“ആളുകൾ ഞങ്ങളെ കളിയാക്കി ചിരിച്ചു, കാരണം അവർ കരുതിയത് ഇത് നേടുകയെന്നത് അത്യാഗ്രഹമാണെന്നാണ്”, കെ. വി. ജോര്‍ജ്‍കുട്ടി പറഞ്ഞു.

അത് ഫെബ്രുവരി ആയിരുന്നു. കേരളത്തിലെ കടുത്ത വേനൽ വേഗത്തിൽ അടുത്തുകൊണ്ടിരിക്കുകയുമാണ്. കെ. വി. ജോര്‍ജ്‍കുട്ടിയും ബാബു ഉലഹന്നാനും അവരുടെ ഷെഡിനു പുറത്ത് വിശ്രമിക്കുകയായിരുന്നു. ഇടയ്ക്കിടെ ചെറിയ കാറ്റ് വീശുന്നുണ്ടായിരുന്നു. പക്ഷെ മുൻപിലുള്ള കാഴ്ചയായിരുന്നു യഥാർത്ഥത്തില്‍ ആശ്വാസകരം. തത്തപ്പച്ച നിറത്തിൽ ഒരു ചെറു തോടിനാൽ വേർതിരിക്കപ്പെട്ട് കിടക്കുന്ന 250 ഏക്കർ നെൽപ്പാടം. കോട്ടയം ജില്ലയിൽ പള്ളം ബ്ലോക്കിൽ പനച്ചിക്കാട് താലൂക്കിൽ കൊല്ലാട് പ്രദേശത്താണിത്. നീണ്ട നെല്ലോലകളിൽ നിന്നും വെള്ള പക്ഷികൾ പറന്നു പൊങ്ങി, കറുത്ത പക്ഷികൾ പാടത്തിനു കുറുകെയുള്ള വയറുകളിൽ ചേക്കേറി.

സമൃദ്ധമായ ഈ പുൽപ്പുറം കുറച്ചു മാസങ്ങൾ മുമ്പുവരെ ശൂന്യമായിരുന്നു. ബാബുവും ജോര്‍ജ്‍കുട്ടിയും സുരേഷ്‌കുമാറിനും ഷിബുകുമാറിനും വർഗ്ഗീസ് ജോസഫിനുമൊപ്പം ചേർന്നാണ് ഇതിനെ മാറ്റിയെടുത്തത്. “ഈ പ്രക്രിയയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗം ഭൂമിയെ കൃഷിക്കുവേണ്ടി തയ്യാറാക്കുക എന്നതാണ്. കള പറിക്കുകയും മണ്ണ് കൈകാര്യം ചെയ്യുകയും പാടത്തിനു ചുറ്റും ജലസേചനത്തിനുള്ള തോട് നിർമ്മിക്കുകയും ചെയ്യുന്നത് കഠിനമായ ജോലിയാണ്. സ്ഥിരമായ പാടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തരിശ് കിടക്കുന്ന ഭൂമി തയ്യാറാക്കി എടുക്കുക എന്നത് പത്തിരട്ടി പ്രയത്നം വേണ്ട പണിയാണ് [കൂടാതെ, ട്രാക്ടറുകളും തൊഴിലാളികളും വേണം]”, ബാബു പറഞ്ഞു. ഈ പാടങ്ങളിൽ നിന്നും 20 കിലോമീറ്റർ മാറി ചങ്ങനാശ്ശേരിയിൽ നിന്നുള്ള അദ്ദേഹവും സഹകർഷകരും അനുഭവസമ്പന്നരായ നെൽ കർഷകരാണ്.

