അബ്ദുൾ റഹ്മാന്റെ ലോകം ചുരുങ്ങിയിരിക്കുന്നു – ജോലി സംബന്ധമായും, വ്യക്തിപരമായും, ശാരീരികമായും. അക്ഷരാർത്ഥത്തിൽ അത് ശരിയാണ്. ഒരു കുടിയേറ്റ തൊഴിലാളിയായി 4 വൻകരകളിലൂടെ ഒരിക്കല്‍ യാത്ര ചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോള്‍ 150 ചതുരശ്ര അടി വലിപ്പമുള്ള മുറിയിൽ 5 കുടുംബാoഗങ്ങളോടൊപ്പം ഒതുങ്ങി കഴിയുന്നു.
മുംബൈയിലെ ഈ ടാക്സി ഡ്രൈവർ (ഇദ്ദേഹത്തിന്റെ അച്ഛൻ ഗ്രാമീണ തമിഴ്നാട്ടിൽ നിന്നും ദശകങ്ങൾക്കു മുൻപ് ഈ നഗരത്തിൽ എത്തിയതാണ്) മുൻപ് സൗദി അറേബ്യയില്‍ ബുൾഡോസറുകളും കാറുകളും ഓടിക്കുകയും ഏല്‍പ്പിക്കപ്പെട്ട ജോലിയുടെ ഭാഗമായി ദുബായ്, ബ്രിട്ടൺ, കാനഡ, ഇൻഡോനേഷ്യ, മലേഷ്യ എന്നിവിടങ്ങളും ആഫ്രിക്കയുടെ ചില ഭാഗങ്ങളും സന്ദര്‍ശിച്ചിട്ടുമുണ്ട്. ഇന്നദ്ദേഹത്തെ മാഹിം ചേരി കോളനിയിലെ ഇടുങ്ങിയ തെരുവിലൂടെ ഒരു കസേരയിലെടുത്തുകൊണ്ട് വേണം ടാക്സിയിൽ എത്തിക്കാന്‍. ടാക്സിയിലാണ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അദ്ദേഹത്തെ സായനിലെ ആശുപത്രിയിൽ എത്തിക്കുന്നത്.
ആശുപത്രിയിൽ പോകാൻ സമയമാകുമ്പോൾ റഹ്മാൻ തന്റെ മുറിയിൽ നിന്നും ഇറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങും. മുറിക്ക് തൊട്ടുപുറത്താണ് ഗോവണി. അദ്ദേഹം നിലത്തിരിക്കും. മകൻ താഴെനിന്നും കാലുകളിൽ പിടിക്കും. ഏതെങ്കിലും ബന്ധുവുവോ അയൽവാസിയോ അദ്ദേഹത്തെ മുകളിൽ നിന്നു താങ്ങും. റഹ്മാൻ അപ്പോൾ വേദനയോടെ പതിയെ തെന്നിയിറങ്ങും - ഒരു സമയത്ത് ഒരു പടിയെന്ന നിലയിൽ 9 കുത്തനെയുള്ള പടികൾ.
താഴെയുള്ള ഇടുങ്ങിയ തെരുവില്‍വച്ച് അദ്ദേഹത്തെ പെയിന്റിളകിയ ഒരു പഴകിയ ഒരു പ്ലാസ്റ്റിക് കസേരയിലേക്ക് കയറാൻ സഹായിക്കും. പാദം മുറിച്ചുമാറ്റിയ വലതുകാൽ അപ്പോള്‍ സീറ്റിൽ ആയിരിക്കും. പിന്നെ മകനും മറ്റ് രണ്ടുപേരും നീണ്ടു വളഞ്ഞ വഴിയിലൂടെ മാഹിം ബസ് ഡിപ്പോയ്ക്കരികിലുള്ള റോഡിലേക്ക് കസേര ചുമക്കുന്നു. അവിടെനിന്നും റഹ്മാൻ ടാക്സിയിലേക്ക് നിരങ്ങി കയറുന്നു.
കഷ്ടിച്ച് 5 കിലോമീറ്റർ അകലെ സായനിലെ സർക്കാർ വക ആശുപത്രിയിലേക്കുള്ള ടാക്സിക്കൂലി അദ്ദേഹത്തിന് താങ്ങാൻ പറ്റുന്നതിനപ്പുറമാണ്. എന്നിരിക്കിലും തന്റെ കാലിൽ ബാൻഡേജിട്ട് കിട്ടാനും കടുത്ത പ്രമേഹം, രക്തചംക്രമണ തടസ്സം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കഴിഞ്ഞ വർഷം മാസങ്ങളോളം എല്ലാ ആഴ്ചയിലും അദ്ദേഹത്തിനവിടെ പോകേണ്ടി വന്നു. മുറിവ് കുറച്ചുണങ്ങിയപ്പോൾ പോക്കിന്റെ തവണ കുറഞ്ഞു. എന്നിരിക്കിലും ഇടയ്ക്കിടെ ഇടുങ്ങിയ വഴിയിലൂടെ കസേരയിലൂടെയുള്ള ആ കൂട്ടയാത്ര തുടർന്നു. വടക്കൻ മുംബൈയിലെ മോറി റോഡിലെ കോളനിയുടെ ഇരുവശത്തുമായി രണ്ടു-മൂന്നു നിലകളിൽ ഇടുങ്ങിയ മുറികർ ഉയരുന്നുണ്ടായിരുന്നു.
