“പലതായി കൊല്ലുന്നതിനു പകരം ദൈവത്തിനു ഞങ്ങളെ ഒറ്റയടിക്കു കൊല്ലാമായിരുന്നു”, കര്‍ഷകനായ അസ്ഹര്‍ ഖാന് പറഞ്ഞു. മെയ് 26-ന് സുന്ദര്‍വനങ്ങളിലെ മൗസനി ദ്വീപിനെ മുക്കിയ വേലിയേറ്റത്തില്‍ അദ്ദേഹത്തിനു വീട് നഷ്ടപ്പെട്ടു.
ഉച്ചകഴിഞ്ഞുള്ള വേലിയേറ്റത്തെ തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട കൊടുങ്കാറ്റ് മുരിഗംഗ നദിയില്‍ വലിയ തിരകളടിക്കാന്‍ കാരണമായി. ഇത് സാധാരണയുള്ളതിനേക്കാള്‍ 1-2 മീറ്റര്‍ കൂടുതല്‍ ഉയരത്തില്‍ ആയിരുന്നു. അതേത്തുടര്‍ന്ന് വെള്ളം തടയണകള്‍ ഭേദിക്കുകയും വീടുകള്‍ക്കും പാടങ്ങള്‍ക്കും നാശം വരുത്തിക്കൊണ്ട് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു.
യാസ് ചുഴലിക്കാറ്റാണ് മെയ് 26-ന് ഉച്ചയ്ക്കു തൊട്ടുമുന്‍പ് കൊടുങ്കാറ്റിനു കാരണമായത്. മൗസനിക്ക് 65 നോട്ടിക്കല്‍ മൈല്‍ തെക്ക്-പടിഞ്ഞാറായി ഒഡീഷയിലെ ബാലാസേറിനടുത്ത് മണ്ണിടിച്ചില്‍ ഉണ്ടായി. അതിതീവ്രമായ ഈ ചുഴലിക്കൊടുങ്കാറ്റ് മണിക്കൂറില്‍ 130-140 കിലോമീറ്റര്‍ വേഗതയിലാണ് വീശിയത്.
“കാറ്റ് വരുന്നതു കണ്ട ഞങ്ങള്‍ സാധനങ്ങളൊക്കെ മാറ്റാന്‍ സമയം കിട്ടുമെന്നു വിചാരിച്ചു. പക്ഷെ ഗ്രാമത്തിലേക്ക് വെള്ളം അടിച്ചുകയറി”, ബാഗ്ദാംഗ മൗസയില്‍ (ഗ്രാമത്തില്‍) നിന്നുള്ള മജുരാ ബീബി പറഞ്ഞു. മൗസനിയുടെ പടിഞ്ഞാറ് മുരിഗംഗയുടെ തടയണയുടെ അടുത്താണ് അവര്‍ താമസിക്കുന്നത്. “ജീവനുവേണ്ടി ഞങ്ങള്‍ ഓടി, പക്ഷെ ഞങ്ങള്‍ക്ക് സാധനങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. ധാരാളംപേര്‍ രക്ഷപെടാനായി മരത്തില്‍ കയറി.”
ദ്വീപിലെ 4 ഗ്രാമങ്ങളിലേക്കുള്ള - ബാഗ്ദാംഗ, ബലിയാറ, കുസുംതല, മൗസനി - വള്ളങ്ങളും യന്ത്രബോട്ടുകളും തുടര്‍ച്ചയായുള്ള മഴ കാരണം 3 ദിവസത്തേക്ക് പ്രവര്‍ത്തിച്ചില്ല. ഞാന്‍ മെയ് 29-ന് രാവിലെ മൗസനിയില്‍ എത്തിയപ്പോള്‍ അതിന്റെ ഭൂരിഭാഗവും വെള്ളത്തിലായിരുന്നു.
“എന്റെ ഭൂമി ഉപ്പുവെള്ളത്തിലാണ്”, ബാഗ്ദാംഗയിലെ രക്ഷാകേന്ദ്രത്തില്‍ കണ്ട അഭിലാഷ് സര്‍ദാര്‍ എന്നോടു പറഞ്ഞു. “ഞങ്ങള്‍ കര്‍ഷകര്‍ക്ക് ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടിരിക്കുന്നു”, അദ്ദേഹം പറഞ്ഞു. “അടുത്ത 3 വര്‍ഷത്തേക്ക് എനിക്കെന്റെ പാടത്ത് കൃഷി ചെയ്യാന്‍ പറ്റില്ല. അത് വീണ്ടും ഫലപുഷ്ടിയുള്ളതാകാന് 7 വര്‍ഷംവരെ പിടിക്കാം.”

