“നിങ്ങള്‍ വളരെ നേരത്തെ ഇവിടെ വന്നിരിക്കുന്നു. ഞായറാഴ്ചകളില്‍ അവര്‍ വൈകുന്നേരം 4 മണിക്കു മുന്‍പ് വരാറില്ല. ഞാനിവിടെ എത്തിയിട്ടുള്ളത് ഹാര്‍മോണിയം വായിക്കാനാണ്”, ബ്യൂട്ടി പറഞ്ഞു.
‘ഇവിടെ’ എന്നു പറഞ്ഞിരിക്കുന്നത് ചതുര്‍ഭുജ്സ്ഥാന്‍ എന്ന സ്ഥലത്തെക്കുറിച്ചാണ്. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ മുസഹരി ബ്ലോക്കിലെ ഒരു പഴയ ലൈംഗിക തൊഴില്‍ കേന്ദ്രമാണിത്. രാവിലെ 10 മണി കഴിഞ്ഞ ‘ഈ സമയത്താണ്’ ഞാനും അവളും കണ്ടുമുട്ടിയത്. ‘അവര്‍’ എന്നു പറഞ്ഞിരിക്കുന്നത് ബ്യൂട്ടിയെ വൈകുന്നേരം സന്ദര്‍ശിക്കാന്‍ വരുന്നവരെക്കുറിച്ചാണ്. ബ്യൂട്ടി എന്നതാണ് തൊഴില്‍ രംഗത്ത് അവള്‍ക്കു താത്പര്യമുള്ള പേര്. ഈ 19-കാരി കഴിഞ്ഞ 5 വര്‍ഷമായി ലൈംഗിക തൊഴിലാളിയാണ്. ഇപ്പോള്‍ അവള്‍ 3 മാസം ഗര്‍ഭിണിയും ആണ്.
ഇപ്പോഴും അവള്‍ ജോലി ചെയ്യുന്നു. അവള്‍ ഹാര്‍മോണിയം വായിക്കാനും പഠിക്കുന്നു. എന്തുകൊണ്ടെന്നാല്‍ “അമ്മി [അവരുടെ അമ്മ] പറഞ്ഞത് സംഗീതം എന്‍റെ കുട്ടിയുടെ മേല്‍ നല്ല ഗുണം ഉണ്ടാക്കും” എന്നാണ്.
സംസാരിക്കുമ്പോള്‍ അവളുടെ കൈവിരലുകള്‍ ഹാര്‍മോണിയത്തിന്‍റെ കട്ടകളിലൂടെ ഓടിക്കൊണ്ടിരുന്നു. “ഇതെന്‍റെ രണ്ടാമത്തെ കുട്ടി ആയിരിക്കും. എനിക്ക് നേരത്തെതന്നെ രണ്ടുവയസ്സുകാരനായ ഒരു മകന്‍ ഉണ്ട്.”
ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്ന മുറിയില്‍ തറയുടെ ഏതാണ്ട് പകുതിയോളം വരുന്ന ഒരു മെത്തയുണ്ടായിരുന്നു. അതിന്‍റെ പിന്നില്‍ 6 അടി നീളവും 4 അടി വീതിയുമുള്ള ഒരു കണ്ണാടി തിരശ്ചീനമായി ഭിത്തിയില്‍ സ്ഥാപിച്ചിരുന്നു. സന്ദര്‍ശകര്‍ക്ക് ഇരുന്നോ ചാരിക്കിടന്നോ പെണ്‍കുട്ടികള്‍ മുജ്ര ചെയ്യുന്നത് കാണുന്നതിനായി കിടക്കയില്‍ കുഷ്യനുകളും തലയണകളും ഇട്ടിരുന്നു. കൊളോണിയലിസത്തിന് മുമ്പുണ്ടായിരുന്ന ഇന്ത്യയില്‍ ഉണ്ടായതെന്ന് കരുതപ്പെടുന്ന ഒരു നൃത്തരൂപമാണ് മുജ്ര . ചതുര്‍ഭുജ്സ്ഥാന്‍ തന്നെ മുഗള്‍ സമയംമുതല്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ലൈംഗിക തൊഴില്‍ കേന്ദ്രത്തിലെ എല്ലാ പെണ്‍കുട്ടികളും സ്ത്രീകളും മുജ്ര ചെയ്യാന്‍ അറിയുന്നവരും ചെയ്യുന്നവരും ആയിരിക്കണം. ബ്യൂട്ടിയും തീര്‍ച്ചയായും അങ്ങനെ തന്നെ.
ഇങ്ങോട്ടുള്ള വഴി മുസാഫര്‍പൂരിലെ പ്രധാന ചന്തയിലൂടെയാണ്. കടക്കാരും റിക്ഷാ ഡ്രൈവര്‍മാരും വഴിപറഞ്ഞുതന്ന് സഹായിക്കുന്നു. ലൈംഗിക തൊഴില്‍ കേന്ദ്രം എവിടെയാണെന്ന് എല്ലാവര്‍ക്കും അറിയാം. ചതുര്‍ഭുജ്സ്ഥാന്‍ കെട്ടിട സമുച്ചയത്തില്‍, രണ്ടും മൂന്നും നിലകളുള്ള, ഇതേപോലുള്ള നിരവധി വീടുകള്‍ റോഡിനിരുവശത്തുമായി കാണാന്‍ കഴിയും. വീടുകള്‍ക്ക് പുറത്ത് വിവിധ പ്രായത്തിലുള്ള സ്ത്രീകള്‍ നില്‍ക്കുന്നു, ചിലര്‍ കസേരകളില്‍ ഇരിക്കുന്നു. എല്ലാവരും സന്ദര്‍ശകര്‍ക്കു വേണ്ടിയാണ് കാക്കുന്നത്. തിളങ്ങുന്ന, വളരെ ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച്, ചമഞ്ഞൊരുങ്ങി, തികഞ്ഞ ആത്മവിശ്വാസത്തോടെ ഓരോരുത്തരും അതുവഴി കടന്നുപോകുന്നവരിലേക്ക് ഉറ്റുനോക്കുന്നു.