വർഷങ്ങളോളം അബ്ദുൾ റഹ്മാൻ അബ്ദുൾ സമദ് ഷേഖ് ഈ തെരുവിൽ പാർക്ക് ചെയ്തിരുന്ന തന്റെ ടാക്സിയിലേക്ക് എല്ലാദിവസവും രാവിലെ തിരക്കു കൂട്ടി വരികയും 12 മണിക്കൂർ നീളുന്ന പ്രവൃത്തി ദിവസം ആരംഭിക്കുകയും ചെയ്യുമായിരുന്നു. 2020 മാർച്ചിൽ ലോക്ക്ഡൗൺ തുടങ്ങിയതോടെ അദ്ദേഹം ക്യാബ് ഓടിക്കുന്നത് നിർത്തുകയും തനിക്ക് പരിചിതമായ ചായക്കടകളിലേക്ക് സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും കാണാനായി പോവുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന് പ്രമേഹം കൂടിക്കൊണ്ടിരുന്നു. അങ്ങനെ സുഖമില്ലാതായി തീരുകയും ലോക്ക്ഡൗണിന് അയവ് വന്നശേഷവും ജോലി തുടങ്ങാൻ പറ്റാതാവുകയും ചെയ്തു. പക്ഷെ അദ്ദേഹം സഞ്ചരിച്ചു കൊണ്ടിരുന്നു.
പിന്നീടദ്ദേഹം ഒരു ചെറിയ കറുത്ത പാട് ശ്രദ്ധിച്ചു, തന്റെ കാല്‍വിരലിൽ "പേന കൊണ്ട് കുത്തിയ ഒരു പാട് പോലെ”. കുറച്ച് ആന്റിബയോട്ടിക് കഴിച്ചാൽ ശരിയാകുമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ റഹ്മാൻ കൂടുതൽ ചിന്തിക്കാൻ പോയില്ല. "അതുകൊണ്ട് കാര്യമുണ്ടായില്ല”, അദ്ദേഹം പറഞ്ഞു. ആ പാട് (വലതു കാലിന്റെ നടുവിരലിൽ) വലുതായിക്കൊണ്ടേയിരുന്നു. "എന്റെ കാൽ നന്നായി വേദനിക്കാൻ തുടങ്ങി”, അദ്ദേഹം പറഞ്ഞു. "നടക്കുമ്പോൾ അതിനകത്ത് ഒരു സൂചി കുത്തി കയറുന്നതുപോലെ തോന്നി.”
നിരവധി തവണ ഡോക്ടർമാരെ സന്ദർശിച്ചതിനും എക്സ്-റേകളും പരിശോധനകളുമൊക്കെ നടത്തിയതിനും ശേഷം ആ കറുത്ത പാട് നീക്കം ചെയ്തു. അതുകൊണ്ടും കാര്യമുണ്ടായില്ല. ഒരു മാസത്തിനകം, 2021 ഓഗസ്റ്റിൽ, വിരൽ മുറിക്കേണ്ടി വന്നു. ഏതാനും ആഴ്ചകൾക്കു ശേഷം അടുത്തുള്ള വിരലും മുറിച്ചു കളഞ്ഞു. കടുത്ത രീതിയിൽ തടസ്സപ്പെട്ട രക്തചംക്രമണം കൂടുതല്‍ കുഴപ്പത്തിലാവുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറോടെ റഹ്മാന്റെ പാദം ഏതാണ്ട് പകുതി മുറിച്ചു കളഞ്ഞു. “ പാഞ്ചോ ഉംഗ്ലി ഉഡാ ദിയാ [5 വിരലുകളും അവർ മുറിച്ചു കളഞ്ഞു]”, തന്റെ മുറിയിലെ തറയിൽ വിരിച്ചിരുന്ന കട്ടികുറഞ്ഞ ഒരു മെത്തയിൽ തളർന്നിരുന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.
അതിനുശേഷം, ഇടയ്ക്കിടെ നടത്തുന്ന ആശുപത്രി സന്ദർശനങ്ങൾ ഒഴികെ, അദ്ദേഹത്തിന്റെ ലോകം ഒന്നാം നിലയിലെ വായു സഞ്ചാരമില്ലാത്ത ആ ചെറിയ മുറിയിലേക്ക് ചുരുങ്ങി. " ബസ് , അകേല പടാ രഹ്താ ഹൂം [ഞാൻ വെറുതെ കിടക്കും]”, അദ്ദേഹം പറഞ്ഞു. "സമയം തള്ളിനീക്കാൻ എനിക്ക് മാർഗ്ഗങ്ങളൊന്നുമില്ല. ഞങ്ങൾക്കൊരു ടി.വിയുണ്ട്. പക്ഷെ അത് പ്രവര്‍ത്തിപ്പിക്കാൻ പറ്റില്ല... ഞാൻ വെറുതെ ചിന്തികൊണ്ടിരിക്കും... ഞാനെന്റെ സുഹൃത്തുക്കളെ ഓർമ്മിക്കും, കുട്ടികൾക്കു വേണ്ടി വാങ്ങിയ സാധനത്തെക്കുറിച്ചും... പക്ഷെ ഇതെല്ലാം ഓർമ്മിച്ച് ഞാനെന്തു ചെയ്യാൻ?"
