ഡൽഹിയിലുള്ള ആശുപത്രി വിട്ടപ്പോൾ തന്‍റെയുള്ളിൽ കോപ്പർ-റ്റി നിക്ഷേപിച്ചിട്ടുണ്ടെന്ന് ദീപയ്ക്കറിയില്ലായിരുന്നു.
രണ്ടാമത്തെ കുട്ടിയ്ക്ക്, മറ്റൊരു പുത്രന്, ജന്മം കൊടുത്ത അവർക്ക് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയാകണമായിരുന്നു. പക്ഷെ കുട്ടിക്ക് ജന്മം കൊടുത്തത് സി-സെക്ഷന്‍ (സിസേറിയൻ) ശസ്ത്രക്രിയയിലൂടെയാണ്. കൂടാതെ "ഒരേ സമയം രണ്ടു ശസ്ത്രക്രിയ നടത്താൻ പറ്റില്ലെന്ന് ഡോക്ടർ എന്നോടു പറഞ്ഞു”, ദീപ പറഞ്ഞു.
പകരം കോപ്പർ-റ്റിയാണ് ഡോക്ടർ ശുപാർശ ചെയ്തത്. ദീപയും അവരുടെ ഭർത്താവ് നവീനും (യഥാർത്ഥ പേരുകളല്ല) ഇത് ഒരു നിർദ്ദേശം മാത്രമാണെന്നാണ് വിശ്വസിച്ചത്.
2018 മെയ് മാസത്തിലെ പ്രസവത്തിനുശേഷം 21-കാരിയായ ദീപ ഡൽഹി സർക്കാരിന്‍റെ കീഴിലുള്ള ദീൻ ദയാൽ ഉപാദ്ധ്യായ് ആശുപത്രി വിട്ടു. "ഡോക്ടർ കോപ്പർ-റ്റി നിക്ഷേപിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു”, നവീൻ പറഞ്ഞു.
ഏതാണ്ട് ഒരാഴ്ചയ്ക്കു ശേഷം അവരുടെ പ്രദേശത്തെ ആശാ പ്രവർത്തക ദീപയുടെ ആശുപത്രി വിടുതൽ റിപ്പോർട്ട് വായിച്ചപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് അവർക്കു മനസ്സിലായത്. ദീപയും നവീനും റിപ്പോർട്ട് വായിച്ചിരുന്നില്ല.
കോപ്പർ-റ്റി ഗർഭപാത്രത്തിനകത്തു നിക്ഷേപിക്കുന്ന ഒരു ഗർഭനിരോധനോപാധിയാണ് (intrauterine contraceptive device - IUD). പ്രസവം തടയുന്നതിനായി അത് ഗർഭപാത്രത്തിനുളളിൽ സ്ഥാപിക്കുന്നു. "അത് ഇണങ്ങി വരാൻ മൂന്നു മാസങ്ങൾ വരെയെടുക്കും. ചിലർക്ക് അസ്വസ്ഥതയും തോന്നാം. അതുകൊണ്ടാണ് ചികിത്സയിലുള്ളവരോട് [6 മാസം വരെ] തുടർച്ചയായി ഡിസ്പെൻസറിയിൽ പരിശോധനയ്ക്ക് വരാൻ ഞങ്ങൾ എല്ലായ്പ്പോഴും പറയുന്നത്”, ആശാ പ്രവർത്തകയായ (ASHA - Accredited Social Health Activist) 36-കാരി സുശീല ദേവി പറഞ്ഞു. 2013 മുതൽ ദീപയുടെ പ്രദേശത്ത് അവർ പ്രവർത്തിക്കുന്നു.
പക്ഷെ ദീപയ്ക്ക് ആദ്യത്തെ മൂന്നു മാസം ഒരു അസ്വസ്ഥതയും തോന്നിയില്ല. മൂത്ത മകന്‍റെ അസുഖം കാരണം അവർ പരിശോധനകൾക്ക് പോയുമില്ല. റ്റി ഉപയോഗിക്കുന്നത് തുടരാൻ അവർ തീരുമാനിച്ചു.
കൃത്യം രണ്ടു വർഷങ്ങൾക്കുശേഷം, 2020 മെയ് മാസം, ദീപയ്ക്ക് മാസമുറ ആയപ്പോൾ പ്രശ്നങ്ങൾ ആരംഭിച്ചു - കഠിനമായ വേദനയോടെ.
