ജമ്മു കശ്മീരിലെ പർവ്വതങ്ങളിൽ ഒറ്റയ്ക്കൊരു ബക്കർവാലയെ നിങ്ങൾക്ക് കാണാനേ സാധിക്കില്ല.
തങ്ങളുടെ കന്നുകാലികൾക്കുള്ള മേച്ചിൽപ്പുറങ്ങൾ അന്വേഷിച്ച്, ഈ ഇടയസമുദായം, സംഘങ്ങളായി ഹിമാലയപ്രദേശങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. “മൂന്ന് നാല് സഹോദരന്മാരും അവരുടെ കുടുംബങ്ങളും ഒരുമിച്ച് സഞ്ചരിക്കുന്നു”, എല്ലാ വർഷവും ഉയർന്ന പ്രദേശങ്ങളിലെ പുൽപ്രദേശങ്ങളിലേക്ക് യാത്രചെയ്യുന്ന മൊഹമ്മദ് ലതീഫ് പറയുന്നു. “ആടുകളേയും ചെമ്മരിയാടുകളേയും ഒരുമിച്ച് കൊണ്ടുപോയാൽ കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കും”, കൂടെ സഞ്ചരിക്കുന്ന 5,000-ത്തിനടുത്ത് ആടുകളേയും ചെമ്മരിയാടുകളേയും ഏതാനും ബക്കർവാലി നായ്ക്കളേയും ഉദ്ദേശിച്ച് അയാൾ പറയുന്നു.
ജമ്മുവിന്റെ സമതലങ്ങളിൽനിന്ന്, പീർ പഞ്ചലിലേക്കും മറ്റ് ഹിമാലയസാനുക്കളിലേക്കുമുള്ള യാത്ര എന്നാൽ, 3,000 മീറ്റർ മുകളിലേക്ക് സാവധാനമുള്ള കയറ്റം എന്നാണർത്ഥം. വേനൽ വരുന്നതിന് മുമ്പ്, മാർച്ച് അവസാനത്തോടെ അവർ കയറ്റം തുടങ്ങും. തണുപ്പ് തുടങ്ങുന്ന സെപ്റ്റംബറോടെ മടങ്ങുകയും ചെയ്യും.
ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്കുതന്നെ ഏകദേശം 6 മുതൽ 8 ആഴ്ചകൾവ്രെ എടുക്കും; സ്ത്രീകളും, കുട്ടികളും, ഏതാനും പുരുഷന്മാരുമാണ് മുമ്പിൽ പോവുന്ന സംഘത്തിലുണ്ടാവുക. “ഞങ്ങൾ എത്തുന്നതിനുമുമ്പ് അവർ പ്രധാനപ്പെട്ട മേച്ചിൽപ്പുറങ്ങളിലെത്തി, ആട്ടിൻപറ്റങ്ങളെത്തുന്നതിനുമുമ്പ് ക്യാമ്പ് തയ്യാറാക്കും”, മൊഹമ്മദ് ലത്തീഫ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ സംഘം രജൌരിയിലെ സമതലത്തിൽനിന്നാണ് യാത്രയാരംഭിക്കുക. ലഡാക്കിലെ സോജില പാസ്സിനടുത്തുള്ള മീനാമാർഗ്ഗിലേക്കായിരിക്കും യാത്ര.

സിന്ധു നദിക്ക് സമീപം മേയുന്ന ആട്ടിൻകൂട്ടം. മേച്ചിൽപ്പുറങ്ങൾ തേടി, ബക്കർവാലയകൾ വലിയ സംഘങ്ങളായി, ഹിമാലയപ്രദേശങ്ങളിലേക്ക് അവരുടെ ആട്ടിൻപറ്റങ്ങളുമായി സഞ്ചരിക്കുന്നു

