ഒൻപത് വയസ്സുകാരിയായ ചന്ദ്രിക ബെഹെര സ്കൂളിൽ പോകാതെയായിട്ട് രണ്ടുവർഷത്തോളമാകുന്നു. ബാരാബങ്കി ഗ്രാമത്തിലെ, 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കേണ്ട 19 വിദ്യാർത്ഥികളിൽ ഒരാളാണവൾ; എന്നാൽ ഈ കുട്ടികളാരും 2020 തൊട്ട് കൃത്യമായി സ്കൂളിൽ പോയിട്ടില്ല. തന്റെ അമ്മ തന്നെ സ്കൂളിലേയ്ക്ക് പറഞ്ഞയക്കുന്നില്ലെന്ന് അവൾ പറയുന്നു.

ബാരാബങ്കി ഗ്രാമത്തിന് 2007-ൽ സ്വന്തമായി സ്കൂൾ ലഭിച്ചെങ്കിലും 2020-ൽ ഒഡീഷ സർക്കാർ ആ സ്കൂൾ അടച്ചുപൂട്ടി. ചന്ദ്രികയെപ്പോലെ, പ്രധാനമായും സന്താൾ, മുണ്ട ആദിവാസി വിഭാഗത്തിൽപ്പെടുന്നവരായ ഗ്രാമത്തിലെ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളോട് 3.5 കിലോമീറ്റർ അകലെയുള്ള, ജാമുപസി ഗ്രാമത്തിലെ സ്കൂളിൽ പ്രവേശനം നേടാനാണ് അധികാരികൾ ആവശ്യപ്പെട്ടത്.

"കുട്ടികൾക്ക് ദിവസേന ഇത്രയും ദൂരം നടക്കാനാകില്ല. ഒരുപാട് ദൂരം നടക്കുന്നതിനിടെ അവർ പരസ്പരം വഴക്ക് കൂടുകയുമാണ്.", ചന്ദ്രികയുടെ അമ്മ മാമി ബെഹെര ചൂണ്ടിക്കാട്ടുന്നു. "ഞങ്ങൾ ദരിദ്രരായ തൊഴിലാളികളാണ്. ഞങ്ങൾ ജോലി അന്വേഷിച്ചുപോകണോ അതോ എല്ലാ ദിവസവും കുട്ടികളുടെ കൂടെ വീട്ടിൽനിന്ന് സ്കൂളിലേക്കും തിരിച്ചും കൂട്ടുപോകണോ? അധികാരികൾ ഞങ്ങളുടെ സ്വന്തം സ്കൂൾതന്നെ വീണ്ടും തുറക്കുകയാണ് വേണ്ടത്.", അവർ കൂട്ടിച്ചേർക്കുന്നു.

അതിനായില്ലെങ്കിൽ, തന്റെ ഇളയ കുഞ്ഞിനെപ്പോലെ, 6 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക്, വിദ്യാഭ്യാസം കിട്ടാതെ പോകുമെന്ന് അവർ നിസ്സഹായയായി വ്യക്തമാക്കുന്നു. ജാജ്പൂർ ജില്ലയിലെ ദാനാഗഡി ബ്ലോക്കിൽ ഉൾപ്പെടുന്ന ഈ പ്രദേശത്തെ കാടുകളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ ഉണ്ടാകാമെന്നും 30-കളിലെത്തിനിൽക്കുന്ന ഈ അമ്മ ഭയപ്പെടുന്നുണ്ട്.

മാമി, മകൻ ജോഗിക്കായി നേരത്തെ വേറൊരാൾ ഉപയോഗിച്ചിരുന്ന ഒരു സൈക്കിൾ സംഘടിപ്പിച്ചെടുത്തിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ജോഗി 6 കിലോമീറ്റർ അകലെയുള്ള മറ്റൊരു സ്കൂളിലാണ് പഠിക്കുന്നത്. മാമിയുടെ മൂത്ത മകൾ, ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മോനിക്ക്,  ജാമുപസി ഗ്രാമത്തിലുള്ള സ്കൂളിലേയ്ക്ക് നടന്നുപോകുകതന്നെ വേണം. ഏറ്റവും ഇളയവളായ ചന്ദ്രികയെ വീട്ടിൽ നിർത്തുകയേ നിർവാഹമുള്ളൂ.

"ഞങ്ങളുടെ തലമുറയിലുള്ളവർ ശരീരം തളർന്ന് വയ്യാതാകുന്നതുവരെ നടന്നും കയറിയും ജോലി ചെയ്തുമെല്ലാമാണ് ജീവിച്ചത്. ഞങ്ങളുടെ മക്കളുടെയും ഗതി അതുതന്നെയാകണമെന്നാണോ?", മാമി ചോദിക്കുന്നു.

After the school in their village, Barabanki shut down, Mami (standing in a saree) kept her nine-year-old daughter, Chandrika Behera (left) at home as the new school is in another village, 3.5 km away.
PHOTO • M. Palani Kumar
Many children in primary school have dropped out
PHOTO • M. Palani Kumar

ഇടത്: കുടുംബം താമസിക്കുന്ന ബാരാബങ്കി ഗ്രാമത്തിലെ സ്കൂൾ അടച്ചുപൂട്ടിയതോടെ മാമി (സാരി ഉടുത്ത് നില്‍ക്കുന്നു) മകൾ ഒൻപത് വയസ്സുകാരിയായ ചന്ദ്രികയെ (ഇടത്) സ്കൂളിൽ വിടാതെ വീട്ടിൽ നിർത്തിയിരിക്കുകയാണ്. പുതിയ സ്കൂൾ 3.5 കിലോമീറ്റർ അകലെ, മറ്റൊരു ഗ്രാമത്തിലാണെന്നതാണ് കാരണം. വലത്: പ്രൈമറി സ്കൂളിൽ പഠിക്കുന്ന അനേകം വിദ്യാർഥികൾ പഠനം നിർത്തിയിരിക്കുകയാണ്

ബാരാബങ്കിയിലെ 87 കുടുംബങ്ങളിൽ ഭൂരിഭാഗവും ആദിവാസികളാണ്. ചിലർക്ക് സ്വന്തമായി ചെറിയ തുണ്ട് ഭൂമിയുണ്ടെങ്കിലും മിക്കവരും സ്റ്റീൽ പ്ലാന്റിലോ സിമെന്റ് ഫാക്ടറിയിലോ ജോലി ചെയ്യാനായി 5 കിലോമീറ്റർ അകലെയുള്ള സുകിൻഡവരെ പോകുന്ന ദിവസവേതന തൊഴിലാളികളാണ്. കുറച്ച് പുരുഷന്മാർ തമിഴ് നാടിലേയ്ക്ക് കുടിയേറി, നൂൽ നൂൽക്കുന്ന മില്ലുകളിലോ ബിയർ കാനുകൾ പാക്ക് ചെയ്യുന്ന യൂണിറ്റുകളിലോ ജോലി ചെയ്യുന്നു.

