ചെറിയ മുഴ വളര്‍ന്നു കട്ടിയായിരിക്കുന്നു, “ഹഡ്ഡി കി തരഹ്” (എല്ലുപോലെ), പ്രീതി യാദവ് പറഞ്ഞു.
2020 ജൂലൈയില്‍ തന്‍റെ വലത് മാറിടത്തില്‍ പയറിന്‍റെ വലിപ്പത്തില്‍ എന്തോ വളരുന്നതായി കണ്ടെത്തിയതിനുശേഷം ഒരുവര്‍ഷത്തിലധികമായി. അതിന്‍റെ ഭാഗമായി ബയോപ്സി ചെയ്യുന്നതിനും അത് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്യുന്നതിനുമായി പാറ്റ്ന നഗരത്തിലുള്ള ഒരു ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓങ്കോളജിസ്റ്റ് ശുപാര്‍ശ ചെയ്തിട്ട് ഒരുവര്‍ഷം അടുക്കാറുമായി.
പക്ഷെ പ്രീതി ആശുപത്രിയിലേക്ക് തിരികെപ്പോയില്ല
“കര്‍വാ ലേംഗെ” [ഞങ്ങളത് ചെയ്യും], വീടിന്‍റെ വരാന്തയില്‍ തവിട്ടുനിറമുള്ള ഒരു പ്ലാസ്റ്റിക് കസേരയിലിരിക്കുകയായിരുന്ന അവള്‍ പറഞ്ഞു. കുടുംബവക വിശാലമായ വീടിന്‍റെ വരാന്ത തറയോടുകള്‍ പാകിയതും മുറ്റം പൂക്കള്‍ നിറഞ്ഞ കുറ്റിച്ചെടികളുള്ളതും ആയിരുന്നു.
മൃദുവായി സംസാരിക്കുമ്പോഴുള്ള അവളുടെ വാക്കുകള്‍ ക്ഷീണംകൊണ്ട് ചിലമ്പിച്ചിരുന്നു. അവരുടെ വളരെയടുത്ത കുടുംബത്തില്‍നിന്നും ഏറ്റവുംകുറഞ്ഞത് 4 അംഗങ്ങളെങ്കിലും അടുത്ത വര്‍ഷങ്ങളില്‍ അര്‍ബുദം വന്നുമരിച്ചിട്ടുണ്ട്. 2020 മാര്‍ച്ചില്‍ കോവിഡ്-19 മഹാമാരി ഉണ്ടാകുന്നതിനുമുന്‍പുള്ള കുറച്ചു വര്‍ഷങ്ങളില്‍, ബീഹാറിലെ സാരന്‍ ജില്ലയിലെ സോന്‍പൂര്‍ ബ്ലോക്കിലെ അവരുടെ ഗ്രാമത്തില്‍ മറ്റുചില ക്യാന്‍സര്‍ കേസുകള്‍കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. (അപേക്ഷിച്ച പ്രകാരം ഗ്രാമത്തിന്‍റെ പേരും പ്രസ്തുതസ്ത്രീയുടെ യഥാര്‍ത്ഥപേരും ഉപയോഗിച്ചിട്ടില്ല.)
മുഴനീക്കിക്കിട്ടാന്‍ എന്നുപോകണമെന്നു തീരുമാനിക്കുന്നത് 24-കാരിയായ പ്രീതിയുടെമാത്രം തീരുമാനമല്ല. കുടുംബം അവള്‍ക്കായി ഒരു വരനെ തിരഞ്ഞെടുക്കുന്നതിനോട് വളരെ അടുത്തിരുന്നു. സമീപ ഗ്രാമത്തില്‍നിന്നും സായുധസേനയില്‍ ജോലിനോക്കുന്ന ഒരു ചെറുപ്പക്കാരനായിരിക്കണം മിക്കവാറും അയാള്‍. “എന്‍റെ വിവാഹംകഴിഞ്ഞാലും ഞങ്ങള്‍ക്ക് ശസ്ത്രക്രിയ ചെയ്യാം, ശരിയല്ലെ? ഡോക്ടര്‍ പറഞ്ഞത് ഒരുകുട്ടി ഉണ്ടായാല്‍ മുഴ തന്നെ ഇല്ലാതാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ്”, അവള്‍ പറഞ്ഞു.
പക്ഷെ മുഴയെക്കുറിച്ചും ശസ്ത്രക്രിയ നടത്താനുള്ള സാദ്ധ്യതയെക്കുറിച്ചും കുടുംബത്തിലുണ്ടായിട്ടുള്ള പല കാന്‍സര്‍ കേസുകളെക്കുറിച്ചും അവരുടെ കുടുംബം വരന്‍റെ കുടുംബത്തെ അറിയിക്കുമോ? ”വഹി തൊ സമഝ് നഹി ആ രഹാ” [എനിക്കത് മനസ്സിലാകില്ല], അവള്‍ പറഞ്ഞു. അതാണ് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ പ്രശ്നം.
2019-ല്‍ ജിയോളജിയില്‍ ബി.എസ്‌സി. ബിരുദം നേടിയ പ്രീതിയെ മുഴയും അതുകണ്ടെത്തിയതിനു ശേഷമുള്ള ഒരുവര്‍ഷക്കാലയളവും കടുത്ത എകാന്തതയിലാക്കി. 2016 നവംബറില്‍ അവരുടെ അച്ഛന്‍ മരിച്ചു. വൃക്കയെ ബാധിച്ച അര്‍ബുദം അവസാനഘട്ടത്തില്‍ കണ്ടെത്തി കുറച്ചു മാസങ്ങള്‍ക്കകം അദ്ദേഹം മരിച്ചു. അതിനുമുന്‍പുള്ള ജനുവരിയില്‍ ഹൃദയാഘാതം മൂലം അവരുടെ അമ്മ മരിച്ചു. 2013 മുതല്‍ നിരവധി ആശുപത്രികളില്‍ ഹൃദയസംബന്ധമായ പ്രത്യേക യൂണിറ്റുകളില്‍ ചികിത്സതേടിയിട്ടുപോലും അങ്ങനെ സംഭവിച്ചു. ഇരുവരും പ്രായംകൊണ്ട് 50-കളിലായിരുന്നു. “ഞാന്‍ ഒറ്റയ്ക്കാക്കപ്പെട്ടു”, പ്രീതി പറഞ്ഞു. “അമ്മയുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് എന്‍റെ പ്രശ്നം മനസ്സിലാകുമായിരുന്നു.”