ജമ്മുവിനടുത്തുള്ള കത്വയിലേക്ക് മടങ്ങുന്ന മൊഹമ്മദ് സബീർ; കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുള്ള മലഞ്ചെരിവുകളിലെ പുൽമേടുകളിൽനിന്നാണ് അദ്ദേഹത്തിന്റെ സംഘം മടങ്ങുന്നത്
ജമ്മുവിലെ കത്വ ജില്ലയിൽനിന്നുള്ള 20 ബക്കർവാലാ കുടുംബങ്ങളടങ്ങിയ സംഘത്തിലെ മറ്റൊരാൾ 30 കഴിയാറായ ഷൌക്കത്ത് അലി കണ്ടാലാണ്. 2022 സെപ്റ്റംബറിലാണ്, അയാളുടെ സംഘം ദൊഡ്ഡയിബഹാക്കിൽനിന്ന് (മലമുകളിലെ പുൽമേടുകൾ) കിഷ്ത്വാർ ജില്ലയിലേക്ക് മടങ്ങിയത്. തലമുറകളായി അവർ താമസിക്കുന്ന വീട് അവിടെയാണ്. വർവാൻ താഴ്വരയിലെ മഞ്ഞ് പ്രദേശത്തിലൂടെയാണ് അവർ മടങ്ങിയത്. “ഒരു മാസത്തിനുള്ളിൽ ഞങ്ങൾ കത്വയിലെത്തും. മടക്കയാത്രയിൽ ഇനിയും നാലഞ്ച് ഇടത്താവളങ്ങളുണ്ട്”, ഷൌക്കത്ത് പറയുന്നു.
സ്ഥിരമായൊരിടത്ത് നിർത്തി ഭക്ഷണം കൊടുക്കാൻ പറ്റാത്തവയായതിനാൽ, ആടുകളെ തെളിച്ചുകൊണ്ട് തുറസ്സായ സ്ഥലത്ത് സഞ്ചരിക്കുകയായിരിക്കും ബക്കവാലകൾ മിക്കപ്പോഴും. അവരുടെ മുഖ്യവരുമാന മാർഗ്ഗമായതിനാൽ ആടുകളുടെ സൌകര്യവും ഭക്ഷണവും പരമപ്രധാനവുമാണ്. കശ്മീരിലെ വിരുന്നുകളിലെ പ്രധാനവിഭവവുമാണ് ആട്ടിറച്ചിയും ചെമ്മരിയാടിന്റെ ഇറച്ചിയും. “ഞങ്ങളുടെ ആടുകളും ചെമ്മരിയാടുകളും ഞങ്ങൾക്ക് പ്രധാനമാണ്. നാട്ടുകാരായ കശ്മീരികൾക്ക് വരുമാനത്തിനായി, വാൾനട്ടും ആപ്പിളുകളുമുണ്ട്”, ഷൌക്കത്തിന്റെ പ്രായമായ ഒരു ബന്ധു സൂചിപ്പിക്കുന്നു. യാത്രയിൽ അവശ്യം വേണ്ടത്, കുതിരകളും കോവർകഴുതകളുമാണ്. വിനോദസഞ്ചാരികളെ മാത്രമല്ല, കുടുംബാംഗങ്ങൾ, ആട്ടിൻകുട്ടികൾ, കമ്പിളി, വെള്ളം, ദൈനംദിനാവശ്യങ്ങൾക്കുള്ള സാധനങ്ങൾ എന്നിവ ചുമക്കാനും ഇവയെ ആവശ്യമാണ്.
ദിവസത്തിന്റെ തുടക്കത്തിൽ ഞങ്ങൾ ക്യാമ്പിലെത്താൻ മലയുടെ കുത്തനെയുള്ള ഭാഗം കയറിയത്, ഷൌക്കത്തിന്റെ ഭാര്യ ഷമ ബാനോവിന്റെ കൂടെയായിരുന്നു. താഴെയുള്ള പുഴയിൽനിന്ന് ശേഖരിച്ച വെള്ളം വലിയൊരു പാത്രത്തിലാക്കി അവർ തലയിൽ ചുമന്നിരുന്നു. വെള്ളം കൊണ്ടുവരുന്ന ചുമതല പലപ്പോഴും ഇടയസ്ത്രീകൾക്കാണ്. എല്ലാ ദിവസവും അവരത് ചെയ്യണം. സഞ്ചരിക്കുമ്പോൾപ്പോലും.
ബക്കർവാല എന്ന ഈ ഇടയസമുദായത്തെ സംസ്ഥാനത്തിൽ പട്ടികഗോത്രത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 2013-ലെ ഒരു റിപ്പോർട്ടനുസരിച്ച് അവരുടെ സംഖ്യ, 1,13,198 ആണ്. ജമ്മു-കശ്മീർ ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അവർ കായ്കനിത്തോട്ടങ്ങളിൽ കൂലിവേലയും ചെയ്യാറുണ്ട്. എല്ലാവർഷവും ഏതാണ്ട് ഒരേ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാൽ, നാട്ടുകാരായ കശ്മീരികളുമായി അവർ നല്ല സുഹൃദ്ബന്ധവും സ്ഥാപിച്ചിട്ടുണ്ട്. സ്വന്തം കന്നുകാലികളുമായി പുല്ലുമേയാൻ വരുന്ന അയൽവക്ക ഗ്രാമങ്ങളിലെ സ്ത്രീകൾ, സമയം കിട്ടുമ്പോൾ, ഈ വിരുന്നുകാരുമായി ടെന്റുകളിൽ സൊറ പറഞ്ഞിരുന്ന് സമയം ചിലവഴിക്കുകയും ചെയ്യുക പതിവാണ്.

