ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ, 57 വയസ്സുള്ള ബാലാഭായി ചാവ്ഡയ്ക്ക് അഞ്ചേക്കർ കൃഷിഭൂമിയുണ്ട്. ജലസേചനം ചെയ്ത, വളക്കൂറുള്ള മണ്ണ്. 25 വർഷമായി ആ സ്ഥലം അയാളുടെ ഉടമസ്ഥതയിലാണ്. ഒരേയൊരു കുഴപ്പമേയുള്ളു. തന്റെ സ്വന്തം കൃഷിസ്ഥലത്തിന്റെ സമീപത്ത് പോകാൻപോലും അയാൾക്ക് അനുവാദമില്ല.
“എന്റെ ഉടമാവകാശത്തിന് തെളിവുണ്ട്”, കാലപ്പഴക്കംകൊണ്ട് ദ്രവിച്ച്, മഞ്ഞനിറമായിത്തീർന്ന ഉടമാവകാശ രേഖകൾ കാണിച്ച് അയാൾ പറയുന്നു. “എന്നാൽ, സ്ഥലം കൈവശം വെച്ചിരിക്കുന്നത്, ഉയർന്ന ജാതിക്കാരായ ആളുകളാണ്.
സഹായത്തിനായി നിരവധി വാതിലുകളിൽ മുട്ടിനോക്കി, ബാലാഭായ് എന്ന കൂലിപ്പണിക്കാരൻ. ഗുജറാത്തിൽ, പട്ടികജാതിവിഭാഗത്തിൽപ്പെട്ട അയാൾ, ചമാർ സമുദായാംഗമാണ്. ഇനി മുട്ടാൻ വാതിലുകളൊന്നുമില്ല. “ഒരുദിവസം പോലും വിടാതെ ഞാൻ എന്റെ കൃഷിസ്ഥലത്ത് പോവും”, അയാൾ കൂട്ടിച്ചേർക്കുന്നു. “ദൂരത്തുനിന്ന് നോക്കിനിന്ന്, അത് കിട്ടിയിരുന്നെങ്കിൽ എന്റെ ജീവിതം എന്താവുമായിരുന്നുവെന്ന് സങ്കല്പിച്ചുനോക്കും”.
ഗുജറാത്തിന്റെ ഭൂവിതരണനയത്തിന്റെ കീഴിൽ, 1997-ലാണ് ധ്രംഗാധ്ര താലൂക്കിലെ ഭരാദ് ഗ്രാമത്തിലെ കൃഷിസ്ഥലം ബാലാഭായിക്ക് അനുവദിച്ചുകിട്ടിയത്. കൈവശം വെക്കാവുന്ന കൃഷിസ്ഥലത്തിന് പരിമിതി നിജപ്പെടുത്തിയ 1960-ലെ ഗുജറാത്ത് അഗ്രിക്കൾച്ചറൽ ലാൻഡ്സ് സീലിംഗ് ആക്ട് പ്രകാരം, സർക്കാർ ‘മിച്ചഭൂമി’ കൈക്കലാക്കിയത്, ‘പൊതുനന്മയെ കണക്കാക്കി‘യായിരുന്നു.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പാഴ്നിലങ്ങളോടൊപ്പം, ‘കൃഷി ചെയ്യാൻ ഭൂമി ആവശ്യമുള്ള’വർക്കായി നീക്കിവെച്ചതായിരുന്നു ഈവിധത്തിൽ കൈക്കലാക്കിയ, സാന്തനി ജമീൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂമി. കൃഷി ചെയ്യാൻ ഭൂമി ആവശ്യമുള്ളവരിൽ, കർഷക സഹകരണസംഘങ്ങളും, ഭൂരഹിതരും, കർഷകത്തൊഴിലാളികളും എല്ലാം ഉൾപ്പെട്ടിരുന്നു. എന്നാൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വ്യക്തികൾക്കായിരുന്നു മുൻഗണന.
പദ്ധതി കടലാസ്സിൽ പ്രവർത്തിക്കുന്നുണ്ട്. പ്രയോഗത്തിൽ അധികമില്ല.
