മോന്‍പ ഗോത്രവിഭാഗത്തില്‍പെട്ട ഏകാന്തരായ ഇടയരുടെ ഒരു സമൂഹമാണ് അരുണാചല്‍പ്രദേശിലെ പശ്ചിമ കാമെംഗ്, തവാങ് ജില്ലകളിലെ ബ്രോക്പകളുടേത്. നാടോടികളായ അവര്‍ നിശ്ചിത ക്രമങ്ങളില്‍ നീങ്ങുകയും പര്‍വ്വതങ്ങളില്‍ 9,000 മുതല്‍ 15,000 അടിവരെ ഉയരത്തില്‍ വസിക്കുകയും ചെയ്യുന്നു. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെനീളുന്ന ശൈത്യകാലത്ത് അവര്‍ താഴ്ന്ന പ്രദേശങ്ങളിലേക്ക് കുടിയേറുകയും മെയ് മുതല്‍ സെപ്തംബര്‍ വരെ നീളുന്ന വേനല്‍ക്കാലത്തും മഴക്കാലത്തും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു.
നവംബര്‍ 2016-ലെ ഒരു പ്രഭാതത്തില്‍ പശ്ചിമ കാമെംഗിലെ തെംപാംഗ് ഗ്രാമത്തിലേക്ക് ഞാനൊരു യാത്ര ആരംഭിച്ചു. സമുദ്രനിരപ്പില്‍ നിന്നും 7,500 അടി ഉയരത്തിലാണ് തെംപാംഗ് സ്ഥിതിചെയ്യുന്നത്. 60 വീടുകളിലായി മോന്‍പ വിഭാഗത്തില്മാത്രംപെട്ട ആളുകള്‍ വസിക്കുന്ന ഒരു ഗ്രാമമാണിത്. ഏറ്റവും അടുത്ത പട്ടണമായ ദിരാംഗ് ഇവിടെനിന്നും 26 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്.
അടുത്തദിവസം ഞാന്‍ ഒരു സംഘം ബ്രോക്പകളുടെ ശീതകാല വാസസ്ഥലമായ ലഗാമിലേക്ക് പോയി. 8,100 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലഗാമിലെത്തുന്നതിനായി നിബിഡ വനത്തിലൂടെ എനിക്ക് 11 കിലോമീറ്റര്‍ ദൂരം 8 മണിക്കൂറിലധികം സമയമെടുത്ത് നടക്കേണ്ടിവന്നു. വയ്കുന്നേരം 6 മണിയോടെ ഞാനവിടെ എത്തിയപ്പോള്‍ ബ്രോക്പ ഇടയനായ 27-കാരന് പെം സെറിങ് ഊഷ്മളമായ ഒരു പുഞ്ചിരിയോടെ എന്നെ സ്വീകരിച്ചു.
അടുത്തദിവസം രാവിലെ ഞാന്‍ കണ്ടത് ലഗാം യഥാര്‍ത്ഥത്തില്‍ ബ്രോക്പ ഇടയരുടെ ചെറിയൊരു ശീതകാല വാസസ്ഥലമാണെന്നുള്ള കാര്യമാണ്. അവിടെ ചെറിയൊരു ആശ്രമമുണ്ട്. ഏതാണ്ട് 40-45 ആളുകള്‍ ഇവിടെ കല്ലുകളും മുളകളും കൊണ്ടുണ്ടാക്കിയ, തകര മേല്‍ക്കൂരയുള്ള, 8-10 വീടുകളിലായി കഴിയുന്നു. നവംബറില്‍ ഈ താഴ്ന്ന മേച്ചല്പുറത്തേക്ക് ഇടയര്‍ എത്തുന്നതോടെ ഈ വാസസ്ഥലം നിറയും. ചെറുപ്പക്കാരായ ഇടയര്‍ അവരുടെ യാക്കുകളുടെയും കുതിരകളുടെയും കൂട്ടങ്ങളുമായി മാഗോ ഗ്രാമം പോലെയുള്ള ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് പോകുന്നതിനാല്‍ മെയ് മുതല്‍ സെപ്റ്റംബര്‍ വരെ ലഗാം മിക്കവാറും ആളൊഴിഞ്ഞ നിലയിലായിരിക്കും. പ്രായമുള്ളവര്‍ സാധാരണ നിലയില്‍ അവിടെത്തന്നെ വസിക്കുന്നു.
കുറച്ചുദിവസങ്ങള്‍ ഞാന്‍ സെറിങ്ങിനോടും മറ്റു ബ്രോക്പകളോടുമൊപ്പം ചിലവഴിച്ചു. “എല്ലായ്പ്പോഴും ഞങ്ങള്‍ക്കിത് ദൈര്‍ഘ്യമേറിയ നടപ്പാണ്. വേനല്‍ക്കാല മേച്ചല്പ്പുറങ്ങള്ക്കായി എല്ലാവര്‍ഷവും ഞങ്ങള്‍ കാട്ടിലൂടെ മാഗോ വരെ നടക്കും. ഇത് 4-5 ദിവസത്തെ തുടര്‍ച്ചയായ നടപ്പാണ്. രാത്രിയില്‍ മാത്രമെ വിശ്രമിക്കൂ”, പെം പറഞ്ഞു.