നാല് ദശകങ്ങളോളം, പകുതി പാദം നഷ്ടപ്പെടുകയും ആരോഗ്യം ക്ഷയിക്കുകയും ചെയ്യുന്നതുവരെ, റഹ്മാന്റെ ലോകം ആ മുറിക്കും തെരുവിനും അപ്പുറത്തേക്ക് വ്യാപിച്ചിരുന്നു - തന്റെ ടാക്സിയിൽ യാത്രചെയ്യുന്ന നഗരത്തിന്റെ വളരെ ദൂരെയുള്ള പ്രദേശങ്ങളും അതിനുമപ്പുറവും വരെ. തനിക്ക് ഏതാണ്ട് 18 വയസ്സുണ്ടായിരുന്നപ്പോൾ നഗരത്തിലെ തെരുവുകളിലെ മറ്റ് ഡ്രൈവർമാരുടെ അടുക്കൽ നിന്നും റഹ്മാൻ ഡ്രൈവിംഗ് പഠിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ പ്രതിദിനം കുറച്ച് മണിക്കൂറുകൾ ഒരു ടാക്സി വാടകയ്ക്കെടുത്ത് അദ്ദേഹം “30-35 രൂപ ഉണ്ടാക്കി”. ഏതാണ്ട് 20 വയസ്സുള്ളപ്പോൾ മുംബൈയിലെ പൊതു ബസ് സർവീസായ ബെസ്റ്റിൽ (BEST) ക്ലീനറും മെക്കാനിക്കിന്റെ സഹായിയുമായി അദ്ദേഹത്തിന് ജോലി ലഭിച്ചു.
എട്ട് വർഷങ്ങൾക്കു ശേഷം, ഏതാണ്ട് 1992-ഓടു കൂടി, ഒരു ഏജന്റ് വഴി അദ്ദേഹം സൗദി അറേബ്യയിൽ ഒരു ജോലി തരപ്പെടുത്തി. "ആ സമയങ്ങളിൽ ഇതത്ര ബുദ്ധിമുട്ടല്ലായിരുന്നു”, അദ്ദേഹം പറഞ്ഞു. "അവിടെ [സൗദിയിൽ] എനിക്ക് പ്രതിമാസം 2,000-3000 രൂപ ലഭിക്കുമായിരുന്നു. ഒരു കുടുംബം ഒരു മാസം നടത്താൻ 500 രൂപ [ബെസ്റ്റിലെ എന്റെ ശമ്പളത്തേക്കാൾ അധികം] തന്നെ മതിയാകുമായിരുന്നു.”
റഹ്മാൻ അവിടെ ബുൾഡോസർ പ്രവർത്തിപ്പിക്കുന്ന ആളായി ജോലി ചെയ്തു, ചിലപ്പോൾ വാടകയ്ക്ക് കാർ ഓടിക്കുകയും ചെയ്തു. "എന്റെ സ്പോൺസർ [തൊഴിൽ ദാതാവ്] ഒരു നല്ല മനുഷ്യനായിരുന്നു”, അദ്ദേഹം പറഞ്ഞു. അദ്ദേഹം താമസ സൗകര്യങ്ങളൊക്കെ നൽകി, കൃത്യമായ വരുമാനവും. ഉപയോഗിച്ച ബുള്‍ഡോസറുകള്‍ വാങ്ങാന്‍ സഹായിക്കുന്നതിനായി റഹ്മാന് കാലങ്ങള്‍ കൊണ്ട് വിവിധ രാജ്യങ്ങളിലേക്ക് യാത്രചെയ്തു. സൗദി അറേബ്യയിലെ തന്റെ തൊഴിലുടമയുടെ പണിസ്ഥലങ്ങളിലേക്ക് അദ്ദേഹം അവ കയറ്റി അയയ്ക്കുകയും ചെയ്തു.
യാത്രയുടെ ഫോട്ടോഗ്രാഫുകളിൽ (റഹ്മാന്റെ ഭാര്യ താജുനിസ അവ ഒരു പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്നും പുറത്തെടുത്തു) പുഞ്ചിരിച്ചു കൊണ്ട് സംതൃപ്തനായും കാറിൽ ചാരി നിൽക്കുകയും ബുൾഡോസറിൽ ഇരിക്കുകയും കടയിൽ നിൽക്കുകയും സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയും ചെയ്യുന്ന റഹ്മാനെ കാണാം. കഴിഞ്ഞകാല ചിത്രങ്ങളിൽ ഉയരമുള്ളയാളായും ആരോഗ്യവാനായും അദ്ദേഹം കാണപ്പെടുന്നു. എന്നാൽ, ഇപ്പോൾ 57-ാം വയസ്സിൽ, ഒരു മെത്തയിൽ തന്റെ ദിനങ്ങൾ തള്ളി നീക്കുന്ന റഹ്മാൻ, ശോഷിച്ച് ദുർബലനായി സംസാരിക്കുമ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ആളാണ്.
