ്പിക്കുന്ന ഓം ട്രേഡേഴ്സിലെ തൊഴിലാളിയായ മഖ്ബൂൽ അഹമ്മദ് ജമാലുദ്ദീൻ ഷെയ്ക്ക് . മിക്ക വർക്ക്ഷോപ്പുകളിലും കട്ടിംഗ് , പഞ്ചിംഗ് മെഷീനുകൾ കൈകാര്യം ചെയ്യുന്നത് ഉടമസ്ഥർതന്നെയാണ്

പഞ്ചിംഗ് മെഷീനിലുപയോഗിക്കുന്ന വിവിധ വലിപ്പത്തിലും ആകൃതിയിലുമുള്ള ലോഹചട്ടക്കൂടുകൾ ( വാർപ്പ് എന്ന് വിളിക്കും )

ഓം ട്രേഡേഴ്സിലെ കൈത്തൊഴിലാളികൾ ഷീറ്റുകൾ എണ്ണിനോക്കി , 100- ന്റെ ഗുണിതങ്ങളാക്കി മടക്കാൻ പാകത്തിലാക്കുന്നു

ആകൃതി ലഭിക്കുന്നതിനുവേണ്ടി എൻ വലപ്പിന്റെ ഷീറ്റുകൾ മടക്കാൻ ആരംഭിക്കുന്ന ജോലിക്കാർ . ഓരോ ഭാഗത്തിനും സവിശേഷമായ പേരുകളുണ്ട് . മാത്തു ( മുകൾഭാഗം ), പെൻഡി ( താഴത്തെ ഭാഗം ), ധാപ ( പശ ഒട്ടിക്കുന്ന ഭാഗം ), ഖോല ( പശയുള്ള സ്ഥലത്ത് അമർത്തുന്ന അരികുഭാഗം ). എക്സ് റേ ഇടാൻ പാകത്തിലുള്ള കവറിന്റെ പെൻഡി ( താഴത്തെ ഭാഗം ) മടക്കുന്ന താജ് എൻ വലപ്പിലെ ഭിക്ഭായ് റാവൽ

സമീർ എൻ വലപ്സിലെ അബ്ദുൾ മജീദ് അബ്ദുൾ കരീം ഷെയ്ക്കും ( ഇടത്ത് ) യൂസുഫ് ഖാൻ ചോട്ടുഖാൻ പത്താനും , കൈപ്പത്തികളുടെ അരികുകൊണ്ട് , മടക്കിയ ധാപയിലും പെൻഡിയിലും ഞൊറിവുകളുണ്ടാക്കുന്നു

സൈഡ് ഫ്ലാപ്പിൽ മുഷ്ടി ഉപയോഗിക്കുന്ന ധ്രുവ് എൻ വലപ്സിലെ മൊഹമ്മദ് ഇല്യാസ് ഷെയ്ക്ക് . ഒരേസമയം 100 കവറുകളിൽ ജോലിയെടുക്കുകയും ദിവസത്തിൽ 16 തവണ അത് ആവർത്തിക്കുകയും ചെയ്യുന്നതുകൊണ്ട് അയാളുടെ കൈപ്പത്തിയുടെ അരികുകൾ വേദനിക്കുന്നുണ്ട്

താഴത്തെ ഫ്ലാപ്പുകളിൽ ഫോൾഡിംഗ് സ്റ്റോൺ ഉപയോഗിക്കുന്ന താജ് എൻ വലപ്സിലെ അബ്ദുൾ ഗഫാർ ഗുലാഭായി മൻസൂരി . എൻ വലപ്പുണ്ടാക്കുന്ന പ്രക്രിയയിലെ ഒരു പ്രധാന ഉപകരണമാന് ഒന്നരക്കിലോ ഭാരം വരുന്ന ഇരുമ്പിന്റെ ആ കട്ടിയെയാണ് സ്റ്റോൺ ( കല്ല് ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്

എൻവലപ്പുകളടങ്ങിയ പാക്കറ്റിന്റെ വലതുഭാഗം , വലിച്ച് ഒട്ടിക്കാൻ ഉപയോഗിക്കുന്ന സിലാസ് എന്ന് പേരുള്ള മരത്തിന്റെ ഉപകരണമുപയോഗിക്കുന്ന തൊഴിലാളികൾ

താജ് എൻ വലപ്പിലെ അബ്ദുൾ മുത്തലിബ് മൊഹമ്മദ് ഇബ്രാഹിം അൻ സാരി പശ ഒട്ടിക്കുന്നു ( പുളിയുടെ കുരുവിൽനിന്നോ പൊടിച്ച ധാന്യത്തിൽനിന്നോ ഉണ്ടാക്കുന്ന പശ ). ഒരു കഷണം റെക്സിന്റെ അകത്ത് കെട്ടിവെച്ച നേർത്ത തുണികൊണ്ടുണ്ടാക്കിയ ഒരു ഉണ്ട ഉപയോഗിച്ചാണ് ( പുട് ലോ എന്നാണ് അതിന്റെ പേര് ) പശ ഒട്ടിക്കുന്നത്

സമീറുദ്ദീൻ ഷെയ്ക്ക് ധാപയിൽ പേസ്റ്റൊട്ടിക്കുന്നു . ഒരേസമയം 100 എൻ വലപ്പുകളിൽ ജോലിയെടുക്കുന്നു അദ്ദേഹം

പശയൊട്ടിച്ച വലത്തേ ഫ്ലാപ്പ് , ഖോല എന്ന ഇടത്തേ ഫ്ലാപ്പിൽ ഒട്ടിക്കാനായി കടലാസ്സുകൾ മടക്കുന്ന താജ് എൻ വലപ്സിലെ ഭിഖഭായി റാവൽ