കൊടുങ്കാറ്റ് അടിച്ച സമയത്ത് ഗായന് കുടുംബത്തിന് ബാഗ്ദാംഗയിലുള്ള വീട് നഷ്ടപ്പെട്ടു. “ഞങ്ങളുടെ വീട് തകര്‍ന്നു, അവസ്ഥയെന്തെന്ന് നിങ്ങള്‍ക്കു കാണാം. അവശിഷ്ടങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് ഒന്നും വീണ്ടെടുക്കാന്‍ പറ്റില്ല.”
ദക്ഷിണ 24 പര്‍ഗന ജില്ലയിലെ നാംഖാന ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന, നദികളാലും കടലിനാലും ചുറ്റപ്പെട്ട, മൗസനി ദ്വീപിന് നേരിടേണ്ടിവന്ന ദുരന്ത പരമ്പരകളില്‍ ഏറ്റവും അവസാനത്തേതാണ് യാസ് ചുഴലിക്കാറ്റ് മൂലമുണ്ടായ തകര്ച്ചകള്.
ഒരുവര്‍ഷം മുന്‍പ് – 2020 മെയ് 20-ന് – ഉംപുന്‍ ചുഴലിക്കാറ്റ് സുന്ദര്‍വനങ്ങളില്‍ നാശം വിതച്ചിരുന്നു . അതിനും മുന്‍പ് ചുഴലിക്കാറ്റുകളായ ബുള്‍ബുളും (2019) ഐലയും (2009) ദ്വീപുകളില്‍ നാശം വിതച്ചിരുന്നു. മണ്ണിന്റെ ലവണത്വം വര്‍ദ്ധിപ്പിച്ച് തെക്കന്‍ തീരം കൃഷിയോഗ്യമല്ലാതാക്കിമാറ്റി മൗസനിയിലെ ഭൂമിയുടെ 30-35 ശതമാനവും ഐല നശിപ്പിച്ചു.
കടലിന്റെ ഉപരിതല ഊഷ്മാവ് വര്‍ദ്ധിക്കുന്നത് - ആഗോള താപനത്തിന്റെ സൂചന – മാത്രമല്ല, തീരോപരിതല ഊഷ്മാവ് വര്‍ദ്ധിക്കുന്നതും ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് തീവ്രമാകുന്നതിനെ സ്വാധീനിക്കുന്നുവെന്ന് വിദഗ്ദര്‍ നിരീക്ഷിച്ചിട്ടുണ്ട് . തീവ്ര ചുഴലികൊടുങ്കാറ്റിന്റെ ഘട്ടത്തിലേക്കുള്ള വളര്‍ച്ച മെയ്, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഇന്‍ഡ്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (India Meteorological Department - IMD) 2006-ലെ ഒരു പഠനം നിരീക്ഷിക്കുന്നു .
ദ്വീപില്‍ ആകെയുള്ള 6,000 ഏക്കറില്‍ 70 ശതമാനവും യാസിനു മുന്‍പ് കൃഷിയോഗ്യമായിരുന്നുവെന്ന് ബാഗ്ദാംഗയില്‍ അഞ്ചേക്കര്‍ സ്വന്തമായുള്ള സരള്‍ ദാസ് പറഞ്ഞു. “ഇപ്പോള്‍ 70-80 ഏക്കറുകള്‍ മാത്രമേ വെള്ളം കയറാത്തതായുള്ളൂ.”
ദ്വീപിലെ ആകെയുള്ള 22,000 ജനങ്ങളില്‍ (2011 സെന്‍സസ് പ്രകാരം) ഏതാണ്ടെല്ലാവരേയും തന്നെ ചുഴലിക്കാറ്റ് ബാധിച്ചുവെന്ന് ദാസ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് ബാഗ്ദാംഗ സഹകരണ സ്ക്കൂളില്‍ ജോലിയുമുണ്ട്. “ദ്വീപിലെ നാനൂറോളം വീടുകള്‍ ഏതാണ്ട് പൂര്‍ണ്ണമായി തകര്‍ന്നു, രണ്ടായിരത്തോളം എണ്ണത്തിന് കേടുപറ്റി.” ഒരുപാട് വളര്‍ത്തുമൃഗങ്ങളും പക്ഷികളും മത്സ്യങ്ങളും നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ബാഗ്ദാംഗ നിവാസി പ്രളയത്തിലായ നെല്‍പ്പാടങ്ങളിലൂടെ വീപ്പയില്‍ കുടിവെള്ളവും വലിച്ചുകൊണ്ട് പോകുന്നു.
