“ഞങ്ങൾ ജോലിചെയ്യുന്നു, അതുകൊണ്ട് നിങ്ങൾക്ക് കഴിയ്ക്കാനുള്ളത് കിട്ടുന്നു,” പൂനെ ജില്ലയിലെ ഖേദ് തഹ്സിലിൽ നിന്നുള്ള കര്‍ഷകയായ കൃഷ്ണാബായ് കാർലെ പറയുന്നു. സർക്കാരിന് കടുത്ത ഒരു ഓര്‍മ്മപ്പെടുത്തല്‍ ആകുന്നതിനു വേണ്ടിയാണ് ഇങ്ങനൊന്ന് ഉദ്ദേശിച്ചിട്ടുള്ളത്. ഈ വർഷം സെപ്റ്റംബറിൽ കേന്ദ്രം പാസാക്കിയ മൂന്ന് പുതിയ കാർഷിക നിയമങ്ങൾ നിരുപാധികമായി പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന എണ്ണമറ്റ കർഷകരിൽ ഒരാളാണ് കൃഷ്ണാബായ്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് ഡിസംബർ 11 ന് പൂനെയിൽ നടന്ന യോഗത്തിൽ അവർ സംസാരിച്ചു.
കർഷകരുടെമേലും പ്രത്യേകിച്ച് കാർഷിക മേഖലയിലെ സ്ത്രീകളുടെമേലും പുതിയ നിയമനിര്‍മ്മാണം ഉണ്ടാക്കുന്ന ആഘാതം ഉയര്‍ത്തിക്കാട്ടുന്നതിനായി ജില്ലയിലുടനീളമുള്ള കർഷകരും, കാർഷിക തൊഴിലാളികളും, പ്രവർത്തകരും - എല്ലാവരും സ്ത്രീകൾ - പൂനെ നഗരത്തിൽ ഒത്തുകൂടി.
ഇന്ത്യയിലെ കാർഷിക മേഖലയ്ക്ക് സ്ത്രീകൾ ഗണ്യമായ സംഭാവന നൽകുന്നുണ്ടെങ്കിലും – കൃഷിക്കാരായോ കര്‍ഷക തൊഴിലാളികളായോ കുറഞ്ഞത് 65.1 ശതമാനം സ്ത്രീ തൊഴിലാളികൾ കാർഷികമേഖലയിൽ ജോലി ചെയ്യുന്നു, (സെൻസസ് 2011) - അവരെ കർഷകരായി കണക്കാക്കപ്പെടാറുമില്ല, കുടുംബ ഭൂമിയുടെ ഉടമസ്ഥാവകാശം പലപ്പോഴും അവര്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ ഉപജീവനത്തിന് വീണ്ടും ഭീഷണിയാകുന്ന നിയമങ്ങൾ അടിച്ചേല്‍പ്പിയ്ക്കാതെ സ്ത്രീകളെ കർഷകരായി തീര്‍ച്ചയായും അംഗീകരിക്കണമെന്ന് പൂനെ യോഗത്തിലെ കർഷകർ പറഞ്ഞു. “സ്ത്രീകൾ ജോലി ചെയ്യുക മാത്രമല്ല പുരുഷന്മാരേക്കാൾ കൂടുതൽ മണിക്കൂറുകള്‍ ജോലിചെയ്യുകയും ചെയ്യുന്നു,” ദൌണ്ട് തഹ്സിലില്‍ നിന്നുള്ള കർഷകയായ ആശ ആതോൾ പറഞ്ഞു.
പുതിയ നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 8 ന് ആരംഭിച്ച ‘കിസാന്‍ ബൌഗ്’ എന്ന ഒരു ഫോറമായാണ് ഡിസംബർ 11നുള്ള യോഗം - രാജ്യവ്യാപകമായി കർഷകരുടെ പ്രതിഷേധത്തിന്റെ 16-ാം ദിവസത്തിൽ നടന്നത്- ചേർന്നത്. ഈ യോഗം സംഘടിപ്പിച്ചത് മഹാരാഷ്ട്രയിലെ വനിതാ സംഘടനകളുടെ 41 വര്‍ഷം പഴക്കമുള്ള ഒരു കൂട്ടായ്മയായ സ്ത്രീ മുക്തി ആന്ദോളൻ സമ്പർക്ക് സമിതിയാണ്.
പ്രതിഷേധത്തോട് ഐക്യദാര്‍ഢൃം പ്രകടിപ്പിച്ചുകൊണ്ട് ദീര്‍ഘകാലമായി അനിശ്ചിതാവസ്ഥയിലായിരുന്ന തങ്ങളുടെ ആവശ്യങ്ങളായ വായ്പ, വിപണന സൗകര്യങ്ങളെ പ്രാപ്യമാക്കുന്നതുപോലുള്ള ആവശ്യങ്ങളും കർഷകർ ആവർത്തിച്ചുന്നയിച്ചു.
യോഗത്തിൽ പ്രഖ്യാപിച്ച ആവശ്യങ്ങളുടെ പട്ടികയിൽ കർഷകരെ ‘ദേശവിരുദ്ധർ’ എന്ന് വിളിച്ച് അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് അവർ പറഞ്ഞു. വിളകൾക്കും വികേന്ദ്രീകൃത വാങ്ങൽ സൗകര്യങ്ങൾക്കുമായി മിനിമം താങ്ങുവില (എംഎസ്പി) നല്‍കുക എന്ന ദേശീയ കർഷക കമ്മീഷന്റെ (അല്ലെങ്കിൽ സ്വാമിനാഥൻ കമ്മീഷന്റെ) ശുപാർശകൾ സർക്കാർ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

