ശിവാനി കുമാരിക്ക് 19 വയസ്സേയുള്ളു, എന്നാൽ തന്‍റെ സമയം തീരാറായതായി അവർക്കു തോന്നുന്നു.
കഴിഞ്ഞ നാലു വർഷങ്ങളായി തന്നെ വിവാഹം കഴിപ്പിക്കുന്നതിൽ നിന്നും കുടുംബത്തെ അവർ പിന്തിരിപ്പിച്ചു നിർത്തിയിരിക്കുകയാണ്, എന്നാൽ ഇനി അധികകാലം അതിനു കഴിയുമെന്ന് ഇവർ വിശ്വസിക്കുന്നില്ല. "ഇനിയും എത്ര കാലം ഇവരെ തടഞ്ഞു നിർത്താനാവുമെന്നു എനിക്കറിയില്ല," അവർ പറയുന്നു. "എന്നെങ്കിലുമൊരിക്കൽ ഇതവസാനിക്കേണ്ടതാണ്."
ബിഹാറിലെ സമസ്‌തിപുർ ജില്ലയിലെ ഇവരുടെ ഗ്രാമമായ ഗംഗ്‌സാരയിൽ പെൺകുട്ടികള്‍ സാധാരണയായി പത്താം ക്ലാസ്സു പോലും കഴിയുന്നതിനു മുൻപ്, അല്ലെങ്കിൽ 17-18 വയസ്സാവുന്നതോടെ, വിവാഹിതരാകുന്നു.
ശിവാനി ( ഈ ലേഖനത്തിലെ എല്ലാ പേരുകളും മാറ്റിയിരിക്കുന്നു ) ഇതുവരെ ഒരു വിധത്തിൽ പിടിച്ചു നിന്നു. അവർ ഇപ്പോൾ ബി.കോം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. കോളേജിൽ പോകാൻ അവർ എപ്പോഴും ആഗ്രഹിച്ചിരുന്നു, എന്നാൽ അതിങ്ങനെ ഒറ്റയ്ക്കായിരിക്കുമെന്ന് കരുതിയിരുന്നില്ല. "എന്‍റെ എല്ലാ സുഹൃത്തുക്കളും വിവാഹിതരാണ്. കൂടെ പഠിച്ചു വളർന്നവരെല്ലാം കല്യാണം കഴിഞ്ഞു പോയി," സ്വന്തം വീട്ടിലിരുന്നു തുറന്നു സംസാരിക്കാനാവാത്തതിനാൽ, ഉച്ച സമയത്ത് ഒരു അയൽവീട്ടിലിരുന്ന് അവർ പറഞ്ഞു. ഇവിടെയും, ആടുകൾ വിശ്രമിക്കുന്ന, വീടിന്‍റെ പുറകുവശത്തിരുന്നു മാത്രമേ സംസാരിക്കുകയുള്ളു എന്നവർ നിർബന്ധം പിടിച്ചു. "കൊറോണ സമയത്തു എന്‍റെ കോളേജിലെ അവസാനത്തെ കൂട്ടുകാരിയുടെയും വിവാഹം കഴിഞ്ഞു," അവർ കൂട്ടിച്ചേർത്തു.
തന്‍റെ സമുദായത്തിൽ വളരെ അപൂർവ്വമായി മാത്രമേ പെൺകുട്ടികൾക്ക് കോളേജിൽ പോകാൻ അവസരം ലഭിക്കാറുള്ളു എന്ന് അവർ പറയുന്നു. ശിവാനി മഹാദളിത് വിഭാഗത്തിലെ രവിദാസ് സമുദായത്തിൽ (ചമാർ ജാതിയിലെ ഒരു ഉപവിഭാഗം ) ഉൾപ്പെടുന്നു. 2007 ൽ ബീഹാർ സർക്കാർ പട്ടികജാതിയിലെ ഏറ്റവും പിന്നോക്കരായ 21 സമുദായങ്ങൾക്ക് കൂട്ടായി നൽകിയ പദമാണ് മഹാദളിത്.
