1998-ലെ ഹിറ്റ് സിനിമയായ എ ബഗ്‌സ് ലൈഫിന്‍റെ തുടർച്ച പോലെയാണിത്. ഫ്ലിക് എന്ന ഉറുമ്പ്, കവർച്ചക്കാരായ പുൽച്ചാടികളിൽ നിന്ന് ഉറുമ്പു ദ്വീപിലെ തന്‍റെ ആൾക്കാരെ രക്ഷിക്കാൻ വേണ്ടി ധീരന്മാരായ യോദ്ധാക്കളെ നിയമിക്കുന്നതാണ് ഈ ഹോളിവുഡ് സിനിമയുടെ കഥ.
ഇന്ത്യയിൽ ചുരുളഴിയുന്ന യഥാർത്ഥ ജീവിതത്തിന്‍റെ തുടർക്കഥയിലെ ഒരു ലക്ഷം കോടിയോളം വരുന്ന കഥാപാത്രങ്ങളിൽ 130 കോടി പേർ മനുഷ്യരാണ്. ഈ വർഷം മേയിലാണ് കവർച്ചക്കാരായ, വെട്ടുക്കിളികളെന്ന് അറിയപ്പെടുന്ന, ചെറിയ കൊമ്പുള്ള ഈ പുൽച്ചാടികൾ ദശോപലക്ഷം വരുന്ന കൂട്ടങ്ങളായി എത്തിയത്. നമ്മുടെ കൃഷിവകുപ്പിന്‍റെ കമ്മീഷണറുടെ കണക്കുപ്രകാരം ബീഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലായി ഏകദേശം രണ്ടര ലക്ഷത്തോളം ഏക്കർ ഭൂമിയിലെ വിളയാണ് ഇവ നശിപ്പിച്ചത്.
ദേശീയ അതിർത്തികളെ അപ്രസക്തമാക്കുന്നവയാണ് വായുവിലൂടെ സഞ്ചരിക്കുന്ന ഈ അക്രമണകാരികൾ. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്.എ.ഓ.) കണക്കനുസരിച്ച് വെട്ടുക്കിളികളുള്ളത് പശ്ചിമ ആഫ്രിക്ക മുതൽ ഇന്ത്യ വരെ 30 രാജ്യങ്ങളിലായി 16 ദശലക്ഷം ചതുരശ്ര കിലോമീറ്ററോളം വ്യാപ്തിയിലാണ്. ഒരു ചതുരശ്ര കിലോമീറ്ററുള്ള, ഏകദേശം 40 ദശലക്ഷം അംഗങ്ങളുള്ള ഒരു ചെറിയ വെട്ടുക്കിളി കൂട്ടത്തിന് ഒരു ദിവസം 35,000 ആളുകൾ, 20 ഒട്ടകങ്ങൾ അല്ലെങ്കിൽ ആറ് ആനകൾ കഴിക്കുന്ന അതേ അളവിൽ ഭക്ഷണം കഴിക്കാനാകും.
ദേശീയ തലത്തിലുള്ള വെട്ടുക്കിളി മുന്നറിയിപ്പ് സംഘടനയ്ക്ക് (Locust Warning Organisation) പ്രതിരോധം, കൃഷി, ആഭ്യന്തരം, ശാസ്ത്ര-സാങ്കേതികം, സിവിൽ വ്യോമയാനം, വാർത്താ വിനിമയം എന്നീ മന്ത്രാലയങ്ങളിൽ നിന്ന് അംഗങ്ങളെ ഉണ്ടാവുന്നതിൽ അതിശയിക്കാനില്ല.
തുടർന്നു കൊണ്ടിരിക്കുന്ന ഈ കഥയിൽ, ദശോപലക്ഷം വരുന്ന പ്രാണികൾ തമ്മിലുള്ള ലോലമായ സന്തുലിതാവസ്‌ഥ തകരുമ്പോൾ വെട്ടുകിളികൾ മാത്രമല്ല വില്ലന്മാരാകുന്നത്. ഇന്ത്യയിൽ ഷഡ്പദ ശാസ്ത്രജ്ഞരും (entomologists) ആദിവാസികളും മറ്റു കർഷകരും നിരവധി വരുന്ന കുഴപ്പക്കാരായ, പലപ്പോഴും പരദേശികളായ, ഈ പ്രാണി വർഗങ്ങളെ പട്ടികപ്പെടുത്തുന്നു. മാറുന്ന കാലാവസ്‌ഥ ആവാസവ്യവസ്ഥ തകർക്കുമ്പോൾ ഭക്ഷ്യോത്പാദനത്തെ സഹായിക്കുന്ന ഉപകാരികളായ കീടങ്ങൾ പോലും ഹാനികാരകമായി മാറിയേക്കാം.
