ഘരപുരിയിലെ വീട്ടിനടുത്തുള്ള കാട്ടിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ ജയശ്രീ മ്ഹാത്രെയെ എന്തോ കടിച്ചു. വിറക് കൊണ്ടതായിരിക്കുമെന്ന് കരുതി, രണ്ട് പെൺകുട്ടികളുടെ അമ്മയായ ആ 43 വയസ്സുകാരി അതത്ര കാര്യമാക്കിയില്ല. 2020 ജനുവരിയിലെ ആ തണുപ്പുകാലത്തെ ഉച്ചസമയത്ത്, ശേഖരിച്ച വിറകും ചുമന്ന് അവർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

അല്പസമയത്തിനുശേഷം, വീട്ടുപടിക്കൽ ഒരു ബന്ധുവുമായി വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അവർ പെട്ടെന്ന് ബോധംകെട്ട് നിലത്ത് വീണു. അവർ അപ്പോൾ വ്രതത്തിലായിരുന്നതുകൊണ്ട് ക്ഷീണം കൊണ്ടായിരിക്കുമെന്ന് സമീപത്തുണ്ടായിരുന്ന ആളുകളും ധരിച്ചു.

“ബോധം കെട്ട് വീണുവെന്നാണ് എന്നോട് പറഞ്ഞത്”, ജയശ്രീയുടെ 20 വയസ്സുള്ള മകൾ ഭാവിക ഓർക്കുന്നു. അവളും 14 വയസ്സുള്ള അനിയത്തി ഗൌരിയും ആ സമയത്ത് ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നതുകൊണ്ട് അവർ സംഭവത്തിന് സാക്ഷികളായിരുന്നില്ല. അയൽക്കാരിൽനിന്നും ബന്ധുക്കളിൽനിന്നും കേട്ട വിവരം മാത്രമേ അവർക്കുണ്ടായിരുന്നുള്ളു. ബോധം തിരിച്ചുകിട്ടിയപ്പോൾ ജയശ്രീയുടെ കൈ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നുവെന്നും ബന്ധുക്കൾ മക്കളോട് പറഞ്ഞുവത്രെ. “എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല”, ഭാവിക പറയുന്നു.

ഘരപുരി ദ്വീപിൽ ഒരു ഭക്ഷണശാല നടത്തുകയായിരുന്ന ജയശ്രീയുടെ ഭർത്താവ് 53 വയസ്സുള്ള മധുകർ മഹ്ത്രെയെ വിവരമറിയിക്കാൻ ആരോ പോയി. അറേബ്യൻ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ആ ദ്വീപ് അറിയപ്പെടുന്നത് പ്രസിദ്ധമായ എലിഫന്റ ഗുഹകളുടെ പേരിലാണ്. മുംബൈ നഗരത്തിനടുത്തുള്ള ഈ വിനോദസഞ്ചാരകേന്ദ്ര യുണെസ്കോവിന്റെ ലോക പൈതൃക പട്ടികയിൽ‌പ്പെടുന്ന ഒന്നാണ്. ക്രിസ്ത്വബ്ദം 6 – 8 നൂറ്റാണ്ടുകളിലെ ഗുഹാനിർമ്മിതികൾ വർഷാവർഷം ദശലക്ഷക്കണക്കിന് സന്ദർശകരെയാണ് ആകർഷിക്കുന്നത്. സന്ദർശകർക്ക് തൊപ്പിയും, കൂളിംഗ് ഗ്ലാസ്സുകളും, കൌതുകവസ്തുക്കളും ഭക്ഷണസാധനങ്ങളും വിറ്റാണ് ദ്വീപുവാസികൾ നിത്യവൃത്തി നടത്തുന്നത്. ഗുഹയിലേക്കുള്ള ഗൈഡുകളായും ചിലർ ജോലി ചെയ്യുന്നു.

ടൂറിസ്റ്റ് മാപ്പിൽ പ്രമുഖമായ ഇടം കണ്ടെത്തിയെങ്കിലും, ഘരപുരി ദ്വീപിൽ യാതൊരുവിധ അടിസ്ഥാന ആരോഗ്യസംവിധാനങ്ങളുമില്ല. പൊതുജനാരോഗ്യകേന്ദ്രങ്ങൾ പോലും. രണ്ടുവർഷം മുമ്പ് ഒരു ആരോഗ്യകേന്ദ്രം തുറന്നുവെങ്കിലും ഇന്നത് നോക്കിനടത്താൻ ആളില്ല. ഗ്രാമത്തിലെ 1,100 ആളുകൾ മൂന്ന് ഊരുകളിലായാണ് താമസിക്കുന്നത്. രാജ്ബന്ദർ, ശേത്ബന്ദർ, മോറബന്ദർ. ആരോഗ്യസംവിധാനങ്ങളുടെ അഭാവംമൂലം ബോട്ട് പിടിച്ച് പോവുന്നതടക്കമുള്ള മറ്റ് മാർഗ്ഗങ്ങൾ തേടാൻ അവർ നിർബന്ധിതരായിരിക്കുകയാണ്. ഇത് പണച്ചിലവുള്ള കാര്യമാണെന്ന് മാത്രമല്ല, ചികിത്സ വൈകിയാൽ ചിലപ്പോൾ ആളുകളുടെ ജീവൻ പോലും അപകടത്തിലായേക്കും.