അവിവാഹിതയെന്ന സമൂഹത്തിലെ ദുഷ്പേരും കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയും പരിചയക്കാരുടെയും നിരന്തര സമ്മർദവും അവരുടെ ഒറ്റപ്പെടലിന് ആക്കം കൂട്ടുന്നു. "ഞാൻ ആവശ്യത്തിന് പഠിച്ചുവെന്ന് അച്ഛൻ പറയുന്നു. എന്നാൽ എനിക്കൊരു പോലീസ് ഉദ്യോഗസ്‌ഥയാകാനാണ് ആഗ്രഹം. എനിക്കത്ര വലിയ മോഹങ്ങളൊന്നും പാടില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഞാൻ പഠിച്ചു കൊണ്ടിരുന്നാൽ എന്നെ ആരു വിവാഹം ചെയ്യുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്," ശിവാനി പറഞ്ഞു. "ഞങ്ങളുടെ സമുദായത്തിൽ ആൺകുട്ടികൾ പോലും നേരത്തെ വിവാഹിതരാകുന്നു. ചിലപ്പോഴൊക്കെ എല്ലാം വേണ്ടെന്നു വയ്ക്കണോ എന്നു ഞാൻ ആലോചിക്കാറുണ്ട്. എന്നാൽ ഇവിടം വരെ എത്തിയ സ്‌ഥിതിക്ക് എന്‍റെ സ്വപ്നം സാക്ഷാത്കരിക്കണം."
ശിവാനി പഠിക്കുന്ന സമസ്‌തിപുരിലെ കെ.എസ്.ആർ. കോളേജ് ഇവരുടെ ഗ്രാമത്തിൽ നിന്ന് ഏകദേശം ഏഴു കിലോമീറ്റർ അകലെയാണ്. കുറച്ചു ദൂരം നടന്നും, പിന്നീട് ബസ്സിലും, അവസാനം ഓട്ടോറിക്ഷാക്കൂലി മറ്റുയാത്രക്കാരോടൊപ്പം പങ്കിട്ടെടുത്തുമാണ് അവർ കോളേജിലെത്തുന്നത്. ചിലപ്പോഴൊക്കെ കോളേജിലെ ആൺകുട്ടികൾ മോട്ടോർ സൈക്കിളിൽ കൊണ്ടുപോകാമെന്ന് പറയാറുണ്ടെങ്കിലും ഒരു ആൺകുട്ടിയോടൊപ്പം തന്നെ കണ്ടാലുള്ള പ്രത്യാഘാതങ്ങളെ ഭയന്ന് ഇവർ അത് നിരസിക്കുകയാണ് പതിവ്. "ഗ്രാമത്തിലെ ആളുകൾ ഒരു ദയയുമില്ലാതെ അപവാദം പ്രചരിപ്പിക്കുന്നവരാണ്. സ്കൂളിലെ ഒരു ആൺകുട്ടിയോടൊപ്പം കണ്ടതിനെത്തുടർന്നാണ് എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ വിവാഹം നടത്തിയത്. ഇത്തരത്തിലുള്ള കുഴപ്പങ്ങളൊന്നും കോളേജ് ബിരുദത്തിലേക്കും പോലീസ് ഉദ്യോഗത്തിലേക്കുമുള്ള എന്‍റെ വഴിയിൽ തടസ്സമാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു," അവർ പറഞ്ഞു.