ഒരു ഡസനോളം ഉറുമ്പുകൾ അപകടകാരികളായി മാറിയിരിക്കുന്നു, ചീവീടുകൾ പുതിയ സ്‌ഥലങ്ങൾ കയ്യേറുന്നു, മൂർച്ചയുള്ള വായകളുമായി ചിതലുകൾ ഇരുണ്ട കാടുകളിൽ നിന്ന് പുറത്തുവന്ന് ആരോഗ്യമുള്ള വൃക്ഷത്തടികൾ നശിപ്പിക്കുന്നു, തേനീച്ചകളുടെ എണ്ണം കുറയുകയും തുമ്പികൾ അകാലത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോൾ എല്ലാ ജീവജാലങ്ങളുടെയും ഭക്ഷ്യ സുരക്ഷ ക്ഷയിക്കുന്നു. സൗമ്യരായ റെഡ്-ബ്രെസ്റ്റഡ് ജെസെബെൽ ചിത്രശലഭങ്ങൾ പോലും പ്രകമ്പനം സൃഷ്ടിച്ച് മാറിമാറി വരുന്ന രൂപങ്ങൾ പ്രാപിച്ചുകൊണ്ട് കിഴക്കൻ ഹിമാലയത്തിൽ നിന്ന് പടിഞ്ഞാറൻ ഹിമാലയത്തിലേക്കൊഴുകിയെത്തി പുതിയ പ്രദേശങ്ങൾ കയ്യടക്കുമ്പോൾ ഉപകാരികളായ നാടൻ പ്രാണികൾ സ്‌ഥാനഭ്രഷ്ടരാകുന്നു. ഇന്ത്യയുടനീളം പരന്നുകിടക്കുന്നു ഈ യുദ്ധഭൂമികളും, പോരാളികളും.
നാടൻ പ്രാണികളുടെ എണ്ണം കുറയുന്നത് മധ്യ ഇന്ത്യയിൽ തേൻ സംഭരിക്കുന്നവരെ ബുദ്ധിമുട്ടിലാക്കുന്നു. "കുത്തനെയുള്ള മലഞ്ചെരുവുകളിൽ നൂറുകണക്കിന് തേനീച്ചക്കൂടുകൾ കാണാൻ കഴിയുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് പക്ഷെ ഈ കൂടുകൾ കണ്ടുപിടിക്കാൻ തന്നെ പ്രയാസമാണ്," മധ്യപ്രദേശിലെ ചിന്ദ്വാഡാ ജില്ലയിൽ നിന്നുള്ള ഭാരിയ ആദിവാസിയായ ബ്രിജ് കിശൻ ഭാർതി, 40, പറയുന്നു.
ഇദ്ദേഹവും ശ്രീഝോത് ഗ്രാമത്തിലെ തേൻ ശേഖരിക്കുന്ന മറ്റുള്ളവരും - ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നാണ് ഇവരെല്ലാവരും - ആ പ്രദേശത്തുള്ള കുത്തനെയുള്ള മലഞ്ചെരിവുകളിൽ കയറി തേൻ എടുക്കുകയും അത് 20 കിലോമീറ്റർ അകലെയുള്ള താമിയ ബ്ലോക്കിന്‍റെ ഹെഡ് ക്വാർട്ടേഴ്സിലുള്ള പ്രതിവാര ചന്തകളിൽ കൊണ്ടുപോയി വിൽക്കുകയും ചെയ്യുന്നു. വർഷത്തിൽ രണ്ടു പ്രാവശ്യമാണ് ഇവർ തേൻ ശേഖരിക്കാൻ പോകുന്നത് (നവംബർ-ഡിസംബറിലും മേയ്-ജൂണിലും). ഓരോ പ്രാവശ്യവും ഇവർ മലയോരങ്ങളിൽ ദിവസങ്ങളോളം താമസിച്ചാണ് തേൻ ശേഖരിക്കുന്നത്.
ഇവരുടെ തേനിന്‍റെ വില കിലോയ്ക്ക് 60 രൂപയിൽ നിന്ന് കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ 400 രൂപയായി ഉയർന്നിട്ടുണ്ട്. എങ്കിലും ബ്രിജ് കിശന്‍റെ 35-കാരനായ സഹോദരൻ ജയ് കിശൻ പറയുന്നു, "ഈ യാത്രകളിൽ പണ്ട് ഞങ്ങൾക്ക് 25-30 ക്വിന്‍റൽ തേൻ വരെ കിട്ടുമായിരുന്നു, എന്നാൽ ഇന്ന് 10 കിലോ കിട്ടാൻ തന്നെ ഭാഗ്യം ചെയ്യണം. കാട്ടിൽ ഞാവൽ, താന്നി, മാവ്, മരുത് എന്നീ മരങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണ്. മരങ്ങൾ കുറയുമ്പോൾ പൂക്കളും കുറയുന്നു, തേനീച്ചകളുടെയും മറ്റു പ്രാണികളുടെയും ഭക്ഷണവും കുറയുന്നു." തേൻ സംഭരിക്കുന്ന ഇവരുടെ വരുമാനവും കുറയുന്നു.
