മണ്ണുണങ്ങി കട്ടപിടിച്ച ചെറിയൊരു കുഴിയില്‍ ചത്തുമലച്ചൊരു ഞണ്ട് കിടക്കുന്നു. അതിന്‍റെ കൈകാലുകള്‍ വേര്‍പെട്ടിട്ടുണ്ട്. 'ചൂട് മൂലം അവ ചത്തൊടുങ്ങുകയാണ്,' അഞ്ചേക്കര്‍ പാടം നിറയെയുള്ള കുഴികളില്‍ ഒന്നിലേയ്ക്ക് കൈചൂണ്ടി ദേവേന്ദ്ര ഭോന്‍ഗഡെ പറഞ്ഞു.
മഴ പെയ്തിരുന്നെങ്കില്‍ പാടം നിറയെ ഞണ്ടുകളാൽ നിറയുമായിരുന്നു. പച്ചയില്‍ മഞ്ഞരാശിയുമായി ഉണങ്ങിത്തുടങ്ങിയ നെല്ല് ചൂണ്ടിക്കാട്ടി മുപ്പതുവയസിനോട് അടുത്ത് പ്രായമുള്ള ആ കര്‍ഷകന്‍ ആശങ്ക കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു. 'ഈ നെല്‍ച്ചെടികള്‍ രക്ഷപ്പെടുമെന്നു തോന്നുന്നില്ല.'
2011-ലെ സെന്‍സസ് അനുസരിച്ച് അയാളുടെ ഗ്രാമമായ രാവൺവാഡിയില്‍ 542 ആളുകളാണുള്ളത്. ജൂണ്‍ മാസം പകുതിയില്‍ മഴക്കാലത്തിന്‍റെ വരവുകാത്ത് കര്‍ഷകര്‍ ചെറിയതടങ്ങളിലെ ഞാറ്റടികളില്‍ വിത്തുകള്‍ നടും. നല്ല കുറെ മഴയ്ക്കുശേഷം ബണ്ടുകള്‍ അതിരുകാക്കുന്ന ചാലുകളില്‍ ചെളിവെള്ളം നിറയുമ്പോള്‍ അവര്‍ മൂന്നുനാല് ആഴ്ച പ്രായമുള്ള ഞാറ് കൃഷിയിടത്തിലേയ്ക്ക് പറിച്ചുനടും.
എന്നാല്‍, മഴക്കാലം തുടങ്ങി ആറാഴ്ച കഴിഞ്ഞിട്ടും, ഈ വര്‍ഷം ജൂലൈ 20 വരെയും, രാവൺവാഡിയില്‍ മഴപെയ്തില്ല. 'രണ്ടുപ്രാവശ്യം ചെറുതായൊന്നു ചാറി, എന്നാല്‍ അതുകൊണ്ട് ഒന്നുമായില്ല,' ഭോന്‍ഗഡെ പറഞ്ഞു. കിണറുകളുള്ള കര്‍ഷകര്‍ നെല്‍ച്ചെടികള്‍ നനച്ചു സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. മിക്ക പാടങ്ങളിലും തൊഴിൽ ഇല്ലാതായതോടെ ഭൂരഹിതരായ തൊഴിലാളികള്‍ നിത്യവേതനത്തിനായി ഗ്രാമം വിട്ട് പുറത്തേയ്ക്ക് പോകുകയാണ്.
*****
ഏതാണ്ട് 20 കിലോമീറ്റര്‍ അകലെ ഗാരദ ജംഗലി ഗ്രാമത്തിലെ ലക്ഷ്മണ്‍ ബാന്തെയും ജലക്ഷാമത്തിന് സാക്ഷിയാവുകയാണ്. ജൂണും ജൂലായും മഴയില്ലാതെ കടന്നുപോയെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് കര്‍ഷകരും ഇക്കാര്യം തലകുലുക്കി സമ്മതിച്ചു. മാത്രമല്ല കഴിഞ്ഞ രണ്ടുമൂന്നു വർഷത്തിൽ ഒരിക്കൽ അവരുടെ വിരിപ്പുകൃഷി (ഖാരിഫ് വിള) ഏതാണ്ട് പൂര്‍ണമായും നഷ്ടപ്പെടാറുണ്ട്.
അന്‍പതിനോട് അടുത്ത് പ്രായമുള്ള ലക്ഷ്മൺ ബാന്തെ അദ്ദേഹത്തിന്‍റെ കുട്ടിക്കാലത്ത് ഇങ്ങനെയായിരുന്നില്ലെന്ന് ഓര്‍ക്കുന്നു. മഴ കൃത്യമായി പെയ്തിരുന്നു. നെല്ലിന്‍റെ കാര്യത്തിലും ഉറപ്പുണ്ടായിരുന്നു.
