തന്റെ ഭാരത്തിൽ 5 കിലോ കുറഞ്ഞപ്പോഴാണ് കുഴപ്പമായെന്ന് ബജ്രംഗ് ഗായക്വാഡിന് മനസ്സിലായത്. "നേരത്തെ ഞാൻ ദിവസേന 6 ലിറ്റർ എരുമ പാൽ കുടിക്കുകയും 50 ബദാംപരിപ്പും 12 പഴങ്ങളും 2 മുട്ടയും കഴിക്കുകയും ചെയ്തിരുന്നു – ഒന്നിടവിട്ട ദിവസങ്ങളിൽ ഇറച്ചിയും”, അദ്ദേഹം പറഞ്ഞു. ഇപ്പോൾ അദ്ദേഹം ഇവയൊക്കെ കഴിക്കുന്നത് 7 ദിവസങ്ങളിലായാണ്. ചിലപ്പോൾ അതിലുമധികം സമയമെടുക്കും. അദ്ദേഹത്തിന്റെ ഭാരം ഇപ്പോൾ 61 കിലോഗ്രാമായി കുറഞ്ഞിരിക്കുന്നു.
“ഒരു ഗുസ്തിക്കാരന് ഭാരം കുറയരുത്”, 25-കാരനായ ബജ്രംഗ് പറഞ്ഞു. കോൽഹാപൂർ ജില്ലയിലെ ജൂനെ പർഗാവ് ഗ്രാമത്തിൽ നിന്നുള്ള ഗുസ്തിക്കാരനാണദ്ദേഹം. "അത് നിങ്ങളെ ക്ഷീണിതനാക്കും. ഗുസ്തിയിൽ ഏറ്റവും മികച്ച നീക്കങ്ങൾ നടത്താൻ നിങ്ങൾക്ക് കഴിയില്ല. ഞങ്ങളുടെ ഭക്ഷണക്രമം പരിശീലനം പോലെതന്നെ പ്രധാനപ്പെട്ടതാണ്.” ഗ്രാമീണ പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ നിന്നുള്ള മറ്റ് നിരവധി ഗുസ്തിക്കാരെപ്പോലെ മണ്ണിൽ നടത്തുന്ന ഗുസ്തി മത്സരത്തിൽ (ചെമ്മണ്ണിൽ തുറന്ന വേദിയിൽ നടത്തുന്ന മത്സരം) നിന്ന് ലഭിക്കുന്ന സമ്മാന തുകയെയാണ് വലിയ ചിലവ് വരുന്ന ഭക്ഷണത്തിനായി ബജ്രംഗ് ദീർഘനാൾ ആശ്രയിച്ചിരുന്നത്.
പക്ഷെ കോൽഹാപൂരിലെ ദോനോലി ഗ്രാമത്തിൽ ബജ്രംഗ് അവസാന ശക്തി പരീക്ഷണം നടത്തിയിട്ട് ഇപ്പോൾ 500 ദിവസമായി. "ഇത്രയും വലിയൊരു ഇടവേള പരിക്കു പറ്റുമ്പോൾ പോലും ഞാൻ എടുക്കുമായിരുന്നില്ല”, അദ്ദേഹം പറഞ്ഞു.


ഇടത്: ബജ്രംഗും അദ്ദേഹത്തിന്റെ അമ്മ പുഷ്പ ഗായക്വാഡും . 2021 ജൂലൈയിൽ ഇവരുടെ വീട് വെള്ളപ്പൊക്കത്തിൽ അകപ്പെട്ടിരുന്നു. വലത് : പരിശീലകനായ മാരുതി മാനെ മഴ നശിപ്പിച്ച താലീം ( പരിശീലനസ്ഥലം ) പരിശോധിക്കുന്നു . ലോക്ക് ഡൗണു കൾ മൂലം ഒരു വർഷത്തിലധികമായി ഗുസ്തി മത്സരങ്ങളൊന്നും നടക്കാതിരിക്കുമ്പോഴാണ് വെള്ളപ്പൊക്കം വന്നത്
2020 മാർച്ച് മുതൽ മത്സരങ്ങൾ നിശ്ചലമാണ്. ലോക്ക്ഡൗണുകൾ ആരംഭിച്ചപ്പോൾ മഹാരാഷ്ട്രയിലുടനീളം ഗുസ്തി മത്സരങ്ങൾ നടക്കുന്ന ഗ്രാമമേളകൾ നിരോധിച്ചു. ഇപ്പോഴും നിരോധനം തുടരുന്നു.
