“ആഘോഷിക്കാൻ പറ്റിയ ഒരു ദിവസമാണ്. മനോഹരമായ കാലാവസ്ഥയും“, ലേ ജില്ലയിലെ റോഡ് നിർമ്മാണ സൈറ്റിലെ ദിവസക്കൂലിക്കാരനായ പേമ റിഞ്ചൻ പറഞ്ഞു.
തിബത്തൻ കലണ്ടറിലെ സാഗ ദവ എന്ന വിശേഷാഘോഷത്തെക്കുറിച്ചാണ് റിഞ്ചൻ പറയുന്നത്. ലഡാക്കിലെ ഹാൻലെ (ആൻലെ എന്നും വിളിക്കുന്നു) എന്ന ഗ്രാമത്തിലാണ് 42 വയസ്സുള്ള റിഞ്ചൻ താമസിക്കുന്നത്. ലഡാക്ക്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ ബുദ്ധവിഭാഗക്കാരുടെ ആഘോഷമാണ് സാഗാ ദവ. തിബത്തൻ ഭാഷയിൽ, ‘സാഗ’ എന്നാൽ നാല് എന്ന അക്കമാണ്. ‘ദവ’ എന്നത് മാസവും. സാഗ ദവ എന്നാൽ ‘സത്കർമ്മത്തിന്റെ മാസം’ എന്നർത്ഥം. ഈ സമയത്ത് ചെയ്യുന്ന സത്ക്കർമ്മങ്ങൾക്ക് പലമടങ്ങ് പ്രതിഫലം കിട്ടുമെന്നാണ് വിശ്വാസം.
“മുമ്പൊക്കെ ഓരോ കോളനികളും അവരവരുടെ പ്രദേശത്തായിരുന്നു ഇത് ആഘോഷിച്ചിരുന്നത്. എന്നാൽ ഇക്കൊല്ലം (2022) ആറ് കോളണികൾ ഒരുമിച്ച് ചേർന്നു” ഹാൻലെയിലെ ഇന്ത്യൻ ആസ്ട്രോണോമിക്കൽ ഒബ്സർവേറ്ററിയിൽ ജോലി ചെയ്യുന്ന നാഗാ കോളണിയിലെ 44 വയസ്സുള്ള സോണം ദോർജെ പറയുന്നു. കോവിഡ് 19 മഹാവ്യാധിമൂലം രണ്ടുവർഷമായി പരിമിതമായ രീതിയിൽ മാത്രം നടത്തിയിരുന്ന ഉത്സവം ഒരുമിച്ചാഘോഷിക്കാൻ ഇത്തവണ, പുംഗുക്, ഖൽദോ,നാഗ, ഷാദോ, ഭോക്, ജിഗ്സോമ എന്നീ കോളണികൾ മുന്നോട്ട് വന്നിരിക്കുന്നു. 1879 ആളുകൾ താമസിക്കുന്ന (2011-ലെ സെൻസസ് പ്രകാരം) ഹാൻലെ ഗ്രാമത്തിന്റെ ഭാഗമാണ് അധികം ജനവാസമില്ലാത്ത ഈ നാല് കോളണികൾ.
ബുദ്ധമതക്കാരിലെ മഹായാനാവിഭാഗക്കാർ ആഘോഷിക്കുന്ന സാഗ ദവ (ശക ദവ എന്നും വിശേഷിപ്പിക്കപ്പെടുന്നു) തിബത്തൻ ചാന്ദ്രവർഷത്തിലെ നാലാമത്തെ മാസത്തിന്റെ 15-ആം ദിവസത്തിലാണ് വരുന്നത്. 2022-ൽ ഇത് ജൂൺ മാസത്തിലായിരുന്നു. ബുദ്ധനേയും അദ്ദേഹത്തിന്റെ ജനനം, ബോധോദയം, മഹാനിർവ്വാണം എന്നിവയേയും അനുസ്മരിപ്പിക്കുന്ന ഉത്സവമാണ് ഇത്.