PHOTO • Aakanksha
PHOTO • Aakanksha

ഇടത്ത്: മരിച്ചുപോയ അമ്മയുടെ കടയിൽ, എലിഫന്റ ഗുഹ കാണാൻ വരുന്ന സന്ദർശകർക്ക് ആഭരണങ്ങളും കൌതുകവസ്തുക്കളും വിൽക്കുന്ന 14 വയസ്സുള്ള ഗൌരി മഹാത്രെ. വലത്ത്: രണ്ടുവർഷം മുമ്പ് ഘരപുരി ഗ്രാമത്തിൽ ഒരു ആരോഗ്യകേന്ദ്രം നിർമ്മിച്ചുവെങ്കിലും അത് ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു

ഉറൺ പട്ടണത്തിലേക്ക് കൊണ്ടുപോകാൻ മധുകർ ജയശ്രീയെ ബോട്ടുജെട്ടിയിലെത്തിച്ചെങ്കിലും ബോട്ട് പുറപ്പെടുന്നതിനുമുൻപ് അവർ മരിച്ചു. വായിൽനിന്ന് പത വരുന്നുണ്ടായിരുന്നതുകൊണ്ട് പാമ്പ് കടിച്ചതാണെന്ന് സംശയമുദിച്ചു. അവരുടെ വലതുകൈയ്യിലെ നടുവിരലിൽ സർപ്പദംശനത്തിന്റെ പാടുകൾ അടുത്തുണ്ടായിരുന്ന അയൽക്കാർ തിരിച്ചറിഞ്ഞു.

പാമ്പുകടി, തേളിന്റെ ആക്രമണം, കൊതുകുകടി എന്നിവ ഇവിടെ സാധാരണമാണെന്ന് ഭാവിക പറയുന്നു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഉറൺ താലൂക്കിൽ ഉൾപ്പെടുന്ന ആ ഗ്രാമത്തിലെ മറ്റ് ചില മരണങ്ങളുടെ കഥകൾകൂടി പറഞ്ഞുതന്നു. പ്രാഥമികചികിത്സ ലഭിക്കാതെ പോയതിനാൽ സംഭവിച്ച ചില മരണങ്ങൾ.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി, ഇത്തരം ധാരാളം സംഭവങ്ങൾ അവിടെ ഉണ്ടായിട്ടുണ്ട്. കൃത്യമായ ആരോഗ്യപരിചരണം കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ ഒഴിവാക്കാമായിരുന്ന സംഭവങ്ങൾ. ദ്വീപിലെ ഗ്രാമത്തിൽ ഒരു മരുന്നുകടപോലും ഇല്ല. എന്തെങ്കിലും ആവശ്യം വന്നാൽ, ഗ്രാമീണർക്ക് കരഭാഗത്തേക്ക് പോകാതെ മറ്റ് മാർഗ്ഗമില്ല. ഘരപുരിയിൽനിന്ന് കരയിലേക്ക് പോകണമെങ്കിൽ ഒന്നുകിൽ ഉറൺ താലൂക്കിലെ മോറ തുറമുഖത്തേക്ക് പോകുന്ന തെക്കോട്ടുള്ള ബോട്ടിലോ, കിഴക്കോട്ട് പോവുന്ന നവി മുംബൈയിലെ നാഹ്‌വ ഗ്രാമത്തിലേക്കോ പോകണം. രണ്ട് യാത്രകളും അരമണിക്കൂർ ദൈർഘ്യമുള്ളതാണ്. ഗ്രാമത്തിന്റെ പടിഞ്ഞാറുള്ള ദക്ഷിണ മുംബൈയിലെ കൊളാബയിലേക്കാണെങ്കിൽ, ഒരു മണിക്കൂറിലധികം ബോട്ടിൽ യാത്രം ചെയ്യണം.