പശതേച്ച പെൻഡി ഉപയോഗിച്ച് കവറിന്റെ അടിഭാഗം അടയ്ക്കുന്ന ധ്രുവ് എൻ വലപ്പിലെ മൊഹമ്മദ് ഇല്യാസ് ഷെയ്ക്ക്

ഊണിനുശേഷം അല്പം വിശ്രമിക്കുന്ന ഓം ട്രേഡേഴ്സിലെ കൈത്തൊഴിലാളികൾ . ദിവസത്തിൽ ഈയൊരു സമയത്ത് മാത്രമാണ് അവർക്ക് വിശ്രമം കിട്ടുക

താജ് എൻ വലപ്സിൽ ഉണ്ടാക്കുന്ന വലിയ സൈസിലുള്ള ലാമിനേഷൻ കവർ ഉണ്ടാക്കുന്ന അബ്ദുൾ മുത്തലിബ് മൊഹമ്മദ് ഇബ്രാഹിം അൻസാരി

100 എൻ വലപ്പുകൾ തയ്യാറാക്കാൻ ഒരു ശരാശരി തൊഴിലാളിക്ക് ആറോ ഏഴോ മിനിറ്റുകൾ വേണ്ടിവരും . ശാർദാബെൻ റാവൽ ( ഇടത്ത് ) കഴിഞ്ഞ 34 വർഷങ്ങളായി എൻ വലപ്പുകൾ ഉണ്ടാക്കുന്ന് പണിയിലാണ് . ഭർത്താവ് മംഗൾദാസ് റാവലിന്റെ കൂടെ ( വലത്ത് ) ജോലി ചെയ്താണ് അവർ ഈ തൊഴിൽ പഠിച്ചെടുത്തത്

കവറുണ്ടാക്കുന്ന പ്രക്രിയയ്ക്കിടയിൽ ഒരു എൻ വലപ്പ് , ഒരു തൊഴിലാളിയുടെ കൈയ്യിൽക്കൂടി 16 തവണ കടന്നുപോവുന്നു . അതിനാൽത്തന്നെ വിരലുകളിൽ മുറിവ് പറ്റാനുള്ള സാധ്യതയും കൂടുതലാണ് . തന്റെ മുറിവേറ്റ തള്ളവിരൽ കാണിക്കുന്ന കലീം ഷെയ്ക്ക്

കൈകൊണ്ട് ഉണ്ടാക്കിയ പശ മുറിവേറ്റ വിരലിൽ തട്ടുമ്പോൾ പൊള്ളലും വേദനയുമുണ്ടാവും . ഈയിടെയുണ്ടായ മുറിവുകൾ കാണിച്ചുതരുന്ന , ധ്രുവ് എൻ വലപ്സിലെ കലീം ഷെയ്ക്ക്

തുറന്നുവെച്ച കവറുകൾ അവയുടെ സൈസുകൾക്കനുസരിച്ച് അടുക്കുന്ന താജ് എൻ വലപ്സിലെ ഹനീഫ് ഖാൻ ബിസ്മില്ലാ ഖാൻ പത്താൻ

മുകൾഭാഗം പിടിച്ചുകൊണ്ട് എൻ വലപ്പിന്റെ വായ്ഭാഗം അടയ്ക്കുന്ന മൊഹമ്മദ് ഹനീഫ് നൂർജാനി ഷെയ്ക്ക് . എൻ വലപ്പ് വർക്കേഴ്സ് യൂണിയന്റെ നിലവിലെ പ്രസിഡന്റാണ് അദ്ദേഹം

പണി കഴിഞ്ഞ എൻ വലപ്പുകൾ നൂറിന്റെ കെട്ടുകളായി അടുക്കിവെക്കുന്ന ഹനീഫ് പത്താൻ

ശാർദാബെൻ റാവൽ എൻ വലപ്പുകൾ പെട്ടിയിലാക്കുന്നു . അഹമ്മദാബാദിലെ 35 എൻ വലപ്പ് നിർമ്മാണ വർക്ക്ഷോപ്പുകളിലെ ഒരേയൊരു സ്ത്രീത്തൊഴിലാളിയാണ് അവർ

ധ്രുവ് എൻ വലപ്സിന്റെ ഉടമസ്ഥൻ ജിതേന്ദ്ര റാവലിന് തങ്ങളുടെ ജോലിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നൽകുന്ന റാവൽ ദമ്പതികൾ

2022 ജനുവരി 1- നും 2023 ഡിസംബർ 31- നുമിടയിൽ കൈത്തൊഴിലാളികൾക്ക് നൽകിയ വേതനവർദ്ധന പ്രസിദ്ധപ്പെടുത്തിയ രേഖയുടെ ഫോട്ടോ . അഹമ്മദാബാദിലെ തൊഴിലാളികളുടേയും നിർമ്മാതാക്കളുടേയും രണ്ട് യൂണിയനുകൾ ചർച്ച ചെയ്തതിനുശേഷം തയ്യാറാക്കിയ രേഖയാണ് . 2022- ൽ കവർ നിർമ്മാണ വിലകൾ 6 ശതമാനം വർദ്ധിപ്പിക്കുകയുണ്ടായി
ഈ സ്റ്റോറി റിപ്പോർട്ട് ചെയ്യാൻ സഹായിച്ച ഹൊ സീഫാ ഉജ്ജയിനിയോടുള്ള നന്ദി ലേഖകൻ അറിയിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്