അന്നേ ദിവസത്തെ ജോലികൾ സംഘാംഗങ്ങളുമായി ചർച്ചചെയ്യുന്ന ഷൌക്കത്ത് അലി കണ്ടാലും ഗുലാം നബി കണ്ടാലും

ബക്കർവാലാ ക്യാമ്പുകളിൽ, ചായയും ജീവിതവും പങ്കുവെക്കുന്നു: സ്വന്തം കന്നുകാലികളുമായി വരുന്ന സമീപഗ്രാമങ്ങളിൽ സ്ത്രീകളും പങ്കുചേരുന്നു
“ഞങ്ങൾക്ക് അധികം ആടുകളില്ലെങ്കിലും എല്ലാ വർഷവും ഞങ്ങൾ കുടിയേറാറുണ്ട്. ഞങ്ങളുടെ പുരുഷന്മാർക്ക് എന്തെങ്കിലും അധികം ജോലി കിട്ടുമെന്നതുതന്നെയാണ് കാരണം. ചെറുപ്പക്കാരായ പുരുഷന്മാർ നാട്ടുകാരായ കശ്മീരികൾക്കുവേണ്ടി മരം മുറിക്കാനും, വാൾനട്ടും ആപ്പിളും ഉണക്കാനും പോവും”, സൊഹ്‌റ പറയുന്നു. 70 വയസ്സുള്ള അവർ, ബക്കർവാല സ്ത്രീകൾ ധരിക്കുന്ന അലങ്കാരപ്പണികളുള്ള പരമ്പരാഗത തൊപ്പി ധരിച്ചിട്ടുണ്ട്. ജമ്മുവിലെ വീട്ടിലേക്കുള്ള മടക്കയാത്രയിൽ, പർവ്വതപ്രദേശമായ ഗണ്ടെർബാൽ എന്ന ജില്ലയിലെ കംഗൻ ഗ്രാമത്തിലുള്ള ഒരു തോട്ടിൻകരയിൽ, കുടുംബത്തിലെ ബാക്കിയുള്ളവരോടൊപ്പം വിശ്രമിക്കുകയാണ് അവർ. “ഒരു ജോലിയുമില്ലെങ്കിലും ഞങ്ങൾ കുടിയേറുകതന്നെ ചെയ്യും. എന്താണ് കാരണമെന്നറിയാമോ? വേനൽക്കാലത്ത് സമതലങ്ങളിലെ ചൂട് എനിക്ക് സഹിക്കാനാവുന്നതിലും അപ്പുറമാണ്”, പുഞ്ചിരിച്ചുകൊണ്ട് അവർ പറയുന്നു.
*****
“ആ വേലികൾ നോക്കൂ”,
ഒരു കപ്പ് ആവി പറക്കുന്ന കൊഴുപ്പുള്ള പിങ്ക് നിറത്തിലുള്ള ആട്ടിൻപാൽ ചേർത്ത ചായ കുടിച്ചുകൊണ്ട് ഗുലാം നബി കണ്ടൽ കൂട്ടിച്ചേർത്തു. “പഴയ കാലമൊക്കെ പോയി”, വേലികളില്ലാത്ത പഴയ പ്രകൃതിദൃശ്യം സൂചിപ്പിച്ച് അയാൾ പറയുന്നു. പുൽമേടുകളും താത്ക്കാലിക ക്യാമ്പ് പ്രദേശങ്ങളും പഴയതുപോലെ പ്രാപ്യമാവാത്തതിലുള്ള ആശങ്കയും അനിശ്ചിതത്വവും നിഴലിക്കുന്നുണ്ടായിരുന്നു അയാളുടെ ശബ്ദത്തിൽ.
“അടുത്ത വർഷം സൈന്യം ഈ സ്ഥലം ഏറ്റെടുക്കാൻ പോവുകയാണെന്ന് കേട്ടു”, തൊട്ടടുത്ത പർവ്വതത്തിൽ പുതുതായി സ്ഥാപിച്ച വേലികൾ ചൂണ്ടിക്കാട്ടി അയാൾ പറയുന്നു. സമുദായത്തിലെ കാരണവർ പറയുന്നത് കേട്ട്, മറ്റ് ബക്കർവാലകൾ, ഞങ്ങളുടെ ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്തും ആശങ്ക പ്രകടമായിരുന്നു.

ബക്കർവാല സമുദായത്തിൽ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് ഗുലാം നബി കണ്ടാൽ. “സർക്കാരിന്റെ നയങ്ങളും രാഷ്ട്രീയവും കാരണം ഞങ്ങൾ വലയുകയാണ്. പുറത്തുള്ളവർക്ക് ഞങ്ങളുടെ വേദന മനസ്സിലാവില്ല”, അദ്ദേഹം പറയുന്നു

