ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.

കാര്യങ്ങൾ നിയന്ത്രണത്തിലാകുമ്പോൾ

സൈക്കിൾ ഓടിക്കാൻ പഠിക്കാൻ വരുന്നതിനായി അവർ തനിക്കുള്ള ഏറ്റവും നല്ല സാരി ധരിച്ചിരുന്നു. ഇത് തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ ഒരു ‘സൈക്കിൾ പരിശീലന ക്യാമ്പി’ൽ ആയിരുന്നു. അവർ ഉത്സാഹഭരിതയാകാൻ മികച്ച കാരണങ്ങൾ ഉണ്ടായിരുന്നു. ആ സ്ത്രീയുടെ ജില്ലയിൽ നിന്നുള്ള ഏതാണ്ട് 4,000 വളരെ പാവപ്പെട്ട സ്ത്രീകൾ തങ്ങൾ ഒരിക്കൽ ബന്ധിത തൊഴിലാളികൾ (bonded labourers) ആയിരുന്ന ക്വാറികൾ നിയന്ത്രണത്തിലാക്കാൻ വന്നതായിരുന്നു. രാഷ്ട്രീയ ബോധമുള്ള സാക്ഷരതാ പ്രസ്ഥാനവുമായി ചേർന്നുകൊണ്ട് അവരുടെ സംഘടിത സമരം പുതുക്കോട്ടയെ ഒരു മികച്ച ഇടമാക്കി മാറ്റി.

വിഭവങ്ങളുടെ മേലുള്ള നിയന്ത്രണവും ഉടമസ്ഥതയും വളരെ പ്രധാനപ്പെട്ടതാണ്. കോടിക്കണക്കിന് ഗ്രാമീണ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടണമെങ്കിൽ ഈ അവകാശങ്ങളും മെച്ചപ്പെടണം.

മദ്ധ്യപ്രദേശിലെ ഝാബുവയിലെ ഈ സംഘം വനിതകളുടെ പഞ്ചായത്താണ്. പ്രാദേശിക ഭരണത്തിലേക്കുള്ള വരവ് അവരുടെ പദവിയും ആത്മാഭിമാനവും മെച്ചപ്പെടുത്തി. പക്ഷെ സ്വന്തം ഗ്രാമങ്ങളിൽ അവരുടെ സ്വാധീനം പരിമിതമായി തുടർന്നു. കുറച്ച് കാര്യങ്ങൾ മാത്രമാണ് അവർക്ക് സ്വന്തമായുള്ളതും നിയന്ത്രിക്കാനാവുന്നതും. ഉദാഹരണത്തിന്, അവർക്ക് ഭൂമിക്കുള്ള അവകാശമില്ല. മിക്ക മേഖലകളിലും അവരുടെ അവകാശങ്ങൾ അംഗീകരിക്കപ്പെടുന്നില്ല, ഇവ നിയമങ്ങളായി നിൽക്കുന്നിടങ്ങളിൽ പോലും. ഒരു സ്ത്രീ സർപഞ്ചിന്‍റെ ഭൂവുടമ ഡെപ്യൂട്ടിയായി വന്നാൽ എന്താണ് സംഭവിക്കുക? അവരുടെ ഉയർന്ന സ്ഥാനം പരിഗണിച്ച് അയാൾ അവരെ കേൾക്കാൻ തയ്യാറാവുമോ? അതോ അയാൾ തന്‍റെ തൊഴിലാളിയെ ഉപദ്രവിക്കുന്ന ഒരു ഭൂഉടമ ആകുമോ? അതോ സ്ത്രീക്കു മേൽ അധികാരം കാണിക്കുന്ന പുരുഷനാകുമോ?

വനിത സർപഞ്ചുമാരേയും പഞ്ചായത്തംഗങ്ങളേയും വസ്ത്രാക്ഷേപം നടത്തുകയും മർദ്ദിക്കുകയും ബലാൽസംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയും അവരുടെ മേൽ വ്യാജ കേസുകൾ എടുക്കുകയും ചെയ്യുന്നു. എന്നിരിക്കിലും വനിതാ പഞ്ചായത്തുകൾ അത്ഭുതാവഹമായ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഫ്യൂഡലിസം അവസാനിപ്പിച്ചാൽ എന്തായിരിക്കും അവർ നേടുക?