ശിവാനിയുടെ മാതാപിതാക്കൾ കർഷക തൊഴിലാളികളാണ്. ഇവരുടെ രണ്ടുപേരുടെയും കൂടെ മാസവരുമാനം ഏകദേശം 10,000 രൂപയാണ്. അമ്മ, 42-കാരിയായ മീനാ ദേവി തന്‍റെ അഞ്ചു മക്കളെക്കുറിച്ചോർത്തു വ്യാകുലപ്പെടുന്നു. 13-ഉം, 17-ഉം വയസ്സു വീതമുള്ള രണ്ടാൺമക്കളും 19-കാരിയായ ശിവാനിയെക്കൂടാതെ 10-ഉം 15-ഉം വയസ്സു വീതമുള്ള രണ്ടു പെൺകുട്ടികളുൾപ്പെടെ മൂന്നു പെൺമക്കളുമാണ് ശിവാനിക്കുള്ളത്. "ഞാനെപ്പോഴും എന്‍റെ മക്കളെക്കുറിച്ചോർത്തു വിഷമിക്കുന്നു. എന്‍റെ പെൺമക്കൾക്കു വേണ്ടി സ്ത്രീധനം സ്വരൂപിക്കണം,"മീനാ ദേവി പറയുന്നു. കുറച്ചു കൂടി വലിപ്പം കൂടിയ വീട് പണിയാൻ ഇവർ ആഗ്രഹിക്കുന്നു - ആസ്ബറ്റോസ് മേൽക്കൂരയുള്ള അവരുടെ ഇഷ്ടിക വീട്ടിൽ ഒരു കിടപ്പുമുറി മാത്രമേയുള്ളൂ. കുടുംബം മൂന്ന് അയൽ കുടുംബങ്ങളുമായി ഒരു ടോയ്‌ലറ്റ് പങ്കിടുന്നു. "എന്‍റെ വീട്ടിൽ വരുന്ന പെൺകുട്ടികൾക്ക് (മരുമക്കൾ) ആവശ്യത്തിന് സൗകര്യങ്ങളുണ്ടായിരിക്കണമെന്നും അവർ ഇവിടെയും സന്തോഷവതികളായിരിക്കണമെന്നും എനിക്ക് ഉറപ്പാക്കണം," അവർ കൂട്ടിച്ചേർത്തു. ഈ പ്രശ്നങ്ങൾക്കെല്ലാമിടയിൽ കോളേജിൽ പോകാനുള്ള ശിവാനിയുടെ ദൃഡനിശ്ചയമില്ലായിരുന്നെകിൽ വിദ്യാഭ്യാസത്തിന് ഇവിടെ പ്രാധാന്യം ലഭിക്കുമായിരുന്നില്ല.
സ്ക്കൂളിൽ പോയിട്ടില്ലാത്ത മീനാ ദേവി മാത്രമാണ് കുടുംബാംഗങ്ങളിൽ ശിവാനിയുടെ ഇഷ്ടങ്ങളെ പിന്തുണയ്ക്കുന്നത്. "ഇവൾ മറ്റു വനിതാ പോലീസുകാരെ കാണുകയും അവരെപ്പോലെ ആകാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എനിക്കെങ്ങനെ ഇവളെ തടയാനാകും?" അവർ ചോദിക്കുന്നു. "ഒരമ്മയെന്ന നിലയിൽ ഞാൻ വളരെയധികം അഭിമാനിക്കും [ഇവൾ ഒരു പോലീസുകാരിയായാൽ]. പക്ഷെ എല്ലാവരും ഇവളെ പരിഹസിക്കുന്നു, എനിക്കതു മോശമായി തോന്നുന്നു."
പക്ഷെ ഗ്രാമത്തിലെ മറ്റു ചില പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഇതൊക്കെ പരിഹാസത്തിലൊതുക്കാവുന്ന കാര്യമല്ല.
17-കാരിയായ നേഹാ കുമാരിയുടെ കുടുംബത്തിൽ വിവാഹത്തോടുള്ള ചെറുത്തുനിൽപ്പ് അടി കൊള്ളുന്നതിനു വരെ കാരണമാകുന്നു. "പുതിയ വിവാഹാലോചനകൾ വരികയും ഞാൻ വേണ്ടെന്നു പറയുമ്പോഴുമൊക്കെ അച്ഛൻ ദേഷ്യപ്പെട്ട് അമ്മയെ അടിക്കാറുണ്ട്. അമ്മയിൽ നിന്ന് ഞാൻ ഒരുപാട് ആവശ്യപ്പെടുന്നുവെന്നു എനിക്കറിയാം," അച്ഛൻ ആ ഉച്ചക്ക് വിശ്രമിക്കുന്ന സ്വീകരണമുറിയിൽ നിന്നു കുറച്ചു മാറി സഹോദരങ്ങളോടൊപ്പം പങ്കിടുന്ന ഒരു കൊച്ചുമുറിയിൽ ഇരുന്നുകൊണ്ട് അവർ പറഞ്ഞു. ആ മുറിയുടെ ഒരു മൂല നേഹയ്ക്ക് പഠിക്കാനുള്ള സ്‌ഥലമായി കരുതിവച്ചിരിക്കുന്നുവെന്നും മറ്റാരേയും തന്‍റെ പാഠപുസ്തകങ്ങൾ തൊടാൻ അനുവദിക്കില്ലെന്നും ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു.
