കുറച്ചുകാലം മുമ്പുവരെ, മഹാരാഷ്ട്രയിലെ കോലാപ്പുർ ജില്ലയിലുൾപ്പെടുന്ന ഹട്ട്കനംഗൽ എന്ന താലൂക്കിലെ കോച്ചി ഗ്രാമത്തിൽ കർഷകർ തമ്മിൽത്തമ്മിൽ മത്സരിക്കുകയായിരുന്നു. ഒരേക്കർ കൃഷിസ്ഥലത്ത് ആരാണ് കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുക എന്ന കാര്യത്തിൽ. ആരോഗ്യകരമായ മത്സരമായിരുന്നു അത്. പങ്കെടുക്കുന്ന എല്ലാവർക്കും നല്ല പ്രതിഫലം നൽകുന്ന ഒന്ന്. ചില കർഷകർ, ഒരേക്കറിൽനിന്ന് 80,000 മുതൽ 100,000 കിലോഗ്രാംവരെ ഉത്പാദിപ്പിച്ചിരുന്നു. സാധാരണസമയത്തെ വിളവിനേക്കാൾ 1.5 ഇരട്ടി അധികം.
2019 ഓഗസ്റ്റിൽ 10 ദിവസത്തോളം പെയ്ത മഴയിൽ ഗ്രാമത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിൽ മുങ്ങുകയും, അവിടുത്തെ കരിമ്പുകൃഷി ഏറെക്കുറെ നശിക്കുകയും ചെയ്തതോടെ, ആ പതിവ് പെട്ടെന്ന് അവസാനിച്ചു. രണ്ടുവർഷം കഴിഞ്ഞ്, 2021 ജൂലായി, വീണ്ടും ഒരിക്കൽക്കൂടി ശക്തമായ മഴയും പ്രളയവും ഖോച്ചിയിലെ കരിമ്പ്, സോയാബീൻ വിളവുകളെ പാടേ തകർത്തു.
“ഇപ്പോൾ കർഷകർ മത്സരിക്കാറില്ല. തങ്ങളുടെ കരിമ്പുകൃഷിയുടെ പകുതിയെങ്കിലും രക്ഷപ്പെടണമെന്ന് പ്രാർത്ഥിക്കുകയാണ് അവർ”, ഖോച്ചിയിലെ താമസക്കാരിയും പാട്ടക്കൃഷിക്കാരിയുമായ 42 വയസ്സുള്ള ഗീത പാട്ടിൽ പറയുന്നു. കരിമ്പ് ഉത്പാദനം വർദ്ധിപ്പിക്കാനുള്ള എല്ലാ മാർഗ്ഗങ്ങളും അറിയാം എന്ന് സ്വയം വിശ്വസിച്ചിരുന്ന ഗീതയ്ക്ക്, ആ രണ്ട് പ്രളയത്തിലുംകൂടി, 8 ലക്ഷം കിലോഗ്രാം കരിമ്പാണ് നഷ്ടമായത്. “എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്”, അവർ പറയുന്നു. കാലാവസ്ഥാമാറ്റത്തെ അവർ കണക്കിലെടുത്തിരുന്നില്ല.
“മഴ പെയ്യുന്നതിന്റെ രീതി 2019-ലെ പ്രളയത്തിനുശേഷം പാടേ മാറിയിരിക്കുന്നു”, അവർ പറഞ്ഞു. 2019-വരെ അവർക്കൊരു പ്രത്യേക പതിവുണ്ടായിരുന്നു. കരിമ്പ് വിളവെടുത്തുകഴിഞ്ഞാൽ - സാധാരണയായി ഒക്ടോബർ, നവംബർ കാലത്ത് – മറ്റെന്തെങ്കിലും കൃഷി – സോയാബീനോ, നിലക്കടലയോ, വിവിധയിനം നെല്ലോ, സങ്കര ചോളമോ, ധാന്യങ്ങളോ – അവർ കൃഷി ചെയ്തിരുന്നു. മണ്ണ് അതിന്റെ പോഷകഗുണം നിലനിർത്തുന്നു എന്ന് ഉറപ്പുവരുത്താൻ. അവരുടെ ജീവിതത്തിനും തൊഴിലിനും ഒരു കൃത്യവും, പരിചിതവുമായ താളമുണ്ടായിരുന്നു. അതെല്ലാം നഷ്ടമായി.
“ഈ വർഷം (2022), കാലവർഷം ഒരുമാസം വൈകിയാണ് എത്തിയത്. പക്ഷേ, പെയ്യാൻ തുടങ്ങിയപ്പൊൾ, ഒരു മാസത്തിനകം, പാടമെല്ലാം വെള്ളത്തിനടിയിലായി”, ഓഗസ്റ്റിലെ അതിശക്തമായ മഴയിൽ, രണ്ടാഴ്ചയോളം വലിയൊരു ഭാഗം കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി; കർഷകർ കരിമ്പ് നടാൻ തുടങ്ങിയതേയുണ്ടായിരുന്നുള്ളു. വെള്ളത്തിന്റെ ആധിക്യം കാരണം, വളർച്ച മുരടിക്കുകയും, കൃഷി നശിക്കുകയും ചെയ്തതിനാൽ അവർക്കെല്ലാം ഭീമമായ നഷ്ടമാണ് സംഭവിച്ചത്. വെള്ളം കൂടുതൽ ഉയർന്നാൽ വീടുകളിൽനിന്ന് ഇറങ്ങണമെന്ന് പഞ്ചായത്ത് ആളുകൾക്ക് മുന്നറിയിപ്പുപോലും നൽകി.