“ഗ്രാമത്തിൽ ഡോക്ടറേയോ നഴ്സിനേയോ കാണുക എന്നത് നടക്കുന്ന കാര്യമല്ല. ഞങ്ങൾ എന്തെങ്കിലും വീട്ടുചികിത്സയോ കൈയ്യിലുള്ള മരുന്നുകളോ ഉപയോഗിക്കുകയാണ് പതിവ്” എലിഫന്റാ ഗുഹകളിൽ ടൂർ ഗൈഡായി ജോലിയെടുക്കുന്ന 33 വയസ്സുള്ള ദൈവത് പാട്ടീൽ പറയുന്നു. അദ്ദേഹത്തിന്റെ അമ്മ വത്സല പാട്ടീൽ, മോണിമെന്റ് ഭാഗത്തെ ഒരു തട്ടുകടയിലിരുന്ന് തൊപ്പികൾ വിറ്റ്, മാസത്തിൽ ഏകദേശം 6,000 രൂപ സമ്പാദിച്ചിരുന്നു. 2021 മേയിലെ കോവിഡിന്റെ രണ്ടാം വരവിൽ അവർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടപ്പോൾ വത്സല ആദ്യം ചില വേദനാസംഹാരികളെല്ലാം കഴിച്ചുനോക്കി. വേദന മാറുന്നില്ലെന്ന് കണ്ടപ്പോൾ മകനോടൊപ്പം ബോട്ടിൽ യാത്രയായി. “മറ്റ് യാതൊരു നിവൃത്തിയില്ലെങ്കിൽ മാത്രമേ ഞങ്ങൾ ദ്വീപിൽനിന്ന് പുറത്തേക്ക് പോവാറുള്ളൂ”, ദൈവത് പാട്ടീൽ പറയുന്നു.

PHOTO • Aakanksha
PHOTO • Aakanksha

ഇടത്ത്: എലിഫന്റ ഗുഹകളിലെ തങ്ങളുടെ ഭക്ഷണശാലയ്ക്ക് സമീപം ഭാവികയും ഗൌരി മഹ്ത്രെയും. 2021-ൽ അച്ഛനമ്മമാർ മരിച്ചതിനുശേഷം അവരാണ് ആ സ്ഥാപനം നടത്തുന്നത്. വലത്ത്: അവരുടെ അച്ഛനമ്മമാരുടെ ചിത്രങ്ങൾ മധുകർ (ഇടത്ത്), ജയശ്രീ (വലത്ത്)

വീട്ടിൽനിന്ന് പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അവർ റായ്ഗഡിലെ പൻ‌വേൽ താലൂക്കിലെ ഗവ്ഹാൻ ഗ്രാമത്തിലെ ആരോഗ്യകേന്ദ്രത്തിലെത്തി. രക്തപരിശോധന കഴിഞ്ഞപ്പോൾ ഹീമോഗ്ലോബിൻ കുറവാണെന്ന് കണ്ടു. വത്സല വീട്ടിൽ തിരിച്ചെത്തി. പിറ്റേന്ന് മുതൽ സ്ഥിതി മോശമാവുകയും ച്ഛർദ്ദി തുടങ്ങുകയും ചെയ്തു. വീണ്ടും അതേ ആരോഗ്യകേന്ദ്രത്തിലെത്തി പരിശോധിച്ചപ്പോൾ ഓക്സിജന്റെ അളവ് കുറയുന്നതായി കണ്ടു. കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തു. പൻ‌വേൽ നഗരത്തിലെ സർക്കാർ ആശുപത്രിയിലേക്ക് അവരെ മാറ്റിയെങ്കിലും 10 ദിവസത്തിനുശേഷം അവർ മരിച്ചു. “ശ്വാസകോശം തകരാറിലായെന്നാണ് ഡോക്ടർ പറഞ്ഞത്”, ദൈവത് പറയുന്നു.

പ്രാദേശികമായ ഒരു ആരോഗ്യസംവിധാനമോ, മരുന്നുലഭ്യതയോ ഉണ്ടായിരുന്നെങ്കിൽ വത്സലയുടേയും ജയശ്രീയുടേയും വിധി ഒരുപക്ഷേ മറ്റൊന്നായേനേ.

ജയശ്രീ മരിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ ഭർത്താവ് മധുകറും മരിച്ചു. ഭാവികയും ഗൌരിയും അനാഥകളായി. ഹൃദയസ്തംഭനം മൂലമാണ് അച്ഛൻ മരിച്ചതെന്ന് സഹോദരിമാർ പറയുന്നു. മധുകർ പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം രാവിലെ വീടിന്റെ പുറത്തിരുന്ന് അച്ഛൻ രക്തം ച്ഛർദ്ദിക്കുന്നത് ഭാവിക കണ്ടു. പിന്നെയും കുറേ നേരം കഴിഞ്ഞതിനുശേഷമാണ് അവർക്ക് അച്ഛനെ നേറുലിലെ സ്വകാര്യാശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ സാധിച്ചത്. ബോട്ടിൽ മോറയിലേക്കും അവിടെനിന്ന് റോഡുമാർഗ്ഗം നേറുലിലേക്കും എത്താൻ ഒരു മണിക്കൂറിലധികം സമയമെടുത്തു. 20 ദിവസത്തിനുശേഷം 2020 ഫെബ്രുവരി 11-ന് മധുകർ മരിച്ചു.

