“വർഷത്തിലൊരിക്കൽ അങ്ങിനെയൊരു ദിവസം ഞാൻ ഒപ്പിക്കാറുണ്ട്”
2022 ഡിസംബർ 31-ലെ സംഭവങ്ങളെക്കുറിച്ചാണ് സ്വപ്നാലി ദത്താത്രേയ ജാദവ് സൂചിപ്പിക്കുന്നത്. വേദ് എന്ന് പേരായ മറാത്തി സിനിമ റിലീസായിട്ടേ ഉണ്ടായിരുന്നുള്ളു. പരിചിതമായ മുഖങ്ങൾ അഭിനയിക്കുന്ന ഒരു പ്രണയ സിനിമ. എന്നാൽ ദേശീയശ്രദ്ധയൊന്നും അതിന് ലഭിച്ചില്ല. എന്നാൽ, വീട്ടുപണി ചെയ്യുന്ന സ്വപ്നാലി, അവരുടെ ഒഴിവുദിവസത്തിൽ തിരഞ്ഞെടുത്തത് ആ സിനിമയാണ്. വർഷത്തിൽ ഒന്നോ രണ്ടോ ഒഴിവുകൾ മാത്രമേ അവർക്ക് കിട്ടാറുള്ളു.
“പുതുവർഷമായതുകൊണ്ടായിരുന്നു. ഞങ്ങൾ അന്ന് പുറത്തുനിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. ഗൊർഗാവിൽ ഒരിടത്തുനിന്ന്”, ആ ഒഴിവുദിവസം സന്തോഷത്തോടെ ഓർത്തെടുത്ത് ആ 23 വയസ്സുകാരി പറയുന്നു.
വർഷത്തിൽ ബാക്കിയുള്ള ദിവസങ്ങൾ എല്ലുനുറുങ്ങെ നീണ്ട മണിക്കൂറുകൾ പണിയെടുക്കണം അവർക്ക്. പാത്രം കഴുകലും, തുണികളലക്കുകയും മറ്റ് വീട്ടുജോലികളും. മുംബൈയിൽ ആറ് വീടുകളിലാണ് അവർ ജോലിയെടുക്കുന്നത്. എന്നാൽ ഒരു വീട്ടിൽനിന്ന് മറ്റൊന്നിലേക്ക് പോവുന്ന വഴിക്ക് കിട്ടുന്ന 10-ഓ, 15-ഓ മിനിറ്റ് ഒഴിവിനിടയിൽ അവർ ഫോണിൽനിന്ന് മറാത്തി പാട്ടുകൾ കേട്ടാസ്വദിക്കും. “അത് കേട്ട് അല്പം സമയം കളയാൻ സാധിക്കും”, പുഞ്ചിരിച്ചുകൊണ്ട് അവർ പറയുന്നു.
ഫോണുള്ളതുകൊണ്ട് അല്പം ആശ്വാസമുണ്ടെന്ന് നീലം ദേവി ചൂണ്ടിക്കാട്ടുന്നു. “ഭോജ്പുരി, ഹിന്ദി സിനിമകൾ മൊബൈൽ ഫോണിൽ കാണാൻ എനിക്ക് ഇഷ്ടമാണ്”. ബിഹാറിലെ മൊഹമ്മദ്പുർ ബാല്ലിയ ഗ്രാമത്തിലെ വീട്ടിൽനിന്ന്, 150 കിലോമീറ്റർ അകലെയുള്ള മൊകാമെ താലിലേക്ക് വിളവെടുപ്പ് മാസത്തിൽ വന്നതാണ് കുടിയേറ്റ കർഷകത്തൊഴിലാളിയായ നീലം ദേവി.
ധാന്യങ്ങൾ വെട്ടിയെടുത്ത് ചാക്കിലാക്കി, പാടത്തുനിന്ന് സംഭരണശാലയിലേക്ക് കൊണ്ടുപോകുന്ന ജോലിക്കായി, മറ്റ് 15 സ്ത്രീ തൊഴിലാളികളുടെ കൂടെ വന്നതാണ് അവർ. 12 കെട്ട് ധാന്യം വെട്ടിയെടുത്ത് ചുമന്നുകൊണ്ടുപോയാൽ ഒരു കെട്ട് ധാന്യം അവർക്ക് കൂലിയായി കിട്ടും. സുഹാഗിനി സോറൻ ചൂണ്ടിക്കാട്ടുന്നപോലെ, അവരുടെ ഭക്ഷണത്തിലെ ഏറ്റവും വിലയേറിയ വിഭവമാണ് ധാന്യങ്ങൾ. “വർഷം മുഴുവൻ കഴിക്കാനും, അടുത്ത ബന്ധുക്കൾക്ക് കൊടുക്കാനും പറ്റുന്ന ഒന്നാണത്”, സുഹാഗിനി സോറൻ പറയുന്നു. മാസത്തിൽ കഷ്ടിച്ച് ഒരു ക്വിന്റൽ ധാന്യം മാസവേതനമായി കിട്ടുന്നുണ്ടെന്ന് അവർ സൂചിപ്പിച്ചു.
