“ഞങ്ങൾ ഇന്ന് പിന്മാറില്ല”, തുക്കാറാം വളവി പറഞ്ഞു. “ഞങ്ങൾ ഈ സർക്കാരിനാൽ ആക്രമിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. വർഷങ്ങളായി ഞങ്ങൾ കൃഷി ചെയ്യുന്ന ഭൂമിയിൽ നിന്നും 10 ഏക്കർ നല്കാൻ ആവശ്യപ്പെട്ടാൽ 10 ഗുണ്ടയാണ് (ഒരു ഏക്കറിന്റെ കാൽഭാഗം) ഞങ്ങൾക്ക് തരുന്നത്. അഞ്ച് ഏക്കർ ആവശ്യപ്പെട്ടാൽ മൂന്ന് ഗുണ്ടയാണ് തരുന്നത്. ഞങ്ങളുടെ ഭൂമി ഇല്ലാതെ ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിയ്ക്കും? ഞങ്ങൾക്ക് പണവുമില്ല, ജോലിയുമില്ല, ഭക്ഷണവുമില്ല.”
പാൽഗർ ജില്ലയിലെ വാഡാ താലൂക്കിലെ ഗർഗാവോൺ ഗ്രാമത്തിൽ നിന്നുള്ള വാർളി ആദിവാസി വിഭാഗത്തിൽപ്പെട്ട 61-കാരനായ വളവി ജില്ലയുടെ വ്യത്യസ്ത ഗ്രാമങ്ങളിൽ നിന്നുള്ള, പ്രധാനമായും വാർളി സമുദായത്തിൽപ്പെട്ട, 3000 (കണക്കനുസരിച്ച്) കർഷകരോടും കർഷക തൊഴിലാളികളോടും ചേർന്ന് ഈയാഴ്ച സമരത്തിലാണ്.
നവംബർ 26-ന് വാഡായിലെ ഖന്ധേശ്വരി നാകായിൽ അവരെല്ലാം ഒത്തുചേർന്ന്, “രാജ്യത്തെ കൃഷിയുടെ പരിവര്‍ത്തനം, കർഷകരുടെ വരുമാനം ഉയർത്തല്‍, എന്നീ ലക്ഷ്യങ്ങളോടെ” സെപ്റ്റംബർ 27-ന് പാസ്സാക്കിയ, മൂന്ന് കാർഷിക നിയമങ്ങള്‍ ക്കെതിരെ ഒരു റോഡുപരോധം നടത്തി. ഇവ കാര്‍ഷിക മേഖലയെ സ്വകാര്യ നിക്ഷേപകർക്കും ആഗോള വിപണികൾക്കുമായി തുറന്നു കൊടുക്കുമെന്ന് ഈ സർക്കാർ അവകാശപ്പെടുന്നു. ഈ നിയമം പാസ്സാക്കിയതിനെത്തുടര്‍ന്ന് സെപ്റ്റംബർ മുതൽ കർഷകര്‍ വ്യാപകമായ സമരത്തിലേര്‍പ്പെടാന്‍ തുടങ്ങി – പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ.
കഴിഞ്ഞ ദിവസങ്ങളിൽ ഹരിയാന-ഡൽഹി അതിർത്തിയിൽ കർഷകർ കൃത്യമായി സംഘടിച്ചുകൊണ്ട് നടത്തിയ സമരങ്ങളിലേയ്ക്ക് മാത്രമായി എല്ലാ ശ്രദ്ധയും എത്തിയതു കൊണ്ട് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റു കർഷകർ - മേൽപ്പറഞ്ഞ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും, അതുപോലെ തന്നെ തങ്ങളുടെ ചില പ്രാദേശിക ആവശ്യങ്ങൾ കൂട്ടിച്ചേർത്തു കൊണ്ടും - നടത്തിയ സമരങ്ങൾക്ക് കുറഞ്ഞ ശ്രദ്ധയേ കിട്ടിയുള്ളൂ. ഉദാഹരണത്തിന് മഹാരാഷ്ട്രയിൽ ഏറ്റവും കുറഞ്ഞത് 60,000 ആൾക്കാർ നവംബർ 25-26 തീയതികളിൽ സംസ്ഥാനത്തുടനീളം നടന്ന - നാസികിൽ തുടങ്ങി പാൽഗറിലേയ്ക്കും പിന്നെ റായ്ഗഢിലേയ്ക്കും എത്തിയ - സമര പരമ്പരകളിൽ പങ്കെടുത്തു. ഈ ജില്ലകളിൽ പോലും പല താലൂക്കുകളിൽ നിന്നുള്ള ഒരുപാട് കേന്ദ്രങ്ങളിലേയ്ക്ക് സമരം വ്യാപിച്ചിരുന്നു.
വാഡായിൽ ഈ ആഴ്ച നടന്ന, അഖിലേൻഡ്യാ കിസാൻ സഭ (എ.ഐ.കെ.എസ്) സംഘടിപ്പിച്ച റാലിയിൽ ഉയർന്നുകേട്ട ആവശ്യങ്ങളിൽ വളവിയുടെ പ്രധാനപ്പെട്ട ആവശ്യവും - പട്ടയം - ഉണ്ടായിരുന്നു. കുറച്ചു വർഷങ്ങളായി മഹാരാഷ്ട്രയിലെ ധാരാളം സമരങ്ങളിൽ ആദിവാസി കർഷകര്‍ ആവർത്തിച്ച് ഉയർത്തുന്ന ഒരു ആവശ്യമാണിത്. കഴിഞ്ഞ 15 വർഷമായി തന്റെ ഭൂമിയ്ക്ക് പട്ടയം കിട്ടാനായി വളവി കോടതി കയറിയിറങ്ങിക്കൊണ്ടിരിയ്ക്കുകയാണ്. “[ഞങ്ങളുടെ] ഗ്രാമങ്ങളിൽ വനഭൂമിയിൽ കൃഷി ചെയ്യുന്നവർ വനം വകുപ്പിൽ നിന്നും അനീതി നേരിട്ടു കൊണ്ടിരിയ്ക്കുന്നു”, അദ്ദേഹം പറഞ്ഞു. “ഈ കേസുകൾ ഞങ്ങൾക്ക് കോടതിയിൽ നേരിടേണ്ടതുണ്ട്. ഞങ്ങളുടെ ജാമ്യത്തിനായി പോലും ഞങ്ങൾക്ക് പണമില്ല. എവിടെ നിന്നു ഞങ്ങൾ പാവങ്ങൾ അതിനുള്ള പണം കണ്ടെത്തും.”