17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഹാൻലെ ബുദ്ധവിഹാരം ഒരു മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്. തിബത്തൻ ബുദ്ധിസ്റ്റുകളിലെ ദ്രുപ്ക കഗ്യൂ മാർഗ്ഗക്കാരുടെ വിഹാരമാണത്

ചാങ്താങ് തിബത്തൻ പീഠഭൂമിയുടെ പടിഞ്ഞാറേ ഭാഗമാണ്. ഇവിടെയുള്ള ഹാൻലെ റിവർ വാലി നിരവധി തടാകങ്ങളും, ചതുപ്പുപ്രദേശങ്ങളും, നദീതടങ്ങളുമായി ഇഴചേർന്ന് കിടക്കുന്നു
ജനസംഖ്യയിൽ ഭൂരിഭാഗവും - ലഡാക്കിലെ ലേ ജില്ലയിലെ ഏകദേശം 66 ശതമാനവും – ബുദ്ധമതക്കാരാണ് (2011-ലെ സെൻസസ് പ്രകാരം). 2019 ഒക്ടോബറിലാണ് ലഡാക്ക് കേന്ദ്രഭരണപ്രദേശമായത്. ലഡാക്കിന്റെ കിഴക്കൻ, മധ്യ ഭാഗങ്ങളിലെ ജനങ്ങൾ അധികവും തിബത്തൻ വംശജരാണ്. ഈ പ്രദേശത്തെ ബുദ്ധവിഹാരങ്ങളിൽ ധാരാളം ഉത്സവങ്ങളും പതിവായി നടക്കാറുണ്ട്.
സാഗ ദവ ദിവസം തിബത്തൻ ബുദ്ധമതക്കാർ ബുദ്ധിവിഹാരങ്ങളും ക്ഷേത്രങ്ങളും സന്ദർശിച്ചും, മന്ത്രങ്ങളുരുക്കഴിച്ചും, സാധുക്കൾക്ക് ദാനം ചെയ്തും ദിവസം ചിലവഴിക്കുന്നു.
ചംഗ്പാസിനെപ്പോലെയുള്ള ഹാൻലെ റിവർ വാലി ഇടയ-നാടോടി സമുദായങ്ങൾ - കിഴക്കൻ ലഡാക്കിലെ ബുദ്ധമതക്കാരാണ് ഇവർ - സാഗ ദവയ്ക്ക് വലിയ പ്രാധാന്യം നൽകിവരുന്നു. ഈ ഉത്സവം കാണാൻ, 2022-ലെ വേനൽക്കാലത്ത് ഈ റിപ്പോർട്ടർ ഹാൻലെ റിവർ വാലിയിൽ പോയിരുന്നു. ലേയിലെ ജില്ലാതലസ്ഥാനത്തുനിന്ന് 270 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഇന്ത്യാ-ചൈനാ അതിർത്തിക്കടുത്തുള്ള പ്രകൃതിമനോഹരവും ദുർഘടവുമായ പ്രദേശമാണ് ഹാൻലെ റിവർ വാലി. വിജനവും വിസ്തൃതവുമായ ഭൂപ്രദേശവും, ഒഴുകുന്ന പുഴകളും ഉത്തുംഗഗിരിശൃംഗങ്ങളുമാണ് നാലുചുറ്റിലും. ചാംഗ് താങ് വന്യജീവികേന്ദ്രത്തിന്റെ ഭാഗമാണ് ഈ സ്ഥലം.
ഉത്സവദിവസം രാവിലെ 8 മണി. ഹാൻലെ ഗ്രാമത്തിലെ തദ്ദേശ ബുദ്ധവിഹാരത്തിൽനിന്ന് ഘോഷയാത്ര തുടങ്ങാറായി. ഉത്സവാഘോഷക്കമ്മിറ്റിയുടെ തലവൻ ദോർജെയാണ് ബുദ്ധന്റെ വിഗ്രഹവും കൈയ്യിലേന്തി ഘോഷയാത്ര നയിക്കുന്നത്. 8.30 ആയതോടെ, ഗ്രാമത്തിൽനിന്നും പങ്കെടുക്കുന്ന കോളനികളിൽനിന്നുമുള്ള ഭക്തർ തിങ്ങിനിറഞ്ഞു. സ്ത്രീകൾ സുൽമ എന്ന നീളമുള്ള പരമ്പരാഗത ഗൌണുകളും, നേലേൻ എന്ന് വിളിക്കപ്പെടുന്ന തൊപ്പികളും ധരിച്ചിരുന്നു.
സോനം ദോർജെയും സുഹൃത്തുക്കളും മന്ദിരത്തിൽനിന്ന് ബുദ്ധവിഗ്രഹം പുറത്തെടുത്ത് മെറ്റഡോർ വാനിന്റെ മുകളിൽ വെച്ചു. ഉത്സവത്തിന്റെ പതാകകൾകൊണ്ട് അലങ്കരിച്ച വാഹനം വർണ്ണാഭമായ ഒരു തേരുപോലെ തോന്നിച്ചു. 50-ഓളം ആളുകളുമായി കാറുകളും വാനുകളും ഉൾപ്പെടുന്ന വാഹനവ്യൂഹം ഹാൻലെ ബുദ്ധവിഹാരത്തിലേക്ക് യാത്രയായി. തിബത്തൻ ബുദ്ധിസത്തിലെ ദ്രുക്പ കഗ്യു മാർഗ്ഗവുമായി ബന്ധപ്പെട്ട്, 17-ആം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട വിഹാരമാണ് അത്.