മ്ഹത്രെ കുടുംബം അഗ്രി കോളി വിഭാഗത്തിൽ‌പ്പെട്ടവരാണ്. മഹാരാഷ്ട്രയിൽ അവർ മറ്റ് പിന്നാക്കജാതിയിൽ ഉൾപ്പെടുന്നു. ആ രണ്ട് സഹോദരിമാരും ചേർന്നാണ് ഇന്ന് അവരുടെ അച്ഛനമ്മമാരുടെ കടകൾ നോക്കിനടത്തുന്നത്.

*****

എലിഫന്റ ഗുഹകൾ കാണാൻ വേണ്ടി ഘരപുരിയിലെ ജെട്ടിയിൽ ഇറങ്ങുന്ന വിനോദസഞ്ചാരികൾ തീർച്ചയായും അവിടെയുള്ള ഭക്ഷണവില്പനശാലകളുടേയും കൌതുകവസ്തുക്കൾ വിൽക്കുന്ന കടകളുടേയും മുന്നിലൂടെ പോവാതിരിക്കില്ല. അവയിലൊന്ന്, 40 വയസ്സുള്ള ശൈലേഷ് മ്ഹത്രെ ജോലി ചെയ്യുന്ന, പഴുത്ത മാങ്ങാപ്പൂളുകളും വെള്ളരിക്കകളും ചോക്ലേറ്റുകളും വില്പനയ്ക്ക് വെച്ചിരിക്കുന്ന കടയാണ്. നാലംഗങ്ങളുള്ള അയാളുടെ വീട്ടിലെ ആർക്കെങ്കിലും എന്തെങ്കിലും വൈദ്യസഹായം ആവശ്യമാകുമ്പോൾ അയാൾക്ക് അവിടെനിന്ന് പോകേണ്ടിവരുന്നു. അപ്പോൾ അയാൾക്ക് നഷ്ടമാകുന്നത് ഒരു ദിവസത്തെ വേതനവും തൊഴിലുമാണ്. ഈയടുത്ത്, 2021 സെപ്റ്റംബറിൽ അയാളുടെ അമ്മ ഹിരാബായി മ്ഹത്രെ പാറപ്പുറത്ത് വഴുക്കിവീണ് കാലൊടിഞ്ഞപ്പോൾ അയാൾക്കത് അനുഭവിക്കേണ്ടിവന്നു. വേദനാസംഹാരികളൊന്നും കിട്ടാതിരുന്നതിനാൽ, രാത്രി മുഴുവൻ അവർ വേദന അനുഭവിച്ചു. പിറ്റേന്ന് ഉറണിൽനിന്നുള്ള ബോട്ട് കിട്ടാൻ, ശൈലേഷിന് അവരെ ചുമന്നുകൊണ്ടുപോകേണ്ടിവന്നു.

PHOTO • Aakanksha
PHOTO • Aakanksha

ഇടത്ത്: എലിഫന്റാ ഗുഹകൾ കാണാൻ വിനോദസഞ്ചാരികൾ ഇറങ്ങുന്ന ജെട്ടിക്കടുത്തുള്ള പഴക്കടയിൽ ജോലി ചെയ്യുന്ന ശൈലേഷ് മ്ഹത്രെ. വലത്ത്: നനഞ്ഞ പാറയിൽ കാൽവഴുക്കി വീണ് ശൈലേഷിന്റ് അമ്മ ഹീരാബായ് മ്ഹത്രെയ്ക്ക് പരിക്ക് പറ്റിയിരുന്നു. കരയിൽ പോയി ചികിത്സയ്ക്കാനും മരുന്നിനുമായി പിറ്റേന്നുവരെ അവർക്ക് കാത്തിരിക്കേണ്ടിവന്നു