Babu Ulahannan and  KV George, (orange and white shirt,respectively) are two of the five farmers who got together to cultivate paddy on 250 acres of fallow land.
PHOTO • Noel Benno
A part of the 250 acres of paddy fields in Kallara that were cultivated by Babu, George, Shibu, Varghese, and Suresh.
PHOTO • Vishaka George

ബാബു ഉലഹന്നാനും ( മുന്നിൽ ) കെ. വി. ജോര്‍ജ്‍കുട്ടിയും ( സ്റ്റൂളിൽ ഇരിക്കുന്നത് ) കുട്ടിച്ചനോടൊപ്പം . വിശ്വസ്തനായ തൊഴിലാളിയായ കുട്ടിച്ചൻ കൊല്ലാടിലെ ഈ പാടത്ത് ( വലത് ) വീണ്ടും കൃഷി നടത്താൻ പണിയെടുത്തയാളാണ്


പക്ഷെ നെല്‍കൃഷി നടത്തിക്കൊണ്ട് ഒഴുക്കിനെതിരായി നീന്തുകയാണവര്‍. 1980-കളിൽ കേരളത്തിൽ ആകെ കൃഷി ചെയ്തിരുന്ന ഭൂമിയുടെ 32 ശതമാനമായിരുന്നു നെൽകൃഷിയെങ്കില്‍ (സംസ്ഥാനത്ത് ആകെ വിളവെടുത്ത ഭൂമിയുടെ ഏറ്റവും ഉയർന്ന വിഹിതം) 2016-17 ആയപ്പോഴേക്കും അത് 6.63 ശതമാനമായി കുറഞ്ഞുവെന്ന് സംസ്ഥാന സർക്കാരിന്‍റെ 2016-17-ലെ കാർഷിക സ്ഥിതിവിവരകണക്ക് റിപ്പോർട്ട് പറയുന്നു. നെല്ല് കൃഷി ചെയ്തിരുന്ന പ്രദേശം 1974-75-ലെ 8.82 ലക്ഷം ഹെക്ടറിൽ നിന്നും 2015-16-ൽ 1.96 ലക്ഷം ഹെക്ടറായി കുറഞ്ഞുവെന്ന് സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ 2016-ലെ ഇക്കണോമിക് റിവ്യു പറയുന്നു.

ലാഭകരമായ നാണ്യവിളകളുടെ വരവോടെ നെല്ലിന്‍റെ സാമ്പത്തിക കാര്യക്ഷമത കുത്തനെ കുറഞ്ഞു. സംസ്ഥാനത്തെ നിരവധി കൃഷിയിടങ്ങൾ പ്രധാന റിയൽ എസ്റ്റേറ്റ് സ്ഥലങ്ങളായി പരിണമിച്ചു. നെൽകൃഷിയിൽ വിദഗ്ദ്ധരായ കർഷകർക്ക് അവരുടെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറയുകയും ചെയ്തു. നാണ്യവിളകളാണ് ഇപ്പോൾ പ്രദേശത്ത് മേധാവിത്തം പുലർത്തുന്നത്. 2016-ലെ ഇക്കണോമിക് റിവ്യു പറയുന്നതുസരിച്ച് 2015-16-ൽ റബ്ബർ, കുരുമുളക്, തെങ്ങ്, ഏലം, തേയില, കാപ്പി എന്നീ വിളകൾ കേരളത്തിലെ കൃഷിസ്ഥലത്തിന്‍റെ 62 ശതമാനം സ്ഥലത്ത് കൃഷി ചെയ്യുന്നു. അതേ കാലഘട്ടത്തിൽ തന്നെ ആകെ കൃഷിചെയ്ത പ്രദേശത്തിന്‍റെ 10.21 ശതമാനം ഇടത്ത് മാത്രമെ ഭക്ഷ്യവിളകളായ നെല്ല്, കപ്പ, പയർ എന്നിവയുള്ളൂ.