വീട്ടിലെ കിണറ്റിലെ വെള്ളത്തിന്‍റെ നിലവാരവുമായി കുടുംബത്തിലെ അര്‍ബുദത്തിന് ബന്ധമുണ്ടാകാമെന്ന് അമ്മ മരിക്കുന്നതിന് തൊട്ടുമുന്‍പാണ് അവര്‍ മനസ്സിലാക്കിയത്. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്‍ഡ്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നാണ് ഇത് മനസ്സിലായത്. “അവിടുത്തെ ഡോക്ടര്‍മാര്‍ മമ്മിയുടെ മാനസിക പിരിമുറുക്കത്തെപ്പറ്റി ചോദിച്ചു. കുടുംബത്തിലുണ്ടായ മരണങ്ങളെപ്പറ്റി അവരോട് പറഞ്ഞപ്പോള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി ഒരുപാട് ചോദ്യങ്ങള്‍ അവര്‍ ഞങ്ങളോടു ചോദിച്ചു. കുറച്ചുവര്‍ഷങ്ങളായി ഞങ്ങളുടെ ഹാന്‍ഡ് പമ്പില്‍ നിന്നും ശഖരിക്കുന്ന വെള്ളം ഏകദേശം അരമണിക്കൂര്‍ കഴിയുമ്പോള്‍ മഞ്ഞ നിറമാകുമായിരുന്നു”, പ്രീതി പറഞ്ഞു.
ആഴ്സെനിക് സാന്നിദ്ധ്യംമൂലം ഭൂഗര്‍ഭജലം ഏറ്റവും മോശമായ രീതിയില്‍ മലിനമായിരിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള 7 സംസ്ഥാനങ്ങളില്‍ ഒന്നാണ് ബീഹാര്‍ (ബാക്കിയുള്ളവ ആസ്സാം, ഛത്തീസ്‌ഗഢ്, ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ്). അപകടകരമായ അളവാണിത്. ബീഹാറിലെ 18 ജില്ലകളിലായി ചിതറിക്കിടക്കുന്ന 57 ബ്ലോക്കുകളിലെ ഭൂഗര്‍ഭജലത്തില്‍ ഉയര്‍ന്ന അളവില്‍ ആഴ്സെനിക് സാന്നിദ്ധ്യം (ഒരു ലിറ്ററില്‍ 0.05 മില്ലിഗ്രാമിലുമധികം) ഉണ്ടെന്ന് സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട് (കര്‍മ്മ സേനകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തിയുള്ള 2010-ലെ രണ്ട് റിപ്പോര്‍ട്ടുകളില്‍ ). അനുവദനീയമായ പരിധി 10 മൈക്രോ ഗ്രാമാണ്.
*****
പ്രീതിക്ക് വെറും രണ്ടോ മൂന്നോ വയസ്സുള്ളപ്പോഴാണ് കുടുംബത്തിന് അവളുടെ മൂത്ത സഹോദരിയെ നഷ്ടമാകുന്നത്. “അവള്‍ക്ക് എല്ലാ സമയത്തും കടുത്ത വയറുവേദന ആയിരുന്നു. അച്ഛന്‍ അവളെ ഒരുപാട് ക്ലിനിക്കുകളില്‍ കൊണ്ടുപോയി, പക്ഷെ അവളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല”, പ്രീതി പറഞ്ഞു. അന്നുമുതല്‍ അവളുടെ അമ്മ കടുത്ത മാനസിക വിഷമത്തിലായിരുന്നു.
പിന്നീട് അവളുടെ ചാച്ച (അച്ഛന്‍റെ ഇളയ സഹോദരന്‍) 2009-ലും ചാച്ചി (അദ്ദേഹത്തിന്‍റെ ഭാര്യ) 2012-ലും മരിച്ചു. വലിയൊരു പുരയിടത്തിലായിരുന്നു അവരെല്ലാവരും ജീവിച്ചിരുന്നത്. രണ്ടുപേര്‍ക്കും രക്താര്‍ബുദം സ്ഥിരീകരിച്ചിരുന്നു. രണ്ടുപേരും വളരെ താമസിച്ചാണ് ചികിത്സയ്ക്ക് എത്തിയതെന്ന് ഡോക്ടര്‍മാര്‍ അവരോടു പറഞ്ഞു.
അതേ ചാച്ചയുടെ 36-കാരനായ മകന്‍ 2013-ല്‍ മരിച്ചു - അടുത്തജില്ലയായ വൈശാലിയിലെ ഹാജിപൂര്‍ പട്ടണത്തില്‍ ചികിത്സയില്‍ ആയിരുന്നിട്ടും. അദ്ദേഹത്തിനും രക്താര്‍ബുദം ആയിരുന്നു.
അസുഖങ്ങളും മരണങ്ങളും നിമിത്തം കുടുംബം തകര്‍ന്നപ്പോള്‍ വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ പ്രീതി വഹിച്ചു. “ഞാന്‍ 10-ാം ക്ലാസ്സ് ആയിരുന്നപ്പോള്‍, ആദ്യം അമ്മയും പിന്നീട് അച്ഛനും രോഗബാധിതരായതു മുതല്‍, വളരെയധികം സമയം വീട്ടുജോലികള്‍ നോക്കേണ്ടി വന്നിട്ടുണ്ട്. എല്ലാ വര്‍ഷവും ആരെങ്കിലും മരിക്കുന ഒരുസമയം ഉണ്ടായിരുന്നു. അല്ലെങ്കില്‍ ആരെങ്കിലും ഗുരുതരമായ അസുഖബാധിതരായ സമയം.”