കുറച്ചു ദിവസങ്ങൾ വേദന തുടർന്നപ്പോൾ ഡൽഹിയിലെ ബക്കർവാലാ പ്രദേശത്തുള്ള ആം ആദ്മി മൊഹല്ല ക്ലിനിക്കിലേക്ക് (എ.എ.എം.സി.) അവർ നടന്നു. അവരുടെ വീട്ടിൽ നിന്നും ഏകദേശം 2 കിലോമീറ്റർ അകലെയാണിത്. "അവിടുത്തെ ഡോക്ടർ ആശ്വാസത്തിനുള്ള ചില മരുന്നുകൾ നിർദ്ദേശിച്ചു”, ദീപ പറഞ്ഞു. അവർ ഒരുമാസത്തിലധികം അദ്ദേഹത്തിന്‍റെയടുത്തു നിന്നും ചികിത്സ തേടി. "എന്‍റെ അവസ്ഥയ്ക്ക് പുരോഗതി ഉണ്ടാകാഞ്ഞപ്പോൾ അദ്ദേഹം എന്നെ ബക്കർവാലായിലെതന്നെ മറ്റൊരു എ.എ.എം.സി.യിലെ ഒരു വനിതാ ഡോക്ടറുടെയടുത്തേക്ക് പറഞ്ഞുവിട്ടു”, അവർ കൂട്ടിച്ചേർത്തു.
ദീപ സന്ദർശിച്ച ബക്കർവാലായിലെ ആദ്യ എ.എ.എം.സി.യിലെ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജായ ഡോ. അശോക് ഹംസിന് ഞാൻ സംസാരിച്ച സമയത്ത് അവരുടെ കാര്യം ഓർമ്മിച്ചെടുക്കാൻ കഴിഞ്ഞില്ല - പ്രതിദിനം 200-ലധികം രോഗികളെ കാണുന്നയാളാണ് അദ്ദേഹം. "അത്തരം ഒരു കേസ് വന്നാൽ ഞങ്ങൾ ചികിത്സ നൽകും", അദ്ദേഹം എന്നോടു പറഞ്ഞു. "ആർത്തവവുമായി ബന്ധപ്പെട്ടതാണെങ്കിൽ മാത്രം ഞങ്ങളത് [ക്രമരാഹിത്യം] നിയന്ത്രിക്കാൻ ശ്രമിക്കുന്നു. അല്ലെങ്കിൽ ഞങ്ങൾ അൾട്രാസൗണ്ട് നിർദ്ദേശിക്കുകയും മറ്റ് സർക്കാർ ആശുപത്രികൾ ശുപാർശ ചെയ്യുകയും ചെയ്യും.” അവസാനം ക്ലിനിക്ക് ദീപയ്ക്ക് അൾട്രാസൗണ്ട് പരിശോധന നിർദ്ദേശിച്ചു.
"ഇവിടെ വന്ന സമയത്ത് അവർ തന്നെയാണ് എന്നോട് ആർത്തവ ക്രമരാഹിത്യങ്ങളെക്കുറിച്ച് പറഞ്ഞത്. അതിന്‍റെയടിസ്ഥാനത്തിൽ അവരുടെ ആദ്യ സന്ദർശനത്തിൽ തന്നെ ഞാനവർക്ക് അയൺ, കാത്സ്യം ഗുളികകൾ നിർദ്ദേശിച്ചു”, ബക്കർവാലായിലെ മറ്റൊരു ചെറിയ എ.എ.എം.സി.യിലെ ഡോ. അമൃത നാടാർ പറഞ്ഞു. “കോപ്പർ-റ്റി ഉപയോഗിക്കുന്ന കാര്യം അവർ പറഞ്ഞില്ല. അവർ പറഞ്ഞിരുന്നെങ്കിൽ അൾട്രാസൗണ്ടിലൂടെ ഞങ്ങൾക്കത് കണ്ടെത്താമായിരുന്നു. പക്ഷെ അവർ നേരത്തെയുള്ള ഒരു അൾട്രാസൗണ്ട് റിപ്പോർട്ട് കാണിക്കുകയാണുണ്ടായത്. അതിൽ എല്ലാം സാധാരണ നിലയിലായിരുന്നു.” എങ്കിലും ദീപ പറയുന്നത് ഡോക്ടറോട് അവർ കോപ്പർ-റ്റിയെക്കുറിച്ച് പറഞ്ഞു എന്നാണ്.
2020 മെയ് മാസത്തിലെ ആര്‍ത്തവ സമയത്തെ ആദ്യത്തെ കടുത്ത വേദനയ്ക്കുശേഷം അവരുടെ പ്രശ്നങ്ങൾ കുറഞ്ഞു. "എനിക്ക് സാധാരണയായി അനുഭവപ്പെട്ട ആ ഒരു ചക്രം അഞ്ച് ദിവസങ്ങൾക്കുള്ളിൽ അവസാനിച്ചു”, അവർ പറഞ്ഞു. "പക്ഷെ തുടർന്നുള്ള മാസങ്ങളിൽ അസാധാരണമാം വിധം എനിക്ക് രക്തസ്രാവം ഉണ്ടായി. ജൂണിൽ 10 ദിവസമാണ് മാസമുറ നീണ്ടു നിന്നത്. അടുത്ത മാസം അത് 15 ദിവസമായി. ഓഗസ്റ്റ് 12 മുതൽ അത് ഒരു മാസത്തേക്ക് നീണ്ടു.”