“കേരളത്തിലെ മണ്ണിനുവേണ്ടി നാണ്യ വിളകൾ മത്സരിക്കുകയാണ്. നെല്ല് നല്ലൊരു മത്സരാർത്ഥി അല്ല. നെല്ലിതര കൃഷിയിലേക്ക് തിരിയുന്നതാണ് ഒരു കർഷകന് മെച്ചം”, തിരുവനന്തപുരത്തുള്ള ലോറി ബേക്കർ സെന്റർ ഫോർ ഹാബിറ്റാറ്റ് സ്റ്റഡീസിന്‍റെ ചെയർമാനും, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്‍റെ (സി.ഡി.എസ്.) മുൻ ഡയറക്ടറുമായ കെ. പി. കണ്ണൻ പറഞ്ഞു.

‘ഈ പ്രക്രിയയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗം ഭൂമിയെ കൃഷിക്കുവേണ്ടി തയ്യാറാക്കുക എന്നതാണ്. കള പറിക്കുകയും മണ്ണ് കൈകാര്യം ചെയ്യുകയും പാടത്തിനു ചുറ്റും ജലസേചനത്തിനുള്ള തോട് നിർമ്മിക്കുകയും ചെയ്യുന്നത് കഠിനമായ ജോലിയാണ്’

വീഡിയോ കാണുക: നെല്ല് വളരുന്നത് കാണുന്നത് എനിക്ക് വളരെ സന്തോഷമാണ്

“തൽഫലമായി നിലവിലെ നെല്ലുൽപാദനം അപര്യാപ്തമാണ്. സംസ്ഥാന ആവശ്യത്തിന്‍റെ അഞ്ചിലൊന്ന് ആവശ്യത്തിനുപോലും അത് തികയില്ല”, സി.ഡി.എസിലെ ഒരു റിസർച്ച് അസോസിയേറ്റായ കെ. കെ. ഈശ്വരൻ പറഞ്ഞു. 1972-73-ൽ ഉൽപാദനം അതിന്‍റെ ഏറ്റവും ഉയർന്ന നിലയിൽ 13.76 ലക്ഷം മെട്രിക് ടൺ ആയിരുന്നതിൽ നിന്നും 2015-16 ആയപ്പോൾ 5.49 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞെന്ന് ഇക്കണോമിക് റിവ്യു ചൂണ്ടിക്കാണിക്കുന്നു.

പത്ത് വർഷങ്ങൾക്കു മുൻപ് സർക്കാർ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം, 2008 അവതരിപ്പിച്ചു (നിരവധി ജനകീയ പ്രസ്ഥാനങ്ങളും സംസ്ഥാനത്തുടനീളമുള്ള പ്രവർത്തകരും തണ്ണീർത്തടങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന്). ഈ നിയമമനുസരിച്ച് നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തുകയോ പരിവർത്തനപ്പെടുത്തുകയോ ചെയ്യുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. തരിശുനിലത്ത് കൃഷി ചെയ്ത് ‘തരിശുരഹിത’ പഞ്ചായത്ത് സൃഷ്ടിക്കുന്നതിനായി കർഷകർക്ക് പ്രോത്സാഹന ധനസഹായം തൽകിക്കൊണ്ട് 2010-ൽ സർക്കാർ അതിന്‍റെ പ്രവർത്തനം ത്വരിതപ്പെടുത്തി.

“ആദ്യവർഷം സംസ്ഥാന സർക്കാർ ഹെക്ടറിന് 30,000 രൂപ സബ്സിഡി നൽകി. അതിൽ 25,000 രൂപ കർഷകർക്കും 5,000 രൂപ പാട്ടമൂല്യമെന്ന നിലയിൽ സ്ഥലമുടമയ്ക്കുമാണ്”, ജോര്‍ജ്‍കുട്ടി പറഞ്ഞു. ആദ്യവർഷം മണ്ണ് തയ്യാറാക്കുന്ന ദൗത്യം പൂർത്തിയായാൽ ഈ സഹായം “യഥാക്രമം 5,800 ഉം 1,200 ഉം ആയി കുറയുന്നു.”