സോനം ദോർജെയും (ഇടത്ത്) ഗ്രാമീണരും ചേർന്ന് ഖാൽദോവിലെ മേനെകാങ് വിഹാരത്തിലെ ബുദ്ധവിഗ്രഹം ആഘോഷത്തിനായ് കൊണ്ടുപോവുന്നു

ഒരു പ്രത്യേക ക്രമത്തിൽ വെച്ചിരിക്കുന്ന തിബത്തൻ പ്രാർത്ഥനാ പതാകകൾ കൊണ്ട് അലങ്കരിച്ച മെറ്റ ഡോർ വാനിൽ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നു. ഓരോ മൂലകങ്ങളെ പ്രതിനിധീകരിക്കുന്ന പതാകയിലെ ഓരോ നിറവും ഒരുമിച്ച് വരുമ്പോൾ സന്തുലനത്തെ സൃഷ്ടിക്കുന്നു
ഹാൻലെ ബുദ്ധവിഹാരത്തിൽ ബുദ്ധഗുരുക്കന്മാർ അഥവാ, ലാമമാർ, ചുവന്ന് തൊപ്പിയും ധരിച്ച് വാഹനവ്യൂഹത്തെ സ്വീകരിക്കാൻ നിന്നിരുന്നു. ഭക്തർ അകത്തേക്ക് കടന്നപ്പോൾ അവരുടെ ശബ്ദംകൊണ്ട് അവിടം മുഖരിതമായി. “ഉത്സവത്തിന് കൂടുതൽ ആളുകളെ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്”, ഹാൻലെ സ്വദേശിയും 40-കളുടെ മധ്യത്തിൽ പ്രായവുമുള്ള പേമ ദോൽമ പറയുന്നു.
ഉത്സവം തുടങ്ങിക്കഴിഞ്ഞിരുന്നു. പെരുമ്പറകളുടെ മുഴക്കവും കുഴൽവാദ്യങ്ങളും ഉയർന്നപ്പോൾ, ഘോഷയാത്ര ആരംഭിച്ചുവെന്ന് ഞങ്ങൾക്ക് മനസ്സിലായി. മഞ്ഞത്തുണികൊണ്ട് പതിഞ്ഞ ബുദ്ധകൃതികൾ ചിലർ കൈയ്യിൽ സൂക്ഷിച്ചിരുന്നു.
ഘോഷയാത്ര കുത്തനെയുള്ള ഒരു ഇറക്കമിറങ്ങി. ലാമമായിരുന്നു അത് നയിച്ചിരുന്നത്. ബുദ്ധവിഹാരത്തിനകത്തുള്ള ശ്രീകോവിൽ അവർ വലംവെച്ചു. അനന്തരം, ലാമമാരും ഭക്തരുമായി ആ സംഘം രണ്ടായി വേർപിരിഞ്ഞ് രണ്ട് മറ്റഡോർ വാഹങ്ങളിൽ കയറികൂടി. ഇനി അവർ, ഖൽദോ, ഷാദോ, പുംഗുക്, ഭോക് എന്നീ കോളനികളിലൂടെ യാത്ര ചെയ്ത്, നാഗയിൽ എത്തിച്ചേരും.