എന്നിരിക്കിലും അന്നത്തെ ദിവസം നമ്മള്‍ കണ്ട സ്ത്രീകള്‍ ലൈംഗിക തൊഴില്‍ കേന്ദ്രത്തിലെ ആകെ ലൈംഗിക തൊഴിലാളികളുടെ 5 ശതമാനമെ വരൂ എന്ന് ബ്യൂട്ടി പറഞ്ഞു. “നോക്കൂ, എല്ലാവരെയും പോലെ ആഴ്ചയില്‍ ഇന്നത്തെ ഒരു ദിവസം ഞങ്ങളും ഒഴിവുദിനമായി എടുക്കുന്നു. എങ്കിലും ഞങ്ങളുടെ കാര്യത്തില്‍ ഇത് പകുതി ഒഴിവുദിനം മാത്രമെ ആകുന്നുള്ളൂ. വൈകുന്നേരം 4-5 മണിയോടുകൂടി വന്ന് രാത്രി 9 മണിവരെ ഞങ്ങള്‍ ഇവിടെ തങ്ങുന്നു.”
*****
ഔദ്യോഗികമായ കണക്കുകള്‍ ഒന്നും ലഭ്യമല്ലെങ്കിലും - ഒരു കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന - ചതുര്‍ഭുജ്സ്ഥാനിലെ ആകെ ലൈംഗിക തൊഴിലാളികളുടെ എണ്ണം 2,500-ലധികം വരും . തെരുവില്‍ ഞങ്ങള്‍ അപ്പോഴുണ്ടായിരുന്ന ഭാഗത്ത് ഈ രംഗത്തുള്ള ഏകദേശം 200 സ്ത്രീകള്‍ വസിക്കുന്നുവെന്ന് ഞാന്‍ സംസാരിച്ച ബ്യൂട്ടിയും മറ്റുള്ളവരും പറഞ്ഞു. പുറത്തുനിന്നുള്ള ഏകദേശം 50 പേരും ഇതേ ഭാഗത്തുവന്ന് ജോലി ചെയ്യുന്നു. ‘പുത്തുനിന്നുള്ളവരില്‍’ പെടുന്ന വ്യക്തിയാണ് ബ്യൂട്ടി. മുസാഫര്‍പൂര്‍ നഗരത്തിന്‍റെ മറ്റു ഭാഗങ്ങളിലാണ് ഇവരെല്ലാം താമസിക്കുന്നത്.
ചതുര്‍ഭുജ്സ്ഥാനിലെ മിക്ക വീടുകളും സ്വന്തമാക്കിയിരിക്കുന്നത് മൂന്നോ അതിലധികമോ തലമുറകളായി ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളാണെന്ന് ബ്യൂട്ടിയും ഇവിടെയുള്ള മറ്റുള്ളവരും ഞങ്ങളോടു പറഞ്ഞു. ഉദാഹരണത്തിന് അമീരയുടെ കാര്യത്തില്‍ അവരുടെ അമ്മയും ആന്‍റിയും മുത്തശ്ശിയുമാണ് അവര്‍ക്ക് ഈ തൊഴില്‍ കൈമാറിയത്. “ഈ തരത്തിലാണ് കാര്യങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവര്‍, ഞങ്ങളില്‍ നിന്നും വ്യത്യസ്തരായി, പ്രായമുള്ളവരില്‍ നിന്നും വീടുകള്‍ വാടകയ്ക്കെടുത്ത് ജോലിക്കുവേണ്ടി മാത്രം ഇവിടെ വരുന്നു,”, 31-കാരിയായ അമീര പറഞ്ഞു. “ഞങ്ങള്‍ക്ക് ഇതുതന്നെയാണ് വീട്. പുറത്തുനിന്നുള്ളവര്‍ ചേരികളില്‍ നിന്നുള്ളവരോ റിക്ഷാവലിക്കാരുടെയോ വീട്ടുജോലിക്കാരുടെയോ കുടുംബങ്ങളില്‍ നിന്നുള്ളവരോ ആണ്. കുറച്ചുപേരെ മറ്റു രീതികളില്‍ [മനുഷ്യക്കടത്തിലൂടെയോ തട്ടിക്കൊണ്ടുവന്നോ] ഇവിടെ എത്തിച്ചതാണ്”, അവര്‍ കൂട്ടിച്ചേര്‍ത്തു.
തട്ടിക്കൊണ്ടുപോകല്‍, ദാരിദ്ര്യം, നേരത്തെതന്നെ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ കുടുംബങ്ങളില്‍ ജനിക്കുക എന്നിവയൊക്കെയാണ് വേശ്യാവൃത്തിയിലേക്ക് സ്ത്രീകള്‍ എത്തിപ്പെടാന്‍ കാരണങ്ങള്‍ എന്ന് യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച ഒരു ഒരു ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. ഇതിന്‍റെ പരമമായ കാരണങ്ങളില്‍ ഒരെണ്ണം സ്ത്രീകളെ പുരുഷന്മാര്‍ സാമൂഹ്യമായും സാമ്പത്തികമായും കീഴടക്കി വച്ചിരിക്കുന്നതാണെന്ന് ഈ പഠനം പറയുന്നു.