"നീങ്ങാനാവാത്ത വിധം കൂടുതൽ ക്ഷീണിതയായി ആ ദിവസങ്ങളിൽ എനിക്കനുഭവപ്പെട്ടു. നടക്കാൻപോലും ബുദ്ധിമുട്ടായിരുന്നു. എനിക്ക് തലകറക്കം തോന്നി. ഞാൻ കിടക്കുകയായിരുന്നു. ഒരു ജോലിയും ചെയ്യാൻ എനിക്കു പറ്റില്ലായിരുന്നു. ചില സമയങ്ങളിൽ അടിവയറിന്‍റെ ഭാഗത്ത് എനിക്ക് കടുത്ത വേദന തോന്നി. ഒരു ദിവസം 4 തവണ എനിക്ക് വസ്ത്രം മാറണമായിരുന്നു. കാരണം കടുത്ത രക്തസ്രാവത്തിൽ അവയൊക്കെ നനയുമായിരുന്നു. കിടക്കവിരികളും മോശമായി”, പശ്ചിമ ഡൽഹിയിലെ നാംഗ്ലോയി-നജഫ്ഗഢ് റോഡിലെ തന്‍റെ ഇരട്ടമുറി സിമന്‍റ് വീട്ടിലെ തടിക്കട്ടിലിലിരുന്ന് ദീപ കൂട്ടിച്ചേർത്തു.
2020 ജൂലൈയിലും ഓഗസ്റ്റിലും ദീപ രണ്ടുതവണ ബക്കർവാലായിലെ ചെറു ക്ലിനിക്ക് സന്ദർശിച്ചു. രണ്ടു തവണയും അവിടുത്തെ ഡോക്ടർ ഗുളികയ്ക്ക് കുറിച്ചു കൊടുത്തു. “മരുന്നുകൾക്ക് കുറിച്ചു കൊടുത്ത ശേഷം ക്രമരഹിതമായ ആർത്തവമുള്ള രോഗികളോട് ഞങ്ങൾ എപ്പോഴും പറയും ഒരു മാസത്തേക്ക് അവരുടെ ആർത്തവ ചക്രം ശ്രദ്ധിക്കാൻ. ഇവിടെ ക്ലിനിക്കുകളിൽ അടിസ്ഥാന ചികിത്സ നൽകാൻ മാത്രമെ ഞങ്ങൾക്ക് കഴിയൂ. കൂടുതൽ വിലയിരുത്തലുകൾക്കായി ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വകുപ്പ് സന്ദർശിക്കാൻ ഞാനവരോട് ശുപാർശ ചെയ്തു”, ഡോ. അമൃത എന്നോടു പറഞ്ഞു.
ദീപ അപ്പോൾ, 2020 ഓഗസ്റ്റ് പകുതിയായപ്പോൾ, ഏറ്റവും അടുത്തുള്ള ആശുപത്രിയായ രഘുബിർ നഗറിലെ ഗുരു ഗോബിന്ദ് സിംഗ് ആശുപത്രിയിലേക്ക് (അവരുടെ വീട്ടിൽനിന്നും ഏകദേശം 12 കിലോമീറ്റർ ദൂരെ) ബസിൽ തിരിച്ചു. ഈ ആശുപത്രിയിലെ ഡോക്ടർ രോഗനിർണ്ണയ സമയത്ത് ‘മെനോറാജിയ’ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. ആർത്തവ സമയത്ത് അസാധാരണമാംവിധം വലിയതോതിൽ അല്ലെങ്കിൽ വളരെ നീണ്ടു നിൽക്കുന്ന രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയാണിത്.
"ഈ ആശുപത്രിയിലെ ഗൈനക്കോളജി വകുപ്പിൽ രണ്ടുതവണ ഞാൻ പോയി”, ദീപ പറഞ്ഞു. "എല്ലാ സമയത്തും അവർ രണ്ടാഴ്ചത്തേക്ക് മരുന്നുകൾ കുറിച്ചു. പക്ഷെ വേദന നിന്നില്ല.”
ഇപ്പോൾ 24 വയസ്സുള്ള ദീപ ഡൽഹി സർവ്വകലാശാലയിൽ നിന്നും രാഷ്ട്രമീമാംസയിൽ ബി.എ. ബിരുദം നേടിയിട്ടുണ്ട്. മാതാപിതാക്കൾ ജോലിയന്വേഷിച്ച് ബിഹാറിലെ മുസാഫർപൂറിൽ നിന്നും ഡൽഹിയിലേക്ക് കുടിയേറുമ്പോൾ ദീപയ്ക്ക് കഷ്ടിച്ച് മൂന്നു മാസം പ്രായമെ ഉണ്ടായിരുന്നുള്ളൂ. അവരുടെ അച്ഛന് ഒരു പ്രിന്‍റിംഗ് പ്രസ്സിലായിരുന്നു ജോലി. ഇപ്പോൾ ചെറിയൊരു സ്റ്റേഷനറി കട നടത്തുന്നു.