ഖുൽദോയിൽ ഭക്തരെ ബണ്ണും, തണുത്ത പാനീയവും ഉപ്പിട്ട ചായയുമായി വരവേറ്റു. പുംഗുക്കിൽ, ലാമമാരും ഭക്തരും ഏറ്റവുമടുത്തുള്ള കുന്നിനെ വലംവെച്ച്, തെളിഞ്ഞ നീല വിഹായസ്സിനുതാഴെ, അരുവികളുടെ കരയിലൂടെയും പുൽമേടുകളിലൂടെയും നടക്കാൻ തുടങ്ങി.
ഞങ്ങൾ നാഗയിലെത്തിയപ്പോൾ, ജിഗ്മേത് ദോഷാൽ എന്ന ലാമ ഞങ്ങളെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു. “എങ്ങിനെയുണ്ടായിരുന്നു ദിവസം? മനോഹരമല്ലേ? സത്ക്കർമ്മങ്ങളുടെ മാസം എന്നും ഇത് അറിയപ്പെടുന്നു. ഈ വിശുദ്ധഗ്രന്ഥങ്ങളുടെ പിന്നിലുള്ള തത്ത്വങ്ങൾ മനസ്സിലാക്കാൻ നമ്മൾ ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്”.

44 വയസ്സുള്ള അന്മോംഗ് സിരിംഗ് ഉത്സവത്തിന് തയ്യാറെടുക്കുന്നു. വെൽവെറ്റും, സിൽക്കും ചെമ്മരിയാടിന്റെ രോമവും കൊണ്ടുണ്ടാക്കിയ സുൽമ എന്ന് പേരുള്ള ഒരു വലിയ ഗൌണാണ് അവൾ ധരിച്ചിരിക്കുന്നത്. അതിന്റെ കൂടെ പരുത്തി, നൈലോൺ, സിൽക്ക് എന്നിവയിലേതെങ്കിലുംകൊണ്ട് ഉണ്ടാക്കിയ തിലിങ് എന്ന് വിളിക്കുന്ന ബ്ലൌസും

ബുദ്ധവിഗ്രഹവുമേന്തിയുള്ള ആത്മീയഘോഷയാത്ര ഹാൻലെ ബുദ്ധവിഹാരത്തിൽ എത്തുന്നു. പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ ബുദ്ധവിഹാരം ഹാൻലെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്

ആറ് ഗ്രാമങ്ങളിൽനിന്നുള്ള ഭക്തരുടെ ഘോഷയാത്ര ഇടനാഴിയിലൂടെ കടന്ന് ബുദ്ധവിഹാരത്തിലെത്തുന്നു

സാഗ ദവ ചടങ്ങിനായി ഹാൻലെ ബുദ്ധവിഹാരത്തിലെ സന്ന്യാസികൾ ‘ഉടുക്ക്’ എന്നുപേരായ വലിയ കുട തയ്യാറാക്കുന്നു

