ഇത് വലിയൊരു വിതരണശൃംഖലയാണ് - പഞ്ചാബിലുടനീളം 152 മുഖ്യ യാർഡുകളും 279 ഉപ യാർഡുകളും 1,389 വാങ്ങൽ കേന്ദ്രങ്ങളുമുണ്ട് (2019-20-ൽ). ഇവയെല്ലാം ജസ്വിന്ദർ സിംഗിന് ഒരു സുരക്ഷാ സംവിധാനം ഒരുക്കുന്നു. ഈ മണ്ഡി സംവിധാനത്തിൽ ഒരു കർഷകന് സുരക്ഷിതത്വം അനുഭവപ്പെടുന്നുവെന്ന് സംഗ്രൂർ ജില്ലയിലെ ലോംഗോവാൾ പട്ടണത്തിൽ നിന്നുള്ള 42-കാരനായ ജസ്വിന്ദർ പറഞ്ഞു. അദ്ദേഹത്തിൻറെ കുടുംബം 17 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. "മടിയോ പേടിയോ ഒന്നും കൂടാതെ എനിക്കെന്റെ വിളകൾ മണ്ഡിയിലേക്ക് കൊണ്ടുപോകാൻ കഴിയും, കാരണം അവയ്ക്ക് വില ലഭിക്കും. എനിക്കതിൻറെ പ്രക്രിയ അറിയാം, അർഹിക്കുന്നത് കിട്ടുമെന്ന് എനിക്കുറപ്പുണ്ട്.”
മുഖ്യ (അല്ലെങ്കിൽ പ്രധാന) യാർഡുകൾ വലിയ മാണ്ഡികളാണ് (ഇവിടെ നൽകിയിട്ടുള്ള ഫോട്ടോയിൽ കാണുന്ന സുനാം പോലെയുള്ളവ). ഈ യാർഡുകൾക്ക് പലതരത്തിലുള്ള സൗകര്യങ്ങളുണ്ട്. ഈ യാർഡുകളിൽ കർഷകർക്ക് അവരുടെ വിളകൾ കൂട്ടിയിടാനുള്ള സ്ഥലങ്ങൾ അനുവദിച്ച് നൽകിയിട്ടുണ്ട്. അവ പൊതുവെ അവരുടെ ആഢ്തിയാകളുടെ (commission agents - ദല്ലാള്‍ ശിപായിമാര്‍) കടകൾക്കു മുമ്പിലായിരിക്കും. ഒരു വർഷത്തെ ഉൽപ്പന്നങ്ങൾ മുഖ്യ യാർഡുകളിൽ സംഭരിക്കുന്നത് തികയാതെ വരുമ്പോൾ അവയ്ക്കു പുറമെ അവയുടെ സമീപത്ത് പലപ്പോഴും സ്ഥാപിക്കുന്നവയാണ് ഉപ യാർഡുകൾ. വാങ്ങൽ കേന്ദ്രങ്ങൾ ചെറിയ മണ്ഡികളാണ്. അവ മിക്കപ്പോഴും ഗ്രാമങ്ങളിലായിരിക്കും (ഇവിടെ നൽകിയിട്ടുള്ള ചിത്രങ്ങളിൽ കാണുന്ന ശേരാം മാണ്ഡി പോലെയുള്ളവ). ഇവയെല്ലാം ചേരുന്നതാണ് പഞ്ചാബിലെ വിശാലമായ കാർഷികോത്പന്ന വിപണന സമിതികൾ അഥവാ എ.പി.എം.സി.കൾ (Agricultural Produce Marketing Committee - APMC)
“ഞാൻ ഉല്പന്നം വിൽക്കുമ്പോൾ എനിക്ക് പണം ലഭിക്കുന്നതുവരെയുള്ള ഉറപ്പിനായി ദല്ലാൾ ശിപായിയിൽ നിന്നും ഒരു ജെ-ഫോം ലഭിക്കുന്നു”, ജസ്വിന്ദർ പറഞ്ഞു. "പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യം ഇതൊരു സർക്കാർ സംവിധാനം ആയതിനാൽ എനിക്ക് പണം ലഭിക്കുന്ന കാര്യത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ സുരക്ഷിതനാണെന്നെനിക്കറിയാം, അത് വലിയൊരു സുരക്ഷയാണ്”, അയാൾ കൂട്ടിച്ചേർത്തു (1961-ലെ പഞ്ചാബ് കാർഷികോത്പ്പന്ന വിപണി നിയമം - Punjab Agricultural Produce Markets Act of 1961 - പരാമർശിച്ചുകൊണ്ട്)