അവരുടെ ഭർത്താക്കന്മാർ ജോലികൾക്കായി വളരെ ദൂരേക്ക് പോകാറുണ്ട്. കുട്ടികളെ വീട്ടിൽ, മറ്റുള്ള ബന്ധുക്കളുടെ സംരക്ഷണത്തിലാക്കി. ഏറ്റവും ഇളയ കുട്ടിയെ മാത്രമേ ഈ സ്ത്രീകൾ കൂടെ കൊണ്ടുപോകാറുള്ളു.
തൊഴിൽ ചെയ്യാനെത്തിയ സ്ഥലത്ത് മൊബൈൽ ഫോണിൽ സിനിമയൊന്നും കാണാൻ പറ്റാറില്ലെന്ന്, പരുക്കൻ വൈക്കോൽ പിരിച്ച് കയറാക്കുന്നതിനിടയിൽ അവർ പാരിയോട് പറഞ്ഞു. “കാരണം, ഇവിടെ ഫോൺ ചാർജ്ജ് ചെയ്യാൻ കറന്റൊന്നുമില്ല”. നീലത്തിന് സ്വന്തമായി ഫോണുണ്ട്. ഗ്രാമീണ ഇന്ത്യയിലെ ഇത് അപൂർവ്വമാണ്. ഫോണുള്ള പുരുഷന്മാരുടെ സംഖ്യ 61 ശതമാനമാണെങ്കിൽ, സ്ത്രീകലുടേത് കേവലം 31 ആണെന്ന്, ഓക്സ്ഫാം ഇന്ത്യ പ്രസിദ്ധീകരിച്ച ഡിജിറ്റൽ ഡിവൈഡ് ഇനീക്വാലിറ്റി റിപ്പോർട്ട് 2002 പറയുന്നു.
എന്നാൽ നീലം ഒരു വഴി കണ്ടെത്തിയിട്ടുണ്ട്: മിക്ക ട്രാക്ടറുകളും പാർക്ക് ചെയ്തിരിക്കുന്നത്, പുറത്ത്, തൊഴിലാളികളുടെ താത്കാലിക കുടിലുകളുടെ പുറത്താണ്. “ട്രാക്ടറിൽനിന്ന് ഫോൺ ചാർജ്ജ് ചെയ്ത് അത്യാവശ്യമുള്ള ഫോൺ വിളികൾ നടത്തും എന്നിട്ട് ഫോൺ മാറ്റിവെക്കും. കറന്റുണ്ടായിരുന്നെങ്കിൽ ഞങ്ങൾ തീർച്ചയായും സിനിമകൾ കണ്ടേനേ”, അവർ പറയുന്നു.
മൊകാമെ താലെയിൽ രാവിലെ 6 മണിക്ക് ജോലി തുടങ്ങിയതാണ് ആ സ്ത്രീകൾ. ഉച്ചയ്ക്ക്, ചൂട് വർദ്ധിക്കുമ്പോൾ മാത്രമാണ് അവർ അവരുടെ ഉപകരണങ്ങൾ താഴത്തുവെക്കുന്നത്. പിന്നെ കുഴൽക്കിണറിൽനിന്ന് വീടുകളിലേക്ക് വെള്ളം കൊണ്ടുവരാൻ പോണം. അതിനുശേഷം, “കുറച്ചുനേരം സ്വന്തം ആവശ്യത്തിന് കിട്ടും’ എന്ന് അനിത പറയുന്നു.
ജാർഖണ്ഡിലെ ഗിരിധി ജില്ലയിലെ നാരായൺപുർ ഗ്രാമത്തിലെ സാന്താൾ ആദിവാസിയാണ് അനിത. “ഉച്ചയ്ക്ക് ഞാൻ ഉറങ്ങും. കാരണം, ആ സമയത്ത് ചൂടുകൊണ്ട് ജോലി ചെയ്യാനാവില്ല”. മാർച്ച് മാസത്തിൽ ധാന്യങ്ങൾ വിളവെടുക്കാനാണ് ദിവസകൂലിക്ക് കർഷകത്തൊഴിലാളിയായി പണിയെടുക്കുന്ന ആ സ്ത്രീ ജാർഖണ്ഡിൽനിന്ന് ബിഹാടിലെ മൊകാമെ താലെയിൽ എത്തിയത്.
പകുതി വിളവെടുത്ത ആ പാടത്ത്. സായാഹ്നമെത്തുമ്പോൾ, ഒരു ഡസനോളം സ്ത്രീകൾ കാലും നീട്ടി ഇരിക്കുന്നുണ്ട്.
ധാന്യങ്ങൾ വേർതിരിക്കുകയും വൃത്തിയാക്കുകയും ചെയ്യുകയാണ്. പിറ്റേ ദിവസത്തെ കെട്ടുകൾ കൊണ്ടുപോകാൻ, വൈക്കോൽകൊണ്ടുള്ള കയറുകളുണ്ടാക്കുകയും ചെയ്യുന്നു അവർ. പോളിത്തീൻ ഷീറ്റുകൊണ്ടുള്ള മേൽക്കൂരയും വൈക്കോൽകൊണ്ട് കെട്ടിയ മൂന്നടി ഉയരമുള്ള ചുമരുകളുമുള്ള അവരുടെ വീടുകൾ തൊട്ടപ്പുറത്ത് കാണാം. രാത്രിക്കുള്ള ഭക്ഷണം തയ്യാറാക്കാനുള്ള അടുപ്പുകൾ അധികം താമസിക്കാതെ കത്താൻ തുടങ്ങും. വർത്തമാനങ്ങൾ പിറ്റേന്നത്തേക്ക് അവർ മാറ്റിവെക്കും.
ഇന്ത്യയിലെ സ്ത്രീകൾ ദിവസവും 280 മിനിറ്റുകൾ, പ്രതിഫലമില്ലാതെ, വീട്ടിലെ അംഗങ്ങൾക്കുവേണ്ടിയുള്ള വീടുപണിക്കും സേവനങ്ങൾക്കുമായി ഉപയോഗിക്കുന്നുവെന്നാണ് 2019-ലെ എൻ.എസ്.ഒ. ഡേറ്റ പറയുന്നത്. അതേസമയം പുരുഷന്മാർ ചിലവഴിക്കുന്നത് വെറും 36 മിനിറ്റും.
*****
വീണുകിട്ടുന്ന സമയം ഒരുമിച്ചിരിക്കുന്നതിലാണ് സന്താൾ ആദിവാസി പെൺകുട്ടികളായ ആരതി സോറനും മംഗലി മുർമുവും ആനന്ദം കണ്ടെത്തുന്നത്. അടുത്ത ബന്ധുക്കളായ ആ 15 വയസ്സുകാരികൾ, പശ്ചിമ ബംഗാളിലെ പരുൾഡംഗ ഗ്രാമത്തിലെ ഭൂരഹിത കർഷകത്തൊഴിലാളികളുടെ മക്കളാണ്. “എനിക്ക് ഇവിടെ വന്നിരുന്ന് കിളികളെ നോക്കിയിരിക്കാൻ ഇഷ്ടമാണ്. ചിലപ്പോൾ ഞങ്ങൾ ഒരുമിച്ച് പോയി പഴങ്ങൾ പറിച്ച് ഒരുമിച്ച് കഴിക്കും”, അടുത്തുള്ള പറമ്പിൽ കന്നുകാലികൾ മേയുന്നത് നോക്കി ഒരു മരച്ചുവട്ടിൽ ഇരിക്കുമ്പോൾ, അവരിലൊരാളായ ആരതി പറയുന്നു.
“ഈ സമയത്ത് (വിളവെടുപ്പ് കാലത്ത്) വിളവെടുത്ത പാടത്തെ കറ്റകൾ കന്നുകാലികൾക്ക് തിന്നാൻ കഴിയുന്നതിനാൽ ഞങ്ങൾക്ക് ദൂരെയൊന്നും പോകേണ്ടിവരാറില്ല. ഏതെങ്കിലും മരത്തിന്റെ ചോട്ടിലെ തണലിത്തിരിക്കാനുള്ള സമയം കിട്ടും”, അവൾ പറയുന്നു.
അവരുടെ അമ്മമാർ ബിർഭും ജില്ലയിലെത്തന്നെ ഒരു ബന്ധുവിനെ സന്ദർശിക്കാൻ പോയപ്പോഴാണ് ഒരു ഞായറാഴ്ച പാരിക്ക് അവരെ സന്ദർശിക്കാൻ കഴിഞ്ഞത്. “സാധാരണയായി എന്റെ അമ്മയാണ് കന്നുകാലികളെ മേയ്ക്കാൻ കൊണ്ടുപോവുക. പക്ഷേ ഞായറാഴ്ച ഞാൻ ആ പണിയെടുക്കും. ഇവിടെ വന്നിരുന്ന് മംഗലിയുടെ കൂടെ സമയം ചിലവഴിക്കാൻ എനിക്ക് ഇഷ്ടമാണ്. ഇവളെന്റെ കൂട്ടുകാരിയുമാണ്”, ബന്ധുവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ആരതി പറയുന്നു.
മംഗലിക്കാകട്ടെ, പശുക്കളെ മേയ്ക്കുന്നത് ദിവസവുമുള്ള പണിയാണ്. 5-ആം ക്ലാസ്സുവരെ പഠിച്ച അവളെ തുടർന്ന് പഠിപ്പിക്കാൻ അവളുടെ വീട്ടുകാർക്ക് കഴിഞ്ഞില്ല. “അപ്പോഴേക്കും ലോക്ക്ഡൌൺ വന്നതുകൊണ്ട് സ്കൂളിലയയ്ക്കാൻ അവർക്ക് ബുദ്ധിമുട്ടായി”, മംഗലി പറഞ്ഞു. വീട്ടിൽ അവൾതന്നെയാണ് പാചകവും ചെയ്യുന്നത്. ഊഷര പീഠഭൂമിയായ ഇവിടെ കന്നുകാലികളെ മേയ്ക്കുന്നത് ഒരു സ്ഥിരം വരുമാനമാർഗ്ഗമായതിനാൽ, അവളുടെ ജോലി കുടുംബത്തിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകവുമാണ്.
ഗ്രാമീണ ഇന്ത്യയിൽ ഫോൺ ലഭ്യതയുള്ള സ്ത്രീകൾ വെറും 31 ശതമാനമാണെങ്കിൽ, പുരുഷന്മാർ 61 ശതമാനമാണെന്ന് ഓക്സ്ഫാം ഇന്ത്യ പ്രസിദ്ധീകരിച്ച ഡിജിറ്റൽ ഡിവൈഡ് ഇനീക്വാലിറ്റി റിപ്പോർട്ട് 2002 പറയുന്നു
“ഞങ്ങളുടെ അച്ഛനമ്മമാർക്ക് ഫീച്ചർ ഫോണുകളുണ്ട് (സ്മാർട്ട് ഫോണുകൾ). ഞങ്ങൾ ചിലപ്പോൾ സ്വന്തമായി ഫോൺ ഉണ്ടാവുന്നതിനെക്കുറിച്ചൊക്കെ ഒരുമിച്ചിരിക്കുമ്പോൾ സംസാരിക്കും”, ആരതി പറയുന്നു. ഇന്ത്യയിലെ ഏകദേശം 40 ശതമാനം ആളുകൾക്ക് സ്മാർട്ട് ഫോണുകളില്ലെന്ന് ഡിജിറ്റൽ ഡിവൈഡ് ഇനീക്വാലിറ്റി റിപ്പോർട്ട് 2002 സൂചിപ്പിക്കുന്നു. ഈ കുട്ടികളുടെ അനുഭവവും അസാധാരണമല്ല.
ഒഴിവുസമയത്തെക്കുറിച്ചുള്ള സംസാരത്തിനിടയിൽ പലപ്പോഴും മൊബൈൽ ഫോണുകൾ വിഷയമാകാറുണ്ട്. ചിലപ്പോൾ ജോലിക്കിടയിലും അങ്ങിനെ സംഭവിക്കാറുണ്ടെന്ന് കർഷകത്തൊഴിലാളിയായ സുനിത പട്ടേൽ ദേഷ്യത്തോടെ സൂചിപ്പിക്കുന്നു. “പട്ടണത്തിൽ പോയി പച്ചക്കറികൾ വിൽക്കുമ്പോൾ വാങ്ങുന്നവരുടെ ശ്രദ്ധ കിട്ടാൻ ഉച്ചത്തിൽ വിളിച്ചിപറയേണ്ടിവരും. എന്നാൽ നഗരത്തിലെ സ്ത്രീകളാകട്ടെ, ഞങ്ങൾക്ക് മറുപടി പോലും തൈല്ല. അവർ ഫോണിൽ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയായിരിക്കും. വളരെ കഷ്ടമാണത്. എനിക്ക് ദേഷ്യം വരാറുണ്ട്”, അവർ സൂചിപ്പിക്കുന്നു.
ചത്തീസ്ഗഢിലെ രാജ്നന്ദ്ഗാംവ് ജില്ലയിലെ റാക ഗ്രാമത്തിലെ ഒരു പാടത്ത്, ഉച്ചഭക്ഷണത്തിനുശേഷം ഒരു സംഘം സ്ത്രീത്തൊഴിലാളികളുടെ കൂടെ വിശ്രമിക്കുകയായിരുന്നു സുനിത. ചിലർ വെറുതെ ഇരിക്കുകയും മറ്റ് ചിലർ ഒരു പൂച്ചയുറക്കത്തിനായി കണ്ണടച്ചിരിക്കുകയുമായിരുന്നു.
“കൊല്ലം മുഴുവൻ ഞങ്ങൾ പാടത്ത് പണിയെടുക്കുന്നു. ഒഴിവുസമയമൊന്നും ഞങ്ങൾക്ക് കിട്ടാറില്ല”, ദുഗ്ദി ബായി നേതം കാര്യഗൌരവത്തോടെ പറയുന്നു. പ്രായംചെന്ന ഈ ആദിവാസി വിധവയ്ക്ക് പെൻഷൻ കിട്ടുന്നുണ്ടെങ്കിലും ദിവസക്കൂലിക്ക് പണിയെടുത്തേ മതിയാവൂ. “ഇപ്പോൾ ഞങ്ങൾ നെൽപ്പാടത്ത് കള പറിക്കുന്ന തിരക്കിലാണ്. കൊല്ലം മുഴുവൻ ഞങ്ങൾ പണിയെടുക്കുന്നു”, അവർ പറയുന്നു.
ഇപ്പൊഴും നല്ല ഓർമ്മശക്തിയുള്ള അവരുടെ അഭിപ്രായത്തോട് സുനിത യോജിക്കുന്നു. “ഞങ്ങൾക്ക് ഒഴിവുസമയം കിട്ടാറില്ല. അതൊക്കെ പട്ടണത്തിലെ സ്ത്രീകൾക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്”. ഒരുനേരത്തെ നല്ല ഭക്ഷണംപോലും ഒരു ആർഭാടമാണെന്ന് അവർ പറയുന്നു. “എന്റെ ഹൃദയം എന്നോട് പറയുന്നത്, ചുറ്റിനടന്ന് നല്ല ഭക്ഷണമൊക്കെ കഴിക്കാനാണ്. പക്ഷേ പൈസയില്ലാത്തതുകൊണ്ട് അതൊരിക്കലും സാധ്യമാവാറില്ല”.
*****
വിശ്രമവേളയിൽ ജൈനാപുരിനടുത്തുള്ള കോലാപ്പൂർ-സംഗ്ലി ഹൈവേയിലെ ഗതാഗതം നോക്കിയിരിക്കുകയാണ് യല്ലൂബായി നന്ദിവാലെ. ചീർപ്പുകൾ, തലമുടിക്കാവശ്യമായ സാമഗ്രികൾ, മുക്കുപണ്ടങ്ങൾ, അലുമിനിയം പാത്രങ്ങൾ തുടങ്ങി 6-7 കിലോഗ്രാം വരുന്ന സാധനങ്ങൾ ഒരു മുളങ്കൊട്ടയിലും ടാർപോളിൻ ബാഗിലുമായി ചുമന്ന് വിൽക്കുകയാണ് അവർ.
അടുത്ത വർഷം അവർക്ക് 70 തികയും. മഹാരാഷ്ട്രയിലെ കോലാപ്പുർ ജില്ലയിൽ നടന്നും നിന്നും ജോലി ചെയ്യുമ്പോൾ കാൽമുട്ട് വേദനിക്കുന്നുണ്ടെന്ന് അവർ പറയുന്നു. എന്നാലും ഈ ജോലി ചെയ്യാതെ മറ്റൊരു വഴിയില്ല അവർക്ക്. അല്ലെങ്കിൽ വരുമാനം നിലയ്ക്കും. “ഒരു നൂറ് രൂപ കിട്ടാൻ പോലും ബുദ്ധിമുട്ടാണ്. ചില ദിവസങ്ങളിൽ ഒന്നും കിട്ടില്ല”, കാൽമുട്ടികൾ കൈകൊണ്ട് അമർത്തി അവർ പറയുന്നു.
ഈ വയോധിക തന്റെ ഭർത്താവ് യല്ലപ്പയോടൊപ്പം, ഷിറോൾ താലൂക്കിലെ ദനോലി ഗ്രാമത്തിലാണ് താമസിക്കുന്നത്. ഭൂരഹിതരായ ഇവർ നന്ദിവാലെ എന്ന നാടോടി സമുദായത്തിലെ അംഗങ്ങളാണ്.
“എന്തിലെങ്കിലും താത്പര്യം, തമാശകൾ, ഒഴിവുസമയങ്ങൾ..ഇതൊക്കെ ഒരാൾക്ക് കല്യാണത്തിന് മുമ്പുമാത്രമേ കിട്ടൂ”, തന്റെ ചെറുപ്പത്തിലെ സന്തോഷകരമായ നിമിഷങ്ങൾ ഓർമ്മിച്ച്, പുഞ്ചിരിച്ചുകൊണ്ട് അവർ പറയുന്നു. “ഞാനൊരിക്കലും വീട്ടിലിരിക്കാറില്ലായിരുന്നു..പാടത്തും പുഴയിലുമൊക്കെ അലഞ്ഞുനടക്കും. വിവാഹത്തിനുശേഷം അതൊക്കെ അവസാനിച്ചു. പിന്നെ അടുക്കളയും കുട്ടികളും മാത്രം”, അവർ പറയുന്നു.