പുതിയ രീതിയായതോടെ 2019 വീണ്ടും നഷ്ടത്തിന്‍റെ വര്‍ഷമാണ്. കര്‍ഷകര്‍ ആകെ ആശങ്കയിലാണ്. "വിരിപ്പുകൃഷിയില്‍ തന്‍റെ കൃഷിയിടം തരിശായിപ്പോയേക്കുമെന്ന്" തറയില്‍ കുത്തിയിരുന്ന് നാരായണ്‍ ഉയിക്കേ ഭയത്തോടെ പറഞ്ഞു (കവര്‍ ചിത്രം കാണുക). എഴുപതുവയസ് പിന്നിട്ട അദ്ദേഹം തന്‍റെ ഒന്നര ഏക്കര്‍ സ്ഥലത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി കൃഷി ചെയ്യുകയാണ്. ജീവിതത്തില്‍ മിക്കവാറും സമയങ്ങളില്‍ തൊഴിലാളിയായി പണിയെടുത്തു. "2017-ലും 2015-ലും നിലം തരിശായിരുന്നു...കഴിഞ്ഞ വർഷവും മഴ വൈകിയതിനാല്‍ വിതയും വൈകി. താമസിച്ച് കൃഷിയിറക്കുന്നത് വിളവും വരുമാനവും കുറയ്ക്കും," നാരായണന്‍ ഓര്‍ത്തെടുത്തു. വിതയ്ക്കുന്നതിന് കര്‍ഷകര്‍ക്ക് തൊഴിലാളികളെ ആശ്രയിക്കാന്‍ കഴിയാതെ വരുന്നതോടെ കാര്‍ഷികജോലികള്‍ കുറയും.
ഭണ്ഡാര നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഭണ്ടാര താലൂക്കിലെ ചെറിയൊരു ഗ്രാമമായ ഗാരദ ജംഗലിയിൽ 496 ആളുകളാണുള്ളത്. രാവൺവാഡിയിലേതുപോലെ ഇവിടെയും മിക്ക കര്‍ഷകര്‍ക്കും മഴയുടെ ലഭ്യതയനുസരിച്ച് നനയ്ക്കാന്‍ കഴിയുന്ന രീതിയില്‍ - ഒരേക്കര്‍ മുതല്‍ നാലേക്കര്‍വരെ- ചെറിയ കൃഷിസ്ഥലങ്ങളാണുള്ളത്. മഴ ഇല്ലാതായാല്‍ കൃഷിയും നശിക്കുമെന്ന് ഗോണ്ട് ആദിവാസി വിഭാഗത്തില്‍ പെട്ട ഉയിക്കേ പറഞ്ഞു.
നഴ്‌സറിത്തടങ്ങളിലെ തൈകള്‍ കരിഞ്ഞുതുടങ്ങിയതിനാല്‍, ഈ വര്‍ഷം ജൂലൈ ഇരുപതോടെ ഈ ഗ്രാമത്തിലെ ഒട്ടുമിക്ക കൃഷിയിടങ്ങളിലും വിത നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
ദുർഗ്ഗാബായി ദിഖോറിന്‍റെ കൃഷിയിടത്തില്‍ പകുതി വളര്‍ച്ചയെത്തിയ നെല്‍ച്ചെടികള്‍ പറിച്ചുനടാനുള്ള പരക്കംപാച്ചിലായിരുന്നു. അവരുടെ കുടുംബവസ്തുവില്‍ ഒരു കുഴല്‍ക്കിണര്‍ ഉണ്ട്. ഗാരദയിലെ നാലോ അഞ്ചോ കര്‍ഷകര്‍ക്കുമാത്രമാണ് ഈ ആഡംബരം സ്വന്തമായുള്ളത്. എണ്‍ത് അടി താഴ്ചയുള്ള കിണർ വറ്റിയതോടെ ദിഖോർ കുടുംബം രണ്ടുവര്‍ഷം മുമ്പ് അതിനുള്ളില്‍ 150 താഴ്ചയില്‍ പുതിയൊരു കുഴല്‍ക്കിണര്‍ കുഴിച്ചു. 2018-ല്‍ അതും വറ്റിവരണ്ടതോടെ പുതിയൊരെണ്ണം കുഴിച്ചു.
കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ കാണാനില്ലാതിരുന്ന പുതിയ കാഴ്ചയാണ് കുഴല്‍ക്കിണറുകളുടേതെന്ന് ബാന്തെ പറയുന്നു. 'നേരത്തെ കുഴല്‍ക്കിണര്‍ കുഴിക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു. ഇപ്പോള്‍ വെള്ളം കിട്ടാന്‍ വലിയ പാടാണ്, മഴയെ ആശ്രയിക്കാനേ കഴിയുന്നില്ല, അതുകൊണ്ടു തന്നെ ആളുകള്‍ കുഴല്‍ കുഴിക്കുകയാണ്,' അദ്ദേഹം ചൂണ്ടിക്കാട്ടി.
2019 മാര്‍ച്ച് മുതല്‍ ഗ്രാമത്തിലെ രണ്ട് ചെറിയ മാല്‍ഗുജാരി കുളങ്ങളും [ജലസേചനത്തിനായുള്ള കുളങ്ങൾ] വറ്റി. ഉണക്കുകാല മാസങ്ങളില്‍ പോലും നേരത്തെ അവയില്‍ കുറച്ച് വെള്ളമുണ്ടാകാറുണ്ടായിരുന്നു. വർദ്ധിച്ചു വരുന്ന കുഴൽക്കിണറുകൾ ഈ കുളങ്ങളിൽ നിന്നു പോലും വെള്ളം വലിച്ചെടുക്കുകയാണെന്നു ബാന്തെ പറഞ്ഞു.