ബ്യൂട്ടിയുടെ തൊഴില്‍ എന്തെന്ന് മാതാപിതാക്കള്‍ക്ക് അറിയുമോ?
“അറിയാം, തീര്‍ച്ചയായും, എല്ലാവര്‍ക്കും അറിയാം. എന്‍റെ അമ്മ കാരണം മാത്രമാണ് ഞാന്‍ ഇപ്പോഴും ഗര്‍ഭിണി ആയിരിക്കുന്നത്”, അവള്‍ പറഞ്ഞു. “നശിപ്പിക്കട്ടെയെന്ന് ഞാന്‍ അമ്മയോടു ചോദിച്ചതാണ്. അച്ഛനില്ലാതെ ഒരു കുട്ടിയെ വളര്‍ത്തിയാല്‍ മതിയെന്നു കരുതി. പക്ഷെ അമ്മ പറഞ്ഞു ഈ പാപം [ഗര്‍ഭഛിദ്രം] ഞങ്ങളുടെ മതത്തില്‍ അനുവദനീയമല്ലെന്ന്.”
ബ്യൂട്ടിയേക്കാളും പ്രായം കുറഞ്ഞ, ഗര്‍ഭിണികളായ, അല്ലെങ്കില്‍ നേരത്തേതന്നെ കുട്ടികള്‍ ഉള്ള, വേറെയും പെണ്‍കുട്ടികള്‍ ഇവിടുണ്ട്.
ധാരാളം ഗവേഷകര്‍ പറയു ന്നതനുസരിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യത്തെ സംബന്ധിച്ച ലക്ഷ്യങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് കൗമാര ഗര്‍ഭധാരണം കുറയ്ക്കുക എന്നത്. പ്രത്യേകിച്ച് 3-ഉം 5-ഉം എസ്.ഡി.ജി.കള്‍ (സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട മൂന്നാമത്തെയും അഞ്ചാമത്തെയും ലക്ഷ്യങ്ങള്‍) ആയ ‘മികച്ച ആരോഗ്യം-ക്ഷേമം’, ‘ലിംഗ സമത്വം’ എന്നിവ. ഇത് 2025-ഓടെ കൈവരിക്കാമെന്നാണ് പ്രതീക്ഷ – ഈ സമയം മുതല്‍ 40-ലധികം മാസത്തിനുള്ളില്‍. പക്ഷെ യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ തികച്ചും ബുദ്ധിമുട്ടാണ്.
എച്.ഐ.വി./എയ്‌ഡ്‌സ്-നെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പരിപാടിയുമായി ബന്ധപ്പെട്ട കീ പോപ്പുലേഷന്‍ അറ്റ്ലസ് നല്‍കുന്ന കണക്കനുസരിച്ച് 2016-ല്‍ ഇന്ത്യയില്‍ ഏകദേശം 657,800 സ്ത്രീകള്‍ ലൈംഗിക തൊഴില്‍ ചെയ്യുന്നുണ്ടായിരുന്നു. നാഷണല്‍ നെറ്റ്‌വർക്ക് ഓഫ് സെക്സ് വര്‍ക്കേഴ്സ് (എന്‍.എന്‍.എസ്.ഡബ്ല്യു.) ദേശീയ മനുഷ്യാവകാശ കമ്മീഷന് ഏറ്റവും അടുത്ത് നല്‍കിയ (ഓഗസ്റ്റ് 2020) കണക്കുപ്രകാരം രാജ്യത്ത് കുറഞ്ഞത് 1.2 ദശലക്ഷം സ്ത്രീ ലൈംഗിക തൊഴിലാളികള്‍ ഉണ്ട്. ഇവരില്‍ 6.8 ലക്ഷം പേര്‍ (യു.എന്‍.എ.ഐ.ഡി.എസ്. ഉദ്ധരിച്ച കണക്കുപ്രകാരം) രെജിസ്റ്റര്‍ ചെയ്ത, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തില്‍ നിന്നും സേവനങ്ങള്‍ ലഭിക്കുന്ന, സ്ത്രീ ലൈംഗിക തൊഴിലാളികളാണ്. 1997-ല്‍ സ്ഥാപിക്കപ്പെട്ട എന്‍.എന്‍.എസ്.ഡബ്ല്യു. ലൈംഗിക തൊഴിലാളികള്‍ നയിക്കുന്ന സംഘടനകളുടെ ദേശീയ ശൃംഖലയാണ്. ഇന്ത്യയിലെ സ്ത്രീ, ഭിന്നലിംഗ, പുരുഷ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള സംഘടനയാണിത്.