പക്ഷെ മുഴയെക്കുറിച്ചും ശസ്ത്രക്രിയ നടത്താനുള്ള സാദ്ധ്യതയെക്കുറിച്ചും കുടുംബത്തിലുണ്ടായിട്ടുള്ള പല കാന്‍സര്‍ കേസുകളെക്കുറിച്ചും അവരുടെ കുടുംബം വരന്‍റെ കുടുംബത്തെ അറിയിക്കുമോ? ”വഹി തൊ സമഝ് നഹി ആ രഹാ” [എനിക്കത് മനസ്സിലാകില്ല], അവള്‍ പറഞ്ഞു. അതാണ് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ പ്രശ്നം
ഭൂഉടമകളായ വലിയൊരു കൂട്ടുകുടുംബത്തിന്‍റെ അടുക്കള കാര്യങ്ങള്‍ നോക്കിയതിനാല്‍ അവളുടെ പഠനം പിന്നോക്കം പോയി. അവളുടെ സഹോദരന്മാരില്‍ ഒരാള്‍ വിവാഹം കഴിച്ച് ഭാര്യയുമായി എത്തിയപ്പോള്‍ പാചകം, ശുചീകരണം, രോഗികളെ പരിചരിക്കല്‍ തുടങ്ങിയ പണികള്‍ ചെയ്യുന്നതില്‍ ചെറിയൊരു ആശ്വാസമുണ്ടായി. കുടുംബത്തിലെ ക്ലേശങ്ങള്‍ക്ക് ആക്കംകൂട്ടിക്കൊണ്ട് വീട്ടിലുണ്ടായിരുന്ന ബന്ധുവിന്‍റെ ഭാര്യയ്ക്ക് പാമ്പുകടിയേറ്റ് അവര്‍ ഏതാണ്ട് മരണത്തോടടുത്തു. പിന്നീട് 2019-ല്‍ പ്രീതിയുടെ സഹോദരന്‍മാരില്‍ ഒരാള്‍ക്ക് കൃഷിയിടത്തില്‍വച്ച് അപകടംപറ്റി കണ്ണിനു പരിക്കേറ്റു. കുറച്ചുമാസങ്ങള്‍ അദ്ദേഹത്തിന് തുടര്‍ച്ചയായ പരിചരണം ആവശ്യമായിരുന്നു.
മാതാപിതാക്കള്‍ മരിച്ചപ്പോള്‍ പ്രീതിക്ക് പ്രതീക്ഷ നശിക്കാന്‍തുടങ്ങി. “മായുഷി ഥി... ബഹുത് ടെന്‍ഷന്‍ ഥാ തബ്” (മൂകമായിരുന്നു... പിന്നെ ഒരുപാട് ടെന്‍ഷന്‍ ഉണ്ടായിരുന്നു). സ്വന്തം ശരീരത്ത് മുഴ കണ്ടെത്തിയതില്‍പ്പിന്നെ വൈകാരികമായി പിടിച്ചുനില്‍ക്കാന്‍ അവള്‍ക്കു ബുദ്ധിമുട്ടായിരുന്നു.
ഗ്രാമത്തിലുള്ള എല്ലാവരെയുംപോലെ ഈ കുടുംബവും ഹാന്‍ഡ് പമ്പില്‍ നിന്നുള്ള വെള്ളം അരിച്ചെടുക്കുകയോ തിളപ്പിക്കുകയോ ചെയ്യാതെ ആയിരുന്നു ഉപയോഗിച്ചിരുന്നത്. രണ്ടുപതിറ്റാണ്ട് പഴക്കമുള്ള, ഏതാണ്ട് 120-150 അടി താഴ്ചയുള്ള, ഈ കുഴല്‍ക്കിണര്‍ ആയിരുന്നു അവരുടെ എല്ലാക്കാര്യങ്ങള്‍ക്കുമുള്ള (അലക്ക്, കുളി, കുടിവെള്ളം, പാചകം) വെള്ളത്തിന്‍റെ സ്രോതസ്സ്. “അച്ഛന്‍ മരിച്ചതിനുശേഷം കുടിക്കാനും പാചകത്തിനും ആര്‍.ഓ. ഫില്‍ട്ടര്‍ വാട്ടര്‍ (RO - Reverese Osmosis - filter water) എന്നറിയപ്പെടുന്ന ശുദ്ധീകരിച്ച ജലമാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്”, പ്രീതി പറഞ്ഞു. ആ സമയത്തോടെ ഭൂഗര്‍ഭജലത്തിലെ ആഴ്സെനിക് വിഷത്തെക്കുറിച്ച് പ്രതിപാദിക്കുന്ന നിരവധി പഠനങ്ങള്‍ വന്നതുകൊണ്ട് ജില്ലയിലെ ജനങ്ങള്‍ ജലമലിനീകരണത്തെക്കുറിച്ചും അതിന്‍റെ അപകടങ്ങളെക്കുറിച്ചും ബോധമുള്ളവരാകാന്‍ തുടങ്ങി. ആര്‍.ഓ. ശുദ്ധീകരണ സംവിധാനം കൃത്യമായി നിലനിര്‍ത്തിക്കൊണ്ടിരുന്നാല്‍ കുടിവെള്ളത്തില്‍നിന്നും ആഴ്സെനികിനെ അരിച്ചുകളയുന്നതില്‍ ചെറിയൊരളവോളം വിജയം കാണാന്‍ സാധിക്കും.
ആഴ്സെനിക് മൂലം മലിനമാക്കപ്പെട്ട ജലം ദീര്‍ഘകാലം ഉപയോഗിച്ചാല്‍ ആഴ്സെനിക് വിഷബാധയ്ക്ക് അഥവാ ആഴ്സെനിക്കോസിസിന് കാരണമാകുമെന്നും ത്വക്ക്, വൃഷ്ണം, വൃക്ക, ശ്വാസകോശം എന്നിവയിലുണ്ടാകുന്ന അര്‍ബുദം മൂലമുള്ള അപകടങ്ങള്‍, കൂടാതെ ത്വക്കിലുണ്ടാകുന്ന നിറവ്യത്യാസം, കൈവെള്ളയിലും കാല്‍വെള്ളയിലുമുണ്ടാകുന്ന കടുത്ത പാടുകള്‍ എന്നിവയൊക്കെ ഉണ്ടാകാമെന്നും 1958 മുതല്‍ ലോകാരോഗ്യ സംഘടന പറയുന്നുണ്ട്. ഇതുകൂടാതെ ഇത്തരത്തില്‍ മലിനമാക്കപ്പെട്ട ജലത്തിന്‍റെ ഉപഭോഗവും പ്രമേഹം, ഉയര്‍ന്ന രക്തസമര്‍ദ്ദം, പ്രത്യുത്പാദന പ്രശ്നങ്ങള്‍ എന്നിവയും തമ്മില്‍ ബന്ധം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
പാറ്റ്നയിലെ മഹാവീര്‍ കാന്‍സര്‍ സംസ്ഥാന്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ അതിന്‍റെ ഔട്ട്-പേഷ്യന്‍റ് വകുപ്പില്‍വച്ച് 2017 മുതല്‍ 2019 വരെ ക്രമരഹിതമായി തിരഞ്ഞെടുത്ത ഏകദേശം 2,000 അര്‍ബുദ രോഗികളില്‍ നിന്നും രക്ത സാമ്പിളുകൾ ശേഖരിക്കുകയും കാര്‍സിനോമ (ഒരുതരം അര്‍ബുദം) രോഗികളില്‍ രക്തത്തിലെ ആഴ്സെനിക് നില ഉയര്‍ന്നതാണെന്ന് കണ്ടെത്തുകയും ചെയ്തു. രക്തത്തിലുള്ള ആഴ്സെനികിനെ ഗംഗാസമതലത്തിലെ ആളുകളില്‍ കണ്ടുവരുന്ന വിവിധയിനം അര്‍ബുദങ്ങളുമായും ജനസംഖ്യയുമായും ഒരു ജിയോസ്പേഷ്യല്‍ ഭൂപടം (geospatial map) പരസ്പരം ബന്ധപ്പെടുത്തി.