അവരുടെ ഭർത്താവ് 29-കാരനായ നവീന്‍ രണ്ടാം ക്ലാസ്സ് വരെയാണ് പഠിച്ചിട്ടുള്ളത്. രാജസ്ഥാനിലെ ദൗസ ജില്ലയിൽ നിന്നുള്ള അദ്ദേഹം ലോക്ക്ഡൗൺ തുടങ്ങുന്നതുവരെ ഡൽഹിയിലെ ഒരു സ്ക്കൂൾ ബസിൽ സഹായിയായി ജോലി നോക്കുകയായിരുന്നു.
2015 ഒക്ടോബറിലാണ് ഇവർ വിവാഹിതരായത്. പെട്ടെന്നു തന്നെ ദീപ അവരുടെ ആദ്യത്തെ പുത്രനെ ഗർഭം ധരിക്കുകയും ചെയ്തു. കുടുംബത്തിന്‍റെ സാമ്പത്തികാവസ്ഥ കണക്കിലെടുത്ത് ഒരു കുട്ടി മാത്രം മതിയെന്നായിരുന്നു ദീപയുടെ താത്പര്യം. രണ്ടുമാസം പ്രായമുള്ളതു മുതൽ അവരുടെ മകന് അസുഖമായിരുന്നു.
"അവന് [തുടർച്ചയായി] ഇരട്ട ന്യുമോണിയ (രണ്ട് ശ്വാസകോശങ്ങളെയും ബാധിക്കുന്ന ന്യുമോണിയ) ആയിരുന്നു. അവന്‍റെ ചികിത്സയ്ക്കായി ആയിരക്കണക്കിന് രൂപ, ഡോക്ടർ എത്ര ഫീസ് ചോദിക്കുന്നോ അത്രയും, ഞങ്ങൾ ചിലവാക്കിയ ഒരു സമയമുണ്ടായിരുന്നു”, അവർ പറഞ്ഞു. “അവന്‍റെ അവസ്ഥ കണക്കിലെടുത്തുകൊണ്ട് ഒരിക്കൽ ഒരു ഡോക്ടർ ഞങ്ങളോടു പറഞ്ഞത് അവൻ അതിജീവിക്കാൻ ബുദ്ധിമുട്ടാണന്നാണ്. അപ്പോഴാണ് മറ്റു കുടുംബാംഗങ്ങൾ ഞങ്ങൾക്ക് ഒരുകുട്ടി കൂടി വേണമെന്ന് ശഠിച്ചത്”, അവർ പറഞ്ഞു.”
വിവാഹത്തിനു മുമ്പ് കുറച്ചു മാസങ്ങൾ ദീപ ഒരു സ്വകാര്യ സ്ക്കൂളിൽ പ്രതിമാസം 5,000 രൂപ ശമ്പളത്തിൽ അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. മൂത്ത മകന്‍റെ അസുഖത്തെ തുടർന്നാണ് അദ്ധ്യാപനം തുടരാനുള്ള അവരുടെ ഉദ്ദേശ്യം ഇല്ലാതായത്.
ഇപ്പോൾ 5 വയസ്സുള്ള അവൻ മദ്ധ്യ ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ (ആർ.എം.എൽ.) സൗജന്യ ചികിത്സയിലാണ്. എല്ലാ മൂന്നു മാസങ്ങൾ കൂടുമ്പോഴും അവർ അവനെ ചികിത്സയ്ക്കായി ബസിൽ അവിടെയെത്തിക്കുന്നു. ചിലപ്പോൾ സഹോദരൻ അവരെ മോട്ടോർ സൈക്കിളിൽ അവിടെത്തിക്കുന്നു.
2020 സെപ്തംബർ മൂന്നിന് ആർ.എൽ.എം.ലേക്ക് നടത്തിയ അത്തരം ഒരു സന്ദർശനത്തിൽ ആശുപത്രിയിലെ ഗൈനക്കോളജി വകുപ്പ് സന്ദർശിക്കാൻ അവർ തീരുമാനിച്ചു. മറ്റ് ആശുപത്രികളിലും ക്ലിനിക്കുകളിലുമൊക്കെ മുൻകാലങ്ങളില്‍ പലതവണ പോയപ്പോള്‍ ശ്രദ്ധിക്കാതെ പോയ പ്രശ്നങ്ങളെ ഒരിക്കൽകൂടി പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമായിരുന്നു ഇത്.