പൂക്കൾ കുറയുന്നത് മാത്രമല്ല ആശങ്കയ്ക്ക് കാരണം. "ഫെനോളജിക്കൽ അസിങ്ക്രോണിയും (phenological asynchrony) - അതായത് പ്രാണികളുണ്ടായി വരുന്ന സമയവും പൂക്കളുണ്ടാകുന്ന സമയവും വ്യത്യസ്തമായിക്കൊണ്ടിരിക്കുന്നതും - ഞങ്ങളിപ്പോൾ കണ്ടുവരുന്നു, " ബെംഗളൂരുവിലെ നാഷണൽ സെന്‍റർ ഫോർ ബയോളോജിക്കൽ സയൻസസിലെ ഡോ. ജയശ്രീ രത്‌നം പറയുന്നു. "മിതശീതോഷ്ണ മേഖലകളിൽ വസന്തം നേരത്തെ എത്തിത്തുടങ്ങിയതിനാൽ പല ചെടികളും നേരത്തേ പൂവിടുന്നു, എന്നാൽ ഇവയുടെ പരാഗണത്തിനുള്ള പ്രാണികൾ അപ്പോഴേക്കും ഉണ്ടായി വരുന്നുമില്ല. അങ്ങനെ പ്രാണികൾക്ക് ഭക്ഷണം ആവശ്യമുള്ളപ്പോൾ അത് ലഭ്യമല്ലാതാകുന്നു. ഈ മാറ്റങ്ങളെ കാലാവസ്‌ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെടുത്താനാകും," എൻ.സി.ബി.എസിന്‍റെ വൈൽഡ് ലൈഫ് ബയോളജി ആൻഡ് കൺസർവേഷൻ പ്രോഗ്രാമിന്‍റെ അസോസിയേറ്റ് ഡയറക്ടറായ ഡോ. രത്നം പറയുന്നു.
ഡോ. രത്‌നം പറയുന്നതുപോലെ, നമ്മുടെ ഭക്ഷ്യസുരക്ഷയുമായി നേരിട്ട് ബന്ധമുള്ളവയാണ് ഈ പ്രാണികളെങ്കിലും, "നമുക്ക് പട്ടികളോടും പൂച്ചകളോടും തോന്നുന്ന പോലെ താല്പര്യം ഇവയൊടില്ലതന്നെ."
*****
"എന്‍റെ പേര മരത്തിൽ മാത്രമല്ല നെല്ലിയിലും മഹുവയിലും ഇപ്പോൾ പഴങ്ങൾ കുറവാണ്. അച്ചാർ (ചിരോഞ്ചി/മൂങ്ങാപ്പേഴ്) മരം കായ്ക്കാതെയായിട്ട് വർഷങ്ങളായി," മധ്യപ്രദേശിലെ ഹോശംഗാബാദ് ജില്ലയിലെ കടിയാദാന ഗ്രാമത്തിലെ രഞ്ജിത് സിംഗ് മർശ്കോലെ, 52, ഞങ്ങളോട് പറഞ്ഞു. ഇവിടെ ഈ ഗോണ്ഡ് ആദിവാസി കർഷകൻ പിപരിയ തഹസിലിലെ മട്കുലി ഗ്രാമത്തിന് സമീപത്തുള്ള തന്‍റെ കുടുംബത്തിന്‍റെ ഒമ്പതേക്കറിൽ ഗോതമ്പും കടലയും കൃഷി ചെയ്യുന്നു.
"തേനീച്ചകളുടെ എണ്ണം കുറയുമ്പോൾ പൂക്കളും പഴങ്ങളും കുറയും," രഞ്ജിത് സിംഗ് പറയുന്നു.
പരാഗണത്തിനു സഹായിക്കുന്ന ഉറുമ്പുകൾ, തേനീച്ചകൾ, ഈച്ചകൾ, കടന്നലുകൾ, സ്ഫിങ്സ് നിശാശലഭങ്ങൾ, ചിത്രശലഭങ്ങൾ, വണ്ടുകൾ എന്നിവയുടെയൊക്കെ ചിറകുകൾ, കാലുകൾ, കൊമ്പുകൾ, സ്പർശനികൾ എന്നിവയെയൊക്കെ ഭാഗികമായി ആശ്രയിച്ചിരിക്കുന്നു നമ്മുടെ ഭക്ഷ്യ സുരക്ഷ. ഒരു എഫ്.എ.ഓ. ബുള്ളറ്റിൻ പറയുന്നുതനുസരിച്ച് ലോകത്തു പരാഗണത്തിൽ പങ്കെടുക്കുന്നവയായി ഇരുപത്തിനായിരത്തിലേറെ കാട്ടുതേനീച്ചകളുണ്ട്, കൂടാതെ പക്ഷികൾ, വവ്വാലുകൾ, മറ്റ് മൃഗങ്ങളും. 75 ശതമാനത്തോളം ഭക്ഷ്യ വിളകളും 90 ശതമാനത്തോളം കാറ്റ് ചെടികളും ഈ പരാഗണത്തെ ആശ്രയിക്കുന്നു. ആഗോളതലത്തിൽ ഇത് ബാധിക്കുന്ന വിളകളുടെ വാർഷിക മൂല്യം 235 ഡോളറിനും 577 ബില്യൺ ഡോളറിനും ഇടയിലാണ്.