ഏകദേശം ബ്യൂട്ടിയുടെ അത്രതന്നെ പ്രായമുള്ള ഒരു ആണ്‍കുട്ടി ഞങ്ങളിരുന്ന മുറിയിലേക്ക്, ഞങ്ങള്‍ സംസാരിക്കുന്നത് ശ്രദ്ധിച്ചുകൊണ്ട്, കയറി വരികയും പിന്നീട് ഞങ്ങളുടെ സംസാരത്തില്‍ പങ്കു ചേരുകയും ചെയ്തു. “ഞാന്‍ രാഹുല്‍. വളരെ ചെറുപ്രായം മുതല്‍ ഞാനിവിടെ ജോലി ചെയ്യുന്നു. ബ്യൂട്ടിക്കും മറ്റു പെണ്‍കുട്ടികള്‍ക്കും ഇടപാടുകാരെ എത്തിച്ചു നല്‍കാന്‍ ഞാന്‍ സഹായിക്കുന്നു”, അവന്‍ പറഞ്ഞു. തന്നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും നല്‍കാതെ, എന്നെയും ബ്യൂട്ടിയേയും സംസാരിക്കാന്‍ വിട്ടുകൊണ്ട്, അവന്‍ പിന്നീട് നിശ്ശബ്ദനായി.
“മകനോടും അമ്മയോടും മുതിര്‍ന്ന രണ്ടു സഹോദരന്മാരോടും അച്ഛനോടുമൊപ്പം ഞാന്‍ ജീവിക്കുന്നു. അഞ്ചാം ക്ലാസ്സ് വരെപോയി പിന്നീട് ഞാന്‍ പഠനം ഉപേക്ഷിച്ചു. സ്ക്കൂള്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടില്ല. എന്‍റെ അച്ഛന് ഒരു ഡിബ്ബ [സിഗരറ്റ്, തീപ്പെട്ടി, ചായ, മുറുക്കാന്‍, മറ്റു സാധനങ്ങള്‍ എന്നിവയൊക്കെ വില്‍ക്കുന്ന ചെറിയ കട] ഉണ്ട്. അത്രമാത്രം. ഞാന്‍ വിവാഹിതയല്ല”, ബ്യൂട്ടി പറഞ്ഞു.
“എന്‍റെ ആദ്യത്തെ കുട്ടി ഞാന്‍ സ്നേഹിക്കുന്ന പുരുഷനില്‍ നിന്നാണ്. അദ്ദേഹം എന്നെയും സ്നേഹിക്കുന്നു. അത്രയെങ്കിലും അദ്ദേഹം പറയുന്നുണ്ട്”, ബ്യൂട്ടി കുണുങ്ങി ചിരിക്കുന്നു. “അദ്ദേഹം എന്‍റെ സ്ഥിരം ഇടപാടുകാരില്‍ ഒരാളാണ്.” സ്ഥിരമായി വരുന്ന, വളരെക്കാലമായുള്ള ഇടപാടുകാരെ സൂചിപ്പിക്കാന്‍ ഇവിടെയുള്ള ധാരാളം സ്ത്രീകള്‍ ‘പെര്‍മനന്‍റ് ‘ എന്ന ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കുന്നു. ചിലപ്പോള്‍ അവര്‍ അവരെ ‘പങ്കാളി’ എന്നു വിളിക്കുന്നു. “നോക്കൂ, എന്‍റെ ആദ്യത്തെ കുട്ടി ആസൂത്രിതമായി ഉണ്ടായതല്ല. തീര്‍ച്ചയായും ഈ ഗര്‍ഭവും അങ്ങനെ തന്നെ. പക്ഷെ രണ്ടുതവണയും ഞാന്‍ ഗര്‍ഭം തുടര്‍ന്നത് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടതുകൊണ്ടാണ്. കുട്ടിയുടെ എല്ലാ ചിലവുകളും അദ്ദേഹം വഹിക്കുമെന്നു പറഞ്ഞു, അതദ്ദേഹം പാലിക്കുകയും ചെയ്തു. ഈ സമയത്തുപോലും അദ്ദേഹമാണ് എന്‍റെ മെഡിക്കല്‍ ചിലവുകള്‍ വഹിക്കുന്നത്”, സംസാരത്തില്‍ സംതൃപ്തി നിറച്ച് അവള്‍ പറഞ്ഞു.
ഇന്ത്യയില്‍ 15 മുതല്‍ 19 വയസ്സ് വരെ പ്രായത്തിലുള്ള സ്ത്രീകളില്‍ 8 ശതമാനം പേര്‍, ബ്യൂട്ടിയെപ്പോലെ, ഗര്‍ഭവതികള്‍ ആകുന്നുവെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വ്വെ-4 സൂചിപ്പിക്കുന്നു. ഇതേ പ്രായത്തിലുള്ള ഏകദേശം 5 ശതമാനം പേര്‍ ഒരുതവണയെങ്കിലും പ്രസവിക്കുകയും 3 ശതമാനം പേര്‍ ആദ്യത്തെ കുട്ടിയെ ഗര്‍ഭം ധരിക്കുകയും ചെയ്തിരിക്കുന്നു.
കുറച്ചധികം സ്ത്രീകള്‍ ഒരുതരത്തിലുള്ള ഗര്‍ഭ നിരോധന ഉപാധിയും അവരുടെ ‘സ്ഥിരം’ ഇടപാടുകാരുമായി ബന്ധപ്പെടുമ്പോള്‍ ഉപയോഗിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. ഗര്‍ഭിണിയാകുമ്പോള്‍ അത് നശിപ്പിക്കുന്നു, അല്ലെങ്കില്‍ ബ്യൂട്ടിയെപ്പോലെ പ്രസവിക്കുന്നു. ഇതെല്ലാം തങ്ങളുമായി ബന്ധപ്പെടുന്ന പുരുഷന്മാരെ സന്തോഷിപ്പിച്ച് വളരെക്കാലം നീണ്ടുനില്‍ക്കുന്ന ബന്ധം സൂക്ഷിക്കുന്നതിനാണ്.
