കുടുംബത്തെ എങ്ങിനെ പോറ്റുമെന്നാലോചിച്ച് ഇനി തീ തിന്നേണ്ട ആവശ്യമില്ലല്ലോ എന്ന് ആശ്വസിക്കുകയായിരുന്നു രുഖ്‌സാന ഖാത്തൂൻ. രണ്ടുവർഷം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ, മൂന്നാമത്തെ ശ്രമത്തിലാണ് 2020 നവംബറിൽ അവർക്ക് റേഷൻ കാർഡ് കൈയ്യിൽ കിട്ടിയത്. മഹാവ്യാധിയുടെ ദുരിതപൂർണ്ണമായ നാളുകൾ കഴിഞ്ഞുവെന്ന ഒരു തോന്നലുണ്ടായി അവർക്ക്.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ (എൻ.എഫ്.എസ്.എ) കീഴിലുള്ള ‘മുൻ‌ഗണനാ‘ വിഭാഗത്തിൽ ഉൾപ്പെട്ട കാർഡായിരുന്നു അത്. അർഹരായ ഗുണഭോക്താക്കളെ സംസ്ഥാന സർക്കാരാണ് തിരഞ്ഞെടുക്കുന്നത്.

അതിൽ, നാട്ടിൽ അവർ താമസിച്ചിരുന്ന വീടിന്റെ മേൽ‌വിലാസം രേഖപ്പെടുത്തിയിരുന്നു. ബിഹാറിലെ ദർഭംഗ ജില്ലയിലെ നഗരകൌൺസിലുമായി ഈയടുത്ത് കൂട്ടിച്ചേർക്കപ്പെട്ട ഒരു ഗ്രാമത്തിലെ മേൽ‌വിലാസം. അങ്ങിനെ ഏഴുപേരടങ്ങുന്ന അവരുടെ കുടുംബത്തിന് വിലക്കുറവിൽ റേഷൻ കിട്ടാൻ തുടങ്ങി.

അതിനുശേഷം 2021 ഓഗസ്റ്റിൽ അവരെല്ലാവരും ദില്ലിയിലെത്തി. അതോടെ, അവർക്കവകാശപ്പെട്ട റേഷൻ വീണ്ടും മുടങ്ങി.

കേന്ദ്രസർക്കാരിന്റെ വൺ നേഷൻ വൺ റേഷൻ കാർഡ് (ഒ.എൻ.ഒ.ആർ.സി) പ്രകാരം, എൻ.എഫ്.എസ്.എ.യുടെ ‘മുൻ‌ഗണനാ വിഭാഗ’ത്തിലുൾപ്പെടുന്നവരും, ‘ദരിദ്രരിൽ ദരിദ്ര’രുമായ ജനവിഭാഗങ്ങൾക്ക് ഏത് ന്യായവില കടകളിൽനിന്നും അവർക്ക് അർഹമായ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയേണ്ടതായിരുന്നു. പൊതുവിതരണശൃംഖലക്ക് കീഴിൽ, ആധാറുമായി ബന്ധപ്പെടുത്തിയ തിരിച്ചറിയൽ സംവിധാനമുപയോഗിച്ച്, ഭക്ഷ്യധാന്യങ്ങൾ വിൽക്കാൻ അനുവാദമുള്ള സ്ഥാപനങ്ങളാണ് ഈ ന്യായവില ഷോപ്പുകൾ. പക്ഷേ, മാസാമാസം അനുവദിക്കുന്ന റേഷൻ വാങ്ങാൻ പടിഞ്ഞാറൻ ദില്ലിയിലെ ശാദിപുർ മേയ്ൻ ബാസാർ ഭാഗത്തുള്ള കടയിൽ ഓരോ തവണ പോയി ‘ഇപോസ്‘ (ഇലക്ട്രോണിക്ക് പോയിന്റ് ഓഫ് സെയിൽ) മെഷിനിൽ വിരലമർത്തുമ്പോഴും, “ഐ.എം.പി.ഡി.എസ്സിൽ ഈ റേഷൻ കാർഡ് കാണുന്നില്ല’ എന്ന സന്ദേശമായിരുന്നു കിട്ടിയിരുന്നത്.

സംസ്ഥാനങ്ങളിൽ വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങൾ പൊതുവിതരണസം‌വിധാനത്തിലൂടെ സംസ്ഥാനങ്ങൾക്ക് അയയ്ക്കുന്നത് കേന്ദ്രസർക്കാരാണെങ്കിലും രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നും കുടിയേറ്റത്തൊഴിലാളികൾക്ക് റേഷൻ വാങ്ങുന്നതിനുവേണ്ടിയാണ് ഐ.എം.പി.ഡി.എസ് (ഇന്റർഗേറ്റഡ് മാനേജുമെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) എന്ന സംവിധാനം 2018-ൽ ഏർപ്പെടുത്തിയത്.