മൗസനിയിലെ കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സായ കുഴല്ക്കിണറുകളെ ആശ്രയിക്കുന്നത് കൊടുങ്കാറ്റിനു ശേഷം ബുദ്ധിമുട്ടായി തീര്‍ന്നിരിക്കുന്നു. “നിരവധി കുഴല്‍ക്കിണറുകള്‍ വെള്ളത്തിലാണ്. ഏറ്റവും അടുത്തുള്ള കുഴല്‍ക്കിണറ്റില്‍ പോകുന്നതിനായി ഞങ്ങള്‍ക്ക് അരയ്ക്കൊപ്പം താഴ്ന്ന ചെളിയിലൂടെ 5 കിലോമീറ്ററോളം നടക്കണം”, ജയ്നാല്‍ സര്‍ദാര്‍ പറഞ്ഞു.
ഇത്തരം വിനാശങ്ങള്ക്കിടയില് ജീവിക്കാന്‍ മൗസനിയിലെ ജനങ്ങള്‍ പഠിക്കണമെന്ന് പ്രകൃതി സംരക്ഷകനും സുന്ദര്വനങ്ങളേയും അവിടുത്തെ ജനങ്ങളേയും കുറിച്ചുള്ള ത്രൈമാസികയായ സുധു സുന്ദര്‍ബന്‍ ചര്‍ച്ചയുടെ എഡിറ്ററുമായ ജ്യോതിരിന്ദ്രനാരായണ് ലാഹിരി പറഞ്ഞു. “വെള്ളപ്പൊക്കത്തെ ചെറുക്കുന്ന വീടുകള്‍ നിര്‍മ്മിക്കുന്നതുപോലെയുള്ള പുതിയ അതിജീവിന തന്ത്രങ്ങള്‍ അവര്‍ സ്വായത്തമാക്കേണ്ടതുണ്ട്.”
മൗസനി പോലെ ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ സഹായത്തിനായി സര്‍ക്കാരിനെ ആശ്രയിക്കുന്നില്ലെന്ന് ലാഹിരി പറയുന്നു. “മുന്‍കൂട്ടി തയ്യാറായിക്കൊണ്ടാണ് അവര്‍ അതിജീവിക്കുന്നത്.”
നിലവില്‍ വിളകള്‍ ഉണ്ടായിരുന്ന 96,650 ഹെക്ടറുകള്‍ (238,830 ഏക്കറുകള്‍) സംസ്ഥാനത്തുടനീളം വെള്ളപ്പൊക്കത്തിലകപ്പെട്ടെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നു . ഫലപുഷ്ടിയുള്ള ഭൂമിയുടെ ഭൂരിഭാഗവും ഉപ്പുവെള്ളത്തിലായതിനാല് കൃഷി ഉപജീവനത്തിന്റെ പ്രധാന സ്രോതസായ മൗസനിയില്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുന്നു.
യാസ് ചുഴലിക്കാറ്റ് വിതച്ച നാശങ്ങള് ഉള്‍ക്കൊള്ളാന്‍ ദ്വീപ് നിവാസികള്‍ ഇപ്പോഴും സാവകാശം പ്രാപ്തി കൈവരിക്കുന്നതേയുള്ളൂ. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ജൂണ്‍ 11-ന് ഒരു കൊടുങ്കാറ്റ് ഉണ്ടാകുമെന്നും അത് സുന്ദര്‍വനങ്ങളില്‍ കനത്ത മഴയ്ക്കു കാരണമാകുമെന്നും അപ്പോഴാണ് ഇന്‍ഡ്യന്‍ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത് .
ബാഗ്ദാംഗയില്‍ നിന്നുള്ള ബിബിജാന്‍ ബീബി മറ്റൊരു കടുത്ത ആശങ്കകൂടി അറിയിച്ചിരിക്കുന്നു. “വെള്ളം ഇറങ്ങിക്കഴിഞ്ഞാല്‍ ഗോഖ്റ [ഇന്‍ഡ്യന്‍ മൂര്‍ഖന്‍] വീടുകളില്‍ കയറാന്‍ തുടങ്ങും. ഞങ്ങള്‍ ഭയചകിതരാണ്.”