11,800 അടി ഉയരത്തിലുള്ള മാഗോ വടക്കുകിഴക്കന്‍ ഇന്ത്യയെയും ടിബറ്റിനെയും തമ്മില്വേര്തിരിക്കുന്ന തര്‍ക്ക അതിര്‍ത്തിയായ മക്മഹോന് രേഖയിലാണ് സ്ഥിതിചെയ്യുന്നത്. വേനല്‍ക്കാലങ്ങളില്‍ മാഗോയിലെത്തുന്നതിനായി ബ്രോക്പകള്‍ മലനിരകളിലൂടെയും അതിലും ഉയര്‍ന്ന ചുരങ്ങളിലൂടെയും നടക്കും. ലഗാം, ഥുംഗ്രി, ചാങ്ലാ, ന്യാങ്, പോടോക്, ലുര്ടിം എന്നീ വഴികളിലൂടെ നടന്ന് അവര്‍ മാഗോയിലെത്തുന്നു.
മറ്റുള്ളവര്‍ക്ക് ഈ പ്രദേശത്തെത്താന്‍ തവാംഗില്‍ നിന്നുള്ള റോഡ് മാര്‍ഗ്ഗം മാത്രമെ കഴിയൂ. പ്രദേശത്തിന് പുറത്തുള്ള ഇന്ത്യക്കാരെ ഇന്ത്യന്‍ സൈന്യത്തിന്റെ അനുമതിയോടെ ഒരുരാത്രി മാത്രമെ അവിടെ തങ്ങാന്‍ അനുവദിക്കൂ. അതിര്‍ത്തി പ്രശ്നം ഉള്ളതുകൊണ്ട് മാഗോയിലേക്ക് പോകുന്ന ബ്രോക്പകള്‍ പോലും സര്‍ക്കാര്‍ നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിക്കണം.
ബ്രോക്പകളുടെ ദൈനംദിന ജീവിതം ലളിതമായ ചില ക്രമവ്യവസ്ഥകളില് അടിസ്ഥാനപ്പെട്ടിരിക്കുന്നു. അവരുടെ പ്രധാന വരുമാനമാര്‍ഗ്ഗം യാക്ക് ആണ്. അവര്‍ ഇവയുടെ പാല് ഉപയോഗിച്ച് വെണ്ണയും പാല്‍ക്കട്ടിയും ഉണ്ടാക്കുകയും അവ പ്രാദേശിക വിപണികളില്‍ വില്‍ക്കുകയും ചെയ്യും. സമുദായത്തിനുള്ളില്‍ ഒരു സാധനക്കൈമാറ്റ സമ്പ്രദായവും നിലനില്ക്കുന്നു. “കൃഷി പ്രധാന തൊഴിലായ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് അവര്‍ യാക്കിനെയും പാലുല്പന്നങ്ങളും നല്കുന്നു”, തെംപാംഗ് ഗ്രാമത്തില്‍നിന്നുള്ള ഒരു മോന്പയും ലോക വന്യജീവി നിധി-ഇന്ത്യയുടെ വെസ്റ്റേണ്‍ അരുണാചല്‍ ലാന്‍ഡ്സ്കേപ് പ്രോഗ്രാമിന്റെ ഒരു പ്രോജക്റ്റ് ഓഫീസറുമായ ബാപു പെമ വാംഗെ പറഞ്ഞു. “ഞങ്ങള്‍ [അദ്ദേഹത്തിന്റെ ഗോത്രമായ ബാപു] അവരുമായി സാധനക്കൈമാറ്റ വ്യാപാരം നടത്തുന്നു; ഞങ്ങള്‍ ഞങ്ങളുടെ ചോളം, ബാര്‍ലി, ബക്ക്വീറ്റ്, ചുവന്ന വറ്റല്‍മുളക് എന്നിവ അവരുടെ വെണ്ണയ്ക്കും ഛുര്പ്പിക്കും യാക്കിന്റെ ഇറച്ചിക്കും പകരമായി നല്കുന്നു. അടിസ്ഥാനപരമായി ഞങ്ങള്‍ ഭക്ഷണത്തിനായി അവരെ ആശ്രയിക്കുന്നു, അവര്‍ ഭക്ഷണത്തിനായി ഞങ്ങളെയും ആശ്രയിക്കുന്നു.”
പാരമ്പര്യമായി ലഭിച്ച ധാരാളം ഭൂമിയുള്ള രാജകീയ ബാപു ഗോത്രക്കാര്‍ പ്രതിഫലം വാങ്ങി (സാധാരണയായി ചെമ്മരിയാട്, വെണ്ണ എന്നിങ്ങനെയുള്ള ഇനങ്ങളായി) മറ്റു ഗോത്രക്കാര്‍ക്ക് കാലികളെ മേയ്ക്കാനുള്ള അവകാശം നല്കുന്നു. പക്ഷെ, ലഗാമിലെ ബ്രോക്പകളെ പ്രതിഫലത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്, കാരണം “അവര്‍ ഞങ്ങളുടെ ദൈവമായ ലഗാം ലാമയെ (സാധാരണ പാറകൊണ്ടുള്ള ഒരു വിഗ്രഹം) സംരക്ഷിക്കുന്നു”, വാംഗെ പറഞ്ഞു.
ഈ വര്‍ഷം കുറച്ചു കഴിയുമ്പോള്‍, ഒക്ടോബര്‍ പകുതിയോടെ, ബ്രോക്പകള്‍ അവരുടെ വേനല്‍ക്കാല മേച്ചല്‍പ്പുറങ്ങളില്‍ നിന്നും ഇറങ്ങും. “മേയാനുള്ള വിഭവങ്ങളും വിറകും തേടി കാട്ടിലൂടെ ഞങ്ങള്‍ നടക്കും”, പെം പറഞ്ഞു. “ഈ കാട് ഞങ്ങളുടെ മാതാവാണ്.”

