മീൻവെട്ടുകാരികൾക്ക് ഒരിടവുമില്ല, ഗൂഡല്ലൂർ ജില്ലയിലെ കിഞ്ജാംപേട്ടൈ ഗ്രാമത്തിലെ മീൻവെട്ടുകാരിയായ കല പറയുന്നു.
സിംഗാരത്തോപ്പ് പാലത്തിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്നു 60 വയസ്സുള്ള അവർ. ഗൂഡല്ലൂർ ഓൾഡ് ടൌൺ ഹാർബറിന്റെ പുറത്താണ് കോൺക്രീറ്റും ലോഹവും ഉപയോഗിച്ചുള്ള ഈ കെട്ടിടം. ഇവിടെ 20-30 മീൻവില്പനക്കാരികൾ ജോലി ചെയ്യുന്നു. അവരോടൊപ്പം മീൻവെട്ടുകാരും. എല്ലാവരും സ്ത്രീകളാണ്.
57.5 കിലോമീറ്ററാണ് ജില്ലയുടെ സമുദ്രതീരം. തുറമുഖത്ത് നിറയെ ഗോഡൌണുകളും, വെയർഹൌസുകളും കടകളും മത്സ്യബന്ധന ബോട്ടുകളുമാണ്.
“കൂടുതൽ കച്ചവടക്കാരും ട്രക്കുകളും തുറമുഖത്തേക്ക് വരാൻ തുടങ്ങിയതോടെ, ഞങ്ങൾക്ക് സ്ഥലമില്ലാതായി”, കല പറയുന്നു. (ഈ പേരാണ് അവർ ഉപയോഗിക്കുന്നത്). “ഞങ്ങളെ ഉന്തിത്തള്ളി ഒടുവിൽ ഈ പാലത്തിന്റെ അടിയിലെത്തിച്ചു. തുറമുഖത്തിന്റെ പുറത്താണിത്”, അവർ പറഞ്ഞു.
മീൻവില്പനയും, വെട്ടലും, ഉണക്കലും, അവശിഷ്ടങ്ങൾ വിൽക്കലും ഒക്കെ ചെയ്യുന്ന കലയെപ്പോലെയുള്ള ധാരാളം സ്ത്രീകളെ സാവധാനത്തിൽ പുറത്താക്കി. (വായിക്കാം: മത്സ്യാവശിഷ്ടങ്ങളിൽനിന്നും ജീവിതം തേടുന്ന പുലി )
മുക്കുവസ്ത്രീകളെ പൊതുവെ മത്സ്യവില്പനക്കാരികളായിട്ടാണ് വിശേഷിപ്പിക്കാറെങ്കിലും, മൂലധനമില്ലാത്തവരും, ശാരീരികബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായ സ്ത്രീകൾ പൊതുവെ കച്ചവടക്കാരുടെ സമീപത്തിരുന്ന് മത്സ്യം വെട്ടുകയും വൃത്തിയാക്കുകയുമാണ് ചെയ്യുന്നത്.
“കച്ചവടക്കാരുടെ അടുത്തുതന്നെ ഞങ്ങൾ ഇരിക്കണം. എന്നാലേ വാങ്ങുന്നവർ ഞങ്ങളെക്കൊണ്ട് മീൻ വെട്ടിക്കുകയും വൃത്തിയാക്കുകയും ചെയ്യിപ്പിക്കൂ. അടുത്തിരുന്നില്ലെങ്കിൽ കച്ചവടമുണ്ടാവില്ല”, കല പറയുന്നു.


