അധ്യാപകൻ പാരി എഡ്യൂക്കേഷനും വിഷയം ഗ്രാമീണ ഇന്ത്യയുമാവുമ്പോൾ പഠനം യഥാർത്ഥവും അനുഭവയോഗ്യവും ശാശ്വതവുമാകുന്നുവെന്നതാണ് ഞങ്ങളുടെ അനുഭവം.
ഞങ്ങൾക്കൊപ്പം ഇന്റേൺഷിപ്പ് ചെയ്ത ആയുഷ് മംഗലിന്റെ അനുഭവംതന്നെയെടുക്കാം. ഛത്തീസ്ഗഢിന്റെ ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്ന ആദിവാസികൾക്ക് ആരോഗ്യപരിപാലനസംവിധാനങ്ങൾ അപ്രാപ്യമായിരിക്കുന്ന സാഹചര്യവും ജോലാ ചാപ് ഡോക്ടർമാരുടെ പ്രവർത്തനലോകവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാനാണ് പാരിയ്‌ക്കൊപ്പം പ്രവർത്തിച്ച കാലയളവ് മംഗൽ ഉപയോഗിച്ചത്. "പൊതു,സ്വകാര്യമേഖലകളിൽ ജോലി ചെയ്യന്ന ഡോക്ടർമാർ, യോഗ്യത ഉള്ളവരും ഇല്ലാത്തവരുമായ ഡോക്ടർമാർ എന്നിങ്ങനെ പല കണ്ണികൾക്കിടയിലുള്ള സങ്കീർണ്ണമായ ബന്ധങ്ങൾ എനിക്ക് തിരിച്ചറിയാനായി. ആരോഗ്യമേഖലയിൽ ഏത് നയം വികസിപ്പിക്കുമ്പോഴും ഈ ഘടകങ്ങളെ കണക്കിലെടുക്കേണ്ടതുണ്ട്." ഛത്തീസ്ഗഡിലെ ജാൻജ്ഗിർ സ്വദേശിയായ ഈ വിദ്യാർത്ഥി പറയുന്നു. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര വിദ്യാർത്ഥിയായിരിക്കെയാണ് മംഗൽ പാരി എഡ്യൂക്കേഷന്റെ ഭാഗമായത്.
പരി എഡ്യൂക്കേഷനിൽനിന്ന് ലഭിക്കുന്ന പാഠങ്ങളിലൂടെ, യുവജനങ്ങൾ, തങ്ങളുടെ പാഠപുസ്‌തകങ്ങളിലെവിടെയും പ്രത്യക്ഷപ്പെടാത്ത, പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കുന്നു. ഒഡീഷയിലെ കോറാപുട്ടിൽ, ഗൗരയെപ്പോലുള്ള അംഗപരിമിതരായ വ്യക്തികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിലുള്ള ബുദ്ധിമുട്ട് റിപ്പോർട്ട് ചെയ്യുമ്പോഴാണ് ജേർണലിസം വിദ്യാർത്ഥിയായ ശുഭശ്രീ മോഹാപാത്രയുടെ മനസ്സിൽ ഒരു ചോദ്യമുയർന്നത്: "ഭരണനിർവഹണത്തിൽ വന്ന എന്ത് അപാകതമൂലമാണ് ഗൗരയ്ക്ക് ശാരീരികമായും മാനസികമായും ഇത്രയേറെ കഷ്ടത അനുഭവിക്കേണ്ടിവന്നത്?"