പട്ടയം കിട്ടിയതിനുശേഷം, പരുത്തിയും ചോളവും ബജ്രയും കൃഷി ചെയ്യാൻ ബാലാഭായി പദ്ധതിയിട്ടു. കൃഷിസ്ഥലത്ത് ചെറിയൊരു കൂരകെട്ടി, അവിടെ താമസിച്ച് കൃഷി ചെയ്യാൻപോലും അയാൾ ആലോചിച്ചതാണ്. 32 വയസ്സായിരുന്നു അന്ന് അയാളുടെ പ്രായം. ഒരു കുടുംബവും ഉറ്റുനോക്കാൻ ഒരു നല്ല ഭാവിയുമുണ്ടായിരുന്ന് ചെറുപ്പക്കാരൻ. “എനിക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു. കൂലിപ്പണി ചെയ്യുകയായിരുന്നു ഞാൻ. മറ്റാർക്കെങ്കിലും വേണ്ടി ജോലി ചെയ്യുന്ന ഏർപ്പാട് ഇനി അവസാനിപ്പിക്കാം എന്ന് ഞാൻ കരുതി. എന്റെ സ്വന്തം കൈകൊണ്ടുതന്നെ എന്റെ കുടുംബത്തിന് അന്തസ്സുള്ള ഒരു ജീവിതം നൽകാൻ കഴിയുമെന്ന് ഞാൻ വിചാരിച്ചു”, അയാൾ പറയുന്നു.
എന്നാൽ ബാലാഭായിയെ കാത്തിരുന്നത് വല്ലാത്ത ഒരു പ്രഹരമായിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനുമുൻപ്, ഗ്രാമത്തിലെ രണ്ട് കുടുംബങ്ങൾ അത് കൈവശപ്പെടുത്തിയിരുന്നു. രജപുത്ത സമുദായത്തിലേയും, പട്ടേൽ സമുദായത്തിലേയും ഓരോ കുടുംബങ്ങൾ. പ്രദേശത്തെ സ്വാധീനമുള്ള ജാതിസമുദായക്കാർ. അവർ ഇപ്പോഴും ആ സ്ഥലം കൈവശംവെച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്നു. ബാലാഭായിക്ക് ഇപ്പോഴും കൂലിപ്പണിതന്നെ ചെയ്യേണ്ടിയും വരുന്നു. ആൺമക്കളായ 35 വയസ്സുള്ള രാജേന്ദ്രനും 32 വയസ്സുള്ള അമൃതിനും ചെറുപ്പം മുതലേ പാടത്ത് പണിയെടുക്കേണ്ടിവന്നു. പണിയുള്ള ദിവസങ്ങളിൽ അവർക്ക് 250 രൂപവീതം കിട്ടും. ആഴ്ചയിൽ മൂന്ന് ദിവസമേ പണിയുണ്ടാവാറുള്ളൂ.
“ഞാൻ ആ സ്ഥലം വീണ്ടെടുക്കാൻ കഠിനാദ്ധ്വാനം ചെയ്തു. പക്ഷേ ഇന്നാ സ്ഥലത്തിന് ചുറ്റുമുള്ള വസ്തുവകകൾ, ഉയർന്ന ജാതിക്കാരായ ആളുകളുടെ ഉടമസ്ഥതയിലാണ്. എന്നെ ആ സ്ഥലത്ത് പ്രവേശിക്കാൻപോലും അവർ അനുവദിക്കുന്നില്ല. ആദ്യമൊക്കെ ഞാനതിൽ (കൃഷി ചെയ്യാനുള്ള) അവകാശം ഉന്നയിക്കുകയും, വഴക്കുകളിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ അവരെല്ലാം സ്വാധീനവും ശക്തിയുമുള്ളവരാണ്” അയാൾ പറയുന്നു.
90-കളുടെ അവസാനത്തിലുണ്ടായ, അത്തരമൊരു വഴക്കിൽ, ബാലാഭായി ആശുപത്രിയിൽ ചെന്നെത്തി. ഒരു മൺവെട്ടികൊണ്ടുള്ള ആക്രമണത്തിൽ കൈക്ക് പരിക്കുപറ്റി. “ഞാൻ പൊലീസിൽ പരാതിപ്പെട്ടു. ജില്ലാ അധികാരികളെ സമീപിച്ചു. ഒന്നും നടന്നില്ല. ഭൂമി, ഭൂരഹിതർക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, വാസ്തവത്തിൽ, കടലാസ്സുകൾ മാത്രമേ വിതരണം ചെയ്തിട്ടുള്ളു. ഭൂമി ഇപ്പോഴും പഴയതുപോലെത്തന്നെ”, അയാൾ പറയുന്നു.
2011-ലെ സെൻസസ് കാലത്ത്, 144 ദശലക്ഷം കർഷകത്തൊഴിലാളികളുടെ വീടായിരുന്നു ഇന്ത്യ. അതിന് മുമ്പ്, 2001-ൽ നടന്ന സെൻസസിലുണ്ടായിരുന്ന 107 ദശലക്ഷത്തിൽനിന്ന് 35 ശതമാനം വളർച്ച. ഗുജറാത്തിൽ മാത്രം, ഇതേ കാലഘട്ടത്തിൽ, 1.7 ദശലക്ഷമാളുകൾ ഭൂരഹിതരായ കൂലിത്തൊഴിലാളികളായി മാറി. 5.16 ദശലക്ഷത്തിൽനിന്ന് 6.84 ദശലക്ഷത്തിലേക്ക്. 32.5 ശതമാനം വളർച്ച.