“ഉറാണിലെ ആശുപത്രി എന്റെ കാലിന്റെ ശസ്ത്രക്രിയയ്ക്ക് 70,000 രൂപയാണ് ചോദിച്ചത്. ഞങ്ങളുടെ കൈയ്യിൽ അത്രയും പൈസ ഇല്ലായിരുന്നു. അതുകൊണ്ട്, വീണ്ടും ഒരു മണിക്കൂർ യാത്ര ചെയ്ത് പൻ‌വേലിലെത്തി. അവിടെയും അവർ അത്രതന്നെ പൈസ ആവശ്യപ്പെട്ടു. ഒടുവിൽ ഞങ്ങൾ മുംബൈയിലെ ജെ.ജെ.ആശുപത്രിയിലെത്തി. അവിടെ അവർ സൌജന്യമായി ചെയ്തുതന്നു. ഈ പ്ലാസ്റ്റർ അവിടെനിന്നാണ് ഇട്ടത്”, ചികിത്സ സൌജന്യമായിരുന്നെങ്കിലും, മരുന്നിനും, യാത്രയ്ക്കും മറ്റുമായി കുടുംബത്തിന് 10,000 രൂപയോളം ചിലവഴിക്കേണ്ടിവന്നു.

ദ്വീപിൽ ബാങ്കൊന്നുമില്ല. എ.ടി.എമ്മുമില്ല. അതിനാൽ ശൈലേഷിന് ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പൈസ കടം വാങ്ങേണ്ടിവന്നു. ശൈലേഷ് മാത്രമാണ് വീട്ടിൽ വരുമാനമുള്ള ഒരേയൊരാൾ. സഹായിയായി നിൽക്കുന്ന ആ കടയിൽനിന്ന് വലിയ ശമ്പളമൊന്നും അയാൾക്ക് കിട്ടുന്നുമില്ല. ഇതിനുമുൻപ്, കോവിഡ് ചികിത്സയ്ക്ക് മറ്റൊരു 30,000 രൂപയും കടമുണ്ടായിരുന്നു അവർക്ക്.

കാലിൽ പ്ലാസ്റ്ററിട്ട്, നടക്കാൻ കഴിയാതെ, ഹീരാബായ് ആശങ്കയിലാണ്. “ഈ പ്ലാസ്റ്ററിലേക്ക് നോക്കുമ്പോൾ, ഇനി വീണ്ടും മുംബൈ വരെ പോയി പരിശോധന നടത്തി, ഇതഴിക്കണമല്ലോ എന്ന ചിന്തയാണ്. “ഞങ്ങൾ ഈ കാട്ടിൽ പെട്ടുപോയി”, അവർ പറയുന്നു.

അവരുടെ തോന്നൽ പങ്കുവെക്കുന്നവരാണ് ഗ്രാമത്തിലെ മിക്കവരും. ഇവിടെ ഒരു ആരോഗ്യസംവിധാനം നിർമ്മിക്കണമെന്ന് 2017-ൽ ഉറൺ ജില്ലാ പരിഷദിന് നിവേദനം കൊടുത്ത ഗ്രാമത്തിലെ സർപാഞ്ച് ബലിറാം ഠാക്കൂർ പറയുന്നു: “ഒടുവിൽ 2020-ൽ ഞങ്ങൾക്കത് ലഭിച്ചു ശേത്ബന്ദറിൽ. പക്ഷേ അവിടെ താമസിച്ച് ജോലി ചെയ്യാൻ കഴിയുന്ന ഒരു ഡോക്ടറെ ഇതുവരെ കിട്ടിയിട്ടില്ല”. ഗ്രാമപ്രദേശങ്ങളിൽ ഏറ്റവും കുറവ് ഡോക്ടർമാരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ ചികിത്സകരിൽ വെറും 8.6 ശതമാനം ആളുകളാണ് ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നത്. ലോകാരോഗ്യസംഘടനയും പബ്ലിക് ഹെൽ‌ത്ത് ഫൌണ്ടേഷൻ ഓഫ് ഇന്ത്യയും ചേർന്ന് സംയുക്തമായി പ്രസിദ്ധീകരിച്ച 2018-ലെ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്.

ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നും ബലിറാം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല. “ഇതുവരെ ഇവിടെ താമസിക്കാൻ ആരും സന്നദ്ധരായിട്ടില്ല. ഞങ്ങൾക്ക് മാത്രമല്ല, ഇവിടെ വരുന്ന വിനോദസഞ്ചാരികൾക്കും ആരോഗ്യസംവിധാനം ആവശ്യമാണ്. ഒരു വിനോദസഞ്ചാരി ഒരിക്കൽ പാറയിൽനിന്ന് വീണ് പരിക്കുപറ്റിയപ്പോൾ അയാളെ മുംബൈയിലേക്ക് കൊണ്ടുപോകേണ്ടിവന്നു”, ബലിറാം പറയുന്നു.

