“ചിലപ്പോൾ ഒരു സ്ത്രീ എന്നെ വിളിക്കുകയോ എന്റെ കൈയ്യിൽനിന്ന് ഗർഭനിരോധന ഉറകൾ വാങ്ങാൻ അവരുടെ ഏതെങ്കിലും പുരുഷന്മാരായ ബന്ധുക്കളെ രാത്രി എന്റെ വീട്ടിലേക്ക് അയയ്ക്കുകയോ ചെയ്യാറുണ്ട്”, കലാവതി സോണി പറയുന്നു. “ഡിപ്പോ ദീദി’ എന്ന് സ്നേഹപൂർവ്വം ഈ ടികരി ഗ്രാമത്തിൽ അറിയപ്പെടുന്ന 54-കാരിയായ ഇവർക്ക് രാത്രിയിലെ അസമയമൊന്നും ഒരു പ്രശ്നമല്ല. ഗ്രാമത്തിലെ സ്ത്രീകൾക്ക് ആവശ്യമുള്ളത് എത്തിക്കുന്നത് ഇവരാണ്. “രാത്രിയും ഞാൻ തുറന്നിരിക്കും”, ഉത്തർപ്രദേശിലെ അമേഠി ജില്ലയിലെ തന്റെ ഗ്രാമത്തിലെ വീടിനെ ഇറയത്തുള്ള തിണ്ണയിലിരുന്ന് തമാശരൂപേണ അവർ പറയുന്നു. “ഇത് അത്ര വലിയ കാര്യമൊന്നുമല്ല”, തന്റെ ജോലിയെക്കുറിച്ച് അവർ സൂചിപ്പിക്കുന്നു.
അവരുടെ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയിൽനിന്ന് അവരെക്കുറിച്ച് കേട്ടപ്പോൾ തോന്നിയ ആകാംക്ഷകൊണ്ടാണ് ഞങ്ങൾ അവരുടെ വീട്ടിലെത്തിയത്. “എടാ, പോയി ആ ബാഗ് കൊണ്ടുവാ”, തന്റെ പേരക്കുട്ടിയോട് അവർ വിളിച്ചുപറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ, രണ്ടുനിലയുള്ള അവരുടെ കോൺക്രീറ്റ് മേഞ്ഞ വീടിനുള്ളിൽനിന്ന് ആ ചെറിയ ചെക്കൻ ഒരു വീർത്ത പ്ലാസ്റ്റിക്ക് സഞ്ചിയുമായി ഓടിവന്നു. കുറേ ഗർഭനിരോധന ഉറകൾ, സാനിറ്ററി നാപ്കിനുകൾ, ഗർഭനിരോധന ഗുളികകൾ, നിർജ്ജലീകരണത്തിനെ തടയാൻ കഴിക്കേണ്ടുന്ന പൊടികളടങ്ങിയ പാക്കറ്റുകൾ (ഒ.ആർ.എസ്) എന്നിങ്ങനെ ഒരു കൂട്ടം സാധനങ്ങൾ സഞ്ചിയിൽനിന്ന് പുറത്തുവന്നു. പ്രദർശനത്തിന് വെക്കുന്നതുപോലെ അവർ അതെല്ലാം തിണ്ണയിൽ നിരത്തിവെച്ചു.
“ഓ, ഇതൊന്നും വലിയ കാര്യമല്ല”, പിന്നെയും അവർ അതുതന്നെ ആവർത്തിച്ചു. “ആദ്യം ഞാൻ വീട്ടിലെ ചെറിയ ചെറിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കും. വീട്ടിലെ സാഹചര്യങ്ങൾ, ഭർത്തൃവീട്ടുകാരുടെ പരാതികൾ, കുട്ടികളെക്കുറിച്ചുള്ള വിശേഷങ്ങൾ തുടങ്ങിയവ. ഞാൻ ക്ഷമയോടെ കേട്ടിരിക്കും. മെല്ലെ മെല്ലെ, ഇത്തരം സംഭാഷണത്തിലൂടെ – ഞാൻ നല്ല വായാടിയാണെന്ന് നിങ്ങൾക്കിപ്പോൾ മനസ്സിലായിക്കാണുമല്ലോ അല്ലേ – മിക്ക സ്ത്രീകളും അനുഭവിക്കുന്നത് ഏറെക്കുറേ ഒരേ പ്രശ്നങ്ങളാണെന്ന് എനിക്ക് മനസ്സിലായി. പിന്നെ എന്തുകൊണ്ട് പരസ്പരം സഹായിച്ചുകൂടാ. അത്രേയുള്ളു”, താൻ ടികരി ഗ്രാമത്തിന്റെ ‘ഡിപ്പോ ദീദി’ ആയത് എങ്ങിനെയാണെന്ന് അവർ വിശദീകരിച്ചുതന്നു.