Rukhsana Khatoon and her eldest children Kapil and Chandni in their rented room in Shadipur Main Bazaar area of West Delhi.
PHOTO • Sanskriti Talwar
PHOTO • Sanskriti Talwar

ഇടത്ത്: പടിഞ്ഞാറൻ ദില്ലിയിലെ ശാദിപുർ മേയിൻ ബാസാർ ഭാഗത്തുള്ള വാടകമുറിയിൽ രുഖ്സാന ഖാത്തൂനും മുതിർന്ന മക്കളായ കപിലും ചാന്ദ്നിയും. വലത്ത്: ഇളയ കുട്ടിയായ ആസിയയെ ഒക്കത്തേന്തിയ രുഖ്സാനയും, ഫോണിൽ കളിക്കുന്ന മൂന്ന് വയസ്സുള്ള മകൾ ജംജമും

ദില്ലിയിൽ വീട്ടുവേല ചെയ്യുന്ന രുഖ്സാന എന്ന സ്ത്രീ ഒരു റേഷൻ കാർഡ് കിട്ടാൻ ബുദ്ധിമുട്ടുകയാണെന്നും, കോവിഡ് 19-നെത്തുടർന്ന് അവരുടെ കുടുംബത്തിന്റെ ധനസ്ഥിതി ആകെ തകർന്നിരിക്കുകയാണെന്നും 2020 ഒക്ടോബറിൽ പാരി റിപ്പോർട്ട് ചെയ്തിരുന്നു. സൌജന്യഭക്ഷണവിതരണ കേന്ദ്രങ്ങളിൽ അവർക്ക് പലപ്പോഴും വരിനിൽക്കേണ്ടിവന്നു. ഒടുവിൽ, ജോലിയോ, ഭക്ഷണമോ കിട്ടാതെ കുട്ടികളുമായി അവർക്ക് ദർഭംഗയിലേക്ക് മടങ്ങേണ്ടിയും വന്നിരുന്നു.

അവരുടെ കഥ പാരി പ്രസിദ്ധീകരിച്ചതിനുശേഷം ഉദ്യോഗസ്ഥർ രുഖ്സാനയെ ബിഹാറിൽ സന്ദർശിക്കുകയും, കുടുംബത്തിന്റെ ആധാർ നമ്പറുകൾ പരിശോധിച്ച് റേഷൻ കാർഡ് നൽകുകയും ചെയ്തു.

“ബിഹാറിലാണെങ്കിൽ, ആ മെഷീന്റെ മുകളിൽ (വിരലടയാളം ഉറപ്പുവരുത്തുന്ന ഇപോസ് യന്ത്രം) തള്ളവിരൽ വെച്ചാൽ അപ്പോൾത്തന്നെ നമുക്ക് റേഷൻ കിട്ടും”, അവർ പറയുന്നു. അവർക്ക് പോകാൻ കഴിഞ്ഞില്ലെങ്കിൽ 11 വയസ്സുള്ള മകനോ 13 വയസ്സുള്ള മകളോ പോയാലും റേഷൻ കിട്ടും. “എല്ലാം ഓൺ‌ലൈനായിട്ടും, ഈ വിവരങ്ങൾ ദില്ലിയിൽ ഞങ്ങൾക്ക് കാണാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്?” രുഖ്സാന ചോദിക്കുന്നു.

31 വയസ്സുള്ള രുഖ്സാനയും, 35 വയസ്സുള്ള ഭർത്താവ് മൊഹമ്മദ് വക്കീലും അവരുടെ അഞ്ച് കുട്ടികളും 2021 ഓഗസ്റ്റ് 25-ന് ട്രെയിനിൽ ദില്ലിയിലേക്ക് മടങ്ങി. പടിഞ്ഞാറൻ ദില്ലിയിലെ പട്ടേൽ നഗറിലെ അഞ്ച് വീടുകളിൽ വീട്ടുപണിയെടുക്കാൻ തുടങ്ങി അവർ. മാസത്തിൽ 6,000 രൂപ കിട്ടും. ബിഹാറിലേക്ക് മടങ്ങുന്നതിനുമുൻപ് തന്റെ തയ്യൽക്കട  അടച്ചുപൂട്ടേണ്ടിവന്ന വക്കീലിനും തിരിച്ചെത്തിയതിനുശേഷം, 2022 മാർച്ചിൽ, വടക്കുപടിഞ്ഞാറൻ ദില്ലിയിലെ ഗാന്ധി നഗർ മാർക്കറ്റിൽ, 8,000 രൂപ മാസ ശമ്പളത്തിന് തയ്യൽ ജോലി ലഭിച്ചു.