“ഇതരവിളകൾ കൃഷി ചെയ്താൽ ലഭിക്കുന്ന തുകയ്ക്ക് തുല്യമായി നിങ്ങൾ അവർക്ക് നഷ്ടപരിഹാരം നൽകണം. എന്തിന് കർഷകർ മാത്രം പരിസ്ഥിതി പരിപാലനത്തിന്‍റെ സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചിലവിന്‍റെ ഭാരം താങ്ങുകയും ചെയ്യണം?”, പരിസ്ഥിതിപരമായി നിലനിൽക്കുന്ന നെൽകൃഷിയെപ്പറ്റി പരാമർശിച്ചുകൊണ്ട് കെ. പി. കണ്ണൻ കൂട്ടിച്ചേർത്തു.

Large Hitachi tractors are used to harvest the fields. These tractors are used on levelled  ground. However many parts of the field are uneven and marshy which is why and where MNREGA are commissioned  to the harvesting work.
PHOTO • Vishaka George
MNREGA workers getting in to work at the 100 acre paddy field in Kallara, ready to begin the harvesting of the crops
PHOTO • Vishaka George

നിരപ്പുള്ള നിലത്ത് കൊയ്ത്ത് നടത്താനായി ട്രാക്ടറുകൾ ഉപയോഗിക്കുന്നു. നിരപ്പല്ലാത്തതും ചതുപ്പുനിലവുമായ ഭാഗങ്ങളിൽ എം.ജി.എൻ.ആർ.ഇ . ജി.എ . തൊഴിലാളികൾ ( വലത് , കല്ലറയിലെ നെൽപ്പാടത്ത് ) ഈ കഠിന ജോലി ചെയ്യുന്നു

ഭൂമി പിടിച്ചെടുക്കുമെന്നുളള ഭയത്തെ അഭിസംബോധന ചെയ്യുന്നതിനുവേണ്ടി കർഷകരേയും തരിശുഭൂമിയുടമകളേയും ഒരുമിച്ചു വരുത്തുന്നതിനായി ഈ നയം പ്രാദേശിക പഞ്ചായത്തുകളെ  പ്രോത്സാഹിപ്പിക്കുകയും ചർച്ചകൾക്കുള്ള മദ്ധ്യസ്ഥത വഹിക്കുകയും ചെയ്യുന്നു. പ്രാദേശിക കൃഷിഓഫീസറുടെ മേൽനോട്ടത്തിലാണ് ഇത് നടത്തുന്നത്.

“1969-ലെ ഭൂപരിഷ്കരണ നിയമത്തിനു [കുടികിടപ്പുകാരുടെ അവകാശങ്ങൾ ഉറപ്പിച്ച ചരിത്രപരമായ കേരള ഭൂപരിഷ്‌കരണ (ഭേദഗതി) നിയമം, 1969] ശേഷം പാട്ടംനല്‍കല്‍ സംസ്ഥാനത്ത് നിയമവിരുദ്ധമാണ്. പക്ഷെ [പഞ്ചായത്ത് മദ്ധ്യസ്ഥതയിൽ] കൃഷിക്കുവേണ്ടി പാട്ടം നൽകുന്നതിന് വ്യാപകമായ പിന്തുണയുണ്ട്”, കൊല്ലാട് (പനച്ചിക്കാട്) പഞ്ചായത്തിലെ ഒരംഗമായ ഷെബിൻ ജേക്കബ് പറഞ്ഞു. കോട്ടയത്തിന്‍റെ ഈ പ്രദേശത്ത് അദ്ദേഹം തരിശുനില നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നു. “നിങ്ങൾ തന്നെയായിരിക്കും ഉടമ, പക്ഷെ കൃഷി ചെയ്യുന്നത് അവരായിരിക്കും” എന്ന് പ്രാദേശിക പഞ്ചായത്തധികാരികൾ ഭൂഉടമകൾക്ക് ഉറപ്പു നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എന്നിരിക്കിലും നിലവിൽ ഇടയ്ക്കൊക്കെയേ കാര്യങ്ങൾ വിജയിക്കാറുള്ളൂ. “അവിടെയുമിവിടെയുമൊക്കെ വിജയകഥകൾ ഉണ്ട് - അറക്കുളം, ഇടുക്കി, കായൽ ഭൂമി [കടൽനിരപ്പിന് താഴെ കൃഷി ചെയ്യുന്നതിനാൽ ആലപ്പുഴയിലെയും കോട്ടയത്തെയും കുട്ടനാട് പ്രദേശങ്ങളിലെ നെൽവയലുകൾക്ക് യുനെസ്കോയുടെ പൈതൃക പദവിയുണ്ട്] എന്നിവിടങ്ങളിലൊക്കെ. കാരണം ഒരുപാടാളുകൾ അതിനായി ബുദ്ധിമുട്ടിയിരിക്കുന്നു”, ഈശ്വരൻ പറഞ്ഞു.