അടി കൊള്ളുന്നത് ഒരു ചെറിയ വില നൽകൽ മാത്രമാണെന്ന് അവരുടെ അമ്മ നൈനാ ദേവി പറഞ്ഞു. നേഹയുടെ കോളേജ് വിദ്യാഭ്യാസത്തിനായി തന്‍റെ ആഭരണങ്ങൾ വിൽക്കുവാൻ വരെ അവർ ആലോചിക്കുന്നു. "പഠിക്കാൻ അനുവദിക്കാതെ നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചാൽ വിഷം കഴിച്ചു മരിക്കുമെന്നാണ് ഇവൾ പറയുന്നത്. അത് കണ്ടു നിൽക്കാൻ എനിക്കെങ്ങനെ കഴിയും?" അവർ ചോദിച്ചു. 2017 -ൽ ഒരു അപകടത്തിൽ ഭർത്താവിന് ഒരു കാലു നഷ്ടപ്പെട്ടതിനെ തുടർന്ന് കൃഷിത്തൊഴിൽ ഉപേക്ഷിക്കേണ്ടിവന്നതിനാൽ 39-കാരിയായ നൈനാ ദേവി മാത്രമാണ് കുടുംബത്തിൽ വരുമാനമുള്ള ഏക അംഗം. മഹാദളിത് ജാതികളിൽപ്പെടുന്ന ഭുയ്യ സമുദായക്കാരാണ് ഈ കുടുംബം. ഏകദേശം 5000 രൂപയോളം വരുന്ന നൈനയുടെ മാസവരുമാനം വീട്ടാവശ്യങ്ങൾ നടത്താൻ പര്യാപ്തമല്ലെന്നും ചില ബന്ധുക്കൾ സഹായിക്കാറുണ്ടെന്നും അവർ പറഞ്ഞു.
അടി കൊള്ളുന്നത് പഠനത്തിനു നല്‍കുന്ന വിലയാണെന്നു പറഞ്ഞ നൈനാ ദേവി നേഹയുടെ വിദ്യാഭ്യാസത്തിനായി ആഭരണങ്ങൾ വിൽക്കുവാൻ ആലോചിച്ചിരുന്നു. പഠിക്കാൻ അനുവദിക്കാതെ കല്യാണം നടത്തിയാല്‍ മകള്‍ ആത്മഹത്യ ചെയ്യുമെന്നും അതു കണ്ടു നിൽക്കാൻ പറ്റില്ലെന്നും അവർ പറഞ്ഞു.
12-ാം ക്ലാസ്സിൽ പഠിക്കുന്ന നേഹയുടെ സ്വപ്നം പാറ്റ്നയിലെ ഏതെങ്കിലുമൊരു ഓഫീസിൽ ജോലി ചെയ്യുക എന്നതാണ്. "എന്‍റെ കുടുംബത്തിൽ നിന്ന് ആരും ഇതുവരെ ഒരു ഓഫീസിൽ ജോലി ചെയ്തിട്ടില്ല - അതു ചെയ്യുന്ന ആദ്യത്തെ ആളാകണമെന്നാണ് എന്‍റെ ആഗ്രഹം," അവൾ പറഞ്ഞു. നേഹയുടെ മൂത്ത സഹോദരി 17-ാമത്തെ
വയസ്സിൽ വിവാഹിതയാവുകയും 22-ാമത്തെ വയസ്സിൽ മൂന്നു കുട്ടികളുടെ അമ്മയാവുകയും ചെയ്തു. 19-ഉം 15-ഉം വയസ്സു വീതമുള്ള രണ്ടു സഹോദരന്മാരുണ്ട് ഇവർക്ക്. "എനിക്കെന്‍റെ ചേച്ചിയോട് സ്നേഹമുണ്ട്, എന്നാൽ അവരുടെ ജീവിതം എനിക്കു വേണ്ട," നേഹ കൂട്ടിച്ചേർത്തു.
