“ഒരുവർഷത്തിൽ ധാരാളം ആടുകളെ കടുവകൾ രാത്രി വന്ന് തട്ടിക്കൊണ്ടുപോകുന്നു“, ഗൌർ സിംഗ് താക്കൂർ എന്ന ആട്ടിടയൻ പറയുന്നു. ഷിരൂ എന്ന് പേരുള്ള നാടൻ ഇനമായ ഭൂട്ടിയ കാവൽനായയ്ക്കുപോലും അവയെ തടയാനാവുന്നില്ല എന്ന് അയാൾ കൂട്ടിച്ചേർത്തു.
ഹിമാലയത്തിലെ ഗംഗോത്രി മലനിരകളിൽവെച്ച് ഞങ്ങളോട് സംസാരിക്കുകയായിരുന്നു അയാൾ. ഉത്തരകാശി ജില്ലയിലെ സൌര ഗ്രാമത്തിലെ ഏഴ് കുടുംബങ്ങളുടെ മൃഗങ്ങളെയാണ് അയാൾ പരിപാലിക്കുന്നത്. വർഷത്തിലെ ഒമ്പതുമാസം അവയെ നോക്കാനുള്ള കരാറാണ് അയാൾക്കുള്ളത്. മഴയായാലും മഞ്ഞായാലും അയാൾക്കവയെ മേയ്ക്കുകയും ശേഖരിക്കുകയും എണ്ണുകയും ചെയ്തേ മതിയാവൂ
“ഏകദേശം 400 ചെമ്മരിയാടുകളും 100 ആടുകളുമുണ്ട് ഇവിടെ”, മലകളിൽ മേഞ്ഞുനടക്കുന്ന ആട്ടിൻപറ്റങ്ങളെ ശ്രദ്ധിച്ചുകൊണ്ട്, മറ്റൊരു ആട്ടിടയനായ 48 വയസ്സുള്ള ഹർദേവ് സിംഗ് താക്കൂർ പറയുന്നു. “ചിലപ്പോൾ കൂടുതലുണ്ടാവാം”, ഉറപ്പില്ലാത്ത മട്ടിൽ അയാൾ പറയുന്നു. കഴിഞ്ഞ 15 വർഷമായി ഈ പണി അയാൾ ചെയ്യുന്നു. “ചില ആട്ടിടയന്മാരും സഹായികളും ഒന്നോ രണ്ടോ ആഴ്ച സഹായിക്കാൻ വന്ന് തിരിച്ചുപോവും. എന്നെപ്പോലെ ചിലർ ഇവിടെ തങ്ങും”, അയാൾ വിശദീകരിച്ചു.
ഒക്ടോബർ മാസമായിരുന്നു. ഉത്തരാഖണ്ഡിലെ ഗർവാൾ ഹിമാലയത്തിലെ ഗംഗോത്രി മലനിരകളിലെ ‘ ചുലി ടോപ്പ്’ എന്ന പുൽപ്പരപ്പിൽ എല്ലുതുളയ്ക്കുന്ന ഒരു ശീതക്കാറ്റ് പുല്ലുകൾക്കുമീതെ വീശുന്നുണ്ടായിരുന്നു. തിക്കിത്തിരക്കുന്ന ആടുകളുടെയിടയിൽ കമ്പിളി പുതച്ചുകൊണ്ട് ആ മനുഷ്യർ നീങ്ങിക്കൊണ്ടിരുന്നു. അല്പം മുകളിലുള്ള മഞ്ഞുമൂടിയ ഒരു മലഞ്ചെരുവിൽനിന്ന് ഒഴുകുന്ന തെളിഞ്ഞ അരുവിയുള്ള ഈ പുൽപ്പരപ്പ് ആടുകൾക്ക് വെള്ളം ഉറപ്പുവരുത്തുന്നുവെന്ന് അയാൾ പറയുന്നു. പാറയിടുക്കുകൾക്കിടയിലൂടെ ഒഴുകി, 2,000 അടി താഴെയുള്ള ഭഗീരഥിയുടെ കൈവഴിയായ ഭിലംഗന പുഴയിലേക്ക് അത് പതിക്കുന്നു.