ജമ്മുവിലെ കത്വ ജില്ലയിൽനിന്നുള്ള 20 ബക്കർവാല കുടുംബങ്ങളടങ്ങുന്ന ഷൌക്കത്ത് അലി കണ്ടലിന്റെ സംഘത്തിലെ അംഗമാണ് ഫന ബീബി
അതുമാത്രമല്ല. ധാരാളം പുൽമേടുകൾ വിനോദസഞ്ചാരത്തിനുവേണ്ടി വകമാറ്റിയിരിക്കുന്നു; സോണാമാർഗ്, പഹൽഗാം പോലുള്ള ജനപ്രിയ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഈ വർഷം സഞ്ചാരികളുടെ വൻതിരക്കായിരുന്നു. തങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് ധാരാളം പുല്ലുകൾ കിട്ടിയിരുന്ന സ്ഥലങ്ങളായിരുന്നു ഇവയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
“അവർ (സംസ്ഥാനം) ടണലിനും റോഡുകൾക്കുമായി എത്രയധികമാണ് ചിലവഴിക്കുന്നതെന്ന് നോക്കൂ. എല്ലായിടത്തും നല്ല റോഡുകളുണ്ടാവുന്നു. അത് യാത്രക്കാർക്കും ടൂറിസ്റ്റുകൾക്ക് നല്ലതായിരിക്കും. ഞങ്ങൾക്ക് അങ്ങിനെയല്ല”, പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാതിരുന്ന മുതിർന്ന ഒരാൾ ഞങ്ങളോട് പറഞ്ഞു.
മോട്ടോർ വാഹനങ്ങൾ പോകാത്ത പ്രദേശങ്ങളിൽ കുതിരകളെ വാടകയ്ക്ക് കൊടുത്ത് ബക്കർവാലകൾ ഉപജീവനം കഴിക്കുന്നതിനെക്കുറിച്ചായിരുന്നു അയാൾ സൂചിപ്പിച്ചത്. “വിനോദസഞ്ചാര സീസണിൽ ഞങ്ങളുടെ പ്രധാന വരുമാനം ഇതാണ്”, അയാൾ കൂട്ടിച്ചേർത്തു. കുതിരകളെ വാടകയ്ക്ക് കൊടുക്കുന്നതിൽ ഇടനിലക്കാരും പ്രദേശവാസികളുമായി മത്സരിക്കേണ്ടിവരുന്നതിന് പുറമേ, മലകയറുന്നവർക്കും വിനോദസഞ്ചാരികൾക്കും ഗൈഡുമാരായി പ്രവർത്തിക്കുന്നതിലും പ്രാദേശിക റസ്റ്ററന്റുകളിൽ ജോലി ചെയ്യുന്നതിലും അവർക്ക് മത്സരം നേരിടേണ്ടിവരുന്നു. 2013-ലെ ഈ റിപ്പോർട്ടനുസരിച്ച്, ബക്കർവാലകളുടെ ശരാശരി സാക്ഷരത 32 ശതമാനമാണ്. അതിനാൽത്തന്നെ മറ്റ് ജോലികളൊന്നും അവർക്ക് അധികവു പ്രാപ്യവുമല്ല.
കമ്പിളിരോമത്തിന്റെ വ്യാപാരത്തിലും അവർ ഏർപ്പെടുന്നു. ചെമ്മരിയാടിന്റെ രോമങ്ങളാണ് പിന്നീട് കശ്മീരി ഷാളുകളും പരവതാനികളുമായി രൂപാന്തരം പ്രാപിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി, ആടുകളുടെ ഗുണം വർദ്ധിപ്പിക്കാനായി, കശ്മീർ വാലി, ഗുരേസി തുടങ്ങിയ നാടൻ ഇനം ചെമ്മരിയാടുകളെ ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ മെരിനോ പോലുള്ള ഇനങ്ങളുമായി ഇണചേർക്കാറുണ്ട്. ഇവിടെയും ബക്കർവാലകൾ ഒരു പ്രതിസന്ധി നേരിടുന്നു. കുറച്ച് വർഷങ്ങൾക്കുമുമ്പ്, ഒരു കിലോഗ്രാം ചെമ്മരിയാട് രോമത്തിന് 100 രൂപയായിരുന്നു. ഇന്ന് ഞങ്ങൾക്ക് 30 രൂപപോലും കിട്ടുന്നില്ല”, പലരും ഞങ്ങളൊട് പറയുകയുണ്ടായി.

ഒരു ബക്കർവാല കുടുംബത്തിലെ അംഗമായ റഫീക്ക് എന്ന കുട്ടി, ആടുകളെ ടെന്റിലേക്ക് തിരിച്ചുകൊണ്ടുപോവുന്നു