മുകളിൽ ഇടത്: തുക്കാറാം വളവി: ‘ഞങ്ങൾ ഇന്ന് പിന്മാറില്ല’. മുകളിൽ വലത്: രാമ തർവി: ‘ഞങ്ങുടെ ഭൂമിയിൽ കൃഷി ചെയ്യാൻ വനം വകുപ്പ് ഞങ്ങളെ അനുവദിയ്ക്കുന്നില്ല’. താഴെ ഇടത്: സുഗന്ധ ജാതവ്: ‘സർക്കാർ ഞങ്ങളെ തെരുവിലിറങ്ങാൻ നിർബ്ബന്ധിതരാക്കിയിരിയ്ക്കുന്നു’. താഴെ വലത്: തന്റെ ആധാർ കാർഡ് കിട്ടാൻ വർഷങ്ങളായി ശ്രമിച്ചു കൊണ്ടിരിയ്ക്കുന്ന സുനിതാ സവാരേ പറയുന്നു: “കാർഡ് ഓഫീസിലുള്ളവർ എന്താണ് പറയുന്നതെന്ന് എനിയ്ക്കു മനസ്സിലാകുന്നില്ല. എനിയ്ക്ക് എഴുതാനോ വായിയ്ക്കാനോ കഴിയില്ല. എന്ത് ഫോം പൂരിപ്പിയ്ക്കണമെന്ന് എനിയ്ക്കറിയില്ല. അവർ എന്നോട് അങ്ങോട്ടു പോ, ഇങ്ങോട്ടു പോ, ഈ ദിവസം വാ, ആ ദിവസം വാ എന്നൊക്കെ പറയുന്നു. ഞാൻ മടുത്തു
നവംബർ 26-ന് നടന്ന റാലിയിൽ കർഷകർ 21-ഇന ആവശ്യങ്ങളുടെ ഒരു പത്രിക കരുതുകയും അതവർ വാഡാ താലൂക്കിലെ തഹസീൽദാറുടെ ഓഫീസിൽ സമർപ്പിയ്ക്കുകയും ചെയ്തു. റാലിയ്ക്ക് വന്ന ഏതാണ്ടെല്ലാവരും മാസ്ക് ധരിയ്ക്കുകയോ അല്ലെങ്കിൽ കൈത്തൂവാല കൊണ്ടോ നേര്യത് കൊണ്ടോ തങ്ങളുടെ മുഖം മറയ്ക്കുകയും ചെയ്തിരുന്നു. ചില എ.ഐ.കെ.എസ്. സന്നദ്ധ പ്രവർത്തകർ സമർക്കാർക്ക് മാസ്കുകളും സോപ്പും വിതരണം ചെയ്യുന്നുണ്ടായിരുന്നു.
അടുത്തിടെ പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിയ്ക്കണമെന്നുള്ളതും 21-ഇന ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. 2006-ലെ വനാവകാശ നിയമം ( എഫ്.ആര്.എ. ) കർശനമായി നടപ്പാക്കുക, കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള മഴ മൂലം ഉണ്ടാകുന്ന വിളനഷ്ടങ്ങൾക്ക് പര്യാപ്തമായ നഷ്ട പരിഹാരം നല്‍കുക, (കോവിസ്-19-ന്റെ പശ്ചാത്തലത്തിൽ) പൊതു ആരോഗ്യ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുക, ഓൺലൈൻ ക്ലാസ്സുകൾ അവസാനിപ്പിയ്ക്കുക എന്നിവയൊക്കെയാണ് ദൂരവ്യാപകമായ മറ്റ് ആവശ്യങ്ങൾ.