PHOTO • Aakanksha
PHOTO • Aakanksha

ഇടത്ത്:  ഗ്രാമത്തിൽ ഒരു ആരോഗ്യകേന്ദ്രം  നിർമ്മിക്കണമെന്നാവശ്യപ്പെട്ട്  2017-ൽ ഉറൺ  ജില്ലാ പരിഷത്തിന് ഗ്രാമത്തിലെ  സർപാഞ്ച് ബലിറാം ഠാക്കൂർ  നിവേദനം കൊടുത്തിരുന്നു. ‘പക്ഷേ ഇതുവരെ ഒരു ഡോക്ടറെ ഞങ്ങൾക്ക് കിട്ടിയിട്ടില്ല’. വലത്ത്: ദ്വീപിലെ താമസക്കാർക്ക് എവിടെ പോകണമെങ്കിലും ബോട്ടിനെ ആശ്രയിക്കണം

2015 മുതൽ കൊപ്രോളി ഗ്രാമത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിയമിക്കപ്പെട്ട ഡോ. രാജാറാം ഭോസ്ലെയാണ്, ഘരപുരിയിലെ ജനങ്ങളുടെ ആരോഗ്യസംബന്ധമായ ഏക ആശ്രയം. 55 ഗ്രാമങ്ങളുടെ ചുമതലയുണ്ട് അദ്ദേഹത്തിന്. തന്റെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്ന് ഘരപുരിയിലേക്ക് പോകണമെങ്കിൽ, ബോട്ടിലും റോഡുമാർഗ്ഗവുമായി ഒന്നരമണിക്കൂർ യാത്ര ചെയ്യണം അദ്ദേഹത്തിന്. “ഞങ്ങളുടെ നഴ്സുമാർ മാസത്തിൽ രണ്ടുതവണ അവിടെ പോകാറുണ്ട്. എന്തെങ്കിലും അത്യാഹിതമുണ്ടായാൽ എന്നെ അറിയിക്കുകയും ചെയ്യും”, അദ്ദേഹം പറയുന്നു. താൻ ചുമതലയിലിരിക്കുമ്പൊൾ അങ്ങിനെ എന്തെങ്കിലും വന്നതായി അദ്ദേഹത്തിന് അറിവില്ല.

കൊപ്രോളിയിലെ നഴ്സുമാർ ഘരപുരിയിലെ അങ്കണവാടിയിലോ ഗ്രാമപഞ്ചായത്തിലോ വെച്ച് രോഗികളെ പരിശോധിക്കും. 2016 മുതൽ ഘരപുരിയുടേയും മറ്റ് 15 ഗ്രാമങ്ങളുടേയും ചുമതലകൾ നോക്കുന്നത് നഴ്സും ആരോഗ്യസേവികയുമായ സരിക താലെയാണ്. പോളിയോ മരുന്നുകൾ കൊടുക്കാനും ചെറുപ്പക്കാരായ അമ്മമാരെ നോക്കുന്നതിനുമായി അവർ മാസത്തിൽ രണ്ടുതവണ ഗ്രാമത്തിൽ വരാറുണ്ട്.

“മഴക്കാലത്ത് ഇവിടെ എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്. വേലിയേറ്റമുള്ളതുകൊണ്ട് ബോട്ടുകളൊന്നും ഇറങ്ങില്ല”, അവർ സൂചിപ്പിക്കുന്നു. ഘരപുരിയിൽ താമസിക്കാൻ ബുദ്ധിമുട്ടാണെന്ന് അവർ പറയുന്നു. “രണ്ട് ചെറിയ കുട്ടികളാണ് എനിക്കുള്ളത്. അവർ എവിടെ പഠിക്കും. മാത്രമല്ല, ഇവിടെനിന്ന് മറ്റ് ഗ്രാമങ്ങളിലേക്ക് ഞാൻ എങ്ങിനെ പോവും?”

വെള്ളവും വൈദ്യുതിയുമൊക്കെ ഘരപുരിയിലെത്തിയിട്ട് അധികമായിട്ടില്ല. 2018-വരെ ദ്വീപിലുണ്ടായിരുന്നത്, മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ നൽകിയിരുന്ന ജനറേറ്ററുകളിൽനിന്നുള്ള വൈദ്യുതി മാത്രമായിരുന്നു. അത് വൈകീട്ട് 7 മുതൽ 10 വരെ മാത്രവും. 2019-ലാണ് ജല ലൈനുകൾ വന്നത്. ദ്വീപിലുണ്ടായിരുന്ന ഒരേയൊരു സ്കൂൾ അടച്ചുപൂട്ടി.