നിരഞ്ജന് മണ്ഡല് കുടുംബത്തിനുവേണ്ടി കുഴല്കിണറ്റില് നിന്നും ചെളിയിലൂടെ വെള്ളവുമായി പോകുന്നു.

“എന്റെ മകള്‍ മൗസനിയിലാണ് ജീവിക്കുന്നത്. രണ്ടുദിവസമായി എനിക്കവളെ ഫോണില്‍ കിട്ടുന്നില്ല”, നാംഖാനയില്‍ നിന്നുള്ള പ്രതിമ മണ്ഡല് പറയുന്നു. മകളുടെ വീട് വെള്ളത്തിനടിയില്‍ ആയിരിക്കുമെന്ന് അവര്‍ക്കുറപ്പാണ്. “ഞാന്‍ അവളെ നോക്കാന്‍ പോവുകയാണ്.”

മൗസനി ദ്വീപിലെത്താനുള്ള ഒരേയൊരു ഗതാഗത സംവിധാനം കടത്തുവള്ളങ്ങളും ബോട്ടുകളുമാണ്. നാംഖാനയില്‍ നിന്നുള്ള യാത്രാ സേവനങ്ങള്‍ യാസ് ചുഴലിക്കാറ്റ് കാരണം 3 ദിവസമായി നിര്‍ത്തി വച്ചിരിക്കുകയാണ്. മെയ് 29-ന് കടത്തുവള്ളങ്ങള്‍ ഓടാന്‍ തുടങ്ങിയപ്പോഴാണ് ദ്വീപ് നിവാസികളുടെ പ്രശ്നങ്ങള്‍ ലഘൂകരിക്കപ്പെട്ടത്.

മൗസനിയിലെ പ്രളയ ബാധിത ഭാഗത്തുനിന്നും ഒരു കുടുംബം തങ്ങളുടെ കാലികളെ സുരക്ഷിതമായി ബാഗ്ദാംഗയില്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുന്നു.

മൗസനിയിലെ താഴ്ന്ന പ്രദേശങ്ങളില്‍നിന്നുള്ള പല കുടുംബങ്ങള്‍ക്കും സാധനങ്ങളും എടുത്തുകൊണ്ട് വീടുവിട്ടു പോകേണ്ടതുണ്ടായിരുന്നു.

ബാഗ്ദാംഗയില്‍ നിന്നുള്ള ഈ സ്ത്രീ പറയുന്നത് അവരുടെ വീട്ടിലേക്ക് വെള്ളം ഇരച്ചുകയറിയെന്നാണ്. വീട്ടിലുള്ള ഒന്നും സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

“അവളെ സംരക്ഷിക്കാന്‍ കഴിഞ്ഞതില്‍ എനിക്കു സന്തോഷമുണ്ട്”, ഈ കൊച്ചുപെണ്‍കുട്ടി അവളുടെ പക്ഷിയെക്കുറിച്ച് പറയുന്നു. “അവളെന്റെ ഏറ്റവും നല്ല സുഹൃത്താണ്.”