"[തുടർച്ചയായുള്ള വേദനയുടെ കാരണം കണ്ടുപിടിക്കുന്നതിനായി] ആശുപത്രിയിൽ അൾട്രാസൗണ്ട് നടത്തി. പക്ഷെ ഒന്നും കണ്ടെത്തിയില്ല”, ദീപ പറഞ്ഞു. “ഡോക്ടറും കോപ്പർ-റ്റി കണ്ടെത്താന്‍ ശ്രമിച്ചു. പക്ഷെ അത് ഒരിടത്തും കണ്ടെത്താനായില്ല. അവരും മരുന്നുകൾ നിർദ്ദേശിക്കുകയും 2-3 മാസങ്ങൾക്കുശേഷം വീണ്ടും ചെല്ലാന്‍ പറയുകയും ചെയ്തു.”
അസാധാരണ രക്തസ്രാവത്തിന് കാരണമെന്തെന്ന് അപ്പോഴും ഉറപ്പില്ലാതെ സെപ്തംബര്‍ 4-ാം തീയതി ദീപ മറ്റൊരു ഡോക്ടറെ സന്ദര്‍ശിച്ചു. ഇത്തവണ പോയത് തന്‍റെ പ്രദേശത്തെ ചെറിയൊരു സ്വകാര്യ ക്ലിനിക്കിലേക്കാണ്. “ഇത്ര കടുത്ത രക്തസ്രാവം ഉണ്ടായിട്ടും എങ്ങനെയാണ് കുഴപ്പമില്ലാതെ മുന്നോട്ടുപോയതെന്ന് ഡോക്ടര്‍ ചോദിച്ചു. അവര്‍ കോപ്പര്‍-റ്റി എവിടെയാണെന്ന് കണ്ടെത്താന്‍ നോക്കി. പക്ഷെ കണ്ടെത്തിയില്ല”, ദീപ പറഞ്ഞു. പരിശോധനയ്ക്കായി 250 രൂപ അവര്‍ മുടക്കി. അതേദിവസം തന്നെ ഒരു കുടുംബാംഗത്തിന്‍റെ ഉപദേശപ്രകാരം അവര്‍ ഒരു സ്വകാര്യ ലാബില്‍ 300 രൂപയ്ക്ക് ഇടുപ്പിന്‍റെ എക്സ്-റേ എടുത്തു.
‘കോപ്പര്‍-റ്റി ഇടുപ്പിന്‍റെ ഒരു വശത്ത് കാണപ്പെടുന്നു’, റിപ്പോര്‍ട്ട് പ്രസ്താവിച്ചു.
“പ്രസവത്തിനോ അല്ലെങ്കില്‍ സി-സെക്ഷനോ ശേഷം ഉടന്‍തന്നെ കോപ്പര്‍-റ്റി നിക്ഷേപിച്ചാല്‍ അത് ചരിയാന്‍ സാദ്ധ്യതയുണ്ട്”, പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ. ജ്യോത്സ്ന ഗുപ്ത പറഞ്ഞു. “ഈ രണ്ടു കേസുകളിലും ഗര്‍ഭപാത്രത്തിന്‍റെ ഉള്‍ഭാഗം വികസിക്കുകയും സാധാരണ നിലയിലാവാന്‍ സമയമെടുക്കുകയും ചെയ്യുമെന്നതാണ് അതിനുള്ള കാരണം. അങ്ങനെ ചെയ്യുമ്പോള്‍ നിക്ഷേപിക്കപ്പെട്ട കോപ്പര്‍-റ്റിയുടെ നില വ്യത്യാസപ്പെടുകയും അത് ചരിയുകയും ചെയ്യാം. ആര്‍ത്തവ സമയത്ത് ഒരു സ്ത്രീക്ക് കടുത്ത പേശീവലിവുണ്ടാകുമ്പോഴും ഇത് സ്ഥാനം തെറ്റുകയോ ചരിയുകയോ ചെയ്യാം.”
അത്തരം പരാതികള്‍ സാധാരണമാണെന്നും ആശ പ്രവര്‍ത്തക സുശീല ദേവി കൂട്ടിച്ചേര്‍ത്തു. “നിരവധി സ്ത്രീകള്‍ കോപ്പര്‍-റ്റിയെക്കുറിച്ച് പരാതിപ്പെടുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്”, അവര്‍ പറഞ്ഞു. “ഒരുപാടു തവണ അവര്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് ‘അത് വയറ്റിലെത്തി’, അതുകൊണ്ട് എടുത്തു മാറ്റണമെന്ന്.”
രാജ്യത്ത് 15 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ള 36 ശതമാനം സ്ത്രീകള്‍ വന്ധ്യംകാരണം തിരഞ്ഞെടുക്കുമ്പോള്‍ 1.5 ശതമാനം സ്ത്രീകള്‍ മാത്രമെ ഐ.യു.ഡി. ഒരു ഗര്‍ഭനിരോധന ഉപാധിയായി ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നുള്ളൂ എന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ ( National Family Health Survey-4 2015-16) ചൂണ്ടിക്കാട്ടുന്നു.