2020 മാർച്ചിൽ കോവിഡ്-19 അടച്ചുപൂട്ടലിന് മുൻപ്, ഇരുവരും ചേർന്ന് മാസത്തിൽ 27,000 രൂപവരെ സമ്പാദിച്ചിരുന്നു.

Rukhasana’s husband, Mohammed Wakil, and their children outside their rented room.
PHOTO • Sanskriti Talwar
He works in the same room, tailoring clothes on his sewing machine
PHOTO • Sanskriti Talwar

ഇടത്ത്: വാടകമുറിയുടെ പുറത്ത് നിൽക്കുന്ന രുഖ്സാനയുടെ ഭർത്താവ് മൊഹമ്മദ് വക്കീലും കുട്ടികളും. വലത്ത്: ഇതേ മുറിയിലാണ് അയാൾ തന്റെ തയ്യൽ ജോലികളും ചെയ്യുന്നത്

2021 സെപ്റ്റംബറിനുശേഷം നിരവധി തവണയാണ് രുഖ്സാന ന്യായവില ഷോപ്പ് സന്ദർശിച്ചത്.

“ഇവിടെയുള്ള വ്യാപാരി എന്നോട് പറഞ്ഞത്, കാർഡ് ബിഹാറിലാണ് തടഞ്ഞിരിക്കുന്നത്, അതിനാൽ അവിടെ പോയി ആധാർ കാർഡുകൾ റേഷൻ കാർഡുമായി ലിങ്ക് ചെയ്യണം എന്നാണ്”. അവർ പറഞ്ഞു. “അതനുസരിച്ച് എന്റെ ഭർത്തൃപിതാവ് ബെനിപുരിലെ റേഷൻ ഓഫീസിൽ പോയപ്പോൾ, ദില്ലിയിലെ റേഷൻ ഓഫീസിലാണ് കടലാസ്സെല്ലാം കൊടുക്കേണ്ടതെന്നാണ് അവർ പറഞ്ഞത്. ദില്ലിയിൽ ചെന്ന് ചോദിച്ചാൽ ബിഹാറിൽ ചെയ്യണമെന്നും പറയും.”

*****

തന്റെ ഗ്രാമമായ മോഹൻ ബഹേരയിൽ താമസിക്കാനാണ് രുഖ്സാനയ്ക്ക് ഇഷ്ടം. 2009-ൽ മറ്റൊരു 23 ഗ്രാമങ്ങളുടെ കൂടെ ഈ ഗ്രാമത്തെയും സം‌യോജിപ്പിച്ച്, ദർഭംഗയിൽ, ബെനിപുർ നഗർ പരിഷദ് രൂപവത്ക്കരിക്കുകയുണ്ടായി. “ഗ്രാമത്തിലാവുമ്പോൾ സമാധാനമാണ്. ഭക്ഷണം ഉണ്ടാക്കുക, കഴിക്കുക, കുട്ടികളെ നോക്കുക, അതുമാത്രം ചെയ്താൽ മതി. ദില്ലിയിൽ, ഒരു ഓട്ടപ്പാച്ചിലാണ്. എല്ലാ വീടുകളിലെയും പണി കഴിഞ്ഞിട്ടുവേണം സ്വന്തം കുടുംബത്തിന് ഭക്ഷണം തയ്യാറാക്കാൻ”.

പ്രധാന അങ്ങാടിയുടെ റോഡിന്റെ ചുറ്റും കെട്ടിപ്പൊക്കിയിട്ടുള്ള ചെറിയ കൂരകളാണ് ശാദിപുർ മേയിൻ ബാസാറിലെ പാർപ്പിടകേന്ദ്രം. 2021 സെപ്റ്റംബർ മുതൽ ഇതിലെ ഒരു വീട്ടിലാണ് രുഖ്സാനയും കുടുംബവും താമസം. മാസം 5,000 രൂപ വാടകയ്ക്ക്. ഒരു ഭാഗത്ത് അടുപ്പ് കൂട്ടാനുള്ള ഒരു തിട്ടും, എതിർ‌വശത്ത് ഒരു ഒറ്റക്കട്ടിലും. അവയ്ക്കിടയിലാണ് വക്കീലിന്റെ തയ്യൽ മെഷീനും, തുണികളുടെ അളവെടുക്കാനുള്ള വലിയൊരു മേശയും സ്ഥാപിച്ചിരിക്കുന്നത്. മുൻ‌വശത്തെ വാതിലിന്റെ വലത്തേ കോണിൽ ഒരു ചെറിയ കക്കൂസും ഉണ്ട്.