പരാഗണത്തിനു സഹായിക്കുന്ന ഉറുമ്പുകൾ, തേനീച്ചകൾ, ഈച്ചകൾ, കടന്നലുകൾ, സ്ഫിങ്സ് നിശാശലഭങ്ങൾ, ചിത്രശലഭങ്ങൾ, വണ്ടുകൾ എന്നിവയുടെയൊക്കെ ചിറകുകൾ, കാലുകൾ, കൊമ്പുകൾ, സ്പർശനികൾ എന്നിവയെയൊക്കെ ഭാഗികമായി ആശ്രയിച്ചിരിക്കുന്നു നമ്മുടെ ഭക്ഷ്യ സുരക്ഷ
ഭക്ഷ്യ വിളകളുടെ പരാഗണത്തിലുള്ള ഈ പ്രധാനപങ്കു കൂടാതെ ഈ പ്രാണികൾ വീണ മരങ്ങളെയും ചത്ത ജീവികളുടെ അവശിഷ്ടങ്ങളെയും വിഘടിപ്പിക്കാനും, മണ്ണ് മറിച്ചിടാനും, വിത്തുകൾ വേർതിരിക്കാനും അങ്ങനെ കാടുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഇന്ത്യയിൽ, ദശലക്ഷക്കണക്കിന് ആദിവാസികളും മറ്റുള്ളവരും വനങ്ങൾക്കടുത്തായി സ്ഥിതിചെയ്യുന്ന 170,000 ഗ്രാമങ്ങളിൽ താമസിക്കുന്നു. അവിടെ അവർ ഇന്ധനത്തിനായി മരത്തടികളും മറ്റു വന ഉൽപന്നങ്ങളും സ്വന്തം ഉപയോഗത്തിനോ അല്ലെങ്കിൽ വിൽക്കാനോ വേണ്ടി സംഭരിക്കുന്നു. കൂടാതെ, രാജ്യത്തെ 536 ദശലക്ഷം കന്നുകാലികളുടെ മേച്ചിൽ സ്‌ഥലങ്ങളും വനങ്ങളെ ആശ്രയിച്ചിരിക്കുന്നു.
"ഈ കാട് മരിച്ചുകൊണ്ടിരിക്കുകയാണ്," തന്‍റെ എരുമകൾ ചുറ്റും മേയുമ്പോൾ ഒരു മരത്തണലിലിരുന്നു വിജയ് സിംഗ് പറഞ്ഞു. എഴുപതുകാരനായ ഈ ഗോണ്ഡ് കർഷകന് പിപരിയ തഹസിൽ സിംഗ്നമ ഗ്രാമത്തിൽ 30 ഏക്കർ സ്ഥലമുണ്ട്, അവിടെ അദ്ദേഹം ഒരിക്കൽ കടലയും ഗോതമ്പും കൃഷി ചെയ്തിരുന്നു. കുറച്ചു വർഷങ്ങളായി അദ്ദേഹം അത് തരിശായി ഇട്ടിരിക്കുകയാണ്. "ഇപ്പോൾ മഴ ഒന്നുകിൽ വളരെ ശക്തിയായി പെയ്ത് വേഗം അവസാനിക്കുന്നു, അല്ലെങ്കിൽ ഭൂമി ശരിക്കു നനയ്ക്കുന്നില്ല." പ്രാണികളുടെ പ്രതിസന്ധികളും അദ്ദേഹം മനസ്സിലാക്കുന്നു. "വെള്ളമില്ലാതെ ഉറുമ്പുകൾ എവിടെ കൂടുണ്ടാക്കാനാണ്?"
പിപരിയ തഹസിൽ പഞ്ച്മഢി കന്‍റോൺമെന്‍റ് പ്രദേശത്ത്, നന്ദു ലാൽ ധൂർബെ, 45, കേന്ദ്രീകൃത വൃത്തങ്ങളായി ഉയർന്നു നിൽക്കുന്ന ഒരു ബാമി [ഉറുമ്പിന്‍റെയും ചിതലുകളുടെയും പുറ്റിന്‍റെ പ്രാദേശിക നാമം] കാണിച്ചുതന്നു. " ബാമി ക്ക് മൃദുവായ ഭൂമിയും തണുപ്പുള്ള ഈർപ്പവും ആവശ്യമാണ്. പക്ഷെ ഇപ്പോൾ തുടർച്ചയായി മഴ ലഭിക്കുന്നില്ല, ചൂട് കൂടുന്നു, അതിനാൽ ഇവ അധികം കാണാനാവുന്നില്ല."
"ഈയിടെയായി അസമയത്തുള്ള തണുപ്പും വളരെ അധികമോ കുറഞ്ഞതോ ആയ മഴയും കാരണം പൂക്കൾ വാടിവീഴുന്നു," ഗോണ്ഡ് ആദിവാസിയും തന്‍റെ പ്രദേശത്തെ പരിസ്ഥിതിശാസ്ത്രത്തെക്കുറിച്ച് വിപുലമായ അറിവുള്ള ഒരു തോട്ടക്കാരനുമായ ധുർബെ കൂട്ടിച്ചേർത്തു. "അങ്ങനെ ഫലവൃക്ഷങ്ങളിൽ പഴങ്ങൾ കുറയുകയും പ്രാണികൾക്ക് ആവശ്യത്തിന് ഭക്ഷണമില്ലാതെയാകുകയും ചെയ്യുന്നു."