2021-ലെ പ്രളയത്തിനുശേഷം ഗീതാ പാട്ടിലിന് ഹൈപ്പർതൈറോയിഡിസം കണ്ടെത്തി. 'അത്രയ്ക്ക് ക്ഷീണം മുമ്പൊന്നും തോന്നിയിരുന്നില്ല. എന്റെ ആരോഗ്യത്തിന് എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല', പാട്ടത്തൊഴിലാളിയും കർഷകത്തൊഴിലാളിയുമായ അവർ പറയുന്നു
എന്നാൽ, ഒരേക്കറിൽ ഗീത കൃഷി ചെയ്ത നെല്ല് ഭാഗ്യവശാൽ പ്രളയത്തെ അതിജീവിക്കുകയു, ഒക്ടോബറിൽ നല്ലൊരു വിളവ് അവർ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ ഒക്ടോബറിൽ, മുമ്പുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള മഴയുണ്ടായി (മേഘവിസ്ഫോടനം എന്നാണ് ആ പ്രദേശത്തെ ആളുകൾ അതിനെ വിവരിക്കുന്നത്). അതിന്റെ ഫലമായി, കോലാപ്പുർ ജില്ലയിൽ മാത്രം, 78 ഗ്രാമങ്ങളിലായി ആയിരത്തിനടുത്ത് ഹെക്ടർ കൃഷിയിടം നശിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
“പകുതിയോളം നെല്ല് ഞങ്ങൾക്ക് നഷ്ടമായി”, ഗീത പറയുന്നു. മാത്രമല്ല, കനത്ത മഴയെ അതിജീവിച്ച കരിമ്പിന്റെ വിളവുപോലും കുറവായിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. “പാട്ടക്കർഷകർ എന്ന നിലയ്ക്ക്, ഉത്പാദനത്തിന്റെ 80 ശതമാനം ഭൂവുടമയ്ക്ക് ഞങ്ങൾ കൊടുക്കുകയും വേണം”, ഗീത സൂചിപ്പിച്ചു.
ഗീതയും അവരുടെ കുടുംബവും നാലേക്കർ ഭൂമിയിൽ കരിമ്പ് കൃഷി ചെയ്യുന്നു. സാധാരണ കാലങ്ങളിൽ, ചുരുങ്ങിയത് 320 ടണ്ണെങ്കിലും ഉത്പാദിപ്പിക്കാറുണ്ട്. അതിൽം 64 ടൺ അവർക്ക് കൈവശം വെക്കാം. ബാക്കി ഭൂവുടമയ്ക്ക് പോവും. 64 ടൺ എന്നത്, ഒരു ഏകദേശ കണക്കിൽ 179,200 രൂപവരും. കുടുംബത്തിലെ നാലംഗങ്ങൾ 15 മാസം കഠിനാദ്ധ്വാനം ചെയ്താൽ കിട്ടുന്ന സംഖ്യയാണത്. എന്നാൽ, ഉത്പാദനത്തിന്റെ ചിലവ് മാത്രം വഹിക്കുന്ന ഭൂവുടമയാകട്ടെ, 716,800 രൂപയാണ് ഈ കൃഷിയിൽനിന്ന് കൊയ്യുന്നത്.
2019-ലും 2021-ലും പ്രളയത്തിൽ കരിമ്പ് നഷ്ടമായപ്പോൾ ഗീതയുടെ കുടുംബത്തിന് ഒരു രൂപപോലും ലഭിച്ചില്ല. കരിമ്പ് കൃഷി ചെയ്തിട്ടും, പണിക്കൂലി പോലും അവർക്ക് കൊടുത്തില്ല.
കരിമ്പിൽ വന്ന നഷ്ടത്തിന് പുറമേ, 2019-ലെ പ്രളയത്തിൽ അവരുടെ വീടും തകർന്നു. അതവർക്ക് വലിയൊരു പ്രഹരമായി. അത് പുതുക്കിപ്പണിയാൻ, 25,000 രൂപ ഞങ്ങൾക്ക് ചിലവായി”, ഗീതയുടെ ഭർത്താവ് താനാജി പറഞ്ഞു. “സർക്കാർ തന്ന നഷ്ടപരിഹാരം വെറും 6,000 രൂപയായിരുന്നു”, പ്രളയത്തിനുശേഷം താനാജിക്ക്, പരിശോധനയിൽ ഹൈപ്പർടെൻഷൻ സ്ഥിരീകരിക്കുകയും ചെയ്തു.
2021-ൽ വീണ്ടും പ്രളയം അവരുടെ വീടിന് നാശനഷ്ടങ്ങൾ വരുത്തിയപ്പോൾ, മറ്റൊരു ഗ്രാമത്തിലേക്ക് എട്ട് ദിവസത്തോളം മാറിത്താമസിക്കാൻ അവർ നിർബന്ധിതരായി. ഇത്തവണ അവർക്ക് വീട് പുതുക്കിപ്പണിയാനുള്ള മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല. “ഇപ്പോഴും ചുമരുകൾ നനഞ്ഞിരിക്കുകയാണ്”, ഗീത പറയുന്നു.

2019-ലെ പ്രളയത്തിനുശേഷം, ഗീതയുടെ ഭർത്താവ് താനാജി പാട്ടിലിന് പരിശോധനയിൽ രക്താതിസമ്മർദ്ദം ഉണ്ടെന്ന് തെളിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ, അർജ്ജുൻവാഡിലെ ആളുകളിൽ, സാംക്രമികമല്ലാത്ത രോഗങ്ങൾ വർദ്ധിച്ചിട്ടുണ്ട്

2019-ലെയും 2021-ലെയും പ്രളയത്തിൽ തകർന്ന ഖോച്ചി ഗ്രാമത്തിലെ ഒരു വീട്
മാനസികാഘാതവും വിട്ടുമാറിയിട്ടില്ല. “മഴ പെയ്യുകയും മേൽക്കൂരയിലൂടെ വെള്ളമൊലിക്കുകയും ചെയ്യുമ്പോൾ, ഇപ്പോഴും എനിക്ക് ആ പ്രളയം ഓർമ്മവരും. 2022 ഒക്ടോബറിലെ രണ്ടാമത്തെ ആഴ്ച അതിശക്തമായി മഴ പെയ്തപ്പോൾ, ഒരാഴ്ചയോളം എനിക്ക് ഉറങ്ങാനായില്ല”.