ഗുരുലാൽ (ഇടത്ത്), ഗൌർ സിംഗ് താക്കൂർ, വികാസ് ഡോണ്ടിയാൽ (പിന്നിൽ) എന്നിവർ ഗംഗോത്രി മലനിരകളിൽ, സന്ധ്യയ്ക്ക് ആട്ടിൻപറ്റങ്ങളെ ഒരുമിച്ച് കൂട്ടുന്നു


ഇടത്ത്: ഷിരൂ എന്ന ഭൂട്ടിയ കാവൽനായ ആട്ടിടയന്മാർക്ക് വലിയ സഹായമാണ്. വലത്ത്: ഉത്തരകാശി ജില്ലയിലെ സൌര ഗ്രാമത്തിലുള്ള ചുലി ടോപിൽ മേയുന്ന ആടുകളും ചെമ്മരിയാടുകളും
ഉയരമുള്ള മലനിരകളിൽ നൂറുകണക്കിന് ആടുകളെ മേയ്ക്കുക എന്നത് അപകടം പിടിച്ച പണിയാണ്. മരങ്ങളുടെ അപ്പുറത്തുള്ള വലിയ പാറകളും നിമ്ന്നോന്നതമായ ഭൂപ്രദേശവും, ഇരുകാലികളും നാൽക്കാലികളുമായ ഹിംസ്രജന്തുക്കൾക്ക് ഒളിച്ചിരിക്കാനുള്ള പഴുതുണ്ടാക്കുന്നു. തണുപ്പും രോഗവും വന്ന് ആടുകളും ചെമ്മരിയാടുകളും ചാവുകയും ചെയ്തേക്കാം. “ഞങ്ങൾ ടെന്റുകളിൽ താമസിക്കുന്നു, ആടുകൾ ചുറ്റുമുണ്ടാവും. ഞങ്ങൾക്ക് രണ്ട് നായ്ക്കളുണ്ടെങ്കിലും കടുവകൾ വന്ന് ചെറിയ ആട്ടിൻകുട്ടികളേയും മൂപ്പെത്താത്തവയേയും പിടിച്ചുകൊണ്ടുപോവും”, 50 ആടുകളുള്ള ഹർദേവ് പറയുന്നു. ഗൌർ സിംഗിന് 40 എണ്ണത്തിന്റെ ഒരു പറ്റമാണുള്ളത്.
ആ രണ്ട് ആട്ടിടയന്മാരും അവരുടെ രണ്ട് സഹായികളും രാവിലെ 5 മണി തൊട്ട്, ആ കരയുന്ന ആടുകളേയും ചെമ്മരിയാടുകളേയും മലമുകളിലേക്ക് തെളിച്ച് നടക്കാൻ തുടങ്ങും. ആട്ടിൻകൂട്ടങ്ങളെ വേർതിരിച്ച് എല്ലാവർക്കും ഭക്ഷണം തരമാക്കാൻ ഷിരൂ സഹായിക്കുന്നു.
പുൽത്തകിടികൾ അന്വേഷിച്ച് 20 കിലോമീറ്ററും ചിലപ്പോൾ അധികവും ആട്ടിൻപറ്റങ്ങൾ സഞ്ചരിക്കും. ഉയരമുള്ള സ്ഥലങ്ങളിൽ, ചിലപ്പോൾ മഞ്ഞിന്റെ അടിയിലായിരിക്കും പുല്ല് കാണപ്പെടുക. പക്ഷേ വെള്ളമൊഴുകുന്ന അത്തരം പുൽപ്രദേശങ്ങൾ കണ്ടുപിടിക്കുക ഒരു വെല്ലുവിളിയാണ്. ചിലപ്പോൾ പുല്ല് അന്വേഷിച്ച്, 100 കിലോമീറ്ററുകൾക്കപ്പുറത്തുള്ള ഇന്ത്യാ-ചൈന അതിർത്തിക്കടുത്തേക്കുവരെ ആട്ടിടയന്മാർക്ക് പോവേണ്ടിവരാറുണ്ട്.