രുഖ്സാനയും മൂന്ന് പെണ്മക്കളും - 9 വയസ്സുള്ള നജ്മീൻ, 3 വയസ്സുള്ള ജംജം, ഒരു വയസ്സുള്ള ആസിയ – ഇരുമ്പ് കട്ടിലിൽ കിടക്കും. വക്കീൽ, 11 വയസ്സുള്ള മകൻ കപിൽ, 13 വയസ്സുള്ള മൂത്ത മകൾ ചാന്ദ്നി എന്നിവർ നിലത്ത് വിരിച്ചിട്ട പരുത്തിമെത്തയിലും.

“ഗ്രാമത്തിൽ, ആളുകൾ ഇത്തരം മുറികളിൽ മൃഗങ്ങളെയാണ് താമസിപ്പിക്കുക. ഞാൻ തമാശ പറയുകയല്ല. ഇതിനേക്കാൾ ഭേദപ്പെട്ട മുറികളിലാണ് വളർത്തുമൃഗങ്ങൾ കഴിയുന്നത്” വക്കീൽ പറഞ്ഞു. “ഇവിടെ മനുഷ്യർതന്നെ സ്വയം മൃഗങ്ങളായിരിക്കുന്നു”. അയാൾ കൂട്ടിച്ചേർത്തു.

PHOTO • Sanskriti Talwar
PHOTO • Sanskriti Talwar

2021 സെപ്റ്റംബർ മുതൽ ഈ തിങ്ങിനിറഞ്ഞ മുറിയിലാണ്, മാസന്തോറും 5,000 രൂപ കൊടുത്ത് കുടുംബം കഴിയുന്നത്

എൻ.എഫ്.എസ്.എ.യുടെ കണക്കുപ്രകാരം, ഇന്ത്യയിലെ ഗ്രാമീണജനസംഖ്യയിൽ 75 ശതമാനത്തിനും നഗര ജനസംഖ്യയിലെ 50 ശതമാനത്തിനും ന്യായവില ഷോപ്പുകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ അർഹതയുണ്ട്. അരിക്ക് കിലോഗ്രാമിന് 3 രൂപയും, ഗോതമ്പിന് 2 രൂപയും ചെറുധാന്യങ്ങൾക്ക് കിലോഗ്രാമിന് 1 രൂപയുമാണ് സബ്സിഡിക്ക് ശേഷമുള്ള വില. ‘മുൻ‌ഗണനാ വിഭാഗ’ത്തിലുള്ള കുടുംബത്തിലെ റേഷൻ കാർഡിൽ പേർ ചേർത്തിട്ടുള്ള ഓരോ അംഗത്തിന്റെയും പേരിൽ മാസത്തിൽ 5 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയും. ഏറ്റവും ദുർബ്ബല വിഭാഗങ്ങൾക്ക്, അഥവാ, ‘ദരിദ്രരിൽ ദരിദ്ര’രായവർക്കാകട്ടെ, അന്ത്യോദയ അന്ന യോജന (എ.എ.വൈ) പ്രകാരം, മാസന്തോറും 35 കിലോഗ്രാം ഭക്ഷ്യധാന്യം അനുവദിച്ചിട്ടുണ്ട്.

രുഖ്സാനയുടെ കുടുംബത്തിലെ ആറംഗങ്ങളെ മുൻ‌ഗണനാ വിഭാഗത്തിലുള്ള കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോരുത്തർക്കും 3 കിലോഗ്രാം അരിയും 2 കിലോഗ്രാം ഗോതമ്പും കിട്ടാൻ അർഹതയുമുണ്ട്.