അരുണാചല്‍ പ്രദേശിലെ പശ്ചിമ കാമെംഗ് ജില്ലയിലെ തെംപാംഗ് ഗ്രാമത്തില്‍ മോന്‍പ വിഭാഗത്തില്‍പെട്ട ജംഗ്മു ഇഹോപ, ബേബി കോണ്‍ വിത്തുകള്‍ ഉണക്കുന്നു. ഗോത്രവിഭാഗത്തില്‍ പെട്ടവരുടെ പ്രധാനപ്പെട്ട വരുമാനമാര്‍ഗ്ഗമാണിത്

സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്ന ഒരു വനത്തില്‍ പെം സെറിംഗ് യാക്കിന്റെ പാല് കറന്നെടുക്കുന്നു. ഈ മൃഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ യാക്കുകളുടെയും ഇതര കാലി വര്‍ഗ്ഗങ്ങളുടെയും സങ്കരയിനമാണ്. ഇവയെ സോ (dzo) എന്നു വിളിക്കുന്നു. ബ്രോക്പകള്‍ രണ്ടുനേരം ഇവയുടെ പാല് കറന്നെടുക്കുന്നു

ബ്രോക്പകള്‍ പ്രധാനമായും അരിയും യാക്കിന്റെ മാംസവുമാണ് ഭക്ഷിക്കുന്നത്. അവര്‍ ഉരുളക്കിഴങ്ങ് പോലെയുള്ള പച്ചക്കറികള്‍ കുറച്ചേ കഴിക്കാറുള്ളൂ, കാരണം ഇവിടുത്തെ ഭൂമിക്ക് പച്ചക്കറികള്‍ കൃഷിചെയ്യാന്വേണ്ടത്ര ഫലപുഷ്ടിയില്ല