PHOTO • Aakanksha
PHOTO • Aakanksha

ഇടത്ത്: ദ്വീപിൽനിന്ന് മുംബൈയിലെ ആശുപത്രിയിലേക്ക് ആടിയുലഞ്ഞ് പോയിക്കൊണ്ടിരുന്ന ഒരു വഞ്ചിയിലിരുന്ന് ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചത് സന്ധ്യ ഭോയ്‌ർ ഓർമ്മിക്കുന്നു. വലത്ത്: ഘരപുരിയിലെ ജില്ലാ പരിഷദ് സ്കൂൾ, 2022 ഏപ്രിലിൽ പൂട്ടി

സംവിധാനങ്ങളുടെ അഭാവം കാണുമ്പോൾ, ഗർഭിണികളായ സ്ത്രീകൾ പ്രസവത്തിനും ഏതാനും മാസം മുൻപ് ദ്വീപ് വിട്ടുപോവുന്നതിൽ അത്ഭുതപ്പെടാനില്ല. അവർ ഒരു ഭാഗ്യപരീക്ഷണത്തിനും തയ്യാറല്ല. പലരും, പ്രസവത്തിന് ഏതാനും മാസങ്ങൾക്ക് തൊട്ടുമുമ്പ്, മുംബൈയിലെ ഏതെങ്കിലും ബന്ധുക്കളുടെ വീട്ടിലേക്കോ വാടകവീട്ടിലേക്കോ താമസം മാറ്റുന്നു. രണ്ടായാലും ധാരാളം ചിലവുള്ള കാര്യമാണത്. മറിച്ച്, ഗ്രാമത്തിൽത്തന്നെ താമസിക്കാൻ തീരുമാനിക്കുന്നവർ മരുന്ന് ശേഖരിക്കാനും, ഗർഭകാലത്ത് ആവശ്യമായ പച്ചക്കറികളും ധാന്യങ്ങളും സംഭരിക്കാനും ബുദ്ധിമുട്ടുകയും ചെയ്യുന്നു.

2020ലെ ലോക്ഡൌൺ കാലത്ത് ബോട്ടുകൾ ഇറങ്ങാത്തതിനാൽ ഗർഭിണികളായ അമ്മമാർക്ക് ആശുപത്രികളിലെത്താൻ കഴിഞ്ഞിരുന്നില്ല. അക്കൊല്ലം മാർച്ചിൽ ലോക്ഡൌൺ പ്രഖ്യാപിക്കുമ്പോൾ മൂന്നുമാസം ഗർഭിണിയായിരുന്നു 26 വയസ്സുള്ള ക്രാന്തി ഘാരട്ട്. എല്ലാ ഗതാഗതവും നിന്നിരുന്നു. പതിവുള്ള പരിശോധനകൾ നടത്താൻ അവർക്ക് കഴിഞ്ഞില്ല. ഗർഭസംബന്ധമായ അസ്വസ്ഥതകൾ അസഹനീയമായിരുന്നു എന്നവർ പറയുന്നു. “ഫോണിൽ ഒരു ഡോക്ടറോട് എന്റെ അവസ്ഥ വിശദീകരിക്കേണ്ടിപോലും വന്നു”, അന്നത്തെ ആ സാഹചര്യം ഓർത്ത്, മടുപ്പോടെ അവർ പറയുന്നു.

മുംബൈയിലെ ഒരു ആശുപത്രിയിലേക്കുള്ള ബോട്ടുയാത്രയ്ക്കിടയിൽ ആദ്യത്തെ കുഞ്ഞിനെ പ്രസവിക്കേണ്ടിവന്നത് സന്ധ്യ ഭൊയ്‌ർ ഓർമ്മിക്കുന്നു. 30 വർഷം മുമ്പാണത്. പരമ്പരാഗത വയറ്റാട്ടി പ്രസവമെടുക്കാൻ ബുദ്ധിമുട്ടി. “ഞാൻ എല്ലാം ദൈവത്തിന്റെ കൈയ്യിലേൽ‌പ്പിച്ചു”, ആടിയുലയുന്ന ബോട്ടിലിരുന്ന് പ്രസവിച്ചതോർമ്മിച്ച് ചിരിച്ചുകൊണ്ട് അവർ പറയുന്നു. ഒരു പതിറ്റാണ്ട് മുമ്പുവരെ ഗ്രാമത്തിൽ രണ്ട് വയറ്റാട്ടികളുണ്ടായിരുന്നു. കാലക്രമത്തിൽ, സംസ്ഥാനം നൽകുന്ന സാമ്പത്തികസഹായവും ആശുപത്രികളുടെ സൌകര്യവുമോർത്ത്, അവരെക്കൊണ്ടുള്ള ആവശ്യം കുറഞ്ഞുവന്നു.