ദാരിദ്യത്തിന്റെ സൂചകമായ ഭൂമിയില്ലായ്മയും ജാതിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഗുജറാത്തിലെ മൊത്തം ജനസംഖ്യയുടെ (2011-ലെ സെൻസസ്) 6.74 ശതമാനം പട്ടികജാതിക്കാരാണെങ്കിലും, സംസ്ഥാനത്തിലെ കൃഷിയോഗ്യമായ പ്രദേശത്തിന്റെ കേവലം 2.89 ശതമാനത്തിൽ മാത്രമാണ് അവർക്ക് ഭൂവുടമാവകാശവും സമാനമായ മറ്റ് അവകാശങ്ങളുമുള്ളത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 14.8 ശതമാനം വരുന്ന പട്ടികഗോത്രക്കാരാകട്ടെ, ഭൂമിയുടെ 9.6 ശതമാനം സ്ഥലത്ത് മാത്രമാണ് പണിയെടുക്കുന്നത്.
സംസ്ഥാന സർക്കാർ ഭൂപരിഷ്ക്കരണനയങ്ങൾ നടപ്പിലാക്കുന്നില്ലെന്ന് പരാതിപ്പെട്ട്, 2012-ൽ ദളിത് അവകാശപ്രവർത്തകനായ ജിഗ്നേഷ് മേവാനി, ഗുജറാത്ത് ഹൈക്കോടതിയിൽ ഒരു പൊതുതാത്പര്യ ഹരജി (പി.ഐ.എൽ) ഫയൽ ചെയ്തു. ഭൂപരിധി നിയമപ്രകാരം കൈക്കലാക്കിയ സാന്താനി ഭൂമി, ആരെ ഉദ്ദേശിച്ചാണോ വിതരണം ചെയ്തത്, അവർക്ക് - ഭൂരഹിതർക്കും, പട്ടികജാതി-പട്ടികവർഗ്ഗക്കാർക്ക് – അത് കിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മേവാനിയുടെ ഹരജി.
കേന്ദ്രസർക്കാരിന്റെ ‘ഭൂപരിധിനിയമ നടപ്പാക്കലിനെക്കുറിച്ചുള്ള ത്രൈമാസിക പുരോഗതി (ഇതുവരെയുള്ളത്) രേഖ’യെക്കുറിച്ച് കോടതി നടപടികളിൽ സൂചിപ്പിച്ചിരുന്നു. 2011 സെപ്റ്റംബർ വരെ 163,676 ഏക്കർ ഭൂമിയാണ് 37,353 ഗുണഭോക്താക്കൾക്കായി വിതരണം ചെയ്തിട്ടുള്ളതെന്നും 15,519 ഏക്കർ വിതരണം ചെയ്യാൻ ബാക്കിയുണ്ടെന്നും അതിൽ സൂചിപ്പിച്ചിരുന്നു.
എന്തായാലും, വിതരണം ചെയ്ത ഭൂമിയിന്മേലുള്ള അവകാശമില്ലായ്മയിലാണ് ഗുജറാത്ത് ഹൈക്കോടതിയിൽ ഇപ്പോഴും വാദം കേട്ടുകൊണ്ടിരിക്കുന്ന മേവാനിയുടെ പൊതുതാത്പര്യ ഹരജി പ്രധാനമായും ഊന്നുന്നത്. വിവരാവകാശനിയമപ്രകാരവും സർക്കാരിന്റെ രേഖകൾപ്രകാരവും കിട്ടിയിട്ടുള്ള വിവരങ്ങളിൽനിന്ന് മനസ്സിലാവുന്നതുപോലെ, നിരവധി കേസുകളിൽ, ആളുകൾക്ക് മിച്ചഭൂമിയിന്മേലോ, പാഴ്നിലങ്ങളിലോ അവകാശം കിട്ടിയിട്ടില്ലെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
ബാലാഭായി രണ്ട് ദശാബ്ദക്കാലമായി കാത്തിരിക്കുകയായിരുന്നു. “കൈവശാവകാശത്തിനായി ഞാൻ ആദ്യമൊക്കെ പൊരുതിയിരുന്നു. 30-കളുടെ തുടക്കത്തിലായിരുന്നു ഞാൻ. ഊർജ്ജവും ആവേശവുമൊക്കെ ധാരാളമുണ്ടായിരുന്ന കാലം. എന്നാൽ, പിന്നെപ്പിന്നെ എന്റെ കുട്ടികൾ വളർന്നുതുടങ്ങിയപ്പോൾ എനിക്ക് ജോലിത്തിരക്കായി. അവരെ വളർത്തുന്നതിനെക്കുറിച്ചും അവരുടെ സുരക്ഷയെക്കുറിച്ചും എനിക്ക് ആലോചിക്കേണ്ടിവന്നു. അവരുടെ ജീവിതം അപകടത്തിലാക്കുന്ന ഒരുകാര്യവും ചെയ്യാൻ ഞാൻ ആഗ്രഹിച്ചില്ല”.