“ഇവിടെ വരുന്ന ഭൂരിപക്ഷം ഇടപാടുകാരും ഗര്‍ഭനിരോധന ഉറയുമായല്ല വരുന്നത്”, രാഹുല്‍ പറഞ്ഞു. “പിന്നീട് ഞങ്ങള്‍ [പിമ്പുകള്‍] ധൃതിയില്‍പോയി കടയില്‍ നിന്നും അവ വാങ്ങണം. പക്ഷെ ഈ പെണ്‍കുട്ടികള്‍ അവരുടെ സ്ഥിരം പങ്കാളികളോടൊത്ത് ആയിരിക്കുമ്പോള്‍ ഒരു സുരക്ഷയുമില്ലാതെ ചെയ്യാന്‍ തയ്യാറാവുന്നു. അത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടാറില്ല.”
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പുരുഷന്മാര്‍ ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് വിരളമായാണ്. അതോടൊപ്പം പുരുഷ വന്ധ്യംകരണവും ഗര്‍ഭനിരോധനഉറയുടെ ഉപയോഗവും 2015-16-ല്‍ 6 ശതമാനം ആയിരുന്നെന്നും 1990-കള്‍ മുതല്‍ അത് അതേപടി നിലനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
“ഏകദേശം 4 വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്”, ബ്യൂട്ടി അവളുടെ പങ്കാളിയെക്കുറിച്ച് പറഞ്ഞു. “പക്ഷെ കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഈയടുത്തിടെ അദ്ദേഹം വിവാഹിതനായി. എന്‍റെ അനുവാദത്തോടെയാണ് അദ്ദേഹം അത് ചെയ്തത്. ഞാന്‍ സമ്മതിച്ചു. എന്തിന് ഞാന്‍ സമ്മതിക്കാതിരിക്കണം. ഞാന്‍ വിവാഹം കഴിക്കാന്‍ പറ്റാത്ത സ്ത്രീയാണ്, എന്നെ വിവാഹം കഴിക്കാമെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടുമില്ല. എന്‍റെ കുട്ടികള്‍ നന്നായി ജീവിക്കുന്ന കാലത്തോളം എനിക്കൊരു കുഴപ്പവുമില്ല.”
“പക്ഷെ ഓരോ മൂന്ന് മാസം കൂടുമ്പോഴും ഞാന്‍ പരിശോധനകള്‍ നടത്തുന്നു. സര്‍ക്കാര്‍ ആശുപത്രി ഒഴിവാക്കി ഞാന്‍ സ്വകാര്യ ക്ലിനിക്കില്‍ പോകുന്നു. വളരെയടുത്ത്, രണ്ടാമത്തെ തവണയും ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയ ശേഷം, വേണ്ട പരിശോധനകളൊക്കെ (എച്.ഐ.വി. പരിശോധന ഉള്‍പ്പെടെ) ഞാന്‍ നടത്തി. കുഴപ്പങ്ങളൊന്നുമില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രത്യേക രീതിയിലാണ് ഞങ്ങളോട് പെരുമാറുന്നത്. അവഹേളിക്കുന്ന രീതിയില്‍ അവര്‍ ഞങ്ങളോട് സംസാരിക്കുകയും ഞങ്ങളെ നോക്കുകയും ചെയ്യുന്നു”, ബ്യൂട്ടി പറഞ്ഞു.
*****
രാഹുല്‍ ഒരാളോട് സംസാരിക്കാനായി വാതില്‍ക്കലേക്കു പോയി. “ഈ മാസത്തെ വാടക നല്‍കാന്‍ ഒരാഴ്ച കൂടി നല്‍കാമോയെന്ന് ഉടമയോട് ചോദിക്കണമായിരുന്നു. അത് വാടക ചോദിക്കാന്‍ വന്ന ആളായിരുന്നു”, തിരിച്ചു വരുമ്പോള്‍ അവന്‍ വിശദീകരിച്ചു. “മാസം 15,000 രൂപയ്ക്കാണ് ഞങ്ങള്‍ ഈ സ്ഥലം വാടകയ്ക്ക് എടുത്തിരിക്കുന്നത്.” ചതുര്‍ഭുജ്സ്ഥാനിലെ ഭൂരിപക്ഷം വീടുകളും, രാഹുല്‍ വീണ്ടും വിശദീകരിച്ചതുപോലെ, സ്വന്തമാക്കിയിരിക്കുന്നത് പ്രായമുള്ള സ്ത്രീ ലൈംഗിക തൊഴിലാളികളാണ്.
അവരില്‍ മിക്കവരും നേരിട്ട് തൊഴിലില്‍ ഏര്‍പ്പെടാതെ പിമ്പുകള്‍ക്കും ചെറുപ്പക്കാരികളായ ലൈംഗിക തൊഴിലാളികള്‍ക്കുമായി വീടുകള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നു. ചിലപ്പോള്‍ ഒരുകൂട്ടം ആളുകള്‍ക്കാണ് നല്‍കുന്നത്. “അവരില്‍ ചിലര്‍ അടുത്ത തലമുറയ്ക്ക്, അതായത് പുത്രിമാര്‍ക്കോ, മറ്റു ബന്ധുക്കള്‍ക്കോ, ചെറുപുത്രിമാര്‍ക്കോ, തൊഴില്‍ കൈമാറിയിട്ടുണ്ടെങ്കിലും ഇപ്പോഴും അതേ വീട്ടില്‍ത്തന്നെ ജീവിക്കുന്നു”, രാഹുല്‍ പറഞ്ഞു.