നല്ല ആരോഗ്യശീലങ്ങൾ പ്രചരിപ്പിക്കുന്നതിനായി സമൂഹത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യമേഖലയിലെ സ്ത്രീകൾക്കുള്ള വിശേഷണമാണ് ‘ഡിപ്പോ സൂക്ഷിപ്പുകാർ’ എന്നത്. അങ്ങിനെയാണ് അവർക്ക് ആ വിളിപ്പേര് വന്നത്. പക്ഷേ കലാവതി, ഔപചാരികമായ അർത്ഥത്തിൽ ഒരു അങ്കണവാടി പ്രവർത്തകയോ, ആശാ പ്രവർത്തകയോ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) അല്ല. ലൈസൻസില്ലാത്ത ചികിത്സകയുമല്ല അവർ. എന്നാലും, അടിസ്ഥാനപരമായ പ്രത്യുത്പാദന, ആരോഗ്യപരിചരണ ആവശ്യങ്ങൾക്ക് വേണ്ടുന്ന എല്ലാ അത്യാവശ്യസാധനങ്ങളും അവർ കരുതിവെക്കുകയും, സ്ത്രീകളോട്, അവരുടെ സന്താനോത്പാദന, ലൈംഗിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു.
“കഴിഞ്ഞ 15 വർഷത്തെ എന്റെ പ്രവർത്തനത്തിൽ, ആശാ പ്രവർത്തകർ കഠിനാദ്ധ്വാനം ചെയ്യുന്നതും വല്ലാതെ ക്ഷീണിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഒരിക്കൽ അവരിലൊരാൾ എന്നെ വിളിച്ച്, ഒരു ഗർഭിണിക്ക് അയൺ ടാബ്ലറ്റുകൾ എത്തിക്കാൻ പറ്റിയില്ലെന്ന് പറഞ്ഞു. അത് എന്നെ ഏൽപ്പിക്കാൻ ഞാൻ അവരോട് പറഞ്ഞു. എത്രയാണ് കൊടുക്കേണ്ടതെന്ന് ഞാൻ അവരെ പറഞ്ഞ് മനസ്സിലാക്കിച്ചോളാം എന്ന് വാക്കും കൊടുത്തു. അങ്ങിനെയാണ് ഈ പണി തുടങ്ങിയത്”, കൃത്യമായി ഏതുവർഷമാണ് താൻ ഈ ജോലി തുടങ്ങിയതെന്ന് അവർക്കോർമ്മയില്ല.
നവവധുക്കളോടൊപ്പം പ്രവർത്തിക്കുമ്പോൾത്തന്നെ വീട്ടിലെ മുതിർന്നവരോടൊപ്പവും പ്രവർത്തിക്കുന്നതുകൊണ്ട് എല്ലാ തലമുറയിൽപ്പെട്ടവരുടെ ഇടയിലും ഇന്ന് അവർ മാന്യവും പ്രമുഖവുമായ സ്ഥാനം നേടിയിട്ടുണ്ട്. ഒരുകൂട്ടം ചോദ്യങ്ങൾ എന്റെ മനസ്സിൽ തിങ്ങിത്തിങ്ങി വന്നു. എങ്ങിനെയാണ് സ്ത്രീകൾ അവരുടെ ആഗ്രഹങ്ങളെക്കുറിച്ചും സാക്ഷാത്കാരത്തെക്കുറിച്ചും പങ്കാളിയും അവരുടെ കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ചും, ഗർഭം, ഗർഭനിരോധനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത്? അവർ നാണംകുണുങ്ങികളും തുറന്ന് സംസാരിക്കാൻ മടിയുള്ളവരുമാണോ അതോ തന്റേടികളോ? എവിടെവെച്ചാണ് ഇതൊക്കെ സംസാരിക്കുന്നത്? സ്ത്രീകൾക്ക് സ്വന്തം ഇടവും സൌഹൃദവും അവനവന്റെ ശരീരത്തെക്കുറിച്ചുള്ള അറിവും ആർജ്ജിക്കാൻ കലാവതി എങ്ങിനെയാണ് അവരെ പ്രാപ്തരാക്കുന്നത്?