വിദര്‍ഭയിലെ നെല്ല് വിളയുന്ന കിഴക്കന്‍ ജില്ലകളിലെ ജലസംരക്ഷണത്തിനുവേണ്ടിയുള്ള ഈ കുളങ്ങള്‍ പതിനേഴാം നൂറ്റാണ്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്‍റെ മധ്യകാലം വരെയുള്ള കാലഘട്ടത്തില്‍ നിര്‍മ്മിച്ചത് പ്രാദേശിക രാജാക്കന്മാരുടെ മേല്‍നോട്ടത്തിലാണ്. മഹാരാഷ്ട്രസംസ്ഥാനം രൂപീകരിച്ചതോടെ സംസ്ഥാന ജലസേചന വകുപ്പ് വലിയ കുളങ്ങളുടെ സംരക്ഷണവും പ്രവര്‍ത്തനവും ഏറ്റെടുത്തു. ജില്ലാ പരിഷത്തുകള്‍ ചെറിയ കുളങ്ങളുടെ നടത്തിപ്പ് ഏറ്റെടുത്തു. മീന്‍വളര്‍ത്തലിനും ജലസേചനത്തിനുമായുള്ള ഈ ജലസ്രോതസുകള്‍ സംരക്ഷിക്കേണ്ടത് പ്രാദേശിക സമൂഹങ്ങളാണ്. ഭണ്ഡാര, ചന്ദ്രപൂര്‍, ഗഡ്ചിരോളി, ഗോണ്ടിയ, നാഗ്പുര്‍ ജില്ലകളില്‍ ഇത്തരം ഏതാണ്ട് ഏഴായിരം കുളങ്ങളുണ്ട്, എന്നാല്‍ മിക്കവയും ദീര്‍ഘകാലങ്ങളായി അറ്റകുറ്റപ്പണി ചെയ്യാതെ അവഗണിക്കപ്പെട്ടിരിക്കുകയാണ്.
ഒട്ടേറെ യുവാക്കൾ വണ്ടികളിലെ ക്ലീനര്‍മാരായും അലഞ്ഞുതിരിയുന്ന പണിയാളുകളായും കൃഷിത്തൊഴിലാളികളായും മറ്റേതെങ്കിലും ജോലിക്കായും ഭണ്ഡാര നഗരം, നാഗ്പുര്‍, മുംബൈ, പൂനെ, ഹൈദരാബാദ്, റായ്പുര്‍, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് കുടിയേറിയെന്ന് ബാന്തെ പറഞ്ഞു.
വളര്‍ന്നുവരുന്ന ഈ കുടിയേറ്റം ജനസംഖ്യയിലും പ്രതിഫലിക്കുന്നുണ്ട്. 2001 -നെ അപേക്ഷിച്ച് 2011-ലെ സെന്‍സസില്‍ മഹാരാഷ്ട്രയിലെ ജനസംഖ്യ 15.99 ശതമാനം വളര്‍ന്നപ്പോള്‍ ഭണ്ഡാരയിലെ ജനസംഖ്യയുടെ വളര്‍ച്ച വെറും 5.66 ശതമാനം മാത്രമാണ്. പ്രവചനാതീതമായ കൃഷി, കുറഞ്ഞുവരുന്ന കൃഷിപ്പണികൾ, താങ്ങാനാവാത്ത വർദ്ധിച്ചുവരുന്ന വീട്ടുചിലവുകൾ എന്നിവയാണ് ആളുകൾ ഒഴിഞ്ഞു പോകുന്നതിനുള്ള പ്രധാന കാരണങ്ങളായി സംഭാഷണങ്ങളിൽ പലതവണ ഉയർന്നു വന്നത്.
*****
ഭണ്ഡാര എന്നത് പ്രധാനമായും നെല്ല് കൃഷി ചെയ്യുന്നതും കൃഷിയിടങ്ങളുടെ ഇടയ്ക്കിടെയായി കാടുകളുമുള്ള ജില്ലയാണ്. ഇവിടുത്തെ വാര്‍ഷിക മഴയുടെ അളവ് കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിന്‍റെ കണക്കനുസരിച്ച് 1250 മുതല്‍ 1500 എംഎം വരെയാണ്. ഏഴു താലൂക്കുകളുള്ള ഈ ജില്ലയിലൂടെയാണ് ആണ്ടിലെന്നും വെള്ളമുള്ള വൈയ്ന്‍ഗംഗ നദി ഒഴുകുന്നത്. ഭണ്ഡാരയില്‍ മഴക്കാലത്തു മാത്രം വെള്ളം നിറയുന്ന നദികളും ഏതാണ്ട് 1500 മാല്‍ഗുജാരി കുളങ്ങളുമുണ്ടെന്നാണ് വിദര്‍ഭ ജലസേചന വികസന കോര്‍പ്പറേഷന്‍റെ കണക്ക്. സീസണ്‍ അനുസരിച്ചുള്ള കുടിയേറ്റത്തിന്‍റെ വലിയൊരു ചരിത്രമുള്ളതിനാല്‍ പടിഞ്ഞാറന്‍ വിദര്‍ഭയിലേതുപോലെ ഭണ്ഡാരയില്‍ വലിയ തോതില്‍ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വെറും 19.48 ശതമാനം മാത്രം നഗരവത്കരണമുള്ള ചെറുകിട, പരിമിത കര്‍ഷകരുടെ ഈ കാര്‍ഷിക ജില്ലയില്‍ സ്വന്തം കൃഷിയിടത്തുനിന്നും കൃഷിപ്പണിയില്‍നിന്നുമാണ് വരുമാനം നേടുന്നത്. മികച്ച ജലസേചന സംവിധാനങ്ങളില്ലാത്ത ഇവിടെ കൃഷി മഴയെ ആശ്രയിച്ചാണ്. മഴക്കാലം അവസാനിക്കുമ്പോള്‍ ഒക്ടോബറിനുശേഷം ചില കൃഷിയിടങ്ങള്‍ക്ക് ആവശ്യമായ വെള്ളം മാത്രമേ കുളങ്ങളില്‍നിന്ന് ലഭിക്കൂ.
ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഭണ്ഡാര സ്ഥിതി ചെയ്യുന്ന മധ്യഇന്ത്യയില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലം ശക്തികുറഞ്ഞുവരികയും ശക്തമായതും കനത്തതുമായ മഴ പെയ്യുന്നത് വര്‍ദ്ധിച്ചുവരികയുമാണ്. പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയോറോളജിയുടെ 2009-ലെ
പഠനം
ഈ പ്രവണതയെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. 2018-ല്‍ ലോകബാങ്ക് നടത്തിയ
പഠനം
അനുസരിച്ച് ഭണ്ഡാര ജില്ല ഇന്ത്യയിലെ മുന്‍നിരയിലുള്ള പത്ത് കാലാവസ്ഥാ ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ്. മറ്റ് ഒന്‍പത് സ്ഥലങ്ങളും മധ്യ ഇന്ത്യയില്‍ത്തന്നെ വിദര്‍ഭയോട് തൊട്ടുചേര്‍ന്നുള്ള ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ്. കാലാവസ്ഥയിലെ ശരാശരി മാറ്റങ്ങള്‍ ജീവിതനിലവാരത്തെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലാണെങ്കില്‍ ആ പ്രദേശത്തെ കാലാവസ്ഥാ ഹോട്ട്‌സ്‌പോട്ട് എന്ന് വിളിക്കാമെന്ന് ഈ പഠനം വ്യക്തമാക്കുന്നു. നിലവിലുള്ള അവസ്ഥ തുടരുകയാണെങ്കില്‍ ഈ ഹോട്ട്‌സ്‌പോട്ടുകളിലെ ജനങ്ങൾക്ക് വലിയ തോതില്‍ സാമ്പത്തികഞെരുക്കം നേരിടാമെന്ന് ഈ പഠനം മുന്നറിയിപ്പു നല്കുന്നു.
ഇന്ത്യ മീറ്റിയോറോളിക്കല്‍ വകുപ്പിന്‍റെ മഴയെക്കുറിച്ചുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി 2018-ല്‍ മഹാരാഷ്ട്രയെക്കുറിച്ച് റീവൈറ്റലൈസിംഗ് റെയ്ന്‍ഫെഡ് അഗ്രിക്കള്‍ച്ചര്‍ നെറ്റ്‌വര്‍ക്ക് വസ്തുതാ വിവരങ്ങള്‍ തയാറാക്കിയിരുന്നു. ഒന്ന് - 2000 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ വിദര്‍ഭയിലെ എല്ലാ ജില്ലകളിലും ഉണക്കുകാലത്തിന്‍റെ ആവര്‍ത്തനവും തീവ്രതയും വര്‍ദ്ധിച്ചു, രണ്ട് - മഴദിനങ്ങള്‍ ചുരുങ്ങുകയും അതേസമയം ദീര്‍ഘകാല വാര്‍ഷിക ശരാശരി മഴയുടെ അളവ് ഏതാണ്ട് നിശ്ചിതമായിരിക്കുന്നു. അതായത് ഈ പ്രദേശത്ത് ഒരേ അളവ് മഴ ലഭിക്കുന്നുണ്ടെങ്കിലും പെയ്യുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞു - ഇത് വിളകളുടെ വളര്‍ച്ചയെ ബാധിക്കുന്നു.
ജൂലൈയില്‍ മണ്‍സൂണ്‍ മഴയുടെ അളവ് സംസ്ഥാനത്ത് ഉടനീളം കുറയുകയും ഓഗസ്റ്റില്‍ മഴയുടെ അളവ് കൂടുകയും ചെയ്തുവെന്ന് 1901-2003 കാലഘട്ടത്തിലെ മഴയുടെ അളവ് വിലയിരുത്തി 2014-ല്‍ ദിഎനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ട് (ടെരി) നടത്തിയ പഠനം വ്യക്തമാക്കുന്നു. അതിനുമപ്പുറം, ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള സീസന്‍റെ ആദ്യ പകുതിയില്‍ മണ്‍സൂണ്‍ മഴയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീവ്ര മഴയുടെ കാര്യത്തില്‍ വര്‍ദ്ധനയുണ്ട്.