ബ്രോക്പകളുടെ അടുക്കളയില്‍ എല്ലായ്പ്പോഴും തീയുണ്ടാവും. കടുത്ത തണുപ്പില്‍ ചൂട് ലഭിക്കാന്‍ ഇതവരെ സഹായിക്കുന്നു

ലഗാമില് നിന്നും ഏതാണ്ട് 12 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ചന്ദര്‍ ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കായി ഒരു ബ്രോക്പ തയ്യാറെടുക്കുന്നു

ബ്രോക്പ ഇടയര്‍ ഉയര്‍ന്ന പ്രദേശത്തുനിന്നും താഴ്ന്ന പ്രദേശങ്ങളിലേക്കും അവിടെനിന്നും പര്‍വ്വത പ്രദേശങ്ങളിലേക്കും സ്ഥിരമായി നീങ്ങിക്കൊണ്ടിരിക്കുന്നു. ഭക്ഷ്യ സാധനങ്ങളും മറ്റു വസ്തുക്കളുമൊക്കെ അവര്‍ കൂടെക്കരുതും. തങ്ങളുടെ സ്ഥിര വാസസ്ഥലങ്ങള്ക്കകത്ത് (സമുദായം സ്ഥിരമായി നിശ്ചയിച്ചിരിക്കുന്ന ഇടങ്ങള്‍) തുടര്‍ച്ചയായി അവര്‍ നീങ്ങിക്കൊണ്ടിരിക്കുന്നു

ഒരു ബ്രോക്പ ഇടയന് ലഗാമിലെ തന്റെ ശീതകാല വാസസ്ഥലത്ത് വെണ്ണയും ഛുര്പ്പിയും (പരമ്പരാഗതമായി ഉണ്ടാക്കുന്ന പാല്‍ക്കട്ടി) ഉണ്ടാക്കുന്നു. രണ്ടിനങ്ങളില്‍ നിന്നും ബ്രോക്പ കുടുംബങ്ങള്‍ക്ക് ചെറുവരുമാനവും ലഭിക്കുന്നു

പെമിന്റെ സഹോദരി താശി, യാക്കിന്റെ ചാണകം ശേഖരിക്കുന്നു. അടുക്കളയിലെ ഇന്ധനമായി ചാണകം ഉപയോഗിക്കുന്നു. കടുത്ത ശൈത്യകാലത്തെ പൂജ്യത്തിനും താഴെയുള്ള താപനിലയിലും മഞ്ഞിലും ഇതുമാത്രമാണ് അവരുടെ ഒരേയൊരു ഇന്ധന സ്രോതസ്സ്

വിഭവങ്ങളുടെ അഭാവം മൂലം ലഗാം ഗ്രാമത്തിലെ സ്ക്കൂള് അടച്ചു. അതിനാല്‍ പ്രാഥമിക പഠനങ്ങള്‍ക്കായി കുട്ടികള്‍ തെംപാംഗ് ഗ്രാമത്തിലെ റെസിഡന്‍ഷ്യല്‍ സ്ക്കൂളില്‍ പോകുന്നു. അവിടെയെത്തുന്നതിന് കാട്ടിലൂടെ ഏതാണ്ട് 11 കിലോമീറ്ററുകള്‍ നടക്കണം

ബ്രോക്പകള്‍ ബുദ്ധമത വിശ്വാസികളാണ്. ലഗാമില് പ്രാര്‍ത്ഥനയ്ക്കായി ചെറിയൊരു ഗോമ്പയുണ്ട്

കാട്ടില്‍നിന്നും മുളകള്‍ ശേഖരിച്ചശേഷം മടങ്ങുന്നു. ബ്രോക്പകളുടെ ദൈനംദിന ജീവിതത്തില്‍ മുളകള്‍ വളരെ പ്രധാനപ്പെട്ടതാണ്. താല്‍ക്കാലിക അടുക്കളകളും വീട്ടുപകരണങ്ങളും ഉണ്ടാക്കാന്‍ അവര്‍ അവയുപയോഗിക്കുന്നു

ബ്രോക്പകള്ക്കിടയില് സാമുദായിക ബന്ധം ശക്തമാണ്. ബന്ധുക്കളെയും
സുഹൃത്തുക്കളെയും കാണാനായി അവര്‍ ഇടയ്ക്കിടെ വിവിധ വാസകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും
പരിഭാഷ: റെന്നിമോന്‍ കെ. സി.