ഷൌക്കത്ത് അലി കണ്ടാലും മറ്റ് ചിലരും ക്യാമ്പിലിരുന്ന്, കഗാനി ആടിന്റെ രോമത്തിൽനിന്ന് കയറുണ്ടാക്കുന്നു
സംസ്ഥാനത്തിന്റെ അവഗണനയും ചെമ്മരിയാടിന്റെ തൊലി ഉരിയുന്ന യൂണിറ്റുകൾ എളുപ്പത്തിൽ പ്രാപ്യമല്ലാത്തതുമാണ് വിലകൾ ഇത്രയധികം കുറയാൻ കാരണം. ഇവർ വിൽക്കുന്ന സ്വാഭാവികമായ ചെമ്മരിയാടിൻ രോമത്തിന്, ആക്രിലിക്ക് വൂൾ പോലുള്ള വിലകുറഞ്ഞ സിന്തറ്റിക്ക് ബദലുകളുമായി മത്സരിക്കേണ്ടിവരികയും ചെയ്യുന്നു. മിക്ക പുൽമേടുകൾക്കും വ്യാപാരികളുമായും സ്ഥാപനങ്ങളുമായും ബന്ധമൊന്നുമില്ലാത്തതിനാൽ, ബക്കർവാലകൾ ചെമ്മരിയാട്ടിൻരോമം കുതിരപ്പുറത്തോ, കോവർകഴുതപ്പുറത്തോ കയറ്റി കുറേ ദൂരം കൊണ്ടുപോയി, അവിടെനിന്ന് വണ്ടി വാടകയ്ക്കെടുത്താണ് കമ്പോളത്തിലേക്ക് എത്തിക്കുന്നത്. അതിനാൽ ഈ വർഷം മിക്ക ബക്കർവാലകളും ചെമ്മരിയാട്ടിൻരോമം വെട്ടി, പുൽമേടുകളിൽത്തന്നെ ഉപേക്ഷിക്കുകയായിരുന്നു. അവ കൊണ്ടുപോയി വിറ്റാൽ കിട്ടുന്ന ലാഭം അത്രയ്ക്കും തുച്ഛമായിരുന്നു.
എന്നാൽ ആട്ടിൻരോമമാകട്ടെ ടെന്റുകളുണ്ടാക്കാനും കയറുകളുണ്ടാക്കാനും ഉപയോഗിക്കുന്നു. തനിക്കും സഹോദരൻ ഷൌക്കത്തിനുമിടയിൽ കയർ വലിച്ചുകെട്ടിക്കൊണ്ട് ഷൌക്കത്ത് പറയുന്നു: “കഗാനി ആടുകൾ ഇതിന് പറ്റും. നല്ല നീളമുള്ള രോമമാണ് അവയ്ക്ക്”. വിലകൂടിയ കശ്മീരി കമ്പിളിരോമം നൽകുന്ന ഇനമാണ് കഗാനി ആടുകൾ.
ബക്കർവാലകൾക്ക് വേനൽക്കാലത്ത് പുൽമേടുകളിലെത്തുന്നതിനായി, അവർക്കും അവരുടെ മൃഗങ്ങൾക്കും 2022-ൽ സർക്കാർ ഗതാഗതസൌകര്യം വാഗ്ദാനം ചെയ്തു. ആഴ്ചകളെടുത്ത് എത്തേണ്ട സ്ഥലത്തേക്ക് ഒറ്റദിവസം കൊണ്ട് അവർക്ക് എത്താൻ കഴിയേണ്ടതായിരുന്നു. എന്നാൽ ട്രക്കിനുവേണ്ടി കാത്തുനിന്നവർ പലർക്കും അത് കിട്ടിയില്ല. വളരെ കുറച്ച് ട്രക്കുകളേ ഉണ്ടായിരുന്നുള്ളു. മറ്റ് ചിലർക്കാകട്ടെ, യാത്ര തുടങ്ങിയതിനുശേഷമാണ് വാഗ്ദാനം ലഭിച്ചത്. “ആയിരക്കണക്കിന് ബക്കർവാലാ കുടുംബങ്ങളുണ്ട്. വിരലിലെണ്ണാവുന്ന ട്രക്കുകളും. മിക്കവർക്കും ഈ സേവനം ഉപയോഗിക്കാൻ സാധിച്ചില്ല”, ഒരു ആടുവളർത്തൽ ഉദ്യോഗസ്ഥൻ തുറന്ന് സമ്മതിച്ചു.
*****
“20 ദിവസങ്ങൾക്കുമുൻപാണ് അവനെ പ്രസവിച്ചത്”
ടെന്റിന്റെ മൂലയ്ക്കലുള്ള ഒരു തുണിപ്പൊതിയിലേക്ക് മീന അഖ്തർ ചൂണ്ടി. ആ പൊതിയിൽനിന്ന് ഒരു കരച്ചിൽ പുറപ്പെട്ടില്ലെങ്കിൽ അതൊരു നവജാതശിശുവാണെന്ന് ആരും തിരിച്ചറിയില്ല. മലയുടെ താഴ്വരയിലുള്ള ഒരു ആശുപത്രിയിൽവെച്ചാണ് മീന ആ കുഞ്ഞിനെ പ്രസവിച്ചത്. പ്രസവിക്കാനുള്ള ദിവസം കഴിഞ്ഞിട്ടും, വേദനയൊന്നും അനുഭവപ്പെടാത്തതിനാൽ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഈയടുത്താണ് മീന അഖ്തർ പ്രസവിച്ചത്. കീറിപ്പൊളിഞ്ഞ ടർപ്പാളിൻകൊണ്ടുണ്ടാക്കിയ ടെന്റിലാണ് ആ കുഞ്ഞ് കഴിയുന്നത്