സ്വകാര്യ വ്യാപാരികളോ ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യ അല്ലെങ്കിൽ മാർക്കറ്റ് ഫെഡ് (പഞ്ചാബ് സ്റ്റേറ്റ് കോഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്) എന്നിവ പോലെയുള്ള സർക്കാർ ഏജൻസികളോ നിയന്ത്രണങ്ങൾക്ക് വിധേയമായ പ്രക്രിയകളിലൂടെ വിളകൾ സംഭരിക്കുമെന്ന് എ.പി.എം.സി. ശൃംഖല ഉറപ്പു വരുത്തുന്നു. അവ അവ സംസ്ഥാനം ഉറപ്പുനൽകുന്ന കുറഞ്ഞ താങ്ങുവിലയിൽ നെല്ലും ഗോതമ്പും സംഭരിക്കുന്നു. പഞ്ചാബിലെ ഏതെങ്കിലും മണ്ഡിയിലോ എഫ്.സി.ഐ.യിലോ അല്ലെങ്കിൽ മാർക്കറ്റ് ഫെഡിലോ ധാന്യങ്ങൾ എത്തിയാൽ, അവയിൽ അടങ്ങിയിരിക്കുന്ന ഈർപ്പത്തിന്റെ അളവ് പോലെയുള്ള പ്രത്യേക മാനദണ്ഡങ്ങൾ അനുസരിച്ച് ഉദ്യോഗസ്ഥർ അവയുടെ ഗുണമേന്മ പരിശോധിക്കുന്നു. പിന്നീട് ധാന്യം ലേലം വിളിക്കുകയും വിൽക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ദല്ലാൾ ശിപായിമാരെ ആശ്രയിച്ചിരിക്കുന്നു. അവർ ഈ ശൃംഖലയിലെ നിർണ്ണായക കണ്ണിയാണ്.
ഇത്തരമൊരു സംവിധാനത്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങൾ അതിന്റെ പ്രാപ്യതയും വിശ്വാസ്യതയുമാണെന്ന് പട്യാല ജില്ലയിലെ പാതഡാം താലൂക്കിലെ ദുഗൽ കലാം ഗ്രാമത്തിലെ അമൻദീപ് കൗർ എന്ന 32-കാരി പറഞ്ഞു. "ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എനിക്ക് ഉത്പ്പനം നേരിട്ട് ഗ്രാമ മണ്ഡിയിൽ [വിൽപന കേന്ദ്രം] എത്തിക്കാമെന്നുള്ളതാണ്. ഇത് സൗകര്യപ്രദവും വിളകൾക്ക് ലഭിക്കുന്ന വില എനിക്ക് അറിയാൻ പറ്റുകയും ചെയ്യും [എം.എസ്.പി. എന്ന നിലയിൽ). സംസ്ഥാനത്ത് കരിമ്പിനെന്ത് സംഭവിച്ചുവെന്ന് നമ്മൾ കണ്ടു. അതിനൊരു കേന്ദ്രീകൃത സംവിധാനം ഇല്ലായിരുന്നു. അതിനാൽ കർഷകർക്ക് അവരുടെ ഉത്പ്പന്നം ചിലപ്പോൾ ഒരു നഗരത്തിലേക്കും പിന്നീട് മറ്റൊരിടത്തേക്കും കൊണ്ടുപോകണമായിരുന്നു – എവിടെയാണോ അവർക്ക് മികച്ച വില കിട്ടുന്നത് അവിടെവരെ. മെച്ചപ്പെട്ട വിലതേടി നമുക്കെങ്ങനെ സംസ്ഥാനത്തലയൻ കഴിയും?"

