PHOTO • P. Sainath

ഇതൊരു ഞാണിന്മേല്‍കളി പോലെയായിരുന്നു, ബുദ്ധിമുട്ടേറിയതും അപകടകരവുമായത്. സുരക്ഷാവലകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഒന്നുമില്ലായിരുന്നു. അവള്‍ നില്‍ക്കുകയായിരുന്ന കിണറിന് സംരക്ഷണഭിത്തിയും ഇല്ലായിരുന്നു. വലിയ മരത്തടികള്‍കൊണ്ട് വെറുതെ മൂടുക മാത്രമെ ചെയ്തിരുന്നുള്ളൂ. ചെളിയില്‍നിന്നും, 44 ഡിഗ്രി സെല്‍ഷ്യസില്‍ ഉച്ചയ്ക്ക് വീശുന്ന പൊള്ളിക്കുന്ന ചൂടുകാറ്റടിച്ച് ചപ്പുചവറുകള്‍ പറന്നു വീഴുന്നതില്‍നിന്നും അവ അതിനെ സംരക്ഷിക്കുന്നു. നടുക്കുള്ള ചെറിയ തുറന്നഭാഗം ഉണ്ടാക്കിയിരിക്കുന്നത് തടിക്കഷണങ്ങള്‍ വിവിധ ഭാഗങ്ങളില്‍ വെറുതെ ക്രമീകരിച്ചുകൊണ്ടു മാത്രമാണ്.

തടികളുടെ അറ്റത്തു നിന്നുകൊണ്ടുവേണം അവള്‍ക്കു വെള്ളംകോരാന്‍. അങ്ങനെ ചെയ്യുമ്പോള്‍ രണ്ട് അപകട സാദ്ധ്യതകളാണ് ഉള്ളത്. ഒന്നുകില്‍ കാല്‍വഴുതിവീഴാം, അല്ലെങ്കില്‍ ഭാരം താങ്ങാനാവാതെ മരത്തടികള്‍ ഒടിയാം. എങ്ങനെ സംഭവിച്ചാലും 20 അടി താഴ്ചയിലേക്ക് വീഴുകയാണെന്നാണ് അര്‍ത്ഥം. അവള്‍ കിണറ്റിലേക്കു വീഴുമ്പോള്‍ തടിക്കഷണങ്ങള്‍ അവളുടെ മുകളിലേക്കു വീഴുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. വശത്തേക്ക് വീണാല്‍ പാദങ്ങള്‍ തകരും.

നന്നായി, അത്തരം കാര്യങ്ങളൊന്നും അന്നുസംഭവിച്ചില്ല. ഗ്രാമത്തിലെ ഒരു ഫാലിയ അഥവാ ചെറുവാസസ്ഥലത്തുനിന്നാണ് (അത് ഗോത്രാടിസ്ഥാനത്തില്‍ ആയിരിക്കാം) ഭിലാല ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആ യുവതി വരുന്നത്. അവള്‍ ഇമ്പത്തില്‍ നടന്നുവന്ന് തടിക്കഷണങ്ങളിലേക്ക് കയറി. പിന്നെ ഒരുകയറിന്‍റെ അറ്റത്തുകെട്ടിയ തൊട്ടി മെല്ലെ കിണറ്റിലേക്കിടുകയും മുഴുവനായി വലിച്ചുകയറ്റുകയും ചെയ്തു. ഇതിലെ വെള്ളം മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ചു. പിന്നീട് വീണ്ടും ബക്കറ്റ് നിറച്ചു. അവളോ മരക്കഷണമോ ചെറുതായിപ്പോലും ഇളകിയില്ല. പിന്നെയവള്‍ ഇറങ്ങി അവളുടെ വീട്ടിലേക്കുപോയി. മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ വാക്നെര്‍ ഗ്രാമത്തിലാണ് അവളുടെ വീട്. രണ്ടു പാത്രങ്ങളില്‍ നിറയെ അവള്‍ വെള്ളം എടുത്തിരുന്നു. വലത് കൈകൊണ്ട് തലയിലെ വലിയ പാത്രത്തില്‍ പിടിക്കുകയും ഇടത് കൈകൊണ്ട് വെള്ളം കോരാനുപയോഗിച്ച തൊട്ടിയില്‍ വെള്ളമെടുക്കുകയും ചെയ്തു.