ബാലാഭായിയുടെ കേസ് ഒറ്റപ്പെട്ട ഒന്നല്ലെന്നാണ്, 1,700-ഓളം പേജ് വരുന്ന മേവാനിയുടെ ദീർഘമായ ഹരജി ചൂണ്ടിക്കാണിക്കുന്നത്. ഗുജറാത്തിലെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള ഉദാഹരണങ്ങൾ അതിൽ ഉൾപ്പെടുത്തിയിരുന്നു.
“ചില കേസുകളിൽ, ഗുണഭോക്താക്കൾക്ക് ഭൂമിയിലുള്ള അവകാശം കിട്ടിയിരുന്നു. പക്ഷേ ആക്ടിവിസ്റ്റുകളുടെ നിരന്തര ഇടപെടലുകളെത്തുടർന്നായിരുന്നു അത്”, മേവാനി പറയുന്നു. ഗുജറാത്ത് നിയമസഭയിലെ വഡ്ഗാം മണ്ഡലത്തെയാണ് നിലവിൽ അദ്ദേഹ പ്രതിനിധീകരിക്കുന്നത്. തന്റെ ഹരജിയിൽ പ്രതികരിച്ചുകൊണ്ട്, സംസ്ഥാന, തദ്ദേശീയ ഭരണകൂടങ്ങൾ തെറ്റുകൾ നടന്നതായി സമ്മതിച്ചിട്ടുണ്ട് എന്നും മേവാനി കൂട്ടിച്ചേർത്തു.
ഉദാഹരണത്തിന്, റെവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം അഹമ്മദാബാദ് ജില്ലയിലെ ചില ഗ്രാമങ്ങളിലെ ഭൂമിയളക്കൽ പ്രക്രിയ പൂർത്തിയായിട്ടില്ലെന്ന്, 2011 ജൂലായ് 18-ലെ ഒരു കത്തിൽ, അഹമ്മദാബാദിലെ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ലാൻഡ് റിക്കാഡ്സ് (ഡി.ഐ.എൽ.ആർ)സൂചിപ്പിക്കുന്നുണ്ട്. ഏതാനും വർഷം കഴിഞ്ഞ്, 2015 നവംബർ 11-ന് ഭാവ്നഗർ ജില്ലയിലെ ഡി.ഐ.എൽ.ആർ. മറ്റൊരു കുറ്റസമ്മതവും നടത്തുകയുണ്ടായി. 1971 മുതൽ 2011-വരെ വിതരണം ചെയ്ത ഭൂമിയുടെ സ്ഥലനിർണ്ണയം 50 ഗ്രാമങ്ങളിൽ നടന്നിട്ടില്ലെന്ന്.
വിതരണം ചെയ്യാതെയിരിക്കുന്ന 15,519 ഏക്കർ ഭൂമി തർക്കത്തിൽ കിടക്കുന്നവയാണെന്നും, അതിന്മേൽ 210 കേസുകളുണ്ടെന്നും, ഗുജറാത്ത് ഹൈക്കൊടതിയിൽ 2015 ഡിസംബർ 17-ന് നൽകിയ ഒരു സത്യവാങ്മൂലത്തിൽ, സംസ്ഥാന റെവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറി ഹരീഷ് പ്രജാപതി പറഞ്ഞു.
സംസ്ഥാനത്തിലെ നാല് ഉദ്യോഗസ്ഥരും ഒരു മേഖലാ വിഭാഗവും ഉൾപ്പെടെ, അഗ്രിക്കൾച്ചറൽ ലാൻഡ്സ് സീലിംഗ് ആക്ട് നടപ്പാക്കുന്നതിനുള്ള ഒരു സംവിധാനം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നും പ്രജാപതി സൂചിപ്പിച്ചു. ഓരോ തുണ്ട് ഭൂമിയും ഭൌതികമായി പരിശോധിക്കുകയും അതോടൊപ്പം കൈവശാവകാശം തെളിയിക്കലും ചെയ്തുകൊണ്ടുവേണം ഈ സംവിധാനം നടപ്പാക്കേണ്ടത്. ആയിരക്കണക്കിന് ഏക്കർ ഭൂമി ഭൌതികമായി തീർപ്പാക്കുന്ന ഭീമമായ ചുമതലയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്“ എന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ പാഴ്നിലം പതിച്ചുകൊടുക്കുന്നത് കളക്ടറുടെ ചുമതലയിലായിരിക്കുമെന്നും അത് സൂചിപ്പിക്കുന്നു.