ഒരു കമ്പൈ ൻ ( ക മ്പൈൻ ഹാർവെസ്റ്റർ എന്ന കെയ്ത്ത് യന്ത്രം ) ട്രാക്ടറിലേക്ക് ഗോതമ്പ് ധാന്യം തള്ളുന്നു. ട്രാക്ടറിൽ ഇത് സംഗ്രൂർ ജില്ലയിൽത്തന്നെ അടുത്തുള്ള സുനാം മണ്ഡിയിലെത്തിക്കും. ഇത് ദിവസം പല തവണ ആവർത്തിക്കുന്നു. കൊയ്ത്ത് കാലം ഏപ്രിൽ മദ്ധ്യത്തിലെ ബൈസാഖിയോടെ ആരംഭിക്കുകയും അടുത്ത 10 ദിവസത്തിനകം അതിന്റെ ഉന്നതിയിലെത്തുകയും ചെയ്യും
അമൻദീപിന്റെ കുടുബം 22 ഏക്കറിൽ കൃഷി ചെയ്യുന്നു – 6 ഏക്കർ സ്വന്തവും ബാക്കി പാട്ടവും. "ഞങ്ങൾ ദല്ലാൾ ശിപായിമാരെ വളരെയധികം ആശ്രയിക്കുന്നു”, അവർ കൂട്ടിച്ചേർത്തു. "ഉദാഹരണത്തിന് മഴ പെയ്ത് ഞങ്ങളുടെ ഗോതമ്പ് നനഞ്ഞാൽ ഞങ്ങൾക്കവ ഉണങ്ങി വിൽക്കാനെടുക്കുന്ന സമയമായ 15 ദിവസംവരെ ദല്ലാൾ ശിപായിമാരുടെ അടുത്ത് സൂക്ഷിക്കാം. അതൊരു സ്വകാര്യ മണ്ഡിയിൽ സാധിക്കില്ലെന്നുറപ്പാണ്.”
"ഒരിക്കൽ ഞങ്ങൾ ഉത്പ്പന്നങ്ങൾ വിറ്റാൽ പണം ലഭിക്കുന്നത് 6 മാസങ്ങൾക്കുശേഷമാണ്. പക്ഷെ പണം എത്തുന്നതുവരെ കഴിഞ്ഞു കൂടാനുള്ള പണം ദല്ലാൾ ശിപായിമാർ നൽകുന്നു. സംഗ്രൂർ തഹ്സീലിലെ (ജില്ലയിലെയും) മംഗ്വാൾ ഗ്രാമത്തിൽ നിന്നുള്ള 27-കാരനായ ജഗ്ജീവൻ സിംഗ് പറഞ്ഞു. അദ്ദേഹം മൂന്നേക്കറിൽ ഗോതമ്പും നെല്ലും കൃഷി ചെയ്യുന്നു. "അതിലുമുപരിയായി, എം.എസ്.പി. ഉള്ളതിനാൽ ഒരു മണ്ഡിയിൽ ഏറ്റവും കുറഞ്ഞത് എന്റെ ചിലവിനെങ്കിലും കിട്ടുമെന്ന് എനിക്കുറപ്പുണ്ട്.”
എന്നിരിക്കിലും കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം മദ്ധ്യവർത്തികളെ ഒഴിവാക്കാൻ ലക്ഷ്യമിടുകയും നേരിട്ട് വാങ്ങുന്നവർക്ക് തങ്ങളുടെ ഉത്പ്പന്നങ്ങൾ വിൽക്കാൻ കർഷകരെ അനുവദിക്കുകയും ചെയ്യുന്നു. ഇത് വിപണന ശൃംഖലയിലെ ദല്ലാൾ ശിപായിമാർക്കും മറ്റ് കണ്ണികൾക്കുമൊപ്പം എ.പി.എം.സി. നിലനില്‍ക്കുന്ന ചുറ്റുപാടുളെയും ദുർബലമാക്കും. 1960-കളുടെ മദ്ധ്യത്തിലുണ്ടായ ഹരിത വിപ്ലവത്തോടെ പഞ്ചാബിൽ തുടങ്ങി ദശകങ്ങൾകൊണ്ട് പടുത്തുയർത്തപ്പെട്ടതാണ് വിശ്വസനീയമായ ഈ വിപണന ശൃംഖല.