ഓരോ കുടുംബത്തിനും 7,500 രൂപ വീതം വരുമാനത്തിനു താങ്ങായി നല്‍കുക, പാൻഡമിക് സമയങ്ങളിൽ 6 മാസത്തേയ്ക്ക് ഓരോ കുടുംബാംഗത്തിനും 10 കിലോ വീതം റേഷൻ അനുവദിയ്ക്കുക – ഈ ആവശ്യത്തെക്കുറിച്ച് റാലിയിൽ ഒരുപാടു കർഷകർ സംസാരിച്ചു – എന്നിവയും പത്രികയില്‍ ഉൾപ്പെടുന്നു.
“ഞങ്ങളുടെ പ്രദേശത്തു നിന്നുമുള്ള ചില സ്ത്രീകൾക്ക് വരുമാനം ഉണ്ടാക്കുന്നതിനായി എല്ലാ ദിവസും രാവിലെ നാല് മണിയ്ക്കൂറോളം നടക്കേണ്ടതുണ്ട്”, കാഞ്ചാട് ഗ്രാമത്തിൽ നിന്നുള്ള എ.ഐ.കെ.എസ്. പ്രവർത്തകയും 54-കാരിയുമായ രമാ താർവി പറയുന്നു. രമാ തര്വിയുടെ കുടുംബം 2 ഏക്കറിൽ ജോവാർ, ബജ്റ, ഗോതമ്പ് എന്നിവ കൃഷി ചെയ്യുന്നു. “ദിവസം മുഴുവൻ പണിതു കഴിഞ്ഞാൽ 200 രൂപയാണ് അവർക്ക് കിട്ടുന്നത്. ഞങ്ങൾക്ക് ഭൂമിയുണ്ട്, പക്ഷേ അവിടെ കൃഷി ചെയ്യാൻ വനം വകുപ്പ് ഞങ്ങളെ അനുവദിയ്ക്കുന്നില്ല. കോവിഡ് കാലമായതിനാൽ നേരത്തേ തന്നെ ഞങ്ങള്‍ക്കു ജോലിയുമില്ല.”
“[എഫ്,ആർ.എ] സ്ഥലമാണ് ഞങ്ങളുടെ ഒരേയൊരു ഉപജീവന മാർഗ്ഗം. കോവിഡ് കാലമായിട്ടു പോലും അവർ ഞങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുകയും വർഷങ്ങളായി കൃഷി ചെയ്തു പോരുന്ന ഭൂമിയ്ക്കുമേലുള്ള ഞങ്ങളുടെ അവകാശം റദ്ദ് ചെയ്യാന്‍ നോക്കുകയും ചെയ്യുന്നു”, 50-കാരിയായ സുഗന്ധ ജാദവ് പറയുന്നു. അവരുടെ കുടുംബം നെല്ല്, ബജ്റ, ഉഴുന്ന്, ചോളം എന്നിവ കൃഷി ചെയ്യുന്നു. “ഞങ്ങൾ ഒരുപാടു തവണ സമരം ചെയ്യുകയും പ്രകടനം നടത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്, പക്ഷേ സർക്കാർ ശ്രദ്ധിയ്ക്കുന്നില്ല. സർക്കാർ ഞങ്ങളെ വീണ്ടും തെരുവിലിറങ്ങാൻ നിർബ്ബന്ധിതരാക്കിയിരിയ്ക്കുന്നു.