“രക്തത്തില്‍ ആഴ്സെനിക് സാന്നിദ്ധ്യം കൂടുതലുള്ള മിക്ക അര്‍ബുദ രോഗികളും ഗംഗാനദിയുടെ സമീപജില്ലകളില്‍ നിന്നുള്ളവരാണ് [സാരന്‍ ഉള്‍പ്പെടെ]. അവരുടെ രക്തത്തില്‍ കൂടുതലായി കാണുന്ന ആഴ്സെനിക് സാന്നിദ്ധ്യം ആഴ്സെനികിന് അര്‍ബുദവുമായുള്ള, പ്രത്യേകിച്ച് കാര്‍സിനോമയുമായുള്ള, ശക്തമായ ബന്ധത്തെ കാണിക്കുന്നു”, മേല്‍പ്പറഞ്ഞ സ്ഥാപനത്തിലെ ഒരു ശാസ്ത്രജ്ഞനായ ഡോ. അരുണ്‍ കുമാര്‍ പറഞ്ഞു. ഈ ഗവേഷണവുമായി ബന്ധപ്പെട്ട് അദ്ദേഹം പല പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്.
‘കുറച്ചുദിവസങ്ങള്‍ ഞാന്‍ മാറിനിന്നാലും ആളുകള്‍ അറിയും, ഇതൊരു ചെറിയ ഗ്രാമമാണ്. പാറ്റ്നയിലേക്ക് ഞാന്‍ ശസ്ത്രക്രിയയ്ക്ക് പോയാല്‍, അത് കുറച്ചു ദിവസങ്ങള്‍ ആണെങ്കില്‍പ്പോലും, എല്ലാവരും അത് കണ്ടുപിടിക്കും’
“2019-ല്‍ ഞങ്ങളുടെ സ്ഥാപനം പതിനയ്യായിരത്തിലധികം കാന്‍സര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്”, പഠനത്തിന്‍റെ 2021 ജനുവരിയിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. “സാംക്രമികരോഗശാസ്‌ത്ര സംബന്ധിയായ (epidemiological) വിവരങ്ങള്‍ കാണിക്കുന്നത് ഗംഗാനദിയുടെ സമീപത്ത് സ്ഥിതിചെയ്യുന്ന നഗരങ്ങളില്‍നിന്നോ പട്ടണങ്ങളില്‍നിന്നോ ആണ് മിക്ക കാന്‍സര്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നാണ്. ബക്സര്‍, ഭോജ്പൂര്‍, സാരന്‍, പാറ്റ്ന, വൈശാലി, സമസ്തിപൂര്‍, മുംഗേര്‍, ബെഗുസരായ്, ഭഗല്‍പൂര്‍ എന്നീ ജില്ലകളില്‍ നിന്നാണ് മിക്ക കാന്‍സര്‍ കേസുകളും വരുന്നത്.”
സാരന്‍ ജില്ലയിലെ പ്രീതിയുടെ കുടുംബത്തിനും ഗ്രാമത്തിനും അര്‍ബുദംമൂലം ഒരുപാട് സ്ത്രീ-പുരുഷന്മാരെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ചെറുപ്പക്കാരായ സ്ത്രീകള്‍ ഓങ്കോളജിസ്റ്റുകളെ സന്ദര്‍ശിക്കുന്ന കാര്യത്തില്‍ അസാധാരണമായ വെല്ലുവിളികള്‍ നേരിടുന്നു. അര്‍ബുദവുമായി ബന്ധപ്പെട്ട് വലിയ അപമാനമാണ് നിലനില്‍ക്കുന്നത്, പ്രത്യേകിച്ച് ചെറിയ പെണ്‍കുട്ടികളുടെ കാര്യത്തില്‍. പ്രീതിയുടെ സഹോദരന്മാരില്‍ ഒരാള്‍ പറഞ്ഞതുപോലെ, “ഗ്രാമത്തിലെ ആളുകള്‍ സംസാരിക്കാനുള്ള പ്രവണത കാണിക്കും... കുടുംബം ശ്രദ്ധാലുക്കള്‍ ആകേണ്ടതുണ്ട്.” “കുറച്ചുദിവസങ്ങള്‍ ഞാന്‍ മാറിനിന്നാലും ആളുകള്‍ അറിയും, ഇതൊരു ചെറിയ ഗ്രാമമാണ്. പാറ്റ്നയിലേക്ക് ഞാന്‍ ശസ്ത്രക്രിയയ്ക്ക് പോയാല്‍, അത് കുറച്ചു ദിവസങ്ങള്‍ ആണെങ്കില്‍പ്പോലും, എല്ലാവരും അത് കണ്ടുപിടിക്കും”, പ്രീതി കൂട്ടിച്ചേര്‍ത്തു. “വെള്ളത്തില്‍ കാന്‍സര്‍ ഉണ്ടെന്ന് തുടക്കം മുതല്‍തന്നെ ഞങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.”
സ്നേഹവാനായ ഒരു ഭര്‍ത്താവിനെ കണ്ടെത്താമെന്ന ഒരു പ്രതീക്ഷയാണ് അവള്‍ക്കുള്ളത് - മുഴ ആ സന്തോഷത്തിനിടയിലേക്ക് കടന്നുവരുമോ എന്ന ആശങ്കയുമുണ്ട്.
*****
“അവള്‍ക്കൊരു കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കുമോ?”