ഇപ്പോൾ മുഴുവൻ സമയവും കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്ന അദ്ദേഹത്തിന്റെ മനസ്സ് ഒരുപക്ഷെ താഴെയുള്ള ഇടുങ്ങിയ തെരുവില്‍ നിന്നും വളരെയകലെയുള്ള സ്ഥലങ്ങളിലേക്ക് അലഞ്ഞു നടക്കുകയാവാം. അവിടുത്തെ ജീവിതം ആശ്വാസകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "എന്റെ റൂമിൽ [സൗദിയിലെ] എ.സി. ഉണ്ടായിരുന്നു. ഞാനോടിച്ച കാറിൽ എ.സി. ഉണ്ടായിരുന്നു. ഭക്ഷണത്തിന് ഞങ്ങൾക്ക് ചോറും അഖാ മുർഗും [മുഴുവൻ കോഴി] ലഭിക്കുമായിരുന്നു. ഒരു ടെൻഷനും ഇല്ലായിരുന്നു. ഞാൻ ജോലി കഴിഞ്ഞ് തിരിച്ചെത്തി കുളിച്ച് ഭക്ഷണം കഴിച്ച് കിടന്നുറങ്ങുമായിരുന്നു. ഇവിടെ ഞങ്ങളുടെ അയൽപക്കത്ത് വലിയ ശബ്ദവും ഝഗ്ദയും [വഴക്ക്] ആണ്. ആരും ചുപ് - ചാപ് [ശബ്ദമുണ്ടാക്കാതെ] ആയി ഇരിക്കില്ല. ഇവിടുത്തെ ഫാനിന്റെ കാറ്റ് എന്നെ വേദനിപ്പിക്കുന്നു, നിർജ്ജീവമാക്കുന്നതായി തോന്നിക്കുന്നു.
2013-ൽ റഹ്മാൻ ഇന്ത്യയിൽ തിരിച്ചെത്തി, കാരണം സൗദിയിലെ തൊഴിൽ ദാതാക്കൾ മറ്റു രാജ്യത്തു നിന്നുള്ള തൊഴിലാളികളെ 15 വർഷത്തിലധികം നിലനിർത്തില്ല. ഇപ്പോൾ താമസിക്കുന്ന അതേ വീട്ടിലേക്കു തന്നെയാണ് അദ്ദേഹം തിരിച്ചെത്തിയത്. ബെസ്റ്റിൽ ഡ്രൈവറായിരുന്ന റഹ്മാന്റെ അച്ഛൻ മരിച്ചപ്പോൾ ലഭിച്ച 25,000 രൂപ പ്രോവിഡന്റ് ഫണ്ട് ഉപയോഗിച്ച് അദ്ദേഹത്തിന്റെ അമ്മ 1985-ൽ വാങ്ങിയ വീടാണിത്. (അതുവരെ വഡാലയിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലായിരുന്നു കുടുംബം ജീവിച്ചത്; അവിടെ റഹ്മാൻ 7-ാം ക്ലാസ്സ് വരെ പഠിച്ചു). അദ്ദേഹത്തിന് 4 ഇളയ സഹോദരന്മാരും 4 സഹോദരിമാരും ഉണ്ട്. "ഞങ്ങൾ ഇവിടെത്തിയപ്പോൾ മുറിയിൽ ഞങ്ങൾ 10 പേരായിരുന്നു”, അദ്ദേഹം പറഞ്ഞു. (2021 ഡിസംബർ വരെ ഇത് 7 പേരായിരുന്നു – റഹ്മാൻ, താജുനിസ, അവരുടെ 4 മക്കൾ, റഹ്മാന്റെ അമ്മ. അമ്മ അതേമാസം തന്നെ മരിച്ചു).
അവർ മാഹിമിലേക്ക് നീങ്ങിയപ്പോൾ അദ്ദേഹത്തിന്റെ അമ്മ ഒരു വീട്ടുജോലി കണ്ടെത്തി (അവസാനം അദ്ദേഹത്തിന്റെ സഹോദരിമാർ ചെയ്തതുപോലെ). വഴിയോര കച്ചവടക്കാരായ അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും കാലങ്ങള്കഴിഞ്ഞ് രണ്ട് വ്യത്യസ്ത അപകടങ്ങളിൽ മരിച്ചു. റഹ്മാനും അദ്ദേഹത്തിന്റെ ബാക്കി രണ്ട് സഹോദരന്മാരും (ഒരാൾ എ.സി. മെക്കാനിക്ക്, മറ്റേയാൾ തടി പോളിഷ് ചെയ്യുന്നയാൾ) മാഹിം ചേരി കോളനിയിലെ ഒരു മൂന്ന് നില കെട്ടിടത്തിലാണ് താമസിക്കുന്നത് - റഹ്മാൻ നടുക്കത്തെയും സഹോദരന്മാർ മുകളിലെയും താഴത്തെയും തിങ്ങി നിറഞ്ഞ മുറികളിൽ.