ഡൽഹിയുടെ അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ ഈ നിയമത്തെ എതിർക്കുന്നു. ഇതുവരെ പിന്തുണച്ചു കൊണ്ടിരുന്ന പശ്ചാത്തല പ്രവർത്തനങ്ങളെ അത് തകർക്കുമെന്ന് അവർ ഭയപ്പെടുന്നു. അവർ വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം , അവശ്യ സാധന (ഭേദഗതി) നിയമം, 2020 എന്നീ നിയമങ്ങളെയും എതിർക്കുന്നു. ഇവ മൂന്നും പിൻവലിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. 2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.
2020 നവംബർ 26-നാണ് ഈ സമരങ്ങൾ തുടങ്ങിയത് - പഞ്ചാബിൽ കുറച്ചുകൂടി മുമ്പ് തുടങ്ങി. ഓഗസ്റ്റ് പകുതിയോടെ തുടങ്ങിയ പ്രക്ഷോഭങ്ങൾ സെപ്തംബർ-ഒക്ടോബറോടെ പൂർണ്ണ ശക്തിയിലെത്തി.
പഞ്ചാബിലെ ആഢ്തിയാസ് അസോസിയേഷൻ (ദല്ലാൾ ശിപായിമാരുടെ സംഘടന) കർഷക സമരങ്ങളെ പിന്തുണയ്ക്കുന്നു. ഇതിന്റെ പ്രസിഡന്റായ രവീന്ദർ ചീമ പറഞ്ഞത് കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാനുള്ള സാദ്ധ്യത മണ്ഡികൾ നൽകുന്നുവെന്നാണ്. "സർക്കാർ ഏജൻസികളോടൊപ്പം [സ്വകാര്യ] വ്യാപാരികളുടെ സാന്നിദ്ധ്യവും മണ്ഡികളിൽ കാണാം. അതിനാൽ തങ്ങൾക്ക് നല്ല വില കിട്ടുന്നില്ലെന്ന് കർഷകർക്ക് തോന്നിയാൽ അവിടെ മറ്റ് സാദ്ധ്യതകളുണ്ട്.” കർഷകർക്ക് ലഭിക്കുന്ന ഈ വിലപേശൽ ശേഷി പുതിയ നിയമം ഇല്ലാതാക്കുകയും വ്യാപാരികളെ മണ്ഡികളുടെ പുറത്ത് വിൽക്കാൻ അനുവദിക്കുകയും ചെയ്യും - അതിനർത്ഥം നികുതി ലഭിക്കില്ലെന്നാണ് (വ്യാപാരി എം.എസ്.പി.യിന്മേൽ നൽകുന്നത്). അങ്ങനെ വന്നാൽ ഒരു വ്യാപാരിയും സംഭരണത്തിനായി മണ്ഡിയിൽ വരില്ലെന്ന് ചീമ പറഞ്ഞു. അങ്ങനെ എ.പി.എം.സി. സംവിധാനം ക്രമേണ ഒരു അധികപ്പറ്റായി മാറും.