കോവിഡ്-19 മഹാമാരി ആരംഭിക്കുന്നതിനു മുമ്പുള്ള ഗുസ്തി സീസണിൽ പടിഞ്ഞാറൻ മഹാരാഷ്ട്രയിലെയും വടക്കൻ കർണ്ണാടകയിലെയും ഗ്രാമങ്ങളിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ നിന്ന് ബജ്രംഗ് 150,000 രൂപ മൊത്തത്തിൽ നേടുമായിരുന്നു. ആ വർഷത്തെ അദ്ദേഹത്തിന്റെ മൊത്തവരുമാനം അതായിരുന്നു. "ഒരു നല്ല ഗുസ്തിക്കാരന് ഒരു സീസണിൽ 150 മത്സരങ്ങളിലെങ്കിലും പങ്കെടുക്കാൻ കഴിയും”, അദ്ദേഹം പറഞ്ഞു. ഒക്ടോബർ അവസാനം ആരംഭിക്കുന്ന ഗുസ്തി ഏപ്രിൽ-മെയ് മാസങ്ങൾ വരെ നീളുന്നു (കാലവർഷം തുടങ്ങുന്നതിനു മുൻപ്). "മുതിർന്ന ഗുസ്തിക്കാർ 20 ലക്ഷം വരെ നേടുമ്പോൾ സാധാരണ ഗുസ്തിക്കാർക്ക് ഒരു സീസണിൽ 50,000 രൂപവരെ നേടാൻ കഴിയും", ബജ്രംഗിന്റെ പരിശീലകൻ 51-കാരനായ മാരുതി മാനെ പറഞ്ഞു.
പടിഞ്ഞാറൻ മഹാരാഷ്ട്രയുടെയും കൊങ്കണിന്റെയും ഭാഗങ്ങളെ 2019 ഓഗസ്റ്റിൽ പ്രളയം ബാധിച്ചതിനാൽ ലോക്ക്ഡൗൺ തുടങ്ങുന്നതിനും മുൻപെ ഹാത്കണംഗ്ലെ താലൂക്കിലെ ജൂനെ പർഗാവ് ഗ്രാമത്തിലെ ബജ്രംഗും മറ്റ് ഗുസ്തിക്കാരും തിരിച്ചടി നേരിട്ടിരുന്നു. വാരണ നദിയുടെ വടക്കൻ തീരത്തിനടുത്തുള്ള ജൂനെ (പഴയ) പർഗാവും അടുത്തുള്ള പർഗാവും മൂന്നു ദിവസത്തെ മഴമൂലം വെള്ളപ്പൊക്കത്തിലായിരുന്നു. രണ്ടു ഗ്രാമങ്ങളിലുമായി 13130 ജനങ്ങൾ (സെൻസസ് 2011) വസിക്കുന്നു.


ലോക്ക്ഡൗണ് നിയന്ത്രണങ്ങള് മൂലം മഹാരാഷ്ട്രയിലുടനീളമുള്ള താലീമുകൾ പോലും അടച്ചിട്ടു. ഇത് ഗുസ്തി ക്കാരുടെ പരിശീലനത്തെ ബാധിച്ചു. പരിശീലനത്തിനും മത്സരത്തിനുമിടയ്ക്ക് വർദ്ധിച്ചു വരുന്ന ഇടവേള അവരിൽ പലരെയും മറ്റ് ജോലികളിലേക്ക് തിരിയാൻ നിർബന്ധിച്ചു
ജൂനെ പർഗാവിലെ ജയ് ഹനുമാൻ താലീമും മുങ്ങിപ്പോയിരുന്നു. മാരുതി മാനേയുടെ കണക്കു കൂട്ടലനുസരിച്ച് അതിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഇവിടെ നിന്നും അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നുമുള്ള 50-ലധികം ഗുസ്തിക്കാർ (എല്ലാവരും ആണുങ്ങൾ) തങ്ങളുടെ 23 x 20 അടി വലിപ്പമുള്ള പരിശീലന ഹാളിന്റെ അഞ്ചടി താഴ്ചയുള്ള ഗുസ്തി സ്ഥലം പുനർനിർമ്മിക്കുന്നതിനായി സാംഗ്ലി ജില്ലയിൽ നിന്നും ഒരു ട്രക്കിൽ 27,000 കിലോ ചുവന്ന മണ്ണ് കൊണ്ടുവരാനായി സഹായിച്ചു. ആ വകയിൽ അവർക്ക് 50,000 രൂപ ചിലവും വന്നു.
എന്നിരിക്കിലും, ലോക്ക്ഡൗണ് നിയന്ത്രണങ്ങള് മൂലം മഹാരാഷ്ട്രയിലുടനീളമുള്ള താലീമുകൾ പോലും അടച്ചിട്ടു. ഇത് ബജ്രംഗിന്റെയും മറ്റ് ഗുസ്തിക്കാരുടെയും പരിശീലനത്തെ ബാധിച്ചു. പരിശീലനത്തിനും മത്സരത്തിനുമിടയ്ക്ക് വർദ്ധിച്ചു വരുന്ന ഇടവേള അവരിൽ പലരെയും മറ്റ് ജോലികളിലേക്ക് തിരിയാൻ നിർബന്ധിതരാക്കി.
2021 ജൂണിൽ ബജ്രംഗും തന്റെ വീട്ടിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ഒരു ഓട്ടോമൊബൈൽ പാർട്സ് ഫാക്ടറിയിൽ തൊഴിലാളിയായി ജോലി ചെയ്തു. "പ്രതിമാസം എനിക്ക് 10,000 രൂപ ലഭിച്ചു. കുറഞ്ഞത് 7,000 രൂപയെങ്കിലും എനിക്ക് ഭക്ഷണത്തിന് വേണം”, അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പരിശീലകനായ മാരുതി മാനെ പറഞ്ഞത് ഏറ്റവും ഉയർന്ന തലത്തിലെ ഗുസ്തിക്കാർക്ക് എല്ലാ ദിവസവും ഭക്ഷണത്തിന് മാത്രം 1,000 രൂപ ചിലവഴിക്കണമെന്നാണ്. ഭക്ഷണ ക്രമം പാലിക്കാൻ പറ്റാതെ ഓഗസ്റ്റ് 2020-ഓടെ ബജ്രംഗ് ഭക്ഷണം കഴിക്കുന്നത് കുറച്ചു – അങ്ങനെ ഭാരം കുറയാൻ തുടങ്ങുകയും ചെയ്തു.
‘കുറഞ്ഞത് രണ്ട് മാസമെങ്കിലും ഒരു ഗുസ്തിക്കാരനും പരിശീലനം നടത്താൻ കഴിയില്ല’, പരിശീലകൻ മാനെ പറയുന്നു. ‘ആദ്യം മുഴുവൻ മണ്ണും ഒരു മാസത്തേക്ക് ഉണക്കണം'
കാർഷിക തൊഴിലാളിയായിരുന്ന അച്ഛൻ 2013-ൽ മരിച്ചതിനെ തുടർന്ന് ബജ്രംഗ് പല ജോലികൾ ചെയ്തിരുന്നു. കുറച്ചു കാലം അദ്ദേഹംഒരു പ്രാദേശിക പാൽ സഹകരണ സ്ഥാപനത്തിൽ പ്രതിദിനം 150 രൂപ കൂലിക്ക് - കൂടാതെ അപരിമിതമായ അളവിൽ പാലിനും - പാക്കിംഗ് ജോലികളും ചെയ്തിരുന്നു.
ഗോദായിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയെ അമ്മ 50-കാരിയായ പുഷ്പ പിന്തുണച്ചിരുന്നു. അതദ്ദേഹം ആരംഭിച്ചത് 12-ാം വയസ്സിൽ ഒരു പ്രദേശിക മത്സരത്തിലാണ്. "ഒരു കർഷക തൊഴിലാളിയായി പണിയെടുത്തുകൊണ്ട് [6 മണിക്കൂറിന് 100 രൂപ കൂലിക്ക്] ഞാനവനെ ഒരു ഗുസ്തിക്കാരനാക്കി. പക്ഷെ [ആവർത്തിച്ചുവരുന്ന] പ്രളയം നിമിത്തം ഇപ്പോൾ ഇത് വളരെ ബുദ്ധിമുട്ടായി തീർന്നിരിക്കുന്നു”, അവർ പറഞ്ഞു.