ആറ് മാസങ്ങള്‍ക്കു മുന്‍പുമാത്രം വിവാഹിതയായ 20 കഴിഞ്ഞ ഒരുപെണ്‍കുട്ടിയെ നോക്കിയിരിക്കുമ്പോള്‍ ഇതായിരുന്നു രാമുനി ദേവി യാദവിന്‍റെ മനസ്സിലുണ്ടായ ചോദ്യം. പാറ്റ്ന ആശുപത്രി വാര്‍ഡിലെ തന്‍റെ കിടക്കയില്‍നിന്നും കുറച്ചുമാറി മറ്റൊരു കിടക്കയിലായിരുന്നു അവള്‍ ഉണ്ടായിരുന്നത്. 2015-ലെ വേനല്‍ സമയമായിരുന്നു അത്. “എന്‍റെ സ്തനശസ്ത്രക്രിയ നടത്തിയത് പ്രായമായിക്കഴിഞ്ഞാണെന്നു കരുതാം. എന്‍റെ എല്ലാ പുത്രന്മാരും പ്രായപൂര്‍ത്തിയായി ഒരുപാട് നാളുകള്‍ക്കുശേഷമാണ് എന്‍റെ സ്തനശസ്ത്രക്രിയ നടന്നത്. പക്ഷെ കൊച്ചുപെണ്‍കുട്ടികളുടെ അവസ്ഥ എന്താണ്?” 58-കാരിയായ രാമുനി ദേവി ചോദിച്ചു.
യാദവര്‍ക്ക് ബക്സര്‍ ജില്ലയിലെ സിംരി ബ്ലോക്കിലെ ബഡ്ക രാജ്പൂര്‍ ഗ്രാമത്തില്‍, പ്രീതിയുടെ ഗ്രാമത്തില്‍നിന്നും ഏകദേശം 140 കിലോമീറ്റര്‍ മാറി, 50 ബിഘാസ് (ഏകദേശം 17 ഏക്കര്‍) ഭൂമിയുണ്ട്. അവര്‍ക്ക് പ്രാദേശിക രാഷ്ട്രീയത്തില്‍ സ്വാധീനവുമുണ്ട്. സ്തനാര്‍ബുദവുമായി നടത്തിയ വിജയകരമായ പോരാട്ടത്തിന് 6 വര്‍ഷങ്ങള്‍ക്കുശേഷം രാജ്പൂര്‍ കലാന്‍ പഞ്ചായത്തിലെ മുഖ്യ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പദ്ധതിയിടുകയാണ് രാമുനി ദേവി (ഈ പഞ്ചായത്തിലാണ് അവരുടെ ഗ്രാമം സ്ഥിതി ചെയ്യുന്നത്) - കോവിഡ് മൂലമുണ്ടായ കാലതാമസത്തിനുശേഷം ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍.
രാമുനി ഭോജ്പുരി മാത്രമായിരുന്നു സംസാരിക്കുന്നത്, പക്ഷെ അവരുടെ പുത്രന്മാരും ഭര്‍ത്താവ് ഉമാശങ്കര്‍ യാദവും അവര്‍ സംസാരിക്കുന്നത് അപ്പോള്‍തന്നെ പരിഭാഷപ്പെടുത്തുന്നുണ്ടായിരുന്നു. ബഡ്ക രാജ്പൂരില്‍ ഒരുപാട് കാന്‍സര്‍ കേസുകള്‍ ഉണ്ടെന്ന് ഉമാശങ്കര്‍ പറഞ്ഞു. ബക്സര്‍ ഉള്‍പ്പെടെ, 18 ജില്ലകളിലുള്ള 57 ബ്ലോക്കുകളിലെ ഭൂഗര്‍ഭജലത്തില്‍ ആഴ്സെനിക് സാന്നിദ്ധ്യം വളരെ കൂടുതലാണെന്ന് സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എത്രമാത്രം ഗുരുതരമായിരുന്നു തന്‍റെ അവസ്ഥയെന്നറിയാന്‍ അവസാന ശസ്ത്രക്രിയ കഴിയുന്നതുവരെയും കുടുംബം തന്നെ അനുവദിച്ചില്ലെന്ന് സ്വന്തം കൃഷിഭൂമിയിലൂടെ നടന്നുകൊണ്ട് അവര്‍ പറഞ്ഞു (ഈ കൃഷിയിടത്തില്‍നിന്നും ഒരു ചെറിയ ട്രക്ക് നിറയെ ചക്കയും ചാക്കുകണക്കിന് മാല്‍ഡ മാങ്ങയുംവളരെയടുത്ത് വിളവെടുത്തതേയുള്ളൂ). അവര്‍ റേഡിയേഷന്‍ ചികിത്സയ്ക്ക് വിധേയയാകാനും തുടങ്ങിയിരുന്നു.
“തുടക്കത്തില്‍ ഇതെന്താണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു, അതേക്കുറിച്ച് ധാരണയില്ലാതിരുന്നത് ഒരുപാട് പ്രശ്നങ്ങള്‍ക്ക് കാരണമായി”, അയല്‍സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ബനാറസില്‍ (അവിടെ യാദവര്‍ക്ക് കുടുംബമുണ്ട്) അശ്രദ്ധമായി നടത്തിയ ആദ്യ ശസ്ത്രക്രിയയെക്കുറിച്ച് വിവരിച്ചുകൊണ്ട് അവര്‍ പറഞ്ഞു. മുഴ നീക്കംചെയ്തു. പക്ഷെ കടുത്ത വേദന തോന്നിപ്പിച്ചുകൊണ്ട് അത് വീണ്ടും വരികയും വളരാന്‍ തുടങ്ങുകയും ചെയ്തു. അതേവര്‍ഷം തന്നെ (2014-ല്‍) ബനാറസിലേക്ക് (അതേ ക്ലിനിക്കിലേക്ക്) അവര്‍ തിരികെ പോവുകയും വീണ്ടും നീക്കംചെയ്യല്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
“പക്ഷെ ബാന്‍ഡേജ് മാറ്റാനായി ഗ്രാമത്തിലെ പ്രാദേശിക ഡോക്ടറുടെ ക്ലിനിക്കില്‍ ചെന്നപ്പോള്‍ മുറിവ് അപകടകരമായി തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു”, ഉമാശങ്കര്‍ പറഞ്ഞു. 2015 മദ്ധ്യത്തില്‍ പാറ്റ്നയിലെ മഹാവീര്‍ കാന്‍സര്‍ സംസ്ഥാനിലേക്ക് ആരോ പറഞ്ഞുവിടുന്നതിനു മുന്‍പ് രണ്ട് ആശുപത്രികള്‍കൂടി യാദവര്‍ സന്ദര്‍ശിച്ചു.