'മഹാരാഷ്ട്രയിലെ ദോഷകരമായ കാലാവസ്ഥാ മാറ്റങ്ങളുടെ വിലയിരുത്തല്‍, മഹാരാഷ്ട്ര നടപ്പാക്കേണ്ട നയപരിപാടികള്‍: കാലാവസ്ഥാ മാറ്റത്തിന്‍റെ അനുരൂപണത്തിനായി മഹാരാഷ്ട്ര സംസ്ഥാനത്തിനായുള്ള കര്‍മ്മപരിപാടികള്‍' എന്ന തലക്കെട്ടില്‍ വിദര്‍ഭയ്ക്കു വേണ്ടിയുള്ള പഠനം ദീര്‍ഘകാലത്തേയ്ക്കുള്ള ഉണക്കും, മഴപ്പെയ്ത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനയും മഴയുടെ അളവിലുള്ള കുറവുമാണ് ഏറ്റവും ദോഷകരമാവുക എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അടിസ്ഥാന അളവില്‍നിന്നും മഴയുടെ അളവ് 14 മുതല്‍ 18 ശതമാനം വരെ വര്‍ദ്ധിക്കാവുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ഭണ്ഡാര എന്നാണ് ഈ പഠനം പറയുന്നത്. ഭണ്ഡാര ഉള്‍പ്പെടുന്ന നാഗ്പുര്‍ ഡിവിഷനില്‍ വാര്‍ഷിക താപനിലയായ 27.9 ഡിഗ്രിയേക്കാള്‍ 1.18 മുതല്‍ 1.4 ഡിഗ്രി വരെയും (2030-ല്‍) 1.95 മുതല്‍ 2.2 ഡിഗ്രി വരെയും (2050-ല്‍) 2.88 മുതല്‍ 3.16 വരെയും (2070) ശരാശരി വര്‍ദ്ധനയുണ്ടാകുമെന്ന് പഠനം വ്യക്തമാക്കുന്നു. കണക്കുകള്‍ നോക്കിയാല്‍ സംസ്ഥാനത്തെ ഏതൊരു പ്രദേശത്തേയുംകാള്‍ ഇത് ഏറ്റവും ഉയര്‍ന്നതാണ്.
മഴയെ വളരെയധികം ആശ്രയിക്കുന്ന ജില്ലയായ ഭണ്ഡാരയിലെ കൃഷി ഉദ്യോഗസ്ഥന്മാര്‍ ഈ മാറ്റങ്ങളുടെ തുടക്കം ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും പരമ്പരാഗതമായ കുളങ്ങള്‍, തോടുകള്‍, ആവശ്യത്തിന് മഴ എന്നിവയുള്ളതിനാല്‍ നിലവിലുള്ള സര്‍ക്കാര്‍ രേഖകളിലും ജില്ലാ പദ്ധതികളിലും ഈ പ്രദേശത്തെ മികച്ച രീതിയില്‍ നനയുള്ള പ്രദേശം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ മഴയുടെ തുടക്കം സ്ഥിരമായി വൈകുന്നതും അത് വിതയേയും വിളവിനേയും ബാധിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഭണ്ഡാര ഡിവിഷണല്‍ സൂപ്രണ്ടിംഗ് അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ മിലിന്ദ് ലാദ് പറയുന്നു. നേരത്തെ 60 മുതല്‍ 65 ദിവസം വരെ മഴയുണ്ടായിരുന്നു, എന്നാല്‍ കഴിഞ്ഞൊരു ദശകമായി ജൂണ്‍ - സെപ്റ്റംബര്‍ കാലഘട്ടത്തില്‍ അത് 40 മുതല്‍ 45 ആയി കുറഞ്ഞിരിക്കുകയാണ്. ഭണ്ഡാരയിലെ ചില സര്‍ക്കിളുകളില്‍ -20 റവന്യൂ ഗ്രാമങ്ങളുടെ കൂട്ടം - ഈ വര്‍ഷം ജൂണിലും ജൂലൈയിലുമായി വെറും ആറോ ഏഴോ ദിവസമേ മഴ ലഭിച്ചുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മണ്‍സൂണ്‍ വൈകിയാല്‍ ഗുണമേന്മയുള്ള നെല്ല് കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. "ഞാറ്റടിയില്‍ 21 ദിവസത്തെ വളര്‍ച്ചയ്ക്കുശേഷം ഞാറ് മാറ്റിനടുന്നത് വൈകുന്നതിന് അനുസരിച്ച് ഓരോ ദിവസവും ഹെക്ടര്‍ ഒന്നിന് പത്ത് കിലോ വിളവ് കുറയാം."
ഞാറ്റടിയില്‍ നട്ട് പറിച്ചുനടുന്ന രീതിയില്‍നിന്ന് വ്യത്യസ്തമായി വിത്ത് വിതയ്ക്കുന്ന പരമ്പരാഗത രീതി ജില്ലയില്‍ വ്യാപകമായി തിരിച്ചുവരികയാണ്. എന്നാല്‍, വിതയ്ക്കുമ്പോള്‍ പറിച്ചുനടുന്നതിനെ അപേക്ഷിച്ച് മുളയ്ക്കുന്നത് കുറവായതിനാല്‍ വിളവ് കുറയ്ക്കും. മഴയില്ലാത്തതിനാല്‍ ഞാറ്റടിയിലുള്ള ഞാറ് അപ്പാടെ നശിച്ചുപോകുന്നതിനെ അപേക്ഷിച്ച് കുറച്ചു മാത്രം നഷ്ടമേ കര്‍ഷകര്‍ക്ക് വിതയില്‍ ഉണ്ടാകൂ.
"ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഞാറ്റടിയിലും പറിച്ചുനടുമ്പോഴും നെല്ലിന് നല്ല മഴ വേണം," കിഴക്കന്‍ വിദര്‍ഭയിലെ തദ്ദേശീയ വിത്തുകളുടെ സംരക്ഷണത്തിനായി സ്വമേധയാ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഭണ്ഡാരയിലെ ഗ്രാമീണ്‍ യുവ പ്രഗതിക് മണ്ഡല്‍ ചെയര്‍മാന്‍ അവില്‍ ബോര്‍ക്കര്‍ പറഞ്ഞു. കാലവർഷം കാലം മാറിവരികയാണ്. 'ചില ചെറിയ മാറ്റങ്ങള്‍ ആളുകള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിച്ചേക്കും. എന്നാല്‍ കാലവർഷം പരാജയപ്പെട്ടാല്‍ അവര്‍ക്കൊന്നും ചെയ്യാനാവില്ല...'
*****
ജൂലൈ അവസാനത്തോടെ ഭണ്ഡാരയില്‍ മഴ വര്‍ദ്ധിച്ചു. എന്നാല്‍, അപ്പോഴേയ്ക്കും വിരിപ്പ് നെല്‍കൃഷിയെ അത് ബാധിച്ചുകഴിഞ്ഞിരുന്നു. ജില്ലയില്‍ ജൂലൈ അവസാനമായപ്പോഴേയ്ക്കും 12 ശതമാനം മാത്രമേ വിത പൂര്‍ത്തിയായിരുന്നുള്ളൂവെന്ന് മിലിന്ദ് ലാദ് പറയുന്നു. വിരിപ്പ് കാലത്ത് ഭണ്ഡാരയിലെ 1.25 ലക്ഷം ഹെക്ടര്‍പാടങ്ങളിലും നെല്ലാണെന്ന് അദ്ദേഹം പറഞ്ഞു.
മീന്‍വളര്‍ത്തുന്ന മാൽഗുജാരി കുളങ്ങളും ഉണങ്ങി. ഗ്രാമവാസികള്‍ക്കിടയില്‍ ഇപ്പോള്‍ വെള്ളത്തെക്കുറിച്ച് മാത്രമാണ് സംസാരം. കൃഷിയിടമെന്നത് തൊഴിലിനുവേണ്ടിയുള്ള മാര്‍ഗം മാത്രമായിരിക്കുന്നു. ആദ്യത്തെ രണ്ട് മണ്‍സൂണ്‍ മാസങ്ങളില്‍, കൃഷിയിടമില്ലാത്തവര്‍ക്ക് പണിയുണ്ടായിരുന്നില്ലെന്ന് ഇവിടുത്തെ ആളുകള്‍ പറഞ്ഞു. ഇപ്പോള്‍ മഴ പെയ്താലും വിരിപ്പ് നടീല്‍ മിക്കവാറും തിരിച്ചുപിടിക്കാന്‍ സാധിക്കാത്തവിധം താറുമാറായി.
ഏക്കറുകണക്കിന് സ്ഥലങ്ങള്‍ ഉഴുതുമറിച്ച മണ്ണ് ചൂടുപിടിച്ച് നനവില്ലാതെ കട്ടപിടിച്ചും തവിട്ടുനിറത്തില്‍ പരന്നുകിടക്കുന്നതും ഞാറ്റടികള്‍ വാടി മഞ്ഞനിറമായും നില്‍ക്കുന്നതും കാണാം. ചില ഞാറ്റടികള്‍ പച്ചനിറത്തില്‍ നില്‍ക്കുന്നത് പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് ഉതകുന്ന വളം തളിച്ചു കൊടുക്കുന്നതുകൊണ്ടു മാത്രമാണ്.
ഈ വര്‍ഷവും കഴിഞ്ഞ കുറെ വര്‍ഷങ്ങളായും ഗാരദ, രാവണ്‍വാഡി എന്നിവയ്ക്കു പുറമെ ഭണ്ഡാരയിലെ ധർഗാവ് സര്‍ക്കിളിലെ ഇരുപത് ഗ്രാമങ്ങളിലെങ്കിലും നല്ല മഴ ലഭിച്ചിട്ടില്ലെന്ന് ലാദ് ചൂണ്ടിക്കാട്ടി. 2019 ജൂണ്‍ മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള മഴയുടെ കണക്കെടുത്താല്‍ ഭണ്ഡാരയിൽ ആകെ 20 ശതമാനം കുറവ് മഴ മാത്രമേ ലഭിച്ചിരുന്നുള്ളൂ. അതേസമയം ജൂലൈ 25-നു ശേഷം ലഭിച്ച 736 മില്ലിമീറ്റര്‍ മഴയുടെ ഒരു വലിയ ഭാഗം പെയ്തത് ജൂലൈ 25-ന് ശേഷമാണ്. (ദീര്‍ഘനാളായുള്ള മഴയുടെ ശരാശരി 852 മില്ലിമീറ്ററാണ്.) ഓഗസ്റ്റിലെ ആദ്യത്തെ രണ്ടാഴ്ചകളില്‍ ജില്ലയിലെ മഴക്കുറവ് മറികടന്നു.