രാജ്യവ്യാപകമായി കർഷക പ്രസ്ഥാനത്തെയും പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന അതിന്റെ ആവശ്യത്തെയും പിന്തുണച്ചുകൊണ്ട് ഡിസംബർ 11ന് പൂനെയിലെ കളക്ടറുടെ ഓഫീസിന് സമീപം നടന്ന ‘കിസാൻ ബൗഗ്‘ പ്രതിഷേധത്തിൽ പൂനെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ കർഷകർ പങ്കെടുത്തു.

“ലോക്ക്ഡൗൺ സമയത്ത് പോലും കർഷകരാണ് ജോലി ചെയ്തിരുന്നത്. നിങ്ങൾ വീട്ടിൽ സുരക്ഷിതവും സുഖപ്രദവുമായിരുന്നപ്പോൾ നിങ്ങളുടെ വീട്ടുപടിയ്ക്കല്‍ എത്തിച്ച പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും അവര്‍ വളർത്തിയതാണ്”, ഖേദ് തഹ്സിലിൽ നിന്നുള്ള കൃഷ്ണാബായ് കാർലെ പറഞ്ഞു.

മാവാൽ തഹ്സിലിലെ ടിക്കോണ ഗ്രാമത്തിൽ നിന്നുള്ള ശാന്തബായ് വർവേ ഒരു ഉപജീവന കർഷകയാണ്. “ഞങ്ങളുടെ പ്രദേശങ്ങൾ കൈക്കലാക്കിയാണ് പവന അണക്കെട്ട് നിർമ്മിച്ചത്. എന്നാൽ അവിടെ നിന്നുള്ള വെള്ളം ചിഞ്ച്വാഡിലെ ഫാക്ടറികളിലേക്ക് പോകുന്നു. ജലസേചനം ഇല്ലാത്തതിനാൽ മഴയെ ആശ്രയിച്ചുള്ള കൃഷി ചെയ്യുക എന്നതിലേയ്ക്ക് ഞങ്ങള്‍ എത്തപ്പെട്ടിരിയ്ക്കുന്നു”, അവർ പറഞ്ഞു.


ഭൂമി തയ്യാറാക്കൽ മുതൽ വിളവെടുപ്പ് സംസ്കരണം വരെ കാർഷിക മേഖലയിലെ എല്ലാ പ്രക്രിയകളിലും സ്ത്രീകൾ കേന്ദ്രസ്ഥാനത്താവുകയും, കാര്യമായ പിന്തുണയൊന്നും കൂടാതെ അവര്‍ ഭക്ഷ്യ ഉൽപാദനത്തിൽ ഗണ്യമായ സംഭാവന നൽകുകയും ചെയ്യുന്നു. കാർഷിക ഉല്‍പ്പന്ന മാർക്കറ്റ് കമ്മിറ്റികളിലെ (എപിഎംസി) സ്ത്രീകളുടെ 30 ശതമാനം പ്രാതിനിധ്യവും കുറഞ്ഞ പലിശ വായ്പ പോലുള്ള ആനുകൂല്യങ്ങളും പൂർണമായും നടപ്പാക്കണമെന്നും യോഗത്തിൽ അവർ ആവശ്യപ്പെട്ടു.