“പത്തുവർഷം മുമ്പ്, ഇതിനെക്കുറിച്ചൊക്കെ സംസാരിക്കാൻ സമയവും അദ്ധ്വാനവും ആവശ്യമായിരുന്നു”, അവർ പറയുന്നു. “പ്രസവത്തിനിടയ്ക്കുള്ള ഇടവേളകളെക്കുറിച്ചും, ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ചും പേരമക്കളെക്കുറിച്ചും സംസാരിക്കാൻ വീട്ടിലെ മുതിർന്നവർ (സ്ത്രീകളും പുരുഷന്മാരും) വിമുഖരായിരുന്നു. അവർ അത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. ‘ഞങ്ങളുടെ പുത്രവധുവിനെ നശിപ്പിക്കാൻ വന്നു’ എന്നൊക്കെയായിരുന്നു എന്നെക്കുറിച്ചുള്ള അവരുടെ ആക്ഷേപം. പക്ഷേ ഇന്ന് കാര്യങ്ങൾ വ്യത്യസ്തമാണ്. നവവധുക്കൾക്ക് ഇതിനെക്കുറിച്ചെല്ലാം അറിവുണ്ട്. കൂടുതൽ കാര്യങ്ങളറിയാൻ താത്പര്യവും കാണിക്കുന്നു. ഗർഭനിരോധന ഉറകൾ ആവശ്യമുണ്ടെങ്കിൽ ചോദിക്കാനും അവർക്ക് യാതൊരു മടിയുമില്ല”. കലാവതി പറയുന്നു. അവർ നടത്തുന്ന അനൌപചാരികമായ സംഭാഷണങ്ങൾ സ്ത്രീകളുടെ പ്രത്യുത്പാദനപരമായ അവകാശങ്ങളെപ്പറ്റിയുള്ള സന്ദേശങ്ങളെ സജീവമായി നിലനിർത്തുന്നു. നവവധുക്കളുമായി ഒരു ചായയൊക്കെ പങ്കിട്ട് മെല്ലെ കലാവതി കാര്യത്തിലേക്ക് കടക്കും. “ആരോഗ്യമുള്ള ഒരു ജീവിതം നയിക്കണമെങ്കിൽ പ്രസവങ്ങൾക്കിടയ്ക്ക് മൂന്നുവർഷത്തെ ഇടവേളയെങ്കിലും വേണമെന്ന് ഞാനവരോട് പറയും”.
“അമ്മായിയമ്മമാരും പുരോഗമിച്ചിട്ടുണ്ട്”, 2020 ഫെബ്രുവരിയിൽ മരിച്ചുപോയ അവരുടെ ഭർത്തൃമാതാവിനെ ഓർത്തുകൊണ്ട് അവർ പറഞ്ഞു. ആദ്യമൊക്കെ ഇത്തരം സാധനങ്ങൾ കലാവതി രഹസ്യമായിട്ടായിരുന്നു വീട്ടിൽ സൂക്ഷിച്ചിരുന്നത്. മരുമകൾ ഇത്തരം ജോലികൾ ചെയ്യുന്നതും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതും, കുട്ടികളുടെ കാര്യത്തിൽ ഉപദേശിക്കുന്നതുമൊന്നും ഭർത്തൃമാതാവിന് വലിയ യോജിപ്പുള്ള കാര്യമായിരുന്നില്ല. പക്ഷേ അവസാന കാലങ്ങളിൽ അവർ കലാവതിയെ പിന്തുണയ്ക്കുകതന്നെ ചെയ്തു.