മൊഹമ്മദ് യൂനസിന്റെ ഏറ്റവും ഇളയ പേരക്കുട്ടിയാണ് അബു. ബക്കർവാൾ കുടുംബത്തിലെ കുട്ടികൾക്ക് വർഷത്തിൽ മിക്ക ദിവസവും വിദ്യാഭ്യാസം ലഭിക്കാറില്ല
“എനിക്ക് വല്ലാതെ ക്ഷീണം തോന്നി. ആരോഗ്യം തിരിച്ചുകിട്ടാൻ ഞാൻ ഹൽവ കഴിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി ഞാൻ റൊട്ടി കഴിക്കാൻ തുടങ്ങിയിരുന്നു”, അവർ പറയുന്നു. അടുത്തുള്ള ഗ്രാമങ്ങളിൽ മരംവെട്ടുകാരനായി ജോലി ചെയ്യുകയാണ് മീനയുടെ ഭർത്താവ്. ആ വരുമാനംകൊണ്ടാണ് ദൈനംദിന ആവശ്യങ്ങൾ അവർ നിവർത്തിക്കുന്നത്.
“ഞങ്ങൾക്ക് ഇപ്പോൾ പാൽ കിട്ടുന്നില്ല. ആടുകൾ പ്രസവിക്കാറായി. കുട്ടികളായിക്കഴിഞ്ഞാൽ ഞങ്ങൾക്ക് പാൽ കിട്ടും”, ചായ ഉണ്ടാക്കാനായി പ്ലാസ്റ്റിക്ക് പാക്കറ്റിൽനിന്ന് പാൽ ഒഴിക്കുമ്പോൾ അവർ പറയുന്നു. നെയ്യ്, പാൽ, പാൽക്കട്ടി എന്നിവയാണ് ബക്കർവാലകളുടെ പോഷകാഹാരത്തിന്റെ സ്രോതസ്സ്. പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കും.
ഉയർന്ന പർവ്വതപ്രദേശങ്ങളിലെ തണുപ്പിൽനിന്ന് രക്ഷകിട്ടാൻ ടെന്റുകൾ മാത്രമുള്ള തീരെ ചെറിയ കുട്ടികൾക്ക് ചൂട് പകരാൻ, പാചകം ചെയ്യുന്ന തീയും കമ്പിളികളും മാത്രമേയുള്ളു. പുറത്ത് പോകാൻ പ്രായമായ കുട്ടികൾ വെളിമ്പ്രദേശങ്ങളിൽ പോയി കളിക്കുന്നു. അവരെ ചെറിയ പണികൾ ഏൽപ്പിക്കും. നായകളെ നോക്കുക, വിറകും വെള്ളവും കൊണ്ടുവരിക തുടങ്ങിയ പണികൾ. “കുട്ടികൾ ദിവസം മുഴുവൻ മലയിലെ അരുവികളിൽ കളിക്കും”, മീന പറയുന്നു. ലഡാക്ക് അതിർത്തിയിൽനിന്ന് അധികം ദൂരമില്ലാത്ത മീനാമാർഗ്ഗിലെ തണുപ്പുള്ള പുൽമേടുകൾ വിട്ടുപോരാൻ സങ്കടം തോന്നുമെന്ന് മീന പറയുന്നു. “അവിടെ ജീവിതം സുഖമാണ്”.
ഷൌക്കത്തിന്റെ ക്യാമ്പിലെ ഖൽദ ബീഗം ചെറിയ കുട്ടികളോടൊപ്പമാണ് വരുന്നത്. കൌമാരക്കാരായ പെൺകുട്ടികളെ ജമ്മുവിലെ വീട്ടിൽത്തന്നെ നിർത്തും. സ്കൂളിൽ പോകാനുള്ള സൌകര്യത്തിന്. “എന്റെ പെൺകുട്ടികൾക്ക് അവിടെ നിന്നാൽ നന്നായി പഠിക്കാൻ സാധിക്കും”, അതോത്തുകൊണ്ട്, പുഞ്ചിരിച്ച് അവർ പറയുന്നു. പല കുട്ടികൾക്കും ആ സൌകര്യമില്ല. അവർക്കും കുടുംബത്തോടൊപ്പം കുടിയേറേണ്ടിവരുന്നു. സഞ്ചരിക്കുന്ന സ്കൂളുകൾ നടത്താനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല. വളരെ ചുരുക്കം ബക്കർവാലകൾക്ക് മാത്രമാണ് അത് പ്രാപ്യമാവുന്നത്.