ഇടത്ത്: ഗൂഡല്ലൂർ ഓൾഡ് ടൌൺ ഹാർബറിൽ ഏകദേശം 20-30 മീൻവെട്ടുകാരും കച്ചവടക്കാരുമുണ്ട്. അവരെല്ലാം സ്ത്രീകളാണ്. വലത്ത്: സിംഗാരത്തോപ്പ് പാലത്തിന്റെ ചുവട്ടിലിരുന്ന് കല അടുത്തുള്ള ഹോട്ടലിൽനിന്ന് വരുത്തിയ ഉച്ചയൂണ് കഴിക്കുന്നു. ‘ഒരു ഊണിന് 30 മുതൽ 40 രൂപവരെ ചിലവാവും. ഒരു മീനിന്റെ കഷണത്തിനുപുറമേ കൂടുതൽ ചാറ് ഉപയോഗിക്കുന്നതിനനുസരിച്ചിരിക്കും അത്’, അവർ പറയുന്നു
ബംഗാൾ ഉൾക്കടലിലേക്ക് ചെന്നുചേരാനായി ഉപ്പനാറും പറവനാറും സംഗമിക്കുന്ന സ്ഥലത്താണ് ഗൂഡല്ലൂർ തുറമുഖം. ഇന്ത്യയുടെ 7,500 കിലോമീറ്റർ തീരപ്രദേശം. ആധുനീകരിക്കാനും വികസിപ്പിക്കാനുമായുള്ള കേന്ദ്രസർക്കാരിന്റെ സാഗർമാല പദ്ധതിയുടെ ഭാഗമായി ഈ തുറമുഖവും ആധുനീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
“എനിക്ക് പലപ്പോഴും സ്ഥലം മാറേണ്ടിവന്നിട്ടുണ്ട്. ഇനിയും എനിക്കതിനാവുമോ എന്ന് നിശ്ചയമില്ല” എന്ന് തുറന്നുപറയുന്ന കലയെപ്പോലെയുള്ള സ്ത്രീകൾക്ക് ഈ വികസനം കൂടുതൽ ദുരിതങ്ങളേ സമ്മാനിക്കൂ. മീൻവെട്ടടക്കം മത്സ്യമേഖലയിൽ ജോലിചെയ്യുന്ന സ്ത്രീകളെയെല്ലാം ഈ പുതുക്കിക്കൊണ്ടിരിക്കുന്ന ഗൂഡല്ലൂർ തുറമുഖത്തും അഴിമുഖത്തും വിന്യസിക്കാൻ സാധ്യതയില്ലെന്നാണ് അവർ ഉദ്ദേശിച്ചത്.
ആധുനീകരിക്കപ്പെട്ട ഗൂഡല്ലൂർ അഴിമുഖം എണ്ണശുദ്ധീകരണശാല, താപവൈദ്യുത പ്ലാന്റുകൾ തുടങ്ങിയ വ്യവസായങ്ങൾക്ക് സഹായകമാവും എന്നാണ് കരുതപ്പെടുന്നത്. പൂമ്പുഹാർ തീരസാമ്പത്തികമേഖലയുടെ (സി.ഇ.ഇസഡ്- CEZ) ഭാഗവുമാണ് അത്. പ്രദേശത്തെ അഴിമുഖങ്ങളുമായി ശക്തമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും, ചരക്ക് ഗതാഗതം വർദ്ധിപ്പിക്കുന്നതോടൊപ്പംതന്നെ, ആഭ്യന്തര, കയറ്റുമതി-ഇറക്കുമതി ചരക്ക് ഗതാഗതച്ചിലവുകൾ കുറയ്ക്കുന്നതിനുമായി ഒരു ജില്ലയിലോ കുറച്ചധികം തീരദേശ ജില്ലകളിലോ മാറ്റിവെക്കപ്പെട്ട സ്ഥലങ്ങളെയാണ് സി.ഇ.ഇസഡുകൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് .
*****
തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലുള്ള തിരുമുല്ലൈവാസൽ ഗ്രാമത്തിലാണ് കല ജനിച്ചത്. അവരുടെ അച്ഛൻ ഒരു കാട്ടുമരമുപയോഗിച്ചാണ് മീൻ പിടിച്ചിരുന്നത്. അമ്മ മത്സ്യം ചന്തയിൽ വിൽക്കുകയും ചെയ്തിരുന്നു. 17-ആം വയസ്സിൽ വിവാഹിതയായ കല ഭർത്താവിന്റെ ഗ്രാമമായ കിഞ്ജംപേട്ടയിലേക്ക് താമസം മാറ്റി. തീരത്തിന്റെ വടക്കേ ഭാഗത്ത്, ഗൂഡല്ലൂർ പട്ടണത്തിനടുത്തുള്ളതു ഗ്രാമമാണ് അത്.