2021-ലെ പ്രളയത്തിൽ കുടുംബത്തിന് അവരുടെ രണ്ട് മെഹ്സാന എരുമകളേയും നഷ്ടമായി. 160,000 രൂപ വിലവരുന്ന മൃഗങ്ങളായിരുന്നു. “പാൽ വില്പനയിൽനിന്നുള്ള ഞങ്ങളുടെ വരുമാനവും നഷ്ടമായി”, അവർ പറയുന്നു. പുതിയ ഒരു എരുമയെ 80,000 രൂപ കൊടുത്ത് വാങ്ങിയതോടെ, കുടുംബത്തിന്റെ സ്ഥിതി പിന്നെയും പരുങ്ങലിലായി. “പ്രളയവും, വെള്ളത്തിൽ മുങ്ങിയ കൃഷിസ്ഥലവും മൂലം ആവശ്യത്തിനുള്ള കൃഷിപ്പണി കിട്ടതെ വരുമ്പോൾ, എരുമപ്പാലാണ് ഒരേയൊരു വരുമാനമാർഗ്ഗം”, അത്രയും പൈസ കൊടുത്ത് എരുമയെ വാങ്ങിക്കേണ്ടിവന്നതിനെക്കുറിച്ച് അവർ വിശദീകരിക്കുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി അവർ പാടത്ത് കൂലിപ്പണിക്കും പോകാറുണ്ടെങ്കിലും അത്തരത്തിലുള്ള ജോലികളൊന്നും ഇപ്പൊൾ അധികം കിട്ടാറില്ല.
സ്വയം സഹായ സംഘങ്ങളിൽനിന്നും, സ്വകാര്യ പണമിടപാടുകാരുമടക്കം വിവിധയിടങ്ങളിൽനിന്നായി ഗീതയും താനാജിയും 2 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട്. എപ്പോഴും ഒരു പ്രളയത്തിന്റെ ഭീഷണിയുടെ നിഴലിൽ നിൽക്കുന്നതിനാൽ, കടം വാങ്ങിയ പണം തിരിച്ചടയ്ക്കാൻ പറ്റുമോ എന്ന ആശങ്കയിലാണ് ഇന്ന് അവർ. അതും കുടുംബത്തിന്റെ ഭാരം വർദ്ധിപ്പിക്കുകയാണ്.
മഴയുടെ സ്വഭാവത്തിലും, വിളവിലും, വരുമാനത്തിലുമുള്ള ഈ അനിശ്ചിതത്വം, ഗീതയുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്.
“2021-ലെ പ്രളയത്തിനുശേഷം, പേശികളുടെ ബലക്ഷയം, സന്ധികളിലെ വേദന എന്നിവ അനുഭവപ്പെടാൻ തുടങ്ങി. ചിലപ്പോൾ ശ്വാസതടസ്സവും”, അവർ പറയുന്നു. സാവധാനം ഭേദമാവുമെന്ന് കരുതി അവർ അതിനെയൊക്കെ അവഗണിച്ചു.
“ഒടുവിൽ ഒരു ദിവസം ഇത് സഹിക്കാൻ പറ്റാതായപ്പോൾ ഞാൻ ഒരു ഡോക്ടറെ പോയിക്കണ്ടു”, അവർ പറയുന്നു. പരിശോധനയിൽ രക്താതിസമ്മർദ്ദമുണ്ടെന്ന് മനസ്സിലായി. മാനസികസമ്മർദ്ദം ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞു. കഴിഞ്ഞ ഒരുവർഷമായി, പ്രതിമാസം 1,500 രൂപ ഗീത മരുന്നുകൾക്കായി ചിലവഴിക്കുന്നുണ്ട്. ഇനിയൊരു 15 മാസംകൂടി ചികിത്സ വേണ്ടിവരികയും ചെയ്യും.


ഇടത്ത്:പ്രളയബാധിതമായ ഖുത്ത്വാഡ് ഗ്രാമത്തിലെ കർഷകത്തൊഴിലാളിയായ രേഷ്മ കാംബ്ലെ. വലത്ത്: 2021 ജൂലായിൽ, കോലാപ്പുരിലെ ഘൽവാഡ് ഗ്രാമത്തിൽ പുരോഗമിക്കുന്ന പ്രളയ സുരക്ഷാ പ്രവർത്തനങ്ങൾ


2019 ഓഗസ്റ്റിലെ പ്രളയത്തിൽ ഭാഗികമായി മുങ്ങിപ്പോയ് കോലാപ്പുർ ശിരാട്ടി ഗ്രാമത്തിലെ വീടുകളും (ഇടത്ത്), സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഓഫീസും (വലത്ത്)
പ്രളയം മൂലമുണ്ടായ ദു:ഖങ്ങളേയും, വർദ്ധിച്ചുവരുന്ന സാമ്പത്തിക, വൈകാരികസമ്മർദ്ദങ്ങളുമായി പൊരുത്തപ്പെടാനാകാത്തതിനെയും കുറിച്ച് പ്രദേശത്തെ ധാരാളമാളുകൾ പറയുന്നുണ്ടെന്ന്, കോലാപ്പുരിലെ പ്രളയബാധിത ഗ്രാമമായ ചിഖാലി ഗ്രാമത്തിലെ സാമൂഹികാരോഗ്യ ഉദ്യോഗസ്ഥ ഡോ. മാധുരി പൻഹൽകർ പറയുന്നു. പ്രളയജലം പൊങ്ങുമ്പോൾ ആദ്യം ബാധിക്കുന്ന ഗ്രാമങ്ങളിലൊന്നാണ്, കർവീർ താലൂക്കിലെ ഈ ചിഖാലി ഗ്രാമം.
ഒരു പ്രളയം അനുഭവിച്ചവരേക്കാൾ ബോധപൂർവ്വമുള്ള നിസ്സഹായത പ്രദർശിപ്പിക്കുന്നത് രണ്ട് പ്രളയം അനുഭവിച്ചവരാണെന്നാണ്, 2019-ലെ പ്രളയത്തിനുശേഷം, കേരളത്തിലെ പ്രളയബാധിത ജില്ലകളിലെ 374 കുടുംബനാഥരിൽ നടത്തിയ ഗവേഷണത്തിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞ ഒരു കാര്യം. (മുമ്പുണ്ടായ ഒരനുഭവം മൂലം, മറ്റൊരു അനുഭവത്തിന്റെ ദുരിതങ്ങളെ നിശ്ശബ്ദമായി സ്വീകരിക്കുന്നതിനെയാണ് ബോധപൂർവ്വമുള്ള നിസ്സഹായത (learned helplessness) എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.