2022 സെപ്റ്റംബറിൽ, പീപ്പിൾസ് ആർക്കൈവ് ഓഫ് ഇന്ത്യയുടെ വിദ്യാഭ്യാസവിഭാഗമായ പാരി എഡ്യൂക്കേഷൻ, അതിന്റെ അഞ്ചാമത് പ്രവർത്തനവർഷത്തിലേക്ക് കടന്നു. ഈ കാലയളവിൽ, സർവകലാശാലാ വിദ്യാർഥികൾ, സാമൂഹിക മാറ്റം ലക്‌ഷ്യം വച്ച് പ്രവർത്തിക്കുന്ന സംഘടനകളുടെ ഭാഗമായ വിദ്യാർഥികൾ, സ്കൂൾ വിദ്യാർഥികൾ എന്നിങ്ങനെ നിരവധിപേർ, സാധാരണ മനുഷ്യരുടെ അറിവുകളെയും അവർക്ക് കൈമുതലായുള്ള വൈവിധ്യമാർന്ന കഴിവുകളെയും അംഗീകരിക്കാനും ബഹുമാനിക്കാനുമുള്ള മനോഭാവം നേടിയെടുത്തു. ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ധൻ ജൂമാറുകളുടെ ജീവിതം രേഖപ്പെടുത്തിയ, ഹൈസ്കൂൾ വിദ്യാർത്ഥിയായ പ്രജ്ജ്വൽ താക്കൂറിന്റെ വാക്കുകളിൽ: "നാം കൊണ്ടാടുന്ന ആഘോഷങ്ങളിലെ കർഷകരുടെ പങ്കിനെക്കുറിച്ചും നെല്ലിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം എനിക്ക് കൂടുതൽ ധാരണ കിട്ടി...പാരി എഡ്യൂകേഷന്റെ ഭാഗമായതിലൂടെ, ഞാൻ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാട് എനിക്ക് ലഭിച്ചു."
നൂറോളം വ്യത്യസ്ത പ്രദേശങ്ങളിൽനിന്ന്, തങ്ങളുടെ സ്കൂൾ, സർവകലാശാലാതല പ്രൊജക്ടുകളിലൂടെ, ഈ വിദ്യാർഥികൾ ദൈനംദിന സംഭവങ്ങളിൽ പങ്കാളികളാകുകയാണ്: ഡൽഹിയിൽ നടന്ന കർഷകപ്രക്ഷോഭം റിപ്പോർട്ട് ചെയ്തും കോവിഡ്- 19 രാജ്യത്തുടനീളമുള്ള പാർശ്വവത്കൃതരെ എങ്ങനെയെല്ലാം ബാധിച്ചുവെന്ന് തിരിച്ചറിഞ്ഞും കുടിയേറ്റത്തൊഴിലാളികളുടെ യാത്രകളും പരിമിതികളും രേഖപ്പെടുത്തിയുമെല്ലാം അവർ ചുറ്റുമുള്ള ലോകത്തെ കൂടുതൽ അറിയുകയാണ്.
കൊച്ചിയിൽ കനാലിന്റെ കരയിൽ താമസിക്കുന്ന ജനങ്ങൾ , കനാലിലെ കറുത്ത വെള്ളം വീടുകളിലേക്ക് കയറുന്നതനുസരിച്ച് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കുന്നത് കണ്ടപ്പോൾ, ജേണലിസം വിദ്യാർത്ഥിയായ ആദർശ് ബി. പ്രദീപ്, ഈ ജനങ്ങൾക്ക് എന്തുകൊണ്ടാണ് തങ്ങളുടെ കിടപ്പാടം ഉപേക്ഷിച്ചുപോകേണ്ടിവരുന്നത് എന്നതിനെക്കുറിച്ച് ഒരു ലേഖനം എഴുതുകയുണ്ടായി. "പാരിക്കൊപ്പം പ്രവർത്തിച്ചതിലൂടെ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു: സർക്കാർ സ്രോതസ്സുകളിൽനിന്ന് ആധികാരികമായ വിവരങ്ങൾ കണ്ടെത്തുന്നതുമുതൽ ഏറ്റവും സൂക്ഷ്മമായ വിശദാംശങ്ങൾക്കുപോലും ശ്രദ്ധ കൊടുക്കണമെന്നതുവരെ. ഒരു പഠനാനുഭവമെന്നതിലുപരി ഞാൻ പഠിക്കുന്ന സമുദായവുമായി ആഴത്തിലുള്ള ഒരു ബന്ധം രൂപപ്പെടുത്താൻ ഈയൊരു പ്രവർത്തനം എന്നെ സഹായിച്ചു."
ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള പാർശ്വവത്കൃതജനതയെ ബാധിക്കുന്ന വ്യത്യസ്തമായ വിഷയങ്ങളെക്കുറിച്ച് ഈ വിദ്യാർഥികൾ എഴുതുന്നു എന്നുമാത്രമല്ല, അവർ അത് സ്വന്തം ഭാഷയിൽത്തന്നെ എഴുതുന്നുവെന്നതും ശ്രദ്ധേയമാണ്. ഹിന്ദി, ഒഡിയ, ബംഗ്ളാ എന്നീ ഭാഷകളിൽ എഴുതിയ ലേഖനങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാരി നടത്തിയ ഒരു വർക്ക് ഷോപ്പിൽ പങ്കെടുത്തതിനുശേഷമാണ് ബീഹാറിലെ ഗയ ജില്ലയിൽനിന്നുള്ള സിംപൽ കുമാരി, മോറ എന്ന ദളിത് സ്ത്രീയെക്കുറിച്ച് ഹിന്ദിയിൽ ഒരു ലേഖനമെഴുതിയത്. കർഷക, വാർഡ് കൗൺസിലർ, ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിൽ പ്രവർത്തിക്കുന്ന ആശാ വർക്കർ എന്നിങ്ങനെ വിവിധ ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യുന്ന, ഏറെ പ്രചോദനാത്മകമായ ജീവിതം നയിക്കുന്ന സ്ത്രീയാണ് മോറ .
പാരി എഡ്യൂക്കേഷന്റെ വെബ്‌സൈറ്റിൽ , കുട്ടികൾ എഴുതിയ ഇത്തരത്തിലുള്ള ഇരുനൂറോളം ലേഖനങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമങ്ങൾ അവഗണിക്കുന്ന സാധാരണ മനുഷ്യരുടെ ജീവിതങ്ങൾ റിപ്പോർട്ട് ചെയ്ത് രേഖപ്പെടുത്തുക മാത്രമല്ല അവർ ചെയ്യുന്നത്, ആ ജീവിതങ്ങളിലൂടെ സാമൂഹികവും സാമ്പത്തികവും ലിംഗപരവുമായ നീതി സമൂഹത്തിൽ എങ്ങനെ നടപ്പാകുന്നുവെന്ന് നോക്കിക്കാണുകകൂടിയാണ്.
ഡൽഹിയിലെ ഒരു ചെറിയ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഒരു കുടിയേറ്റത്തൊഴിലാളിയുടെ ജീവിതം ആഴത്തിൽ പഠിച്ച, വിദ്യാർത്ഥിയായ പ്രവീൺ കുമാറിന് പറയാനുള്ളത് ഇതാണ്: "ആളുകൾ നേരിടുന്ന പ്രശ്നങ്ങൾ വ്യക്തിപരമോ ഒറ്റപ്പെട്ടതോ അല്ലെന്നും അവ ചുറ്റുമുള്ള സമൂഹവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഞാൻ തിരിച്ചറിഞ്ഞു. ഒരു വ്യക്തിക്ക് അയാളുടെ ഗ്രാമം വിട്ട്, ജോലി തേടി നഗരത്തിൽ പോകേണ്ടിവരുന്നുണ്ടെന്നത് ആ സമുദായത്തെയും, ആ സംസ്ഥാനത്തെയും രാജ്യത്തെ ഒന്നാകെയും ബാധിക്കുന്ന വിഷയമാണ്."
അന്വേഷണത്തിലൂടെ പഠിക്കുകയും മറ്റുള്ളവരുമായി സംവദിച്ച്, അവരെ മനസ്സിലാക്കുന്നതിലൂടെയുമാണ് സമൂഹത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ വികസിക്കുന്നത്. എന്നാൽ, പാരി എഡ്യൂക്കേഷനാകട്ടെ, ജീവിതത്തെക്കുറിച്ചുള്ള വിദ്യാഭ്യാസമാണ്. വിദ്യാർത്ഥികളുമായി ബന്ധം സ്ഥാപിക്കാൻ കഴിയുന്നവരാണ് മികച്ച അധ്യാപകർ. പാരി എഡ്യൂക്കേഷൻ ചെയ്യുന്നതും അതുതന്നെയാണ്-ഇന്ത്യൻ യുവതയെ ഗ്രാമീണ ഇന്ത്യയുമായി ബന്ധിപ്പിക്കുക.
പാ രി എഡ്യൂക്കേഷൻ ടീമുമായി education@ruralindiaonline.org എന്ന വിലാസത്തിൽ ബന്ധപ്പെടാം.
കവർ ചിത്രം : ബിനായ്ഫർ ബറൂച്ച
പരിഭാഷ: പ്രതിഭ ആർ.കെ .