നവംബർ 26-ന് വാഡാ താലൂക്കിലെ ഖന്ധേശ്വരി നാകായിലേയ്ക്ക് റോഡുപരോധത്തിനു പോകുന്നതിനായി കർഷകർ തയ്യാറെടുക്കുന്നു

വാഡാ താലൂക്കിലെ കിരാവലി നാകായിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) യുടെ ഓഫീസിന് മുമ്പിൽ വെയ്റ്റ് ചെയ്യുന്നു

രേണുകാ കാലുറാം (വലതു വശത്ത് പച്ച സാരിയിൽ) പഘാരിലെ കരഞ്ചേ ഗ്രാമത്തിൽ ദിവസം 150 രൂപ വേതനത്തിൽ കർഷക തൊഴിലാളിയായി പണിയെടുക്കുന്നു. പ്രദേശത്തെ അംഗൻവാടിയിൽ പോകുന്ന മൂന്ന് കുഞ്ഞുകൾ അവർക്കുണ്ട്: സർക്കാർ ഓൺലൈൻ പഠനം അവസാനിപ്പിയ്ക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഞങ്ങളുടെ കുട്ടികൾ ഒന്നും ഓൺലൈനിൽ പഠിയ്ക്കുന്നില്ല. ഞങ്ങൾക്ക് വലിയ ഫോണുകളുമില്ല ഞങ്ങളുടെ പ്രദേശത്ത് അതിനുള്ള സിഗ്നലുമില്ല’
![Left: Gulab Dongarkar, an agricultural labourer from Kanchad village: We have been sitting here since 10 a.m. It’s been very hard for us to get work during Covid. We want the government to give us at least 10 kilos of rations [instead of five, which too many did cannot access]'. Right: Janki Kangra and her 11-member family cultivate rice, jowar, bajra and millets on three acres, while battling, she said, the forest department's strictures](/media/images/06a-IMG_0792-SA.max-1400x1120.jpg)
![Left: Gulab Dongarkar, an agricultural labourer from Kanchad village: We have been sitting here since 10 a.m. It’s been very hard for us to get work during Covid. We want the government to give us at least 10 kilos of rations [instead of five, which too many did cannot access]'. Right: Janki Kangra and her 11-member family cultivate rice, jowar, bajra and millets on three acres, while battling, she said, the forest department's strictures](/media/images/06b-IMG_0800-SA.max-1400x1120.jpg)
ഇടത്: കാഞ്ചാട് ഗ്രാമത്തിൽ നിന്നുള്ള കർഷക തൊഴിലാളിയായ ഗുലാബ് ദൊംഗാർക്കർ: രാവിലെ 10 മണി മുതൽ ഞാൻ ഇവിടെ ഇരിയ്ക്കുന്നു. കോവിഡ് കാലത്ത് ജോലി കിട്ടുക എന്നുള്ളത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടാണ്. സർക്കാർ ഞങ്ങൾക്ക് 10 കിലോ വീതം റേഷൻ [5 ന് പകരം, അത് പലർക്കും കിട്ടുന്നുമില്ല] നല്‍കണം. വലത്: വനം വകുപ്പിന്റെ വിലക്കുകളോട് മല്ലടിച്ചുകൊണ്ട് ജങ്കി കങ്ക്രായും അവരുടെ 11 അംഗ കുടുംബവും അരി, ജോവർ, ബജ്റ, ചോളം എന്നിവയൊക്കെ മൂന്നേക്കറിൽ കൃഷി ചെയ്യുന്നു

വാഡാ താലൂക്കിലെ കിരാവലി നാകായിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) യുടെ ഓഫീസിന് പുറത്തു നില്ക്കുന്ന പോലീസുകാർ

സമരത്തിലേര്‍പ്പെട്ടിരിയ്ക്കുന്ന ആദിവാസി കർഷകർക്ക് അഖിലേൻഡ്യാ കിസാൻ സഭയുടെ അംഗങ്ങൾ സോപ്പും മാസ്കുകളും വിതരണം ചെയ്യുന്നു