“എന്റെ അമ്മായിയമ്മ മുനിയമ്മയാണ് മീൻവില്പന എനിക്ക് പരിചയപ്പെടുത്തിത്തന്നത്. ഞങ്ങൾ രണ്ടുപേരും ചേർന്ന്, കിഞ്ജംപേട്ടയിലെ ആളുകൾക്ക് മീൻ വിൽക്കും” കല ഓർമ്മിക്കുന്നു. ലഭ്യതയ്ക്കനുസരിച്ച് അവർ നത്തോലിയും, സ്രാവും, കൊഡുവയും ടൂണയുമൊക്കെ വിറ്റിരുന്നു
രണ്ട് പതിറ്റാണ്ടുമുമ്പ്, ആരോഗ്യം ക്ഷയിച്ച് മുനിയമ്മ മരിച്ചു. കല ആ തൊഴിൽ തുടരുകയും ചെയ്തു. കലയ്ക്കും ഭർത്താവ് രാമനും നാല് മക്കളാണുള്ളത്. രണ്ട് ആണ്മക്കളും രണ്ട് പെണ്ണും. തമിഴ്നാട്ടിൽ ഏറ്റവും പിന്നാക്കവിഭാഗമെന്ന് (എം.ബി.സി.) പട്ടികപ്പെടുത്തിയിട്ടുള്ള പട്ടണവർ സമുദായാംഗങ്ങളാണ് അവർ.


ഇടത്ത്: കഴിഞ്ഞ 15 വർഷങ്ങളായി മീൻവെട്ടലാണ് കലയുടെ ജോലി. അതിനുമുൻപ് രണ്ട് പതിറ്റാണ്ടോളം അവർ മീൻ വില്പന നടത്തിയിരുന്നു. ‘എന്റെ അമ്മായിയമ്മയാണ് ഈ തൊഴിൽ എനിക്ക് പരിചയപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് നവവധുവായി ഭർത്താവിന്റെ ഗ്രാമമായ കിഞ്ജംപേട്ടയിലേക്ക് എത്തിയതിനുശേഷം’. വലത്ത്: ‘മീൻവില്പനക്കാരുടെ അടുത്തുതന്നെ ഉണ്ടാവണം ഞങ്ങൾ. എന്നാലേ കസ്റ്റമർ വരുമ്പോൾ മീൻ വെട്ടാനും വൃത്തിയാക്കാനും സാധിക്കൂ. അതിനായില്ലെങ്കിൽ, കച്ചവടം കിട്ടില്ല’
2001-ൽ കലയുടെ ഹൃദയത്തിന് ഒരു ചെറിയ പ്രശ്നം കണ്ടെത്തി. “ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതും, പെട്ടെന്ന് ക്ഷീണിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു”, അവർ പറഞ്ഞു. 20-25 കിലോഗ്രാം വരുന്ന മീൻകുട്ട പതിവായി തലയിൽ ചുമന്ന് നടന്നതാണ് - തുറമുഖത്തുനിന്ന് ചന്തയിലേക്കും, പിന്നെ വിൽക്കാനായി തെരുവുകളിലേക്കും- കാരണമെന്ന് അവർ പറയുന്നു. അതേ വർഷംതന്നെ കലയുടെ 45 വയസ്സുള്ള ഭർത്താവ് രാമൻ, കടലിൽ മീൻ പിടിക്കുന്നതിനിടയിൽ മരിക്കുകയും ചെയ്തു.