ഏഴുവർഷത്തിനുശേഷവും വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന്, ഗുജറാത്ത് ഹൈക്കോടതിയിലുള്ള പൊതുതാത്പര്യഹർജിയിൽ മേവാനിക്കുവേണ്ടി ഹാജരായ ആനന്ദ് യജ്ഞിക് എന്ന പ്രശസ്തനായ അഭിഭാഷകൻ സൂചിപ്പിക്കുന്നു. “ഉയർന്ന ജാതിക്കാരിൽനിന്ന് സ്ഥലമേറ്റെടുക്കാതെ, കടലാസ്സിൽ മാത്രം നീതി നടപ്പാക്കുകയാണ് സംസ്ഥാനം ചെയ്യുന്നത്. കൈവശാവാകാശം വേണമെന്ന് പട്ടികജാതി വിഭാഗത്തിലുള്ള ഗുണഭോക്താക്കൾ നിർബന്ധം പിടിച്ചാൽ അവരെ ശിക്ഷിക്കുകയാണ് ചെയ്യുന്നത്. തദ്ദേശീയ ഭരണകൂടം ഒരിക്കലും സഹായിക്കുന്നില്ല. അതിനാൽത്തന്നെ വിതരണത്തിന്റെ നീതി കടലാസ്സിൽ അവശേഷിക്കുകയും, സാംസ്ക്കാരികമായ തെറ്റ് സ്വതന്ത്ര ഇന്ത്യയിൽ തുടരുകയും ചെയ്യുന്നു”, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഗുജറാത്തിലെ നിലവിലുള്ള ഭൂവിതരണത്തിന്റെ അവസ്ഥയെക്കുറിച്ച് ഈ റിപ്പോർട്ടർ റെവന്യൂ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി കമൽ ദായാനിയോടും, ഭൂപരിഷ്ക്കരണ കമ്മീഷണർ പി.സ്വരൂപിനോടും എഴുതിച്ചോദിച്ചു. അവരുടെ പ്രതികരണം വന്നതിനുശേഷം അത് ഇവിടെ കൂട്ടിച്ചേർക്കുന്നതായിരിക്കും.
43 വയസ്സുള്ള ഛഗൻഭായി പീതാംബറിന്റെ കാര്യത്തിലാണെങ്കിൽ, മറ്റാരും ഭൂമി കൈവശപ്പെടുത്താതിരുന്നിട്ടും, ഭരണകൂടം അലംഭാവം കാട്ടുകയായിരുന്നു. 1999-ൽ ഭരാദിൽ അയാൾക്ക് പതിച്ചുകിട്ടിയ അഞ്ചേക്കർ ഭൂമി ചന്ദ്രഭാഗ നദിയുടെ ഒത്ത നടുക്കാണ്. “അത് മിക്കപ്പോഴും വെള്ളത്തിനടിയിലായതിനാൽ എനിക്ക് അതിലൊന്നും ചെയ്യാനാവുന്നില്ല”, ആ സ്ഥലത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി അദ്ദേഹം പറഞ്ഞു.
അയാളുടെ ഭൂമിയുടെ വലിയൊരു ഭാഗം മുഴുവൻ ചെളിവെള്ളമാണ്. ബാക്കിയുള്ള ഭാഗം മുഴുവൻ വഴുക്കലുള്ള മണ്ണും. “സ്ഥലം മാറ്റിക്കിട്ടാണമെന്നാവശ്യപ്പെട്ട്, 1999-ൽത്തന്നെ ഞാൻ ഡെപ്യൂട്ടി കളക്ടർക്ക് എഴുതി. പതിച്ചുതന്നിട്ട് 10 കൊല്ലം കഴിഞ്ഞെന്നും ഇപ്പോൾ ഒന്നും ചെയ്യാനാവില്ലെന്നും പറഞ്ഞ്, 2010-ൽ താലൂക്കിന്റെ ചുമതലയുള്ള ആൾ എന്റെ അപേക്ഷ തള്ളിക്കളഞ്ഞു. ഭരണകൂടം 10 വർഷം ഒന്നും ചെയ്യാതിരുന്നത് എന്റെ കുറ്റം കൊണ്ടാണോ?” അയാൾ ചോദിക്കുന്നു.