സത്പുഡ പ്രദേശത്ത് 1,100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പഞ്ച്മഢി, ദേശീയ പാർക്കുകളും കടുവാ സങ്കേതങ്ങളും ഉള്ള ഒരു യുനെസ്‌കോ ജൈവമണ്ഡലമാണ്. ഈ മധ്യ ഇന്ത്യ ഹിൽ സ്റ്റേഷൻ സമതലങ്ങളിലെ ചൂടിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ജനക്കൂട്ടത്തെ വർഷം മുഴുവനും ആകർഷിക്കുന്നു. ഇവിടെയും ചൂട് കൂടിവരുന്നുവെന്ന് ധൂർബെയും വിജയ് സിംഗും നിരീക്ഷിക്കുന്നു - അവരുടെ വീക്ഷണത്തിന് സ്ഥിരീകരണവുമുണ്ട്.
ന്യൂയോർക്ക് ടൈംസിന്‍റെ ആഗോളതാപനത്തെക്കുറിച്ചുള്ള ഒരു ഇന്‍ററാക്റ്റീവ് പോർട്ടലിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത്, 1960-ൽ പിപരിയയിൽ ഒരു വർഷത്തിൽ 157 ദിവസങ്ങളാണ് താപനില 32 ഡിഗ്രിയോ അതിൽ കൂടോതലോ രേഖപ്പെടുത്തിയത് എന്നാണ്. ഇന്ന് ആ സംഖ്യ 201 ദിവസങ്ങളായി കൂടിയിരിക്കുന്നു.
കർഷകരും ശാസ്ത്രജ്ഞരും നിരീക്ഷിക്കുന്ന ഈ മാറ്റങ്ങൾ ജന്തുവർഗങ്ങളുടെ ഭ്രംശത്തിലേക്കും വംശനാശത്തിലേക്കും നയിക്കുന്നു. ഒരു എഫ്.എ.ഓ. റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നതുപോലെ: "ലോകവ്യാപകമായുള്ള ജന്തുവർഗ്ഗത്തിന്‍റെ വംശനാശനിരക്ക് മനുഷ്യന്‍റെ സ്വാധീനം മൂലം സാധാരണയേക്കാൾ 100 മുതൽ 1,000 മടങ്ങ് വരെ അധികമാണ്."
*****
"ഇന്ന് വിൽക്കാൻ ഉറുമ്പുകളൊന്നും കിട്ടിയില്ല," ഗോണ്ഡ് ആദിവാസിയായ മുന്നിബായ് കചലൻ ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലെ ഛോടേഡോംഗർ പ്രതിവാര ഹാട്ടിൽ (ഗ്രാമച്ചന്തയില്‍) ഇരുന്നുകൊണ്ട് പറയുന്നു. 50-കാരിയായ ഇവർ കുട്ടിക്കാലം മുതലേ ബസ്തറിലെ വനങ്ങളിൽ നിന്ന് ഉറുമ്പുകളും പുല്ലും ശേഖരിചു വരുന്നു. ഇവർ നാല് പെണ്മക്കളുള്ള വിധവയും, ഒമ്പത് കിലോമീറ്റർ അകലെയുള്ള രോഹ്താദ് ഗ്രാമത്തിലുള്ള രണ്ടേക്കർ ഭൂമിയിൽ കുടുംബത്തിനാവശ്യമായ മിക്കവാറും ഭക്ഷ്യവസ്തുക്കളും കൃഷി ചെയ്യുന്ന ഉപജീവന കർഷകയുമാണ്.
ചന്തയിൽ തനിക്കാവശ്യമായ 50-60 രൂപയുണ്ടാക്കാൻ ഇവർ ചൂലുണ്ടാക്കാനുള്ള പുല്ല്, ഉറുമ്പുകൾ, ചിലപ്പോൾ കുറച്ച് അരി ഇങ്ങനെയുള്ള അവശ്യ വസ്തുക്കൾ വിൽക്കുന്നു. ചെറിയ അളവിൽ താൻ വിൽക്കുന്ന ഉറുമ്പുകൾക്ക് പരമാവധി 20 രൂപ വരെ കിട്ടുമെന്ന് ഇവർ പറയുന്നു. പക്ഷെ ഞങ്ങൾ കണ്ടുമുട്ടിയ ദിവസം ഇവരുടെ കൈവശം ഉറുമ്പുകളില്ലായിരുന്നു. ഉള്ളത് ചെറിയൊരു പുൽക്കെട്ടുമാത്രമായിരുന്നു.
" ഹാലയിംഗി [ചുവന്ന ഉറുമ്പുകൾ] ഞങ്ങളുടെ ഭക്ഷണമാണ്," മുന്നി പറഞ്ഞു. "കാട്ടിൽ ഞങ്ങൾ പെണ്ണുങ്ങൾക്ക് അവയെ എളുപ്പം കണ്ടുപിടിക്കാൻ കഴിയുന്ന ഒരു സമയമുണ്ടായിരുന്നു. ഇന്ന് അവയുടെ എണ്ണം കുറഞ്ഞു വരുന്നു, മാത്രമല്ല, ഉയരമുള്ള മരങ്ങളിൽ മാത്രമേ അവയെ കാണാനാകുന്നുള്ളൂ, സംഭരിക്കാൻ അതുകൊണ്ട് വളരെ പ്രയാസമാണ്. ആണുങ്ങൾ ഇവയെ പിടിക്കാനായി മരത്തിൽ കയറി പരിക്കേൽക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു."