തൊഴിലാളിയായുള്ള ബജ്രംഗിന്റെ പുതിയ ജോലി കഠിനമാണ്. വളരെ നിർബന്ധമായി അദ്ദേഹം ചെയ്യേണ്ട പരിശീലനത്തിനുള്ള സമയം അത് അപഹരിക്കുകയും ചെയ്യുന്നു. "താലീമിലേക്ക് ഞാൻ പോകുന്നതായി തോന്നുക പോലും ചെയ്യാത്ത നിരവധി ദിവസങ്ങളുണ്ട്”, അദ്ദേഹം പറഞ്ഞു. 2020 മാർച്ച് മുതൽ ഈ ഹാളുകൾ അടച്ചിട്ടിരിക്കുകയാണെങ്കിലും കുറച്ച് ഗുസ്തിക്കാർ അകത്ത് പരിശീലനം തുടരുന്നു.

ജൂനെ പർഗാവ് ഗ്രാമത്തിലെ താലീം 2020 മാർച്ച് മുതൽ അടച്ചിട്ടിരിക്കുകയാണ്. കുറച്ച് ഗുസ്തിക്കാർ ചിലപ്പോൾ അകത്ത് പരിശീലനം തുടരുന്നു. മത്സര സമയത്ത് ശരീരത്തിൽ പിടിത്തം ലഭിക്കുന്നതിനായി അവർ ആദ്യം തന്നെ സ്വന്തം ശരീരത്തിൽ ചെമ്മണ്ണു പുരട്ടുന്നു
ഒരു വർഷത്തിലധികമായി ഹാൾ വിരളമായി ഉപയോഗിക്കപ്പെട്ട ശേഷം 2021 മെയ് മാസത്തിൽ ഗുസ്തിക്കാർ വീണ്ടും പരിശീലന സ്ഥലം തയ്യാറാക്കാൻ തുടങ്ങി. 520 ലിറ്ററോളം എരുമ പാൽ, 300 കിലോ മഞ്ഞൾ പൊടി, 15 കിലോഗ്രാം പൊടിച്ച കർപ്പൂരം, ഏകദേശം 2,500 നാരങ്ങ, 150 കിലോ ഉപ്പ്, 180 ലിറ്റർ പാചക എണ്ണ, 50 ലിറ്റർ വേപ്പ് കലക്കിയ വെള്ളം എന്നിവ ചെമ്മണ്ണിൽ കലർത്തി. ഈ മിശ്രിതം ഗുസ്തിക്കാരെ അണുബാധയിൽ നിന്നും മുറിവിൽ നിന്നും വലിയ പരിക്കുകളിൽ നിന്നും സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നു. ഇതിന് ചിലവായ 100,000 രൂപ ഗുസ്തിക്കാരും ഈ കായിക ഇനത്തെ പിന്തുണയ്ക്കുന്ന, പ്രദേശത്തു നിന്നുള്ള, മറ്റു ചിലരും തന്നെ വീണ്ടും വഹിച്ചു.
കഷ്ടിച്ച് രണ്ട് മാസങ്ങൾക്കു ശേഷം, ജൂലൈ 23-ന്, അവരുടെ ഗ്രാമം ഒരിക്കൽകൂടി മഴയിലും വെള്ളത്തിലും അകപ്പെട്ടു. “2019-ൽ വെള്ളം താലീമിന് 10 അടിയെങ്കിലും അകത്തായിരുന്നു. 2021-ൽ അത് 14 അടി കടന്നു”, ബജ്രംഗ് പറഞ്ഞു. "[വീണ്ടും] സംഭാവന നൽകുക എന്നത് ഞങ്ങൾക്ക് താങ്ങാവുന്നതായിരുന്നില്ല. അങ്ങനെ ഞാൻ പഞ്ചായത്തിൽ എത്തി. പക്ഷെ, ആരും മുന്നോട്ടു വന്നില്ല.”
"കുറഞ്ഞത് രണ്ട് മാസമെങ്കിലും ഒരു ഗുസ്തിക്കാരനും പരിശീലനം നടത്താൻ കഴിയില്ല’, പരിശീലകൻ മാനെ പറയുന്നു. ‘ആദ്യം മുഴുവൻ മണ്ണും ഒരു മാസത്തേക്ക് ഉണക്കണം. അതിന് ശേഷം അവർക്ക് പുതിയ ചെമ്മണ്ണ് വാങ്ങണം.”

ജൂനെ പര്ഗാവില് നിന്നുള്ള ഒരു ഗുസ്തിക്കാരൻ ശാരീരിക വ്യായാമത്തിന്റെ ഭാഗമായി വടത്തിൽ കയറുന്നു. ‘ നിങ്ങൾക്ക് ഒരു ദിവസമെങ്കിലും പരിശീലനം നഷ്ടപ്പെട്ടാൽ 8 ദിവസമെങ്കിലും നിങ്ങൾ പിന്നോക്കം പോകും ’, സച്ചിൻ പാട്ടീൽ പറയുന്നു
ഈ ഇടവേള നേരിട്ടുള്ള കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. "നിങ്ങൾക്ക് ഒരു ദിവസമെങ്കിലും പരിശീലനം നഷ്ടപ്പെട്ടാൽ 8 ദിവസമെങ്കിലും നിങ്ങൾ പിന്നോക്കം പോകും’, 29-കാരനായ സച്ചിൻ പാട്ടീൽ പറഞ്ഞു. പേരുകേട്ട കേസരി മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി, സാധാരണയായി നവംബർ-ഡിസംബർ മാസങ്ങളിൽ, ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത് മഹാരാഷ്ട്ര സ്റ്റേറ്റ് റെസ്റ്റ്ലിംഗ് അസോസിയേഷനാണ്. 2020 ഫ്രെബ്രുവരിയിൽ അദ്ദേഹം 7 മത്സരങ്ങൾ ഹരിയാനയിൽ നേടിയിട്ടുണ്ട്. "അതൊരു നല്ല സീസൺ ആയിരുന്നു. എനിക്ക് 25,000 രൂപ കിട്ടുകയും ചെയ്തു”, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 4 വർഷങ്ങളായി കർഷക തൊഴിലാളിയായി ജോലി ചെയ്യുന്ന സച്ചിൻ ചിലപ്പോൾ പാടത്ത് രാസവളങ്ങൾ തളിക്കുന്ന ജോലി ആയിരിക്കും ചെയ്യുന്നത് - കൂലി പ്രതിമാസം ഏകദേശം 6,000 രൂപ. കുറച്ചു കാലത്തേക്ക് അദ്ദേഹത്തിന് കോൽഹാപൂർ ജില്ലയിലെ വാരണ പഞ്ചസാര സഹകരണ സ്ഥാപനത്തിൽ നിന്നും കുറച്ച് സഹായങ്ങൾ ലഭിച്ചിരുന്നു – പ്രതിമാസ സ്റ്റൈൻഡ് 1,000 രൂപ, പ്രതിദിനം ഒരു ലിറ്റർ പാൽ, താമസിക്കാനൊരു സ്ഥലം എന്നിങ്ങനെ. (മികച്ച വിജയങ്ങൾ നേടിയിട്ടുള്ള ചെറുപ്പക്കാരായ ഗുസ്തിക്കാർക്ക് സംസ്ഥാനത്തെ പഞ്ചസാര, പാൽ സഹകരണ സ്ഥാപനങ്ങളിൽ നിന്നും ചിലപ്പോൾ ഇത്തരത്തിലുള്ള സഹായങ്ങൾ ലഭിക്കാറുണ്ട് – 2014 മുതൽ 2017 വരെ ബജ്രംഗിന് ലഭിച്ചതുപോലെ.)
2020 മാർച്ചിന് മുൻപ് രാവിലെ 4:30 മുതൽ 9 മണിവരെയും വീണ്ടും ഉച്ചകഴിഞ്ഞ് 5:30-ന് ശേഷവും അദ്ദേഹം പരിശീലനം നടത്തുമായിരുന്നു. “പക്ഷെ ലോക്ക്ഡൗണിന്റെ സമയത്ത് അവർക്ക് പരിശീലിക്കാൻ കഴിഞ്ഞില്ല. അതിന്റെ ഫലം ഇപ്പോൾ പ്രകടവുമാണ്”, പരിശീലകനായ മാനെ പറഞ്ഞു. വീണ്ടും മത്സരിക്കാൻ പ്രാപ്തരാകുന്നതിന് ഗുസ്തിക്കാർക്ക് ഏറ്റവും കുറഞ്ഞത് 4 മാസത്തെയെങ്കിലും കഠിനമായ പരിശീലനം ആവശ്യമാണെന്ന് അദ്ദേഹം കണക്ക് കൂട്ടുന്നു. എന്നിരിക്കിലും, രണ്ട് വെള്ളപ്പൊക്കങ്ങളും കോവിഡും കാരണം 2019-ന്റെ മദ്ധ്യം മുതൽ വെറും രണ്ട് വർഷത്തിനുള്ളിൽ ഗുസ്തിക്കുള്ള തന്റെ പ്രധാനപ്പെട്ട സമയം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് സച്ചിൻ ഭയപ്പെട്ടു.

ഇത്തരം തുടർച്ചയായ തിരിച്ചടികൾ കാരണം ഒരിക്കൽ ജനകീയ കായിക ഇനവും നേരത്തെ തന്നെ തകർച്ചയിലുമായിരുന്ന ഗുസ്തി ഇപ്പോൾ ഗുരുതരമായ രീതിയിൽ തകർച്ചയിലാണ്
"നിങ്ങളുടെ ഏറ്റവും നല്ല സമയം 25 മുതൽ 30 വയസ്സ് വരെയുള്ള പ്രായമാണ്. അതിന് ശേഷം ഗുസ്തി തുടരുക ബുദ്ധിമുട്ടാണ്”, മാനെ വിശദീകരിച്ചു. 20-ലേറെ വർഷങ്ങൾ ഗുസ്തി മത്സരത്തിൽ ഏർപ്പെട്ടിട്ടുള്ള അദ്ദേഹം കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഒരു പ്രാദേശിക സ്വകാര്യ ആശുപത്രിയിൽ സുരക്ഷാ ജവനക്കാരനായും ജോലിയെടുത്തിട്ടുണ്ട്. "ഒരു ഗ്രാമീണ ഗുസ്തിക്കാരന്റെ ജീവിതം മുഴുവൻ ബുദ്ധിമുട്ടുകളും ദുഃഖങ്ങളും നിറഞ്ഞതാണ്. ഏറ്റവും മികച്ച ഗുസ്തിക്കാർ പോലും തൊഴിലാളികളായി പണിയെടുക്കുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം തുടർച്ചയായ തിരിച്ചടികൾ കാരണം ഒരിക്കൽ ജനകീയ കായിക ഇനവും നേരത്തെ തന്നെ തകർച്ചയിലുമായിരുന്ന ഗുസ്തി ഇപ്പോൾ ഗുരുതരമായ രീതിയിൽ തകർച്ചയിലാണ്. മഹാരാഷ്ട്രയിൽ തുറന്ന വേദിയിലെ ഗുസ്തിയെ ജനകീയവത്കരിച്ചത് ഭരണാധികാരിയും സാമൂഹ്യ പരിഷ്കർത്താവുമായ ശാഹു മഹാരാജാണ് (1890 അവസാനത്തോടെ). അഫ്ഗാനിസ്ഥാൻ, ഇറാൻ, പാക്കിസ്ഥാൻ, തുർക്കി, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഗുസ്തിക്കാരെ ഗ്രാമങ്ങളിൽ വളരെയധികം ആവശ്യമുണ്ട്. (കാണുക: Kushti: the secular & the syncretic ).
"ഒരു ദശകത്തിന് മുൻപ് ജൂനെ പർഗാവിൽ കുറഞ്ഞത് 100 ഗുസ്തിക്കാർ ഉണ്ടായിരുന്നു. ഇപ്പോഴത് കുറഞ്ഞ് 55 ആയി തീർന്നിരിക്കുന്നു. ആളുകൾക്ക് പരിശീലനത്തിനുള്ള പണമില്ല”, മാരുതി പറഞ്ഞു. ധൻഗർ സമുദായത്തിൽ പെടുന്ന അദ്ദേഹം മാനെ കുടുംബത്തിലെ രണ്ടാം തലമുറ ഗുസ്തിക്കാരനാണ്. ഘുനകി, കിണി, നിലെവാഡി, പർഗാവ്, ജൂനെ പർഗാവ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ അദ്ദേഹം സൗജന്യമായി പരിശീലിപ്പിക്കുന്നു.
!['This year [2021], the floods were worse than 2019' says Bajrang, and the water once again caused widespread destruction in Juney Pargaon village](/media/images/08a-IMG_7144-SJ-In_Kolhapur-_wrestlers_die.max-1400x1120.jpg)
!['This year [2021], the floods were worse than 2019' says Bajrang, and the water once again caused widespread destruction in Juney Pargaon village](/media/images/08b-IMG_7246-SJ-In_Kolhapur-_wrestlers_die.max-1400x1120.jpg)
‘ഈ വര്ഷത്തെ [2021] വെള്ളപ്പൊക്കം 2019- ലേ തി നേക്കാൾ മോശമായിരുന്നു ’, ബജ്രംഗ് പറയുന്നു. വെള്ളം ഒരിക്കൽ കൂടി ജൂനെ പർഗാവ് ഗ്രാമത്തിൽ വ്യാപകമായ നാശത്തിന് കാരണമായി
അദ്ദേഹം ഗുസ്തിക്ക് നേടിയിട്ടുള്ള ട്രോഫികൾ താലീമിലെ ഉയർന്ന ചുവരലമാരയെ അലങ്കരിക്കുന്നു. അതവിടെ വെള്ളപ്പൊക്കത്തിൽ നിന്നും സുരക്ഷിതമാണ്. "ജൂലൈ 23 [2021] രാത്രി 2 മണിക്ക് ഞങ്ങൾ വീട് വിട്ട് അടുത്തൊരു പാടത്തേക്ക് പോയി. വെള്ളം പെട്ടെന്ന് തന്നെ ഉയരാൻ തുടങ്ങുകയും ഒരു ദിവസത്തിനകം മുഴുവൻ ഗ്രാമവും വെള്ളത്തിൽ മുങ്ങുകയും ചെയ്തു”, പ്രളയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു. മാനേ കുടുംബം സുരക്ഷിതമായി അവരുടെ 6 ആടുകളെയും ഒരു എരുമയേയും ഒഴിപ്പിച്ചു. പക്ഷെ 25 കോഴികളെ നഷ്ടപ്പെട്ടു. ജൂലൈ 28-ന് പ്രളയജലം ഇറങ്ങാൻ തുടങ്ങിയതിനു ശേഷം മാരുതി വേറെ 28 പേർക്കൊപ്പം താലീം സന്ദർശിക്കുകയും എല്ലാം നശിച്ചിരിക്കുന്നതായി കണ്ടെത്തുകയും ചെയ്തു.
ഗുസ്തിക്കാരുടെ പുതുതലമുറയുടെ മേൽ ഇത് അധികമായി ഉണ്ടാക്കാൻ പോകുന്ന ആഘാതത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആശങ്ക. രണ്ട് വർഷത്തെ [2018-19] മത്സരങ്ങളിൽ പത്തിലധികം വിജയങ്ങള് 20-കാരനായ മയൂർ ബാഗഡി നേടി. സാംഗ്ലി ജില്ലയിൽ ബി.എ. വിദ്യാർത്ഥിയാണ് ബാഗഡി. "എനിക്ക് കൂടുതൽ പഠിക്കാനും യാത്ര ചെയ്യാനും കഴിയുന്നതിനു മുൻപ് ലോക്ക്ഡൗൺ എല്ലാം കവർന്നെടുത്തു”, അദ്ദേഹം പറഞ്ഞു. അപ്പോൾ മുതൽ, രണ്ട് എരുമകളുടെ പാൽ കറന്നും സ്വന്തം പാടത്ത് പണിയെടുത്തും അദ്ദേഹം കുടുംബത്തെ സഹായിക്കുന്നു.
2020 ഫെബ്രുവരിയിൽ ഘുനകി ഗ്രാമത്തിൽ താൻ പങ്കെടുത്ത അവസാന മത്സരത്തിൽ അദ്ദേഹത്തിന് 2,000 രൂപ ലഭിച്ചു. "തുകയുടെ 80 ശതമാനം വിജയിക്കും 20 ശതമാനം രണ്ടാം സ്ഥാനക്കാരനുമാണ്”, സച്ചിൻ പാട്ടീൽ വിശദീകരിച്ചു. ഈ രീതിയിൽ ഓരോ മത്സരവും വരുമാനം നൽകുന്നു.
അടുത്ത സമയത്തെ പ്രളയത്തിന് മുൻപ് മയൂറും നിലേവാഡിയിൽ നിന്നുള്ള മറ്റ് മൂന്ന് ഗുസ്തിക്കാരും ജൂനെ പർഗാവിലേക്ക് 4 കിലോമീറ്റർ പലപ്പോഴും യാത്ര ചെയ്തിരുന്നു. "ഞങ്ങളുടെ ഗ്രാമത്തിൽ താലീം ഇല്ലായിരുന്നു”, അദ്ദേഹം പറഞ്ഞു.


ഇടത്: 2005 - ലേയും 2019- ലേയും വെള്ളപ്പൊക്കങ്ങളിലും ഗുസ്തിക്കാരനായ സച്ചിൻ പാട്ടീലിന്റെ വീടിന് കേടുപാടുകൾ പറ്റിയിരുന്നു. വലത് : രണ്ട് വർഷത്തിനുള്ളിൽ പത്തിലധികം മത്സരങ്ങൾ നേടിയ നിലേവാഡിയിൽ നിന്നുള്ള മയൂർ ബാഗഡി
കഴിഞ്ഞ മാസം "ഒരു ദിവസം ഞങ്ങൾ മൂന്നടി വെള്ളത്തിലായിരുന്നു. രക്ഷപെടുത്തപ്പെട്ടതിനു ശേഷം എനിക്ക് പനിക്കുന്നതു പോലെ തോന്നി”, അദ്ദേഹം പറഞ്ഞു. ബാഗഡി കുടുംബം പർഗാവ് ഗ്രാമത്തിലെ ഒരു സ്വകാര്യ സ്ക്കൂളിൽ ഒരാഴ്ച താമസിച്ചു. "ഞങ്ങളുടെ വീട് മുഴുവൻ മുങ്ങി, 10 ഗുൺ O [0.25 ഏക്കർ] കൃഷിസ്ഥലം പോലും”, ബാഗഡി കൂട്ടിച്ചേർത്തു. 60,000 രൂപയ്ക്കുള്ള 20 ടൺ കരിമ്പിന്റെ വിളവെടുപ്പാണ് കുടുംബം പ്രതീക്ഷിച്ചിരുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 70 കിലോ ചോളവും ഗോതമ്പും അരിയും അവർക്ക് നഷ്ടപ്പെട്ടു. "എല്ലാം നഷ്ടപ്പെട്ടു”, മയൂർ പറഞ്ഞു.
പ്രളയത്തിനു ശേഷം വീട് വൃത്തിയാക്കാൻ മയൂർ തന്റെ മാതാപിതാക്കളെ (കർഷകരും കർഷക തൊഴിലാളികളുമാണവർ) സഹായിച്ചു. "നാറ്റം പോകുന്നില്ല, പക്ഷെ ഞങ്ങൾക്കിവിടെ ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും വേണം”, അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്കങ്ങൾ വർദ്ധിതമാംവണ്ണം മോശമായിക്കൊണ്ടിരിക്കുന്നുവെന്ന് ബജ്രംഗ് പറഞ്ഞു. "2019-ലെ വെള്ളപ്പൊക്കം 2005-ലേതിനേക്കാൾ കൂടുതൽ അപകടകരമായിരുന്നു. 2019-ൽ ഒരു രൂപ പോലും ഞങ്ങൾക്ക് നഷ്ടപരിഹാരമായി ലഭിച്ചില്ല. ഈ വർഷത്തെ [2021] വെള്ളപ്പൊക്കം 2019-ലേതിനേക്കാൾ മോശമായിരുന്നു”, അദ്ദേഹം പറഞ്ഞു. "ഐ.പി.എല്ലിന് (ഇൻഡ്യൻ പ്രീമിയർ ലീഗ്) പിന്തുണ നൽകാനും മറ്റൊരു രാജ്യത്തേക്ക് മത്സരം മാറ്റാനും വരെ സർക്കാരിന് കഴിയുമെങ്കിൽ എന്തുകൊണ്ട് ഗുസ്തിയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുന്നില്ല?"
"ഏത് സാഹചര്യത്തിലും ഏത് ഗുസ്തിക്കാരനോടും എനിക്ക് ഏറ്റുമുട്ടാം”, സച്ചിൻ കൂട്ടിച്ചേർത്തു. "പക്ഷെ എനിക്ക് കോവിഡിനോടും രണ്ട് വെള്ളപ്പൊക്കങ്ങളോടും പൊരുതാനാവില്ല.”
പരിഭാഷ: റെന്നിമോന് കെ. സി.