നേഹ പഠിക്കുന്ന ഗംഗ്‌സാരയിലെ സർക്കാർ വിദ്യാലയത്തിൽ 12 വരെ ക്ലാസ്സുകൾ ഉണ്ട്. സരായിരഞ്ജൻ താലൂക്കിലെ ഗംഗ്‌സാര ഗ്രാമത്തിലെ ജനസംഖ്യ 6,868 ആണ് (2011 സെൻസസ് പ്രകാരം). ആറ് പെൺകുട്ടികളും 12 ആൺകുട്ടികളും മാത്രമാണ് തന്‍റെ ക്ലാസ്സിൽ ഉള്ളതെന്ന് അവൾ പറഞ്ഞു. "എട്ടാം ക്ലാസ്സിന് ശേഷം സ്ക്കൂളിലെ പെൺകുട്ടികളുടെ എണ്ണം പതുക്കെ കുറയാൻ തുടങ്ങുന്നു,” നേഹയുടെ സ്ക്കൂളിലെ അദ്ധ്യാപകനായ അനിൽ കുമാർ പറഞ്ഞു. "അവരെ ജോലിക്കു വിടുകയോ വിവാഹം ചെയ്തയയ്ക്കുകയോ ചെയ്യുന്നതിനാലാണിത്."
ബീഹാറിൽ 42.5 ശതമാനം പെൺകുട്ടികളും 18 വയസ്സിന് മുമ്പേ വിവാഹിതരാകുന്നു - അതായത്, രാജ്യത്തെ നിയമാനുസൃതമായ വിവാഹപ്രായത്തിനു ( ബാലവിവാഹ നിരോധന നിയമം, 2006 പ്രകാരം) മുമ്പ്. ഈ സംഖ്യ അഖിലേന്ത്യാ തലത്തിലുള്ള 26.8 ശതമാനത്തേക്കാൾ വളരെ ഉയർന്നതാണെന്ന് ദേശീയ കുടുംബ ആരോഗ്യ സർവേ ( എന്‍.എഫ്.എച്.എസ്.-4, 2015-16 ) പറയുന്നു. സമസ്തിപൂരിൽ ഇത് ഇനിയുമുയർന്ന് 52.3 ശതമാനത്തിലെത്തുന്നു .
നേഹയെയും ശിവാനിയെയും പോലെയുള്ള കുട്ടികളുടെ വിദ്യാഭാസത്തെ ബാധിക്കുന്നതു കൂടാതെ ഇതിനു മറ്റനേകം അനന്തരഫലങ്ങളുണ്ട്. “വർഷങ്ങളായി ബീഹാറിൽ ഗർഭധാരണശേഷി കുറഞ്ഞു വരുന്നുവെന്ന് നമുക്ക് കാണാൻ കഴിയുമെങ്കിലും [2005-06-ലെ 4-ൽ നിന്നും 2015-16-ല്‍ 3.4-ലേക്കും, എന്‍.എഫ്.എച്.എസ്. 2019-20-ല്‍ 3-ലേക്കും], ചെറിയ പ്രായത്തിൽ വിവാഹിതരാകുന്ന പെൺകുട്ടികൾ ദരിദ്രരും പോഷകകുറവുള്ളവരുമാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നും, ഇവർ ആരോഗ്യ സേവനങ്ങളിൽനിന്നും ഒഴിവാക്കപ്പെടുന്നുവെന്നും നമുക്കറിയാം," ന്യൂഡൽഹിയിലെ ഇന്‍റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ റിസർച്ച് ഫെലോ ആയ പൂർണിമ മേനോൻ പറയുന്നു. അവർ വിദ്യാഭ്യാസം, ചെറുപ്രായത്തിലുള്ള വിവാഹം, പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പഠനം നടത്തിയിട്ടുണ്ട്.