ഈ അലംഭാവം, ഛഗൻഭായിക്കും അയാളുടെ കുടുംബത്തിനും കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. കുടുംബം ദിവസക്കൂലിയെ മാത്രം ആശ്രയിക്കുന്നതിനാൽ സാമ്പത്തികമായ വളർച്ചയോ സുരക്ഷയോ ഒന്നുമില്ലെന്ന് അയാളുടെ ഭാര്യ കാഞ്ചൻബെൻ സൂചിപ്പിച്ചു. “രാവിലെ എന്തെങ്കിലും സമ്പാദിച്ച് രാത്രി ഭക്ഷണം വാങ്ങണം. ഭൂമിയുണ്ടായിരുന്നെങ്കിൽ ഒന്നുമില്ലെങ്കിലും സ്വന്തമായി ഭക്ഷണമെങ്കിലും ഉണ്ടാക്കാമായിരുന്നു. കൂലിപ്പണിയിൽനിന്ന് കിട്ടുന്ന കാശ് മറ്റെന്തിനെങ്കിലും ചിലവിടുകയും ചെയ്യാമായിരുന്നു”, അവർ പറയുന്നു
കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കുടുംബത്തിന് സ്വകാര്യ പണമിടപാടുകാരിൽനിന്ന് വായ്പയെടുക്കേണ്ടിവന്നു. “10 വർഷം മുമ്പ് ഞങ്ങൾ, മാസം 3 ശതമാനം പലിശയ്ക്ക് 50,000 രൂപ കടമെടുത്തു”, 40 വയസ്സുള്ള കാഞ്ചൻബെൻ പറയുന്നു. “ഞങ്ങൾക്ക് നാല് കുട്ടികളാണുള്ളത്. ദിവസത്തിൽ 100-150 രൂപ മാത്രം സമ്പാദ്യമുണ്ടായിരുന്നതിനാൽ, ഞങ്ങൾക്ക് വേറെ മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല. ഇപ്പോഴും ആ കടം വീട്ടിക്കൊണ്ടിരിക്കുകയാണ്”.
ഭൂമിയിലുള്ള അവകാശം നഷ്ടപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങൾ എത്രയോ ഇരട്ടിയാണ്. അത് തിരിച്ചുപിടിക്കുന്നതിന് ചിലവഴിക്കുന്ന സമയവും ഊർജ്ജവും, എന്നിട്ടും അത് ശരിപ്പെടാത്തതുകൊണ്ട് ഉണ്ടാവുന്ന മാനസികസമ്മർദ്ദവും, വർഷങ്ങളായി കൂടിക്കൂടി വരുന്ന സാമ്പത്തികനഷ്ടവും ഒന്നും ഒരിക്കലും കണക്കിൽപ്പെടുന്നില്ല”.
രണ്ട് വിളസീസണിൽനിന്നായി, ഒരു കർഷകൻ ഒരേക്കറിൽനിന്ന് പരമാവധി 25,000 സമ്പാദിക്കുന്നുവെന്ന് കണക്കാക്കിയാൽപ്പോലും, 5-7 വർഷങ്ങൾക്കുള്ളിൽ, ഒരേക്കറിൽനിന്നുള്ള നഷ്ടം 175,000 ആണെന്ന്, മേവാനിയുടെ പി.ഐ.എല്ലിൽ ചൂണ്ടിക്കാണിക്കുന്നു.
ബാലാഭായിക്ക് അഞ്ചേക്കറുണ്ടെങ്കിലും കഴിഞ്ഞ 25 വർഷമായി അതിൽ കൃഷി ചെയ്യാൻ അയാളെ അനുവദിച്ചിട്ടില്ല. വിലക്കയറ്റവും, വരുമാനനഷ്ടവും ചിലവും എല്ലാം കണക്കാക്കിയാൽ ലക്ഷക്കണക്കിന് രൂപയായിരിക്കും അയാളുടെ മൊത്തം നഷ്ടം. ബാലാഭായിയെപ്പോലെ ആയിരക്കണക്കിന് കർഷകരുണ്ട്.
“ആ സ്ഥലത്തിനുമാത്രം ഇന്നത്തെ വിപണിയിൽ 25 ലക്ഷം രൂപയുണ്ട്. ഞാനൊരു രാജാവിനെപ്പോലെ കഴിഞ്ഞേനേ. സ്വന്തമായി ഒരു മോട്ടോർസൈക്കിൾ വാങ്ങാൻ എനിക്ക് കഴിയുമായിരുന്നു” അയാൾ പറയുന്നു.