“ഇടയ്ക്കിടയ്ക്കുണ്ടാവുന്ന പ്രകൃതിദുരന്തങ്ങളുടെ ഇരകളാവേണ്ടിവരുന്നവരിൽ പ്രത്യേകശ്രദ്ധ പതിപ്പിച്ചാൽ, ദോഷകരമായ മാനസികപ്രശ്നങ്ങളുടെ പ്രത്യാഘാതങ്ങൾ ഒഴിവാക്കാം’ എന്ന നിഗമനത്തിൽ ആ പഠനം എത്തിച്ചേർന്നു
കോലാപ്പുരിലെ ഗ്രാമത്തിലെ - യഥാർത്ഥത്തിൽ, ഗ്രാമീണ ഇന്ത്യയിലെത്തന്നെ 833 ദശലക്ഷം ആളുകൾക്ക് (2011-ലെ സെൻസസ് കണക്ക്) – മാനസികാരോഗ്യ പരിചരണം അപ്രാപ്യമാണ്. “മാനസികാരോഗ്യ പ്രശ്നമുള്ള രോഗികളെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടതാണ്. എന്നാൽ, പലർക്കും അത്രദൂരം സഞ്ചരിക്കാനുള്ള സാമ്പത്തികസ്ഥിതിയൊന്നുമില്ല”, ഡോ. പൻഹൽകർ പറയുന്നു.
ഗ്രാമീണ ഇന്ത്യയിലെ 764 ജില്ലാ ആശുപത്രികളിലും, 1,224 ഉപജില്ലാ ആശുപത്രികളിലും മാത്രമാണ് (2020-21ലെ ഗ്രാമീണാരോഗ്യ സ്ഥിതിവിവരക്കണക്ക്) സൈക്ക്യാട്രിസ്റ്റുകളേയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളേയും നിയമിച്ചിട്ടുള്ളത്. “പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ നമുക്ക് ആരോഗ്യകാര്യ പ്രൊഫഷണലുകളെ ആവശ്യമാണ്, ഉപകേന്ദ്രങ്ങളിൽ ഇല്ലെങ്കിൽത്തന്നെ”. ഡോക്ടർ കൂട്ടിച്ചേർക്കുന്നു. ഇന്ത്യയിൽ ഒരുലക്ഷം ആളുകൾക്ക് 1 (0.7 ശതമാനം) സൈക്യാട്രിസ്റ്റുമാർ മാത്രമേയുള്ളു എന്ന് 2017-ൽ പ്രസിദ്ധീകരിച്ച ലോകാരോഗ്യസംഘടനയുടെ ഒരു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
*****

വീണ്ടുമൊരു പ്രളയമുണ്ടാവുമോ എന്ന ഭീതിയും മാനസികസപിരിമുറുക്കവും മൂലം ശിവ്ബായ് കാംബ്ലെക്ക് രക്താതിസമ്മർദ്ദം കണ്ടെത്തി
അർജ്ജുൻവാഡിലെ 62 വയസ്സായ ശിവ്ബായ് കാംബ്ലെയുടെ നർമ്മബോധം പ്രശസ്തമാണ്. “ചുണ്ടിൽ പുഞ്ചിരിയോടെ ജോലി ചെയ്യുന്ന ഒരേയൊരു കർഷകത്തൊഴിലാളിയാണ് അവർ” എന്ന് കോലാപ്പുരിലെ ആശാപ്രവർത്തക ശുഭാംഗി കാംബ്ലെ പറയുന്നു.
എന്നിട്ടും, 2019-ലെ പ്രളയം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ അവർക്ക് രക്താതിസമ്മർദ്ദം കണ്ടെത്തി. “എല്ലാവർക്കും അത്ഭുതമായിരുന്നു, കാരണം, ഒരിക്കലും മാനസികപിരിമുറുക്കത്തോടെ അവരെ കണ്ടിട്ടില്ലായിരുന്നു” ശുഭാംഗി പറയുന്നു. എന്തുവന്നാലും സാരമില്ലെന്ന് കരുതുന്ന ഒരു സ്ത്രീക്ക് എന്താണ് പറ്റിയതെന്നറിയണമെന്ന് ശുഭാംഗി തീരുമാനിച്ചു. അങ്ങിനെയാണ് 2020-ന്റെ ആദ്യത്തിൽ അവർ ശിവ്ബായിയുമായി നിരന്തരമായി സംസാരിക്കാൻ തുടങ്ങിയത്.
“ആദ്യമൊന്നും അവർ പ്രശ്നങ്ങൾ ഞങ്ങളുമായി പങ്കുവെച്ചിരുന്നില്ല. എല്ലായ്പ്പോഴും പുഞ്ചിരിച്ച് ഇരിക്കും”, ശുഭാംഗി ഓർക്കുന്നു. എന്നാൽ പനിയും, തലചുറ്റലും, അനാരോഗ്യവുമെല്ലാം ശിവ്ബായിയിൽ കാണാനാരംഭിച്ചപ്പോൾ, എന്തോ പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലായി. തുടർച്ചയായുള്ള സംഭാഷണങ്ങളിൽനിന്ന്, ആ ആശാപ്രവർത്തകയ്ക്ക് മനസ്സിലായി, ശിവ്ബായിയെ ആരോഗ്യത്തെ കാർന്നുതിന്നുന്നത്, ഇടയ്ക്കിടയ്ക്കുണ്ടാവുന്ന പ്രളയമാണെന്ന്.
2019-ലെ പ്രളയം, ശിവ്ബായിയുടെ കുടിലിനെ തകർത്തു. അല്പം ഇഷ്ടികകളും, കൂടുതലും ഉണങ്ങിയ കരിമ്പിന്റെ ഇലകളും, വൈക്കോലും, ചോളത്തിന്റെ കമ്പുകളുംകൊണ്ട് തീർത്ത ഒരു കുടിലായിരുന്നു അത്. അവരുടെ കുടുംബം ഏതാണ്ട് 100,000 ലക്ഷം രൂപ ചിലവഴിച്ച്, തകരംകൊണ്ടൊരു കൂര പണിതു. അടുത്ത പ്രളയത്തെ അത് അതിജീവിക്കുമെന്ന് അവർ കരുതി.