തദ്ദേശ ഭരണകൂടങ്ങളുടെയും സമൂഹങ്ങളുടെയും കൃഷി ഓഫീസർമാരുടെയും കർഷകരുടെയും സംയോജിത പരിശ്രമങ്ങളിലൂടെ കൊല്ലാടുള്ള പാടങ്ങളുടെ കാര്യത്തിൽ ഇതാണ് ചെയ്തത്. കൊല്ലാടുള്ള 250 ഏക്കർ ഉൾപ്പെടെ ജില്ലയിലുടനീളം 2017-18 വർഷത്തിൽ ഏകദേശം 830 ഹെക്ടർ തരിശുഭൂമിയിൽ നെൽകൃഷി നടത്തിയിട്ടുണ്ട്. കോട്ടയത്തെ കൃഷി ഓഫീസ് പരിധിയിൽ മാർച്ചിൽ ഉണ്ടായ പുരോഗതിയാണ് ഇത് കാണിക്കുന്നത്.

Babu Ulahannan telling the writers of this story about the work that went behind cultivating 250 acres of paddy on fallow land
PHOTO • Noel Benno
Babu Ulahannan moves around the 250 acres with the help of a wooden boat, called vallam in Malayalam. A stream runs that through this large field facilitates the travel
PHOTO • Noel Benno

250 ഏക്കർ തരിശുനിലത്ത് നെൽകൃഷി നടത്തുന്നതിനുവേണ്ട വലിയ പ്രയത്നത്തെപ്പറ്റി ബാബു ഉലഹന്നാൻ ( ഇടത് ) സംസാരിക്കുന്നു. ഒരു തോണിയിൽ ഒരു തോട്ടിലൂടെയാണ് അദ്ദേഹം പാടത്തിലൂടെ സഞ്ചരിക്കുന്നത്

“നവംബറിൽ [2017] കൃഷി ചെയ്യാൻ തുടങ്ങിയ ഞങ്ങൾ 120 ദിവസത്തെ കഠിനാദ്ധ്വാനത്തിനുശേഷം ഇപ്പോഴത്തെ നിലയിലെത്തി”, വള്ളം തുഴയുന്നതിനിടയിൽ ബാബു പറഞ്ഞു. വള്ളത്തിലാണ് ഞങ്ങൾ പാടങ്ങളിൽ ചുറ്റിയത്. “എല്ലാം നന്നായി പോവുകയാണെങ്കിൽ 22 ക്വിന്‍റൽ [ഏക്കറിന്] അരി ലഭിക്കുമെന്നും ഏക്കറിന് 25,000 വീതം ലാഭം ലഭിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.”