ഓരോ സര്‍ക്കിളിലും ഇന്ത്യ കാലാവസ്ഥാ വകുപ്പ് തയാറാക്കിയ മഴയുടെ കണക്ക് പരിശോധിച്ചാല്‍ എല്ലായിടത്തും ഒരേ തോതിലായിരുന്നില്ല മഴ എന്നുകാണാം. വടക്കുള്ള തുംസാറില്‍ നല്ല മഴ ലഭിച്ചപ്പോള്‍ മധ്യഭാഗത്തായുള്ള ധർഗാവില്‍ മഴ കുറവായിരുന്നു. തെക്കുള്ള പൗനിയില്‍ കുറച്ചു നല്ല മഴ കിട്ടി.
എന്നാല്‍, ഈ മഴക്കണക്കുകള്‍ യാഥാര്‍ത്ഥ്യം അറിയുന്ന ആളുകളുടെ നിരീക്ഷണങ്ങളുമായി ഒത്തുപോകുന്നതല്ല. അലച്ചുതല്ലി പെയ്യുന്ന മഴ കുറച്ചു നേരത്തേയ്ക്കു മാത്രം, ചിലപ്പോള്‍ മിനിട്ടുകള്‍ മാത്രമായിരിക്കും പെയ്യുക. എങ്കിലും മഴനിരീക്ഷണകേന്ദ്രത്തിലെ അളവില്‍ അന്നത്തേയ്ക്കു മുഴുവനുള്ള മഴയായാണ് അത് രേഖപ്പെടുത്തുക. ഓരോ ഗ്രാമത്തിലേയും ആനുപാതികമായ ചൂട്, ഈര്‍പ്പം എന്നിവയെക്കുറിച്ചുള്ള കണക്കുകളില്ല.
കൃഷിയിടത്തില്‍ 75 ശതമാനം ഭാഗത്തെങ്കിലും വിതയ്ക്കാന്‍ സാധിക്കാതിരുന്ന കര്‍ഷകര്‍ക്കെല്ലാം ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരേഷ് ഗീഥെ ഓഗസ്റ്റ് 14-ന് നിര്‍ദ്ദേശിച്ചിരുന്നു. പ്രാഥമിക കണക്കുകള്‍ അനുസരിച്ച് 1.67 ലക്ഷം കര്‍ഷകരാണ് ഇതില്‍ ഉള്‍പ്പെടുക. ആകെ വിതയ്ക്കാത്ത സ്ഥലത്തിന്‍റെ വിസ്തൃതി 75,440 ഹെക്ടര്‍ വരും.
സെപ്റ്റംബറിലെ കണക്കനുസരിച്ച് ജൂണ്‍ മുതല്‍ ഭണ്ഡാരയില്‍ ദീര്‍ഘകാല വാര്‍ഷിക ശരാശരിയുടെ (1280.2 മില്ലിമീറ്റര്‍) 96.7 ശതമാനമായ 1237.4 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മിക്കവാറും മഴ പെയ്തത് ഓഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളിലാണ്. ജൂണ്‍-ജൂലൈ മാസങ്ങളിലെ മഴയെ ആശ്രയിക്കുന്ന വിരിപ്പ് കൃഷിയെ കാര്യമായി ബാധിച്ചതിനുശേഷമായിരുന്നു മഴ പെയ്തത്രയും. ഈ മഴയിലൂടെ രാവൺവാഡി, ഗാരദ ജംഗലി, വാകേശ്വര്‍ എന്നിവിടങ്ങളിലെ മാല്‍ഗുജാരി കുളങ്ങള്‍ നിറഞ്ഞു. മിക്ക കര്‍ഷകരും ഓഗസ്റ്റിലെ ആദ്യ ആഴ്ചകളില്‍ വീണ്ടും വിതയ്ക്കാനുള്ള ശ്രമം നടത്തി. നേരത്തെ വിളവ് ലഭിക്കുന്ന ഇനങ്ങള്‍ ഉപയോഗിച്ച് വിതയ്ക്കുകയായിരുന്നു ചിലര്‍. കൊയ്ത്തുകാലം ഒരുമാസമെങ്കിലും മുന്നോട്ട് നീക്കി നവംബര്‍ അവസാനത്തേയ്ക്കാകും, വിളവും കുറയും.
*****
ജൂലൈയില്‍ മാരോതി -66, നിര്‍മ്മല മാസ്‌കെ- 62 എന്നിവരെല്ലാം പ്രശ്‌നത്തിലായിരുന്നു. പ്രവചിക്കാനാവത്ത മഴയെ ആശ്രയിച്ചുള്ള ജീവിതം ബുദ്ധിമുട്ടാണെന്ന് അവർ പറഞ്ഞു. നേരത്തെയുണ്ടായിരുന്നതുപോലെ നീണ്ടുനില്‍ക്കുന്ന മഴ - നാലോ അഞ്ചോ അതോ ഏഴു ദിവസം വരെയോ നീണ്ടുനില്‍ക്കുന്ന ദീര്‍ഘകാല മഴകള്‍ ഇല്ലാതായി. ഇപ്പോള്‍ മഴ കുത്തിപ്പെയ്യുകയാണ് ഒന്നോ രണ്ടോ മണിക്കൂറുകളില്‍ മഴ പെയ്തുതീരും. അതിനിടയ്ക്ക് നീണ്ട കാല ഉണക്കും ചൂടുമാണ്.