മാസങ്ങള്‍നീണ്ട ആശുപത്രി സന്ദര്‍ശനവും ഗ്രാമത്തിനു പുറത്തേക്ക് ആവര്‍ത്തിച്ചുള്ള യാത്രകളും സാധാരണ കുടുംബ ജീവിതത്തെ ആകെ താറുമാറാക്കിയെന്ന് രാമുനി പറഞ്ഞു. “ഒരു അമ്മയ്ക്ക് കാന്‍സര്‍ ഉണ്ടായാല്‍ ഓരോ കാര്യങ്ങളെയും [വീട്ടിലെ] അത് ബാധിക്കുന്നു, അമ്മയുടെ ആരോഗ്യത്തെ മാത്രമല്ല”, അവര്‍ പറഞ്ഞു. “ആ സമയത്ത് എനിക്ക് ഒരു മരുമകളെ ഉണ്ടായിരുന്നുള്ളൂ. ചെറുപ്പക്കാരായ മറ്റുമൂന്ന് ആണ്‍മക്കള്‍ പിന്നീടാണ് വിവാഹം കഴിച്ചത്. വളരെ ബുദ്ധിമുട്ടിയാണ് അവള്‍ എല്ലാകാര്യങ്ങളും നടത്തിയത്.”
അവരുടെ പുത്രന്മാര്‍ക്കും ത്വക്ക് രോഗങ്ങള്‍ പിടിപെട്ടിരുന്നു. ഹാന്‍ഡ് പമ്പില്‍ നിന്നുള്ള കലങ്ങിയ വെള്ളത്തെയാണ് അവര്‍ അതിന് ഇപ്പോള്‍ പഴിക്കുന്നത്. 100-150 അടി താഴ്ചയുള്ള അവരുടെ കുഴല്‍ക്കിണര്‍ 25 വര്‍ഷത്തോളം പഴക്കമുള്ളതാണ്. രാമുനി കീമോതെറാപ്പിക്കും ശാസ്ത്രക്രിയകള്‍ക്കും റേഡിയേഷന്‍ തെറാപ്പിക്കും വിധേയയായപ്പോള്‍ വീട്ടിലെ കാര്യങ്ങളൊക്കെ അലങ്കോലപ്പെട്ടിരുന്നു. ഒരുമകന്‍ അതിര്‍ത്തി രക്ഷാസേനയിലേക്ക് (Border Security Force) തിരികെപ്പോയതുകൊണ്ട് പലപ്പോഴും ബക്സറിനകത്തേക്കും പുറത്തേക്കുമായി യാത്രയിലായിരുന്നു. അടുത്ത ഗ്രാമത്തില്‍ അദ്ധ്യാപന ജോലി ചെയ്തുകൊണ്ടിരുന്ന മറ്റൊരുമകന്‍ പകല്‍ വളരെസമയം തിരക്കായിരുന്നു. കൂടാതെ കൃഷിയിടത്തിലെ കാര്യവും നോക്കാനുണ്ടായിരുന്നു.
“എന്‍റെ അവസാന ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അടുത്തിടെ വിവാഹിതയായ ഈ സ്ത്രീയെ ആശുപത്രിയില്‍ കണ്ടത്. ഞാനവളെ സമീപിച്ച് എന്‍റെ മുറിപ്പാട് കാണിച്ചുകൊണ്ട് ഇവിടെ ദുഃഖിക്കേണ്ട കാര്യമൊന്നുമില്ലെന്ന് അവളോട് പറഞ്ഞു. അവള്‍ക്കും സ്തനാര്‍ബുദം ആയിരുന്നു. വിവാഹിതരായി കുറച്ചു മാസങ്ങള്‍ പിന്നിട്ടതെ ഉള്ളെങ്കിലും ഭര്‍ത്താവ് അവളെ നന്നായി പരിചരിക്കുന്നത് കണ്ടപ്പോള്‍ എനിക്കു സന്തോഷം തോന്നി. അവള്‍ മുലയൂട്ടാന്‍ പ്രാപ്തയാകുമെന്ന് ഡോക്ടര്‍ പിന്നീട് എന്നോടു പറഞ്ഞു. അതുകേട്ടപ്പോള്‍ എനിക്കു വലിയ സന്തോഷംതോന്നി”, രാമുനി പറഞ്ഞു.
അവരുടെ മകനായ ശിവജിത് പറഞ്ഞത് ബഡ്ക രാജ്പൂരിലെ ഭൂഗര്‍ഭജലം കടുത്തരീതിയില്‍ മലിനീകരിക്കപ്പെട്ടതാണെന്നാണ്. “ഞങ്ങളുടെ അമ്മയ്ക്ക് ഗുരുതരമായ അസുഖം വരുന്നതുവരെ വെള്ളവും ആരോഗ്യവും തമ്മിലുള്ള ബന്ധം ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഇവിടുത്തെ വെള്ളത്തിന് സാധാരണയല്ലാത്ത നിറമാണ്. 2007 വരെ കാര്യങ്ങളെല്ലാം മെച്ചമായിരുന്നു. പക്ഷെ അതിനുശേഷം വെള്ളം മഞ്ഞനിറമാകുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. ഭൂഗര്‍ഭജലം ഇപ്പോള്‍ ഞങ്ങള്‍ അലക്കാനും കുളിക്കാനും മാത്രമെ ഉപയോഗിക്കൂ”, അദ്ദേഹം പറഞ്ഞു.
പാചകത്തിനും കുടിക്കാനും ശുദ്ധീകരണ പ്ലാന്‍റില്‍നിന്നുള്ള വെള്ളമാണ് അവരിപ്പോള്‍ ഉപയോഗിക്കുന്നത്. ചില സംഘടനകളാണ് ഈ പ്ലാന്‍റ് സംഭാവന ചെയ്തിരിക്കുന്നത്. ഏകദേശം 250 കുടുംബങ്ങള്‍ ചേര്‍ന്നാണ് ഇതുപയോഗിക്കുന്നത്. 1999 അവസാനം മുതല്‍ ഇവിടുത്തെ ഭൂഗര്‍ഭജലം മലിനമാണെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നതിനുശേഷം 2020 സെപ്തംബറില്‍ മാത്രമാണ് ഇത് സ്ഥാപിച്ചത് (യാദവരുടെ ഭൂമിയില്‍).