വിവാഹിതരായ അദ്ദേഹത്തിന്റെ സഹോദരിമാർ വീട്ടിൽ നിന്നു മാറി. വിദേശത്ത് ജോലി ചെയ്യുന്ന സമയത്ത് റഹ്മാൻ ഒന്നോരണ്ടോ വർഷത്തിലൊരിക്കൽ ഇന്ത്യ സന്ദർശിച്ചിരുന്നു. അക്കാലത്ത് തന്റെ സമ്പാദ്യവും ശമ്പളവുമുപയോഗിച്ച് അവരെ (അതിനുശേഷം, ബന്ധുക്കളായ മറ്റ് സ്ത്രീകളേയും) വിവാഹിതരാവാന്‍ സഹായിച്ചെന്ന് അദ്ദേഹം കുറച്ചഭിമാനത്തോടെ പറഞ്ഞു.
സൗദി അറേബ്യയിൽ നിന്നും റഹ്മാൻ തിരിച്ചെത്തിയപ്പോൾ വർഷങ്ങളായി കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയ 8 ലക്ഷം രൂപയും ഉണ്ടായിരുന്നു. (അന്നദ്ദേഹത്തിന്റെ പ്രതിമാസ ശമ്പളം 18,000 രൂപയായിരുന്നു, അതിന്റെ സിംഹഭാഗവും അദ്ദേഹം വീട്ടിലേക്ക് അയയ്ക്കുമായിരുന്നു). അയയ്ക്കുന്നതിന്റെ സിംഹഭാഗവും ചിലവാക്കിയത് കുടുംബത്തിലെ വിവാഹങ്ങൾക്ക് വേണ്ടിയാണ്. അദ്ദേഹം ഒരു ടാക്സി പെർമിറ്റ് സ്വന്തമാക്കുകയും മൂന്നര ലക്ഷം രൂപ ബാങ്ക് വായ്പ എടുത്ത് ഒരു സാൻട്രോ വാങ്ങുകയും ചെയ്തു. അദ്ദേഹം ടാക്സി ഓടിക്കുകയും ചില സമയങ്ങളിൽ അത് വാടകയ്ക്ക് നൽകി പ്രതിദിനം 500-600 രൂപ ഉണ്ടാക്കുകയും ചെയ്തു. കാർ പരിപാലിച്ചു കൊണ്ടുപോകുന്നതിനുള്ള ചിലവ് താങ്ങാനാവാത്തതുകൊണ്ടും ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടകൊണ്ടും രണ്ടു വർഷങ്ങൾക്കു ശേഷം അദ്ദേഹം അത് വിൽക്കുകയും ഒരു ടാക്സി വാടകയ്ക്ക് ഓടിക്കാൻ തുടങ്ങുകയും ചെയ്തു. അതിൽ നിന്നും അദ്ദേഹത്തിന് പ്രതിദിനം 300 രൂപ ലഭിക്കുമായിരുന്നു.
അത് 2015-ലായിരുന്നു. "ലോക്ക്ഡൗൺ വരെ [2020 മാർച്ച് വരെ] ഞാനത് ചെയ്യുകയായിരുന്നു”, അദ്ദേഹം പറഞ്ഞു. "പിന്നെ എല്ലാം അവസാനിച്ചു.” സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനായി പരിചിതമായ ഇടങ്ങളിലേക്ക് ഇപ്പോഴും അദ്ദേഹം നടക്കുമെങ്കിലും അന്നുമുതൽ, "ഞാൻ മിക്കപ്പോഴും വീട്ടിൽ തന്നെയാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ സമയത്ത് കുടുംബം കഴിഞ്ഞു കൂടിയത് കാരുണ്യ സംഘടനകളും ദർഗകളും നൽകിയ റേഷനും സുഹൃത്തുക്കളും സാമ്പത്തികമായി മെച്ചപ്പെട്ട കുറച്ച് ബന്ധുക്കളും ഇടയ്ക്കൊക്കെ നൽകിയ പണവും ഉപയോഗിച്ചു കൊണ്ടാണ്.
റഹ്മാൻ സൗദി അറേബ്യയിൽ ആയിരുന്നപ്പോൾ പ്രമേഹമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അദ്ദേഹം മരുന്ന് കഴിക്കുന്നുണ്ടായിരുന്നു, പക്ഷെ ആരോഗ്യം മിക്കവാറും പ്രശ്നത്തിലായിരുന്നു. 2013 ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷം ആരോഗ്യം അധഃപതിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. വീണ്ടും വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നതിൽ നിന്നും അത് അദ്ദേഹത്തെ തടഞ്ഞു. പക്ഷെ ലോക്ക്ഡൗണോടു കൂടിയാണ് അദ്ദേഹത്തിന്റെ ലോകം യഥാർത്ഥത്തിൽ ചുരുങ്ങിയത്. ദീർഘ സമയം കിടക്കുന്നതു മൂലമുണ്ടാകുന്ന വ്രണങ്ങളും ശരീരത്തുണ്ടാകാൻ തുടങ്ങി. ആ മുറിവുകളും സായനിലെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ കൈകാര്യം ചെയ്യേണ്ടി വന്നു.