“ഇതൊരു നല്ലതോ ആവശ്യമുള്ളതോ ആയ തൊഴിലാണെന്ന് അവർക്ക് തോന്നിയിരുന്നില്ല. എന്റെ കാര്യത്തിലാണെങ്കിൽ, വിവാഹം കഴിച്ചയുടൻ, ഒന്നിനുപിറകേ ഒന്നായി കുട്ടികളുണ്ടായി. ആദ്യം ഇരട്ട ആൺകുട്ടികളും പിന്നെ ഒരു പെൺകുട്ടിയും. വലിയ താമസമില്ലാതെ മൂന്നാമതും ഗർഭിണിയായി. കുറേ ദിവസങ്ങളോളം വേദനയും കഷ്ടപ്പാടുകളുമായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ആരെങ്കിലും ഉപദേശിക്കുകയോ മറ്റോ ചെയ്തിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു. ആകെ നിസ്സഹായയായി ഞാൻ. ആ കുട്ടിയെ എനിക്ക് നഷ്ടപ്പെട്ടപ്പോൾ എനിക്ക് ദേഷ്യം സഹിക്കാനായില്ല”, സ്വന്തം അനുഭവങ്ങൾ ഓർത്തെടുത്തുകൊണ്ട് അവർ പറയുന്നു. വരുമാനം പോലും വാങ്ങാതെ ഈ ജോലി എന്തിന് ചെയ്യുന്നു എന്നതിനുള്ള വിശദീകരണമായിരുന്നു അത്. “ആവശ്യമുള്ള സമയത്ത് ഒരു സുഹൃത്തിൽനിന്നും ഉപദേശങ്ങൾ ലഭിക്കുക എന്നതാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഞാനീ ജോലി ചെയ്യുന്നത്. മാത്രമല്ല, ആശാ പ്രവർത്തകർക്കുള്ള ജോലിസമ്മർദ്ദവും എനിക്ക് അനുഭവിക്കേണ്ടിവരുന്നില്ല”, കലാവതി പറയുന്നു.
ആരോഗ്യപ്രവർത്തകരും എൻ.ജി.ഒ. പ്രവർത്തകരും പ്രത്യുത്പാദന വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത് തികച്ചും ക്ലിനിക്കൽ രീതിയിലാണ്. കലാവതിയുടേതാകട്ടെ, തീർത്തും അനൌപചാരികവും. പക്ഷേ അതിന്റെ പരിമിതികൾ അവർക്കറിയുകയും ചെയ്യാം. “ഒരു സ്ത്രീക്ക് പ്രസവവേദന തുടങ്ങിയാൽ, അല്ലെങ്കിൽ അടിയന്തിരമായ ഒരാവശ്യം വന്നാൽ, അവർ എന്നെ വിളിക്കില്ല”, കലാവതി പറയുന്നു. അത്തരം സന്ദർഭങ്ങളിൽ അവർ ആശാ പ്രവർത്തകരെ വിളിക്കുകയോ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ പോവുകയോ ആവും ചെയ്യുക.
ഇന്ന് അവർ ആശാ പ്രവർത്തകരുടെ കൂടെ ചേർന്ന് പ്രവർത്തിക്കുകയും ഉറകളും ഗുളികകളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഈരണ്ടാഴ്ച കൂടുമ്പോൾ, വീട്ടിൽനിന്ന് 25 മിനിറ്റ് നടന്നാലെത്തുന്ന ഭേട്ടുവാ ബ്ലോക്കിലെ ഹെൽത്ത് സെന്ററിൽ പോയി ഗർഭനിരോധന മരുന്നുകളും മറ്റും വാങ്ങി അവർ വീട്ടിൽ ശേഖരിച്ചുവെക്കുന്നു. ആവശ്യക്കാർക്കുവേണ്ടി. ആരോഗ്യകേന്ദ്രത്തിലേക്ക് പോകാൻ സാധിക്കാത്ത സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് വളരെ ആശ്വാസകരമാണ്. ഗർഭനിരോധന ഉറകളും ഗുളികകളും ആവശ്യപ്പെട്ട് ആളുകൾ വരാറുണ്ട്. “വീട്ടിൽ എപ്പോഴും സാധനങ്ങളുണ്ടാവും. എന്നാലും ചിലപ്പോൾ എന്തെങ്കിലും കാരണം പറഞ്ഞ് ഞാൻ അങ്ങോട്ട് പോയി കൊടുക്കുകയും ചെയ്യും”, കലാവതി പറയുന്നു.