കീടങ്ങളുടെ സമ്പൂർണ്ണ നാശത്തിലേക്കാണ് ഇന്ത്യ പോയിക്കൊണ്ടിരിക്കുന്നത്. "വ്യവസ്‌ഥിതിയുടെ ആണിക്കല്ലാണ് പ്രാണികൾ. അവയില്ലാതെയായാൽ വ്യവസ്‌ഥിതി തകരും," എൻ.സി.ബി.എസിലെ അസ്സോസിയേറ്റ് പ്രൊഫസറായ ഡോ. സഞ്ജയ് സാനി പറയുന്നു. അദ്ദേഹം മധ്യപ്രദേശിലെ പഞ്ചമഢിയിലും കർണാടകയിലെ അഗുംബെയിലുമായി രണ്ട് വന്യജീവി ഫീൽഡ് സ്റ്റേഷനുകളിൽ സ്ഫിങ്സ് നിശാശലഭങ്ങളെക്കുറിച്ച് നിരീക്ഷണ പഠനങ്ങൾ നടത്തുന്നു." സസ്യജാലങ്ങളിലും കാർഷിക രീതികളിലും താപനിലയിലും വരുന്ന മാറ്റങ്ങൾ എല്ലാത്തരം പ്രാണികളുടെ എണ്ണത്തിലും കുറവുണ്ടാക്കുന്നു. വംശനാശം തന്നെ സംഭവിക്കുന്നു. "
"ഒരു ചെറിയ പരിധിക്കുള്ളിലുള്ള താപനില മാത്രമേ പ്രാണികൾക്ക് താങ്ങാൻ കഴിയൂ," സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (സെഡ്.എസ്.ഐ.) ഡയറക്ടർ ഡോ. കൈലാസ് ചന്ദ്ര പറയുന്നു. "0.5 ഡിഗ്രി സെൽഷ്യസിന്‍റെ വർദ്ധനവ് പോലും അവയുടെ ആവാസവ്യവസ്ഥയെ അസന്തുലിതമാക്കുകയും എന്നെന്നേക്കുമായി മാറ്റുകയും ചെയ്യുന്നു." ചിത്രശലഭങ്ങളും തുമ്പികളും ഉൾപ്പെടുന്ന 'വംശനാശഭീഷണി നേരിടുന്ന'തെന്ന് ഇന്‍റര്‍നാണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ (ഐ.യു.സി.എൻ.) ചുവപ്പ് പട്ടികയില്‍ (Red List) പെടുന്ന വണ്ടുകളുടെ എണ്ണം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി 70 ശതമാനത്തോളം കുറഞ്ഞതായി ഈ ഷഡ്പദ ശാസജ്ഞൻ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാപകമായ ഉപയോഗം കൊണ്ട് മണ്ണിലേക്കും വെള്ളത്തിലേക്കും ചോരുന്ന കീടനാശിനികൾ നാടൻ പ്രാണികളെയും, വെള്ളത്തിൽ ജീവിക്കുന്ന പ്രാണികളെയും, മറ്റു സമാനമില്ലാത്ത പ്രാണിവർഗങ്ങളെയും നശിപ്പിക്കുകയും നമ്മുടെ പ്രാണികളുടെ ജൈവവൈവിധ്യത്തെ തകർക്കുകയും ചെയ്യുന്നു," ഡോ. ചന്ദ്ര പറയുന്നു.
"പഴയ കീടങ്ങളൊക്കെ അപ്രത്യക്ഷമായി, പക്ഷെ ഇപ്പോൾ പുതിയവയെ കാണുന്നുണ്ട്," എം.പി.യിലെ തമിയ തഹസിലിലെ ഗാട്ടിയ ഗ്രാമത്തിലെ ആദിവാസി കർഷകനായ ലോടൻ രാജ്ഭോപ, 35, ഞങ്ങളോട് പറഞ്ഞു. "വലിയ കൂട്ടങ്ങളായി വരുന്ന ഇവയ്ക്ക് മുഴുവൻ വിളകളും നശിപ്പിക്കാനാകും. ഞങ്ങളവയ്ക്ക് ഫിൻ ഫിനി [അനേകം] എന്നാണ് പേരിട്ടിരിക്കുന്നത്," അദ്ദേഹം നീരസത്തോടെ പറഞ്ഞു. "ദുഷ്ടരാണീ പുതിയ പ്രാണികൾ, കീടനാശിനി തളിച്ചാൽ ഇവ പെരുകുന്നു."
ഉത്തരഖണ്ഡിലെ ഭീംതാളിലുള്ള ബട്ടർഫ്ലൈ റിസർച്ച് സെന്‍ററിൽ, അതിന്റെ സ്ഥാപകനായ പീറ്റർ സ്മെറ്റാസെക്ക്, 55, ഹിമാലയത്തിലെ ആഗോളതാപനം ഈ പ്രദേശത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഈർപ്പവും താപനിലയും വർദ്ധിക്കുന്നതിന് കാരണമാകുന്നുവെന്ന് വളരെക്കാലമായി വാദിച്ചുവരുന്നു. അതുകൊണ്ട് തണുപ്പുള്ളതും വരണ്ടതുമായ ശൈത്യകാലങ്ങൾ ഇപ്പോൾ ഊഷ്മളവും ഈർപ്പമുള്ളതുമായി മാറുകയും, പശ്ചിമ ഹിമാലയത്തിലെ ചിത്രശലഭങ്ങളെ പൂർവ ഹിമാലയത്തിലെ ചിത്രശലഭങ്ങൾ കോളനിവൽക്കരിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.