വിവിധ ഉപഭോഗ, ശമ്പള മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് അർഹരായവരെ സംസ്ഥാന സർക്കാരുകൾ നിശ്ചയിക്കുന്നത്. ഉദാഹരണത്തിന്, ദില്ലിയിൽ, വർഷത്തിൽ ഒരു ലക്ഷം രൂപയിൽത്താഴെ വരുമാനമുള്ള കുടുംബങ്ങൾക്ക് മുൻ‌ഗണനാ വിഭാഗത്തിലും എ.എ.വൈ വിഭാഗത്തിലും ഉൾപ്പെടാനുള്ള അവകാശമുണ്ട് . സാമൂഹികസ്ഥിതിയും തൊഴിലും, പാർപ്പിടസൌകര്യവും പരിഗണിച്ചുകൊണ്ടാണ് കുടുംബങ്ങളുടെ സാമ്പത്തിക പരാധീനത കണക്കാക്കുന്നത്. വാ‍ർഷികവരുമാനപ്രകാരം അവകാശമുള്ളവരാണെങ്കിൽ‌പ്പോലും, സ്വന്തമാവശ്യത്തിന് നാലുചക്ര വാഹനങ്ങളുള്ളവരാണെങ്കിലോ, സംസ്ഥാനത്തെ പ്രധാനയിടങ്ങളിൽ ഭൂമിയോ വീടോ ഉള്ളവരാണെങ്കിലോ, 2 കിലോവാട്ടിന് മീതെ വൈദ്യുതി ഉപഭോഗമുണ്ടെങ്കിലോ, അവർക്ക് ഈ പട്ടികയിൽ അർഹതയുണ്ടാവില്ല. അതുപോലെ, നിലവിൽ മറ്റേതെങ്കിലും പദ്ധതിപ്രകാരം സബ്സിഡി ലഭിക്കുന്നവർക്കും, വരുമാന നികുതി അടയ്ക്കുകയോ, സർക്കാർ ജോലി ഉള്ളതോ ആയ അംഗങ്ങളുള്ള കുടുംബങ്ങൾക്കും അർഹത ഇല്ല.

ബിഹാറിൽ അർഹത നിശ്ചയിക്കുന്നത് പുറന്തള്ളൽ മാനദണ്ഡം ഉപയോഗിച്ചാണ്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശപ്രകാരം , യന്ത്ര വാഹനങ്ങളോ (മുച്ചക്രവും നാൽച്ചക്രവും), മൂന്നോ അതിൽക്കൂടുതലോ ഉറപ്പുള്ള മുറികളുള്ള വീടോ, ജലസേചനം ചെയ്യുന്ന 2.5 ഏക്കർ ഭൂമിയോ ഉള്ള കുടുംബങ്ങൾക്ക് അർഹതയില്ല. മാസം 10,000 മുകളിൽ ശമ്പളം വാങ്ങുന്ന അംഗമോ, സർക്കാർ ഉദ്യോഗസ്ഥനോ വീട്ടിലുണ്ടെങ്കിൽ അവരും ഒഴിവാക്കപ്പെടും.

2019-ൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ വൺ നേഷൻ, വൺ റേഷൻ കാർഡ് പദ്ധതി, 2020 മേയിലാണ് കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിൻ‌പ്രകാരം, എവിടെ രജിസ്റ്റർ ചെയ്ത റേഷൻ കാർഡായാലും ശരി, ആധാർ നമ്പറുമായി ബന്ധപ്പെടുത്തിയാൽ എവിടെനിന്നും റേഷൻ വാങ്ങാനാവും എന്ന സ്ഥിതി വന്നു. അതിനാൽ പൊതുവിതരണശൃംഖല വഴി വിതരണം ചെയ്യപ്പെടുന്ന സാധനങ്ങൾ രുഖ്സാനയെപ്പോലുള്ളവർക്ക് രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നും വാങ്ങാൻ കഴിയേണ്ടതായിരുന്നു.

2021 ജൂലായിലാണ് ദില്ലി സർക്കാർ ഈ പദ്ധതി നടപ്പാക്കിത്തുടങ്ങിയത്.

*****

PHOTO • Sanskriti Talwar
PHOTO • Sanskriti Talwar
PHOTO • Sanskriti Talwar

ഇടത്ത്: രുഖ്സാനയുടെ സഹോദരി റൂബി ഖാത്തൂൻ. മധ്യത്തിൽ: രുഖ്സാനയുടെ കുടുംബത്തിന്റെ ആധാർ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ‘മേരാ റേഷൻ‘ എന്ന ആപ്പിൽ കാണിക്കുന്നു. വലത്ത്: വൺ നേഷൻ, വൺ റേഷൻ കാർഡ് പദ്ധതിയിൽ രുഖ്സാനയുടെ കുടിയേറ്റ വിവരങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കുമ്പോൾ വരുന്ന സന്ദേശം

എല്ലാ ദിവസവും രാവിലെ 8 മണി മുതൽ ഉച്ചവരെയും പിന്നീട് 4 മണി മുതൽ 7 വരെയും രുഖ്സാന പലപല വീടുകളിലായി അടിച്ചുവാരുകയും തുടയ്ക്കുകയും പാത്രങ്ങൾ തേച്ച് കഴുകുകയും ചെയ്യുന്നു. 2021 ഡിസംബർ 1-ന് രുഖ്സാനയുടെ സഹോദരി റൂബിയും ഈ റിപ്പോർട്ടറും ചേർന്ന് പട്ടേൽ നഗറിലുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ മേഖലാ ഓഫീസിൽ ചെന്ന് രുഖ്സാനയ്ക്ക് റേഷൻ കിട്ടാത്തതിന്റെ കാരണത്തെപ്പറ്റി അന്വേഷിച്ചു.