ബാരാബങ്കിയിലെ സ്കൂൾ അടച്ചതോടെ, വിദ്യാർത്ഥികൾക്ക് നൽകിവരുന്ന ഉച്ചഭക്ഷണത്തിന്റെ ലഭ്യത സംബന്ധിച്ചും സംശയം ഉയർന്നു - തീർത്തും നിർധനരായ കുടുംബങ്ങളുടെ ഭക്ഷണക്രമീകരണത്തിലെ ഒഴിവാക്കാനാകാത്ത ഘടകമാണ് കുട്ടികൾക്ക് സ്കൂളിൽനിന്ന് ലഭിക്കുന്ന ഉച്ചഭക്ഷണം. കിഷോർ ബെഹെര പറയുന്നു, "കുറഞ്ഞത് ഏഴുമാസത്തേയ്ക്ക് എനിക്ക് പണമോ സ്കൂളിൽ കൊടുക്കുന്ന പാകം ചെയ്ത, ചൂടുള്ള ഭക്ഷണത്തിന് പകരം ലഭിക്കുമെന്ന് പറഞ്ഞിരുന്ന അരിയോ കിട്ടിയില്ല." ചില കുടുംബങ്ങൾക്ക് ഭക്ഷണത്തിന്റെ വിഹിതമായ തുക അവരുടെ അക്കൗണ്ടിൽ ലഭിച്ചു; ചില സന്ദർഭങ്ങളിൽ, 3.5 കിലോമീറ്റർ അകലെയുള്ള പുതിയ സ്കൂളിന്റെ പരിസരത്ത് വിതരണമുണ്ടാകുമെന്ന് അവർക്ക് അറിയിപ്പ് ലഭിച്ചിരുന്നു.

*****

ദാനാഗഡി ബ്ലോക്കിൽത്തന്നെയുള്ള, ബാരാബങ്കിയുടെ അയൽഗ്രാമമാണ് പുരാണമന്ദിര. 2022 ഏപ്രിലിലെ ആദ്യ ആഴ്ച. ഉച്ചനേരത്ത്, ഗ്രാമത്തിൽനിന്ന് പുറത്തേയ്ക്ക് നീളുന്ന വീതി കുറഞ്ഞ റോഡിൽ പെട്ടെന്ന് ആളനക്കം വെക്കുന്നു. റോഡിൽ നിറയെ സ്ത്രീകളും പുരുഷന്മാരും; കൂട്ടത്തിൽ ഒരു മുത്തശ്ശിയും സൈക്കിളിൽ പോകുന്ന, കൗമാരപ്രായത്തിലുള്ള രണ്ടാൺകുട്ടികളും. ഊർജ്ജത്തിന്റെ അവസാന കണികയും സംഭരിക്കേണ്ടതുണ്ട് എന്നതുകൊണ്ട് ആരും പരസ്പരം സംസാരിക്കുന്നില്ല; 42 ഡിഗ്രി സെൽഷ്യസ് ചൂടിൽ കത്തിനിൽക്കുന്ന ഉച്ചസൂര്യനെ പ്രതിരോധിക്കാൻ ഗംച്ചകളും (തൂവാലപോലെയുള്ള സ്കാർഫ്) സാരിത്തുമ്പുകളും നെറ്റിയോളം താഴേക്ക് വലിച്ചിട്ടിട്ടുണ്ട് എല്ലാവരും.

കനത്ത ചൂടിനെ അവഗണിച്ച് , പുരാണമന്ദിരയിലെ താമസക്കാർ തങ്ങളുടെ കുഞ്ഞുമക്കളെ സ്കൂളിൽനിന്ന് കൊണ്ടുവരാൻ 1.5 കിലോമീറ്റർ നടക്കുകയാണ്.

പുരാണമന്ദിരയിൽ താമസിക്കുന്ന ദീപക് മാലിക് സുകിൻഡയിലുള്ള സിമെന്റ് പ്ലാന്റിലെ കരാർ തൊഴിലാളിയാണ്. വിപുലമായ ക്രോമൈറ്റ് ശേഖരത്തിന് പേരുകേട്ടയിടമാണ് സുകിൻഡ താഴ്വര. ദീപക്കിനെപ്പോലെ, ഭൂരിഭാഗവും പട്ടികജാതി വിഭാഗക്കാർ താമസിക്കുന്ന ആ ഗ്രാമത്തിലെ ജനങ്ങൾക്കെല്ലാവർക്കുംതന്നെ വ്യക്തമായി ബോധ്യമുള്ള ഒന്നുണ്ട് - തങ്ങളുടെ മക്കളുടെ ശോഭനമായ ഭാവിയിലേക്കുള്ള താക്കോൽ മികച്ച വിദ്യാഭ്യാസമാണ്. "ഈ ഗ്രാമത്തിലെ മിക്കവരും ജോലി ചെയ്ത് അന്നന്നത്തെ ഭക്ഷണത്തിന് വഴി കണ്ടെത്തുന്നവരാണ്", അദ്ദേഹം പറയുന്നു. "അതുകൊണ്ടുതന്നെ, 2013-2014 കാലത്ത് ഇവിടെ ഒരു സ്കൂൾ കെട്ടിടം പണിതത് ഞങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു."

2020ൽ മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതൽ, 1 - 5 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കേണ്ട 14 കുട്ടികൾക്കായി പുരാണമന്ദിരയിൽ സ്കൂൾ പ്രവർത്തിച്ചിട്ടില്ലെന്ന് 25 വീടുകളുള്ള ഈ ഗ്രാമത്തിലെ താമസക്കാരിയായ സുജാത റാണി സമൽ പറയുന്നു. പകരം, ഇവിടത്തെ പ്രൈമറി തരക്കാരായ വിദ്യാർഥികൾ 1.5 കിലോമീറ്റർ നടന്ന് കുഴഞ്ഞ്, തിരക്കുള്ള ഒരു റെയിൽപ്പാളത്തിനപ്പുറമുള്ള ചാകുവ ഗ്രാമത്തിലെ സ്കൂളിലേക്കാണ് പോകുന്നത്.

The school building in Puranamantira was shut down in 2020.
PHOTO • M. Palani Kumar
The construction of a school building in 2013-2014 was such a huge occasion for all of us,' says Deepak Malik (centre)
PHOTO • M. Palani Kumar

ഇടത്: പുരാണമന്ദിരയിലെ സ്കൂൾ കെട്ടിടം 2020-ൽ അടച്ചുപൂട്ടുകയായിരുന്നു. വലത്: ‘2013-2014 കാലത്ത് ഇവിടെ ഒരു സ്കൂൾ കെട്ടിടം പണിതത് ഞങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു’, ദീപക് മാലിക് (നടുക്ക്) പറയുന്നു

Parents and older siblings walking to pick up children from their new school in Chakua – a distance of 1.5 km from their homes in Puranamantira.
PHOTO • M. Palani Kumar
They cross a busy railway line while returning home with the children (right)
PHOTO • M. Palani Kumar

പുരാണമന്ദിരയിലെ വീട്ടിൽനിന്ന് 1.5  കിലോമീറ്റർ അകലെ ചാകുവയിലുള്ള പുതിയ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ തിരികെക്കൊണ്ടുവരാൻ രക്ഷിതാക്കളും മുതിർന്ന സഹോദരങ്ങളും നടന്നുപോകുന്നു. കുട്ടികളുമായി മടങ്ങിവരുമ്പോൾ അവർ തിരക്കേറിയ ഒരു റെയിൽപ്പാളം മുറിച്ചുകടക്കുന്നു (വലത്)

റെയിൽപ്പാളം കടക്കുന്നത് ഒഴിവാക്കാൻ വാഹനഗതാഗതത്തിന് സൗകര്യമുള്ള മേല്‍പ്പാലത്തിലൂടെ പോകാമെങ്കിലും അതോടെ യാത്രാദൂരം 5 കിലോമീറ്ററായി വർദ്ധിക്കും. പകരമുള്ള എളുപ്പവഴി പഴയ സ്കൂളിനും ഗ്രാമത്തിന്റെ അറ്റത്തുള്ള ഒന്ന്, രണ്ട് അമ്പലങ്ങൾക്കും സമീപത്തുകൂടി കടന്നു പോയി ബ്രാഹ്മണി റെയിൽവേ സ്റ്റേഷനിലേയ്ക്ക് നയിക്കുന്ന റെയിൽവേയുടെ അതിരിലാണ് അവസാനിക്കുന്നത്.