ഭൂമിയുടെ കര പ്രദേശത്തിന്‍റെ 2.4 ശതമാനം മാത്രം വരുന്ന, പക്ഷെ ലോകത്തിലെ 7 തൊട്ട് 8 ശതമാനം ജീവിവർഗങ്ങൾ അടങ്ങുന്ന ഇന്ത്യ ജൈവ വൈവിധ്യത്തിന്‍റെ ഒരു പ്രധാന കേന്ദ്രമാണ്. 2019 ഡിസംബറിലെ കണക്കനുസരിച്ച് ഇന്ത്യയിലെ പ്രാണി വർഗങ്ങളുടെ എണ്ണം 65,466 ആണെന്ന് സെഡ്.എസ്.ഐ.യിലെ ഡോ. ചന്ദ്ര പറയുന്നു. എന്നിരുന്നാലും, "ഇതൊരു കുറഞ്ഞ കണക്കാണ്. ശരിക്കുള്ള എണ്ണം ഇതിലും 4-5 മടങ്ങെങ്കിലും കൂടുതലാകാനാണ് സാദ്ധ്യത. പക്ഷെ പലയിനം പ്രാണികളും രേഖപ്പെടുത്തുന്നതിന് മുമ്പ് തന്നെ വംശനാശത്തിലേക്ക് പോയേക്കാം."
*****
"കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം വനനശീകരണവും വാസസ്‌ഥലങ്ങളുടെ വിഭജനവും അസ്വസ്ഥമായ ആവാസ വ്യവസ്ഥകൾക്ക് കാരണമാകുന്നു," ഇന്ത്യയുടെ 'ഉറുമ്പ് മനുഷ്യൻ' എന്ന് അറിയപ്പെടുന്ന പട്യാലയിലെ പഞ്ചാബി സർവകലാശാലയിലെ പരിണാമ ജീവശാസ്ത്രജ്ഞനായ (evolutionary biologist) ഡോ. ഹിമേന്ദർ ഭാരതി പറയുന്നു." കശേരുക്കളുള്ള മറ്റു ജീവികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉറുമ്പുകൾ സമ്മർദത്തോട് മികച്ച രീതിയിൽ പ്രതികരിക്കുന്നു, അതുകൊണ്ട് ഇവയെ ഭൂപ്രകൃതിയിലെ അസ്വാസ്ഥതകളും ജീവി വൈവിധ്യവും വിലയിരുത്താൻ വ്യാപകമായി ഉപയോഗിക്കുന്നു."
സർവ്വകലാശാലയിലെ സുവോളജി ആൻഡ് എൻവയോൺമെന്‍റൽ സയൻസസ് വിഭാഗത്തിന്‍റെ തലവനായ ഡോ. ഭാരതി, ഇന്ത്യയിലെ ഉറുമ്പുകളുടെ 828 ഇനങ്ങളുടെയും ഉപഇനങ്ങളുടെയും ആദ്യ ചെക്ക്‌ലിസ്റ്റ് സമാഹരിച്ചതിന്‍റെ ബഹുമതി അർഹിക്കുന്നു. "ആക്രമണകാരികളായ ജീവിവർഗ്ഗങ്ങൾ പെട്ടെന്ന് പരിസ്‌ഥിതിയോടിണങ്ങുകയും നാടൻ പ്രാണി വർഗ്ഗങ്ങളെ സ്ഥാനഭ്രഷ്ടരാക്കുകയും ചെയ്യുന്നു. അവർ കുടിയേറുകയും കയ്യടക്കുകയും ചെയ്യും."
കുഴപ്പക്കാർ ജയിച്ചു കൊണ്ടിരിക്കുന്നുവെന്ന് അമ്പതുകളിൽ പ്രായം വരുന്ന മവാസി സമുദായക്കാരിയായ പാർവതി ബായ് കരുതുന്നു. ഹോശംഗാബാദ് ജില്ലയിലെ പഗാര ഗ്രാമത്തിൽ നിന്നുള്ള ഇവർ പറയുന്നു, "ഈയിടെയായി ‘ഫുന്ദി കീട’ങ്ങൾ [വളരെ മെലിഞ്ഞതും നേർത്തതുമായ കീടങ്ങൾ] ഒരുപാട് വരുന്നു. കഴിഞ്ഞ വർഷം എന്‍റെ ഒരേക്കറിലെ നെൽകൃഷിയുടെ ഭൂരിഭാഗവും അവ തിന്നു കളഞ്ഞു." ആ സീസണിൽ മാത്രം ഏകദേശം 9,000 രൂപയുടെ നഷ്ടം അവർ കണക്കാക്കുന്നു.