ആരോഗ്യകേന്ദ്രത്തിൽനിന്ന് കിട്ടുന്ന മരുന്നുകൾ സൌജന്യമാണ്. എന്നാൽ ഉറകളും സാനിറ്ററി നാപ്ക്കിനുകളും അവർ മേടിക്കുന്നത് പ്രദേശത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒ.കളിൽനിന്നാണ്. അല്ലെങ്കിൽ, കൈയ്യിൽനിന്ന് പണം കൊടുത്ത് അടുത്തുള്ള മരുന്നുകടകളിൽനിന്ന് വാങ്ങിവെക്കും.
2020-ലെ ലോൿഡൌൺ അവരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു. പുറത്തിറങ്ങാൻ നിരോധനം വന്നതോടെ ഗർഭനിരോധന സാമഗ്രികൾക്കുവേണ്ടി ദിവസത്തിൽ അഞ്ചുതവണയെങ്കിലും സ്ത്രീകൾ അവരെ വിളിക്കാൻ തുടങ്ങി.“ജോലിയൊന്നുമില്ലാത്തതിനാൽ പുരുഷന്മാർ പുറത്ത് പോകുന്നത് നിർത്തിയതുകൊണ്ട്, ഗർഭമുണ്ടാകുമോ എന്ന് സ്ത്രീകൾക്ക് പേടിയായിരുന്നു. പലരും ഗർഭിണികളാവുകയും ചെയ്തു. ഞാനവരെ രഹസ്യമായി പുറത്ത് പാടത്തുവെച്ച് കണ്ട്, ഗുളികകളും ഉറകളും കൊടുക്കും. സ്ത്രീകൾക്കും ആഗ്രഹങ്ങളുണ്ടാവില്ലേ? എപ്പോഴാണ് അവർക്കും ഇത് തോന്നുക എന്നൊന്നും പറയാനാവില്ലല്ലോ”, കലാവതി പറയുന്നു.
“പക്ഷേ സാധനങ്ങൾ കിട്ടുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാനും കൊടുക്കുന്നതിൽ നിയന്ത്രണം വരുത്തി. മറ്റെന്തുചെയ്യാനാവും. ഗ്രാമത്തിൽനിന്നുള്ള ഏഴ് സ്ത്രീകൾ - ഗർഭിണികളാവാൻ ഇഷ്ടമായിരുന്നില്ലെന്ന് എനിക്കുറപ്പുള്ള ഏഴുപേർ - ഗർഭിണികളായി. ഞാനെന്ത് ചെയ്യും”, അവർ ചോദിക്കുന്നു. രാജ്യത്ത് ലോൿഡൌൺ പ്രഖ്യാപിച്ച അധികാരികൾ സ്ത്രീകളുടെ കാര്യം ഓർത്തില്ല എന്നാണ് കലാവതിയുടെ തോന്നൽ. “ഈ സാധനങ്ങൾക്ക് ഇത്ര ആവശ്യം വരും എന്ന് ആർക്കാണ് ഓർമ്മവരിക?” കലാവതി ചോദിക്കുന്നു.
കഴിഞ്ഞ കുറേ വർഷങ്ങളായി, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ കലാവതിയോട് അവരുടെ ജീവിതത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുന്നു. അവർ കലാവതിയെ വിശ്വസിക്കാൻ തുടങ്ങി. “ഞാൻ കഥകളുടേയും രഹസ്യങ്ങളുടേയും കലവറ സൂക്ഷിപ്പുകാരിയാണ്”, കലാവതി ചിരിക്കുന്നു.
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടിക ളേയും യുവതിക ളേ യും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാ ൽ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണോ? ദയവായി zahra@ruralindiaonline.org, ഒരു കോപ്പി namita@ruralindiaonline.org, എന്ന അഡ്രസിലേക്കു മെയിൽ അയക്കുക.
പരിഭാഷ: രാജീവ് ചേലനാട്ട്