ഒരു ചരക്കുതീവണ്ടി കൂകിവിളിച്ച് കടന്നുപോകുന്നു.

ഇന്ത്യൻ റയിൽവെയുടെ ഹൗറ-ചെന്നൈ പ്രധാന ലൈനിൽ സ്ഥിതിചെയ്യുന്ന ബ്രാഹ്മണിയിലൂടെ ഓരോ പത്ത് മിനിട്ടിലും ചരക്കുതീവണ്ടികളും യാത്രാത്തീവണ്ടികളും കടന്നുപോകും. അതുകൊണ്ടുതന്നെ, പുരാണമന്ദിരയിലെ ഒരു കുടുംബവും തങ്ങളുടെ കുട്ടികളെ മുതിർന്നവരോടൊപ്പമല്ലാതെ സ്കൂളിലേയ്ക്ക് നടക്കാൻ അനുവദിക്കുകയില്ല.

പാളങ്ങളുടെ കുലുക്കം തുടരുമ്പോഴും, അടുത്ത തീവണ്ടി വരുന്നതിനുമുന്‍പ് മറുപുറത്തേയ്ക്ക് കടക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും. ചില കുട്ടികള്‍ തീവണ്ടിപ്പാളങ്ങള്‍ക്കിടയിൽ കൂട്ടിയിട്ട ചരല്‍ക്കല്ലുകളിലൂടെ ഊര്‍ന്നിറങ്ങി താഴേയ്ക്ക് ചാടുന്നു. ചെറിയ കുട്ടികളെ പെട്ടെന്ന് എടുത്തുയര്‍ത്തി പാളം കടത്തുകയാണ് ചെയ്യുന്നത്. ഒറ്റപ്പെട്ട് നടക്കുന്നവരെ കൂടെയുള്ളവർ തിടുക്കപ്പെടുത്തി ഒപ്പം കൂട്ടുന്നു. ചെളിപുരണ്ട കാലുകളും, തഴമ്പിച്ച കാലുകളും, വെയിലേറ്റ് വാടിയ കാലുകളും/ ചെരുപ്പിടാത്ത കാലുകളും, ഇനി ഒരടിപോലും വെക്കാൻ വയ്യാത്ത കാലുകളുമെല്ലാം 25 മിനുട്ട് നീളുന്ന ഈ യാത്രയിൽ ഒന്നിക്കുന്നു.

*****

ഒഡീഷയിൽ അടച്ചുപ്പൂട്ടിയ ഏകദേശം 9,000 സ്കൂളുകളിൽ ഉൾപ്പെടുന്നവയാണ് ബാരാബങ്കിയിലെയും പുരാണമന്ദിരയിലെയും പ്രൈമറി സ്കൂളുകൾ. ഈ വിദ്യാലയങ്ങൾ അയൽഗ്രാമത്തിലെ സ്കൂളുമായി ‘ഏകീകരിച്ചു’,  അഥവാ 'ലയിപ്പിച്ചു' എന്നതാണ് ഔദ്യോഗികഭാഷ്യം. ആരോഗ്യ, വിദ്യാഭ്യാസമേഖലകളിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന 'സസ്‌റ്റൈനബിൾ ആക്ഷൻ ഫോർ ട്രാൻസ്ഫോർമിങ് ഹ്യൂമൻ ക്യാപിറ്റൽ (സാത്ത്) എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.

മധ്യപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ സ്കൂൾ വിദ്യാഭ്യാസമേഖല 'നവീകരിക്കുക' എന്ന ലക്ഷ്യത്തോടെയാണ് 2017 നവംബറിൽ സാത്ത്-ഇ പദ്ധതിക്ക് തുടക്കം കുറിച്ചത്. 2018-ൽ പ്രസ് ഇൻഫോർമേഷൻ ബ്യൂറോ പ്രസിദ്ധീകരിച്ച കുറിപ്പനുസരിച്ച് , “സർക്കാർ മേഖലയിലുള്ള സ്കൂൾ വിദ്യാഭ്യാസസംവിധാനത്തെ ഒന്നാകെ ഓരോ വിദ്യാർത്ഥിക്കും ഉപകാരപ്പെടുന്ന തരത്തിൽ പ്രതികരണാത്മകവും ലക്ഷ്യോന്മുഖവും പരിവർത്തനാത്മകവുമാക്കുക” എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രഖ്യാപിത ലക്‌ഷ്യം.

എന്നാൽ ബാരാബങ്കി ഗ്രാമത്തിലെ സ്കൂൾ അടച്ചുപൂട്ടിയതിനുശേഷം അവിടെയുണ്ടായ 'പരിവർത്തനം' അല്പം വ്യത്യസ്തമാണ്. നിലവിൽ, ഈ ഗ്രാമത്തിൽ ഒരു ഡിപ്ലോമാ ബിരുദധാരിയും, പന്ത്രണ്ടാം തരം പാസ്സായ കുറച്ചുപേരും, പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ട ഒരുപാടുപേരുമുണ്ട്. "ഇനി ഞങ്ങൾക്ക് അതുപോലുമുണ്ടാകില്ല.", ഇപ്പോൾ നിലവിലില്ലാത്ത സ്കൂളിലെ മാനേജ്മെന്റ് കമ്മിറ്റിയുടെ ചെയർപേഴ്‌സണായ കിഷോർ ബെഹെര പറയുന്നു.

Children in class at the Chakua Upper Primary school.
PHOTO • M. Palani Kumar
Some of the older children in Barabanki, like Jhilli Dehuri (in blue), cycle 3.5 km to their new school in Jamupasi
PHOTO • M. Palani Kumar

ഇടത്: ചാകുവ അപ്പർ പ്രൈമറി സ്കൂളിലെ ക്ലാസ്സിലിരിക്കുന്ന കുട്ടികൾ വലത്: ജില്ലി ദെഹൂരിയെപ്പോലെ (നീല വസ്ത്രത്തിൽ), ബാരാബങ്കിയിലെ മുതിർന്ന കുട്ടികളിൽ ചിലർ 3.5 കിലോമീറ്റർ അകലെ, ജാമുപസിയിലുള്ള തങ്ങളുടെ പുതിയ സ്കൂളിലേയ്ക്ക് സൈക്കിളിലാണ് പോകുന്നത്

പ്രൈമറി സ്കൂളുകളെ സമീപഗ്രാമത്തിലെ തിരഞ്ഞെടുത്ത സ്കൂളുമായി 'ഏകീകരിക്കുക' എന്നത്, വളരെ കുറച്ച് കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടുന്നതിന്റെ മറ്റൊരു പേര് മാത്രമാണ്. 2021 നവംബറിൽ സാത്ത്-ഇ പദ്ധതിയെക്കുറിച്ച് നീതി ആയോഗ് തയ്യാറാക്കിയ റിപ്പോർട്ടിൽ , അന്നത്തെ സി.ഇ.ഓ ആയിരുന്ന അമിതാഭ് കാന്ത് ഈ ഏകീകരണത്തെ (അഥവാ സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെ) "ധീരവും പുതുവഴികൾ വെട്ടിത്തുറക്കുന്നതുമായ പരിഷ്‌ക്കാരങ്ങളിൽ" ഒന്ന് എന്നാണ് വിശേഷിപ്പിച്ചത്.