പ്രവൃത്തിദിവസങ്ങളിൽ ഗണ്യമായ കുറവ് വന്നതിനാൽ കുടുംബത്തിന്റെ വരുമാനം തുടർച്ചയായി ഇടിയാൻ തുടങ്ങിയത് പ്രശ്നങ്ങൾ വഷളാക്കി. 2022 സെപ്റ്റംബർ പകുതി മുതൽ ഏതാണ്ട് ഒക്ടോബർ അവസാനംവരെ ഒരു ജോലിയും കണ്ടെത്താൻ ശിവ്ബായിക്ക് സാധിച്ചില്ല. കൃഷിയിടങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി അപ്രാപ്യമായിരുന്നു. മാത്രമല്ല, വിളവുകൾ നശിച്ചതുകൊണ്ട്, ജോലിക്കാരെ വാടകയ്ക്കെടുക്കാൻ കർഷകർക്കും സാധിച്ചിരുന്നില്ല.
“ഒടുവിൽ, ദീപാവലിക്ക് മുമ്പ്, മൂന്ന് ദിവസം ഞാൻ പാടത്ത് പണിക്ക് പോയി (ഒക്ടോബർ അവസാനത്തൊടെ). പക്ഷേ, വീണ്ടും മഴ തുടങ്ങി. എന്റെ തൊഴിലും പോയി”, അവർ പറയുന്നു.
വരുമാനം കുറഞ്ഞതോടെ ശിവ്ബായിയുടെ ചികിത്സ മുടങ്ങി. “പണമില്ലാത്തതിനാൽ, പലപ്പോഴും മരുന്നുകൾ ഒഴിവാക്കേണ്ടിവന്നു”, അവർ പറയുന്നു.

സമൂഹത്തിലെ സ്ത്രീകളോട് അവരുടെ ആരോഗ്യകാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ആശാപ്രവർത്തകയായ മായ പാട്ടിൽ തന്റെ സമയം കൂടുതലും ചിലവഴിക്കുന്നത്
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ, രക്താതിസമ്മർദ്ദവും
പ്രമേഹവും പോലെയുള്ള സാംക്രമികമല്ലാത്ത രോഗങ്ങളിൽനിന്ന് അവശതയനുഭവിക്കുന്നവരുടെ എണ്ണം
വർദ്ധിച്ചിട്ടുണ്ടെന്ന് അർജ്ജുൻവാഡിലെ സാമൂഹികാരോഗ്യ ഓഫീസറായ (സി.എച്ച്.ഒ.) ഡോ. ഏഞ്ജലീന
ബേക്കർ പറയുന്നു. 2022-ൽ മാത്രം, അർജ്ജുൻവാഡിലെ 5,641 ആളുകളിൽ (സെൻസസ് 2011) 225 പ്രമേഹ,
രക്താതിസമ്മർദ്ദ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അവർ സൂചിപ്പിക്കുന്നു.
“മിക്ക ആളുകളും പരിശോധനയ്ക്ക് വിധേയമാവാറില്ല എന്നതിനാൽ ഈ കണക്ക് ഇനിയും വർദ്ധിക്കാനേ തരമുള്ളു“, അവർ പറയുന്നു. അടിക്കടി ഉണ്ടാവുന്ന പ്രളയം, വരുമാനത്തിൽ വരുന്ന കുറവ്, പോഷകാഹാരത്തിന്റെ അഭാവം എന്നിവ മൂലമുണ്ടാകുന്ന മാനസികസമ്മർദ്ദത്തെയാണ് ഇതിന് ഡോക്ടർ ബേക്കർ കുറ്റപ്പെടുത്തുന്നത്. (കോലാപ്പുരിൽ ആശാപ്രവർത്തകർ ഒരു ദു:ഖകഥ പറയുന്നു എന്ന കഥ ഇവിടെ വായിക്കാം)
“പ്രളയബാധിതമായ ഗ്രാമങ്ങളിലെ മുതിർന്ന ആളുകളിൽ പലരിലും ആത്മഹത്യാപ്രവണത കാനുന്നുണ്ട്. അത്തരം കേസുകളും വളരെ വേഗത്തിൽ വർദ്ധിക്കുകയാണ്”, അവർ കൂട്ടിച്ചേർത്തു. ഉറക്കക്കുറവും വർദ്ധിക്കുന്നുണ്ടെന്ന് അവർ കൂട്ടത്തിൽ സൂചിപ്പിച്ചു.
“തെറ്റായ നയരൂപീകരണങ്ങൾ മൂലം, കർഷകത്തൊഴിലാളികളും പാട്ടക്കൃഷിക്കാരുമാണ് പ്രളയത്തിന്റെ ദുരിതങ്ങൾ അധികവും പേറുന്നത്. പാട്ടക്കർഷകർ ഉത്പാദനത്തിന്റെ 75-80 ശതമാനവും ഭൂവുടമയ്ക്ക് നൽകുന്നുണ്ടെങ്കിലും, പ്രളയത്തിൽ എല്ലാം നശിക്കുമ്പോൾ, ഭൂവുടമയ്ക്കാണ് നഷ്ടപരിഹാരം ലഭിക്കുന്നത്”, അർജ്ജുൻവാഡിൽനിന്നുള്ള പത്രപ്രവർത്തകയും ഗവേഷകയുമായ ചൈതന്യ കാംബ്ലെ പറയുന്നു. അവരുടെ അച്ഛനമ്മമാരും പാട്ടക്കൃഷിക്കാരും കർഷകത്തൊഴിലാളിലാളികളുമാണ്.