‘മേരാ റേഷൻ’ എന്ന മൊബൈൽ അപ്പ് ഡൌൺലോഡ് ചെയ്ത് എല്ലാ കുടുംബാംഗങ്ങളുടേയും ആധാർ വിവരങ്ങൾ ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അവർ ഉപദേശിച്ചു. ആ ദിവസം ഓഫീസിൽ അവരുടെ വെബ് പോർട്ടൽ തുറന്നുനോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

അന്ന് ഉച്ചയ്ക്ക്, രുഖ്സാനയുടെ റേഷൻ കാർഡിന്റേയും ആധാറിന്റേയും വിവരങ്ങൾ ഞങ്ങൾ അപ്ലിക്കേഷനിൽ പരിശോധിച്ചു. ആസിയ എന്ന ഒരുവയസ്സുകാരിയുടേതൊഴിച്ച്, എല്ലാ കുടുംബാംഗങ്ങളുടേയും ആധാർ നമ്പറുകൾ അതിൽ ചേർത്തിരിക്കുന്നതായി കണ്ടെത്തി. എന്നാൽ, വൺ റേഷൻ കാർഡിനുവേണ്ടി രുഖ്സാനയുടെ കുടിയേറ്റ വിവരങ്ങൾ കൂട്ടിച്ചേർക്കാൻ നോക്കിയപ്പോൾ കിട്ടിയ സന്ദേശം, ‘വിവരങ്ങൾ ചേർക്കാൻ സാധിക്കുന്നില്ല. അല്പനേരം കഴിഞ്ഞ് ശ്രമിക്കൂ’ എന്നായിരുന്നു.

ഡിസംബർ 7-ന് വീണ്ടും ശ്രമിച്ചപ്പോഴും ഇതേ സന്ദേശമാണ് കിട്ടിയത്.

നാട്ടിലെ ഗ്രാമത്തിൽ റേഷൻ വിതരണം നടക്കുന്ന അതേ സമയത്തായിരിക്കും ദില്ലിയിലെ കുടീയേറ്റക്കാരുടെ ഐ.എം.പി.ഡി.എസ് ചിലപ്പോൾ പ്രവർത്തിക്കുക എന്ന് ഒടുവിൽ ഒരു പി.ഡി.എസ്. വ്യാപാരി സൂചിപ്പിച്ചു. ദില്ലിയിലെ ഗുണഭോക്താക്കൾക്ക് അവരുടെ ഭക്ഷ്യസാധനങ്ങൾ നവംബർ 31 വൈകുന്നേരത്തിന് മുൻപ് ലഭിച്ചിരുന്നു. ഇനി ഡിസംബർ 5-നായിരിക്കും ബിഹാറിലെ അടുത്ത വിതരണം ആരംഭിക്കുക എന്നും അയാൾ പറഞ്ഞു.

പ്രതീക്ഷയോടെ രുഖ്സാന വീണ്ടും ഡിസംബർ 5-ന് റേഷൻ കടയിലെത്തി. അപ്പോഴും, മെഷിനിൽ കണ്ട സന്ദേശം ‘ഐ.എം.പി.ഡി.എസ്’-ൽ റേഷൻ കാർഡ് കാണുന്നില്ല’ എന്നായിരുന്നു.

വീട്ടിലേക്കുള്ള ഭക്ഷ്യവസ്തുക്കൾക്കായി 2021 സെപ്റ്റംബർ മുതൽ രുഖ്സാന ആശ്രയിച്ചിരുന്നത് അവർ ജോലി ചെയ്യുന്ന വീട്ടുകാരെയായിരുന്നു. “ഒരാൾ കുറച്ച് പച്ചക്കറി തരും, വേറൊരാൾ ചിലപ്പോൾ, അവർക്ക് കിട്ടിയ റേഷനിൽനിന്ന് കുറച്ച് തരും.”