ഇടത്: ഖന്ധേശ്വരി നാകായിലേയ്ക്ക് തന്റെ മൂന്നു വയസ്സുകാരനായ കൊച്ചുമകൻ സായിനാഥിനെയും ചുമലിലേറ്റിക്കൊണ്ട് റോഡുപരോധത്തിനു വേണ്ടി പോകുന്ന സുഖി വാഗ് എന്ന നിർമ്മാണ തൊഴിലാളി. ‘ഞങ്ങൾക്ക് റേഷൻ തരിക, ഞങ്ങൾക്ക് ജോലിയില്ല’, അവർ പറഞ്ഞു. വലത്: സമരക്കാർ ഖന്ധേശ്വരി നാകായിലേയ്ക്ക് നടക്കുന്നു

റോഡുപരോധത്തിനു വേണ്ടി പാൽഗർ ജില്ലയിലെ കിരാവലി നാകായിൽ നിന്നും ഖന്ധേശ്വരി നാകായിലേയ്ക്കുള്ള രണ്ടു കിലോമീറ്റര്‍ ദൈഘ്യമുള്ള റോഡില്‍

വാഡാ താലൂക്കിലെ ഖന്ധേശ്വരി നാകായിലെ സമരം അഖിലേൻഡ്യാ കിസാൻ സഭാ അംഗമായ ചന്ധു ദങ്ഡ നയിയ്ക്കുന്നു

നവംബർ 26-നുള്ള റാലിയിൽ സമരക്കാരുടെ കയ്യിൽ 21-ഇന ആവശ്യങ്ങളുടെ ഒരു പത്രിക ഉണ്ടായിരുന്നു. അത് അവർ വാഡാ താലൂക്കിലെ തഹസീൽദാറുടെ സമക്ഷം സമർപ്പിച്ചു


ഇടത്: ‘ഞങ്ങളുടെ വിളകളെല്ലാം ഈ വർഷം കനത്ത മഴ കാരണം നശിച്ചു. ഞങ്ങൾക്ക് 10000 രൂപയോളം നഷ്ടം സംഭവിച്ചു’ രണ്ടേക്കറിൽ നെല്ല്, ബജ്റ, ജോവർ, ചോളം എന്നിവ കൃഷി ചെയ്യുന്ന ആഷാ ഗവാരേ പറഞ്ഞു. ഞങ്ങൾക്ക് പണം വായ്പ നൽകാൻ ആരും തയ്യാറല്ല. സർക്കാർ ഞങ്ങൾക്ക് നഷ്ട പരിഹാരം നല്‍കണം, അല്ലെങ്കിൽ ഞങ്ങൾക്ക് ഒരിയ്ക്കലും ഈ നഷ്ടത്തിൽ നിന്നും കരകയറാനാവില്ല’. വലത്: വൈദ്യുതി ചാർജ്ജുകൾ കുറയ്ക്കണമെന്ന് പാൽഗറിലെ കാഞ്ചാട് ഗ്രാമത്തിൽ നിന്നുള്ള ദേവ് വാഗ് പറയുന്നു: ‘ഞങ്ങൾ ഞങ്ങളുടെ പാടത്ത് പണിതിട്ടു പോലുമില്ല, ഞങ്ങൾക്ക് വളരെ ഉയർന്ന ബില്‍ വരുന്നു. 6 മാസത്തേയ്ക്ക് ഞങ്ങളോട് വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെടരുത് എന്നുള്ളതാണ് ഞങ്ങളുടെ ആവശ്യം’. കർഷകർക്കും ഗ്രാമീണ ഇൻഡ്യയിലെ മറ്റുള്ളവർക്കും കുത്തനെ ഉയർന്ന നിരക്കിലുള്ള താരിഫ് ഏർപ്പെടുത്തുന്ന വൈദ്യുതി (ഭേദഗതി) ബിൽ, 2020 നീക്കം ചെയ്യണമെന്നുള്ള ആവശ്യവും 21-ഇന ആവശ്യങ്ങളുടെ പത്രികയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു. വളരെയധികം ഉയർന്നിരിയ്ക്കുന്ന (അല്ലെങ്കിൽ ഉയർത്തപ്പെട്ട) ബില്ലുകൾക്കെതിരെ ഈ വർഷം ഏപ്രിൽ മുതൽ ഒരുപാടു പേർ സമരം ചെയ്യുകയും ഉണ്ടായി

പ്രതീക്ഷയും നിശ്ചയദാര്‍ഢ്യവും ഐക്യദാര്‍ഢ്യവും വാഡാ താലൂക്കിലെ ഖന്ധേശ്വരി നാകായില്‍
പരിഭാഷ: ഡോ. റെന്നിമോന്‍ കെ. സി.