അർജ്ജുൻവാഡിലെ ഏതാണ്ട് എല്ലാ കർഷകർക്കും അവരുടെ വിളവുകൾ പ്രളയത്തിൽ നഷ്ടമായി. “വിളവ് നശിക്കുന്നതുമൂലമുണ്ടാവുന്ന സങ്കടം, മറ്റൊരു നല്ല വിളവ് കിട്ടുമ്പോൾ മാത്രമാണ് ഇല്ലാതാവുന്നത്. പക്ഷേ പ്രളയം ഓരോ തവണയും ഞങ്ങളുടെ വിളവുകൾ നശിപ്പിക്കുന്നു ഇതിനുപുറമേയാണ്, വായ്പകൾ തിരിച്ചടയ്ക്കാൻ പറ്റാത്തതുകൊണ്ടുണ്ടാവുന്ന മാനസികസമ്മർദ്ദം”, ചൈതന്യ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര സർക്കാരിന്റെ കാർഷിക മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, 2022 ജൂലായ്ക്കും ഒക്ടോബറിനുമിടയിൽ, പ്രകൃതിദുരന്തങ്ങൾ 24.68 ലക്ഷം ഹെക്ടർ കൃഷിഭൂമിയെ ബാധിച്ചു. ഒക്ടോബർ മാസത്തിൽ മാത്രം, 22 ജില്ലകളിലായി 7,5 ലക്ഷം ഹെക്ടർ നശിച്ചു. 2022 ഒക്ടോബർ 28 വരെ സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവ് 1,288 എം.എം.ആയിരുന്നു. ശരാശരി മഴയുടെ 120.5 ശതമാനം. അതിൽ, 1,068 എം.എം. മഴ ലഭിച്ചത് ജൂണിനും ഒക്ടോബറിനും ഇടയിലായിരുന്നു. (പെരുമഴയ്ക്കൊപ്പം പെയ്യുന്ന ദുരിതമഴ എന്ന ലേഖനം ഇവിടെ വായിക്കാം)


ഇടത്ത്: 2021 ജൂലായിലെ പ്രളയം അർജ്ജുൻവാഡിയിലെ കൃഷിയെ പരക്കെ നശിപ്പിച്ചു. വിളവെടുക്കാറായിരുന്നു വാഴപ്പഴങ്ങളും ഇതിൽ ഉൾപ്പെടുന്നു. വലത്ത്: പ്രളയത്തിനുമുൻപ്, കരിമ്പിന്റെ ഉയരം ഏഴടിയിലെത്താനായി, കർഷകർ രാസവളങ്ങളും കീടനാശിനികളും കൂടുതലായി ഉപയോഗിക്കുന്നു


ഇടത്ത്: 2019-ലെ പ്രളയത്തിൽ വെള്ളത്താൽ ചുറ്റപ്പെട്ട കോലാപ്പുരിലെ ശിരാത്തി ഗ്രാമത്തിലെ ഒരു അങ്കണവാടി. 2021-ൽ ശിരാത്തിയിൽ വീണ്ടും പ്രളയമുണ്ടായി. വലത്ത്: ശിരോൾ താലൂക്കിലെ നിരവധി ഗ്രാമങ്ങളിലെ കൃഷിഭൂമികൾ, അടിക്കടിയുണ്ടാവുന്ന പ്രളയത്തിൽ നശിക്കുന്നു
“ഞങ്ങൾ കാലാവസ്ഥാ ശാസ്ത്രജ്ഞർ എപ്പോഴും പ്രവചനങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും, ഈ കാലാവസ്ഥാ പ്രവചനങ്ങൾ യഥാർത്ഥമായ നയരൂപീകരണമായി പരിവർത്തനം ചെയ്യപ്പെടുന്നില്ല” എന്ന്, സുബിമാൽ ഘോഷ് പറയുന്നു. ബോംബെ ഐ.ഐ.ടിയിലെ സിവിൽ എൻജിനീയറിംഗ് പ്രൊഫസ്സറായ ഘോഷ് ഐക്യരാഷ്ട്രസഭയുടെ ഇന്റർഗവണമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് റിപ്പോർട്ടിലും ഭാഗഭാക്കാണ്.
കാലാവസ്ഥാ കൃത്യമായി പ്രവചിക്കുന്ന കാര്യത്തിൽ ഇന്ത്യൻ കാലാവസ്താവകുപ്പ് വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെങ്കിലും, “അതിനെ നയരൂപീകരണമായി പരിവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ കർഷകർക്ക് അത് (വിളവ് രക്ഷപ്പെടുത്തുന്നതിൽ) ഉപയോഗിക്കാനാവുന്നില്ല”
കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും, കാലാവസ്ഥാ അനിശ്ചിതത്വത്തെ ഏറ്റവും അനുയോജ്യമായി അഭിസംബോധന ചെയ്യാനും, പങ്കാളിത്ത മോഡലാണ് പ്രൊ. ഘോഷ് നിർദ്ദേശിക്കുന്നത്. “പ്രളയ മാപ്പ് തയ്യാറാക്കുന്നതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല”, അദ്ദേഹം പറയുന്നു.
“പൊരുത്തപ്പെടുക എന്നതാണ് നമ്മുടെ രാജ്യത്തിന് ഏറ്റവും ആവശ്യം. കാരണം, കാലാവസ്ഥയുടെ പ്രയോജനം നമ്മൾ കാണുന്നുണ്ടെങ്കിലും നമ്മുടെ ജനങ്ങളിൽ ഭൂരിഭാഗത്തിനും അതുമായി പൊരുത്തപ്പെടാനുള്ള കഴിവില്ല. പൊരുത്തപ്പെടാനുള്ള നമ്മുടെ കഴിവ് ശക്തിപ്പെടുത്തണം”. അദ്ദേഹം പറയുന്നു.
*****
45 വയസ്സുള്ള ഭാർതി കാംബ്ലെയുടെ ഭാരം പകുതിയായി കുറഞ്ഞാപ്പോൾ, അതൊരു കുഴപ്പത്തിന്റെ തുടക്കമാണെന്ന് അവർക്ക് മനസ്സിലായി. ആശാപ്രവർത്തകയായ ശുഭാംഗി അർജ്ജുൻവാഡിയിലെ താമസക്കാരിയായ ആ കർഷകത്തൊഴിലാളിയോട്, ഒരു ഡോക്ടറെ കാണാൻ ഉപദേശിച്ചു. 2020 മാർച്ചിൽ അവർക്ക് പരിശോധനയിൽ ഹൈപ്പർതൈറോയിഡിസം കണ്ടെത്തി.