ഒരു വ്യക്തിയുടെ വിവിധ അവസ്ഥാന്തരങ്ങൾക്കിടയിൽ ആവശ്യത്തിന് സമയം നൽകേണ്ടത് വളരെ പ്രധാനമാണെന്ന് മേനോൻ കൂട്ടിച്ചേർക്കുന്നു - സ്ക്കൂൾ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമിടയിൽ, ഗർഭ ധാരണങ്ങൾക്കിടയിൽ, ഒക്കെ ഇടവേളകൾ ആവശ്യമാണ്. "പെൺകുട്ടികളുടെ ജീവിതത്തിലെ മുഖ്യ പരിവർത്തനങ്ങൾക്കിടയിലുള്ള സമയം ദീർഘിപ്പിക്കേണ്ടതുണ്ട്," അവർ പറയുന്നു. "പെൺകുട്ടികൾ കുട്ടികളായിരിക്കുമ്പോൾ തന്നെ നമ്മൾ ഇതു ചെയ്തു തുടങ്ങണം." പണം അയയ്ക്കുന്ന പദ്ധതികൾ, കുടുംബാസൂത്രണ ആനുകൂല്യങ്ങൾ എന്നിവ പോലുള്ള പദ്ധതികളിലൂടെ ആവശ്യമായ കാലതാമസം സൃഷ്ടിച്ച് പെൺകുട്ടികളെ അവരുടെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കാമെന്ന് മേനോൻ വിശ്വസിക്കുന്നു.
“പെൺകുട്ടികളുടെ വിവാഹം വൈകിയാൽ അവർക്ക് മികച്ച രീതിയിൽ പഠിക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” സമസ്തിപൂരിലെ സരായിരഞ്ജൻ താലൂക്കിലെ ജവഹർ ജ്യോതി ബാൽ വികാസ് കേന്ദ്ര എന്ന എൻ.ജി.ഒ.യിലെ പ്രോഗ്രാം മാനേജർ കിരൺ കുമാരി പറയുന്നു. കുമാരി പലയിടത്തും ബാലവിവാഹങ്ങൾ തടയുന്നതിനു വേണ്ടിയും, വിവാഹം നീട്ടിവയ്ക്കണമെന്നു പെൺകുട്ടി ആഗ്രഹിക്കുന്നുവെങ്കിൽ അക്കാര്യം കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. "ബാലവിവാഹങ്ങൾ തടയുന്നതു കൊണ്ടു മാത്രം ഞങ്ങളുടെ ജോലി അവസാനിക്കുന്നില്ല," അവർ കൂട്ടിച്ചേർത്തു. "പെൺകുട്ടികളെ പഠിക്കാനും സ്വന്തമായി ഒരു ജീവിതം തിരഞ്ഞെടുക്കാനും പ്രചോദിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം."
എന്നാൽ 2020 മാർച്ചിൽ മഹാമാരിയെത്തുടർന്ന് ലോക്ക്ഡൗൺ ആരംഭിച്ചതോടെ മാതാപിതാക്കളെ ബോദ്ധ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടായിത്തീർന്നുവെന്നു കുമാരി നിരീക്ഷിച്ചു. "മാതാപിതാക്കൾ ഞങ്ങളോടു പറയുന്നു: 'വരുമാനം നഷ്ടപ്പെട്ടുകുണ്ടിരിക്കുന്ന ഈ അവസ്‌ഥയിൽ [ഭാവി വരുമാനത്തെക്കുറിച്ച് ഉറപ്പില്ലാത്തതിനാൽ] ഒരു ഉത്തരവാദിത്തമെങ്കിലും നിറവേറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'. പെൺകുട്ടികൾ ഒരു ഭാരമല്ലെന്നും അവർ നിങ്ങളെ സഹായിക്കുമെന്നും പറഞ്ഞുമനസ്സിലാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു."