ശുദ്ധീകരണ പ്ലാന്‍റ് വളരെ വിജയകരമാണെന്ന് പറയാനാവില്ല. വേനല്‍ക്കാലത്ത് ഈ വെള്ളം വളരെയധികം ചൂടാകുമെന്ന് ഇവിടെയുള്ള ആളുകള്‍ പറഞ്ഞു. 20 ലിറ്റര്‍ ജാറില്‍ 20-30 രൂപയ്ക്ക് ആര്‍.ഓ. ശുദ്ധീകരണ ജലം വില്‍ക്കുന്ന കടകള്‍ അടുത്ത ഗ്രാമങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ശിവജിത് പറഞ്ഞു. ആ ജലം യഥാര്‍ത്ഥത്തില്‍ അഴ്സെനിക് ഇല്ലാത്തതാണോ എന്ന് ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടക്കെ ഇന്ത്യയിലും കിഴക്കെ ഇന്ത്യയിലുമുള്ള മിക്ക ആഴ്സെനിക് ബാധിത നദീസമതലങ്ങളും ഹിമാലയത്തില്‍നിന്നും ആരംഭിക്കുന്ന നദീപാതകളെ ചുറ്റിപ്പറ്റിയുള്ളതാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഗംഗാസമതലങ്ങളില്‍ കാണുന്ന വിഷമയമായ ഉറവിടത്തിന് ഭൂമിശാസ്ത്രപരമായ ഉദ്ഭവമാണുള്ളത് - ജലംതങ്ങി നില്‍ക്കപ്പെടുന്ന ആഴംകുറഞ്ഞ ഇടങ്ങളില്‍വച്ച് ആഴ്സെനോപൈറൈറ്റ്സ് പോലുള്ള നിരുപദ്രവകാരികളായ ധാതുക്കളില്‍നിന്നും ഓക്സീകരണം മൂലമാണ് ആഴ്സെനിക് പുറത്തുവരുന്നത്. ജലസേചനത്തിനുവേണ്ടി ഭൂഗര്‍ഭജലം അമിതമായി ചൂഷണം ചെയ്യുന്നതുമൂലം ജലവിതാനം താഴുന്നത് ചില ഗ്രാമങ്ങളില്‍ ഉയരുന്ന മലിനീകരണത്തിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് മറ്റുകാരണങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു.
“200 പാര്‍ട്സ് പെര്‍ മില്ല്യണ്‍ (പി.പി.എം.) ആഴ്സെനിക് ഉള്‍ക്കൊള്ളുന്ന രാജ്മഹല്‍ തടത്തിലെ ഗോന്ദ്വാന കല്‍ക്കരി പാളികള്‍; 0.08% വരെ ആഴ്സെനിക് ഉള്‍ക്കൊള്ളുന്ന ഡാര്‍ജിലിംഗ് ഹിമാലയത്തിലെ സള്‍ഫൈഡുകളില്‍ നിന്നുള്ള ഒറ്റപ്പെട്ട ശിലാരൂപീകരണം; ഗംഗാനദീ സംവിധാനത്തിന്‍റെ ഉയര്‍ന്ന പ്രദേശങ്ങളിലുള്ള മറ്റുറവിടങ്ങള്‍ എന്നിങ്ങനെ സെഡിമെന്‍ററി ആഴ്സെനികിന്‍റെ കൂടുതല്‍ ഉറവിടങ്ങള്‍ ഉണ്ടെന്നാണ് ഞങ്ങള്‍ പറയുന്നത്”, മുന്‍പ് ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്‍ഡ്യയില്‍ പ്രവര്‍ത്തിച്ച എസ്. കെ. ആചാര്യയും മറ്റുള്ളവരും 1999-ല്‍ നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ എഴുതി.
പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് 80 മുതല്‍ 200 അടിവരെയുള്ള കിണറുകള്‍ ആഴ്സെനിക് മൂലം മലിനപ്പെടുമ്പോള്‍ ആഴം കുറഞ്ഞതും കൂടുതല്‍ ആഴമുള്ളതുമായ കിണറുകളില്‍ ആഴ്സെനിക് മാലിന്യങ്ങളുടെ അളവ് കുറവാണെന്നാണ്. ഗ്രാമങ്ങളിലെ ആളുകളുടെ അനുഭവവുമായി ഇതിന് ബന്ധമുണ്ടെന്നാണ് ഡോ. കുമാര്‍ പറഞ്ഞത്. അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രാമങ്ങളില്‍ വിശദമായ ഒരു പഠനം നടത്തുന്നതിനായി ജല സാമ്പിളുകള്‍ പരിശോധിക്കുന്നത് തുടരുന്നു - മഴവെള്ളവും ആഴം കുറഞ്ഞ കിണറുകളിലെ വെള്ളവും കുറവ് ആഴ്സെനിക് മാലിന്യം കാണിക്കുമ്പോള്‍ അല്ലെങ്കില്‍ ഒട്ടുംതന്നെ കാണിക്കാത്തപ്പോള്‍ നിരവധി വീടുകളില്‍, വേനല്‍ മാസങ്ങളില്‍, കുഴല്‍ക്കിണര്‍ ജലത്തിന്‍റെ നിറം മാറുന്നു.
*****
ബഡ്ക രാജ്പൂറിന് ഏകദേശം 4 കിലോമീറ്റര്‍ വടക്കാണ് ബക്സര്‍ ജില്ലയിലെ 340 വീടുകളുള്ള തിലക് റായ് ക ഹട്ട എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. അവരില്‍ മിക്കവരും ഭൂമിയില്ലാത്ത കുടുംബങ്ങളാണ്. ചിലവീടുകളുടെ പുറത്തുള്ള ഹാന്‍ഡ് പമ്പില്‍ നിന്നും ഇരുണ്ടനിറമുള്ള വെള്ളമാണ് വരുന്നത്.
മഹാവീര്‍ കാന്‍സര്‍ സംസ്ഥാന്‍ 2013-14-ല്‍ നടത്തിയ ഒരു പഠനം കാണിക്കുന്നത് ഈ ഗ്രാമത്തിലെ ഭൂഗര്‍ഭജലത്തില്‍ ആഴ്സെനികിന്‍റെ ഉയര്‍ന്ന സാന്നിദ്ധ്യം ഉണ്ടെന്നാണ്. അത് കൂടുതലും കാണുന്നത് തിലക് റായ് ക ഹട്ടയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണെന്നും ഗവേഷണത്തിന്‍റെ തലവനായ ഡോ. കുമാര്‍ പറഞ്ഞു. ഗ്രാമത്തില്‍ ആഴ്സെനിക്കോസിസിന്‍റെ പൊതുലക്ഷണങ്ങള്‍ “വ്യാപകമായി നിരീക്ഷിക്കപ്പെട്ടു”: അവരില്‍ 28 ശതമാനം പേരുടെ കൈവെള്ളകളിലും കാല്‍വെള്ളകളിലും ഹൈപെര്‍കെരാറ്റോസിസ് (മുറിവ്) ഉണ്ട്, 31 ശതമാനം പേര്‍ക്ക് പിഗ്മെന്‍റേഷന്‍ അഥവാ മേലനോസിസ് (ശരീരത്തിന് നിറം കൊടുക്കുന്ന ഘടകമായ മെലാനിന്‍ അമിതമായി വര്‍ദ്ധിക്കുന്ന അവസ്ഥ) ഉണ്ട്, 57 ശതമാനം പേര്‍ക്ക് കരളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ട്, 9 ശതമാനം സ്ത്രീകളുടെ ആര്‍ത്തവചക്രം ക്രമം തെറ്റിയാണ് വരുന്നത്.