ഗീതയേയും ശിവബായിയേയുംപോലെ താനും, പ്രളയം മൂലം ഉണ്ടായ മാനസികസമ്മർദ്ദത്തിന്റെ ആദ്യകാലലക്ഷണങ്ങളെ അവഗണിച്ചുവെന്ന് ഭാർതി സമ്മതിച്ചു. “2019-ലെയും 201-ലെയും പ്രളയത്തിൽ ഞങ്ങൾക്ക് എല്ലാം നഷ്ടമായി. അടുത്തുള്ള ഗ്രാമത്തിലെ ദുരിതാശ്വാസക്യാമ്പിൽനിന്ന് തിരിച്ചെത്തിയപ്പോൾ ഒരു മണി ധാന്യംപോലും എനിക്ക് കണ്ടെത്താനായില്ല. പ്രളയം എല്ലാം ഒഴുക്കിക്കളഞ്ഞിരുന്നു”, അവർ പറഞ്ഞു.

കനത്ത മഴയും പ്രളയവും വിളകൾ നശിപ്പിച്ചതുമൂലം കർഷകർക്ക് വാടകയ്ക്ക് തൊഴിലാളികളെ ജോലിക്കെടുക്കാൻ സാധിക്കാതെവന്നതുകൊണ്ട് തൊഴിലൊന്നും കിട്ടാനില്ലെന്ന് ഭാർതി കാംബ്ലെ പറയുന്നു

2019-ലെ പ്രളയത്തിൽ മഴവെള്ളം 14 അടിവരെ ഉയർന്നുവെന്നും, 2021-ലും സ്ഥിതി മെച്ചമൊന്നുമായിരുന്നില്ലെന്നും കർഷകത്തൊഴിലാളിയായ സുനിത പാട്ടിൽ പറയുന്നു
2019-ലെ പ്രളയത്തിനുശേഷം സ്വയം സഹായസംഘങ്ങളിൽനിന്നും സ്വകാര്യ പണമിടപാടുകാരിൽനിന്നും വീട് പുതുക്കിപ്പണിയാൻ അവർ 3 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇരട്ടി ഷിഫ്റ്റുകളിൽ ജോലി ചെയ്ത് ലോൺ തിരിച്ചടയ്ക്കാമെന്നും, കൂട്ടുപലിശ ഒഴിവാക്കാൻ പറ്റുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ 2022 മാർച്ച്-ഏപ്രിലിൽ ശിരോളി താലൂക്കിലുണ്ടായ ഉഷ്ണതരംഗം അവർക്കൊരു തിരിച്ചടിയായി.
“ഒരു പരുത്തിത്തുണി മാത്രമേ ഉണ്ടായിരുന്നുള്ളു, വെയിലിൽനിന്ന് രക്ഷപ്പെടാൻ”, അവർ പറയുന്നു. അത് ഒട്ടും മതിയായിരുന്നില്ല. താമസിയാതെ അവർക്ക് തലചുറ്റൽ അനുഭവപ്പെടാൻ തുടങ്ങി. അവധിയെടുക്കാൻ പറ്റാത്ത അവസ്ഥയായതിനാൽ, താത്ക്കാലികാശ്വാസത്തിനായി വേദനാസംഹാരിയും മറ്റും ഉപയോഗിച്ച് ജോലി ചെയ്തു.
ധാരാളം കൃഷിയുണ്ടായിരുന്നതിനാൽ, കാലവർഷം വന്നാൽ, ആവശ്യത്തിനുള്ള തൊഴിൽ കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു. “എന്നാൽ, 2022 ജൂലായ് മുതലുള്ള മൂന്ന് മാസത്തിൽ, 30 ദിവസത്തെ തൊഴിൽപോലും കിട്ടിയില്ല, അവർ പറഞ്ഞു.
പ്രവചനാതീതമായ മഴ വിളകളെ നശിപ്പിച്ചതോടെ, കോലാപ്പുരിലെ പ്രളയബാധിത ഗ്രാമങ്ങളിലെ കർഷകർ ഉത്പ്പാദനച്ചിലവ് കുറയ്ക്കാനുള്ള ഒരു പദ്ധതിയിലേർപ്പെട്ടു. “കർഷകത്തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനുപകരം, ആളുകൾ കളനാശിനികൾ ഉപയോഗിക്കാൻ തുടങ്ങി“ എന്ന് ചൈതന്യ പറയുന്നു. “കൂലിക്ക് ആളെ വിളിച്ചാൽ, 1,500 രൂപയാവുമെങ്കിൽ, കളനാശിനിക്ക് 500 രൂപയിൽത്താഴെ മാത്രമേ വിലയുള്ളു”.
എന്നാൽ ഇതിന്റെ പ്രത്യാഘാതങ്ങൾ വലുതായിരുന്നു. വ്യക്തിഗതതലത്തിൽ, ഭാർതിയെപ്പോലെയുള്ള നിരവധിയാളുകളുടെ തൊഴിൽ നഷ്ടത്തിലേക്ക് ഇത് നയിച്ചു. സാമ്പത്തികദുരിതത്തിലേക്കും. ഈ അധിക മാനസികസമ്മർദ്ദം, അവരുടെ ഹൈപ്പർതൈറോയിഡിസത്തെ കൂടുതൽ രൂക്ഷമാക്കി.
ഭൂമിക്കും ഇത് നാശമുണ്ടാക്കി. 2021-ൽ താലൂക്കിലെ 9,402 ഹെക്ടർ (23,232 ഏക്കർ) ഭൂമി ഓരുനിലമാണെന്ന് കണ്ടെത്തിയതായി ശിരോളിയിലെ കൃഷി ഓഫീസറായ സ്വപ്നിത പദൽക്കർ പറയുന്നു. രാസവളത്തിന്റേയും കീടനാശിനിയുടേയും അനിയന്ത്രിതമായ ഉപയോഗം, അശാസ്ത്രീയമായ ജലസേചന രീതികൾ, ഏകവിളകൃഷി എന്നിവയായിരുന്നു ഇതിന്റെ കാരണമെന്ന് അവർ വിശദീകരിക്കുന്നു.