കുറച്ചു കാലത്തേക്ക് 16-കാരിയായ ഗൗരി കുമാരിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞു. 9 മുതൽ 24 വയസ്സു വരെയുള്ള ഏഴു സഹോദരങ്ങളിൽ മൂത്തവളായതിനാൽ മാതാപിതാക്കൾ - ഇവരുടെ കുടുംബം ഭുയ്യ ജാതിയിൽ പെടുന്നു - ഇവരുടെ വിവാഹം നടത്താൻ പല പ്രാവശ്യം ശ്രമിച്ചു. ഓരോ തവണയും കുറച്ചു കൂടി കാത്തിരിക്കാൻ അവരെ പറഞ്ഞ് സമ്മതിപ്പിക്കാൻ അവൾക്കു കഴിഞ്ഞു. എന്നാൽ, 2020 മേയ് മാസം അവരെ ഭാഗ്യം കയ്യൊഴിഞ്ഞു.
സമസ്‌തിപൂരിലെ മഹുലി ദാമോദർ എന്ന തന്‍റെ ഗ്രാമത്തിനു പുറത്ത് ബസ് സ്റ്റാൻഡിനടുത്തുള്ള തിരക്കേറിയ ഒരു ചന്തയിൽ വച്ച് ഒരു ദിവസം രാവിലെ ഗൗരി തന്‍റെ വിവാഹത്തിലേക്ക് നയിച്ച സംഭവങ്ങൾ അനുസ്മരിച്ചു: “ആദ്യം എന്‍റെ അമ്മ എന്നെ ബേഗുസാരായിലെ നിരക്ഷരനായ ഒരാളെകൊണ്ട് വിവാഹം ചെയ്യിക്കാൻ ശ്രമിച്ചു. പക്ഷേ ഞാൻ എന്നെപ്പോലെ വിദ്യാഭ്യാസമുള്ള ഒരാളെ വിവാഹം കഴിക്കാനാണ് ആഗ്രഹിച്ചത്, ” അവൾ പറഞ്ഞു. “ഞാൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജവഹർ ജ്യോതിയിലെ അദ്ധ്യപകരെ വിളിക്കുകയും ചെയ്തതിനു ശേഷമാണ് അവർ ആ ശ്രമം ഉപേക്ഷിച്ചത്.”
പക്ഷെ ഗൗരിയുടെ വിസമ്മതവും പോലീസിനെ വിളിക്കുമെന്ന ഭീഷണിയുമൊന്നും അധികനാൾ ഫലിച്ചില്ല. കഴിഞ്ഞ വർഷം മെയ് മാസം അവളുടെ കുടുംബം കോളേജിൽ പഠിക്കുന്ന ഒരു ആൺകുട്ടിയെ കണ്ടെത്തുകയും അവരുടെ വിവാഹം വളരെ കുറച്ചു ആളുകളുടെ സാന്നിദ്ധ്യത്തിൽ നടത്തുകയും ചെയ്തു. മുംബൈയിലെ മൊത്തക്കച്ചവട ചന്തകളിൽ ദിവസക്കൂലിക്കാരാനായി പണിയെടുക്കുന്ന ഗൗരിയുടെ അച്ഛനു പോലും ലോക്ക്ഡൗൺ ആയതിനാൽ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
"ഈ അവസ്‌ഥയിൽ ആയിപ്പോയതിൽ എനിക്കു വളരെ വിഷമമുണ്ട്. ഞാൻ പഠിക്കുമെന്നും പ്രധാനപ്പെട്ട ആരെങ്കിലുമായിത്തീരുമെന്നും കരുതിയിരുന്നു. ഇപ്പോഴും എല്ലാം കൈവിട്ടു കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു ദിവസം ഞാനൊരു അദ്ധ്യാപികയാവും," അവർ പറഞ്ഞു, "പെൺകുട്ടികളുടെ ഭാവി സ്വന്തം കയ്യിലാണെന്ന് ഞാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യും."
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് മേല്‍പ്പറഞ്ഞ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ zahra@ruralindiaonline.org എന്ന മെയിലിലേക്ക് , namita@ruralindiaonline.org എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .
പരിഭാഷ: പി എസ് സൗമ്യ