കിരണ്‍ ദേവിയുടെ ഭര്‍ത്താവ് ഈ ഗ്രാമത്തിലാണ് ജീവിച്ചത് - ഇഷ്ടികകളും ചെളിയുംകൊണ്ട് പ്രത്യേകമായി മാറ്റിനിര്‍മ്മിച്ച, ബിച്ചു കെ ദേര എന്നറിയപ്പെടുന്ന വീട്ടില്‍. വളരെമാസങ്ങള്‍ നീണ്ടുനിന്ന ഉദരവേദനയ്ക്കുശേഷം 2016-ലാണ് അദ്ദേഹം മരിച്ചത്”, അവര്‍ പറഞ്ഞു. കുടുംബം അദ്ദേഹത്തെ സിംരി, ബക്സര്‍ പട്ടണങ്ങളിലേക്ക് കൊണ്ടുപോവുകയും പലതരത്തിലുള്ള രോഗനിര്‍ണ്ണയങ്ങള്‍ നടത്തുകയുംചെയ്തു. “ക്ഷയരോഗമാണെന്നാണ് അവര്‍ പറഞ്ഞത്. അല്ലെങ്കില്‍ കരളിനെ ബാധിച്ച അര്‍ബുദം”, പ്രായം 50’കളില്‍ എത്തി നില്‍ക്കുന്ന കിരണ്‍ പറഞ്ഞു. ചെറിയൊരു തുണ്ട് ഭൂമി അവര്‍ക്കുണ്ട്. പക്ഷെ അവരുടെ ഭര്‍ത്താവിന്‍റെ പ്രധാന വരുമാന സ്രോതസ്സ് ദിവസവേതനത്തിന് തൊഴില്‍ ചെയ്യുന്നതാണ്.
ആഴ്സെനിക് വിഷബാധയുടെ അടയാളമെന്ന നിലയില്‍ 2018 മുതല്‍ കിരണ്‍ ദേവിയുടെ കൈവെള്ളകളില്‍ തടിച്ച, നിറംമാറിയ പാടുകള്‍ ഉണ്ട്. “ഇത് വെള്ളത്തിന്‍റെയാണെന്ന് എനിക്കറിയാം, പക്ഷെ ഞങ്ങളുടെ സ്വന്തം പമ്പ് ഉപയോഗിക്കാന്‍ പറ്റുന്നില്ലെങ്കില്‍ വെള്ളത്തിന് ഞാന്‍ എവിടെ പോകണം?” അവരുടെ വീടിനു തൊട്ടുപുറത്ത്, ഭക്ഷണം അയവിറക്കിക്കൊണ്ടിരിക്കുന്ന കാളയെ കെട്ടിയിരിക്കുന്ന ചെറിയ തൊഴുത്തിനപ്പുറത്താണ് ഹാന്‍ഡ് പമ്പ് സ്ഥിതിചെയ്യുന്നത്.
വെള്ളക്കൂടുതലുള്ള ചായപോലെയായിരിക്കും അത്. “ഭക്ഷണത്തിനുപോലും ഞങ്ങള്‍ ബുദ്ധിമുട്ടുന്നു. ഡോക്ടറെ കാണുന്നതിനോ പരിശോധനകള്‍ക്കോ ആയി എനിക്കെങ്ങനെ പാറ്റ്നയ്ക്ക് പോകാന്‍ കഴിയും?”, അവര്‍ ചോദിച്ചു. അവരുടെ കൈവെള്ളകളില്‍ വല്ലാത്ത ചൊറിച്ചില്‍ ഉണ്ട്. സോപ്പ് കട്ടകളില്‍ സ്പര്‍ശിക്കുമ്പോഴോ തൊഴുത്തില്‍നിന്ന് ചാണകം വാരുമ്പോഴോ അവരുടെ കൈകള്‍ പൊള്ളും.
“സ്ത്രീകളും വെള്ളവും തമ്മില്‍ വളരെയടുത്ത ബന്ധമാണുള്ളത്, കാരണം ഇതുരണ്ടുമാണ് വീടിന്‍റെ കേന്ദ്രം. അതുകൊണ്ട് വെള്ളം മോശമാണെങ്കില്‍ സ്വാഭാവികമായും സ്ത്രീകളെയാണ് അത് ഏറ്റവും കൂടുതല്‍ ബാധിക്കുക”, രാമുനി പറഞ്ഞു. അര്‍ബുദമാണെന്നുള്ള അപമാനം ചികിത്സ തേടുന്നതില്‍നിന്നും നിരവധി സ്ത്രീകളെ അകറ്റി നിര്‍ത്തുന്നു - വളരെ കാലത്തേക്ക്.
രാമുനിക്ക് സ്തനാര്‍ബുദമാണെന്ന് കണ്ടുപിടിച്ചശേഷം പെട്ടെന്നുതന്നെ ഗ്രാമത്തിലെ അംഗന്‍വാടി വെള്ളത്തിന്‍റെ ഗുണമേന്മയെക്കുറിച്ച് ഒരു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചെന്ന് ആളുകള്‍ എന്നോടു പറഞ്ഞു. മുഖ്യ ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ അതെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനായി അവര്‍ പദ്ധതിയിടുന്നു. “വീട്ടിലേക്ക് ആര്‍.ഓ. ജലം വാങ്ങുക എന്നത് എല്ലാവരെക്കൊണ്ടും താങ്ങാന്‍ പറ്റുന്ന കാര്യമല്ല”, അവര്‍ പറഞ്ഞു. “എല്ലാ സ്ത്രീകള്‍ക്കും എളുപ്പത്തില്‍ ആശുപത്രിയില്‍ പോകാനും കഴിയില്ല. മറ്റുമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ പരിശ്രമിച്ചുകൊണ്ടിരിക്കും.”
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ zahra@ruralindiaonline.org എന്ന മെയിലിലേക്ക് , namita@ruralindiaonline.org എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .
പരിഭാഷ: റെന്നിമോന്‍ കെ. സി.