അവളോടൊപ്പം ഫാലിയ യില്‍നിന്നും കുറച്ചുദൂരം ഈ കിണറ്റിലേക്ക് ഞാന്‍ നടന്നു. ദിവസം രണ്ടുതവണ നടക്കുകയാണെങ്കില്‍ (ചിലപ്പോള്‍ അതിലും കൂടുതല്‍) ഇതിനായിമാത്രം 6 കൊലോമീറ്ററില്‍ കുറയാതെ അവള്‍ നടക്കേണ്ടിവരും. അവള്‍ പോയിക്കഴിഞ്ഞതിനുശേഷം കുറച്ചുനേരം ഞാന്‍ അവിടെതങ്ങി. മറ്റു യുവതികളും, ചിലര്‍ പെണ്‍കുട്ടികളാണ്, അവള്‍ചെയ്ത അതേപ്രവൃത്തി അനായാസം ആവര്‍ത്തിച്ചു. അവരത് എളുപ്പത്തില്‍ ചെയ്യുന്നതായിതോന്നി. പെണ്‍കുട്ടികളില്‍ ഒരാളില്‍നിന്ന് കയര്‍കെട്ടിയ തൊട്ടി വാങ്ങി ഒന്നുശ്രമിച്ചുനോക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഓരോതവണയും ഞാന്‍ തടിക്കഷണങ്ങളില്‍ കയറിയപ്പോള്‍ അവ അനങ്ങി, ചെറുതായി ഉരുളുകപോലും ചെയ്തു. ഓരോതവണയും ഞാന്‍ കിണറിന്‍റെ വായയ്ക്കരികിലേക്ക് ചെല്ലുമ്പോള്‍ തടിക്കഷണങ്ങളുടെ അറ്റങ്ങള്‍ ചെറുതായി വിറയ്ക്കുകയും പ്രശ്നകരമാംവിധം താഴുകയും ചെയ്തു. ഓരോതവണയും ഞാന്‍ തിരിച്ചു കിണറ്റിന്‍ കരയിലേക്കു വരികയും ചെയ്തു.

ഇതിനിടയില്‍, വെള്ളം ശേഖരിക്കാന്‍വന്ന സ്ത്രീകളും കുറച്ചു കുട്ടികളും ഉള്‍പ്പെടെ ഉത്സാഹപൂര്‍വ്വം കാത്തുനില്‍ക്കുന്ന കുറച്ച് കാഴ്ചക്കാരെ ഞാന്‍ സമ്പാദിച്ചു. ഞാന്‍ കിണറ്റിലേക്ക് തൊട്ടിയിടാന്‍ പോകുന്നതുനോക്കി ആകാക്ഷയോടെ കാത്തുനില്‍ക്കുകയായിരുന്നു അവര്‍. ഉച്ചകഴിഞ്ഞുള്ള നേരമ്പോക്കിലായിരുന്നു ഞാന്‍. കുറച്ചുനേരത്തേക്ക് ഞാന്‍ ചെയ്യുന്നത് വലിയ തമാശയായിക്കണ്ട സ്ത്രീകള്‍ വീട്ടിലേക്കുള്ള വെള്ളം ശേഖരിക്കുകയെന്ന പരമപ്രധാനമായ അവരുടെ ജോലി പൂര്‍ത്തിയാക്കാന്‍ പറ്റുമോയെന്ന് ആശങ്കാകുലരാകുന്നതു കണ്ടപ്പോള്‍ എനിക്കിത് അവസാനിപ്പിക്കേണ്ടിവന്നു. 1994 മുതല്‍ ഓര്‍മ്മയിലുള്ളതിലുമധികം പരിശ്രമങ്ങള്‍ക്കുശേഷവും എനിക്ക് അരത്തൊട്ടി വെള്ളം കോരാന്‍ മാത്രമെ കഴിഞ്ഞുള്ളൂ. എങ്കിലും കുട്ടികളായ എന്‍റെ കാഴ്ചക്കാരുടെ നിറഞ്ഞ കൈയടി അവശേഷിച്ചു.

ദി ഹിന്ദു ബിസിനസ്സ് ലൈനില്‍ 1996 ജൂലൈ 12-ന് ഇതിന്‍റെ ചെറിയൊരു പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath
psainath@gmail.com

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.