പടിഞ്ഞാറൻ മഹാരാഷ്ട്രയുടെ ഈ ഭാഗത്തെ കർഷക കുടുംബങ്ങളിൽനിന്നുള്ള കായികതാരമായ സാനിയ മുള്ളാനിക്ക് ആദ്യത്തെ മൺസൂൺ മഴ എപ്പോഴും അവൾ ജനിച്ച ദിവസവുമായി ബന്ധപ്പെട്ട ഒരു പ്രവചനത്തിന്റെ ഓർമ്മപ്പെടുത്തലാണ്.
2005 ജൂലൈയിൽ മഹാരാഷ്ട്രയിൽ 1,000 ജീവനെടുക്കുകയും 20 ദശലക്ഷം മനുഷ്യരെ ബാധിക്കുകയും ചെയ്ത ഭീകരമായ വെള്ളപ്പൊക്കത്തിന് ഒരാഴ്ചയ്ക്കുശേഷമാണ് അവൾ ജനിച്ചത്.. “അവൾ ജനിച്ചത് വെള്ളപ്പൊക്ക സമയത്താണ്, അതിനാൽ, അവൾ കൂടുതൽ സമയവും വെള്ളപ്പൊക്കത്തിൽത്തന്നെ ചിലവിടും.” എന്ന് ആളുകൾ അവളുടെ മാതാപിതാക്കളോട് പറഞ്ഞതായി പറയപ്പെടുന്നു
2022 ജൂലൈ ആദ്യവാരം കനത്ത മഴ പെയ്യാൻ തുടങ്ങിയപ്പോൾ പതിനേഴുകാരിയായ സാനിയ ഇത് വീണ്ടും ഓർത്തു, "ജലനിരപ്പ് ഉയരുന്നു എന്ന് കേൾക്കുമ്പോഴെല്ലാം മറ്റൊരു വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു," എന്ന് മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലെ ഹട്ക്കനംഗലെ താലൂക്കിലെ ഭെന്ദവാഡേ ഗ്രാമത്തിലെ ഈ താമസക്കാരി പറയുന്നു.
സാനിയ ഓർക്കുന്നു "2019 ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തിൽ, കേവലം 24 മണിക്കൂറിനുള്ളിൽ ഞങ്ങളുടെ വീട്ടിൽ വെള്ളം ഏഴടി ഉയർന്നു." വീട്ടിലേക്ക് വെള്ളം കയറാൻ തുടങ്ങിയതോടെ മുള്ളാനി കുടുംബം രക്ഷപ്പെട്ടു, പക്ഷേ ആ സംഭവം സാനിയയിൽ ആഴത്തിലുള്ള മാനസികാഘാതം ഉണ്ടാക്കി.
2021 ജൂലൈയിൽ അവരുടെ ഗ്രാമത്തിൽ വീണ്ടും വെള്ളപ്പൊക്കം നാശം വിതച്ചു. ഇക്കുറി, കുടുംബം ഗ്രാമത്തിന് പുറത്തുള്ള ദുരിതാശ്വാസക്യാമ്പിലേക്ക് മൂന്നാഴ്ചത്തേക്ക് മാറി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സുരക്ഷ ഉറപ്പുവരുത്തിയതിനുശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.
തായ്ക്വോണ്ടോ ചാമ്പ്യനായ സാനിയയുടെ ബ്ലാക്ക് ബെൽറ്റാകാനുള്ള പരിശീലനത്തിന് 2019-ലെ വെള്ളപ്പൊക്കത്തിനുശേഷം തിരിച്ചടി നേരിട്ടു. കഴിഞ്ഞ മൂന്നുവർഷമായി അവൾക്ക് ക്ഷീണം, അസ്വസ്ഥത, ക്ഷോഭം, വർദ്ധിച്ച ഉത്കണ്ഠ എന്നിവ അനുഭവപ്പെടുന്നു. അവൾ പറയുന്നു "എനിക്ക് എന്റെ പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല, എന്റെ പരിശീലനം ഇപ്പോൾ മഴയെ ആശ്രയിച്ചിരിക്കുന്നു."
രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോൾ, കാലക്രമേണ സുഖം പ്രാപിക്കുമെന്ന് അവൾ കരുതി. അത് സംഭവിക്കാതെ വന്നപ്പോൾ അവൾ ഒരു ഡോക്ടറെ സമീപിച്ചു. 2019 ഓഗസ്റ്റ് മുതൽ, അവൾ കുറഞ്ഞത് 20 തവണ ഡോക്ടറെ സന്ദർശിച്ചിട്ടുണ്ട്, പക്ഷേ തലകറക്കം, ക്ഷീണം, ശരീരവേദന, ആവർത്തിച്ചുള്ള പനി, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിവില്ലാത്ത അവസ്ഥ, സമ്മർദ്ദത്തിലാണെന്ന തോന്നൽ തുടങ്ങിയവയ്ക്ക് ഒരു മാറ്റവുമില്ല.
"ഇപ്പോൾ, ഡോക്ടറെ കാണാൻ പോകുന്ന കാര്യംപോലും പേടിസ്വപ്നമായി തോന്നുന്നു" അവൾ പറയുന്നു. "ഒരു ഡോക്ടറെ ഒരുതവണ കാണാൻ കുറഞ്ഞത് 100 രൂപ ആണ്. പിന്നെ മരുന്നുകൾക്കും പലവിധ പരിശോധനകൾക്കും തുടർനടപടികൾക്കും ചിലവുണ്ട്, "ഒരു ഡ്രിപ്പ് ഇടേണ്ടിവന്നാൽ ഓരോ കുപ്പിയ്ക്കും 500 രൂപ കൊടുക്കണം."
കൺസൾട്ടേഷനുകൾകൊണ്ട് ഗുണമില്ലെന്ന് കണ്ടപ്പോൾ, അവളുടെ സുഹൃത്തുക്കളിൽ ഒരാൾ ഒരു പരിഹാരം നിർദ്ദേശിച്ചു: “നീ നിന്റെ പരിശീലനവുമായി മുന്നോട്ട് പോകൂ“. പക്ഷേ അതും സഹായിച്ചില്ല. അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന അവളുടെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടറോട് സംസാരിച്ചപ്പോൾ, അയാൾ പറഞ്ഞു, "സമ്മർദം ചെലുത്തരുത്" പക്ഷേ, അടുത്ത മഴ എങ്ങനെ ആയിരിക്കുമെന്നും അത് അവളുടെ കുടുംബത്തെ എത്രത്തോളം ബാധിക്കുമെന്നുമുള്ള ആശങ്ക നിലനിൽക്കുമ്പോൾ അവൾക്ക് പിന്തുടരാൻ ഏറ്റവും ബുദ്ധിമുട്ടുള്ള നിർദ്ദേശമാണത്.
ഒരേക്കർ ഭൂമി സ്വന്തമായുള്ള സാനിയയുടെ പിതാവ് ജാവേദിന് 2019, 2021 വർഷങ്ങളിലെ വെള്ളപ്പൊക്കത്തിൽ 100,000 കിലോയിലധികം കരിമ്പ് നഷ്ടപ്പെട്ടു. കനത്ത മഴയും കൂലംകുത്തിയൊഴുകിയ വർണ നദിയും ചേർന്ന് 2022-ലും അദ്ദേഹത്തിന്റെ മിക്ക കാർഷിക ഉത്പന്നങ്ങളെയും വെള്ളത്തിൽ മുക്കിക്കളഞ്ഞു.
2019-ലെ “വെള്ളപ്പൊക്കത്തിനുശേഷം, നിങ്ങൾ വിതച്ചതിന്റെ ഫലം നിങ്ങൾ കൊയ്യുമെന്ന് ഒരു ഉറപ്പുമില്ല.” ജാവേദ് പറയുന്നു "ഇവിടെയുള്ള ഓരോ കർഷകനും കുറഞ്ഞത് രണ്ട് തവണയെങ്കിലും വിതയ്ക്കണം,". ഇത് ഉത്പാദനച്ചെലവ് ഏകദേശം ഇരട്ടിയാക്കുന്നു, ചിലപ്പോൾ ആദായം ലഭിച്ചേക്കാമെങ്കിലും കൃഷിയെ ഇത് അനിശ്ചിതത്വത്തിലാക്കുന്നു"
സ്വകാര്യ പണമിടപാടുകാരിൽ നിന്ന് അമിത പലിശയ്ക്ക് കടം വാങ്ങുക എന്നതാണ് ഒരേയൊരു പോംവഴി. എന്നാൽ അത് സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. സാനിയ കൂട്ടിച്ചേർക്കുന്നു, "പ്രതിമാസ തിരിച്ചടവ് തീയതി അടുക്കുമ്പോൾ സമ്മർദ്ദം കാരണം നിരവധി ആളുകൾ ആശുപത്രിയിലേക്ക് ഓടുന്നത് നിങ്ങൾ കാണും"
പെരുകുന്ന കടവും മറ്റൊരു വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ഭയവും സാനിയയെ മിക്ക സമയത്തും ആശങ്കയിലാക്കുന്നു.
കോലാപ്പൂർ ആസ്ഥാനമായുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഷാൽമലി രൺമലെ കകഡെ പറയുന്നു "സാധാരണയായി, ഏതെങ്കിലും പ്രകൃതിദുരന്തത്തിനുശേഷം, ആളുകൾക്ക് അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്ന തരത്തിലുള്ള ശ്രമങ്ങൾ നടത്താൻ കഴിയില്ല. അത് അവർ ആഗ്രഹിക്കാത്തതുകൊണ്ടല്ല; അവർക്ക് കഴിയുന്നില്ല, "ഇത് ഒടുവിൽ നിസ്സഹായതയിലേക്കും നിരാശയിലേക്കും നിരവധി സങ്കടകരമായ വികാരങ്ങളിലേക്കും നയിക്കുന്നു, അവരെ അത് ഉത്കണ്ഠാകുലരാക്കുകയും ചെയ്യുന്നു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഇന്റർഗവൺമെന്റൽ പാനൽ(IPCC) ആദ്യമായി കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നതായി എടുത്തുകാണിച്ചു: "വിലയിരുത്തപ്പെട്ട എല്ലാ പ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന ആഗോളതാപനത്തിന്റെ പശ്ചാത്തത്തിൽ ഉത്കണ്ഠയും സമ്മർദ്ദവും ഉൾപ്പെടെയുള്ള മാനസികാരോഗ്യ വെല്ലുവിളികൾ കൂടുമെന്ന് പ്രതീക്ഷിക്കുന്നു; പ്രത്യേകിച്ചും കുട്ടികൾക്കും കൗമാരക്കാർക്കും പ്രായമായവർക്കും ആരോഗ്യപ്രശ്നമുള്ളവർക്കും ഇതിനുള്ള സാധ്യത കൂടുതലാണ്
*****
2021ലെ വെള്ളപ്പൊക്കത്തിൽ തന്റെ സ്വപ്നങ്ങൾ ഒലിച്ചുപോയത് 18 കാരിയായ ഐശ്വര്യ ബിരാജ്ദർ കണ്ടു.
വെള്ളം ഇറങ്ങിയശേഷം, സ്പ്രിന്ററും തായ്ക്വാൻഡോ ചാമ്പ്യനുമായ ഭെന്ദവാഡെയിൽനിന്നുള്ള ഐശ്വര്യ ബിരാജ്ദർ 15 ദിവസവും 100 മണിക്കൂറിലധികവുമെടുത്ത് അവളുടെ വീട് വൃത്തിയാക്കി. "ദുർഗന്ധം പോയില്ല; ചുവരുകൾ എപ്പോൾ വേണമെങ്കിലും തകരാൻ സാധ്യതയുള്ളതായി കാണപ്പെട്ടു”, “അവൾ പറയുന്നു.
ജീവിതം സാധാരണനിലയിലാകാൻ ഏകദേശം 45 ദിവസമെടുത്തു. " ഒരു ദിവസത്തെ പരിശീലനം ഒഴിവാക്കിയാൽപ്പോലും, നമുക്ക് വിഷമം തോന്നും”, അവൾ പറയുന്നു. 45 ദിവസത്തെ പരിശീലനം നഷ്ടമായതിനാൽ അവൾക്ക് കൂടുതൽ കഠിനാധ്വാനിക്കേണ്ടിവന്നു. “എന്റെ കായികക്ഷമത സാരമായി കുറഞ്ഞു, കാരണം പകുതി ഭക്ഷണത്തിൽ ഇരട്ടി പരിശീലനമാണ് ഞങ്ങൾക്ക് ചെയ്യേണ്ടിവന്നത്. ഇത് പ്രായോഗികമല്ലാത്തതും ധാരാളം സമ്മർദ്ദം തരുന്നതുമാണ്”, അവൾ പറയുന്നു.
വെള്ളപ്പൊക്കത്തിൽനിന്ന് കരകയറാൻ പാടുപെടുന്ന ഗ്രാമത്തിൽ സാനിയയുടെയും ഐശ്വര്യയുടെയും മാതാപിതാക്കൾക്ക് മൂന്ന് മാസത്തോളമായി തൊഴിലൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കാർഷികവൃത്തിയിൽനിന്നുള്ള വരുമാനം കുറഞ്ഞപ്പോൾ ജാവേദ്, മേസ്തിരിയായി നിർമ്മാണമേഖലയിൽ പണിയെടുത്തിരുന്നു. എന്നാൽ നിർമ്മാണമേഖല നിലച്ചതോടെ ആ ജോലിയും വേണ്ടത്ര ഇല്ലാതെയായി. കൃഷിഭൂമി വെള്ളത്തിനടിയിലായതിനാൽ പാട്ട കർഷകരും കർഷകത്തൊഴിലാളികളുമായ ഐശ്വര്യയുടെ മാതാപിതാക്കൾക്കും സമാനമായ അനുഭവം നേരിടേണ്ടിവന്നു.
വർദ്ധിച്ചുവരുന്ന കടവും അതിന്റെ പലിശയും കുടുംബങ്ങളിലെ ആഹാര കാര്യങ്ങളെപോലും ബാധിച്ചു. ഐശ്വര്യയും സാനിയയും നാലുമാസത്തോളം ഒരുനേരം ഭക്ഷണം കഴിച്ചും ചിലപ്പോഴൊക്കെ കഴിക്കാതെയും ജീവിച്ചു.
തങ്ങളുടെ മാതാപിതാക്കളെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വെറും വയറ്റിൽ ഉറങ്ങേണ്ടിവന്ന ദിവസങ്ങളുടെ എണ്ണംപോലും യുവകായികതാരങ്ങൾ മറന്നു. ആ കുറവുകളെല്ലാം സ്വാഭാവികമായും അവരുടെ പരിശീലനത്തെയും പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. സാനിയ പറയുന്നു.“എന്റെ ശരീരത്തിന് ഇനി കഠിനമായ വ്യായാമം ചെയ്യാൻ കഴിയില്ല,
ഉത്കണ്ഠ ആരംഭിച്ചപ്പോൾ, ആദ്യമൊക്കെ സാനിയയും ഐശ്വര്യയും അത് കാര്യമാക്കിയില്ല. മറ്റ് കായികതാരങ്ങൾക്കിടയിലുള്ള ഉത്കണ്ഠ തങ്ങൾ വിചാരിച്ചതിലും കൂടുതലാണെന്ന് മനസ്സിലാക്കുംവരെ. ഐശ്വര്യ പറയുന്നു "പ്രളയബാധിതരായ ഞങ്ങളുടെ എല്ലാ അത്‌ലറ്റ് സുഹൃത്തുക്കളും ഒരേ ലക്ഷണങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്, ഇത് എനിക്ക് വളരെയധികം സമ്മർദ്ദം ഉണ്ടാക്കി”, സാനിയ പറയുന്നു. “മിക്ക സമയത്തും ഞാൻ വിഷാദത്തിലാണെന്ന് തോന്നി”.
"2020 മുതൽ ആദ്യത്തെ ജൂൺ മാസത്തെ ആദ്യ മഴയ്ക്കുശേഷം, ആളുകൾ വെള്ളപ്പൊക്കത്തെ ഭയന്ന് ജീവിക്കാൻ തുടങ്ങുന്നത് ഞങ്ങൾ കാണുന്നുണ്ട്“, ഹട്കനാംഗിലെ താലൂക്ക് ഹെൽത്ത് ഓഫീസർ ഡോ. പ്രസാദ് ദാതാർ പറയുന്നു. "ഈ വെള്ളപ്പൊക്കത്തിന് ഒരു പരിഹാരവുമില്ലാത്തതിനാൽ, ഭയം വർദ്ധിച്ചുകൊണ്ടിരിക്കുന്നു, ഒടുവിൽ വിട്ടുമാറാത്ത രോഗങ്ങളിലേക്ക് അത് നയിക്കുകയും ആളുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.
2021 വരെ ഒരു ദശാബ്ദക്കാലം ഷിരോൾ താലൂക്കിലെ 54 വില്ലേജുകളുടെ ചുമതല വഹിച്ച ഡോ.പ്രസാദ് പറയുന്നു "പല കേസുകളിലും (വെള്ളപ്പൊക്കത്തിനുശേഷം), സമ്മർദ്ദം വളരെയധികം വർദ്ധിച്ചു, ഒടുവിൽ പലർക്കും അധിക സമ്മർദ്ദമോ മാനസികരോഗമോ ഉണ്ടെന്ന് കണ്ടെത്തി”.
2015-നും 2020-നും ഇടയിൽ കോലാപ്പൂർ ജില്ലയിൽ പ്രായപൂർത്തിയായ സ്ത്രീകളിലെ (15-49 വയസ്സ്) രക്തസമ്മർദ്ദ കേസ് വർദ്ധനവ് 72 ശതമാനമാണെന്ന് ദേശീയ കുടുംബാരോഗ്യ സർവേ ചൂണ്ടിക്കാട്ടുന്നു. വെള്ളപ്പൊക്കം ബാധിച്ച കർണ്ണാടകയിലെ കുടക് ജില്ലയിലെ 171 ആളുകളെ സർവേ ചെയ്ത ഒരു പഠനത്തിൽനിന്ന് , 66.7 ശതമാനം പേർ വിഷാദരോഗം, ഉറക്കക്കുറവ്, ലഹരിവസ്തുക്കളുടെ ദുരുപയോഗം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട്.
2015 ഡിസംബറിലെ വെള്ളപ്പൊക്കം തമിഴ്നാട്ടിൽ 45.29 ശതമാനം ആളുകളെ ബാധിച്ചതായി മറ്റൊരു പത്രം കണ്ടെത്തി. ചെന്നൈയിലും ഗൂഡല്ലൂരിലും പ്രളയത്തിന്റെ ഫലമായി ആളുകളിൽ മാനസികരോഗം കണ്ടെത്തുകയും സർവേയിൽ പങ്കെടുത്ത 223 പേരിൽ 101 പേർ വിഷാദരോഗികളാണെന്ന് കണ്ടെത്തുകയും ചെയ്തു.
ഭേന്ദവാഡെയിൽ 30 തായ്ക്വോണ്ടോ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന വിശാൽ ചവാൻ, സമാനമായ ആഘാതങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി സ്ഥിരീകരിക്കുന്നു 2019 മുതൽ യുവകായികതാരങ്ങളുടെ മാനസികാരോഗ്യപ്രശ്നങ്ങൾ കാരണം നിരവധി വിദ്യാർത്ഥികൾ കായികമേഖല ഉപേക്ഷിച്ചു. അദ്ദേഹത്തോടൊപ്പം പരിശീലനം നടത്തിപ്പോന്ന ഐശ്വര്യ അത്‌ലറ്റിക്സിലും ആയോധനകലയിലും തന്റെ കരിയർ തുടരുന്നതിനെക്കുറ്രിച്ച് ഒരു പുനർവിചിന്തനം നടത്തുകയാണ്.
2019-ലെ വെള്ളപ്പൊക്കത്തിനുമുമ്പ് ഐശ്വര്യ തന്റെ കുടുംബത്തിലെ 4 ഏക്കർ വയലിൽ കരിമ്പ് കൃഷിചെയ്യാൻ സഹായിച്ചിരുന്നു, "24 മണിക്കൂറുകൾക്കുള്ളിൽ, വെള്ളപ്പൊക്കം കരിമ്പിൻ കുട്ടത്തിൽ പ്രവേശിച്ച് പൂർണ്ണമായും വിള നശിപ്പിച്ചു”, അവൾ പറയുന്നു
അവളുടെ മാതാപിതാക്കൾ പാട്ട കർഷകരായി ജോലി ചെയ്യുന്നു, അവർ ഉത്പന്നത്തിന്റെ 75 ശതമാനവും ഭൂവുടമയ്ക്ക് നൽകണം. 2019-ലെയും 2021-ലെയും വെള്ളപ്പൊക്കത്തിൽ സർക്കാർ ഒരു നഷ്ടപരിഹാരവും നൽകിയില്ല; എന്തെങ്കിലും നഷ്ടപരിഹാരം ലഭിച്ചിരുന്നെങ്കിൽപ്പോലും അത് ഭൂവുടമയ്ക്ക് പോകുമായിരുന്നു,” അവളുടെ പിതാവ് 47 വയസ്സുള്ള റാവുസാഹെബ് പറയുന്നു.
7.2 ലക്ഷത്തോളം വിലമതിക്കുന്ന 2,40,000 കിലോ കരിമ്പ് 2019-ലെ വെള്ളപ്പൊക്കത്തിൽ നശിച്ചു, റാവുസാഹെബും ഭാര്യ ശാരദയും (40) കർഷകത്തൊഴിലാളികളായി ഇരട്ടി ജോലി ചെയ്യാൻ നിർബന്ധിതരായി. പലപ്പോഴും, ഐശ്വര്യ കുടുംബത്തിലെ കന്നുകാലികളെ ദിവസത്തിൽ രണ്ടുതവണ നോക്കുകയും പാൽ കറക്കുകയും ചെയ്തു. ശാരദ പറയുന്നു “വെള്ളപ്പൊക്കം കഴിഞ്ഞ് നാല് മാസത്തേക്കെങ്കിലും നിങ്ങൾക്ക് ജോലി ലഭിക്കുകയില്ല. വയലുകൾ വേഗത്തിൽ ഉണങ്ങാത്തതും മണ്ണിന് പോഷകഗുണം വീണ്ടെടുക്കാൻ സമയമെടുക്കുന്നതുമാണ് കാരണം”.
2021ലെ വെള്ളപ്പൊക്കത്തിൽ റാവുസാഹെബിന് 42,000 രൂപ വിലമതിക്കുന്ന 600 കിലോ സോയാബീൻ നഷ്ടപ്പെട്ടു. ഇത്തരം തകർച്ചകൾ കാണുമ്പോൾ, കായികരംഗത്തെക്കുറിച്ച് ഐശ്വര്യയ്ക്ക് ഉറപ്പില്ല. “ഇപ്പോൾ, ഞാൻ പോലീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ആലോചിക്കുന്നു. സ്പോർട്ട്സിനെ ആശ്രയിക്കുന്നത്, പ്രത്യേകിച്ചും ഇത്തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനത്തിൽ, അബദ്ധമായേക്കും”. ഐശ്വര്യ പറയുന്നു.
“എന്റെ പരിശീലനം കൃഷിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു,” അവർ കൂട്ടിച്ചേർത്തു. കൃഷിയും, കാലാവസ്ഥാ വ്യതിയാനംമൂലം ഉണ്ടായ വർദ്ധിച്ചുവരുന്ന ഭീഷണിയും അവളുടെ കുടുംബത്തിന്റെ ഉപജീവനത്തെയും അതിജീവനത്തെയും ബാധിച്ചിരിക്കെ, കായികരംഗത്തെ കരിയറിനെക്കുറിച്ചുള്ള ഐശ്വര്യയുടെ ഭയം മനസ്സിലാക്കാവുന്നതേയുള്ളൂ.
കോലാപൂരിലെ അജ്ര താലൂക്കിലെ പെത്തേവാഡി ഗ്രാമത്തിൽനിന്നുള്ള കായികപരിശീലകൻ പാണ്ഡുരംഗ് തെരസെ പറയുന്നു “ഏത് [കാലാവസ്ഥ] ദുരന്തസമയത്തും അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വനിതാ അത്‌ലറ്റുകളെയാണ്. പല കുടുംബങ്ങളും ആവശ്യമായ പിന്തുണ നൽകുന്നില്ല. കുറച്ച് ദിവസത്തേക്ക് പരിശീലനം നിർത്തുമ്പോഴേക്കും കുടുംബങ്ങൾ അവരുടെ പെൺമക്കളോട് സ്പോർട്സ് ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്നു, ഇത് അവരുടെ മാനസികാരോഗ്യത്തെ നശിപ്പിക്കുന്നു."
ഈ ചെറുപ്പക്കാരെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്ന് ചോദിച്ചപ്പോൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കകാഡെ പറയുന്നു, “ആദ്യപടിയായി നമ്മൾ ചെയ്യേണ്ടത്, ചിട്ടയായ ചികിത്സകളിലോ കൗൺസിലിംഗിലോ അവരുടെ തോന്നലുകളെക്കുറിച്ച് സംസാരിക്കാനും അത് കേൾക്കാനും അവരെ അനുവദിക്കുക. ആളുകൾക്ക് അവരുടെ ബുദ്ധിമുട്ടുകൾ പങ്കിടാനുള്ള വേദി ലഭിക്കുമ്പോൾ, ഒരു ആശ്വാസം അനുഭവപ്പെടാൻ തുടങ്ങുന്നു, കാരണം അവർക്ക് ഒരു പ്രാഥമിക സപ്പോർട്ട് ഗ്രൂപ്പ് ഉണ്ടാകുന്നു അത് രോഗശാന്തിയിൽ മുന്നോട്ടുപോകാൻ അവരെ സഹായിക്കുന്നു. എന്നിരുന്നാലും, വാസ്തവത്തിൽ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് മാനസിക ആരോഗ്യപരിപാലനത്തിനുള്ള അവസരം ലഭിക്കുന്നില്ല . ഇതിന് കാരണം ഈ മേഖലയിൽ വർദ്ധിച്ചുവരുന്ന ചികിത്സാച്ചലവും മതിയായ സൗകര്യങ്ങൾ ഇല്ലാത്തതുമാണ്
*****
2019 ലെ വെള്ളപ്പൊക്കതിനുശേഷം ദീർഘദൂര ഓട്ടക്കാരി സൊണാലി കാംബ്ലെയുടെ കായികമോഹങ്ങൾ സ്പീഡ് ബ്രേക്കറിൽ തട്ടി നിന്നു. പ്രളയത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ഭൂരഹിതരായ കർഷകത്തൊഴിലാളി രക്ഷിതാക്കൾക്ക്, കുടുംബത്തെ നിലനിർത്താൻ അവളുടെ സഹായം ആവശ്യമായിരുന്നു.
അവളുടെ അച്ഛൻ രാജേന്ദ്രൻ പറയുന്നു “ഞങ്ങൾ മൂന്നുപേരും ജോലി ചെയ്തിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയുന്നില്ല,", നിർത്താതെ പെയ്യുന്ന മഴ മൂലം പാടങ്ങൾ വെള്ളത്തിനടിയിലാകുന്നു. ഇത് തൊഴിൽദിനങ്ങളുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നു അതോടൊപ്പം കാർഷികജോലിയെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ വരുമാനവും കുറയുന്നു.
"കാംബ്ലെ കുടുംബം താമസിക്കുന്ന ഷിറോൾ താലൂക്കിലെ ഗാൽവാദ് ഗ്രാമത്തിൽ സ്ത്രീകൾക്ക് ഏഴ് മണിക്കൂർ ജോലിക്ക് 200 രൂപയും പുരുഷന്മാർക്ക് 250 രൂപയുമാണ് ലഭിക്കുന്നത്. വീട്ടുചെലവുകൾക്കും കായിക ഉപകരണങ്ങൾ വാങ്ങുന്നതിനും ഇത് തികയാറില്ല" 21 കാരിയായ സൊനാലി പറയുന്നു.
2021-ലെ വെള്ളപ്പൊക്കം കാംബ്ലെ കുടുംബത്തിന്റെ ദുരിതങ്ങൾ വർധിപ്പിക്കുകയും സോണാലിയെ കടുത്ത മാനസികവിഷമത്തിലേക്ക് തള്ളിവിടുകയും ചെയ്തു: "2021-ൽ ഞങ്ങളുടെ വീട് വെറും 24 മണിക്കൂറിനുള്ളിൽ വെള്ളത്തിനടിയിലായി," അവർ ഓർക്കുന്നു. ആ വർഷത്തെ വെള്ളപ്പൊക്കത്തിൽനിന്ന് ഞങ്ങൾ എങ്ങനെയോ രക്ഷപ്പെട്ടു. എന്നാൽ ഇപ്പോൾ ജലനിരപ്പ് ഉയരുന്നത് കാണുമ്പോഴെല്ലാം, വീണ്ടും വെള്ളപ്പൊക്കമുണ്ടാകുമെന്ന് ഭയന്ന് എന്റെ ശരീരം വേദനിക്കാൻ തുടങ്ങുന്നു”..
2022 ജൂലൈയിൽ കനത്ത മഴ പെയ്യാൻ തുടങ്ങിയപ്പോൾ, കൃഷ്ണാ നദിയിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് ഗ്രാമവാസികൾ ഭയപ്പെട്ടിരുന്നു എന്ന് സോണാലിയുടെ അമ്മ ശുഭാംഗി പറയുന്നു. തന്റെ ദിവസേനയുള്ള 150 മിനിറ്റ് പരിശീലന സെഷൻ ഒഴിവാക്കി സോനാലി വെള്ളപ്പൊക്കത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി. താമസിയാതെ അവൾക്ക് കടുത്ത മാനസികസമ്മർദം അനുഭവപ്പെടാൻ തുടങ്ങുകയും ഒരു ഡോക്ടറുടെയടുത്തേക്ക് അവരെ എത്തിക്കുകയും ചെയ്തു.
“വെള്ളം ഉയരാൻ തുടങ്ങുമ്പോൾ പലരും വീടിന് പുറത്തേക്ക് മാറണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ്," ഡോ. പ്രസാദ് പറയുന്നു. "സാഹചര്യം പ്രവചിക്കാൻ കഴിയാത്തതും ഒരു തീരുമാനമെടുക്കാൻ സാധിക്കാത്തതും അവരെ സമ്മർദ്ദത്തിലാക്കുന്നു".
ജലനിരപ്പ് കുറഞ്ഞപ്പോൾത്തന്നെ സുഖം പ്രാപിക്കാൻ തുടങ്ങിയെങ്കിലും, "സ്ഥിരതയില്ലാത്ത പരിശീലനം മൂലം മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്നത് എന്നെ എപ്പോഴും സമ്മർദ്ദത്തിലാക്കുന്നു" എന്ന് സൊണാലി പറയുന്നു.
വെള്ളപ്പൊക്കം പ്രാദേശിക യുവകായികതാരങ്ങൾക്കിടയിൽ ഉത്കണ്ഠ ഉളവാക്കുന്നതായി കോലാപ്പൂരിലെ ഗ്രാമങ്ങളിലെ അംഗീകൃത സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകൾ (ആശാ വർക്കേഴ്സ) സ്ഥിരീകരിക്കുന്നു. “അവർ നിസ്സഹായരും നിരാശരുമാണ്, മാറിക്കൊണ്ടിരിക്കുന്ന മഴയുടെ സ്വഭാവം ഇത് കൂടുതൽ വഷളാക്കുകയും ചെയ്യുന്നു," എന്ന് ഗാൽവാദിൽനിന്നുള്ള ആശാ വർക്കർ കൽപ്പന കാമിസ്കർ പറയുന്നു.
കർഷക കുടുംബങ്ങളിൽനിന്നുള്ള ഐശ്വര്യ, സാനിയ, സൊനാലി എന്നിവരുടെ ഭാഗ്യവും നിർഭാഗ്യവുമൊക്കെ മഴയുമായി ബന്ധപ്പെട്ടിരിക്കുന്നു.
2022-ലെ വേനൽക്കാലത്ത് ഈ കുടുംബങ്ങൾ കരിമ്പ് കൃഷി ചെയ്തു. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഈ വർഷം മൺസൂൺ കാലതാമസം നേരിട്ടു. ഐശ്വര്യ പറയുന്നു “ഞങ്ങളുടെ വിളകൾ വൈകിയ മൺസൂണിനെ പോലും അതിജീവിച്ചു," എന്നാൽ ജൂലൈയിൽ ആരംഭിച്ച ക്രമരഹിതമായ മൺസൂൺ മഴ, വിളകളെ പൂർണ്ണമായും നശിപ്പിച്ചു, കുടുംബങ്ങൾ കടക്കെണിയിലായി. ( പെരുമഴയ്‌ക്കൊപ്പം പെയ്യുന്ന ദുരിതമഴ എന്ന ലേഖനം വായിക്കുക)
1953-നും 2020-നും ഇടയിൽ, 2200 ദശലക്ഷം ഇന്ത്യക്കാരെ പ്രളയം ബാധിച്ചു - അമേരിക്കയിലെ ജനസംഖ്യയുടെ ഏകദേശം 6.5 മടങ്ങാണ് ഇത്. 437,150 കോടി രൂപയുടെ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ (2000- 2019), ഇന്ത്യയിൽ വർഷാവർഷം ശരാശരി 17 വെള്ളപ്പൊക്കങ്ങൾ അനുഭവപ്പെട്ടു, ഇത് ലോകത്തിൽ ഇന്ത്യയെ ചൈനയ്ക്ക് പിന്നിൽ ഏറ്റവും വെള്ളപ്പൊക്കബാധിത രാജ്യമാക്കി മാറ്റി.
ഒരു ദശാബ്ദത്തിലേറെയായി, മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് കോലാപ്പൂർ ജില്ലയിൽ മഴ ക്രമാതീതമായി പെയ്യുന്നു. ഈ വർഷം ഒക്ടോബറിൽ മാത്രം സംസ്ഥാനത്തെ 22 ജില്ലകളിലായി 7.5 ലക്ഷം ഹെക്ടർ കൃഷിഭൂമിയെ പ്രകൃതിക്ഷോഭം ബാധിച്ചു. കാർഷിക വിളകൾ, പഴവിളകൾ, പച്ചക്കറികൾ എന്നിവയാണ് ഈ പ്രദേശത്ത് കാര്യമായി ഉള്ളത്. സംസ്ഥാന കൃഷി വകുപ്പിന്റെ കണക്കനുസരിച്ച്, 2022-ൽ, മഹാരാഷ്ട്രയിൽ ഒക്ടോബർ 28 വരെ 1,288 മില്ലിമീറ്റർ മഴ പെയ്തു - ശരാശരി മഴയുടെ 120.5 ശതമാനമാണിത്. ജൂണിനും ഒക്ടോബറിനുമിടയിൽ 1,068 മില്ലീമീറ്ററും മഴയും ലഭിച്ചു.
പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞയും ഐപിസിസി റിപ്പോർട്ടിൽ മുഖ്യമായ പങ്കുവഹിക്കുകയും ചെയ്ത റോക്സി കോൾ പറയുന്നു "മൺസൂൺ കാലത്ത്, നീണ്ട വരണ്ട കാലാവസ്ഥയും അതിനിടയിൽ അതിശക്തമായ മഴയും അനുഭവപ്പെടുന്നു." അതിനാൽ മഴ പെയ്യുമ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം ഈർപ്പം രൂപപ്പെടുകയും ഇത് ഇടയ്ക്കിടെയുള്ള മേഘസ്ഫോടനങ്ങൾക്കും പെട്ടെന്നുണ്ടാവുന്ന വെള്ളപ്പൊക്കത്തിനും ഇടയാക്കുകയും ചെയ്യുന്നു”. "നമ്മൾ ഉഷ്ണമേഖലാ പ്രദേശത്തായതിനാൽ കാലാവസ്ഥാമാറ്റങ്ങൾ കൂടുതൽ രൂക്ഷമാകും. അതിനാൽ നമ്മൾ അതീവ ജാഗ്രത പാലിക്കുകയും വേഗത്തിൽ പ്രവർത്തിക്കുകയും വേണം കാരണം കാലാവസ്ഥാ വ്യതിയാനം നമ്മളെയാണ് ആദ്യം ബാധിക്കുക”, അദ്ദേഹം പറയുന്നു.
എന്നിരുന്നാലും, കാലാവസ്ഥാവ്യതിയാനത്തെ മേഖലയിലെ വർദ്ധിച്ചുവരുന്ന രോഗങ്ങളുമായി ബന്ധിപ്പിക്കാനാവശ്യമായ ആരോഗ്യസംരക്ഷണ ഡേറ്റയുടെ അഭാവം പരിഹരിക്കേണ്ട ഒരു വലിയ വിഷയമാണ്. പൊതുനയങ്ങൾ രൂപവത്ക്കരിക്കുമ്പോൾ അവശ്യം കണക്കിലെടുക്കേണ്ടത് കാലാവസ്ഥാ പ്രതിസന്ധി ബാധിച്ച മനുഷ്യരെയാണ്. ഡേറ്റകളുടെ അഭാവം മൂലം വിസ്മരിക്കപ്പെട്ടുപോകുന്നതും ഇവർതന്നെയാണ്.
“ഒരു അത്‌ലറ്റാകുക എന്നതാണ് എന്റെ സ്വപ്നം, പക്ഷേ ദരിദ്രനായിരിക്കുമ്പോൾ നിങ്ങൾക്ക് പരിമിതമായ ഓപ്ഷനുകൾ മാത്രമേയുള്ളൂ, ജീവിതം നിങ്ങളെ ഒന്നും തിരഞ്ഞെടുക്കാൻ അനുവദിക്കുന്നില്ല" എന്ന് സോണാലി പറയുന്നു. ലോകം കാലാവസ്ഥാവ്യതിയാനത്തിലേക്ക് നീങ്ങുമ്പോൾ, മഴയുടെ രീതിയും മാറിക്കൊണ്ടിരിക്കും, സാനിയ, ഐശ്വര്യ, സൊണാലി എന്നിവർക്കുള്ള തിരഞ്ഞെടുപ്പുകളും അപ്പോൾ കൂടുതൽ കഠിനമായിരിക്കും
"ഞാൻ ജനിച്ചത് വെള്ളപ്പൊക്ക സമയത്താണ്, എന്റെ ജീവിതം മുഴുവൻ വെള്ളപ്പൊക്കത്തിൽ ചെലവഴിക്കേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല," സാനിയ പറയുന്നു.
ഇന്റർന്യൂസിന്റെ എർത്ത് ജേണലിസം നെറ്റ് വർക്കിന്റെ പിന്തുണയോടുകൂടി തയ്യാറാക്കപ്പെട്ട ഒരു സീരീസിന്റെ ഭാഗമാണ് ഈ സ്റ്റോറി.
പരിഭാഷ : അഖിലേഷ് ഉദയഭാനു