ഇതിന് ശേഷം ഉടൻതന്നെ റഹ്മാൻ വലതുകാലിലെ നടുവിരലിൽ കറുത്ത പാട് ശ്രദ്ധിച്ചു.
നിരവധി തവണ ആശുപത്രികൾ സന്ദർശിക്കുന്നത് കൂടാതെ പ്രദേശത്തെ ഒരു ഡോക്ടറേയും അദ്ദേഹം കണ്ടിരുന്നു. പ്രസ്തുത ഡോക്ടർ ബ്ലോക്കുകൾ മാറ്റാനായി ആൻജിയോപ്ലാസ്റ്റി നിർദ്ദേശിക്കുകയും ചെയ്തു. അവസാനം സായൻ ആശുപത്രിയിൽ 2021 ഒക്ടോബറിൽ അത് നടന്നു. കുറച്ച് ആഴ്ചകൾക്കു ശേഷം അദ്ദേഹത്തിന്റെ പാദത്തിന്റെ പകുതി മുറിച്ചുകളഞ്ഞു. "സർക്കുലേഷൻ മെച്ചപ്പെട്ടു, വേദന കുറഞ്ഞു, കറുപ്പ് മങ്ങി, കാലിൽ കുറച്ച് വേദനയും ചൊറിച്ചിലും ഉണ്ടായിരുന്നെങ്കിൽ പോലും”, റഹ്മാൻ പറഞ്ഞു. മുറിവ് ഡ്രസ്സ് ചെയ്യുന്നതിനായി ഒരു പ്രാദേശിക സംഘടന ഒരു പരിചാരകനെ ഏർപ്പാടാക്കി. അങ്ങനെ ആശുപത്രി സന്ദർശനങ്ങളുടെ തവണ കുറഞ്ഞു.
റഹ്മാന്റെ പാദം സുഖപ്പെട്ടു വന്നപ്പോൾ അദ്ദേഹം പ്രതീക്ഷാ നിര്‍ഭരനായി (ചലനം കുറഞ്ഞ് വയറുവേദന കടുത്തതിനെ തുടർന്ന് ഈ വർഷമാദ്യം കുറച്ചു ദിവസങ്ങൾ അദ്ദേഹം കെ.ഇ.എം. ആശുപത്രിയിൽ ചിലവാക്കിയെങ്കിലും). "ഒരിക്കൽ എന്റെ പാദത്തിനു മുകളിൽ കുറച്ച് ചർമ്മം വളർന്നു. ഇതിനായുള്ള പ്രത്യേക ബൂട്ടുകൾ ഉണ്ടെന്ന് ഞാൻ കേട്ടു”, അദ്ദേഹം പറഞ്ഞു. "അതിനെത്രയാകുമെന്ന് ഞാൻ ചോദിച്ചു. പിന്നെ ഞാൻ വീണ്ടും നടക്കാൻ തുടങ്ങി..." തങ്ങൾക്കൊരു വീൽചെയർ സംഘടിപ്പിക്കണമെന്ന് താജുനിസ പറഞ്ഞു (ഇപ്പോഴുപയോഗിക്കുന്ന പൊളിയാറായ വാക്കറിനു പകരം).
പാദം സുഖപ്പെടാൻ തുടങ്ങിയപ്പോൾ റഹ്മാൻ തന്റെ സന്തോഷങ്ങളെക്കുറിച്ച് പറഞ്ഞു – മൂത്ത സഹോദരിയെയും മറ്റ് കുടുംബങ്ങളെയും സന്ദർശിക്കുന്നതിനായി തമിഴ്നാട്ടിലെ ഉളുന്തൂര്‍പേട്ട താലൂക്കിലെ തന്റെ പൂർവ്വിക ഗ്രാമമായ ഇളവനാസൂര്കോട്ട വല്ലപ്പോഴും (മുന്‍പ്) സന്ദർശിക്കുമ്പോഴുണ്ടായിരുന്ന സംതൃപ്തിയെക്കുറിച്ച്. കൂടാതെ, തന്റെ ആരോഗ്യത്തെക്കുറിച്ചന്വേഷിക്കുമ്പോൾ തന്നോടുള്ള സഹോദരങ്ങളുടെ താൽപര്യത്തെക്കുറിച്ചും. "അത് സുഖകരമാണ്”, അദ്ദേഹം പറഞ്ഞു.
ദീർഘനാളായുള്ള അദ്ദേഹത്തിന്റെ ക്ഷീണം കുടുംബത്തേയും വളരെ ബാധിച്ചു. ലോക്ക്ഡൗൺ സമയത്തിനു ശേഷമുള്ള സമയങ്ങളിൽ വരുമാനമൊന്നും ഇല്ലാതിരുന്നതിനാൽ അവർക്ക് സഹായങ്ങളെ ആശ്രയിക്കേണ്ടി വന്നു. അടുത്തകാലം വരെ വീട്ടമ്മയായിരുന്ന 48-കാരിയായ താജുനിസ ഒരു ബാലവാടിയിൽ കുറച്ചു കാലത്തേക്ക് പ്രതിമാസം 300 രൂപ ശമ്പളത്തിൽ ക്ലീനറായി ജോലിക്കു ചേർന്നു. "എനിക്ക് വീട്ടുജോലി അന്വേഷിക്കേണ്ടി വരും", അവർ പറഞ്ഞു. "ഒരുപക്ഷെ മൂത്ത മകനെ ഞങ്ങൾ തയ്യലിനയയ്ക്കും...”