എന്നാൽ ചാകുവയിലുള്ള തന്റെ പുതിയ സ്കൂളിലേയ്ക്ക് നിത്യേന ദീർഘദൂരം നടക്കുന്നതുമൂലം കാലുകളിൽ വേദന അനുഭവിക്കുന്ന പുരാണമന്ദിരയിലെ സിദ്ധാ‍ർത്ഥ് മാലിക്ക്, ഇതിനെ പരിഷ്കാരമെന്ന് വിശേഷിപ്പിക്കാനിടയില്ല. അവന് പല ദിവസങ്ങളിലും സ്കൂളിൽ പോകാൻപോലും കഴിയാറില്ലെന്ന് അച്ഛൻ ദീപക് പറയുന്നു.

ഇന്ത്യയിലെ ഏകദേശം 1.1 ദശലക്ഷം സര്‍ക്കാർ  സ്കൂളുകളിൽ, നാലുലക്ഷത്തോളം സ്കൂളുകളിൽ 50-ൽത്താഴെ കുട്ടികളും 1.1 ലക്ഷം സ്കൂളുകളിൽ 20-ൽത്താഴെ കുട്ടികളും മാത്രമാണുള്ളത്. ഇത്തരം സ്കൂളുകളെ "സബ്-സ്കെയിൽ സ്കൂളുകൾ' എന്ന് വിശേഷിപ്പിക്കുന്ന സാത്ത്-ഇ റിപ്പോർട്ട് അവയുടെ ന്യൂനതകളും എടുത്തുപറയുന്നു: വിഷയാധിഷ്ഠിത വൈദഗ്ധ്യമുള്ള അധ്യാപകരുടെയും അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്ന  പ്രധാനാധ്യാപകരുടെയും അഭാവം, കളിസ്ഥലങ്ങളുടേയും അതിർത്തിമതിലുകളുടേയും ലൈബ്രറികളുടേയും അഭാവം തുടങ്ങിയവയാണവ.

എന്നാൽ തങ്ങളുടെ സ്വന്തം സ്കൂളിൽ തന്നെ ആവശ്യമായ സൗകര്യങ്ങൾ വികസിപ്പിക്കാൻ കഴിയുമായിരുന്നുവെന്ന് പുരാണമന്ദിരയിലെ രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ചാകുവയിലെ സ്കൂളിൽ ലൈബ്രറി ഉണ്ടോയെന്ന് ആർക്കും ഉറപ്പില്ല; എന്നാൽ തങ്ങളുടെ പഴയ സ്കൂളിൽ ഇല്ലാതിരുന്ന ചുറ്റുമതിൽ അവിടെയുണ്ട്.

ഒഡീഷയിൽ, സാത്ത്-ഇ പദ്ധതിയുടെ മൂന്നാം ഘട്ടമാണ് നിലവിൽ പുരോഗമിക്കുന്നത്. ഈ ഘട്ടത്തിൽ, 15,000 സ്കൂളുകൾ 'ഏകീകരിക്കാൻ' യോഗ്യമായവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

*****

It is 1 p.m. and Jhilli Dehuri, a Class 7 student and her schoolmate, are pushing their cycles home to Barabanki. She is often sick from the long and tiring journey, and so is not able to attend school regularly
PHOTO • M. Palani Kumar
It is 1 p.m. and Jhilli Dehuri, a Class 7 student and her schoolmate, are pushing their cycles home to Barabanki. She is often sick from the long and tiring journey, and so is not able to attend school regularly
PHOTO • M. Palani Kumar

സമയം ഉച്ചയ്ക്ക് ഒരു മണിയാകുമ്പോൾ, ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ജില്ലി ദെഹൂരിയയും സ്കൂളിലെ അവളുടെ സഹപാഠിയും സൈക്കിൾ തള്ളി ബാരാബങ്കിയിലെ വീട്ടിലേയ്ക്ക് മടങ്ങിപ്പോകുന്നു. നീണ്ടതും തളർത്തുന്നതുമായ യാത്രമൂലം ഇടയ്ക്കിടെ അസുഖം ബാധിക്കുന്നതിനാൽ അവളുടെ സ്കൂളിലേക്കുള്ള പോക്ക് ഇടയ്ക്കിടയ്ക്ക് മുടങ്ങാറുണ്ട്

ജില്ലി ദെഹൂരി, വീടിന് സമീപത്തുള്ള കയറ്റത്തിലൂടെ സൈക്കിൾ തള്ളിക്കയറ്റാൻ പാടുപെടുകയാണ്. അവളുടെ ഗ്രാമമായ ബാരാബങ്കിയിൽ വലിയ ഒരു മാവിന്റെ തണലിൽ ഓറഞ്ച് നിറത്തിലുള്ള ഒരു ടാർപ്പായ വലിച്ചുകെട്ടിയിട്ടുണ്ട്. സ്കൂളിന്റെ പ്രശ്നം ചർച്ച ചെയ്യാൻ രക്ഷിതാക്കൾ ഒത്തുകൂടിയിരിക്കുകയാണ്. ജില്ലിയും ക്ഷീണിതയായി അവിടെയെത്തുന്നു.

ബാരാബങ്കിയിൽനിന്നുള്ള വിദ്യാർത്ഥികളിൽ അപ്പർ പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുന്നവരും മറ്റ് മുതിർന്ന കുട്ടികളും (11 മുതൽ 16 വയസ്സുള്ളവര്‍) 3.5 കിലോമീറ്റർ അകലെ ജാമുപസിയിലുള്ള സ്കൂളിലാണ് പഠിക്കുന്നത്. നട്ടുച്ച നേരത്ത് നടക്കുകയും സൈക്കിൾ ഓടിക്കുകയും ചെയ്യുന്നത് അവരെ തളർത്തുന്നുവെന്ന് കിഷോർ ബെഹെര പറയുന്നു. അദ്ദേഹത്തിന്റെ സഹോദരന്റെ മകൾ 2022-ൽ, മഹാമാരിക്ക് ശേഷമുള്ള വർഷമാണ് അഞ്ചാം ക്ലാസ്സിൽ ചേർന്നത്. ദീർഘദൂരം നടന്നുശീലമായിട്ടില്ലാത്ത അവൾ കഴിഞ്ഞ ആഴ്ച സ്കൂളിൽനിന്ന് തിരിച്ചുനടക്കുന്ന വഴി കുഴഞ്ഞുവീണു. ഇതിനുപിന്നാലെ, ജാമുപസിയിൽനിന്നുള്ള ഏതോ അപരിചിതരായ ആളുകൾ അവളെ ബൈക്കിൽ വീട്ടിൽ കൊണ്ടുവിടുകയായിരുന്നു.

"ഞങ്ങളുടെ കുട്ടികളുടെ പക്കൽ മൊബൈൽ ഫോണുകളില്ല," കിഷോർ പറയുന്നു. "സ്കൂളുകളും അടിയന്തരാവശ്യത്തിന് ബന്ധപ്പെടാനായി രക്ഷിതാക്കളുടെ ഫോൺ നമ്പറുകൾ സൂക്ഷിക്കാറില്ല."