പാർവതി ബായിയിൽ നിന്ന് ആയിരം കിലോമീറ്റർ അകലെ, തെക്ക് നീലഗിരി പർവതനിരയിൽ സസ്യശാസ്ത്രജ്ഞയായ ഡോ. അനിത വർഗീസ് നിരീക്ഷിക്കുന്നു: "തദ്ദേശീയ സമൂഹങ്ങളാണ് ആദ്യത്തെ മാറ്റങ്ങൾ ശ്രദ്ധിക്കുന്നത്. ഏപിസ് സെറാന (apis cerana) തേനീച്ചകൾ നിലത്തുള്ള കൂടുകളിൽ നിന്ന് മരപ്പൊത്തുകളിലെ കൂടുകളിലേക്ക് കൂടുതലായി മാറിയതായി കേരളത്തിലെ തേൻ ശേഖരിക്കുന്നവർ ശ്രദ്ധിക്കുകയും കരടികളുടെ എണ്ണത്തിൽ വന്ന വർദ്ധനയും മണ്ണിന്‍റെ ചൂട് കൂടിയതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. പരമ്പരാഗതമായ അറിവുള്ളവരും ശാസ്ത്രജ്ഞരും പരസ്പരം ആശയവിനിമയത്തിനുള്ള മാർഗങ്ങൾ കണ്ടെത്തണം," നീലഗിരിയിലെ കീസ്റ്റോൺ ഫൗണ്ടേഷന്‍റെ ഡെപ്യൂട്ടി ഡയറക്‌ടറായ ഇവർ നിരീക്ഷിക്കുന്നു.
നീലഗിരിയിൽ, കാട്ടുനായ്ക്ക ആദിവാസി സമൂഹത്തിൽ നിന്നുള്ള 62-കാരിയായ കാഞ്ചി കോയിൽ, തന്‍റെ കുട്ടിക്കാലത്തു രാത്രികളെ പ്രകാശിപ്പിച്ച മിന്നാമിനുങ്ങുകളെക്കുറിച്ച് (coleoptera) ആഹ്ളാദത്തോടെ സംസാരിക്കുന്നു. “മിൻമിനി പൂച്ചിയുടെ കൂട്ടം മരത്തിന്‍റെ മുകളിൽ ഒരു രഥം പോലെ കാണപ്പെടുമായിരുന്നു. എന്‍റെ ചെറുപ്പത്തിൽ, അവർ കൂട്ടമായി വരുമായിരുന്നു, മരങ്ങൾ കാണാൻ അപ്പോൾ വളരെ ഭംഗിയായിരുന്നു. ഇപ്പോൾ അവയെ അധികം കാണാനില്ല.”
ഛത്തീസ്‌ഗഢിലെ ധംതരി ജില്ലയിലെ ജബർറാ വനത്തിൽ, തന്‍റെ 50-കളിലുള്ള ഗോണ്ഡ് കർഷകനായ വിശാൽ റാം മർഖം, കാടുകളുടെ മരണത്തെക്കുറിച്ചോർത്ത് ദുഖിക്കുന്നു: “ഭൂമിയും കാടും ഇപ്പോൾ മനുഷ്യന്‍റേതാണ്. നമ്മൾ തീയിടുന്നു, വയലുകളിലും വെള്ളത്തിലും ഡി.എ.പി. [ഡൈ അമോണിയം ഫോസ്ഫേറ്റ്] തളിക്കുന്നു. വിഷം കലർന്ന വെള്ളം കാരണം ഓരോ വർഷവും 7 മുതൽ 10 കന്നുകാലികളെ വരെ എനിക്ക് നഷ്ടപ്പെടുന്നു. മത്സ്യങ്ങൾക്കും പക്ഷികൾക്കും ഒന്നും ജീവിക്കാൻ കഴിയുന്നില്ല, ചെറിയ പ്രാണികൾ എങ്ങനെ നിലനിൽക്കും?"
കവർചിത്രം : യശ്വന്ത് എച്. എം.
ഈ വിവരണം റിപ്പോർട്ട് ചെയ്യുന്നതിൽ വിലമതിക്കാനാവാത്ത സഹായവും പിന്തുണയും നൽകിയ മുഹമ്മദ് ആരിഫ് ഖാൻ , രാജേന്ദ്ര കുമാർ മഹാവീർ , അനുപ് പ്രകാശ് , ഡോ. സവിത ചിബ് , ഭരത് മെരുഗു എന്നിവർക്ക് റിപ്പോർട്ടർ നന്ദി രേഖപ്പെടുത്തുന്നു. തന്‍റെ ഉൾക്കാഴ്ചകൾ ഉദാരമായി പങ്കുവെച്ചതിന് ഫോറൻസിക് ഷഡ്പദ ശാസ്ത്രജ്ഞ ഡോ. മീനാക്ഷി ഭാരതിക്കും നന്ദി രേഖപ്പെടുത്തുന്നു.
കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് യു.എന്‍.ഡി.പി.യുടെ സഹായത്തോടെ പാരി നടത്തുന്ന ദേശീയവ്യാപകമായ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് പ്രസ്തുത പ്രതിഭാസത്തെ സാധാരണക്കാരുടെ ശബ്ദങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിന്‍റെ ഭാഗമാണ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ zahra@ruralindiaonline.org എന്ന മെയിലിലേക്ക് , namita@ruralindiaonline.org എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .
പരിഭാഷ: പി. എസ്. സൗമ്യ