അവരുടെ ഏറ്റവും മൂത്ത മകൻ അബ്ദുൾ അയ്യന് 15 വയസ്സുണ്ടെന്ന് റഹ്മാൻ പറഞ്ഞു. കുറച്ചുകൂടി മുതിര്ന്നവനായിരുന്നെങ്കില് "ഞങ്ങൾക്കവനെ ജോലിക്കായി ദുബായിലേക്ക് അയയ്ക്കാമായിരുന്നു”, താജുനിസ കൂട്ടിച്ചേര്‍ത്തു. "ഞങ്ങളുടെ അവസ്ഥ ദാരുണമാണ്”, താജുനിസ കൂട്ടിച്ചേർത്തു. "ഏതാണ്ട് 19,000 രൂപയുടെ ലൈറ്റ് ബില്ലാണ് ഞങ്ങൾക്ക് ലഭിച്ചത് [ലോക്ക്ഡൗൺ മുതൽ]. പക്ഷെ വൈദ്യുതി വകുപ്പിൽ നിന്നും ആളെത്തി ഞങ്ങളുടെ അവസ്ഥ കണ്ടപ്പോൾ അദ്ദേഹം ഞങ്ങൾക്ക് അടയ്ക്കാൻ കൂടുതൽ സമയം അനുവദിച്ചു. കുട്ടികളുടെ സ്ക്കൂൾ ഫീസ് മുഴുവനായും അടച്ചിട്ടില്ല. അതിനും ഞങ്ങൾ സമയം ചോദിച്ചിട്ടുണ്ട്. [ഗ്യാസ്] സിലിണ്ടർ തീരാൻ തുടങ്ങുന്നു. എങ്ങനെ ഞങ്ങളുടെ വീട്ടിലെ കാര്യങ്ങൾ നടക്കും, എങ്ങനെ ഞങ്ങൾ കുട്ടികളെ നോക്കും?"
അവരുടെ ഏറ്റവും ഇളയ മകൻ 8 വയസ്സുകാരനായ അബ്ദുൽ സമദിനും ഇളയമകൾ 12-കാരിയായ അഫ്ഷയ്ക്കും 2 വർഷത്തോളമായി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല (അടുത്തുള്ള സ്ക്കൂളുകളിലാണ് നാല് കുട്ടികളെയും ചേർത്തിരിക്കുന്നത്). "ക്ലാസ്സിലിപ്പോൾ എന്താണ് നടക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല”, അടുത്തിടെ സ്ക്കൂളുകൾ വീണ്ടും തുറന്നതിനു ശേഷം അഫ്ഷ പറഞ്ഞു.
11-ാം ക്ലാസ്സിൽ പഠിക്കുന്ന ഏറ്റവും മൂത്ത മകൾ 16-കാരിയായ ഡാനിയ ബന്ധുവിന്റെയും സുഹൃത്തുക്കളുടെയും മൊബൈൽഫോണുകൾ ഉപയോഗിച്ച് പഠിച്ചു (അയ്യൻ ചെയ്തതു പോലെ). അവൾ പറയുന്നത് അവൾക്ക് ഒരു ബ്യൂട്ടീഷനായി പരിശീലനം നേടണമെന്നാണ്. ഇപ്പോൾതന്നെ അവൾ അവൾ മെഹന്തി ഇടുന്നതിൽ വിദഗ്ദ്ധയാണ്. അതിൽ നിന്ന് കുറച്ച് പണമുണ്ടാക്കാമെന്നും പ്രതീക്ഷിക്കുന്നു.
റഹ്മാൻ തന്റെ കുടുംബത്തിന്റെ കാര്യമോർത്ത് എല്ലാ സമയത്തും കടുത്ത ദുഃഖത്തിലാണ്. “എനിക്കു ശേഷം അവർക്കെന്തു സംഭവിക്കും? എന്റെ ഏറ്റവും ഇളയ മകന് വെറും 8 വയസ്സ് മാത്രമേയുള്ളൂ..." മറ്റൊരു കടുത്ത മാറാദുഃഖമുള്ളത് എന്നെങ്കിലും ഏതെങ്കിലും പുനർ വികസന പദ്ധതിയുടെ ഭാഗമായി അവരുടെ ചേരി കോളനി തകർക്കുമോ എന്നുള്ളതാണ്. അദ്ദേഹവും സഹോദരന്മാരും മൂന്ന് മുറികളിൽ താമസിക്കുമ്പോൾ മുഴുവൻ കുടുംബത്തിനും ഒരു യൂണിറ്റ്/മുറി ലഭിക്കും എന്നതാണ് അദ്ദേഹത്തിന്റെ അഭയം. "എന്റെ സഹോദരന്മാർക്ക് വിറ്റ് വേറൊരു സ്ഥലത്തേക്ക് മാറണമെന്ന് തോന്നിയാൽ എന്ത് ചെയ്യും? എന്റെ കുടുംബത്തിന് 3-4 ലക്ഷം രൂപ കൊടുത്തിട്ട് അവരോട് മാറാൻ ആവശ്യപ്പെടാം. എന്റെ കുടുംബം എവിടെ പോകും?", അദ്ദേഹം ചോദിക്കുന്നു.