ഗുരുലാൽ, ഗൌർ സിംഗ് താക്കൂർ, വികാസ് ധോണ്ടിയാൽ എന്നിവരും മലകളിൽ പുല്ലുമേയുന്ന ആടുകളും. പശ്ചാത്തലത്തിൽ ദൂരെ, മഞ്ഞുമൂടിയ ഹിമാലയൻ കൊടുമുടികൾ
ആട്ടിടയന്മാർ ചിലപ്പോൾ ചെറിയ കൂടാരങ്ങളിലോ, കന്നുകാലികളെ പാർപ്പിക്കുന്ന ‘ചന്നി’ എന്ന് വിളിക്കപ്പെടുന്ന കൽത്തൊഴുത്തുകളിലോ കഴിയും. അവയ്ക്കുമീതെ അവർ ഒരു പ്ലാസ്റ്റിക്ക് ഷീറ്റും വിരിക്കും. പുല്ലന്വേഷിച്ച് മുകളിലേക്ക് പോവുന്തോറും മരങ്ങൾ കുറഞ്ഞുവരും. പാചകം ചെയ്യാനുള്ള ഉണങ്ങിയ മരങ്ങളന്വേഷിച്ച് ആട്ടിടയന്മാർ മുകളിലേക്കും താഴേക്കും സഞ്ചരിക്കും.
“വർഷത്തിൽ ഒമ്പതുമാസവും ഞങ്ങൾ ഞങ്ങളുടെ വീട്ടിൽനിന്ന് അകലെയാവും. ഇവിടെ വരുന്നതിനുമുൻപ് (ചുലി ടോപ്പ്) ആറുമാസം ഞങ്ങൾ ഗംഗോത്രിക്കടുത്തുള്ള ഹാർസില്ലിലായിരുന്നു. ഇവിടെ വന്നിട്ട് രണ്ട് മാസമായി. തണുപ്പ് കൂടിവരുന്നതുകൊണ്ട് ഇനി ഞങ്ങൾ തിരിച്ച് താഴെയുള്ള സ്വന്തം വീടുകളിലേക്ക് മടങ്ങും”, ഉത്തരകാശി ജില്ലയിൽപ്പെടുന്ന ഭട്ട്‌വാരി ജില്ലയിലെ സൌരയ്ക്കടുത്ത ജംലോ എന്ന ഊരിലെ ഹർദേവ് പറയുന്നു. അയാൾക്ക് സ്വന്തമായി ഒരു ബിഗ ഭൂമി (അഞ്ചിലൊന്ന് ഏക്കർ) ഉണ്ട്. ഭാര്യയും കുട്ടികളും കൃഷി നോക്കും. അവരതിൽ സ്വന്തമാവശ്യത്തിനുള്ള അരിയും രജ്മയും (ഒരു വലിയ പയർ ഇനം) വിളയിക്കുന്നു.
നല്ല മഞ്ഞ് കാരണം സഞ്ചരിക്കാൻ പറ്റാത്ത മൂന്ന് മാസക്കാലം ആട്ടിൻപറ്റവും അവയുടെ ആട്ടിടയന്മാരും സ്വന്തം ഗ്രാമങ്ങളിൽ തങ്ങുന്നു. അപ്പോഴാണ് ഉടമസ്ഥർ വന്ന് ആടുകളുടെ കണക്കെടുക്കുക. എന്തെങ്കിലും കുറവ് വന്നാൽ, അത് ആട്ടിടയന്മാരുടെ ശമ്പളത്തിൽനിന്ന് പിടിക്കും. ആട്ടിൻപറ്റങ്ങളെ മേയ്ക്കാൻ മാസത്തിൽ 8,000 മുതൽ 10,000 രൂപവരെയാണ് അവർക്ക് ശമ്പളം. സഹായികൾക്ക് അഞ്ചോ പത്തോ ആടുകളെയാണ് ഉടമസ്ഥർ ശമ്പളമായി കൊടുക്കുക.