ജാജ്പൂർ ജില്ലയിലെ സുകിൻഡ, ദാനാഗഡി എന്നീ ബ്ലോക്കുകളിലെ വിദൂരഗ്രാമങ്ങളിൽനിന്ന് വന്ന അസംഖ്യം രക്ഷിതാക്കൾ, കുട്ടികൾ സ്കൂളിലെത്താൻ ദീർഘദൂരം യാത്ര ചെയ്യേണ്ടിവരുന്നതിന്റെ അപകടങ്ങളെപ്പറ്റി സംസാരിച്ചു: കൊടുംകാട്ടിലൂടെയും തിരക്ക് പിടിച്ച ഹൈവേയിലൂടെയും റെയിൽപ്പാളത്തിന് കുറുകേയും കുത്തനെയുള്ള കുന്നിറങ്ങിയും മഴക്കാലത്ത് നദികൾ കുതിച്ചൊഴുകുന്ന വഴികളിലൂടെയും അക്രമകാരികളായ നായ്ക്കൾ വിഹരിക്കുന്ന ഗ്രാമപാതകളിലൂടെയും ആനക്കൂട്ടം പതിവായെത്തുന്ന പാടങ്ങളിലൂടെയുമെല്ലാമാണ് കുട്ടികൾ സ്കൂളിലേയ്ക്ക് നടക്കുന്നത്.

ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റത്തിലെ (ജി.ഐ.എസ്) വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ സ്കൂളുകൾക്കും അടച്ചുപൂട്ടാൻ പട്ടികപ്പെടുത്തിയ സ്കൂളുകൾക്കും ഇടയ്ക്കുള്ള ദൂരം നിർണ്ണയിച്ചതെന്നാണ്  സാത്ത്-ഇ റിപ്പോർട്ട് പറയുന്നത്. എന്നാൽ ജി.ഐ.എസ് നൽകുന്ന ദൂരക്കണക്കുകൾ ആധാരമാക്കി നടത്തുന്ന ഗണിതക്രിയകളിൽ അടിസ്ഥാന യാഥാർഥ്യങ്ങൾ പ്രതിഫലിക്കുന്നില്ല എന്നതാണ് വാസ്തവം.

Geeta Malik (in the foreground) and other mothers speak about the dangers their children must face while travelling to reach school in Chakua.
PHOTO • M. Palani Kumar
From their village in Puranamantira, this alternate motorable road (right) increases the distance to Chakua to 4.5 km
PHOTO • M. Palani Kumar

ഇടത്: ഗീത മാലിക്കും (മുൻപിൽ ഇരിക്കുന്നു) മറ്റ് അമ്മമാരും തങ്ങളുടെ മക്കൾ ചാകുവയിലുള്ള സ്കൂളിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടെ നേരിടുന്ന അപകടങ്ങളെക്കുറിച്ച് സംസാരിക്കുന്നു. അവരുടെ ഗ്രാമമായ പുരാണമന്ദിരയിൽനിന്ന് ചാകുവയിലേക്കുള്ള, വാഹനഗതാഗതത്തിന് സൗകര്യമുള്ള ഈ റോഡിലൂടെ പോയാൽ യാത്രാദൂരം 4.5 കിലോമീറ്റർ ആയി വർധിക്കുന്നു

യാത്രാദൂരവും തീവണ്ടിപ്പാളവും സംബന്ധിച്ച ആശങ്കകൾക്ക് പുറമേ, അമ്മമാരെ അലട്ടുന്ന വേറെയും പ്രശ്നങ്ങളുണ്ടെന്ന് പുരാണമന്ദിരയിൽനിന്നുള്ള മുൻ പഞ്ചായത്ത് വാർഡ് മെമ്പറായ ഗീത മാലിക് പറയുന്നു. "ഇക്കഴിഞ്ഞ വർഷങ്ങളിൽ കാലാവസ്ഥ തീർത്തും പ്രവചിക്കാൻ പറ്റാതെയായിരിക്കുന്നു. മഴക്കാലങ്ങളിൽ ചിലപ്പോൾ രാവിലെ നല്ല വെയിലാകുമെങ്കിലും വൈകീട്ട് സ്കൂൾ അവസാനിക്കുന്ന സമയമാകുമ്പോഴേക്കും കൊടുങ്കാറ്റ് വീശുന്നുണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെയാണ് ഒരു കുട്ടിയെ അടുത്ത ഗ്രാമത്തിലേക്ക് പറഞ്ഞയക്കുക?"

ഗീതക്ക് രണ്ട് ആൺകുട്ടികളാണ് - 11 വയസ്സുകാരനായ മൂത്ത  മകന്‍ ആറാം ക്ലാസ്സിലാണ് പഠിക്കുന്നത്; 6 വയസ്സുള്ള രണ്ടാമൻ സ്കൂളിൽ പോയിത്തുടങ്ങിയിട്ടേയുള്ളൂ. പാട്ടകൃഷിക്കാരുടെ കുടുംബത്തിൽനിന്നുള്ള ഗീതയ്ക്ക് തന്റെ മക്കളുടെ ജീവിതം മെച്ചപ്പെട്ടു കാണണമെന്നും അവർ നിറയെ പണം സമ്പാദിച്ച് സ്വന്തമായി കൃഷിഭൂമി വാങ്ങണമെന്നുമാണ് ആഗ്രഹം.

ഗ്രാമത്തിലെ പ്രൈമറി സ്കൂൾ അടച്ചതിന് പിന്നാലെ തങ്ങളുടെ മക്കൾ ഒന്നുകിൽ സ്കൂളിൽ പോകുന്നത് പാടെ നിർത്തുകയോ അല്ലെങ്കിൽ ഇടയ്ക്കിടെ മാത്രം സ്കൂളിൽ പോവുകയോ ചെയ്യുന്നവരായി മാറിയെന്ന് മാവിൻചുവട്ടിൽ ഒത്തുചേർന്ന രക്ഷിതാക്കൾ എല്ലാവരും സമ്മതിച്ചു. ചില കുട്ടികൾ ഒരു മാസത്തിൽ 15 ദിവസംവരെ സ്കൂളിൽ പോകാതെയിരുന്നിട്ടുണ്ട്.

പുരാണമന്ദിരയിലെ സ്കൂൾ അടച്ചുപൂട്ടിയപ്പോൾ, സ്കൂളിന്റെ പരിസരത്ത് പ്രവർത്തിച്ചിരുന്ന, 6 വയസ്സിൽത്താഴെയുള്ള കുട്ടികൾക്കായുള്ള അങ്കണവാടി സെന്ററും അവിടെനിന്ന് മാറ്റി, 3 കിലോമീറ്റർ അകലെയുള്ള  മറ്റൊരിടത്ത് തുടങ്ങുകയുണ്ടായി.

*****

ഗ്രാമത്തിലെ സ്കൂൾ എന്നത് ഒരുപാട് പേർക്ക് പുരോഗതിയുടെ അടയാളമാണ്; വിശാലമായ സാധ്യതകളുടെയും പൂർണമായേക്കാവുന്ന അഭിലാഷങ്ങളുടെയും സൂചകമാണ്.

മാധവ് മാലിക് ആറാം ക്ലാസുവരെ പഠിച്ചിട്ടുള്ള ഒരു ദിവസവേതനത്തൊഴിലാളിയാണ്. 2014-ൽ പുരാണമന്ദിരയിൽ ഒരു സ്കൂൾ ആരംഭിച്ചത്, തന്റെ മക്കളായ മനോജിനും ദേബാശിഷിനും നല്ല കാലം വരുന്നതിന്റെ സൂചനയായിട്ടാണ് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. "ഞങ്ങളുടെ സ്കൂൾ ഞങ്ങളുടെ പ്രതീക്ഷയുടെ ഒരു അടയാളമാണെന്നത് കൊണ്ടുതന്നെ എല്ലാവരും സ്കൂളിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു."