കഴിഞ്ഞ ഒരു ദശകമായി മൃഗ് നക്ഷത്രത്തിൽ [ഇടവം-മിഥുനം മാസങ്ങൾ] അല്ലെങ്കില്‍ ജൂണ്‍ തുടക്കം മുതല്‍ ജൂലൈ ആദ്യം വരെയുള്ള കാലത്ത് മികച്ച മഴ ലഭിക്കുന്നതായി അവര്‍ക്ക് അനുഭവപ്പെടുന്നതേയില്ല. ഇക്കാലത്തായിരുന്നു അവര്‍ തടങ്ങളില്‍ നെല്ല് കിളിര്‍പ്പിക്കുന്നതും ഇരുപത്തിയൊന്ന് ദിവസത്തിനു ശേഷം വെള്ളം നിറഞ്ഞുനില്‍ക്കുന്ന കണ്ടങ്ങളിലേയ്ക്ക് പറിച്ചുനടുന്നതും. ഒക്ടോബര്‍ അവസാനത്തോടെ നെല്ല് വിളവെടുക്കാന്‍ പരുവമാകും. എന്നാല്‍, ഇപ്പോള്‍ നവംബര്‍ അവസാനം വരെ അല്ലെങ്കില്‍ ഡിസംബര്‍ വരെ വിളവെടുക്കാന്‍ കാത്തിരിക്കണം. മഴ കുറവായതുകാരണം ഏക്കറിനുള്ള ആകെ വിളവ് കുറയുകയും മികച്ച ഗുണമേന്മയുള്ളതും കൂടുതല്‍ കൃഷിക്കാലമുള്ളതുമായ ഇനങ്ങള്‍ കൃഷി ചെയ്യാനാവാതെ വരികയും ചെയ്യുന്നു.
"ഈ സമയത്ത് (ജൂലൈ അവസാനത്തില്‍) ഞങ്ങളുടെ നടീൽ തീർന്നിരിക്കും," വാകേശ്വര്‍ ഗ്രാമം ഞാൻ സന്ദര്‍ശിച്ചപ്പോള്‍, നിര്‍മ്മല പറഞ്ഞു. മറ്റനേകം കര്‍ഷകരെപ്പോലെ മാസ്‌കെ കുടുംബവും കൃഷിയിടത്തില്‍ ഞാറ് നടാനായി മഴ കിട്ടാന്‍ കാത്തിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസമായി ഈ കൃഷിയിടത്തില്‍ പണി ചെയ്യുന്ന ഏഴ് തൊഴിലാളികൾക്ക് പണിയില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
മാസ്‌കെയുടെ പഴയ വീടിന് മുന്നിലായുള്ള രണ്ടേക്കര്‍ കൃഷിയിടത്തില്‍ അവര്‍ പച്ചക്കറികളും പ്രാദേശിക ഇനം നെല്ലുമാണ് കൃഷി ചെയ്യുന്നത്. കുടുംബത്തിന് ആകെ 15 ഏക്കര്‍ സ്ഥലമുണ്ട്. കൃത്യതയുടെയും ഉയര്‍ന്ന വിളവിന്‍റെയും കൃഷിക്കാരനായാണ് ഈ ഗ്രാമത്തില്‍ മാരോതി മാസ്‌കെ അറിയപ്പെടുന്നത്. എന്നാല്‍, മഴയുടെ പെയ്ത്തിലെ വ്യതിയാനങ്ങള്‍, വർദ്ധിച്ചു വരുന്ന പ്രവചിക്കാനാവാത്ത അവസ്ഥ , തുല്യതയില്ലാതെയുള്ള വ്യാപനം തുടങ്ങിയവയെല്ലാം പ്രശ്‌നങ്ങളാണെന്ന് അദ്ദേഹം പറയുന്നു. "എപ്പോഴാണ് മഴ പെയ്യുകയെന്നോ എത്ര മഴ പെയ്യും എന്നുമറിയാതെ എങ്ങനെയാണ് കൃഷി രൂപപ്പെടുത്തുക?"
സാധാരണക്കാരുടെ ശബ്ദത്തിലും അവരുടെ ജീവിതാനുഭവങ്ങളിലൂടെയും കാലാവസ്ഥാ മാറ്റങ്ങള്‍ രേഖപ്പെടുത്തുന്നതിനായി യുഎന്‍ഡിപിയുടെ സഹായത്തോടെ പരിയുടെ ദേശവ്യാപകമായ റിപ്പോര്‍ട്ടിംഗ് പദ്ധതിയുടെ ഭാഗമാണിത്.
ഈ ലേഖനം പ്രസിദ്ധീകരിക്കാന്‍ താത്പര്യമുണ്ടോ? എങ്കില്‍ ഈ കാണുന്ന ഇമെയിലിലേയ്ക്ക് എഴുതുക: zahra@ruralindiaonline.org, പകര്‍പ്പ് ഈ മെയിലിലേയ്ക്ക് അയയ്ക്കുക: namita@ruralindiaonline.org
പരിഭാഷ: ജ്യോത്സ്ന വി.