“കോപ്പര്‍-റ്റി എല്ലാ സ്ത്രീകള്‍ക്കും ചേരില്ലെന്നും പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കാമെന്നും മറ്റുള്ളവര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്”, ദീപ പറഞ്ഞു. “പക്ഷെ രണ്ടു വര്‍ഷം എനിക്കൊരു പ്രശ്നവും ഇല്ലായിരുന്നു.”
വേദന നിറഞ്ഞ അമിത രക്തസ്രാവംമൂലം മാസങ്ങളോളം ബുദ്ധിമുട്ടിയശേഷം സര്‍ക്കാര്‍വക ഭഗവാന്‍ മഹാവീര്‍ ആശുപത്രിയില്‍ പോകാന്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ദീപ തീരുമാനിച്ചു. വടക്കു-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പീതംപുരയിലാണ് ഈ ആശുപത്രി സ്ഥിതിചെയ്യുന്നത്. ആശുപത്രിയിലെ സുരക്ഷ വിഭാഗത്തില്‍ ജോലിചെയ്യുന്ന ഒരു ബന്ധു അവിടെയുള്ള ഒരു ഡോക്ടറെ കാണാന്‍ ദീപയോടു നിര്‍ദ്ദേശിച്ചു. പക്ഷെ കോവിഡ്-19 പരിശോധന കഴിഞ്ഞിട്ടു വേണമെന്നുമാത്രം. അങ്ങനെ 2020 സെപ്തംബര്‍ 7-ന് വീടിനടുത്തുള്ള ഒരു ഡിസ്പെന്‍സറിയില്‍ അവര്‍ പരിശോധന നടത്തി.
പരിശോധനയില്‍ പോസിറ്റീവ് ആയിരുന്നതിനാല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് അവര്‍ ക്വാറന്‍റൈനില്‍ ആയിരുന്നു. പരിശോധനഫലം നെഗറ്റീവ് ആകുന്നതുവരെ കോപ്പര്‍-റ്റി നീക്കംചെയ്യുന്നതിനായി ഒരാശുപത്രിയിലും പോകാന്‍ അവര്‍ക്ക് സാധിച്ചില്ല.
2020 മാര്‍ച്ചില്‍ ദേശവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും സ്ക്കൂളുകള്‍ അടയ്ക്കുകയും ചെയ്തപ്പോള്‍ അവരുടെ ഭര്‍ത്താവ് നവീന് പ്രതിമാസം 7,000 രൂപ ലഭിക്കുമായിരുന്ന ജോലി പോവുകയും 5 മാസത്തേക്ക് ജോലി ഇല്ലാതാവുകയും ചെയ്തു. അന്നുവരെ അദ്ദേഹം ഒരു സ്ക്കൂള്‍ബസില്‍ കണ്ടക്ടര്‍ (സഹായി) ആയിരുന്നു. പിന്നീടദ്ദേഹം പ്രാദേശികതലത്തില്‍ ഭക്ഷണം പാകംചെയ്ത് വിതരണം ചെയ്യുന്നവരുടെ സഹായിയായി പ്രവര്‍ത്തിച്ചു. ഒരുദിവസം 500 രൂപ കൂലിക്ക് അപൂര്‍വ്വം ദിവസങ്ങളിലായിരുന്നു ജോലി ലഭിക്കുന്നത് (കഴിഞ്ഞമാസം, 2021 ഓഗസ്റ്റില്‍, ആണ് ബക്കര്‍വാല പ്രദേശത്തെ ഒരു പാവനിര്‍മ്മാണ ഫാക്ടറിയില്‍ പ്രതിമാസം 5,000 രൂപയ്ക്ക് അദ്ദേഹം ഒരു ജോലി കണ്ടെത്തിയത്).
സെപ്തംബര്‍ 25-ന് ദീപയുടെ കോവിഡ്-19 പരിശോധനാഫലം നെഗറ്റീവായിരുന്നു. ആ സമയം അവര്‍ ഭഗവാന്‍ മഹാവീര്‍ ആശുപത്രിയില്‍ നിന്നും പ്രതികരണത്തിനുവേണ്ടി കാക്കുകയുമായിരുന്നു. അവരുടെ ഒരു ബന്ധു അവിടെയുള്ള ഒരു ഡോക്ടറെ കാണിക്കാനായി എക്സ്-റേ റിപ്പോര്‍ട്ട് കൊണ്ടുപോയിരുന്നു. പ്രസ്തുത ഡോക്ടറും പറഞ്ഞത് അവിടെ കോപ്പര്‍-റ്റി നീക്കം ചെയ്യില്ല എന്നാണ്. പകരം അവരോട് ദീന്‍ ദയാല്‍ ഉപാദ്ധ്യായ് (ഡി.ഡി.യു.) ആശുപത്രിയിലേക്ക് തിരികെപ്പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അവിടെവച്ചാണ് 2018 മെയ് മാസം ഐ.യു.ഡി. നിക്ഷേപിച്ചത്.