ഹരിതവിപ്ലവ യുഗത്തിനുശേഷം പഞ്ചാബിലെ വിളവെടുപ്പ് പ്രക്രിയ മുഴുവൻ യന്ത്രവത്കൃതമായി . 2019-20 -ൽ ഏകദേശം 176 ലക്ഷം ടൺ ഗോതമ്പാണ് സംസ്ഥാനത്ത് ഉത്പാദിപ്പിച്ചത്. ഏകദേശം 35 ലക്ഷം ഹെക്ടർ സ്ഥലത്താണ് അവ വളർന്നത്. ഒരേക്കറിൽ നിന്ന് ശരാശരി 20.3 ക്വിന്റൽ വീതം

2021 ഏപ്രിൽ 14-ന് സംഗ്രൂർ ജില്ലയിലെ സുനാം മണ്ഡിയിൽ ഗോതമ്പ് ഇറക്കുന്നു

എല്ലാ കർഷകരും തങ്ങളുടെ ഉത്പനങ്ങൾ ലേലത്തിനായി മണ്ഡികളിലേക്കു കൊണ്ടു വരുന്നു : ഏകദേശം 132 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ് കേന്ദ്ര സംസ്ഥാന ഏജൻസിയിൽ 2021-ൽ സംഭരിച്ചത് ( ആകെ ഉൽപ്പന്നത്തിന്റെ ഒരു ശതമാനത്തിൽ താഴെയാണ് സ്വകാര്യ വ്യാപാരികൾ വാങ്ങിയത് )

സംഗ്രൂർ ജില്ലയിലെ ശേരാം ഗ്രാമത്തിൽ നിന്നുള്ള 66- കാരനായ കർഷകൻ രൂപ് സിംഗ് : അദ്ദേഹം പ്രദേശിക മണ്ഡിയിൽ തന്റെ ഉത്പ്പന്നങ്ങളുമായി , അവയെത്തിച്ച സമയം മുതൽ ഇരിക്കുന്നു . അവ പാക്ക് ചെയ്ത് വിൽക്കുന്നിടംവരെ അദ്ദേഹം അവിടുണ്ടാവും – ഈ പ്രക്രിയ 3-7 ദിവസങ്ങൾ വരെ നീളും

സുനാം യാർ ഡിലെ ത്രെഷറിലേക്ക് (മെതിക്കൽ യന്ത്രം) ഗോതമ്പ് കൊണ്ടുവരുന്ന സ്ത്രീ തൊഴിലാളികൾ. അവിടെവച്ച് ധാന്യത്തിന്റെ ഉമി കളയുന്നു. മണ്ഡികളിലെ പ്രമുഖ തൊഴിൽശക്തിയാണ് സ്ത്രീകൾ

സുനാം മണ്ഡിയിൽ കൂന കൂട്ടിയിട്ടിരിക്കുന്ന ഗോതമ്പിന്റെ മുകൾ ഭാ ഗത്തു നിന്നും അവസാന ഉമിയും നീക്കം ചെയ്യുന്ന സ്ത്രീ തൊഴിലാളി . പിന്നിൽ പ്രവർത്തിക്കുന്ന മെതിക്കൽ യന്ത്രം കാണാം

ശേരാം മണ്ഡിയിലെ ഒരു തൊഴിലാളി ചാക്കുകളിലാക്കിയ ഗോതമ്പ് വിറ്റശേഷം മുദ്ര വയ്ക്കുന്നു . ഈ പ്രക്രിയയ്ക്കായി ദല്ലാൾ ശിപായി മാർ കൂലിക്കുവിളിച്ചതാണ് ഈ തൊഴിലാളികളെ

ശേരാം മണ്ഡി , 2021 ഏപ്രിൽ 15: ഗോതമ്പ് തൂക്കി നോക്കുന്നു

തൊഴിലാളികൾ ശേരാം മണ്ഡിയിൽ ഉച്ചകഴിഞ്ഞനേരം വിശ്രമിക്കുന്നു. ബീഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമാണ് ഇവിടെയുള്ള മിക്ക തൊഴിലാളികളും എത്തിയിട്ടുള്ളത്

സുനാം മണ്ഡിയിലെ തൊഴിലാളികളും കർഷകരും ഗോതമ്പ് ചാക്കുകളുടെമേൽ വിശ്രമിക്കുന്നു . സർക്കാർ ഏജൻസികൾ വാങ്ങിയ ഗോതമ്പ് ശേഖരങ്ങളാണ് അവ

വിറ്റ ഗോതമ്പ് നിറച്ച ചാക്കുകൾ ട്രക്കിലേക്ക് കയറ്റുന്നു. ഈ ഉത്പന്നങ്ങൾ സംഭരണ ശാലകളിലേക്കും വിപണികളിലേക്കും എത്തിക്കും