ഭൂമിയിലുള്ള അവകാശം സാമ്പത്തിക സ്ഥിരത മാത്രമല്ല ഉറപ്പുവരുത്തുന്നത്. അത് ഗ്രാമത്തിൽ അന്തസ്സും ബഹുമാന്യതയും കൊണ്ടുവരികയും ചെയ്യുമായിരുന്നു. “ഉയർന്ന ജാതിക്കാരുടെ കൃഷിയിടങ്ങളിൽ കൂലിവേല ചെയ്യുമ്പോൾ അവർ നിങ്ങളോട് പെരുമാറുന്നത് നികൃഷ്ടമായ രീതിയിലാണ്”, സുരേന്ദ്രനഗർ ജില്ലയിലെ ധ്രംഗധ്ര താലൂക്കിലെ രാംദേവ്പുർ ഗ്രാമത്തിലെ 75 വയസ്സുള്ള ത്രിഭുവൻ വഗേല പറയുന്നു. “നിങ്ങൾ അവരുടെ ചൊൽപ്പടിയിലായതിനാൽ നിങ്ങൾ നിത്യവും അപമാനിക്കപ്പെടുന്നു. തൊഴിലിനുവേണ്ടി അവരെ ആശ്രയിക്കേണ്ടിവരുന്നതിനാൽ നിങ്ങൾക്കൊന്നും ചെയ്യാനുമാവില്ല”.
ബുങ്കർ എന്ന പട്ടികജാതിവിഭാഗത്തിൽപ്പെട്ട വഗേലയ്ക്ക് 1984-ൽ രാംദേവ്പുരിൽ 10 ഏക്കർ ഭൂമി അനുവദിച്ചു. എന്നാൽ, 2010-ൽ മാത്രമാണ് ഭൂമി കൈവശം വന്നത്. “സമൂഹം ജാതിവിവേചനത്തിനുനേരെ കണ്ണടച്ചതുകൊണ്ടാണ് അത്രയധികം കാലതാമസം വന്നത്. ഞാൻ നവ്സർജൻ ട്രസ്റ്റുമായി ബന്ധപ്പെട്ടു. അവരുടെ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുകയും നടപടിയെടുക്കാൻ ഭരണകൂടത്തെ നിർബന്ധിക്കുകയും ചെയ്തു. ഞങ്ങൾ ചെയ്തത് ചെയ്യാൻ ധൈര്യം ആവശ്യമാണ്. താക്കൂറുമാരുമായി (രജപുത്തന്മാർ) എതിരിടാൻ അന്നത്തെ കാലത്ത് എളുപ്പമായിരുന്നില്ല”, അയാൾ പറയുന്നു.
സുരേന്ദ്രനഗർ ജില്ല ഉൾപ്പെട്ട സൌരാഷ്ട്ര മേഖലയിലെ, മുഖ്യമായും പട്ടേൽ (പട്ടേദാർ) ജാതിക്കാരായ പാട്ടക്കർഷകർക്ക് എങ്ങിനെയാണ് ഭൂപരിഷ്ക്കരണം പ്രയോജനം ചെയ്തതെന്ന് മാർട്ടിൻ മക്വാൻ ചൂണ്ടിക്കാട്ടുന്നു. അറിയപ്പെടുന്ന ദളിത് അവകാശപ്രവർത്തകനും നവ്സർജൻ ട്രസ്റ്റിന്റെ സ്ഥാപകനുമാണ് അദ്ദേഹം. “സൌരാഷ്ട്ര (സംസ്ഥാനത്തിലെ) ആദ്യത്തെ മുഖ്യമന്ത്രിയായ ഉച്ചരംഗറേ ധേബാർ മൂന്ന് നിയമനിർമ്മാണങ്ങൾ കൊണ്ടുവരികയും 30 ലക്ഷം (3 ദശലക്ഷം) ഏക്കർ ഭൂമി പട്ടേലുമാർക്ക് കൈമാറ്റം ചെയ്യുകയുംചെയ്തു. 1960-ൽ ഗുജറാത്ത് പ്രത്യേക സംസ്ഥാനമാവുകയും, അന്നത്തെ സൌരാഷ്ട്ര സംസ്ഥാനം അതിൽ ലയിക്കുകയും ചെയ്യുന്നതിന് മുമ്പായിരുന്നു ഇത് നടന്നത്. പട്ടേൽ സമുദായം അവരുടെ ഭൂമി സംരക്ഷിക്കുകയും, കാലക്രമത്തിൽ ഗുജറത്തിലെ ഏറ്റവും പ്രബലമായ വിഭാഗമായി മാറുകയും ചെയ്തു”, അദ്ദേഹം പറയുന്നു.