വീഡിയോ കാണുക : ' അവർ എന്നെ ഒരു നോട്ടം നോക്കി ... സത്യത്തിൽ ഒരു കടുത്ത നോട്ടം . അത്തരത്തിൽ ദേഷ്യപ്പെട്ട് ഒരു നോട്ടം ഒരിക്കലും എന്‍റെ നേർക്കുണ്ടായിട്ടില്ല ...’ പി. സായ്‌നാഥ് പറയുന്നു

വലിയൊരു മാറ്റത്തിന്‍റെ സമയത്താണ് പുതുക്കോട്ടയിൽ സാക്ഷരതാ പ്രസ്ഥാനം ആരംഭിച്ചത്. തങ്ങൾ ഒരിക്കൽ ബന്ധിത തൊഴിലാളികളായിരുന്ന ക്വാറികളുടെ ചുമതല വിപ്ലവകരമായ മാറ്റങ്ങളെ തുടർന്ന് അവർക്ക് ലഭിച്ചു. അവർ നടത്തിയ നിയന്ത്രണങ്ങൾ ആക്രമിക്കപ്പെട്ടെങ്കിലും സ്വന്തം അവകാശങ്ങൾക്കു വേണ്ടി എങ്ങനെ പൊരുതണമെന്ന് അവർ പഠിച്ചു.

ദശലക്ഷക്കണക്കിന് മറ്റ് ദരിദ്രരുടെ കാര്യത്തിലെന്നപോലെ സ്ത്രീകളുടെ കാര്യത്തിലും ഭൂപരിഷ്കരണം ആവശ്യമാണ്. അതിൽത്തന്നെ ഭൂമി, ജലം, വനാവകാശങ്ങൾ എന്നിവയുടെ അംഗീകാരവും നടപ്പാക്കലും പ്രധാനപ്പെട്ടതാണ്. പുനർവിതരണം ചെയ്ത ഏതൊരു ഭൂമിയുടെയും ഉടമസ്ഥതക്കായി അവർക്ക് സംയുക്ത പട്ടയങ്ങൾ ആവശ്യമാണ്. കൂടാതെ എല്ലാ ഭൂമിയുടെയും കാര്യത്തിൽ തുല്യ സ്വത്തവകാശങ്ങളും. ഗ്രാമത്തിലെ പൊതുഭൂമികൾക്ക് മേൽ ദരിദ്രരുടെ അവകാശങ്ങൾ നടപ്പാക്കണം. പൊതുഭൂമികൾ വിൽക്കുന്നത് അവസാനിപ്പിക്കണം.

ഈ അവകാശങ്ങൾ നിയമങ്ങളായി ഇല്ലാത്തിടത്ത് പുതിയ നിയമങ്ങൾ ആവശ്യമാണ്. നിയമങ്ങൾ ഉള്ളിടത്ത് അവ നടപ്പാക്കുന്നത് പ്രധാനമാണ്. വിഭവങ്ങളുടെ വിപ്ലവകരമായ പുനർവിതരണത്തോടൊപ്പം ഒരുപാട് കാര്യങ്ങൾ നമ്മൾ പുനർനിർവചിക്കേണ്ടതുണ്ട്. അതായത് ജോലിയുടെ കാര്യത്തിൽ ‘വിദഗ്ദ്ധം’, ‘അവിദഗ്ദ്ധം’, അല്ലെങ്കിൽ ‘കഠിനം’, ‘ലഘു’ എന്നിങ്ങനെയുള്ള വാക്കുകൾ. കുറഞ്ഞ വേതനം നിശ്ചയിക്കുന്ന സമിതികളിൽ നമുക്ക് വനിത കർഷക തൊഴിലാളികളും ആവശ്യമാണ്.

PHOTO • P. Sainath
PHOTO • P. Sainath

ഇത് സംഭവിക്കുന്നതിന് ജനകീയ പ്രസ്ഥാനങ്ങൾ ആവശ്യമാണ്. സംഘടിത പൊതു പ്രവർത്തനം വേണം. രാഷ്ട്രീയ പ്രക്രിയകളിലെ ഇടപെടൽ വേണം. മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി ഇന്ത്യയിലെ ദരിദ്രർ നടത്തുന്ന മൊത്തത്തിലുള്ള സമരത്തിൽ ഗ്രാമീണ സ്ത്രീകളുടെ പ്രശ്നങ്ങളും പ്രധാനമാണ് എന്നത് അംഗീകരിക്കണം.

സൽപ്രവൃത്തിയിലൂടെയുള്ള വികസനം (do-gooder development) മനുഷ്യരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിന് പകരമാവില്ല. മറ്റ് ദരിദ്ര ജനതയെപ്പോലെ ഗ്രാമീണ സ്ത്രീകൾക്കും സഹാനുഭൂതിയല്ല ആവശ്യം. അവർക്കവരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തി കിട്ടണം. അവരിലെ ദശലക്ഷക്കണക്കിനാളുകൾ പോരാടിക്കൊണ്ടിരിക്കുന്നത് അതിനു വേണ്ടിയാണ്.

PHOTO • P. Sainath
PHOTO • P. Sainath

പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath
psainath@gmail.com

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.