PHOTO • Sanskriti Talwar
PHOTO • Sanskriti Talwar

ഇടത്ത്: ശാദിപുർ മേയിൻ ബാസാറിലെ ഒരു ന്യായവില ഷോപ്പിൽ നിൽക്കുന്ന രുഖ്സാന ഖാത്തൂൻ. എത്ര തവണ അവിടെ പോയി എന്ന് അവർക്കുതന്നെ നിശ്ചയമില്ല. വലത്ത്: രുഖ്സാനയുടെ ആധാർ വിവരങ്ങൾ ഇപോസ് മെഷിനിൽ ചേർക്കുമ്പോൾ കിട്ടുന്ന സന്ദേശം കാണിച്ചുതരുന്ന, ന്യായവില ഷോപ്പ് വ്യാപാരി ഭരത് ഭൂഷൺ

“ഞാൻ കുറേയായി ശ്രമിക്കുന്നു”, പ്രത്യക്ഷമായ മടുപ്പോടെ രുഖ്സാന പറഞ്ഞു. അവരുടെ കൂടെ ബിഹാറിൽനിന്ന് ദില്ലിയിലേക്ക് മടങ്ങിയ മറ്റുള്ളവർ 2021 ഓഗസ്റ്റിനും ഡിസംബറിനുമിടയ്ക്ക് ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും അവരുടെ റേഷൻ വാങ്ങിക്കഴിഞ്ഞിരുന്നു.

2020 ഡിസംബറിനുശേഷം സർക്കാർ സ്കൂളിലെ കുട്ടികൾക്ക് വിതരണം ചെയ്തുവരുന്ന ഉച്ചഭക്ഷണത്തിന് പകരമുള്ള റേഷൻ കിറ്റ് വളരെ ഉപകാരപ്പെട്ടിരുന്നു. പട്ടേൽ നഗറിലെ ഒരു സർക്കാർ സ്കൂളിലാണ് അവരുടെ മുതിർന്ന മക്കളായ കപിലും ചാന്ദ്നിയും പഠിക്കുന്നത്. ഓരോ കുട്ടിക്കും 10 കിലോഗ്രാം അരിയും 2 കിലോഗ്രാം പരിപ്പും ഒരു ലിറ്റർ ഭക്ഷ്യ എണ്ണയും ലഭിച്ചിരുന്നു ഈ കിറ്റിൽ. 2022 മാർച്ചിൽ ഉച്ചഭക്ഷണം പുനരാരംഭിച്ചപ്പോൾ ഈ കിറ്റുകൾ കൊടുക്കുന്നത് നിന്നുവെന്ന് രുഖ്സാന പറയുന്നു.

*****

ദില്ലി സർക്കാരിന്റെ ഒ.എൻ.ഒ.ആർ.സി. ഹെൽ‌പ്പ് ലൈൻ നമ്പറിലേക്ക് നിരവധി തവണ വിളിക്കാൻ നോക്കിയിട്ടും വിജയിച്ചില്ല. നെറ്റ്‌വർക്ക് തിരക്കാണെന്ന മറുപടിയാണ് എപ്പോഴും കിട്ടിയത്.

1991 മുതൽ ദർഭംഗയിലെ ബെനിപുരിലുള്ള ന്യായവില ഷോപ്പ് നടത്തുന്ന റേഷൻ വ്യാപാരി പർവേജ് ആലവുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ അയാൾ പറഞ്ഞത് രുഖ്സാനയുടേത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ്. “ദില്ലിയിലുള്ള നിരവധി കുടിയേറ്റത്തൊഴിലാളികൾ എന്നെ വിളിച്ച്, അവർക്ക് ദില്ലിയിൽനിന്ന് റേഷൻ വാങ്ങാൻ പറ്റുന്നില്ലെന്ന് പരാതി പറഞ്ഞു”, ആലം പറഞ്ഞു.

തന്റെ ഓഫീസിൽ പ്രശ്നമൊന്നുമില്ലെന്നും എല്ലാം സുഗമമായി നടക്കുന്നുണ്ടെന്നും ദർഭംഗയിലെ ജില്ലാ വിതരണ ഉദ്യോഗസ്ഥൻ (ഡി.എസ്.ഒ.) അജയ് കുമാർ ഫോണിൽ അറിയിച്ചു. “എന്താണ് ശരിക്കുള്ള പ്രശ്നമെന്ന് ദില്ലിയിലെ ഉദ്യോഗസ്ഥർക്ക് പറയാൻ കഴിയും. ദില്ലി ഒഴിച്ച് മറ്റൊരു സംസ്ഥാനങ്ങളിൽനിന്നും ഒരു പ്രശ്നവും റിപ്പോർട്ട് ചെയ്തിട്ടില്ല”, അയാൾ പറഞ്ഞു.

ദില്ലിയുടെ ഭക്ഷണ-വിതരണ വകുപ്പിന്റെ അഡീഷണൽ കമ്മീഷണറായ കുൽ‌ദീപ് സിംഗിനോട് ചോദിച്ചപ്പോൾ, ഡിസംബറിൽ, ബിഹാറിൽനിന്നുള്ള 43,000 കുടിയേറ്റക്കാരുടെ ഇടപാടുകൾ നടന്നതായി പറഞ്ഞു. “ഇതൊരു ഒറ്റപ്പെട്ട സംഭവമായിരിക്കണം. ഒരുപക്ഷേ ബിഹാറിൽ അവരുടെ പേർ വെട്ടിക്കളഞ്ഞിട്ടുണ്ടാവും”, അദ്ദേഹം പറഞ്ഞു.