താത്ക്കാലികമായ ക്യാമ്പിൽ, ആട്ടിൻപാലുപയോഗിച്ച ചായ വിളമ്പുന്ന ഖാൽദ ബീഗം
സഞ്ചരിക്കുന്ന സ്കൂളിൽ സർക്കാർ നിയമിച്ച അദ്ധ്യാപകർ പലപ്പോഴും വരാറില്ല. “അവർ ഇവിടെ വരാറില്ല, പക്ഷേ ശമ്പളം കിട്ടുന്നുണ്ട്”, അല്പം ക്ഷുഭിതയായ ഖാദിം ഹുസ്സൈൻ പറയുന്നു. 30 വയസ്സ് കഴിഞ്ഞ ആളാണ് ഖാദിം. കശ്മീരിനെ ലഡാക്കുമായി ബന്ധിക്കുന്ന സോജി ലാ പാസ്സിനടുത്ത് ക്യാമ്പ് ചെയ്യുന്ന ബക്കർവാലാ സംഘത്തിലൊരാളാണ് അദ്ദേഹം.
“ഇളം തലമുറയ്ക്ക് കൂടുതൽ വിദ്യാഭ്യാസം കിട്ടുന്നുണ്ട്. നാടോടി ജീവിതത്തിന് പകരം മറ്റ് ജോലികൾ അവർ തിരഞ്ഞെടുക്കുന്നു”, ഫൈസൽ റാസാ ബോക്ഡ പറയുന്നു. ജമ്മുവിലെ ഗുജ്ജാർ ബക്കർവാൾ യൂത്ത് വെൽഫയർ കോൺഫറൻസിന്റെ പ്രാദേശിക പ്രസിഡന്റാണ് ബോക്ഡ. കുടിയൊഴിപ്പിക്കലിനും മറ്റ് അനീതികൾക്കുമെതിരേ പീർ പഞ്ജൽ മലനിരകളിലൂടെ ഒരു യാത്രയ്ക്ക് പദ്ധതിയിടുന്നുണ്ട് അദ്ദേഹം. “ഞങ്ങളുടെ ചെറുപ്പക്കാർക്ക് ഇതത്ര എളുപ്പമല്ല. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ഞങ്ങൾ ധാരാളം അപമാനം നേരിടുന്നുണ്ട്. പ്രത്യേകിച്ചും പട്ടണങ്ങളിൽ. ഈ വിവേചനം ഞങ്ങളെ വല്ലാതെ ബാധിക്കുന്നു”, അയാൾ കൂട്ടിച്ചേർക്കുന്നു. പട്ടികഗോത്രങ്ങളെന്ന നിലയ്ക്കുള്ള അവകാശങ്ങളെക്കുറിച്ച് ഗുജ്ജാറുകളേയും ബക്കർവാലകളേയും ബോധവത്ക്കരിക്കാൻ പരിശ്രമിക്കുകയാണ് ബോക്ഡ.
ശ്രീനഗർ പട്ടണത്തിന് പുറത്തുള്ള സാക്കുറ എന്ന സ്ഥലത്ത് 12 ബക്കർവാലകൾ താമസിക്കുന്നു –ഒരു ജലവൈദ്യുത പദ്ധതി മൂലം ക്യാമ്പുകൾ ഉപേക്ഷിക്കേണ്ടിവന്ന് ഇവിടെ പാർപ്പുറപ്പിച്ചവരാണ് അവർ. അൽത്താഫ് (യഥാർത്ഥ പേരല്ല) ജനിച്ചത് ഇവിടെയാണ്. ശ്രീനഗറിൽ ഒരു സ്കൂൾ ബസ്സ് ഓടിക്കുന്ന ആളാണ് അൽത്താഫ്. “എന്റെ പ്രായമായ അച്ഛനമമമാർക്കും, കുട്ടികൾക്കും വേണ്ടിയാണ് ഇവിടെ താമസിക്കാൻ ഞാൻ തീരുമാനിച്ചത്”, എന്തുകൊണ്ട് മറ്റുള്ളവരെപ്പോലെ പലായനം ചെയ്തില്ല എന്ന് വിശദീകരിക്കുകയായിരുന്നു അയാൾ.
“എന്റെ വേദന നിങ്ങൾക്കെങ്ങിനെ മനസ്സിലാവും?”, വേലികെട്ടിത്തിരിക്കൽ, വിനോദസഞ്ചാരം, മാറിമറിയുന്ന ജീവിതം, തുടങ്ങിയ വിവിധതരം ഭീഷണികളേയും സമുദായം നേരിടുന്നന്ന അനിശ്ചിതമായ ഭാവിയേയും ചുരുങ്ങിയ വാക്കുകളിൽ ഉപസംഹരിച്ചുകൊണ്ട് ഗുലാം നബി ചോദിക്കുന്നു.