ശേരാം മണ്ഡിയിലെ തൊഴിലാളികൾ വയ്കുന്നേരം . ഏറ്റവും തിരക്കുള്ള സമയത്ത് ഗോതമ്പ് കൊയ്ത്തിന്റെ തോത് വളരെയധികം വർദ്ധിക്കുന്നു. അതിനാൽ തൊഴിലാളികൾ അധികസമയം ജോലി ചെയ്യുന്നു - നിറയെ ധാന്യങ്ങളുമായി എത്തുന്ന ട്രാക്ടറുകളിൽ അർദ്ധരാത്രിയിൽ പോലും ജോലി ചെയ്യും

ശേരാം മണ്ഡിയിൽ ഇനിയും വിൽക്കാനുള്ള കൂന കൂട്ടിയിട്ടിരിക്കുന്ന ഗോതമ്പിലൂടെ ഒരു കർഷകൻ നടക്കുന്നു

ശേരാം മണ്ഡിയിൽ ഇരുന്ന് സംസാരിക്കുന്ന കർഷകർ

ഒരു കർഷകൻ തന്റെ ഉത്പ്പന്നങ്ങൾ വിൽക്കുന്നതു വരെ രാത്രിയിൽ കിടക്കാനായി ശേരാം മണ്ഡിയിൽ കിടക്ക തയ്യാറാക്കുന്നു

സംഗ്രൂർ ജില്ലയിലെ നമോൾ ഗ്രാമത്തിൽ നിന്നുള്ള മഹേന്ദർ സിംഗ് സുനാം മണ്ഡിയിലുള്ള തന്റെ ദല്ലാൾ ശിപായിയുടെ കടയിലിരിക്കുന്നു. പണം വായ്പ കൊടുക്കുന്നവർ എന്ന നിലയിൽ പ്രവർത്തിക്കുന്നതിനു പുറമെ കർഷകർക്കുവേണ്ട കീടനാശിനികൾ , വളം , മറ്റ് സാധനങ്ങൾ എന്നിവയും ദല്ലാൾ ശിപായി മാർ നൽകുന്നു

പഞ്ചാബിലെ ആഢ്തിയാസ് അസോസിയേഷന്റെ പ്രസിഡന്റായ രവീന്ദർ സിംഗ് ചീമ സുനാം മണ്ഡിയിൽ . കുറഞ്ഞ താങ്ങുവില ഉറപ്പാക്കിയില്ലെങ്കിൽ കർഷകരെ സ്വകാര്യ വ്യാപാരികൾ ചൂഷണം ചെയ്യുമെന്ന് അദ്ദേഹം പറയുന്നു

സംഗ്രൂർ ജില്ലയിലെ സുനാം മണ്ഡി ഒരു മുഖ്യ യാർഡ് ആണ് . സംസ്ഥാനത്തെ മണ്ഡികളുടെ പ്രവർത്തനങ്ങളുടെ പ്രധാന സീസൺ ഗോതമ്പ് കൊയ്ത്തിന്റെയും ( ഏപ്രിൽ ) നെല്ല് കൊയ്ത്തിന്റെയും ( ഒക്ടോബർ - നവംബർ ) സമയയങ്ങളിലാകുമ്പോൾ ഈ വിപണി ഇടങ്ങൾ വർഷത്തിൽ എല്ലാ സമയത്തും പ്രവർത്തിക്കുന്നു – കൃത്യമായ ഇടവേളകളികളിൽ എത്തുന്ന പയർ , പരുത്തി , എണ്ണക്കുരുക്കൾ എന്നിവയൊക്കെയാണ് അപ്പോൾ വ്യാപാരം നടത്തുക
2021 ഏപ്രില്‍ 14-15 തീയതികളിലാണ് ഈ ലേഖനത്തിന് വേണ്ട ചിത്രങ്ങളൊക്കെ എടുത്തിട്ടുള്ളത്.
പരിഭാഷ: റെന്നിമോന്‍ കെ. സി.