ഇപ്പോൾ അടച്ചിട്ടിരിക്കുന്ന ഈ പ്രൈമറി സ്കൂളിലെ ക്ലാസ്സ്മുറികളെല്ലാം ഒട്ടും അഴുക്ക് പറ്റാതെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. വെള്ളയും നീലയും പെയിന്റടിച്ച ചുവരുകളിൽ ഒഡിയ അക്ഷരങ്ങളും അക്കങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്ന ഒരുപാട് ചാർട്ടുകൾ തൂക്കിയിട്ടിരിക്കുന്നു. ഒരു ചുവരിൽ ഒരു ബ്ലാക്ക്ബോർഡ് പെയിന്റ് ചെയ്തിട്ടുണ്ട്. ക്ലാസുകൾ നിർത്തിയതിന് പിന്നാലെ, തങ്ങൾക്ക് സമൂഹപ്രാർത്ഥന നടത്താൻ അനുയോജ്യമായ, ഏറ്റവും പവിത്രമായ ഇടം ഈ സ്കൂളാണെന്ന് നാട്ടുകാർ തീരുമാനിച്ചു. ക്ലാസ്സ്മുറികളിൽ ഒന്നിനെ ജനങ്ങൾക്ക് കീർത്തനങ്ങൾ (ഭക്തി ഗാനങ്ങൾ) പാടി ഒത്തുചേരാനുള്ള ഇടമാക്കി മാറ്റിയെടുത്തിട്ടുണ്ട്. ഒരു മൂർത്തിയുടെ ചിത്രം ചില്ലിട്ടുവെച്ചിരിക്കുന്നതിന് സമീപത്തായി പിച്ചള കൊണ്ടുള്ള പൂജാപാത്രങ്ങൾ ചുവരിനോട് ചേർത്ത് അടുക്കിവെച്ചിരിക്കുന്നു.

Students of Chakua Upper Primary School.
PHOTO • M. Palani Kumar
Madhav Malik returning home from school with his sons, Debashish and Manoj
PHOTO • M. Palani Kumar

ഇടത്: ചാകുവ അപ്പർ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ. വലത്: മാധവ് മാലിക് മക്കളായ മനോജിനെയും ദേബാശിഷിനെയും കൂട്ടി സ്കൂളിൽനിന്ന് വീട്ടിലേയ്ക്ക് മടങ്ങുന്നു

പുരാണമന്ദിരയിലെ താമസക്കാർ സ്കൂളിനെ സംരക്ഷിക്കുന്നതിന് പുറമേ തങ്ങളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും പ്രതിജ്ഞാബദ്ധരാണ്. ഗ്രാമത്തിലെ എല്ലാ കുട്ടികൾക്കുമായി അവർ ട്യൂഷൻ ക്ലാസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2 കിലോമീറ്റർ അകലെയുള്ള മറ്റൊരു ഗ്രാമത്തിൽനിന്ന് സൈക്കിളിലെത്തുന്ന ഒരു അധ്യാപകനാണ് ട്യൂഷൻ എടുക്കുന്നത്. മഴയുള്ള ദിവസങ്ങളിൽ, പ്രധാന റോഡിൽ വെള്ളം കയറുന്നതുമൂലം ട്യൂഷൻ ക്ലാസുകൾ മുടങ്ങാതിരിക്കാനായി താനോ മറ്റേതെങ്കിലും ഗ്രാമവാസികളോ അധ്യാപകനെ ബൈക്കിൽ കൂട്ടിക്കൊണ്ടുവരികയാണ് പതിവെന്ന് ദീപക് പറയുന്നു. പഴയ സ്കൂളിൽവെച്ച് നടക്കുന്ന ട്യൂഷൻ ക്ലാസ്സുകൾക്കായി ഓരോ കുടുംബവും മാസം 250 മുതൽ 400 രൂപ വരെ അധ്യാപകന് നൽകുന്നുണ്ട്.

"കുട്ടികളുടെ പഠനം കൂടുതലും നടക്കുന്നത് ഇവിടെ, ഈ ട്യൂഷൻ ക്ലാസ്സിലാണ്.", ദീപക് പറയുന്നു. പുറത്ത്, പൂത്തുവിടർന്നു നിൽക്കുന്ന പ്ലാശ് മരത്തിന്റെ നേരിയ തണലിൽ, ഗ്രാമവാസികൾ സ്കൂൾ പൂട്ടിയതിന്റെ വിവിധ മാനങ്ങളെക്കുറിച്ച് ചർച്ച തുടരുകയാണ്. മഴക്കാലത്ത് ബ്രാഹ്മണി കരകവിഞ്ഞൊഴുകുമ്പോൾ പുരാണമന്ദിരയിൽ എത്തിപ്പെടുക ദുഷ്‌കരമാണ്. അടിയന്തിര ചികിത്സാർത്ഥം ആംബുലൻസിന് എത്താൻ കഴിയാതിരിക്കുകയും ദിവസങ്ങളോളം വൈദ്യുതി ഇല്ലാതിരിക്കുകയും ചെയ്ത സന്ദർഭങ്ങൾ ഗ്രാമീണർ അഭിമുഖീകരിച്ചിട്ടുണ്ട്.

'സ്കൂൾ അടയ്ക്കുന്നത് നമ്മൾ പുറകോട്ട് പോകുന്നതിന്റെ, കാര്യങ്ങൾ ഇനിയും കൂടുതൽ വഷളാകുമെന്നതിന്റെ സൂചനയാണെന്നാണ് തോന്നുന്നത്,", മാധവ് പറയുന്നു.

സാത്ത്-ഇ പദ്ധതിയിൽ കേന്ദ്രസർക്കാരിന്റെ പങ്കാളിയും ആഗോള കൺസൾട്ടിങ് സ്ഥാപനവുമായ ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ് (ബി.സി.ജി) സ്കൂളുകൾ അടച്ചുപൂട്ടുന്ന നടപടിയെ, പഠന പ്രക്രിയകള്‍ മെച്ചപ്പെടുത്തിയ " സുപ്രധാന വിദ്യാഭ്യാസ പരിഷ്കരണ പരിപാടി " എന്നാണ് വിശേഷിപ്പിച്ചത്.

എന്നാൽ ജാജ്പൂരിലെ ഈ രണ്ട് ബ്ലോക്കുകളിലും ഒഡീഷയിലെ മറ്റു പ്രദേശങ്ങളിലുള്ള ഗ്രാമങ്ങൾ ഓരോന്നിലേയും രക്ഷിതാക്കൾ പറയുന്നത് സ്കൂളുകൾ അടച്ചുപൂട്ടിയതിനു പിന്നാലെ, കുട്ടികൾക്ക് വിദ്യാഭ്യാസം നേടുക ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നാണ്.