കർഷകത്തൊഴിലാളിയായി ജോലിയെടുക്കുമ്പോൾത്തന്നെ വഗേല തന്റെ ഭൂമിക്കുവേണ്ടി പൊരുതുകയായിരുന്നു. “ആ യുദ്ധം ആവശ്യമായ ഒന്നായിരുന്നു. ഞാനനുഭവിച്ചതൊക്കെ എന്റെ മകനും അവന്റെ കുട്ടികൾക്കും അനുഭവിക്കേണ്ടിവരാതിരിക്കാനാണ് ഞാനത് ചെയ്തത് ആ ഭൂമിയുടെ ഇന്നത്തെ മതിപ്പുവില 50 ലക്ഷമാണ്. ഇന്ന് അവർക്ക് ഗ്രാമത്തിൽ തലയുയർത്തി നടക്കാം”.
കുടുംബത്തിന് ഇപ്പോൾ കൂടുതൽ ആത്മവിശ്വാസം കൈവന്നുവെന്ന്, വഗേലയുടെ 31 വയസ്സുള്ള പുത്രവധു നാനുബെൻ പറയുന്നു. “ഞങ്ങൾ കൃഷിഭൂമിയിൽ നന്നായി ജോലി ചെയ്ത്, വർഷത്തിൽ 1.5 ലക്ഷം രൂപ സമ്പാദിക്കുന്നു. അത് അത്രയധികമൊന്നും അല്ലെന്ന് എനിക്കറിയാം. എന്നാലും ഞങ്ങൾതന്നെയാണ് ഞങ്ങളുടെ യജമാനന്മാർ. പൈസക്കുവേണ്ടി ആരോടും ഇരക്കേണ്ടിവരുന്നില്ല. എന്റെ മക്കൾക്ക് വിവാഹം കഴിക്കാൻ പ്രശ്നങ്ങളൊന്നുമില്ല. ഭൂമിയില്ലാത്ത കുടുംബത്തിലേക്ക് തങ്ങളുടെ മക്കളെ അയയ്ക്കാൻ ആരും ആഗ്രഹിക്കില്ല”.
കഴിഞ്ഞ 10 കൊല്ലമായി വഗേലയുടെ കുടുംബം അനുഭവിക്കുന്ന സ്വാതന്ത്ര്യം അനുഭവിക്കാൻ ബാലാഭായിയും ആഗ്രഹിക്കുന്നു. “എന്റെ ഭൂമി കിട്ടുന്നതും കാത്തിരുന്ന് ജീവിതകാലം മുഴുവൻ ഞാൻ ചിലവഴിച്ചു. 60 വയസ്സിൽ എന്റെ മക്കൾക്ക് കൂലിപ്പണി ചെയ്യേണ്ടിവരരുതെന്ന് എനിക്കാഗ്രഹമുണ്ട്. അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാൻ അവർക്ക് സാധിക്കണം”, തന്റെ പഴയ കടലാസ്സുകൾ മടക്കിവെച്ചുകൊണ്ട് ബാലാഭായി പറയുന്നു.
എന്നെങ്കിലുമൊരിക്കൽ തനിക്ക് ഭൂമിയുടെ കൈവശാവകാശം ലഭിക്കുമെന്ന് ബാലാഭായി ഇപ്പോഴും സ്വപ്നം കാണുന്നു. അതിൽ പരുത്തിയും, ചോളവും ധാന്യങ്ങളും കൃഷി ചെയ്യാൻ അയാൾക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. അതിൽ ഒരു ചെറിയ വീട് വെക്കുന്നതും അയാൾ സങ്കല്പിക്കുന്നു. ഒരു ഭൂവുടമയാവുക എന്നാൽ എന്താണെന്നറിയാൻ അയാൾക്ക് മോഹമുണ്ട്. എന്നെങ്കിലുമൊരിക്കൽ ഇതെല്ലാം സാക്ഷാത്ക്കരിക്കുമെന്ന വിശ്വാസത്തിൽ 25 വർഷമായി ആ കടലാസ്സുകൾ അയാൾ ചേർത്തുപിടിക്കുന്നു. പക്ഷേ അതിനേക്കാളൊക്കെ ഏറെയായി അയാൾ ഇപ്പോഴും പ്രതീക്ഷ വെച്ചുപുലർത്തുന്നു. “അതൊന്ന് മാത്രമാണ് എന്നെ ജീവിപ്പിക്കുന്നത്”.
പരിഭാഷ: രാജീവ് ചേലനാട്ട്