ദീപ പിന്നീട് 2020 ഒക്ടോബര്‍ ആദ്യവാരം ഡി.ഡി.യു. ആശുപത്രിയിലെ ഗൈനക്കോളജി ഔട്ട്-പേഷ്യന്‍റ് ക്ലിനിക്ക് സന്ദര്‍ശിച്ചു. “ഞാന്‍ ഡോക്ടറോട് കോപ്പര്‍-റ്റി പുറത്തെടുക്കാന്‍ ആവശ്യപ്പെടുകയും പകരം വന്ധ്യംകാരണം നടത്താന്‍ അപേക്ഷിക്കുകയും ചെയ്തു. പക്ഷെ അവര്‍ എന്നോട് പറഞ്ഞത് കോവിഡ്-19 കാരണം വന്ധ്യംകരണ നടപടിക്രമങ്ങള്‍ നടത്തുന്നില്ല എന്നാണ്”, ദീപ പറഞ്ഞു.
സേവനം പുനരാരംഭിച്ച ശേഷം വന്ധ്യംകരണത്തിനു വിധേയയാകുമ്പോള്‍ കോപ്പര്‍-റ്റി എടുത്തുമാറ്റാമെന്ന് അവര്‍ ദീപയോടു പറഞ്ഞു.
കൂടുതല്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. “എന്തു പ്രശ്നനമുണ്ടായാലും തങ്ങള്‍ കൈകാര്യം ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷെ അത് മരുന്നുകൊണ്ട് പരിഹരിക്കണം”, കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മദ്ധ്യത്തില്‍ ദീപ എന്നോടു പറഞ്ഞു.
(ദീപയുടെ കാര്യം വകുപ്പ് തലവനോട് സംസാരിക്കുന്നതിനായി ഈ റിപ്പോര്‍ട്ടര്‍ 2020 നവംബറില്‍ ഡി.ഡി.യു. ആശുപത്രിയിലെ ഗൈനക്കോളജി ഓ.പി.ഡി. സന്ദര്‍ശിച്ചു. പക്ഷെ ഡോക്ടര്‍ ഡ്യൂട്ടിയില്‍ ഇല്ലായിരുന്നു. ആദ്യം ഞാന്‍ ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടറുടെ അനുവാദം വാങ്ങണമെന്ന് അവിടെ ഉണ്ടായിരുന്ന മറ്റൊരു ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഡയറക്ടറെ കാണുന്നതിനായി ഫോണിലൂടെ ബന്ധപ്പെടാന്‍ ഞാന്‍ പലതവണ ശ്രമിച്ചു. പക്ഷെ ഒരുപ്രതികരണവും ഇല്ലായിരുന്നു.)
‘എനിക്കുറപ്പില്ല അവര്‍ എന്തെങ്കിലും ഉപകരണം [കോപ്പര്‍-റ്റി നീക്കം ചെയ്യുന്നതിന്] ഉപയോഗിച്ചോ എന്ന്....’ ‘പ്രസവശുശ്രൂഷക എന്നോടു പറഞ്ഞത് കുറച്ചുമാസങ്ങള്‍ കൂടി അത് നീക്കം ചെയ്യാതെ ഇരുന്നെങ്കില്‍ എന്‍റെ ജീവന്‍ അപകടത്തിലാകുമായിരുന്നു എന്നാണ്'
“മഹാമാരി നിയന്ത്രിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചതോടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ബുദ്ധിമുട്ട് നേരിടുന്നു, അത് ഈ നഗരത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്”, ഡല്‍ഹി കുടുംബക്ഷേമ ഡയറക്ടറേറ്റിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. “കുറച്ച് ആശുപത്രികള്‍ കോവിഡ് ആശുപത്രികളായി പരിവര്‍ത്തനപ്പെടുത്തിയതോടെ കുടുംബാസൂത്രണം ഉള്‍പ്പെടെയുള്ള പതിവ് സേവനങ്ങള്‍ പ്രശ്നത്തിലായി. വന്ധ്യംകരണം പോലെയുള്ള സ്ഥിര നടപടിക്രമങ്ങള്‍ വലിയ പ്രശ്നത്തിലായി. അതേസമയം താത്കാലിക രീതികള്‍ കൂടുതലായി ലഭിച്ചു. ഈ സേവനങ്ങള്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു – എന്തൊക്കെ സാധിക്കുമോ അതൊക്കെ.”