എന്‍.എന്‍.എസ്.ഡബ്ല്യു. പറയുന്നതനുസരിച്ച് ഗണ്യമായ എണ്ണം ലൈംഗിക തൊഴിലാളികളും (പുരുഷന്മാരും സ്ത്രീകളും ഭിന്നലിംഗത്തില്‍ പെട്ടവരും) മൊബൈല്‍ ഫോണിലൂടെ ഇടപാടുകാരുമായി ബന്ധപ്പെട്ട് സ്വതന്ത്രമായോ ദല്ലാള്‍ മുഖേനയോ വീടുകളില്‍ തന്നെ ജോലി ചെയ്യുന്നവരാണ്. ഇത്തരത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന വിഭാഗത്തില്‍ പെടുന്നവരാണ് ചതുര്‍ഭുജ്സ്ഥാനിലെ ഭൂരിപക്ഷംപേരും.
ഇവിടുത്തെ എല്ലാ വീടുകളും കണ്ടാല്‍ ഒരുപോലെ തോന്നും. പ്രധാന വാതിലുകളില്‍ പേര് പിടിപ്പിച്ചിട്ടുള്ള തടിഫലകത്തോടു കൂടിയ ഇരുമ്പഴികള്‍ ഉണ്ട്. അതിലുള്ളത് ഉടമയുടെയോ ആവീട്ടിലെ പ്രധാന സ്ത്രീയുടെയോ പേരായിരിക്കും. പേരിനോടൊപ്പം അവര്‍ എന്തൊക്കെ ചെയ്യുന്നു എന്നും കാണും – ‘നര്‍ത്തകിയും ഗായികയുമായ’... എന്നിങ്ങനെ. ഇതിനുതാഴെ അവരുടെ പ്രവര്‍ത്തന സമയങ്ങളും കാണും. ഏറ്റവും സാധാരണയായി കാണുന്നത് 9 എ.എം. മുതല്‍ 9 പി.എം. വരെ എന്നാണ്. ചില ബോര്‍ഡുകളില്‍ 11 എ.എം. മുതല്‍ 11 പി.എം. വരെ എന്ന് കാണാം. വളരെക്കുറച്ച് ചിലത് 11 പി.എം. വരെ എന്നായിരിക്കും.
ഒരേപോലെ തോന്നിക്കുന്ന ഈ എല്ലാ വീടുകളുടെയും താഴത്തെ നിലയില്‍ 2-3 മുറികള്‍ ഉണ്ടാകും. ബ്യൂട്ടിയുടെ സ്ഥലംപോലെ തന്നെ എല്ലാ വീടുകളിലും സ്വീകരണമുറിയുടെ ഭൂരിഭാഗവും കവരുന്ന ഒരു കിടക്ക ഉണ്ടാകും, അതിനു പിന്നില്‍ ഭിത്തിയില്‍ വലിയൊരു കണ്ണാടിയും. അവശേഷിക്കുന്ന ചെറിയ ഭാഗം മുജ്രക്കു വേണ്ടിയുള്ളതാണ് – ഇത് പ്രധാനമായും സംഗീത-നൃത്ത പരിപാടികള്‍ക്കു വേണ്ടിയുള്ള മുറിയായിരിക്കും. ഇവിടെയുള്ള ചെറുപ്പക്കാരികളായ സ്ത്രീകള്‍ മുജ്ര പഠിക്കുന്നത് പഴയ തലമുറയിലെ സ്ത്രീകളില്‍ നിന്നായിരിക്കും, ചിലപ്പോള്‍ കണ്ടും അല്ലാത്തപ്പോള്‍ നിര്‍ദ്ദേശങ്ങളിലൂടെയും. 10 അടി വീതിയും 12 അടി നീളവുമുള്ള ചെറിയൊരു മുറിയാവും കിടപ്പുമുറി. ചെറിയൊരു അടുക്കളയും കാണും.
“ഒരു മുജ്രക്ക് 80,000 രൂപ വരെ നല്‍കിയിട്ടുള്ള ചില മുതിര്‍ന്ന ഇടപാടുകാര്‍ ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്”, രാഹുല്‍ പറഞ്ഞു. “ആ പണം, അല്ലെങ്കില്‍ അവര്‍ തരുന്നതെതെന്തോ, ഞങ്ങളുടെ 3 ഉസ്താദുമാര്‍ക്കും [വിദഗ്ദരായ സംഗീതജ്ഞര്‍] - തബല, സാരംഗി, ഹാര്‍മോണിയം എന്നിവ വായിക്കുന്നവര്‍ - നര്‍ത്തകിക്കും പിമ്പിനുമായി വീതിക്കുന്നു.” അത്തരം വലിയ തുകകള്‍ - ഏറ്റവും നല്ല സമയത്തുപോലും അപൂര്‍വ്വമായി ലഭിക്കുന്നത് – ഇപ്പോള്‍ ഒരു ഓര്‍മ്മ മാത്രമാണ്.