PHOTO • Aakanksha
PHOTO • Aakanksha

ഭർത്താവിന്റെ കൂടെ നടത്തുന്ന ചെറിയ കടയിൽ ക്രാന്തി ഘാരട്ടും മകൻ ഹിയാൻ‌ശും. വലത്ത്: കരയിലേക്ക് പോകാൻ ആളുകൾ ബോട്ട് പിടിക്കുന്ന ജെട്ടിയുടെ ദൃശ്യം

ഗ്രാമത്തിൽ ഒരു മരുന്നുകടയില്ലാത്തതിനാൽ താമസക്കാർ മറ്റ് മാർഗ്ഗങ്ങൾ തേടാൻ നിർബന്ധിതരായി. “ഏതാനും ദിവസത്തേക്കുള്ള മരുന്ന് ഡോക്ടർ പറഞ്ഞാലും ഞാൻ ഒരു മാസത്തേക്കുള്ള മരുന്നുകൾ ശേഖരിച്ചുവെക്കും. കാരണം, എപ്പോഴാണ് ആശുപത്രിയിലേക്ക് പോകാൻ പറ്റുക എന്നറിയില്ലല്ലോ. അതുകൊണ്ട് മരുന്നൊക്കെ ശേഖരിച്ചുവെക്കും”, അവർ പറയുന്നു. ക്രാന്തിയും ഭർത്താവ് സൂരജും അഗ്രി കോലി സമുദായക്കാരാണ്. ഘരപുരിയിൽ അവർ ഒരു ചെറിയ പലചരക്കുകട നടത്തുന്നുണ്ട്. കോവിഡ്-19 അടച്ചുപൂട്ടലിനുമുൻപ്, അവരുടെ വരുമാനം ഏകദേശം 12,000 രൂപയായിരുന്നു.

ആറുമാസം ഗർഭമായപ്പോൾ ക്രാന്തി, ഉറൺ താലൂക്കിലെ നവീൻ ഷേവ ഗ്രാമത്തിലെ സഹോദരന്റെ വീട്ടിലേക്ക് താമസം മാറ്റി. “കോവിഡ് പേടിച്ച് ഞാൻ ആദ്യം പോവാൻ മടിച്ചു. ഘരപുരിയിൽ സുരക്ഷിതമാവുമെന്ന് കരുതി. മാത്രമല്ല, അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നും കരുതി”, ക്രാന്തി പറയുന്നു.

യാത്ര ചെയ്യാൻ ബോട്ടിന് 300 രൂപ കൊടുക്കേണ്ടിവന്നു. പത്തിരട്ടി. സാധാരണയായി 30 രൂപയായിരുന്നു ബോട്ടുകൂലി. കോവിഡ് കാലത്ത് സർക്കാരാശുപത്രി ശരിയാവില്ലെന്ന് തോന്നിയതുകൊണ്ട് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസേറിയനും മരുന്നിനുമൊക്കെയായി ഏകദേശം 80,000 രൂപ ചിലവായി. “അതൊക്കെ ഡോക്ടർക്കുള്ള ഫീസും, പരിശോധനയ്ക്കും മരുന്നിനും പോയി”, ക്രാന്തി പറയുന്നു. അത്രയും കാലം സമ്പാദിച്ചതൊക്കെ ചിലവഴിക്കേണ്ടിവന്നു ക്രാന്തിക്കും സൂരജിനും.

ഗർഭിണികളുടേയും മുലയൂട്ടുന്ന അമ്മമാരുടേയും ആരോഗ്യപരിരക്ഷയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പ്രധാൻ മന്ത്രി മാതൃവന്ദനാ യോജന (പി.എം.എം.വി.വൈ) എന്ന മാതൃസഹായക പദ്ധതിക്ക് അർഹയാണ് ക്രാന്തി. അതിൻ‌പ്രകാരം, 5,000 രൂപ അവർക്ക് കിട്ടേണ്ടതായിരുന്നു. എന്നാൽ, 2000-ൽ ഇതിനായി അപേക്ഷിച്ചിട്ടും ഇന്നുവരെ അവർക്ക് ആ പണം കിട്ടിയിട്ടില്ല. ഘരപുരിയിലെ ജനങ്ങളുടെ ആരോഗ്യകാര്യത്തിലെ ഏതെങ്കിലും ഒരു ഘടകത്തോടുമാത്രമല്ല അധികാരികളുടെ അലംഭാവം എന്നതിന്റെ തെളിവാണത്.

പരിഭാഷ: രാജീവ് ചേലനാട്ട്

Aakanksha
aakanksha@ruralindiaonline.org

Aakanksha (she uses only her first name) is a Reporter and Content Editor at the People’s Archive of Rural India.

Other stories by Aakanksha
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat