അവരുടെ ഊര്‍ജ്ജത്തിന് ചേരുന്ന വിധത്തില്‍ അവര്‍ക്ക് ‘പുലി’ - തമിഴില്‍ കടുവ എന്ന അര്‍ത്ഥത്തില്‍ - എന്ന പേരിട്ടത് മുത്തശ്ശനാണ്. കെ. ബാനുമതി ഇപ്പോഴും തുറമുഖത്ത് അറിയപ്പെടുന്നത് അങ്ങനെയാണ്. അവര്‍ ഇവിടെ, കടലിനടുത്ത്, മാലിന്യങ്ങളില്‍ നിന്നും ഉപജീവനം മെനഞ്ഞെടുത്തുകൊണ്ട് (മത്സ്യാവഷിഷ്ടങ്ങള്‍ ശേഖരിച്ചും തരംതിരിച്ചും വില്പന നടത്തിയും) 40 വര്‍ഷങ്ങളിലേറെ പണിയെടുത്തു. തമിഴ്നാട്ടിലെ കടലൂരിലെ മത്സ്യബന്ധന തുറമുഖത്ത് പണിയെടുക്കുന്ന പുലിയേയും മറ്റ് നിരവധി സ്ത്രീകളേയും സര്‍ക്കാര്‍ നയങ്ങള്‍ തൊഴിലാളികളായി അംഗീകരിക്കുന്നില്ല. കൂടാതെ, സുരക്ഷാ സംവിധാനങ്ങളില്‍ നിന്നെല്ലാം അവരെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നു.

“ഏതാണ്ട് 35 വയസ്സുള്ളപ്പോള്‍ ഞാനിവിടെ എത്തുകയും മീന്‍ ലേലം വിളിക്കാന്‍ ആരംഭിക്കുകയും ചെയ്തു”, ഇപ്പോള്‍ 75 വയസ്സുള്ള പുലി പറഞ്ഞു. നഗരത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന കടലൂര്‍ പഴയ പട്ടണ തുറമുഖത്ത് ഒരു ബോട്ട് തീരത്തെത്തുമ്പോള്‍ തന്നെ ലേലക്കാര്‍ വ്യാപാരികളില്‍നിന്നും ലേലം വിളിക്കാന്‍ ആരംഭിക്കുന്നു. ഒരു ബോട്ടില്‍ നിക്ഷേപം ഇറക്കിയിട്ടുണ്ടെങ്കില്‍ വില്പനയുടെ 10 ശതമാനം അവര്‍ക്ക് കമ്മീഷനായി ലഭിക്കും (ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് 20 ശതമാനമായിരുന്നു). വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുലി തുറമുഖത്ത് എത്തിയപ്പോള്‍ അവരുടെ ബന്ധുക്കള്‍ അവര്‍ക്ക് ഈ തൊഴില്‍ പരിചയപ്പെടുത്തുകയും രണ്ട് ബോട്ടുകളിലായി നിക്ഷേപിക്കാന്‍ 50,000 രൂപ വായ്പ നല്‍കുകയും ചെയ്തു. പിന്നീട് മണിക്കൂറുകള്‍ നീണ്ട അദ്ധ്വാനത്തിന് ശേഷമാണ് അവര്‍ ആ തുക തിരിച്ചുനല്‍കിയത്. പ്രായമായപ്പോള്‍ പുലി ലേലം നിര്‍ത്തുകയും മകള്‍ക്ക് തൊഴില്‍ കൈമാറുകയും ചെയ്തു.

തിരക്കേറിയ തുറമുഖം പൊതുവെ ശബ്ദമുഖരിതമാകും. ലേലക്കാരുടെ ലേലംവിളി, വ്യാപാരികളുടെ സംസാരം, ചുമട്ടുകാർ മീൻ കൈമാറുന്നത്, യന്ത്രങ്ങൾ ഐസ് ഉടയ്ക്കുന്നത്, ലോറികൾ വന്നു പോകുന്നത്, വിൽപനക്കാർ വിൽപന നടത്തുന്നത് എന്നിവയൊക്കെയാണ് ശബ്ദത്തിനു കാരണം. കടലൂർ ജില്ലയിലെ ഈ പ്രമുഖ മത്സ്യബന്ധന തുറമുഖത്തെയാണ് സൊത്തികുപ്പത്തെ (പുലിയുടെ ഗ്രാമം) മത്സ്യത്തൊഴിലാളികളും സമീപത്തെ മറ്റ് 4 മത്സ്യബന്ധന ഗ്രാമങ്ങളും ആശ്രയിക്കുന്നത്. ഏതാണ്ട് ഒരു ദശകം മുമ്പുള്ള കണക്കനുസരിച്ച് ഈ 5 ഗ്രാമങ്ങളിൽ നിന്നായി 256 യന്ത്രവത്കൃത ബോട്ടുകളും 822 മോട്ടോർ ബോട്ടുകളും തുറമുഖത്തുണ്ടെന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടുന്നു (സമീപകാല വിവരങ്ങൾ ലഭ്യമല്ല).
![“I’d started my kazhar business at the same time [as when I began working at the harbour],” Puli says, referring to her work of collecting and selling fish waste (the scales, heads, tails of fish, shrimp shells and other parts) and bycatch (such as seashells, shrimp, squid and small fishes). This is called kazhivu meen in Tamil, and, more informally, as kazhar. Puli is one of around 10 women at this harbour who collect fish waste and sell it to poultry feed manufacturers – it's a big industry in neighbouring districts like Namakkal. From Rs. 7 for one kilo of kazhar when she started out, the rate now, Puli says, is Rs. 30 per kilo for fish, Rs. 23 for fish heads and Rs. 12 for crab kazhar.](/media/images/04-Puli-3-NR-Puli_gets_by_on_shells_scales.max-1400x1120.jpg)
“ഞാനെന്റെ കഴർ ബിസിനസ് ആരംഭിച്ചതും ഇതേ സമയത്താണ് [ഞാൻ തുറമുഖത്ത് ജോലി ചെയ്യാൻ തുടങ്ങിയ സമയത്ത് തന്നെ]”, പുലി പറഞ്ഞു. മത്സ്യാവശിഷ്ടങ്ങളും (മത്സ്യങ്ങളുടെ ചെതുമ്പൽ, തല, വാൽ, ചെമ്മീൻ തോട്, മറ്റു ഭാഗങ്ങൾ എന്നിവ) മീൻ പിടിക്കുമ്പോൾ കിട്ടുന്ന മറ്റ് വകകളുമൊക്കെ (കടൽച്ചിപ്പികൾ, ചെമ്മീൻ, കണവ, ചെറുമീനുകൾ എന്നിവ) ശേഖരിക്കുന്നതിനെക്കുറിച്ചും വിൽക്കുന്നതിനെക്കുറിച്ചുമൊക്കെ പരാമർശിക്കുകയായിരുന്നു അവർ. തമിഴിൽ ഇതിനെ ‘കഴിവു മീൻ’ എന്നും കൂടുതൽ അനൗപചാരികമായി ‘കഴർ’ എന്നും പറയും. ഈ തുറമുഖത്തുനിന്നും മത്സ്യാവശിഷ്ടങ്ങൾ ശേഖരിക്കുകയും അവ വളർത്തുപക്ഷിത്തീറ്റ നിർമ്മാതാക്കൾക്ക് വിൽക്കുകയും ചെയ്യുന്ന ഏതാണ്ട് 10 സ്ത്രീകളിൽ ഒരാളാണ് പുലി. നാമക്കൽ പോലുള്ള സമീപ ജില്ലകളിൽ ഇത് വലിയ വ്യവസായമാണ്. താൻ ബിസിനസ് തുടങ്ങിയ സമയത്ത് ഒരു കിലോ കഴറിന് 7 രൂപ ആയിരുന്നുവെന്നും ഇപ്പോൾ മീനിന് 30 രൂപയും മീൻതലയ്ക്ക് 23 രൂപയും ഞണ്ട് കഴറിന് 12 രൂപയും ആണെന്നും പുലി പറയുന്നു.

പുലിക്ക് 16 വയസ്സുള്ളപ്പോൾ നാഗപട്ടണം ജില്ലയിലുള്ള ഒരു മത്സ്യത്തൊഴിലാളിയുമായി അവരുടെ വിവാഹം നടന്നതാണ്. അവർക്ക് 4 മക്കളും ഉണ്ടായി. പക്ഷെ അവരുടെ ഭർത്താവ് കുപ്പുസാമി അക്രമാസക്തനായിരുന്നു. അങ്ങനെ സൊത്തികുപ്പത്തെ ഒരു പഞ്ചായത്ത് നേതാവായ അവരുടെ അച്ഛൻ കുട്ടികളുമായി അവരോട് വീട്ടിലേക്ക് തിരികെയെത്താൻ ആവശ്യപ്പെട്ടു. 3 വർഷങ്ങൾക്ക് ശേഷം അവരുടെ അമ്മയും മരിച്ചു. അവരുടെ അമ്മയും ഒരു ലേലക്കാരിയായിരുന്നു. "അങ്ങനെ എന്റെ ബന്ധുക്കൾ എന്നോട് ലേലം തുടങ്ങാൻ ആവശ്യപ്പെട്ടു. മക്കൾക്കു വേണ്ടി എനിക്ക് പണം വേണമായിരുന്നു”, പുലി പറഞ്ഞു.

ഉപ്പിടൽ, പാക്കിംഗ്, വിൽപന എന്നിവയൊക്കെ ചെയ്തുകൊണ്ട് 4 മണിമുതൽ വയ്കുന്നേരം 6 മണിവരെ അവർ തുറമുഖത്തുണ്ട്. മണം കുറയ്ക്കുന്നതിനായി കഴറിൽ ആദ്യദിനം തന്നെ ഉപ്പിടുന്നു. രണ്ടാം ദിവസം അവ ഉണക്കി വലസഞ്ചികളിലാക്കി പാക്ക് ചെയ്യുന്നു. ഒരെണ്ണത്തിന് 4 രൂപ എന്ന നിലയ്ക്ക് തുറമുഖത്തു നിന്നുമാണ് അവർ സഞ്ചികൾ വാങ്ങുന്നത്. ചിലപ്പോൾ, ഒരെണ്ണത്തിന് 15 രൂപ വില വരുന്ന ചണം കൊണ്ടുള്ള ഉപ്പ്ചാക്കുകൾ അവർ പുനരുപയോഗിക്കുന്നു.
ഒരു സഞ്ചി കഴറിന് 25 കിലോ തൂക്കം ഉണ്ടാവുമെന്ന് പുലി പറയുന്നു. നേരത്തെ ആഴ്ചയിൽ 4-5 സഞ്ചികൾ അവർ വിൽക്കുമായിരുന്നു. പക്ഷെ കോവിഡ്-19 മഹാമാരിയും റിങ് സെയിൻ വലകൾ (ring seine nets) ഉപയോഗിക്കുന്നത് നിരോധിച്ചതും മൂലം മീൻ പിടിക്കുന്നതിന്റെയും വ്യാപാരം നടത്തുന്നതിന്റെയും അളവുകൾ കുറഞ്ഞിരുന്നു. നിലവിൽ നാമക്കലിൽ നിന്നും വാങ്ങാൻ വരുന്നവർക്ക് ആഴ്ചയിൽ രണ്ട് സഞ്ചി കഴർ അവർ വിൽക്കുന്നു. ഇതിൽ നിന്നും ആഴ്ചയിൽ ഏതാണ്ട് 1,250 രൂപ വരുമാനവും അവർ ഉണ്ടാക്കുന്നു.
കടലൂർ തുറമുഖത്ത് എല്ലാ ജോലികളിലും ഏർപ്പെടുന്ന (ലേലം വിളി, വിൽപന, മീൻഉണക്കൽ, കഴർ തരംതിരിക്കൽ എന്നിങ്ങനെ) സ്ത്രീകൾ അവരുടെ ദൈനംദിന വരുമാനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെക്കുറിച്ച് സംസാരിക്കുന്നു. മത്സ്യബന്ധന ഗ്രാമങ്ങളിലെ നിരവധി ചെറുപ്പക്കാരികൾ മത്സ്യബന്ധനത്തിൽ നിന്നും വിട്ടു നിൽക്കുന്നു. അതിനാൽ പ്രായമുള്ള സ്ത്രീകളാണ് തുറമുഖത്ത് പൊതുവെ പണിയെടുക്കുന്നത്.

“കഴറിന് ഞാൻ പണമൊന്നും നൽകാറില്ല”, പുലി പറഞ്ഞു. “തുറമുഖത്ത് മീൻ മുറിക്കുന്ന സ്ത്രീകളിൽ നിന്നും ഞാനവ ശേഖരിക്കുന്നു.” ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് മീനുകളുടെ ചെതുമ്പലുകളും ആന്തരികാവയവങ്ങളും നീക്കം ചെയ്യുന്ന വിൽപനക്കാരിൽനിന്നും എല്ലാദിവസവും അതിരാവിലെ 4 മണിക്ക് അവർ മത്സ്യാവശിഷ്ടങ്ങൾ ശേഖരിക്കാൻ ആരംഭിക്കുന്നു. കഴറിന് പണം നൽകുന്നില്ലെങ്കിലും ചിലപ്പോഴവർ വിൽപ്പനക്കാർക്കും മീൻവെട്ടുന്നവർക്കും ശീതള പാനീയങ്ങൾ വാങ്ങി നൽകുന്നു. “അവരുടെ പണിസ്ഥലം വൃത്തിയാക്കിയും അവരോട് സംസാരിച്ചുകൊണ്ടും വാർത്തകളൊക്കെ കൈമാറിക്കൊണ്ടും ഞാനവരെ സഹായിക്കുന്നു”, അവർ പറഞ്ഞു.

മത്സ്യവിപണനവും
സംസ്കരണവുമായി നേരിട്ട് ബന്ധമുള്ളതും, പരോക്ഷമായി അവയെ സഹായിക്കുന്ന ഐസ് വിൽപന, മത്സ്യബന്ധന തൊഴിലാളികൾക്ക് ചായയും പാചകം ചെയ്ത ഭക്ഷണങ്ങളും വിൽക്കുക എന്നിവ
പോലെയുള്ള വ്യാപകമായ തരത്തിലുള്ള തൊഴിലുകളിലുമാണ് കടലൂർ
തുറമുഖത്തെ സ്ത്രീകൾ ഏർപ്പെടുന്നത്. 2020-ലെ ദേശീയ മത്സ്യബന്ധന നയം (National Fisheries Policy 2020) പറയുന്നത് മീൻപിടുത്താനന്തര പ്രവർത്തനങ്ങളുടെ
69 ശതമാനത്തിലും ഏർപ്പെട്ടിരിക്കുന്നത്
സ്ത്രീകളാണെന്നാണ്. ഈ ജോലികൾ കണക്കിലെടുത്താൽ മത്സ്യബന്ധനത്തെ പ്രധാനമായും വനിതാ മേഖലയായി
കാണാവുന്നതാണ്.
ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സഹകരണ സ്ഥാപനങ്ങളിലൂടെയും പദ്ധതികളിലൂടെയും മറ്റ് നടപടികളിലൂടെയും മത്സ്യബന്ധനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കണമെന്നുള്ള ആവശ്യത്തെ 2020-ലെ നയം അംഗീകരിക്കുന്നു. എന്നിരിക്കിലും മീൻപിടുത്താനന്തര മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകളുടെ ദൈനംദിന പ്രശ്നങ്ങളേക്കാൾ യന്ത്രവൽകരണത്തിലാണ് അത്തരം പദ്ധതികൾ പൊതുവെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന സ്ത്രീകളെ സഹായിക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ല. പകരം തീരപ്രദേശത്തുണ്ടാകുന്ന മാറ്റങ്ങൾ, മൂലധനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന മത്സ്യബന്ധനം, കയറ്റുമതി പ്രാത്സാഹനം എന്നിവമൂലം അവർ വർദ്ധിതമാംവണ്ണം പാർശ്വവത്കരിക്കപ്പെടുകയാണ്. ഈ മേഖലയ്ക്ക് സ്ത്രീകൾ നൽകുന്ന സംഭാവനകളെ മേൽപ്പറഞ്ഞ മാറ്റങ്ങൾ കാര്യമായി പരിഗണിക്കുന്നില്ല. സ്ഥൂല അടിസ്ഥാനസൗകര്യങ്ങൾക്കു (macro-infrastructure) വേണ്ടി നടത്തുന നിക്ഷേപം, കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക സഹായങ്ങൾ നൽകാത്ത ചെറുകിട മത്സ്യബന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന 1972-ലെ സമുദ്രോൽപന്ന കയറ്റുമതി വികസന അഥോറിറ്റിയുടെ (Marine Products Export Development Authority) സ്ഥാപനം ഉൾപ്പെടെയുള്ള മറ്റ് നടപടികൾ എന്നിവയൊക്കെ അവരുടെ പാർശ്വവത്കരണത്തിന് ആക്കം കൂട്ടി. പുതിയ ബോട്ടുകൾക്കും ഉപകരണങ്ങൾക്കും വേണ്ടി മുതൽമുടക്കിയതോടെ 2004-ലെ സുനാമിക്ക് ശേഷം ഈ പ്രക്രിയയുടെ ആക്കം വീണ്ടും വർദ്ധിച്ചു.
കാലക്രമേണ കൂടുതൽ കൂടുതൽ പ്രാദേശിക സ്ത്രീകൾ മീൻപിടുത്താനന്തര പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടു. വിൽപന നടത്തുക, മീൻ വെട്ടുക, അവശിഷ്ടങ്ങൾ ഒഴിവാക്കുകയോ ഉണക്കുകയോ ചെയ്യുക എന്നിങ്ങനെയുള്ള തങ്ങളുടെ ജോലികൾക്ക് സ്ഥലം ലഭിക്കാത്തതിനെപ്പറ്റി കടലൂർ തുറമുഖത്തെ സ്ത്രീകൾ സംസാരിക്കുന്നു. സ്ത്രീകളായ കുറച്ച് വിൽപനക്കാർക്ക് മാത്രമെ സർക്കാർ ഏജൻസികൾ ഐസ് പെട്ടികൾ നൽകിയിട്ടുള്ളൂ. ചില ഗ്രാമങ്ങളും പട്ടണങ്ങളും മാത്രമെ അവർക്ക് ചന്തകളിൽ സ്ഥലം അനുവദിച്ചിട്ടുള്ളൂ. പലപ്പോഴും ഗതാഗത സൗകര്യങ്ങളുടെ അഭാവത്തിൽ അകലെയുള്ള പ്രദേശങ്ങളിൽ മീൻ വിൽക്കാൻ വളരെ ദൂരം അവർക്ക് നടക്കേണ്ടി വരുന്നു.

“ഞാനിവിടെ തുറമുഖത്ത് ചെറിയൊരു കുടിലിൽ താമസിക്കുന്നു”, പുലി പറഞ്ഞു. പക്ഷെ മഴ പെയ്യുമ്പോൾ അവർ ഏകദേശം 3 കിലോമീറ്ററകലെ സൊത്തികുപ്പത്ത് താമസിക്കുന്ന മകൻ മുത്തുവിന്റെ വീട്ടിലേക്ക് പോകും. തുറമുഖത്തെ മത്സ്യത്തൊഴിലാളിയായ 58-കാരനായ മുത്തു എല്ലാ ദിവസവും ജോലിസമയത്ത് അവർക്കുള്ള ഭക്ഷണം എത്തിക്കുന്നു. അവർക്ക് പ്രതിമാസം 1,000 രൂപ പെൻഷനും ലഭിക്കുന്നുണ്ട്. മത്സ്യത്തൊഴിലിൽ ഏർപ്പെട്ട് ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും അവർ മക്കൾക്ക് (40-കളിലും 50-കളിലും പ്രായമുള്ള രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും) നൽകുന്നു. അവരെല്ലാം കടലൂർ ജില്ലയിലെ മത്സ്യബന്ധന മേഖലയിലാണ് പ്രവർത്തിക്കുന്നത്. “അതുകൊണ്ട് [പണംകൊണ്ട്] ഞാനെന്തെടുക്കാൻ?”, അവർ ചോദിക്കുന്നു. “ഒന്നും ചെയ്യാനില്ല.”
യു. ധിവ്യ ൗ തിരന്റെ സഹായത്തോടെ
പരിഭാഷ: റെന്നിമോന്‍ കെ. സി.