ബക്കർവാല ആടുകളെ സ്ഥിരമായ ഒരിടത്ത് നിർത്തി ഊട്ടാനാവില്ല. അവയ്ക്ക് മേയാൻ തുറസ്സായ സ്ഥലങ്ങൾ വേണം

ഷൌക്കത്ത് അലി കണ്ടലിന്റെ ക്യാമ്പിലെ ഒരംഗമാണ് അർഷദ് അലി കണ്ടൽ

ബക്കർവാലകൾ മിക്കപ്പോഴും ഒരു ജലസ്രോതസ്സിന് സമീപം ക്യാമ്പ് ചെയ്യാൻ ശ്രമിക്കുന്നു. സിന്ധു നദിക്ക് സമീപമിരുന്ന് മൊഹമ്മദ് യൂസഫ് കണ്ടൽ ഉച്ചഭക്ഷണം കഴിക്കുന്നു

കുടിക്കാനും പാചകം ചെയ്യാനുമുള്ള വെള്ളം കൊണ്ടുവരുന്നത് ബക്കർവാലാ സ്ത്രീകളുടെ ചുമതലയിൽപ്പെടുന്നു. ദിവസവും കുത്തനെയുള്ള കയറ്റം കയറേണ്ടിവരുന്നു അവർക്ക്

കൈകൊണ്ട് തയ്ച്ച അലങ്കാരത്തുന്നലുകളുള്ള പരമ്പരാഗത തൊപ്പി ധരിച്ച സൊഹ്ര ബീബി. ‘ഞങ്ങളുടെ പുരുഷന്മാർക്ക് എന്തെങ്കിലും ജോലി കിട്ടുമെന്നതുകൊണ്ട് എല്ലാ വർഷവും ഞങ്ങൾ കുടിയേറുന്നു’

ബക്കർവാലാ സ്ത്രീകൾ കൈകൾകൊണ്ട് നെയ്ത പായ

‘പലായനം ചെയ്യുമ്പോൾ ഞങ്ങൾക്ക് മൃഗഡോക്ടർമാരുടെ സേവനം കിട്ടാറില്ല. മൃഗങ്ങൾക്ക് പരിക്ക് പറ്റുമ്പോൾ ഞങ്ങൾ പരമ്പരാഗത ചികിത്സകൾ കൊടുക്കും’, മൊഹമ്മദ് സബീർ പറയുന്നു. ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ഫന ബീബിയേയും കാണാം

റകിമ ബാനോ രജൌരിക്കടുത്തുള്ള ഒരു ഗ്രാമത്തിലെ സർപഞ്ചാണ് (ഗ്രാമത്തലവൻ). ബക്കർവാൾ സമുദായക്കാരിയായ അവർ, ആടുമേയ്ക്കുന്ന സീസണിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നു

ഒരു ഹുക്കയുമായി തന്റെ ടെന്റിൽ വിശ്രമിക്കുന്ന മൊഹമ്മദ് യൂനസ്

ലഡാക്കിനടുത്തുള്ള സോജി ലാ പാസ്സിനടുത്തുള്ള ക്യാമ്പിലാണ് ഹുസ്സൈന്റെ സംഘം താമസിക്കുന്നത്. സഞ്ചരിക്കുന്ന സ്കൂളുകളിൽ സർക്കാർ നിയമിച്ച അദ്ധ്യാപകർ മിക്കപ്പോഴും എത്താറില്ല എന്ന് അദ്ദേഹം പറയുന്നു

ബക്കർവാൾ സമുദായത്തിലെ ഒരു യുവ നേതാവാണ് ഫൈസൽ റാസ ബോക്ഡ

ക്യാമ്പിൽ രാത്രി ഭക്ഷണം തയ്യാറാക്കുന്ന ഒരു ബക്കർവാല കുടുംബം

ബക്കർവാൾ ദമ്പതികളായ അൽത്താം അല്ഫാം ബീഗത്തിന്റെയും മൊഹമ്മദ് ഇസ്മായിലിന്റെയും വിവാഹം കഴിഞ്ഞിട്ട് 37 വർഷങ്ങളായി
ഫൈസൽ ബോക്ഡ, ഷൌക്കത്ത് കണ്ടൽ, ഇഷ്ഫാക്ക് കണ്ടൽ എന്നിവരുടെ ഉദാരമായ സഹായത്തിനും ആതിഥേയത്വത്തിനും നന്ദി പറയുന്നു.
സെന്റർ ഫോർ പാസ്റ്റൊറലിസത്തിന്റെ സ്വതന്ത്ര യാത്രാ ഗ്രാന്റുപയോഗിച്ച് നാടോടി-ഇടയ സമുദായങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ് റിതായൻ മുഖർജി. ഈ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ സെന്റർ യാതൊരുവിധ പത്രാധിപ നിയന്ത്രണങ്ങളും ചെലുത്തിയിട്ടില്ല.
പരിഭാഷ: രാജീവ് ചേലനാട്ട്