രാജ്യത്താകമാനം ഗ്രാമീണ സ്ത്രീകൾ ദിവസത്തിന്റെ 20 ശതമാനം സമയവും, പ്രതിഫലമില്ലാത്ത ജോലികളും സേവനങ്ങളും ചെയ്ത് ചിലവഴിക്കുന്നുവെന്ന് ഈ വിഷയത്തിൽ ആദ്യമായി നടന്ന ഒരു സർവേ ചൂണ്ടിക്കാട്ടുന്നു. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ (എംഒ.എസ്.പി.ഐ) പ്രസിദ്ധീകരിച്ച ടൈം യൂസ് ഇൻ ഇന്ത്യ 2019 എന്ന റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
തൊഴിലാളികളായും, അമ്മ, ഭാര്യ, മകൾ, മരുമകൾ എന്നീ നിലകളിലും ജോലിയെടുത്തതിനുശേഷമുള്ള സമയങ്ങളിൽ ഗ്രാമീണ ഇന്ത്യയിലെ മിക്ക സ്ത്രീകളും സമയം ചിലവഴിക്കുന്നത്, വീട്ടുജോലികളിൽ ഏർപ്പെട്ടാണ് അച്ചാറുകളും പപ്പടങ്ങളും ഉണ്ടാക്കിയും തുണികൾ തയ്ച്ചും മറ്റും. “കൈകൊണ്ട് തുന്നുന്ന ഏത് ജോലിയും ഞങ്ങൾക്ക് ആശ്വാസകരമാണ് പഴയ സാരികൾ തിരഞ്ഞെടുത്ത്, മുറിച്ച്, കൂട്ടിത്തയ്ച്ച് ഞങ്ങൾ കുടുംബത്തിന് വേണ്ടിയുള്ള കമ്പളങ്ങൾ (ക്വിൽറ്റുകൾ) ഉണ്ടാക്കും”, ഉത്തർ പ്രദേശിലെ ബൈതക്വ കോളനിയിൽ താമസിക്കുന്ന ഊർമ്മിള ദേവി പറയുന്നു.
മറ്റ് സ്ത്രീകളോടൊപ്പം വേനൽക്കാലത്ത് എരുമകളെ കൊണ്ടുപോയി ദിവസവും നീന്തിപ്പിക്കുക എന്നതാണ് 50 വയസ്സുള്ള ഈ അങ്കണവാടി തൊഴിലാളിയുടെ ജീവിതത്തിലെ സന്തോഷങ്ങളിൽ ഒന്ന്. “ഞങ്ങളുടെ കുട്ടികൾ ബെലാൻപുഴയിൽ കളിക്കുകയും ചാടുകയും ചെയ്യുമ്പോൾ ഞങ്ങൾക്ക് വിശേഷങ്ങൾ പങ്കുവെക്കാൻ സമയം കിട്ടും”, അവർ പറയുന്നു. ബെലാൻ പുഴ എന്നത് ഒരു ചെറിയ തോടാണെന്നും കുട്ടികൾ സുരക്ഷിതരായിരിക്കുമെന്നും ഓർമ്മിപ്പിക്കാൻ അവർ മറന്നില്ല.
കോറാംവ് ജില്ലയിലെ ദിയോഘട്ട് ഗ്രാമത്തിലെ അങ്കണവാടി പ്രവർത്തകേന്ന നിലയിൽ, ചെറുപ്പക്കാരികളായ അമ്മമാരേയും കുട്ടികളേയും പരിചരിക്കുന്നതിന്റെ തിരക്കിലാണ് ആഴ്ചമുഴുവൻ അവർ. കൂടാതെ പ്രതിരോധ കുത്തിവെപ്പുകളുടെയും പ്രസവപൂർവ്വ, അനന്തര പരിശോധനകളുടേയും ഒരു വലിയ പട്ടികയും തയ്യാറാക്കേണ്ടതുണ്ട് അവർക്ക്.
നാല് മുതിർന്ന കുട്ടികളുടെ അമ്മയും മൂന്ന് വയസ്സുള്ള കുഞ്ജ് കുമാറിന്റെ അമ്മൂമ്മയുമായ അവർ 2004-2005 കാലത്ത് ദിയോഘട്ടിന്റെ ഗ്രാമപ്രധാനുമായിരുന്നു. അധികവും ദളിതുകൾ താമസിക്കുന്ന ആ കോളനിയിലെ ചുരുക്കം സാക്ഷരരിൽ ഒരാളാണ് അവർ. “സ്കൂൾ പഠനം നിർത്തി, വിവാഹിതരാവുന്ന പെൺകുട്ടികളോട് ഞാൻ എപ്പോഴും പറയാറുണ്ട്. പക്ഷേ അവരും, അവരുടെ വീട്ടുകാരും ശ്രദ്ധിക്കാറില്ല”, ചുമൽ കുലുക്കി നിസ്സഹായയായി അവർ പറയുന്നു.
വിവാഹങ്ങളും കല്യാണനിശ്ചയങ്ങളും ഉണ്ടാവുമ്പോൾ സ്ത്രീകൾ അവരവരുടെ കാലം ഓർമ്മിക്കും. “ഞങ്ങൾ ഒരുമിച്ച് പാട്ടുപാടി ചിരിക്കും”, ഊർമ്മിള പറയുന്നു. വിവാഹത്തെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചുമുള്ളതാണ് പാട്ടുകളധികവും. അല്പം അശ്ലീലവുമുണ്ടാവും”, ചിരിച്ചുകൊണ്ട് അവർ കൂട്ടിച്ചേർക്കുന്നു.
വിവാഹങ്ങൾക്ക് മാത്രമല്ല, ഉത്സവങ്ങൾക്കും സ്ത്രീകൾക്ക്, പ്രത്യേകിച്ചും ചെറുപ്പക്കാരികൾക്ക് അല്പം ഒഴിവുസമയം ലഭിക്കാറുണ്ട്.
തങ്ങൾ ഏറ്റവും ആസ്വദിക്കുന്ന ഉത്സവം ബന്ദനയാണെന്ന് – ബിർഭത്തിലെ സന്താൾ ആദിവാസികൾ ജനുവരിയിൽ ആഘോഷിക്കുന്ന ഉത്സവം – ആരതിയും മംഗലിയും പാരിയോട് പറയുന്നു. “ഞങ്ങൾ നല്ല വസ്ത്രങ്ങളണിഞ്ഞ്, പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യും. അമ്മമാർ വീട്ടിലുള്ളതുകൊണ്ട് ഞങ്ങൾക്ക് അധികം ജോലിയൊന്നുമുണ്ടാവില്ല. കൂട്ടുകാരുടെ കൂടെ ചിലവഴിക്കാൻ സമയം കിട്ടും. ആരും ചീത്ത പറയുകയുമില്ല. ഞങ്ങൾക്കിഷ്ടമുള്ളതുപോലെ ചെയ്യാം”, ആരതി പറയുന്നു. കന്നുകാലികളെ ഈ ആഘോഷത്തിൽ ആരാധിക്കുന്നതിനാൽ, അവയുടെ കാര്യങ്ങൾ അച്ഛന്മാർ നോക്കിക്കോളും. “എനിക്ക് പണിയൊന്നുമില്ല”, ഒരു ചെറുചിരിയോടെ മംഗലി പറയുന്നു.
തീർത്ഥാടനങ്ങളും ഒഴിവുവിനോദമായി കണക്കാക്കപ്പെടുന്നുവെന്ന് ധംതരിയിൽ താമസിക്കുന്ന 49 വയസ്സുള്ള ചിത്രേഖ പറയുന്നു. ഒഴിവുസമയത്ത് അത് ചെയ്യണമെന്ന് അവർ കരുതുന്നുണ്ട്. “മധ്യ പ്രദേശിലെ സെഹോർ ജില്ലയിലെ ശിവക്ഷേത്രത്തിലേക്ക് കുടുംബത്തോടൊപ്പം രണ്ടുമൂന്ന് ദിവസത്തേക്ക് തീർത്ഥാടനത്തിന് പോകണമെന്നുണ്ട് എനിക്ക്. ഒരുദിവസംഞാൻ അവധിയെടുത്ത് പോവുകതന്നെ ചെയ്യും”, അവർ പറയുന്നു.
ചത്തീസ്ഗഢിലെ ഒരു വീട്ടുജോലിക്കാരിയായ അവർ രാവിലെ 6 മണിക്ക് എഴുന്നേറ്റ്, സ്വന്തം വീട്ടിലെ ജോലികൾ തീർത്ത്, നാല് വീടുകളിൽ പണിക്ക്പോവുന്നു. തിരിച്ചെത്തുമ്പോൾ വൈകീട്ട് 6 മണിയാവും. മാസത്തിൽ ഇതിൽനിന്ന് അവർക്ക് 7,500 രൂപയാണ് കിട്ടുന്നത്. രണ്ട് മക്കളും അമ്മായിയമ്മയുമുള്ള വീട്ടിലേക്ക് അവരുടെ വരുമാനം അത്യാവശ്യമാണ്.
*****
സ്വപ്നാലി എന്ന വീട്ടുജോലിക്കാരിക്ക് എല്ലാ ദിവസവും ജോലിയാണ് മാസത്തിൽ രണ്ട് അവധിമാത്രമേ എനിക്കുള്ളു. വീട്ടുടമസ്ഥർക്ക് വാരാന്ത്യങ്ങളിൽ അവധിയായതിനാൽ എനിക്ക് അന്നും ജോലിയുണ്ടാവും. ആ ദിവസങ്ങളിൽ അവധിയെടുക്കുന്നത് ആലോചിക്കാൻ വയ്യ”, അവർ പറയുന്നു. തനിക്കും അവധി വേണമെന്ന കാര്യം ആൾ പരിഗണിക്കുന്നതേയില്ല.
“എന്റെ ഭർത്താവിന് ഞായറാഴ്ച ജോലിക്ക് പോകേണ്ട. ചിലപ്പോൾ അദ്ദേഹം എന്നോട് പറയും, രാത്രി വൈകീട്ടുള്ള സിനിമയ്ക്ക് പോകാമെന്ന്. എന്നാൽ എനിക്ക് രാവിലെ ജോലിക്ക് പോകേണ്ടതാണല്ലോ”.
കുടുംബം നിലനിർത്താൻവേണ്ടി സ്ത്രീകൾ വിവിധ ജോലികൾ ചെയ്യുന്ന കുടുംബങ്ങളിൽ, അവർക്കിഷ്ടപ്പെട്ട ജോലികൾതന്നെ ഒഴിവുസമയമായി മാറുകയാണ് ചെയ്യുന്നത്. “ഞാൻ പണിയൊക്കെ നിർത്തി വീട്ടിൽ പോയി അവിടത്തെ പണികൾ ചെയ്യും – പാചകവും, വീട് വൃത്തിയാക്കലും കുട്ടികൾക്ക് ഭക്ഷണം കൊടുക്കലും മറ്റും. എന്നിട്ട് ഞാൻ ബ്ലൌസ് പീസുകളിലും പാവാടകളിലും കാന്താ അലങ്കാരപ്പണികൾ ചെയ്യാനിരിക്കും”, റുമ ലോഹർ (പേര് യഥാർത്ഥമല്ല) പറയുന്നു.
കന്നുകാലികൾ മേയുമ്പോൾ അതിനടുത്തുള്ള ഒരു പുൽപ്പരപ്പിൽ, വേറെ നാല് സ്ത്രീകളോടൊപ്പം ഇരിക്കുകയായിരുന്നു, പശ്ചിമ ബംഗാളിലെ ബീർഭും ജില്ലയീൽ ആദിത്യപുർ ഗ്രാമത്തിലെ 28 വയസ്സുകാരി. 28 വയസ്സുമുതൽ 65 വയസ്സുവരെയുള്ള ആ സ്ത്രീകൾ എല്ലാവരും ഭൂരഹിതരും മറ്റുള്ളവരുടെ പാടങ്ങളിൽ പണിയെടുക്കുന്നവരുമാണ്. അവർ ലോഹർ സമുദായക്കാരാണ്. പശ്ചിമ ബംഗാളിലെ പട്ടികജാതി വിഭാഗത്തിലുൾപ്പെട്ടവരാണ് അവർ.
“ഞങ്ങൾ വീട്ടിലെ പണികളൊക്കെ രാവിലെത്തന്നെ തീർത്തിട്ട്, പശുക്കളേയും ആടുകളേയും മേയ്ക്കാൻ വന്നിരിക്കുകയാണ്”, അവർ പറയുന്നു.
“ഞങ്ങൾക്ക് മാത്രമായുള്ള സമയം കണ്ടെത്താൻ ഞങ്ങൾക്കറിയാം. പക്ഷേ അത് ഞങ്ങൾ പറഞ്ഞുതരില”, അവർ കളിയായി പറയുന്നു.
“അങ്ങിനെ സമയം കിട്ടുമ്പോൾ നിങ്ങൾ എന്താണ് ചെയ്യാറുള്ളത?”, ഞങ്ങൾ ചോദിച്ചു.
“മിക്കവാറും ഒന്നും ചെയ്യാറില്ല. ഒന്ന് ഉറങ്ങാനോ, എനിക്ക് വേണ്ടപ്പെട്ട സ്ത്രീകളുമായി സംസാരിക്കാനോ ആണ് എനിക്കിഷ്ടം”, കൂട്ടത്തിലുള്ള മറ്റ് സ്ത്രീകളെ അർത്ഥവത്തായി നോക്കിക്കൊണ്ട് റൂമ പറയുന്നു. എല്ലാവരും ചിരിക്കാൻ തുടങ്ങി.
“ഞങ്ങൾ ജോലി ചെയ്യുമെന്ന് കരുതുന്ന ഒരാളുമില്ല. ഞങ്ങൾ സ്ത്രീകൾക്ക് സമയം പാഴാക്കാൻ മാത്രമേ അറിയൂ എന്നാണ് എല്ലാവരും പറയുന്നത്”.
മഹാരാഷ്ട്രയിൽനിന്ന് ദേവേഷും ജ്യോതി ഷിനോലിയും ; ചത്തീസ്ഗഢിൽനിന്ന് പുരുഷോത്തം താക്കൂർ ; ബിഹാറിൽനിന്ന് ഉമേഷ് കുമാർ ; പശ്ചിമ ബംഗാളിൽനിന്ന് സ്മിത ഖടോർ; ഉത്തർ പ്രദേശിൽനിന്ന് പ്രീതി ഡേവിഡ് എന്നിവരാണ് ഈ കഥകൾ റിപ്പോർട്ട് ചെയ്തത് . റിയ ബെഹൽ , സാൻ വിതി അയ്യർ , ജോഷ്വ ബോധിനേത്ര , വിശാഖ ജോർജ്ജ് എന്നിവർ എഡിറ്റോറിയൽ പിന്തുണ നൽകി . ഫോട്ടോ എഡിറ്റിംഗ് നിർവ്വഹിച്ചത് ബിനായ്ഫർ ഭറൂച്ച .
കവർ ഫോട്ടോ: സ്മിത ഖടോർ
പരിഭാഷ: രാജീവ് ചേലനാട്ട്