ബുദ്ധവിഹാരത്തിനകത്ത്, ഗ്രാമവാസികളായ രംഗോളും (ഇടത്ത്) കെസാംഗ് ആംഗൽ (വലത്ത്) പ്രാർത്ഥനാചടങ്ങുകൾ വീക്ഷിക്കുന്നു

സാഗ ദിവസൻ ഹാൻലെ ബുദ്ധവിഹാരത്തിലെ മുഖ്യപുരോഹിതർ ചടങ്ങുകൾ ആചരിക്കുന്നു

ഹാൻലെ ബുദ്ധവിഹാരവുമായി ബന്ധപ്പെട്ട ജിഗ്മേത് ദോഷാൽ എന്ന ലാമ പറയുന്നു. ‘സത്ക്കർമ്മങ്ങളുടെ മാസം എന്നും ഇത് അറിയപ്പെടുന്നു. ഈ വിശുദ്ധചുരുളുകളുടെ പിന്നിലുള്ള തത്ത്വങ്ങൾ മനസ്സിലാക്കാൻ നമ്മൾ ഇനിയും ഏറെ പഠിക്കേണ്ടതു ണ്ട്’

അംഗ് എന്ന് പേരായ ഒരു സംഗീതോപകരണവുമായി നിൽക്കുന്ന ദോർജെ ടെസ്രിംഗ് എന്ന യുവ ലാമ

സാഗ ദവ ആഘോഷത്തിന്റെ സംഘാടകരിലൊരാളായ സോനം ദോർജെ ഹാൻലെ ബുദ്ധവിഹാരത്തിൽനിന്നുള്ള വിശുദ്ധചുരുളുകൾ ചുമക്കുന്നു. ബുദ്ധവിഗ്രഹം ഗ്രാമങ്ങളിലൂടെ പോകുമ്പോൾ ഈ വിശുദ്ധചുരുളുകളും അകമ്പടി സേവിക്കുന്നു

വിശുദ്ധചുരുളുകൾ കൈയ്യിലേന്തിയ ഹാൻലെയിലെ വിവിധ ഗ്രാമങ്ങളിൽനിന്നുള്ള സ്ത്രീകൾ

ഈ ആഘോഷത്തിൽ, ലാമമാർ, പരമ്പരാഗത സംഗീതോപകരണങ്ങൾ വായിക്കുന്നു. നീളം കുറഞ്ഞ സുഷിരവാദ്യമ (ഇടത്ത്) ഗെല്ലിംഗ് എന്നും, വലുത് (മദ്ധ്യത്തിൽ) ടുംഗ് എന്നും അറിയപ്പെടുന്നു

ഘോഷയാത്ര നീങ്ങുമ്പോൾ ഹാൻലെ താഴ്വരയിലെ കുത്തനെയുള്ള ഇറക്കങ്ങൾ ഇറങ്ങുന്ന ലാമമാർ

ഹാൻലെ നദിയുടെ തീരത്തിലൂടെ ഹാൻലെ ബുദ്ധവിഹാരം പ്രദക്ഷിണംവെച്ചാണ് ഘോഷയാത്ര പോകുന്നത്

ഷാദോ ഗ്രാമത്തിലേക്ക് പോകുന്ന വഴി, ഘോഷയാത്ര അല്പം വിശ്രമിച്ച്, ഖൽദോ ഗ്രാമത്തിലെ ആളുകൾ നൽകുന്ന ബണ്ണും, ശീതളപാനീയവും ഉപ്പിട്ട ചായയും ആസ്വദിക്കുന്നു. ഘോഷയാത്രയിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് ഭക്ഷണസൌകര്യങ്ങൾ നൽകുന്നത്, ആഘോഷത്തിലെ ഒരു പ്രധാന ചടങ്ങാണ്