“ബുദ്ധിമുട്ടുള്ള കാലമായിരുന്നു അത്”, അവർ ഓർമ്മിച്ചു. അതിനിടയ്ക്ക്, 2005-ൽ വീണ് കാലിന് പരിക്കുപറ്റുകയുംകൂടി ചെയ്തതോടെ സ്ഥിതി കൂടുതൽ വഷളായി. പരിക്കും, ഹൃദയരോഗവും ആയതോടെ മീൻ ചുമന്ന് ദീർഘദൂരം നടക്കാൻ അവർക്ക് ബുദ്ധിമുട്ടായിത്തീർന്നു. അപ്പോഴാണ് “തുറമുഖത്തിരുന്ന് മീൻ വെട്ടാൻ തീരുമാനിച്ചത്” എന്ന് അവർ പറഞ്ഞു.
ഒരു പണമിടപാടുകാരനിൽനിന്ന് 4 ശതമാനം പലിശയ്ക്ക് 20,000 രൂപ അവർ കടം വാങ്ങി. 800 രൂപയ്ക്ക് മീൻവെട്ടാനുള്ള ഒരു കത്തിയും, 400 രൂപയ്ക്ക് മറ്റൊരു കത്തിയും, 200 രൂപയ്ക്ക് ഒരു കസേരയും വാങ്ങി. ബാക്കിയുള്ള പണം വീട്ടുചിലവിനായി ഉപയോഗിച്ചു. ഇപ്പോഴും ആ പണം അവർ കൊടുത്തുതീർക്കുന്നു.
മീൻ വില്പനയിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളെ സംസ്ഥാനത്തിന്റെ നയങ്ങൾ അവഗണിക്കുന്നു കലയെപ്പോലെ, മീൻവെട്ടിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളെക്കുറിച്ച് 2017-ലെ നാഷണൽ പോളിസി ഓൺ മറൈൻ ഫിഷറീസ് പരാമർശിക്കുന്നുണ്ട്. “മത്സ്യമേഖലയിലെ വിളവെടുപ്പിന് ശേഷമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളിൽ 66 ശതമാനവും സ്ത്രീകളാണ്. കുടുംബം നോക്കുന്നതിന് പുറമേ, മത്സ്യത്തിന്റെ ചില്ലറ വില്പനയിലും, മീനുണക്കലിലും മറ്റ് മൂല്യവർദ്ധിത പ്രവർത്തനങ്ങളിലും സ്ത്രീകൾ സുപ്രധാന പങ്ക് വഹിക്കുന്നു” എന്ന് അത് സൂചിപ്പിക്കുന്നു.
പക്ഷേ, ഈ നയപ്രഖ്യാപനമല്ലാതെ, മറ്റൊരുവിധത്തിലുള്ള പിന്തുണയും അവർക്ക് ലഭിക്കുന്നില്ല എന്നുമാത്രം.
*****
ഇപ്പോൾ കല ഒരു കിലോഗ്രാംവീതം മീനും കൊഞ്ചും, 20 രൂപയ്ക്കും 30 രൂപയ്ക്കും വൃത്തിയാക്കുകയാണ്. ഈ വിധത്തിൽ, ദിവസത്തിൽ അവർ 500 രൂപവരെ സമ്പാദിക്കും. മീൻ വിറ്റിരുന്ന കാലത്ത്, മീനിന്റെ ലഭ്യതയും സീസണുമനുസരിച്ച് ഇതിന്റെ ഇരട്ടിയോളം അവർ സമ്പാദിച്ചിരുന്നു
പുലരുന്നതിനുമുന്നേ അവർ എഴുന്നേറ്റ്, 4 മണിയോടെ തുറമുഖത്തിനടുത്തുള്ള പാലത്തിലെത്തും. 13 മണിക്കൂർ കഴിഞ്ഞ് 5 മണിയോടെ തിരിച്ച് വീട്ടിലേക്കും. “പകൽ സമയത്താണ് തിരക്ക് കൂടുതൽ. ആളുകളും ചെറുകിട ഹോട്ടലുകാരും മീൻ വാങ്ങാനും വൃത്തിയാക്കാനും വരും”, അവർ പറയുന്നു. വൈകീട്ടോടെ മാത്രമേ അല്പം ഒഴിവ് കിട്ടൂ. രാത്രി അത്താഴമൊരുക്കുമ്പോൾ അവർ ടിവിയിലെ സീരിയലുകൾ കാണും.