കൃഷി ചെയ്യാനുള്ള ഔദ്യോഗിക നീക്കങ്ങളെല്ലാം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹവും ചങ്ങനാശ്ശേരിയിൽ നിന്നുള്ള സഹകർഷകരും പരിചിതരായ ഒരുസംഘം തൊഴിലാളികളെ കൂടെക്കൂട്ടി. തരിശുനിലത്ത് കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാനത്തിന്‍റെ പരിശ്രമം കേരളത്തിലെ വലിയൊരു കാർഷിക പ്രശ്നത്തെ, അതായത് തൊഴിലാളികളുടെ ദൗർലഭ്യത്തെ, അഭിസംബോധന ചെയ്തില്ല.

“തൊഴിൽ വലിയൊരു പ്രശ്നമാണ്”, കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ കളത്തൂക്കടവ് ഗ്രാമത്തിൽ നിന്നുള്ള കർഷകനായ ജോസ് ജോർജ് പറഞ്ഞു. അദ്ദേഹം 10 ഏക്കറിൽ നെല്ലും മറ്റു വിളകളും കൃഷി ചെയ്യുന്നു. പ്രാദേശിക തൊഴിലാളികൾക്ക് ദിവസ വേതനമായി 850 രൂപ നൽകുന്നു (ഇത് പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ ജില്ലകൾ തോറും വ്യത്യാസപ്പെട്ടിരിക്കുന്നു). അതിഥി തൊഴിലാളികൾക്ക്, പ്രധാനമായും ബിഹാറിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുള്ളവർക്ക്, 650 രൂപയാണ് കൂലി. “അതിഥി തൊഴിലാളികളെ പണിക്കെടുക്കുന്നത് പ്രാദേശിക തൊഴിലാളികൾ എതിർക്കുന്നതു മൂലമുള്ള വേറെ പ്രശ്നങ്ങളുമുണ്ട്”, അദ്ദേഹം പറഞ്ഞു.

തരിശുനിലത്ത് കൃഷി ചെയ്യുന്നതിനുവേണ്ട തൊഴിലാളികള്‍ക്കു വേണ്ടി പഞ്ചായത്ത് പലപ്പോഴും കേരളത്തിൽ നിന്നുള്ള എം.ജി.എൻ.ആർ.ഇ.ജി.എ. തൊഴിലാളികളെ 260 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. “മണ്ണ് തയ്യാറാക്കാൻ ആദ്യഘട്ടങ്ങളിൽ [എം.ജി.എൻ.ആർ.ഇ.ജി.എ.] തൊഴിലാളികൾ  കർഷകർക്ക് വലിയ സഹായമാണ് നൽകുന്നത്. ജലസേചനത്തിനുള്ള ചെറിയ തോടുകളും പാടത്തിനുചുറ്റും അവര്‍ ഉണ്ടാക്കുന്നു. ഇത് കൃഷിച്ചിലവ് ഗണ്യമായി കുറയ്ക്കുന്നു”, കോട്ടയത്തെ കാർഷിക ഓഫീസറായ റസിയ എ. സലാം പറഞ്ഞു. “നേരത്തെ പഞ്ചായത്തിന് 30 ദിവസത്തെ ജോലി നൽകാൻ പോലും സാധിച്ചിരുന്നില്ല. പക്ഷെ ഈ പുതിയ പദ്ധതിയുള്ളതുകൊണ്ട് ഇപ്പോഴവർക്ക് 50 മുതൽ 60 ദിവസങ്ങൾ വരെ ലഭിക്കുന്നു.”

Jose George overlooking the ten acres of paddy he is co-cultivating on in Kalathilkadavu, a village in Panachikkadu block, Kottayam district
PHOTO • Vishaka George
Agricultural labourers who were adding fertilisers to the field in Kalathilkadavu,Kottayam
PHOTO • Vishaka George