PHOTO • Sanskriti Talwar

ദില്ലിയിൽ ജോലി കണ്ടെത്തുന്നതിനുവേണ്ടിയാണ് രുഖ്സാനയും വക്കീലും ബിഹാറിലെ ദർഭംഗയിൽനിന്ന് കുടിയേറിയത്

2019-ൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ വൺ നേഷൻ, വൺ റേഷൻ കാർഡ് പദ്ധതി, 2020 മേയിലാണ് കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിൻ‌പ്രകാരം, എവിടെ രജിസ്റ്റർ ചെയ്ത റേഷൻ കാർഡായാലും ശരി, ആധാർ നമ്പറുമായി ബന്ധപ്പെടുത്തിയാൽ എവിടെനിന്നും റേഷൻ വാങ്ങാനാവും എന്ന സ്ഥിതി വന്നു

2022 ഫെബ്രുവരി 24-ന് കുടുംബത്തിലെ ഒരു കല്യാണത്തിൽ പങ്കെടുക്കാൻ രുഖ്സാനയും കുടുംബവും ദർഭംഗയിലേക്ക് യാത്ര ചെയ്തു. എത്തിയതിന്റെ പിറ്റേന്ന്, ഫെബ്രുവരി 26-ന് മോഹൻ ബഹീരയിലെ ന്യായവില ഷോപ്പിലേക്ക് രുഖ്സാന മകളെ അയച്ചു.

ആ മാസത്തെ റേഷൻ കിട്ടുന്നതിൽ കുടുംബം വിജയിക്കുകയും ചെയ്തു.

എന്നാൽ ദില്ലിക്ക് പോവുന്നതിന് മുൻപ് മർച്ച് 21-ന് റേഷൻ വാങ്ങാൻ ചെന്നപ്പോൾ അവരുടെ റേഷൻ കാർഡ് വെട്ടിക്കളഞ്ഞതായി വ്യാപാരി പറഞ്ഞു. “മുകളിൽനിന്ന് ആരോ നിർത്തിച്ചു”, അയാൾ പറഞ്ഞു.

“കഴിഞ്ഞ മാസം കിട്ടിയതാണല്ലോ. എങ്ങിനെയാണ് റദ്ദാക്കിയത്”, രുഖ്സാന അയാളോട് ചോദിച്ചു.

ബെനിപുരിലെ ബ്ലോക്ക് റേഷൻ ഓഫീസിലേക്ക് എല്ലാ കുടുംബാംഗങ്ങളുടേയും ആധാർ കാർഡ് കൊണ്ടുപോയി നോക്കൂ എന്നായിരുന്നു അവർക്ക് കിട്ടിയ ഉപദേശം. ദില്ലിയിലെ ഓഫീസിലേക്കും ആധാർ കാർഡുകൾ കൊണ്ടുപോകാൻ അയാൾ ഉപദേശിച്ചു.

ഈ വിധത്തിൽ ഒരു റേഷൻ കാർഡ് റദ്ദാക്കാൻ കഴിയില്ലെന്ന് ഡി.എസ്.ഒ. അജയ് കുമാർ പറഞ്ഞു. എന്തായാലും പുതിയൊരു റേഷൻ കാർഡിനായി രുഖ്സാനയ്ക്കും കുടുംബത്തിനും അപേക്ഷിക്കാവുന്നതാണെന്നും അയാൾ സൂചിപ്പിച്ചു.

പ്രശ്നപരിഹാരത്തിന്റെ ഒരു ലക്ഷണവും കാണാത്തതിനാൽ, ദില്ലിയിൽ തിരിച്ചെത്തിയ രുഖ്സാനയ്ക്ക് ഇപ്പോൾ നിർവ്വികാരത മാത്രം. “എനിക്ക് ഒരു റേഷനും കിട്ടുന്നില്ല”. അവർ പറഞ്ഞു.

പരിഭാഷ: രാജീവ് ചേലനാട്ട്

Sanskriti Talwar

Sanskriti Talwar is an independent journalist based in New Delhi. She reports on gender issues.

Other stories by Sanskriti Talwar
Editor : Kavitha Iyer

Kavitha Iyer has been a journalist for 20 years. She is the author of ‘Landscapes Of Loss: The Story Of An Indian Drought’ (HarperCollins, 2021).

Other stories by Kavitha Iyer
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat