ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.

ചന്തയിലേക്ക് , ചന്തയിലേക്ക്...

മുളകളുടെ ഉയരം അവയിവിടെയെത്തിച്ച സ്ത്രീളുടെ ഏതാണ്ട് മൂന്നിരട്ടിയാണ്. ഓരോ സ്ത്രീയും ഝാർഖണ്ഡിലെ ഗൊഡ്ഡയിലെ ഈ പ്രതിവാര ഹാട്ടിലേക്ക് (ഗ്രാമ ചന്ത) ഒന്നോ അതിലധികമോ ചുമട് എത്തിച്ചിട്ടുണ്ട്. ചിലർ മുളകൾ തലയിലോ തോളിലോ ചുമന്ന് 12 കിലോമീറ്ററിലധികം നടന്നാണ് ഇവിടെത്തിയത്. അതിനുമുൻപ് മുളകൾ മുറിച്ചുകൊണ്ട് മണിക്കൂറുകളോളം കാട്ടിൽ അവർ ചിലവഴിച്ചിട്ടുണ്ടെന്നത് തീർച്ചയാണ്.

ഈ ശ്രമങ്ങൾക്കെല്ലാം ശേഷം ദിനാന്ത്യത്തിൽ 20 രൂപയുണ്ടാക്കാനായിരിക്കും അവർക്ക് ഭാഗ്യം കിട്ടുക. ഗൊഡ്ഡയിൽ തന്നെയുള്ള മറ്റൊരു ഹാട്ടിലേക്ക് നീങ്ങുന്നവർക്ക് കുറച്ചുകൂടി കുറവാരിക്കും ലഭിക്കുക. തലയിൽ ഉയരത്തിൽ ഇലകളുടെ കെട്ടുകളുമായി എത്തുന്ന സ്ത്രീകൾ അവയൊക്കെ തുന്നിച്ചേർക്കുന്നു. ശേഷം വളരെ മികച്ച താത്കാലിക ഭക്ഷണ ‘പാത്രങ്ങൾ’ ഉണ്ടാക്കുന്നു. ചായക്കടകളും ഹോട്ടലുകളും കാന്റീനുകളും ഇവ നൂറുകണക്കിന് വാങ്ങുന്നു. സ്ത്രീകൾക്ക് 15-20 രൂപ ലഭിക്കും. അടുത്തദിവസം റെയിൽവേ സ്റ്റേഷനുകളിൽ നിന്നും അവയിൽ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും അവയെങ്ങനെ അവിടെത്തിയെന്ന്.

വീഡിയോ കാണുക : ‘ എവിടെപ്പോകണമെങ്കിലും 15-20 കിലോമീറ്ററുകൾ മലകളിലൂടെ ഇരുവശത്തേക്കും നടക്കണം

എല്ലാ സ്ത്രീകൾക്കും ഒരുപാട് ദൂരങ്ങൾ താണ്ടാനും വീട്ടിൽ പല ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാനുമുണ്ട്. ചന്തദിനത്തിലെ സമ്മർദ്ദം വലുതാണ്. ഹാട്ട് ഒരു പ്രതിവാര പരിപാടിയാണ്. അതിനാൽ ഇന്നത്തെ ദിവസം ചെറുകിട ഉൽപാദകർ അല്ലെങ്കിൽ കച്ചവടക്കാർ ഉണ്ടാക്കുന്നതുകൊണ്ടു വേണം അടുത്ത 7 ദിവസങ്ങൾ കുടുംബങ്ങൾക്ക് ജീവിക്കാൻ. അവർക്ക് മറ്റ് സമ്മർദ്ദങ്ങളുമുണ്ട്. പലപ്പോഴും ഗ്രാമത്തോട് ചേരുന്നയിടങ്ങളിൽ വായ്പാദാതാക്കളുടെ മുൻപിൽ ഇവർ ചെന്ന് പെടുകയും അവർ ഇവരെ തുച്ഛമായ വിലയ്ക്ക് ഉൽപന്നങ്ങൾ വിൽക്കാനായി നിർബന്ധിക്കുകയും ചെയ്യുന്നു. ചിലർ അതിന് വഴങ്ങുന്നു.

മറ്റുള്ളവർ തങ്ങൾക്ക് പണം വായ്പ നൽകിയവർക്കു മാത്രമേ ഉൽപന്നങ്ങൾ വിൽക്കൂ എന്ന ധാരണയിൽ എത്തിച്ചേരുന്നു. വ്യാപാരികളുടെ കടകളിൽ അവർ കാത്ത് നിൽക്കുന്നത് നിങ്ങൾക്ക് പലപ്പോഴും കാണാൻ കഴിയും. ഒഡീഷയിലെ റായ്‌ഗഢിലെ ഒരു കടയിൽ അതിന്‍റെ ഉടമയായ വ്യാപാരിയെ കാത്തിരിക്കുന്ന ആദിവാസി സ്ത്രീയുടെ കാര്യവും ഇതുതന്നെ. മണിക്കൂറുകളോളം അവർ അവിടെ പെട്ടു പോകുന്നു. ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശങ്ങളിൽ അതേ ആദിവാസി വിഭാഗത്തിൽപെട്ട കൂടുതൽ ആളുകൾ ചന്തയിലേക്കുള്ള പാതയിലാണ്. അവരിൽ പലർക്കും വ്യാപാരികളോട് സാമ്പത്തിക ബാദ്ധ്യതയുള്ളതിനാൽ അവരുടെ വിലപേശൽ ശേഷി വലിയരീതിയിൽ ദുർബലപ്പെടുന്നു.

PHOTO • P. Sainath
PHOTO • P. Sainath
PHOTO • P. Sainath

സ്ത്രീകളായ കച്ചവടക്കാർ ലൈംഗിക പീഡനങ്ങൾ ഉൾപ്പെടെയുള്ള ഭീഷണികൾ എല്ലായിടത്തും നേരിടുന്നു. ഇവിടെ ഇത് പോലീസുകാർ മാത്രമല്ല, വനപാലകരും ചെയ്യുന്നു.

ഒഡീഷയിലെ മാല്‍കാൻഗിരിയിലെ ബോണ്ഡാ സ്ത്രീകൾക്ക് നിരാശാജനകമായ ഒരു ദിവസമാണ് ചന്തയിലുണ്ടായത്. പക്ഷെ അവർ തങ്ങളുടെ ഭാരമുള്ള പെട്ടി വിദഗ്ദ്ധമായി ബസിന്‍റെ മുകളിലേക്ക് കയറ്റി. ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ് അവരുടെ ഗ്രാമത്തിൽ നിന്നും വളരെ അകലെയായതിനാൽ പിന്നീടവർക്ക് അത്രയും ദൂരം പെട്ടി ചുമന്നുവേണം വീട്ടിലെത്താൻ.

ഝാർഖണ്ഡിലെ പലാമുവിലെ ഹാട്ടിലേക്ക് തന്‍റെ കുഞ്ഞിനേയുമെടുത്ത് മുളകളും കുറച്ച് ഉച്ചഭക്ഷണവുമായി നീങ്ങുന്ന സ്ത്രീ. ഒരു കുട്ടി അല്ലാതെയും കൂടെയുണ്ട്.

PHOTO • P. Sainath
PHOTO • P. Sainath

ചെറുകിട ഉൽപാദകരോ കച്ചവടക്കാരോ ആയി പണിയെടുക്കുന്നതിലൂടെ രാജ്യത്തെ ദശലക്ഷക്കണക്കിന് സ്ത്രീകൾ നേടുന്ന വരുമാനം ഓരോരുത്തരുടേതായി നോക്കിയാൽ ചെറുതാണ്. നീതിയുടെയും പ്രയത്നത്തിന്‍റെയും കാര്യത്തിലെന്നപോലെ. പക്ഷെ കുടുംബത്തിന്‍റെ അതിജീവനത്തിന്‍ ഇത് നിർണ്ണായകമാണ്.

ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിലെ ചന്തയിൽ കോഴിയിറച്ചി മുറിച്ചു വിൽക്കുന്ന ഈ പെൺകുട്ടിയുടെ പ്രായം വെറും 13 വയസ്സാണ്. അവളെപ്പോലെ തന്നെ അവളുടെ അയൽവാസിയായ പെൺകുട്ടിയും അതേ ചന്തയിൽ പച്ചക്കറികൾ വിൽക്കുന്നു. അതേ പ്രായത്തിലുള്ള അവരുടെ ബന്ധുക്കളായ ആൺകുട്ടികൾക്ക് സ്ക്കൂളിൽ പോകാനുള്ള വളരെ മെച്ചപ്പെട്ട ഭാഗ്യം ഉണ്ട്. ചന്തയിൽ തങ്ങളുടെ സാധനങ്ങൾ വിൽക്കുന്നത് കൂടാതെ ഈ പെൺകുട്ടികൾക്ക് വീട്ടിൽ ‘സ്ത്രീകളുടെ ജോലി’കളും ഒരുപാട് ചെയ്യാനുണ്ട്.

PHOTO • P. Sainath
PHOTO • P. Sainath

പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath
psainath@gmail.com

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.