“കുടുംബാസൂത്രണ സേവനങ്ങള്‍ കഴിഞ്ഞവര്‍ഷം വളരെക്കാലത്തേക്ക് നിര്‍ത്തിവച്ചു. ആ സമയത്ത് ഒരുപാട് ഇടപാടുകാര്‍ക്ക് സേവനം നിഷേധിക്കപ്പെട്ടു”, ഫൗണ്ടേഷന്‍ ഓഫ് റീപ്രൊഡക്റ്റീവ് ഹെല്‍ത്ത് സര്‍വീസസ് ഇന്‍ ഇന്‍ഡ്യയിലെ ക്ലിനിക്കല്‍ സേവനങ്ങളുടെ ഡയറക്ടറായ ഡോ. രശ്മി ആര്‍ദേ പറഞ്ഞു. “ഈ സേവനങ്ങള്‍ പ്രാപ്യമാക്കണമെന്ന സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്ളതുകൊണ്ട് നിലവില്‍, മൊത്തത്തില്‍, അവസ്ഥ തീര്‍ച്ചയായും കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷെ സേവനങ്ങള്‍ ലഭ്യമാക്കുന്ന കാര്യം ഇപ്പോഴും മഹാമാരിക്ക് മുമ്പുള്ള തലത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. സ്ത്രീകളുടെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ഇത് ദീര്‍ഘകാല ആഘാതം ഉണ്ടാക്കിയിട്ടുണ്ട്.”
പ്രശ്നം പരിഹരിക്കുന്നതിനായി ഇനി എന്തുചെയ്യണമെന്ന് ഉറപ്പില്ലാതെ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 10-ന് ദീപ പ്രദേശത്തെ ഒരു പ്രസവശുശ്രൂഷകയെ സമീപിച്ച് 300 രൂപ നല്‍കി കോപ്പര്‍-റ്റി നീക്കംചെയ്യിച്ചു.
“എനിക്കുറപ്പില്ല അവര്‍ എന്തെങ്കിലും ഉപകരണം [കോപ്പര്‍-റ്റി നീക്കം ചെയ്യുന്നതിന്] ഉപയോഗിച്ചോ എന്ന്. അവര്‍ ഉപയോഗിച്ചിട്ടുണ്ടായിരിക്കണം. ഞാന്‍ കിടക്കുകയായിരുന്നു. മെഡിസിന്‍ പഠിക്കുകയായിരുന്ന മകളുടെ സഹായം അവര്‍ തേടി. അവര്‍ ഇതിനായി ഏകദേശം 45 മിനിറ്റുകള്‍ എടുത്തു”, ദീപ പറഞ്ഞു. “പ്രസവശുശ്രൂഷക എന്നോടു പറഞ്ഞത് കുറച്ചുമാസങ്ങള്‍ കൂടി അത് നീക്കം ചെയ്യാതെ ഇരുന്നെങ്കില്‍ എന്‍റെ ജീവന്‍ അപകടത്തിലാകുമായിരുന്നു എന്നാണ്.”
ദീപയുടെ ക്രമരഹിതമായ ആര്‍ത്തവവും വേദനയും കോപ്പര്‍-റ്റി നീക്കം ചെയ്തതോടെ നിലച്ചു.
വിവിധ ആശുപത്രികളില്‍ നിന്നും ക്ലിനിക്കുകളില്‍ നിന്നുമുള്ള മരുന്ന് കുറുപ്പടികളും റിപ്പോര്‍ട്ടുകളും തന്‍റെ കിടക്കയില്‍ നിരത്തിവച്ചുകൊണ്ട് 2020 സെപ്തംബറില്‍ ദീപ എന്നോടു ഇങ്ങനെ പറഞ്ഞു: “ഈ 5 മാസങ്ങള്‍കൊണ്ട് ഞാന്‍ ഏഴിലധികം ആശുപത്രികളും ഡിസ്പെന്‍സറികളും സന്ദര്‍ശിച്ചു.” അവര്‍ക്കും നവീനും പണിയൊന്നുമില്ലാതിരുന്നതിനാല്‍ ഓരോതവണയും പരിമിതമായ പണമായിരുന്നു ചിലവഴിക്കാനുണ്ടായിരുന്നത്.
ഇനി കുട്ടികളൊന്നും വേണ്ടെന്ന ഉറച്ച നിലപാടിലാണ് ദീപ. ആത്യന്തികമായി ട്യൂബല്‍ ലിഗേഷന് വിധേയയാവാന്‍ ഇപ്പോഴും ഉദ്ദേശിക്കുന്നു. അവര്‍ക്ക് സിവില്‍ സര്‍വീസസ് പരീക്ഷ എഴുതണമെന്നുണ്ട്. “എനിക്ക് [അപേക്ഷ] ഫാറം ലഭിച്ചു” അവര്‍ പറഞ്ഞു. കുടുംബത്തെ സഹായിക്കണമെന്നുള്ള താത്പര്യവുമായി മുന്നോട്ടു പോകാമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. മഹാമാരിയും കോപ്പര്‍-റ്റിയും കാരണമാണ് അതിന് തടസ്സം നേരിട്ടതെന്ന് അവര്‍ പറഞ്ഞു.
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ zahra@ruralindiaonline.org എന്ന മെയിലിലേക്ക് , namita@ruralindiaonline.org എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .
പരിഭാഷ: റെന്നിമോന്‍ കെ. സി.