ഇടത്ത്: ആടുമാടുകളെ പാർപ്പിക്കാൻ ഉപയോഗിക്കുന്ന ‘ചന്നി’ എന്നറിയപ്പെടുന്ന കൽത്തൊഴുത്തുകൾ ഈ പ്രദേശത്ത് കാണാം. വലത്ത്: ആട്ടിടയന്മാർ (ഇടത്തുനിന്ന്), ഹർദേവ് സിംഗ് താക്കൂർ, ഗുരുലാൽ, വികാസ് ധോണ്ടിയാൽ, ഗൌർ സിംഗ് താക്കൂർ എന്നിവർ അവരുടെ കാവൽനായയായ ഷിരൂവിനോടൊപ്പം
ചെറിയ പട്ടണങ്ങളിലും ജില്ലാ തലസ്ഥാനമായ ഉത്തരകാശിയിലും ആടിനേയും ചെമ്മരിയാടിനേയും ഏകദേശം, 10,000 രൂപയ്ക്കാണ് വിൽക്കുന്നത്. “സർക്കാരിന് ഞങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയും. ആടുകളേയും ചെമ്മരിയാടുകളേയും വിൽക്കാനുള്ള ഒരു സ്ഥിരം സ്ഥലം അവർക്കുണ്ടാക്കാവുന്നതേയുള്ളു. അപ്പോൾ നല്ല വില കിട്ടുകയും ചെയ്യും”, ജലദോഷം പിടിച്ച് വിശ്രമിക്കുന്ന ഗൌർ സിംഗ് പറയുന്നു. യാത്രയ്ക്കിടയിൽ മരുന്നൊന്നും ലഭ്യമല്ലാത്തതിനാൽ, വഴിപോക്കർ കൊടുക്കുന്ന മരുന്നുകളാണ് അവർക്ക് ആശ്രയം.
“ഈ തൊഴിൽ കിട്ടാൻ ഞാൻ ഹിമാചൽ പ്രദേശിൽനിന്ന് 2,000 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു”, സിംല ജില്ലയിലെ ദോദ്ര-ക്വാർ തെഹ്സിലിൽനിന്ന് വന്ന 40 വയസ്സുള്ള ഗുരു ലാൽ എന്ന സഹായി പറയുന്നു. ഒമ്പത് മാസം ജോലിയെടുത്താൽ 10 ആടുകളെ പ്രതിഫലമായി കിട്ടുമെന്ന്, ദളിത് വിഭാഗക്കാരനായി ലാൽ പറയുന്നു. ഭാര്യയും 10 വയസ്സുള്ള മകനും താമസിക്കുന്ന വീട്ടിൽ തിരിച്ചെത്തിയാൽ അയാൾ ആ ആടുകളെ ചിലപ്പോൾ വളർത്തുകയോ അതല്ലെങ്കിൽ വിൽക്കുകയോ ചെയ്യും.
തൊഴിലവസരങ്ങൾ ഇല്ലാത്തതുകൊണ്ടുതന്നെയാണ് ഹർദേവ് സിംഗും ആട്ടിടയനായി ജോലി ചെയ്യുന്നത്. “എന്റെ ഗ്രാമത്തിലെ ആളുകൾ മുംബൈയിൽ ഹോട്ടൽ പണിക്കാണ് പോവുന്നത്. ഇവിടെ ഈ മലകളിൽ ഒന്നുകിൽ മഞ്ഞോ അല്ലെങ്കിൽ മഴയോ ആണ്. ഈ പണി ചെയ്യാൻ ആർക്കും ആഗ്രഹമില്ല. ദിവസക്കൂലിയേക്കാൾ ബുദ്ധിമുട്ടുള്ള ജോലിയാണിത്. പക്ഷേ ദിവസക്കൂലിക്കുള്ള പണി എവിടെ കിട്ടാനാണ്?”, അയാൾ ചോദിക്കുന്നു.

പശ്ചാത്തലത്തിൽ കാണുന്ന ഗംഗോത്രി മലനിരകളിലെ സൂര്യോദയത്തിൽ ആടുകളെ
മേയ്ക്കുന്ന ആട്ടിടയന്മാർ
ഈ റിപ്പോർട്ട് തയ്യാറാക്കാൻ സഹായിച്ച അഞ്ജലി ബ്രൌൺ, സന്ധ്യാ രാമലിംഗം എന്നിവർക്ക് നന്ദി.
പരിഭാഷ: രാജീവ് ചേലനാട്ട്