"എന്റെ കാലിനു പകരം ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തായിരുന്നു ഇത് സംഭവിച്ചിരുന്നെങ്കിൽ, കൈയിലാണെങ്കിൽ പോലും, എനിക്ക് നടക്കാനെങ്കിലും പറ്റുമായിരുന്നു, എവിടെയെങ്കിലും പോകാമായിരുന്നു. എത്ര കാലം ജീവിച്ചിരിക്കുമെന്ന് ഇപ്പോൾ എനിക്കറിയില്ല. എന്റെ കുട്ടികൾക്കു വേണ്ടിയുള്ള എന്റെ പ്രതീക്ഷകൾ മരിച്ചു. പക്ഷെ, ഞാനുള്ള കാലത്തോളം അവർ പഠിക്കണമെന്നെനിക്കുണ്ട്. ഞാൻ വായ്പ വാങ്ങുകയോ ചോദിച്ചോ എങ്ങനെയെങ്കിലും കാര്യങ്ങൾ നീക്കും.”
പഞ്ചസാരയുടെ നില അപകടകരമമാം വിധം ഉയർന്നതിനാൽ റഹ്മാനോട് ആശുപത്രിയിൽ അഡ്മിറ്റാക്കാൻ സായൻ ആശുപത്രി തുടരെ സന്ദർശിച്ച സമയത്ത് ഫെബ്രുവരി പകുതിയോടെ ഡോക്ടർ ഉപദേശിച്ചു. ഒരു മാസം അവിടെ ചെലവഴിച്ചശേഷം മാർച്ച് 12-ന് അദ്ദേഹം തിരികെ വീട്ടിലെത്തി. പ്രമേഹം അപ്പോഴും അനിയന്ത്രിതമായിരുന്നു, അദ്ദേഹത്തിന്റെ വലതുകാൽ വെറും അസ്ഥിയും തൊലിയുമായി മാറിയിരുന്നു.
“വലതുകാലിൽ അവശേഷിച്ച ചർമ്മം വീണ്ടും കറുപ്പാകാൻ തുടങ്ങി, കൂടാതെ വേദനിക്കുന്നുമുണ്ടായിരുന്നു”, അദ്ദേഹം പറഞ്ഞു. "പാദം മുഴുവനും മുറിച്ചു കളയേണ്ടി വരുമെന്നാണ് ഡോക്ടർ ചിന്തിക്കുന്നത്.”
മാർച്ച് 16-ന് രാത്രിയിൽ വേദന അസഹ്യമായി "കരയുന്ന ഘട്ടമെത്തി” എന്ന് റഹ്മാൻ പറഞ്ഞു. ആശുപത്രിയിൽ പോകാനായി പാതിരാത്രിയിൽ അദ്ദേഹത്തെ വീണ്ടും കസേരയിൽ കയറ്റി ടാക്സിയിൽ എത്തിക്കേണ്ടി വന്നു. കൂടുതൽ പരിശോധനകൾ നടന്നു. കുത്തിവെപ്പുകളും മരുന്നുകളും വേദന തിരികെ എത്തുന്നതിനുമുമ്പ് ഒരു താൽക്കാലികാശ്വാസം മാത്രമേ നൽകൂ. മറ്റൊരു കൂട്ടം സ്കാനിംഗുകൾക്കും പരിശോധനകൾക്കുമായി, ഒരുപക്ഷെ മറ്റൊരു ശസ്ത്രക്രിയയ്ക്കായി, പെട്ടെന്ന് തന്നെ അദ്ദേഹത്തിന് ആശുപത്രിയില്‍ തിരിച്ചെത്തേണ്ടിവന്നു.
അദ്ദേഹത്തെ അന്ന് കൂടുതൽ തളർന്നവനും വിഷാദവാനുമായി കാണപ്പെട്ടു. എല്ലാം പരിഹരിക്കപ്പെടുമെന്ന് കുടുംബം ഗാഢമായി പ്രതീക്ഷിക്കുന്നു. "ഇൻശാഅല്ലാ”, റഹ്മാൻ ഭായ് പറഞ്ഞു.
കവർ ചിത്രം
:
സന്ദീപ് മണ്ഡൽ
ഈ ലേഖനം തയ്യാറാക്കുമ്പോള്‍ നൽകിയ ഉദാരമായ സഹായത്തിനും
സമയത്തിനും ലക്ഷ്മി കാംബ്ലെക്ക് നന്ദി പറയുന്നു
.
പരിഭാഷ: റെന്നിമോന്‍ കെ. സി.