കോട്ടയം ജില്ലയിലെ കളത്തൂക്കടവ് ഗ്രാമത്തിൽ താന്‍ നെല്‍കൃഷി നടത്തുന്ന 10 ഏക്കർ പാടത്ത് ജോസ് ജോർജ് (ഇടത് ). മറ്റു വിളകളും അവിടെ കൃഷിചെയ്യാറുണ്ട്. ആലപ്പുഴ ജില്ലയിൽ നിന്നുള്ള വിദഗ്ദ്ധ കർഷകനായ 75- കാരൻ പുരുഷോത്തമനും ( വലത് , അദ്ദേഹം തന്‍റെ പേരിന്‍റെ ആദ്യഭാഗം മാത്രമാണ് നൽകിയിരിക്കുന്നത് ) ജോസിന്‍റെ വയലിൽ കർഷകത്തൊഴിലാളിയായി പണിയെടുക്കുന്നു

നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്‍റെ നയങ്ങൾക്കു മുമ്പുതന്നെ കുടുംബശ്രീ കൂട്ടായ്മ നെൽകൃഷി വർദ്ധിപ്പിക്കുന്നതിനായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. 1998-ൽ തുടങ്ങിയ കുടുംബശ്രീ ഇപ്പോൾ 4.3 ദശലക്ഷം സ്ത്രീകൾ ഉൾപ്പെടുന്ന ഒരു ശൃംഖലയാണ് (കൂട്ടായ്മയുടെ വെബ്സൈറ്റ് പറയുന്നതു പ്രകാരം). അവരിൽ മിക്കവരും ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നവരാണ്. അവരിൽ നിരവധി പേർ നെല്ല് വിതയ്ക്കാനും കൊയ്യാനും വൈദഗ്ദ്ധ്യം ലഭിച്ച കർഷകത്തൊഴിലാളികളുമാണ്. കുടുംബശ്രീ അവരെ സംഘങ്ങളായി കൂട്ടി കർഷകരെയോ ഭൂവുടമകളെയോ സമീപിക്കാൻ സഹായിക്കുന്നു. സ്ത്രീകൾ സ്വന്തം നിലയിൽ ഭൂമിയിൽ കൃഷി ചെയ്യുകയും കുടുംബശ്രീയിൽ നിന്നും ഹെക്ടറിന് 9,000 രൂപ കൃഷിക്കുള്ള ധനസഹായമായി നേടുകയും ചെയ്യുന്നു. നിലവിൽ കേരളത്തിലുടനീളം 8,300 ഹെക്ടറിൽ കുടുംബശ്രീ കൂട്ടായ്മ നെൽകൃഷി നടത്തുന്നു. പ്രധാനമായും മലപ്പുറം, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളുടെ കേന്ദ്ര പ്രദേശങ്ങളിൽ. അവർ ഈ നെല്ല് സംസ്കരിക്കുകയും തങ്ങളുടെ പ്രദേശങ്ങളുടെ പേരുകളിൽ ബ്രാൻഡ് ചെയ്യുകയും ചില പ്രാദേശിക വിൽപനശാലകളുമായി ബന്ധമുണ്ടാക്കുകയും ചെയ്യുന്നു. “ഇതവരുടെ വരുമാനം വർദ്ധിപ്പിക്കുന്നു”, കുടുംബശ്രീയുടെ കൃഷി ഉപജീവനമാര്‍ഗ്ഗങ്ങളുടെ ഉപദേശകനായ രാഹുൽ കൃഷ്ണൻ പറഞ്ഞു.

അതേസമയത്ത് കോട്ടയത്തെ വൈക്കം ബ്ലോക്കിലെ കല്ലറ ഗ്രാമത്തിൽ ഫെബ്രുവരി 16-ന് ഒരു വിളവെടുപ്പുത്സവത്തിൽ ഏകദേശം 40 കർഷകരുടെ ഒരു സംഘവും അവരുടെ കുടുംബങ്ങളും കാർഷിക ഓഫീസർമാർക്കും പഞ്ചായത്തംഗങ്ങൾക്കും മാദ്ധ്യമങ്ങൾക്കുമൊപ്പം 100 ഏക്കർ തരിശുനിലം നെൽപ്പാടങ്ങളായി കൂട്ടായി പരിവർത്തനം ചെയ്തത് ആഘോഷിക്കാനായി ഒത്തുകൂടി. ചെണ്ട കൊട്ടിയും കർഷകർക്ക് കച്ചയും സമ്മാനങ്ങളും നൽകി ആദരിച്ചും അന്തരീക്ഷം ഉല്ലാസപ്രദമായിരുന്നു.