പ്രളയജലം ഇറങ്ങുന്നതും കാത്ത് ദ്വീപിലെ കുറച്ച് സ്ത്രീകള്‍ ബാഗ്ദാംഗയിലെ രക്ഷാകേന്ദ്രത്തില്‍

ഗ്രാമത്തിലുള്ള പ്രാഥമിക വിദ്യാലയത്തിലെ ഒരു കോവിഡ് പരിചരണ കേന്ദ്രവും പ്രളയത്തിലകപ്പെട്ടു

മസൂദ് അലിക്ക് തന്റെ ഈ വര്‍ഷത്തെ മുഴുവന്‍ സമ്പാദ്യങ്ങളും പ്രളയത്തില്‍ നഷ്ടപ്പെട്ടു. “ഏകദേശം 1,200 കിലോ അരിയുണ്ടായിരുന്നത് മുഴുവന്‍ നശിച്ചു”, അദ്ദേഹം പറയുന്നു. “ഒരിക്കല്‍ ഉപ്പുവെള്ളം തൊട്ടാല്‍ അരി ഭക്ഷ്യയോഗ്യമല്ലാതായിത്തീരും. ഇപ്പോള്‍ 40 സഞ്ചികളാണ് എനിക്ക് എറിഞ്ഞു കളയേണ്ടത്.”

ഇമ്രാന് ഒരുകൂട്ടം പൊളിഞ്ഞ കട്ടകള്‍ ഒരു ഉയര്‍ന്ന പ്രദേശത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നു. മുരിഗംഗാ നദിയുടെ തടയണ ഭേദിച്ചുകൊണ്ട് വെള്ളം ഉള്‍നിലങ്ങളിലേക്ക് തള്ളിക്കയറിയിരുന്നു.

തീരത്തിനടുത്തുള്ള മജുരാ ബീബിയുടെ വീട് വെള്ളത്തിന്റെ തള്ളിക്കയറ്റത്തില്‍ പൂര്‍ണ്ണമായും നശിച്ചു. “വെള്ളം അടിച്ചു കയറിയപ്പോള്‍ ഞങ്ങള്‍ ഓടി. ഒരു ചില്ലി പൈസയോ പ്രമാണമോ പോലും എടുക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല”, അവര്‍ ഇപ്പോള്‍ ഒരു താത്കാലിക കൂടാരത്തില്‍ താമസിക്കുന്നു.

തടയണയ്ക്ക് അടുത്തു താമസിക്കുന്ന റുക്സാനയ്ക്ക് അവളുടെ പാഠപുസ്തകങ്ങള്‍ പ്രളയത്തില്‍ നഷ്ടപ്പെട്ടു.

ഈ കുഞ്ഞ് പ്രളയത്തില്‍ ഒഴുകിപ്പോയെന്നു തന്നെ പറയാം. “എന്റെ മരുമകന് ഒരു മരത്തില്‍ കയറി അവനെ രക്ഷിച്ചു”, കുഞ്ഞിന്റെ മുത്തശ്ശിയായ പ്രോമിത പറയുന്നു. “അവന് ഇപ്പോള്‍ 8 മാസം പ്രായമേയുള്ളൂ. അവന്റെ തുണികളെല്ലാം നഷ്ടപ്പെട്ടതുകൊണ്ട് ഇപ്പോള്‍ ഒന്നുംതന്നെയില്ല ധരിക്കാന്‍.”

വെള്ളത്തില്‍ നശിക്കാത്ത കടലാസുകള്‍, പുസ്തകങ്ങള്‍, ഫോട്ടോകള്‍ എന്നിവയൊക്കെ വെയിലത്ത് ഉണങ്ങാന്‍ വച്ചിരിക്കുന്നു

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹരാനയ്ക്ക് അവളുടെ എല്ലാ പുസ്തകങ്ങളും പഠനസാമഗ്രികളും മെയ് 26-ന് നഷ്ടപ്പെട്ടു

മുരിഗംഗയുടെ ഭേദിക്കപ്പെട്ട തടയണ. ഗംഗയില്‍നിന്നും വേര്‍പെട്ടു പോകുന്ന ചെറുനദിയാണ് മുരിഗംഗ. മൗസനി ദ്വീപിന്റെ തെക്കേ അറ്റത്ത് ബംഗാള്‍ ഉള്‍ക്കടലിലാണ് ഈ നദി ചേരുന്നത്.
പരിഭാഷ: റെന്നിമോന്‍ കെ. സി.