മഴ പെയ്യുന്നതിനുമുൻപ്, വിളകൾക്ക് വളർച്ചയുണ്ടാവാനായി പ്രദേശത്തെ കർഷകർ കീടനാശിനികൾ കൂടുതലായി ഉപയോഗിക്കുന്നു

ശിരോളിലെ ഓരുനിലങ്ങൾ; രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതുമൂലം 9,402 ഹെക്ടർ ഭൂമി ഓരുനിലമായി മാറിയെന്ന് 2021-ൽ കണ്ടെത്തി
“പ്രളയത്തിനുമുമ്പ്, വിളവെടുക്കുക എന്ന ഉദ്ദേശ്യത്തോടെ” 2019-ലെ പ്രളയത്തിനുശേഷം, കോലാപ്പുരിലെ ശിരോൾ, ഹട്കനംഗലെ താലൂക്കിലെ മിക്ക കർഷകരും രാസവളങ്ങൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയെന്ന് ചൈതന്യ പറയുന്നു.
ഡോ.ബേക്കറിന്റെ അഭിപ്രായത്തിൽ, ഈയടുത്ത കാലത്തായി, അർജ്ജുൻവാഡിയിലെ മണ്ണിൽ ആഴ്സനിക്കിന്റെ അംശം ഗണ്യമായി കൂടിയിട്ടുണ്ട്. “രാസവളങ്ങളും, വിഷാംശമുള്ള കീടനാശിനികളും വർദ്ധിച്ച തോതിൽ ഉപയോഗിക്കുന്നതുകൊണ്ടാണ് പ്രാഥമികമായും ഇത് സംഭവിക്കുന്നത്”, അവർ പറയുന്നു.
മണ്ണിൽ വിഷാംശം കലർന്നാൽ, ആളുകൾക്ക് പിന്നെ എന്താണ് സംഭവിക്കുക? “മണ്ണിലെ വിഷാംശം കാരണം, അർജ്ജുൻവാഡിയിൽ മാത്രം 17 അർബ്ബുദരോഗികളുണ്ട്. ഗുരുതരാവസ്ഥയിലായവരെ ഒഴിച്ചുനിർത്തിയാൽത്തന്നെ”, അവർ പറയുന്നു. ഇതിൽ, ബ്രെസ്റ്റ് ക്യാൻസറും, രക്താർബ്ബുദവും സെർവിക്കൽ ക്യാൻസറും, ഉദരത്തിലെ ക്യാൻസറുമൊക്കെ ഉൾപ്പെടുന്നു. “ഗുരുതര രോഗങ്ങൾ വർദ്ധിക്കുമ്പോഴും, ലക്ഷണങ്ങൾ കണ്ടിട്ടുപോലും ആളുകൾ ഡോക്ടറുടെയടുത്ത് പോകുന്നില്ല”, ചൈതന്യ കൂട്ടിച്ചേർക്കുന്നു.
40 വയസ്സ് കഴിയാറായ സുനിത പാട്ടിൽ എന്ന ഖോച്ചിയിലെ കർഷകത്തൊഴിലാളിക്ക് പേശീവേദനയും മുട്ടുവേദനയും, ക്ഷീണവും, തലചുറ്റലുമൊക്കെ അനുഭവപ്പെടുന്നുണ്ട്. “എന്തുകൊണ്ടാണ് ഇതുണ്ടാവുന്നതെന്ന് മനസ്സിലാവുന്നില്ല”, അവർ പറയുന്നു. എന്നാൽ, തന്റെ മാനസികസമ്മർദ്ദം മഴയുമായി ബന്ധപ്പെട്ടതാണെന്ന് അവർക്ക് തീർച്ചയുണ്ട്. “മഴ ശക്തിയായി പെയ്താൽ, എനിക്ക് ഉറങ്ങാൻ പറ്റുന്നില്ലാ”, അവർ പറയുന്നു. മറ്റൊരു പ്രളയത്തെക്കുറിച്ചുള്ള ഭീതി അവരെ ഉറക്കത്തിൽനിന്ന് അകറ്റുന്നു.
മരുന്നുകളുടെ വിലവർദ്ധനയെ ഭയന്ന്, സുനിതയും പ്രളയബാധിതരായ മറ്റ് കർഷക സ്ത്രീത്തൊഴിലാളികളും, വേദനാസംഹാരികളേയും മറ്റ് സാധാരണ മരുന്നുകളേയും ആശ്രയിക്കുന്നു. “ഞങ്ങൾക്കെന്ത് ചെയ്യാൻ പറ്റും? ഡോക്ടറുടെയടുത്ത് പോകാനൊന്നും പണമില്ല. അതുകൊണ്ട് ഞങ്ങൾ 10 രൂപയോ മറ്റോ ചിലവ് വരുന്ന വേദനാസംഹാരികളും മറ്റും കഴിക്കുന്നു”, അവർ പറയുന്നു.
വേദനാസംഹാരികൾ തത്ക്കാലത്തേക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും, ഗീതയും, ശിവ്ബായിയും, ഭാർതിയും സുനിതയും ആയിരക്കണക്കിന് മറ്റുള്ളവരും നിരന്തരമായ ഭീതിയിലും അനിശ്ചിതത്വത്തിലുമാണ് കഴിയുന്നത്.
“ഞങ്ങൾ ഇപ്പൊൾ മുങ്ങിയിട്ടില്ല, പക്ഷേ വീണ്ടുമൊരു പ്രളയമുണ്ടാവുമോ എന്ന ദൈനംദിന ഭീതിയിൽ ഞങ്ങൾ മുങ്ങിക്കൊണ്ടിരിക്കുകയാന്”, ഗീത പറയുന്നു.
സ്വതന്ത്രമായ ഒരു പത്രപ്രവർത്തന ഗ്രാന്റ് റിപ്പോർട്ടർക്ക് നൽകിക്കൊണ്ട് ഇന്റർന്യൂസ് എർത്ത് ജേണലിസം നെറ്റ്വർക്കിന്റെ പിന്തുണയ്ക്കുന്ന ഒരു പരമ്പരയുടെ ഭാഗമാണ് ഈ റിപ്പോർട്ട്
പരിഭാഷ: രാജീവ് ചേലനാട്ട്