ഈ ബുദ്ധിമുട്ടുള്ള സമയത്ത് ബ്യൂട്ടിക്ക് മതിയായ പണം ലഭിക്കുന്നുണ്ടോ? ‘ഭാഗ്യമുള്ള ദിവസങ്ങളില്‍ ലഭിക്കും, മിക്ക ദിവസങ്ങളിലും ഇല്ല. കഴിഞ്ഞ ഒരു വര്‍ഷം ഞങ്ങള്‍ക്ക് ഭീകരമായിരുന്നു. ഏറ്റവും കൂടുതല്‍ ഇവിടെ വരുന്ന ഇടപാടുകാര്‍ പോലും ഈ സമയത്ത് വരുന്നത് ഒഴിവാക്കി. വന്നവര്‍ ചെറിയ തുകയാണ് നല്‍കിയത്.
ഈ ബുദ്ധിമുട്ടുള്ള സമയത്ത് ബ്യൂട്ടിക്ക് മതിയായ പണം ലഭിക്കുന്നുണ്ടോ?
“ഭാഗ്യമുള്ള ദിവസങ്ങളില്‍ ലഭിക്കും, മിക്ക ദിവസങ്ങളിലും ഇല്ല” അവള്‍ പറഞ്ഞു. “ഏറ്റവും കൂടുതല്‍ ഇവിടെ വരുന്ന ഇടപാടുകാര്‍ പോലും ഈ സമയത്ത് വരുന്നത് ഒഴിവാക്കി. വന്നവര്‍ സാധാരണ തരുന്നതിനേക്കാള്‍ ചെറിയ തുകയാണ് നല്‍കിയത്. എങ്കിലും മറ്റൊരു വഴിയുമില്ലാത്തതിനാല്‍, ആരുവന്നാലും, എന്തുതന്നാലും, കോവിഡ് വാഹകനാണോ എന്നൊന്നും നോക്കാതെ സ്വീകരിക്കാന്‍ മാത്രമേ ഞങ്ങള്‍ക്കു പറ്റുകയുള്ളൂ. ഇത് മനസ്സിലാക്കുക: ആള്‍ക്കൂട്ടം നിറഞ്ഞ ഈ ലൈംഗിക തൊഴില്‍ കേന്ദ്ര പരിധിയില്‍ ഒരാള്‍ക്കെങ്കിലും വൈറസ് പിടിപെട്ടാല്‍ എല്ലാവരുടെയും ജീവന്‍ അപകടത്തിലാകും.”
കൊറോണവൈറസിന്‍റെ രണ്ടാം തരംഗം ഇന്ത്യയെ ബാധിക്കുന്നതിനു മുന്‍പ് എല്ലാമാസവും 25,000 മുതല്‍ 30,000 രൂപവരെ ഉണ്ടാക്കുമായിരുന്നു എന്ന് ബ്യൂട്ടി പറഞ്ഞു. പക്ഷെ ഇപ്പോള്‍ കഷ്ടിച്ച് 5,000 രൂപ മാത്രമാണ് ഉണ്ടാക്കാന്‍ പറ്റുന്നത്. രണ്ടാം തരംഗത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുകള്‍ അവളുടെയും ഇവിടെയുള്ള മറ്റ് ലൈംഗിക തൊഴിലാളികളുടെയും ബുദ്ധിമുട്ടേറിയ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടേറിയതായി തീര്‍ത്തു. വൈറസിനെക്കുറിച്ചുള്ള ഭയവും വലുതായിരിക്കുന്നു.
*****
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ചതുര്‍ഭുജ്സ്ഥാനിലെ സ്ത്രീകള്‍ക്ക് ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. ആ പാക്കേജ് പ്രകാരം 200 ദശലക്ഷം സ്ത്രീകള്‍ക്ക് 500 രൂപ വീതം മൂന്നു മാസത്തേക്ക് ലഭിക്കേണ്ടതായിരുന്നു. പക്ഷെ ഇത് ലഭിക്കണമെങ്കില്‍ അവര്‍ക്ക് ജന്‍ ധന്‍ അക്കൗണ്ടുകള്‍ വേണം. ഈ ലൈംഗികതൊഴില്‍ കേന്ദ്രത്തില്‍ ഞാന്‍ സംസാരിച്ച നിരവധിപേരില്‍ ഒരാള്‍ക്കുപോലും ജന്‍ ധന്‍ അക്കൗണ്ട് ഇല്ല. ഏത് സാഹചര്യത്തിലായാലും ബ്യൂട്ടി ചോദിക്കുന്നതുപോലെ: “500 രൂപകൊണ്ട് ഞങ്ങള്‍ എന്തുചെയ്യാനാണ് മാഡം?”
എന്‍.എന്‍.എസ്.ഡബ്ല്യു. ചൂണ്ടിക്കാണിക്കുന്നതുപോലെ വോട്ടര്‍ കാര്‍ഡ്, അധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയോ, അഥവാ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പോലെയോ ഉള്ള തിരിച്ചറിയല്‍ രേഖകള്‍ ലഭിക്കുന്ന സമയത്ത് ലൈംഗിക തൊഴിലാളികള്‍ സ്ഥിരമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നു . നിരവധിപേര്‍ കുട്ടികളോടു കൂടിയ അവിവാഹിതരായിരിക്കും. അവര്‍ക്ക് എവിടെയും താമസ സ്ഥലത്തിന്‍റെ തെളിവുകള്‍ ഹാജരാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അല്ലെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുവേണ്ട രേഖകള്‍ ഹാജരാക്കാന്‍ പോലും പറ്റില്ല. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന റേഷന്‍ സമാശ്വാസ പാക്കേജുകള്‍ പലപ്പോഴും അവര്‍ക്ക് നിഷേധിക്കപ്പെടുന്നു.
“തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയില്‍ പോലും സര്‍ക്കാരില്‍നിന്നും സഹായം ലഭിക്കാത്തപ്പോള്‍, നയങ്ങളും ആനുകൂല്യങ്ങളും താമസിച്ചെത്തുന്ന അല്ലെങ്കില്‍ ഒരിക്കലും എത്താത്ത രാജ്യത്തിന്‍റെ ഗ്രാമ പ്രദേശങ്ങളിലുള്ള അവസ്ഥകള്‍ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാം”, ന്യൂഡല്‍ഹി കേന്ദ്രീകരിച്ചുള്ള നാഷണല്‍ നെറ്റ്‌വർക്ക് ഓഫ് സെക്സ് വര്‍ക്കേഴ്സിന്‍റെ പ്രസിഡന്‍റായ കുസും പറഞ്ഞു. ഈ മഹാമാരി അതിജീവിക്കാന്‍ ഒന്നിനുശേഷം അടുത്ത വായ്പയെടുക്കുന്ന ധാരാളം ലൈംഗിക തൊഴിലാളികള്‍ ഉണ്ട്.”
ബ്യൂട്ടി ഹാര്‍മോണിയം പരിശീലിക്കുന്ന സമയം അവസാനിപ്പിക്കാന്‍ പോവുകയാണ്: “ചെരുപ്പകാരായ ഇടപാടുകാര്‍ മുജ്ര കാണാനൊന്നും താത്പര്യം കാണിക്കാതെ വന്നയുടനെതന്നെ കിടപ്പുമുറിയിലേക്കു പ്രവേശിക്കാന്‍ താത്പര്യം കാണിക്കുന്നു. കുറച്ചു സമയമെങ്കിലും നൃത്തം കാണണമെന്നത് [ഇത് സാധാരണയായി 30 മുതല്‍ 60 മിനിറ്റുകള്‍ വരെ നീളുന്നു] നിര്‍ബ്ബന്ധമാണെന്ന് ഞങ്ങള്‍ അവരോടു പറയും. ഇല്ലെങ്കില്‍ ഞങ്ങളുടെ സംഘത്തിന് നല്‍കാനും വീട്ടുവാടകയ്ക്കുമൊക്കെ എവിടുന്ന് ഞങ്ങള്‍ പണം കണ്ടെത്തും? അതുപോലുള്ള ആണ്‍കുട്ടികളില്‍നിന്നും കുറഞ്ഞത് 1,000 രൂപ വീതമെങ്കിലും ഞങ്ങള്‍ വാങ്ങും.” ലൈംഗികബന്ധത്തിന് പ്രത്യേകം പണമാണ് ഈടാക്കുന്നത്, അവള്‍ വിശദീകരിച്ചു. “അത് പ്രധാനമായും പണത്തിനാണ് ഈടാക്കുന്നത്. ഇത് ഓരോ ഇടപാടുകാര്‍ക്കും വ്യത്യസ്തമാണ്.”
അപ്പോള്‍ രാവിലെ 11:40 ആയിരുന്നു. ബ്യൂട്ടി ഹാര്‍മോണിയം മാറ്റിവച്ച് ഹാന്‍ഡ്ബാഗ് തുറന്ന് ആലൂ പറാത്ത സൂക്ഷിച്ച ഭക്ഷണപ്പൊതി എടുത്തു. “എനിക്ക് മരുന്നുകള്‍ [മള്‍ട്ടിവിറ്റാമിനുകളും ഫോളിക് ആസിഡും] കഴിക്കേണ്ടതുണ്ട്, അതുകൊണ്ട് പ്രഭാത ഭക്ഷണം ഇപ്പോള്‍ കഴിക്കുന്നതാണ് നല്ലത്”, അവള്‍ പറഞ്ഞു. “ഞാന്‍ ജോലിക്കു വരുന്ന എല്ലാ സമയത്തും എന്‍റെ അമ്മ ഭക്ഷണം ഉണ്ടാക്കി എനിക്ക് പൊതിഞ്ഞു നല്‍കുന്നു.”
“ഇന്ന് വൈകുന്നേരം ഒരു ഇടപാടുകാരനെ ഞാന്‍ പ്രതീക്ഷിക്കുന്നു”, മൂന്നുമാസം ഗര്‍ഭിണിയായ ബ്യൂട്ടി കൂട്ടിച്ചേര്‍ത്തു. “എങ്കിലും ഞായറാഴ്ച വൈകുന്നേരങ്ങളില്‍ ഒരു ഇടപാടുകാരനെ ലഭിക്കുക അത്ര എളുപ്പമല്ല. മത്സരം കടുത്തതാണ്.”
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് മേല്‍പ്പറഞ്ഞ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ zahra@ruralindiaonline.org എന്ന മെയിലിലേക്ക് , namita@ruralindiaonline.org എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .
താക്കൂര്‍ ഫാമിലി ഫൗണ്ടേഷനില്‍ നിന്നുള്ള സ്വതന്ത്ര ജേര്‍ണലിസം ഗ്രാന്‍റിന്‍റെ സഹായത്താല്‍ ജിഗ്യാസ മിശ്ര പൊതു ആരോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തില്‍ താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ ഒരു എഡിറ്റോറിയല്‍ നിയന്ത്രണവും നടത്തിയിട്ടില്ല.
പരിഭാഷ: റെന്നിമോന്‍ കെ. സി.