Surjaprakash Naik and Om Dehuri (both in white shirts) are from Gunduchipasi where the school was shut in 2020. They now walk to the neighbouring village of Kharadi to attend primary school.
PHOTO • M. Palani Kumar
Students of Gunduchipasi outside their old school building
PHOTO • M. Palani Kumar

ഇടത്: സുർജാപ്രസാദ്‌ നായികും ഓം ദെഹൂരിയും (ഇരുവരും വെള്ളഷർട്ട് ധരിച്ചിരിക്കുന്നു) ഗുണ്ടുചിപസി ഗ്രാമവാസികളാണ്. 2020-ൽ ഇവിടത്തെ സ്കൂൾ അടച്ചുപൂട്ടിയതിനുശേഷം, ഇവർ അയൽഗ്രാമമായ ഖരാടിയിലുള്ള പ്രൈമറി സ്കൂളിലേയ്ക്ക് നടന്നാണ് പോകുന്നത്. വലത്: ഗുണ്ടുചിപസിയിലെ വിദ്യാർഥികൾ തങ്ങളുടെ പഴയ സ്കൂൾ കെട്ടിടത്തിന് പുറത്ത്

ഗുണ്ടുചിപസി ഗ്രാമത്തിന് 1954-ൽത്തന്നെ സ്വന്തം സ്കൂൾ ലഭിച്ചിരുന്നു. സുകിൻഡ ബ്ലോക്കിൽ ഉൾപ്പെടുന്ന, ഖരാടി വനമേഖലയുടെ ഭാഗമായ ഈ ഗ്രാമത്തിലെ താമസക്കാരെല്ലാവരും സബർ സമുദായക്കാരാണ്. ശബർ, സവർ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ വിഭാഗത്തെ സംസഥാനത്ത് പട്ടികവർഗ്ഗവിഭാഗമായാണ് കണക്കാക്കുന്നത്.

ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂൾ അടച്ചുപൂട്ടുന്നതിന് മുൻപുവരെ, ഈ സമുദായത്തിലെ 32 കുട്ടികൾ അവിടെ പഠിച്ചിരുന്നു. ഏകീകരണത്തിനുശേഷം സ്കൂളുകൾ തുറന്നപ്പോൾ ഈ കുട്ടികൾക്ക് അയൽഗ്രാമമായ ഖരാടിയിലേയ്ക്ക് നടന്നുപോകേണ്ടതായി വന്നു. കാട്ടിലൂടെ പോകുകയാണെങ്കിൽ വെറും ഒരു കിലോമീറ്റർ നടന്നാൽ സ്കൂളിലെത്താം. പകരം ആശ്രയിക്കാവുന്ന, തിരക്കേറിയ പ്രധാന റോഡിലൂടെയുള്ള വഴി, ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ അപകടകരമാണ്.

കുട്ടികളുടെ ഹാജർനില കുറയുന്നതിനിടെയും, സുരക്ഷയാണോ ഉച്ചഭക്ഷണമാണോ പ്രധാനം എന്ന് തീരുമാനമെടുക്കേണ്ട സ്ഥിതിയിലാണ് തങ്ങളെന്ന് രക്ഷിതാക്കൾ സമ്മതിക്കുന്നു.

രണ്ടാം ക്ലാസുകാരനായ ഓം ദെഹൂരിയും ഒന്നാം ക്ലാസുകാരനായ സുർജാപ്രസാദ്‌ നായികും തങ്ങൾ ഒരുമിച്ചാണ് സ്കൂളിലേയ്ക്ക് നടക്കുന്നതെന്ന് പറയുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടുപോകുമെങ്കിലും നടക്കുന്നതിനിടെ കഴിക്കാൻ പലഹാരങ്ങളോ അത് വാങ്ങാൻ പണമോ ഇവരുടെ പക്കലുണ്ടാകില്ല. മൂന്നാം ക്ലാസുകാരിയായ റാണി ബാരിക്, താൻ  സ്കൂളിലെത്താൻ ഒരുമണിക്കൂർ എടുക്കുമെന്നാണ് പറയുന്നത്; എന്നാൽ അത് അവൾ അലസമായി നടക്കുന്നതുകൊണ്ടും കൂട്ടുകാർ ഒപ്പമെത്താനായി കാത്തുനിൽക്കുന്നതുകൊണ്ടുമാണ്.

ആറ് ദശാബ്ദമായി പ്രവർത്തിച്ചുവന്നിരുന്ന സ്കൂൾ അടച്ചുപൂട്ടി, കുട്ടികളെ കാട്ടിലെ വഴിയിലൂടെ അടുത്ത ഗ്രാമത്തിലേക്ക് പറഞ്ഞയക്കാൻ എങ്ങനെയാണ് തീരുമാനമായതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് റാണിയുടെ മുത്തശ്ശി ബകോതി ബാരിക് പറയുന്നു.. "കാട്ടിലെ വഴിയിൽ നായ്ക്കളും പാമ്പുകളുമുണ്ട്, ചിലപ്പോൾ കരടിയും കാണും - നിങ്ങളുടെ നഗരത്തിലെ ഏതെങ്കിലും ഒരു രക്ഷിതാവ് ഇത് സ്കൂളിലേയ്ക്ക് പോകാനുള്ള സുരക്ഷിതമായ വഴിയാണെന്ന് സമ്മതിക്കുമോ?", അവർ ചോദിക്കുന്നു.

ഏഴിലും എട്ടിലും പഠിക്കുന്ന കുട്ടികൾക്കാണ് ഇപ്പോൾ ചെറിയ കുട്ടികളെ സ്കൂളിലേക്കും തിരിച്ചും എത്തിക്കാനുള്ള ചുമതല. ഏഴാം ക്ലാസുകാരിയായ ശുഭശ്രീ ബെഹെര ഏറെ പാടുപെട്ടാണ് തന്റെ ഇളയ സഹോദരങ്ങളായ ഭൂമികയെയും ഓം ദെഹൂരിയെയും നിയന്ത്രിക്കുന്നത്. "അവർ മിക്കപ്പോഴും ഞങ്ങൾ പറയുന്നത് അനുസരിക്കില്ല. ഇനി അവർ ഓടാൻ തുടങ്ങിയാൽ, ഓരോരുത്തരുടെയും പിന്നാലെ പോകുക എളുപ്പമല്ല.", അവൾ പറയുന്നു.

മാമിന പ്രധാനിന്റെ മക്കൾ - ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രാജേഷും അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ലിജയും - നടന്നാണ് പുതിയ സ്കൂളിലേയ്ക്ക് പോകുന്നത്. "കുട്ടികൾ ഒരുമണിക്കൂറോളം നടക്കണം, പക്ഷെ അതല്ലാതെ വേറെ എന്താണ് മാർഗ്ഗം?" ഇഷ്ടികച്ചുവരുകളും വൈക്കോൽ മേഞ്ഞ മേൽക്കൂരയുമുള്ള തന്റെ വീട്ടിലിരുന്നു ഈ ദിവസവേതന തൊഴിലാളി ചോദിക്കുന്നു. മാമിനയും ഭർത്താവ് മഹന്തോയും, കൃഷിപ്പണി നടക്കുന്ന മാസങ്ങളിൽ മറ്റുള്ളവരുടെ പാടത്ത് പണിയെടുക്കുകയും ബാക്കിസമയത്ത്  കാര്‍ഷികേതര തൊഴിലുകൾ ചെയ്യുകയുമാണ് പതിവ്.