വിശുദ്ധഗ്രന്ഥങ്ങൾ കൊണ്ടുവന്ന ലാമമാരെ സ്വീകരിക്കാനും സന്ദർശിക്കാനും ഗോംപെയിൽ ഒത്തുകൂടിയ ഷാദോ ഗ്രാമവാസികൾ

പ്രാർത്ഥനകൾക്കുശേഷം ഷാദോ ഗ്രാമത്തിലെ ഗോംപയിൽനിന്ന് പുറത്തേക്ക് വരുന്ന ഹാൻലെ ബുദ്ധവിഹാരത്തിലെ ലാമകൾ

ഷാദോ ഗ്രാമത്തിനുശേഷം, വാഹനവ്യൂഹം ഹാൻലെ താഴ്വരയിലെ മറ്റൊരു കോളണിയായ പുംഗുക്കിൽ എത്തുന്നു. ഉച്ചയ്ക്ക് വാഹനവ്യൂഹത്തെ ആവേശപൂർവ്വം കാത്തിരിക്കുന്ന ഗ്രാമീണർ

പുംഗുക് ഗ്രാമത്തിലെ ഗോംപയിലേക്ക് ഘോഷയാത്ര നീങ്ങുമ്പോൾ, വെളുത്ത തൂവാലകളുമായി സ്വീകരിക്കുന്ന ഗ്രാമവാസികൾ

പുംഗുക്കിലെ ഗോംപയിൽ, സ്ത്രീകൾ പരമ്പരാഗത വസ്ത്രം ധരിച്ച്, ഖൽദോ ഗ്രാമത്തിലെ തങ്ങളുടെ സുഹൃത്തുക്കളുടെ വരവും കാത്തിരിക്കുന്നു

തങ്ങ്ചോക് ദോർജ്യും സുഹൃത്തുക്കളും പുംഗുക്കിലെ ഗോംപയിലെ സമൂഹകേന്ദ്രത്തിൽ, ഉച്ചഭക്ഷണവും ഉപ്പുചായയും കഴിക്കുന്നു

ഭക്ഷണത്തിനുശേഷം, ഘോഷയാത്രം പുംഗുക് ഗ്രാമത്തെ വലംവെക്കുന്നു. നല്ല കാറ്റും, ദുർഘടമായ പ്രദേശവുമായിട്ടും, ഗ്രാമത്തിലെ ഒരുഭാഗത്തെയും ഘോഷയാത്ര വിട്ടുപോകുന്നില്ല

ഘോഷയാത്രയിലെ സ്ത്രീകൾ വിശുദ്ധചുരുളുകളെ ചുമലിലേറ്റി നടക്കുന്നു

നാഗ ബസ്തിയിലേക്കുള്ള യാത്രാമദ്ധ്യേ, ഘോഷയാത്ര ബഗ് ഗ്രാമത്തിൽ നിർത്തുമ്പോൾ, ഹാൻലെ ബുദ്ധവിഹാരത്തിലെ ലാമമാരുടെ അനുഗ്രഹം തേടി എത്തിയ പ്രദേശവാസികൾ

ബഗ് ഗ്രാമത്തിലെ താമസക്കാർ വിശുദ്ധചുരുളുകളുടെ അനുഗ്രഹം തേടുന്നു

വഴിയിലുള്ള എല്ലാ ഗ്രാമങ്ങളേയും ചുറ്റി, ഒടുവിൽ വാഹനവ്യൂഹം നാഗയ്ക്കടുത്തുള്ള മനോഹരമായ പുൽപ്പരപ്പിൽ യാത്ര അവസാനിപ്പിക്കുന്നു. ഗ്രാമത്തിലെ ജനങ്ങൾ തിബത്തൻ വംശജരാണ്. പെരുമ്പറ മുഴക്കിക്കൊണ്ട്, ലാമമാർ യാത്ര അവസാനിച്ചതായി പ്രഖ്യാപിക്കുന്നു
പരിഭാഷ: രാജീവ് ചേലനാട്ട്