പുതിയ നിയമങ്ങൾക്കെതിരെ കർഷകരും കർഷകത്തൊഴിലാളികളുമെല്ലാം ഒറ്റക്കെട്ടാണെന്ന് ജുന്നാർ തഹ്സിലിലെ മനകേശ്വർ ഗ്രാമത്തിലെ ഡെപ്യൂട്ടി സർപഞ്ചും അഖിലേന്ത്യാ കിസാൻ സഭാ അംഗവുമായ മാധുരി കരോഡ് പറഞ്ഞു. “ലോക്ക്ഡൗൺ സമയത്ത് കാർഷിക തൊഴിലാളികൾ തൊഴിലില്ലാത്തവരായിരുന്നു, അതിനാൽ ഞങ്ങൾ എംജിഎൻആർജിഎ വഴി അവരെ ജോലിയിൽ പ്രവേശിപ്പിച്ചു,” അവർ പറഞ്ഞു.

“വനിതാ കർഷകർക്ക് പുതിയ നിയമങ്ങൾ ആവശ്യമില്ല. തീരുമാനിക്കാനുള്ള ഞങ്ങളുടെ അവകാശമാണ് ഞങ്ങൾക്കു വേണ്ടത്. ഞങ്ങളുടെ അവകാശങ്ങൾ ലഭിക്കുന്നതുവരെ ഞങ്ങൾ പോരാടും,” ഡൗണ്ട് തഹ്സിലില്‍ നിന്നുള്ള ഒരു കർഷകയായ ആശ ആതോൾ പറഞ്ഞു.


ആത്മഹത്യയുടെ ആഘാതമേറ്റ കുടുംബങ്ങളിലെ സ്ത്രീകള്‍ക്കു വേണ്ടി വായ്പ എഴുതിത്തള്ളുന്നത് പ്രതിഷേധത്തിൽ ഉന്നയിച്ച ആവശ്യങ്ങളിലൊന്നായിരുന്നു. ശക്തവും സാർവ്വത്രികവുമായ പൊതുവിതരണ സമ്പ്രദായത്തിന്റെ (പിഡിഎസ്) ആവശ്യകതയും കർഷകർ ഉയർത്തിക്കാട്ടി.

ഇപ്പോഴത്തെ മാർക്കറ്റുകൾ അടച്ചാൽ എന്നെപ്പോലുള്ള തൊഴിലാളികൾ തൊഴിലില്ലാത്തവരാകും. അപ്പോൾ അതിജീവനത്തിനായി ഞങ്ങൾ എന്തു ചെയ്യും? ” സുമൻ ഗെയ്ക്വാദ് ചോദിച്ചു. കാർഷികോൽപ്പന്നങ്ങൾക്കും ധാന്യങ്ങൾക്കും വേണ്ടിയുള്ള നഗരത്തിന്റെ മൊത്ത വില്‍പ്പന വിപണിയായ പൂനെ മാർക്കറ്റ് യാർഡിൽ ചുമട്ടുതൊഴിലാളിയായി അവർ ജോലി ചെയ്യുന്നു.

ഭക്ഷ്യധാന്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന പാരിസ്ഥിതികമായ സുസ്ഥിര കൃഷിയ്ക്ക് കർഷകർ ഉറച്ച പിന്തുണ നല്കി. ചെറിയ പാത്രങ്ങളിൽ വിത്തുകളും തൈകളും നട്ടുപിടിപ്പിച്ചുകൊണ്ടും അവ വീട്ടിലേക്ക് എടുത്തുകൊണ്ടുമാണ് പ്രതിഷേധത്തോട് അവര്‍ ഐക്യദാര്‍ഢൃം പ്രകടിപ്പിച്ചത്.
പരിഭാഷ: ലക്ഷ്മി ഹരികുമാർ