കല രാവിലെ 4 മണിക്ക് തുറമുഖത്തെത്തി, 5 മണിയോടെ തിരിച്ചുപോകും. പകൽസമയത്താണ് തിരക്ക് കൂടുതൽ. അപ്പോഴാണ് ആളുകൾ മീൻ വാങ്ങാനും വൃത്തിയാക്കിക്കാനും വരാറുള്ളത്


ഇടത്ത്: 2001-ൽ തനിക്ക് ഹൃദയസംബന്ധമായ രോഗമുണ്ടെന്ന് കല കണ്ടെത്തി. ‘ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതും, പെട്ടെന്ന് ക്ഷീണിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു‘. 2005-ൽ കാലിന് പരിക്ക് പറ്റിയതൊടെ കാര്യങ്ങൾ കൂടുതൽ വഷളായി. ദീർഘദൂരം യാത്ര ചെയ്യാൻ ബുദ്ധിമുട്ടനുഭവപ്പെട്ടു. വലത്ത്: രാത്രി അത്താഴസമയത്ത് അവർ ടിവി കാണും, സ്വസ്ഥമായിരിക്കാൻ അവർക്ക് സാധിക്കുന്നില്ല
സമുദ്രപരിസ്ഥിതിയെ തകർക്കുന്നുവെന്നും മീനുകളുടെ പ്രജനനം കുറയുന്നുവെന്നും പറഞ്ഞ് മത്സ്യബന്ധനവലയ്ക്ക് (റിംഗ് സെയ്ൻ) നിരോധനം വന്നതോടെ, കലയുടെ ഉപജീവനമാർഗ്ഗം വീണ്ടും ബുദ്ധിമുട്ടിലായി. നിരവധി പുരുഷന്മാർക്കും സ്ത്രീകൾക്കും ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടു. ധാരാളം സ്ത്രീകൾ മീൻവെട്ടുന്ന തൊഴിലിലേക്ക് മാറി.
കോവിഡ്-19 മഹാവ്യാധി നിരവധി പുതിയ വിഭാഗക്കാരെ മീൻവെട്ടലിലേക്ക് വഴിതിരിച്ചുവിട്ടു. മുമ്പൊക്കെ പട്ടണവർ സമുദായത്തിലെ സ്ത്രീകൾ മാത്രമായിരുന്നു ഈ തൊഴിൽ ചെയ്തിരുന്നത്. ലോക്ക്ഡൌണും മറ്റുമായി തൊഴിലവസരങ്ങൾ കുറഞ്ഞപ്പോൾ മറ്റ് പിന്നാക്കവിഭാഗത്തിൽപ്പെട്ട സ്ത്രീകളും പട്ടികജാതിവിഭാഗക്കാരും ഈ രംഗത്തേക്ക് കടന്നുവരികയും തുറമുഖത്തെ മത്സ്യമേഖലയിൽ തൊഴിലന്വേഷിക്കാൻ തുടങ്ങുകയും ചെയ്തു. “ഇത് കാര്യങ്ങളെ കൂടുതൽ വഷളാക്കി”, അവർ പറയുന്നു.
ഭാവി കൂടുതൽ അരക്ഷിതമാവുകയാണ്. എന്നാലും ജോലി ചെയ്യാൻ കഴിവുള്ളിടത്തോളം കാലം അത് തുടരണമെജന്നാണ് എന്റെ തീരുമാനം. എന്റെയും പേരക്കുട്ടികളുടേയും കാര്യങ്ങൾ എനിക്ക് നോക്കേണ്ടതുണ്ട്. തോറ്റുകൊടുക്കാൻ ഞാൻ തയ്യാറല്ല”, അവർ പറയുന്നു.
സംഗീത ധർമ്മരാജന്റേയും യു. ധിവ്യാവുതിരന്റെയും പിന്തുണയോടെ തയ്യാറാക്കപ്പെട്ടത്
പരിഭാഷ: രാജീവ് ചേലനാട്ട്