Mamina and Mahanto Pradhan in their home in Gunduchipasi. Their son Rajesh is in Class 7 and attends the school in Kharadi.
PHOTO • M. Palani Kumar
‘Our children [from Gunduchipasi] are made to sit at the back of the classroom [in the new school],’ says Golakchandra Pradhan, a retired teacher
PHOTO • M. Palani Kumar

ഇടത്: മാമിന പ്രധാനും മഹന്തോ പ്രധാനും ഗുണ്ടുചിപസിയിലെ വീട്ടിൽ. അവരുടെ മകൻ രാജേഷ് ഖരാടിയിലെ സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയാണ്. (വലത്): ‘ഞങ്ങളുടെ കുട്ടികളെ (ഗുണ്ടുചിപസിയിൽ നിന്നുള്ളവർ) ക്ലാസ്മുറിയിൽ (പുതിയ സ്കൂളിൽ) ഏറ്റവും പുറകിലാണ് ഇരുത്തുന്നത്’, വിരമിച്ച അധ്യാപകനായ ഗോലക്‌ചന്ദ്ര പ്രധാന്‍ പറയുന്നു

Eleven-year-old Sachin (right) fell into a lake once and almost drowned on the way to school
PHOTO • M. Palani Kumar

പതിനൊന്ന് വയസ്സുള്ള സച്ചിൻ (വലത്) ഒരിക്കൽ സ്കൂളിലേയ്ക്ക് പോകുന്ന വഴി ഒരു കായലിൽ വീണ്, മരണത്തിന് വക്കോളമെത്തുകയുണ്ടായി

ഗുണ്ടുചിപസിയിലെ തങ്ങളുടെ സ്കൂളിൽ പഠനനിലവാരം ഏറെ ഭേദമായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. "ഇവിടെ ഞങ്ങളുടെ കുട്ടികൾക്ക് അധ്യാപകരിൽനിന്ന് വ്യക്തിഗത ശ്രദ്ധ കിട്ടുമായിരുന്നു. (പുതിയ സ്കൂളിൽ) ഞങ്ങളുടെ കുട്ടികളെ ക്ലാസ്സ്മുറിയിൽ ഏറ്റവും പുറകിലാണ് ഇരുത്തുന്നത്," ഗോലക്‌ചന്ദ്ര പ്രധാൻ പറയുന്നു.

സുകിൻഡ ബ്ലോക്കിൽത്തന്നെയുള്ള, സമീപഗ്രാമമായ സാന്താരപൂരിലെ പ്രൈമറി സ്കൂൾ 2019-ലാണ് അടച്ചുപൂട്ടിയത്. ഇവിടത്തെ കുട്ടികൾ 1.5 കിലോമീറ്റർ നടന്ന് ജാമുപസിയിലെ സ്കൂളിലേക്കാണ് പോകുന്നത്. പതിനൊന്ന് വയസ്സുകാരനായ സച്ചിൻ, തന്റെ പിന്നാലെ ഓടിയ പട്ടിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു കായലിൽ വീണു. "2021ന്റെ അവസാനത്തിലാണ് അത് സംഭവിച്ചത്.", 10 കിലോമീറ്റർ അകലെ, ദുബുരിയിലുള്ള സ്റ്റീൽ പ്ലാന്റിലെ തൊഴിലാളിയായ, സച്ചിന്റെ മൂത്ത സഹോദരൻ 21 വയസ്സുകാരനായ സൗരവ് പറയുന്നു. "രണ്ടു മുതിർന്ന കുട്ടികൾ അവനെ മുങ്ങിപ്പോകാതെ രക്ഷിച്ചു; പക്ഷെ എല്ലാവരും വല്ലാതെ പേടിച്ചതിനാൽ അടുത്ത ദിവസം ഗ്രാമത്തിലെ പല കുട്ടികളും സ്കൂളിൽ പോയില്ല."

സാന്താരപൂർ-ജാമുപസി റോഡിലെ അക്രമകാരികളായ പട്ടികൾ മുതിർന്നവരെയും അക്രമിച്ചിട്ടുണ്ടെന്ന് ലബോണ്യ മാലിക് പറയുന്നു. വിധവയായ ലബോണ്യ, ജാമുപസി സ്കൂളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്നയാളുടെ സഹായിയായി ജോലി ചെയ്യുകയാണ്. "15-20 നായ്ക്കളുടെ കൂട്ടമാണത്. ഒരിക്കൽ അവ എന്റെ പിന്നാലെ വന്നപ്പോൾ,  ഞാൻ മുഖമടിച്ചു താഴെ വീണു. അതോടെ പട്ടികളെല്ലാം എന്റെ മേൽ ചാടി വീഴുകയും ഒരെണ്ണം എന്റെ കാലിൽ കടിക്കുകയും ചെയ്തു.", അവർ പറയുന്നു.

സാന്താരപൂരിലെ 93 കുടുംബങ്ങളിൽ അധികവും പട്ടികജാതി, മറ്റ് പിന്നാക്കജാതിവിഭാഗങ്ങളിൽനിന്നുള്ളവരാണ്. ഗ്രാമത്തിലെ പ്രൈമറി സ്കൂൾ പൂട്ടുമ്പോൾ അവിടെ 28 കുട്ടികൾ പഠിച്ചിരുന്നു. അവരിൽ 8-10 കുട്ടികൾ മാത്രമാണ് ഇപ്പോൾ മുടങ്ങാതെ സ്കൂളിൽ പോകുന്നത്.

ജാമുപസിയിലെ സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന, സാന്താരപൂർ നിവാസിയായ ഗംഗ മാലിക്, കാട്ടുപാതയുടെ സമീപത്തുള്ള കായലിൽ വീണതിനുശേഷം സ്കൂളിലേയ്ക്ക് പോകുന്നത് നിർത്തി. അവളുടെ അച്ഛൻ, ദിവസവേതന തൊഴിലാളിയായ സുശാന്ത് മാലിക് ആ സംഭവം ഓർത്തെടുക്കുന്നു: "കായലിൽ മുഖം കഴുകുന്നതിനിടെയാണ് അവൾ വെള്ളത്തിൽ വീണത്. രക്ഷപ്പെടുത്തിയപ്പോഴേക്കും അവൾ മുങ്ങിമരിക്കാറായിരുന്നു. അതിൽപ്പിന്നെ, അവൾ സ്കൂളിൽ പോകുന്നത് മുടക്കാൻ തുടങ്ങി."

വാർഷികപരീക്ഷയ്ക്ക് സ്കൂളിൽ പോകാൻ ഗംഗയ്ക്ക് ധൈര്യം സംഭരിക്കാനായില്ല എന്നതാണ് വാസ്തവം. “എന്നിരുന്നാലും അവര്‍ എന്നെ പാസ്സാക്കി", അവള്‍ പറയുന്നു..

ആസ്പയർ-ഇന്ത്യയിലെ ജീവനക്കാർ നൽകിയ സഹായത്തിന് ലേഖിക നന്ദി പറയുന്നു

പരിഭാഷ:  പ്രതിഭ ആർ. കെ.

Kavitha Iyer

Kavitha Iyer has been a journalist for 20 years. She is the author of ‘Landscapes Of Loss: The Story Of An Indian Drought’ (HarperCollins, 2021).

Other stories by Kavitha Iyer
Photographer : M. Palani Kumar

M. Palani Kumar is PARI's Staff Photographer and documents the lives of the marginalised. He was earlier a 2019 PARI Fellow. Palani was the cinematographer for ‘Kakoos’, a documentary on manual scavengers in Tamil Nadu, by filmmaker Divya Bharathi.

Other stories by M. Palani Kumar
Editor : Priti David

Priti David is the Executive Editor of PARI. A journalist and teacher, she also heads the Education section of PARI and works with schools and colleges to bring rural issues into the classroom and curriculum, and with young people to document the issues of our times.

Other stories by Priti David
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.