40 കർഷകരിൽ ഒരാളായ ശ്രീധരൻ അമ്പാട്ടുകുന്നിൽ വിളവെടുത്ത നെല്ലിന്‍റെ ആദ്യത്തെ കെട്ട് സന്തോഷത്തോടെ കൈയിലേന്തി. മാസങ്ങളായുള്ള അദ്ദേഹത്തിന്‍റെ കഠിനാദ്ധ്വാനം മികച്ച ഒരു കൊയ്ത്തിലേക്ക് നയിച്ചു. പക്ഷെ കല്ലറയിലെ മറ്റ് കർഷകരെപ്പോലെ വിളവ് എവിടെ സംഭരിക്കും എന്ന കാര്യത്തിൽ അദ്ദേഹത്തിനും ആശങ്കയുണ്ട്. “അവർ (സംസ്ഥാന സർക്കാരിനു വേണ്ടി ധാന്യം ശേഖരിക്കുന്ന സ്വകാര്യ കരാറുകാർ) 100 കിലോ എടുക്കും, പക്ഷെ 17 കിലോയ്ക്ക് പണം നൽകില്ല. കഴിഞ്ഞകൊല്ലം അവര്‍ പക്ഷെ 4 കിലോയ്ക്ക് മാത്രമാണ് കുറച്ചത്.” തരിശു നിലത്തെ നെല്ലിന്‍റെ കാര്യത്തിൽ മാത്രമല്ല, എല്ലാ വിളകളുടെയും കാര്യത്തിൽ കരാറുകാർ ഇതുതന്നെയാണ് ചെയ്യുന്നത്. ഇതിനോട്‌ നിരവധി കർഷകർക്കും പ്രശ്നമുണ്ട്.

ചില സ്ഥലങ്ങളിൽ നെല്ലിന്‍റെ ഗുണമേന്മയുമായി ബന്ധപെട്ട് കർഷകരും മില്ലുടമകളുടെ ദല്ലാൾമാരും തമ്മിലുണ്ടാകുന്ന അഭിപ്രായഭിന്നതകൾ കൊയ്യുന്ന സമയം മുതല്‍ നെല്ല് സംഭരിക്കുന്നതു വരെ വലിയ കാലതാമസമുണ്ടാക്കുന്നു. “ഇത് കർഷകർക്ക് തികച്ചും അഹിതകരമാണ്”, ഈശ്വരൻ പറഞ്ഞു.

ഈ നിരവധി അനിശ്ചിതത്വങ്ങൾ പരിഗണിക്കുമ്പോൾ എന്താണ് കർഷകനെ മുന്നോട്ടു നയിക്കുന്നത്? “കൃഷി ഞങ്ങൾക്ക് വികാരമാണ്. നഷ്ടമാണെങ്കിലും ഞങ്ങളത് ചെയ്യും”, ശ്രീധരൻ പറഞ്ഞു. “ഈ രാജ്യത്ത് കർഷകർ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല, പക്ഷെ ഞങ്ങളെ നശിപ്പിക്കാനും കഴിയില്ല.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Vishaka George

Vishaka George is a Bengaluru-based Senior Reporter at the People’s Archive of Rural India and PARI’s Social Media Editor. She is also a member of the PARI Education team which works with schools and colleges to bring rural issues into the classroom and curriculum.

Other stories by Vishaka George
Noel Benno

Noel Benno is a former William J. Clinton fellow at the American India Foundation, and at present a student of Public Policy at the National Law School of India University, Bengaluru.

Other stories by Noel Benno
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.